Read Time:53 Minute

ആധുനികചരിത്രത്തിൽ  മനുഷ്യനെ ഏറ്റവുംകൂടുതൽ സ്വാധീനിച്ച അസുഖങ്ങളിൽ ഒന്നാണ്  ഇൻഫ്ലുവൻസ അഥവാ ഫ്ലൂ.   ഇൻഫ്ലുവൻസ വൈറസാണ്  ഫ്ലൂ ഉണ്ടാക്കുന്നത്. ഈ വൈറസിന്  മൃഗങ്ങളിലും, പക്ഷികളിലും, മനുഷ്യനിലും അസുഖമുണ്ടാക്കാൻ കഴിയും. ഇവയുടെ ജനിതകഘടനയും, വ്യത്യസ്ത ജീവിവർഗങ്ങളിൽ പൊരുത്തപ്പെട്ട്  ജീവിക്കാനുള്ള ശേഷിയും ഇൻഫ്ലുവൻസ വൈറസുകളെ അപകടകാരികളാക്കി മാറ്റുന്നു. ഇവയ്ക്ക്  മൃഗങ്ങളിലും, മനുഷ്യരിലും മഹാമാരി ഉണ്ടാക്കാൻ  കഴിയും. 1918 മുതൽ ഇതുവരെയായി ലോകത്ത് നാല്  ഇൻഫ്ലുവൻസ മഹാമാരികൾ ഉണ്ടായിട്ടുണ്ട്.  നമുക്ക് ഫ്‌ളുവിനെക്കുറിച്ചും അതുണ്ടാക്കുന്ന ഇൻഫ്ലുവൻസ വൈറസിനെക്കുറിച്ചും അറിയാൻ ശ്രമിക്കാം.

ഇൻഫ്ലുവൻസ അഥവാ ഫ്ലൂ ഉണ്ടാക്കുന്ന സൂക്ഷ്മജീവികളാണ് ഇൻഫ്ലുവൻസ വൈറസ്.  ഓർത്തോമിക്സോവിരിഡേ കുടുംബത്തിൽപെട്ട  ഇൻഫ്ലുവെൻസ വൈറസുകളാണ് ഇൻഫ്ലുവെൻസ അഥവാ ഫ്ലൂ ഉണ്ടാക്കുന്നത്.  ഈ കുടുംബത്തിൽപെട്ട വൈറസുകളിലെ ജനിതകപദാർത്ഥം സവിശേഷമായ ആർ.എൻ.എ ആണ്. Negative-sense single-strand RNA. ഇവ വൈറസിനുള്ളിൽ  കഷണങ്ങളായി (segmented RNA) കാണപ്പെടുന്നു. പ്രധാനമായും നാല്  ജനുസ്സിൽപെട്ട ഇൻഫ്ലുവൻസ വൈറസുകളാണ്  നട്ടെല്ലുള്ള ജീവികളെ (Vertebrates) ബാധിക്കുന്നത്. ഇവയ്ക്ക് ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നാണ് പേരുകൾ നല്കിയിരിക്കുന്നത്. ഇവയിൽ ആദ്യത്തെ മൂന്ന്‌  ജനുസ്സിൽപെട്ട വൈറസുകളാണ് മനുഷ്യനിൽ അസുഖമുണ്ടാക്കുന്നത്.

വിവിധതരം ഇൻഫ്ലുവൻസ വൈറസുകൾ

ഓർത്തോമിക്സോവിരിഡേ വൈറസ്  കുടുംബത്തിൽ ഏഴ്  ജനുസ്സുകളാണ്  ഉള്ളത്. ഇതിൽ ആദ്യത്തെ നാല് ജനുസ്സിൽ പെട്ട വൈറസുകൾക്ക്  പക്ഷികൾ, മനുഷ്യനുൾപ്പെടെയുള്ള സസ്തനികൾ എന്നിവയിൽ അസുഖം ഉണ്ടാക്കാൻ കഴിയും.

ഈ നാല് വ്യത്യസ്ത ജനുസ്സിൽ പെട്ട നാല് ഇൻഫ്ലുവെൻസ വൈറസ്  സ്പീഷീസുകളാണ്  നട്ടെല്ലുള്ള ജന്തുക്കളിൽ  (Vertebrates) അസുഖം ഉണ്ടാക്കുന്നത്. ഈ നാല് ഇനങ്ങളിൽ ഓരോന്നും സ്വന്തം ജനുസ്സിലെ ഏക അംഗമാണ്. അവ ഇവയാണ്

  • ഇൻഫ്ലുവൻസ എ വൈറസ് (IAV)- ആൽഫ ഇൻഫ്ലുൻസ വൈറസ്
  • ഇൻഫ്ലുവൻസ ബി വൈറസ് (IBV )- ബീറ്റ ഇൻഫ്ലുൻസ വൈറസ്
  • ഇൻഫ്ലുവൻസ സി വൈറസ് (ICV )- ഗാമ ഇൻഫ്ലുൻസ വൈറസ്
  • ഇൻഫ്ലുവൻസ ഡി വൈറസ് (IDV )- ഡെൽറ്റ ഇൻഫ്ലുൻസ വൈറസ്

ഇതിൽ ഇൻഫ്ലുവൻസ എ വൈറസാണ്‌ ഗുരുതരമായ അസുഖങ്ങൾക്കും, ചില പ്രത്യേകഘട്ടങ്ങളിലെ പകർച്ചവ്യാധികൾക്കും, ഇടയ്ക്കിടെയുള്ള മഹാമാരികൾക്കും കാരണമാകുന്നത്. പക്ഷികളാണ്  ഇൻഫ്ലുവൻസ എ വൈറസിന്റെ പ്രാഥമിക സംഭരണികൾ (reservoir). എന്നാൽ പന്നികൾ, കുതിരകൾ, സമുദ്ര സസ്തനികൾ എന്നീ  ജീവികളിലും ഈ വൈറസിന്റെ സാന്നിധ്യം കാണാം. സ്പൈക്ക് പ്രോട്ടീനുകളായ ഹെമാഗ്ലൂട്ടിനിൻ (H), ന്യൂറാമിനിഡേസ് (N) എന്നിവയെ അടിസ്ഥാനമാക്കി  ഇൻഫ്ലുവൻസ എ വൈറസിനെ ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.  18 വ്യത്യസ്ത ഹെമാഗ്ലൂട്ടിനിൻ ഉപവിഭാഗങ്ങളും 11 വ്യത്യസ്ത ന്യൂറമിനിഡേസ് ഉപവിഭാഗങ്ങളും (യഥാക്രമം H1 മുതൽ H18, N1 മുതൽ N11 വരെ) ഉണ്ട്.

ഇൻഫ്ലുവൻസാ ബീറ്റാ വൈറസ്(IBV) പ്രധാനമായും മനുഷ്യനിൽ അസുഖമുണ്ടാക്കുന്ന വൈറസ് ആണ്. ഇവയ്ക്ക് ആൽഫാ വൈറസിനുള്ളതുപോലെ ഉപവിഭാഗങ്ങൾ ഇല്ല, എന്നാൽ B/Victoria/2/1987, B/Yamagata/16/1988 പോലുള്ള ലിനിയേജ് (വംശാവലി) എന്ന് വിളിക്കപ്പെടുന്ന ആന്റിജെനിക്കലി വ്യത്യസ്തമായ രണ്ടുവിഭാഗങ്ങളുണ്ട്. ഈ രണ്ടുവിഭാഗങ്ങളും മനുഷ്യനിൽ കാണപ്പെടുന്നവയാണ്.  എന്നാൽ ഇവ കൂടുതലായും കുട്ടികളെയാണ്  ബാധിക്കുന്നത്.  കാലികമായ രോഗസംക്രമണവും (seasonal epidemic) ഉണ്ടാക്കുന്നവയാണ്. എന്നാൽ ഇവ ഒരിക്കലും മഹാമാരിയ്ക്ക് (Pandemic) കാരണമായിട്ടില്ല.

IBV-യുമായി  സാമ്യം പുലർത്തുന്ന  ICV പ്രധാനമായും മനുഷ്യരിലാണ് കാണപ്പെടുന്നത്. പന്നികൾ, കാട്ടുനായ്ക്കൾ, ഒട്ടകങ്ങൾ, കന്നുകാലികൾ, നായ്ക്കൾ എന്നിവയിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ICV അണുബാധ പ്രാഥമികമായി കുട്ടികളെയാണ് ബാധിക്കുന്നത്.  പ്രകടമായ ലക്ഷണങ്ങളില്ലാത്ത അണുബാധയാണ് പലപ്പോഴും  ഇവ ഉണ്ടാക്കുന്നത്. ICV യെ ആറ് ജനിതക/ആന്റിജെനിക് വംശാവലികളായി (lineages) തിരിച്ചിട്ടുണ്ട്.

പന്നികളിൽനിന്നും കന്നുകാലികളിൽനിന്നും വേർതിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുള്ള വൈറസാണ് ഐഡിവി. മനുഷ്യർ, കുതിരകൾ,  ഒട്ടകങ്ങൾ, ആട്, ചെമ്മരിയാടുകൾ തുടങ്ങിയ  മൃഗങ്ങളിലും ഈ അണുബാധ കണ്ടെത്തിയിട്ടുണ്ട്. ഇവ സാധാരണയായി മനുഷ്യരിൽ അസുഖം ഉണ്ടാക്കാറില്ല. IAV, IBV എന്നിവയേക്കാൾ ICV, IDV എന്നിവയ്ക്ക് ആന്റിജനിക് പരിണാമത്തിന്റെ വേഗത കുറവാണ്.

ഇൻഫ്ലുവൻസ വൈറസ് നാമകരണം

ഓരോ ഇൻഫ്ലുവൻസ വൈറസിനും അതിന്റെ തരം അല്ലെങ്കിൽ ജനുസ്സ്, ഹോസ്റ്റ്, ഐസൊലേഷൻ സ്ഥലം, ഐസൊലേറ്റ് നമ്പർ, ഐസൊലേഷൻ വർഷം എന്നിവ അനുസരിച്ച് പേര് നൽകിയിരിക്കുന്നു

ഉദാ:B/Victoria/2/1987, B/Yamagata/16/1988).

വൈറസ്  ഘടന (ഇൻഫ്ലുൻസ എ വൈറസ്)

വ്യത്യസ്ത രൂപഘടനയിൽ  കാണപ്പെടുന്ന (Pleomorphic) വൈറസ് ആണ്  ഇൻഫ്ലുവെൻസ വൈറസ്. ഗോളാകൃതിയിലും ദണ്ഡിന്റെ ആകൃതിയിലും നൂലിന്റെ (Filamentous) ആകൃതിയിലും കാണപ്പെടുന്നു.  പുറത്ത്  ആവരണമുള്ള (enveloped) വൈറസുകളാണിവ.  ആതിഥേയ കോശത്തിൽ നിന്നാണ്  വൈറസ്  കൊഴുപ്പുകൊണ്ടുണ്ടാക്കിയ ആവരണം സ്വീകരിക്കുന്നത് (Host  cell derived lipid membrane). ഈ ആവരണത്തിന്  പുറത്ത്   10 മുതൽ 14 nm വരെ നീളമുള്ള മുള്ളുപോലെയുള്ള (spike like) ഉപരിതലഘടനകൾ (surface projections) കാണാം. ഇവ ഗ്ലൈകോപ്രോട്ടീനുകളാൽ (പഞ്ചസാര തന്മാത്രകളുമായി ബന്ധിക്കപ്പെട്ട പ്രോട്ടീനുകൾ) നിർമ്മിതമാണ്. സ്പൈക്ക്  പ്രോട്ടീനുകൾ ഹീമാഗ്ലൂട്ടിനിൻ (Hemagglutinin-HA), ന്യൂറമിനിഡേസ്   (Neuraminidase-NA) എന്നിവയാണ്. ഇൻഫ്ലുവൻസ വൈറസിന്റെ ഉപവിഭാഗം നിർണ്ണയിക്കുന്ന പ്രോട്ടീനുകളാണിവ.  സാധാരണയായി സ്പൈക്  പ്രോട്ടീനുകൾക്കെതിരേയാണ് (antigens)  ആതിഥേയ പ്രതിരോധ കോശങ്ങൾ (Host Immune Cells) ആന്റിബോഡികൾ നിർമ്മിക്കാറുള്ളത്.

ചിത്രം 1: ഇൻഫ്ലുൻസ വൈറസിന്റെ ഘടന (ഇൻഫ്ലുൻസ എ വൈറസ്) കടപ്പാട് virology.ws

വൈറസിന്റെ ആവരണത്തിന് കുറുകെയായി M2 അയോൺ ചാനൽ  കാണപ്പെടുന്നു.  കൊഴുപ്പ്  നിർമ്മിത സ്തരത്തിന് (lipid membrane)  താഴെ M1 അല്ലെങ്കിൽ മാട്രിക്സ് പ്രോട്ടീൻ കാണപ്പെടുന്നു. ഈ മാട്രിക്സ്  പ്രോട്ടീൻ, ലിപിഡ് ആവരണത്തിന് ശക്തിയും കാഠിന്യവും നൽകുന്നു.  മാട്രിക്സ് പ്രോട്ടീന്റെ ഉൾഭാഗത്ത്  ന്യുക്ലിയർ എക്സ്പോർട്  പ്രോട്ടീനും (NEP), റൈബോന്യൂക്‌ളിയോ പ്രോട്ടീൻ  കോംപ്ലക്സും (RNP) കാണപ്പെടുന്നു. ഇവയിൽ ന്യൂക്ലിയോപ്രോട്ടീൻ (NP) പൊതിഞ്ഞ വൈറൽ ആർഎൻഎ കഷണങ്ങളും,  ആർഎൻഎ-ആശ്രിത ആർഎൻഎ പോളിമറേസും (RNA dependent RNA polymerase) ഉൾപ്പെടുന്നു. (ചിത്രം 1) ഇവ വൈറസിന്റെ ജനിതക വസ്തുവായ ആർ.എൻ.എ-യുടെ വിഭജനത്തിന് സഹായിക്കുന്നു.

മനുഷ്യനിലെ ഇൻഫ്ലുവൻസ

ഇൻഫ്ലുവൻസ എ, ഇൻഫ്ലുവൻസ ബി വൈറസുകൾ  കാലികമായ രോഗസംക്രമണം ഉണ്ടാക്കുന്ന വൈറസുകളാണ്. മുഖ്യമായും കുട്ടികളിലാണ് ഇവ കാണുന്നത്,   ചെറിയ കുട്ടികളിലും  മുതിർന്ന പൗരൻമാരിലും ഇവ ഗുരുതരമായ അസുഖം ഉണ്ടാക്കും. H1N1, H3N2 ഇൻഫ്ലുൻസ വൈറസുകളാണ്  ഇപ്പോൾ മനുഷ്യരിൽ സീസണൽ ഇൻഫ്ലുവൻസ ഉണ്ടാക്കുന്നത്. എന്നാൽ 1957 മുതൽ 1968 വരെ മനുഷ്യരെ ബാധിച്ചിരുന്ന ഒരേയൊരു ഇൻഫ്ലുവൻസ എ വൈറസാണ് ഇൻഫ്ലുവൻസ H2N2. 1918-ന് മുമ്പ്, മനുഷ്യരെ ബാധിച്ചിരുന്ന വൈറസിന്റെ ഉപവിഭാഗങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. പക്ഷികളിൽനിന്നോ പന്നികളിൽനിന്നോ ഉള്ള ഇൻഫ്ലുവൻസ എ വൈറസുകൾ 1918 മുതൽ നാല് മഹാമാരികൾക്ക്(Pandemic)  കാരണമായി. ആ വൈറസുകൾ തുടർന്നുള്ള വർഷങ്ങളിൽ സീസണൽ പകർച്ചവ്യാധികൾ ആയിത്തീർന്നു. പാൻഡെമിക് സമയത്ത്, ഇൻഫ്ലുവൻസ വൈറസുകൾ ഒരേവർഷം പല തരംഗങ്ങളായി ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വളരെ വേഗത്തിൽ പടരുന്നു. ആർജിത പ്രതിരോധശക്തിയുടെ അഭാവം വൈറസിന്റെ രോഗവ്യാപനശേഷി വർദ്ധിപ്പിക്കുന്നു. സാധാരണയായി ശൈത്യകാലത്താണ്  സീസണൽ ഇൻഫ്ലുവൻസ പൊട്ടിപ്പുറപ്പെടുന്നത്. ശൈത്യകാലത്തെ കുറഞ്ഞ ആർദ്രതയും, താഴ്ന്ന അന്തരീക്ഷ ഊഷ്‌മാവും ഇൻഫ്ലുൻസ വൈറസിന്റെ  വ്യാപനത്തിന് സഹായിക്കുന്നു. വടക്കൻ അർദ്ധഗോളത്തിലും, തെക്കൻ അർദ്ധഗോളത്തിലുമായി പ്രതിവർഷം രണ്ട് ‘ഇൻഫ്ലുവൻസാ സീസണുകൾ’ ഉണ്ടാകുന്നു. എന്നാൽ ഉഷ്ണമേഖലാ  പ്രദേശങ്ങളിലെ ഇൻഫ്ലുവൻസാ സീസണുകൾ ഇതിൽനിന്ന്  വളരെ വ്യത്യസ്തവും, വൈവിധ്യമുള്ളവയുമാണ്. അന്തരീക്ഷ താപനില, സൂര്യ പ്രകാശത്തിന്റെ അളവ്, മഴയുടെ അനുപാതം  എന്നീ കാലാവസ്ഥാ ഘടകങ്ങൾ ഉപയോഗിച്ച്  ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ഇൻഫ്ലുവൻസാ സീസണുകൾ പ്രവചിക്കാൻ സാധിക്കും. സീസണൽ ഇൻഫ്ലുവൻസ ബി വൈറസുകൾ ഇൻഫ്ലുവൻസ എ വൈറസുകളുമായി മനുഷ്യരിൽ സഹചംക്രമണം (co-circulation) നടത്തുകയും  ഇൻഫ്ലുവൻസ എ വൈറസിന്റെ അതേ സംക്രമണ രീതി പിന്തുടരുകയും ചെയ്യുന്നു.

ജന്തുജന്യമായ ഇൻഫ്ലുവൻസ വൈറസുകളായ H5N1, H7N9 (പക്ഷികളിൽ കാണപ്പെടുന്ന ഇൻഫ്ലുൻസ വൈറസ് ), H3N2 (പന്നികളിൽ കാണപ്പെടുന്ന ഇൻഫ്ലുൻസ വൈറസ് ) എന്നിവ മനുഷ്യനിൽ അപൂർവമായി അസുഖമുണ്ടാക്കുന്നവയാണ്. ഇവയ്ക്ക്  ഒരു മനുഷ്യനിൽ നിന്ന്  മറ്റൊരു  മനുഷ്യനിലേക്ക്  അസുഖം പകർത്താനുള്ള കഴിവ്  കുറവാണ്.

ഇൻഫ്ലുവൻസ എ, ഇൻഫ്ലുവൻസ ബി വൈറസുകൾ ലോകത്താകമാനം പ്രതിവർഷം ഏകദേശം 500,000 മരണത്തിന്  കാരണമാകുമെന്ന്  കണക്കാക്കപ്പെട്ടിട്ടുണ്ട്.  ഗർഭിണികളേയും, ഒരു വയസിന്  താഴെയുള്ള കുട്ടികളേയും , 65 വയസ്സിന്  മുകളിലുള്ള മുതിർന്ന പൗരന്മാരെയുമാണ്  ഈ അസുഖം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്. വൈറൽ ന്യൂമോണിയയും,  ദ്വിതീയ ബാക്റ്റീരിയൽ അണുബാധയും ഇൻഫ്ലുൻസ അണുബാധയെ സങ്കീർണമാക്കുന്നു.

പക്ഷികളിലെ  ഇൻഫ്ലുവൻസ അഥവാ പക്ഷിപ്പനി

പക്ഷിപ്പനി ഉണ്ടാക്കുന്ന ഇൻഫ്ലുവൻസ എ വൈറസാണ്  ഏവിയൻ ഇൻഫ്ലുവൻസ വൈറസ്. ഏവിയൻ ഇൻഫ്ലുവൻസ സ്ട്രെയിനുകളെ അവയുടെ രോഗകാരിത്വം (pathogenicity) അടിസ്ഥാനമാക്കി രണ്ടായി തിരിച്ചിരിക്കുന്നു:

  • കുറഞ്ഞ രോഗകാരിയായ ഏവിയൻ ഇൻഫ്ലുവൻസ (LPAI) – ഇത് സാധാരണയായി നേരിയ രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നു ; അല്ലെങ്കിൽ രോഗലക്ഷണമൊന്നും ഉണ്ടാക്കുന്നില്ല.
  • ഉയർന്ന രോഗകാരിയായ ഏവിയൻ ഇൻഫ്ലുവൻസ (HPAI) ഗുരുതരമായ രോഗ ലക്ഷണങ്ങൾക്കും ഉയർന്ന മരണനിരക്കിനും കാരണമാകും.

പക്ഷികളുടെ കാഷ്ഠത്തിലൂടെയോ ശ്വസന സ്രവത്തിലൂടെയോ ആണ്  ഈ വൈറസ്  പുറംതള്ളപ്പെടുന്നത്. രോഗം ബാധിച്ച പക്ഷികളിൽ നിന്നുള്ള സ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെ – പ്രത്യേകിച്ച് കാഷ്ഠം, മലിനമായ തീറ്റ, വെള്ളം എന്നിവയിലൂടെ –  ഈ അസുഖം പകരും. ഉയർന്ന പ്രതിരോധ ശക്തി പ്രകടിപ്പിക്കുന്ന വൈറസാണ്  ഏവിയൻ ഇൻഫ്ലുൻസ വൈറസ്. താഴ്ന്ന അന്തരീക്ഷ താപനിലയിൽ ഇവയ്ക്ക്  ദീർഘകാലം  ജീവിക്കാൻ സാധിക്കും. ഇതുമൂലം അവയ്ക്ക്  കാർഷിക ഉപകരണങ്ങളിലൂടെ ഒരു കൃഷിയിടത്തിൽ നിന്ന്  മറ്റൊരു കൃഷിയിടത്തിലേക്ക്  വ്യാപിക്കാൻപോലും സാധിക്കും.

എല്ലാവിധ  ഇൻഫ്ലുൻസ എ വൈറസുകളും (HA (H1–H16),NA (N1–N9))  നീർപക്ഷികളിൽ കാണപ്പെടുന്നു. ഇവയാണ്  ഇൻഫ്ലുൻസ വൈറസുകളുടെ സ്വാഭാവിക ആതിഥേയർ എന്നാണ്  കരുതപ്പെടുന്നത്. ഏവിയൻ ഇൻഫ്ലുവൻസ വളർത്തുപക്ഷികളെയും കാട്ടുപക്ഷികളെയും ബാധിക്കുന്ന അസുഖമാണ്. വൈറസ് സ്‌ട്രെയിനിനെയും പക്ഷിയുടെ ഇനത്തെയും ആശ്രയിച്ച്, വൈറസ് കാട്ടുപക്ഷിക്ക് ദോഷകരമോ മാരകമോ ആകാം. ദേശാടനപ്പക്ഷികളുടെ പാതകളിലൂടെ ഇവ ഒരു സ്ഥലത്തുനിന്ന്  മറ്റൊരു സ്ഥലത്തേക്ക് ദീർഘദൂരം സഞ്ചരിക്കുന്നു.  ഏവിയൻ ഇൻഫ്ലുവൻസ വൈറസുകളുടെ പരിണാമത്തിനും അതിജീവനത്തിനും കാട്ടുപക്ഷികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ലോക മൃഗാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഏവിയൻ ഇൻഫ്ലുവൻസ വൈറസിന്റെ വ്യാപനം കാലികമാണ്. ഇവയുടെ വ്യാപനം ഏറ്റവും കുറവ്  സെപ്റ്റംബർ മാസത്തിലും, ഏറ്റവും കൂടുതൽ ഫെബ്രുവരി മാസത്തിലുമാണ്.

ലോകത്താകമാനമുള്ള പൗൾട്റി കർഷകർക്ക്  വൻ  നാശനഷ്ടമാണ്  ഏവിയൻ ഇൻഫ്ലുൻസ വൈറസ് ഉണ്ടാക്കുന്നത്.  HPAI സ്ട്രെയിനുകളായ H5Nx, H7Nx (x=1–9) , LPAI സ്ട്രെയിനുകളായ H6N1,H7N9,H9N2എന്നിവയാണ്  ഇതിന് കാരണമാകുന്നത്. HPAI സ്ട്രെയിനുകൾ പക്ഷികളിൽ ശരീരത്തിന്‍റെ മുഴുവന്‍ ഭാഗത്തെയും ബാധിക്കുന്ന രക്തസ്രാവം (systemic hemorrhage) ഉണ്ടാക്കുകയും അവയുടെ മരണത്തിന്  കാരണമാക്കുകയും ചെയ്യുന്നു. കോഴികളിൽ ഉൽപരിവര്‍ത്തനം (mutation) മൂലം LPAI സ്ട്രെയിനുകൾ HPAI ആയി മാറാറുണ്ട്.

മനുഷ്യനിലെ പക്ഷിപ്പനി

മനുഷ്യനെയും അപൂർവമായി പക്ഷിപ്പനി ബാധിക്കാറുണ്ട്.   രോഗംബാധിച്ച പക്ഷികളുടെ ഉമിനീർ, കാഷ്ഠം എന്നിവയിലൂടെ പക്ഷിപ്പനി വൈറസ് ഒരു വ്യക്തിയുടെ കണ്ണുകളിലേക്കോ മൂക്കിലേക്കോ വായിലേക്കോ എത്തുമ്പോഴോ ശ്വസിക്കുമ്പോഴോ മനുഷ്യരിൽ അണുബാധ ഉണ്ടാകാം. വൈറസ് വായുവിലുള്ളപ്പോൾ  ഒരു വ്യക്തി അത് ശ്വസിക്കുമ്പോഴോ അല്ലെങ്കിൽ ഒരു വ്യക്തി വൈറസുള്ള പ്രതലങ്ങളിൽ സ്പർശിച്ചശേഷം അവരുടെ വായിലോ കണ്ണിലോ മൂക്കിലോ തൊടുമ്പോഴോ ഇത് സംഭവിക്കാം.  പക്ഷിപ്പനി വൈറസുകൾ മനുഷ്യനിലേക്ക് മിക്കപ്പോഴും വ്യാപിക്കുന്നത് രോഗബാധിതരായ പക്ഷികളുമായോ പക്ഷിപ്പനി വൈറസുകളാൽ മലിനമായ പ്രതലങ്ങളുമായോ ഉള്ള സുരക്ഷിതമല്ലാത്ത സമ്പർക്കത്തിന് ശേഷമാണ്.

H5N1, H7N9 എന്നീ ഏവിയൻ  ഇൻഫ്ലുവൻസ സ്ട്രെയിനുകളാണ്   മുഖ്യമായും മനുഷ്യനിൽ അസുഖമുണ്ടാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ 2003 മുതൽ  2021 വരേയുള്ള കണക്കുപ്രകാരം ലോകത്താകമാനം H5N1 വൈറസ്  മനുഷ്യനിൽ 863 അണുബാധയും 456 (52. 8%) മരണവും  ഉണ്ടാക്കിയിട്ടുണ്ട്. 1997-ൽ  ഹോങ്കോങ്ങിലാണ്  മനുഷ്യനിൽ ആദ്യമായി H5N1 റിപ്പോർട്ട്  ചെയ്തത്. അവിടെ ഈ അസുഖം 18 പേരെ ബാധിക്കുകയും 6 പേരുടെ മരണത്തിന്  കാരണമാകുകയും ചെയ്തു. 2013 മാർച്ചിൽ ചൈനയിലാണ് H7N9 വൈറസ് ആദ്യമായി മനുഷ്യരെ ബാധിച്ചതായി റിപ്പോർട്ട് ചെയ്തത്. ഇതിനെത്തുടർന്ന് ഏപ്രിലിലുടനീളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുകയും പിന്നീട് വേനൽക്കാല മാസങ്ങളിൽ കുറച്ച് കേസുകളിലേക്ക് മാത്രമായി കുറയുകയും ചെയ്തു. 2013 അവസാനം 144 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ 46 പേർ മരിച്ചു.  2013 മുതൽ 2017 വരെ ലോകത്താകമാനം അഞ്ച്  H7N9 എപ്പിഡെമിക്കുകൾ ഉണ്ടായിട്ടുണ്ട്. 2017വരെയുള്ള കണക്കുപ്രകാരം ലോകത്താകമാനം 1223 കേസുകൾ റിപ്പോർട്ട്  ചെയ്തിട്ടുണ്ട്. മനുഷ്യനിലെ H7N9 അസുഖബാധയും  പക്ഷി വിപണികളും തമ്മിൽ ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

പന്നിപ്പനി അഥവാ സ്വൈയ്ൻ ഫ്ലൂ 

സ്വൈയ്ൻ ഇൻഫ്ലുവൻസ അല്ലെങ്കിൽ പന്നിപ്പനി പന്നികളെ ബാധിക്കുന്ന ഒരു അസുഖമാണ്. ഇത്  ഇൻഫ്ലുവൻസ എ വൈറസാണ്  ഉണ്ടാക്കുന്നത്. പന്നിപ്പനി സാധാരണയായി മനുഷ്യനെ ബാധിക്കാറില്ല. എന്നാൽ ചുരുക്കമായി മനുഷ്യനിലും ഈ അസുഖം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്വൈയ്ൻ വൈറസ്  പന്നികളിൽ വളരെ ഗുരുതരമായ അസുഖം ഉണ്ടാക്കാറുണ്ട്. എന്നാൽ ഇതുമൂലമുള്ള മരണങ്ങൾ കുറവാണ്. ഇൻഫ്ലുവൻസ വൈറസ്  സ്‌ട്രെയിൻ H1N1-ആണ്  ഇതിന്  മുഖ്യകാരണം. അതുകൂടാതെ H1N2, H3N1, H3N2,  H2N3 എന്നീ സ്ട്രെയിനുകളും അസുഖമുണ്ടാക്കാറുണ്ട്.

പന്നിപ്പനി വൈറസുകൾ പന്നികൾക്കിടയിൽ പടരുന്നത്  വളരെ അടുത്ത സമ്പർക്കം മൂലമാണ്.  മലിനപ്പെട്ട വസ്തുക്കളിലൂടെ ഈ വൈറസ്  അസുഖം ബാധിച്ച പന്നികളിൽ നിന്ന്  അസുഖം ബാധിക്കാത്ത പന്നിയിലേക്ക്  പടരാം. തീവ്ര മൃഗകൃഷി പന്നിപ്പനിയുടെ വ്യാപനത്തെ ത്വരിതപ്പെടുത്തുന്നു. പന്നികൾ മൂക്കുകൾ പരസ്പരം തൊടുമ്പോഴോ ഉണങ്ങിയ മ്യൂക്കസ് വഴിയോ വൈറസിന്റെ നേരിട്ടുള്ള വ്യാപനം സംഭവിക്കാം. പന്നികൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകാവുന്ന സൂക്ഷ്മകണികകൾ (aerosol) വഴി വായുവിലൂടെയും ഈ അസുഖം പടരാം. കൃഷിയിടങ്ങളിൽ  രോഗം പരത്തുന്ന കാട്ടുപന്നിപോലുള്ള വന്യമൃഗങ്ങളിലൂടെയും രോഗം പകരാം. പനി,വിഷാദം,ചുമ, മൂക്കിൽ നിന്നോ കണ്ണിൽ നിന്നോ  സ്രവമൊഴുകൽ, തുമ്മൽ, ശ്വാസതടസ്സം, കണ്ണിന് ചുവപ്പ് അല്ലെങ്കിൽ വീക്കം, തീറ്റ എടുക്കാതിരിക്കൽ  എന്നിവയാണ്  പന്നിപ്പനിയുടെ ലക്ഷണങ്ങൾ . എന്നാൽ , ഇൻഫ്ലുവൻസ ബാധിച്ച ചില പന്നികളിൽ രോഗലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാറുമില്ല.

മനുഷ്യനിലെ പന്നിപ്പനി 

H1N1, H3N2 എന്നീ ഇൻഫ്ലുവൻസ സ്ട്രെയിനുകൾ പന്നികളിൽ നിന്ന്  മനുഷ്യനിലേക്കും തിരിച്ച്  പന്നികളിലേക്കും എയ്‌റോസോളുകൾ വഴി  പകരാം. കൂടാതെ ഒരേ സമയം പക്ഷികളിൽ നിന്നും മനുഷ്യനിൽ നിന്നും വൈറസ്  പന്നികളിലേക്ക് വ്യാപിക്കാം.  ഇത് വിവിധ വൈറസ്  സ്ട്രെയിനുകളുടെ ജനിതക വസ്തുക്കൾ കൂടിക്കലരുന്നതിന് (ആന്റിജനിക്  ഷിഫ്റ്റ്) കാരണമാകുകയും അതുവഴി പുതിയ വൈറസ് സ്ട്രെയിനുകൾഉടലെടുക്കുകയും ചെയ്യുന്നു. ഈ പുതിയ വൈറസ്  ആളുകളിൽ രോഗമുണ്ടാക്കുകയും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരുകയും ചെയ്താൽ, ഒരു ഇൻഫ്ലുവൻസ പാൻഡെമിക് സംഭവിക്കാം. 2009-ലെ  പാൻഡെമിക്കിന്  കാരണം ഇത്തരത്തിൽ വിവിധ വൈറൽ സ്‌ട്രെയിനുകൾ (പക്ഷി, മനുഷ്യൻ,  പന്നി ഇൻഫ്ലുവൻസ വൈറൽസ്‌ട്രെയിനുകൾ) കൂടിക്കലർന്ന H1N1 ഇൻഫ്ലുൻസ വൈറസാണ്.

പന്നിപ്പനി വൈറസുകൾ ബാധിച്ച ആളുകൾ സാധാരണ മനുഷ്യനിൽ കാണപ്പെടുന്ന ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങൾക്ക് സമാനമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കും. പനി,ക്ഷീണം, വിശപ്പില്ലായ്മ,ചുമ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചില ആളുകൾക്ക് മൂക്കൊലിപ്പ്, തൊണ്ടവേദന,കണ്ണിലെ അസ്വസ്ഥത,ഓക്കാനം,ഛർദ്ദി, വയറിളക്കം എന്നിവയും ഉണ്ടാകും.

പന്നികളെക്കൂടാതെ മറ്റുമൃഗങ്ങളിലും ഇൻഫ്ലുവൻസ അണുബാധ വരാം. കന്നുകാലികൾ,  കുതിരകൾ, നായകൾ, പൂച്ചകൾ തുടങ്ങിയവയിൽ ഇൻഫ്ലുവൻസ അണുബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇൻഫ്ലുവൻസ വൈറസുകളിലെ ആന്റിജനിക് ഡ്രിഫ്റ്റും
ആന്റിജനിക് ഷിഫ്റ്റും

ഇൻഫ്ലുവൻസ വൈറസുകൾക്ക്  ശരീരപ്രതിരോധ കോശങ്ങളായ ആന്റിബോഡികളിൽ നിന്നും, വാക്സിനേഷനുകളിൽ നിന്നും രക്ഷപെടാനുള്ള കഴിവുണ്ട്. ഹീമാഗ്ലൂട്ടിനിനുകളിലും (HA), ന്യൂറമിനിഡേസുകളിലും (NA) സംഭവിക്കുന്ന നിരവധി മ്യുട്ടേഷനുകളാണ്  ഇവയെ ശരീരപ്രതിരോധ സംവിധാനങ്ങളിൽനിന്ന്  രക്ഷപ്പെടാൻ സഹായിക്കുന്നത്. ഈ പ്രക്രിയ, ആന്റിജനിക്  ഡ്രിഫ്റ്റ് എന്നറിയപ്പെടുന്നു. ഇതുകാരണം വർഷം തോറും ഇൻഫ്ലുവൻസ വാക്സിനുകളുടെ ഘടനയിൽ മാറ്റം വരുത്തേണ്ടി വരുന്നു, ഇതിനുകാരണം  നിഷ്ക്രിയ ഇൻഫ്ലുവൻസ വാക്സിനുകളുടെ (inactivated influenza vaccine) പ്രധാന ഘടകമായ  ഹീമാഗ്ലൂട്ടിനുകളിൽ വരുന്ന മാറ്റമാണ്. മനുഷ്യ ഇൻഫ്ലുവൻസ വൈറസുകളിലെ ആന്റിജനിക്  പരിണാമം പന്നികളിലെയും, കുതിരകളിലെയും ഇൻഫ്ലുവൻസ വൈറസുകളേക്കാളും വേഗത്തിലാണ്. ഇതിന്  കാരണം മനുഷ്യന്റെ ശരീരവലുപ്പവും, കൂടിയ ആയുർദൈർഘ്യവുമാണ്. കാട്ടുപക്ഷികളിൽ കാണപ്പെടുന്ന ഇൻഫ്ലുൻസ വൈറസുകൾക്ക്  മ്യുട്ടേഷൻ നിരക്ക് കുറവാണെങ്കിലും, വളർത്തുപക്ഷികളിൽ ഇതിന്റെ മ്യുട്ടേഷൻ നിരക്ക് കൂടുതലാണ്‌.

ചിത്രം 3: ആന്റിജനിക് ഷിഫ്റ്റും ആന്റിജനിക് ഡ്രിഫ്റ്റും കടപ്പാട് wikimedia.org

ആന്റിജനിക് ഡ്രിഫ്റ്റിൽനിന്ന് വ്യത്യസ്തമായി, ഹീമാഗ്ലൂട്ടിനുകളിൽ കാണപ്പെടുന്ന സമൂലമായ മാറ്റത്തിനെയാണ്  ആന്റിജനിക്  ഷിഫ്റ്റ് എന്ന്  പറയുന്നത്.  ഇങ്ങനെ മാറ്റം സംഭവിച്ച സ്ട്രെയിനുകളാണ്  പാൻഡെമിക്കുകൾക്ക്  കാരണമാകുന്നത്. വിവിധ ഇൻഫ്ലുവൻസ വൈറസുകൾ ഒരേ കോശത്തിനെ ബാധിക്കുന്നതിന്റെ ഫലമായി വൈറസുകളുടെ ജനിതക വസ്തുക്കൾ പരസ്പരം പുനഃക്രമീകരിക്കുന്നതിന്റെ (genome segment Reassortment) ഫലമായാണ് ആന്റിജനിക്  ഷിഫ്റ്റ്  സംഭവിച്ച സങ്കര വൈറസ് ഉണ്ടാകുന്നത് (ചിത്രം 3) . ഇങ്ങനെയുണ്ടാകുന്ന വൈറസ്  കൂടുതൽ രോഗകാരി ആയിരിക്കും.

വൈറസ്  ആതിഥേയ ശരീരത്തിൽ 

ശ്വസനനാളത്തിലെ എപ്പിത്തീലിയൽ കോശങ്ങളിലാണ് മനുഷ്യനിലും മറ്റ്  സസ്തനികളിലും വൈറസ്  വിഭജിക്കപ്പെടുന്നത്, എന്നാൽ പക്ഷികളിൽ കുടലിലെ എപ്പിത്തീലിയൽ കോശങ്ങളിലാണ്  ഇവയുടെ വിഭജനം നടക്കുന്നത്. ഹീമാഗ്ലൂട്ടിനുകൾ വഴി വൈറസ് ആതിഥേയ കോശത്തിലെ  സിയാലിക് ആസിഡിൽ ബന്ധിക്കപ്പെടുന്നു. ആതിഥേയകോശത്തിന്റെ ഉപരിതലത്തിൽ എത്തുന്ന വൈറസ് എൻഡോസോം വഴി   കോശദ്രവ്യത്തിനുള്ളിൽ (cytoplasm) എത്തുന്നു. അതിനെത്തുടര്‍ന്ന്  വൈറസിന്റെ റൈബോ ന്യൂക്ലിയോപ്രോട്ടീൻ (vRNPs -വൈറസ് ന്യൂക്ലിക്ക്  ആസിഡ് പകർപ്പ് (replication) ഉണ്ടാക്കാൻ സഹായിക്കുന്ന പ്രോട്ടീനുകൾ) ആതിഥേയ കോശത്തിന്റെ ന്യൂക്ലിയസിലേക്ക് എത്തുന്നു. ഇവിടെവെച്ച്  വൈറൽ ആർ.എൻ.എ-യുടെ റെപ്ലിക്കേഷൻ നടക്കുന്നു. ഇതിനെത്തുടർന്ന് ട്രാൻസ്‌ക്രൈബ്  ചെയ്യപ്പെട്ട മെസ്സഞ്ചർ ആർ.എൻ.എ, കോശദ്രവ്യത്തിൽ എത്തുകയും  അവിടെവെച്ച്  വൈറസിനാവശ്യമായ പ്രോട്ടീനുകൾ (ഹീമാഗ്ലൂട്ടിനിനുകൾ അടക്കം) നിർമിക്കുകയും ചെയ്യും.

ഇൻഫ്ലുവൻസ വൈറസിന്റെ ആതിഥേയ കോശത്തിലേക്കുള്ള പ്രവേശനം കടപ്പാട് virology.ws

പിന്നീട്  വിവിധഘട്ടങ്ങളിലൂടെ വൈറസ്  പൂർണവളർച്ചയിലെത്തുകയും ബഡ്ഡിങ് പ്രക്രിയയിലൂടെ വൈറസ്  പുറത്തുവരുകയും ചെയ്യും. വൈറൽ റെപ്ലിക്കേഷൻ ആതിഥേയ കോശങ്ങളുടെ മരണത്തിന്  കാരണമാകുന്നു. വൈറസിന്റെ ഉത്പ്പന്നങ്ങൾ ശരീരത്തിലെ പ്രതിരോധ കോശങ്ങളെ അവിടേക്ക്  ആകർഷിക്കുകയും അവിടെ നിന്ന്  വൈറസുകളെ നീക്കുകയും ചെയ്യുന്നു. എന്നാൽ അധികമായുള്ള പ്രതിരോധകോശങ്ങളുടെ പ്രവർത്തനം ആതിഥേയകോശങ്ങളുടെ നാശത്തിനും,  ന്യൂമോണിയ യ്ക്കും വഴിവെക്കും.

ഇൻഫ്ലുവൻസ മഹാമാരികൾ 

ഇൻഫ്ലുവൻസയുടെ  പൊട്ടിപുറപ്പെടൽ മഹാമാരിയായി കണക്കാക്കുന്നതിന്  രണ്ട് വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. ഒന്ന്  ഇൻഫ്ലുവൻസ ഒരു പ്രത്യേക  ഭൂപ്രദേശത്ത് പൊട്ടിപുറപ്പെടുകയും ലോകത്താകമാനം പടരുകയും ചെയ്യണം. ഉയർന്ന രോഗബാധാനിരക്കും,  മരണനിരക്കും അതിൻറെ ഫലമായി ഉണ്ടാകും. രണ്ടാമതായി, ഇൻഫ്ലുവൻസ പാൻഡെമിക് പുതിയ ഇൻഫ്ലുവൻസ എ ഉപവിഭാഗം കാരണമായിട്ടായിരിക്കണം. ഇവയുടെ ഹീമാഗ്ലൂട്ടിനിനുകൾ പാൻഡെമിക്കിന് തൊട്ടുമുമ്പ് പ്രചരിക്കുന്ന ഇൻഫ്ലുവൻസ വൈറസുകളുമായി ബന്ധമില്ലാത്ത ഹീമാഗ്ലൂട്ടിനിനുകളായിരിക്കണം (ചിത്രം 4).

ചിത്രം 4: പാൻഡെമിക്കുകൾക്ക്  കാരണമായ ഇൻഫ്ലുവൻസ വൈറസുകൾ കടപ്പാട് nature.com

1918 പാൻഡെമിക് (H1N1 വൈറസ്)

1918-ലെ ഇൻഫ്ലുവൻസ പാൻഡെമിക് സമീപകാല ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പകർച്ചവ്യാധിയായിരുന്നു. പക്ഷികളിൽ നിന്നുള്ള ജീനുകളുള്ള H1N1 വൈറസ് മൂലമാണ് ഇത് സംഭവിച്ചത്. വൈറസ് എവിടെ നിന്നാണ് ഉത്ഭവിച്ചത് എന്ന കാര്യത്തിൽ സാർവത്രികമായ സമവായമില്ലെങ്കിലും, 1918-1919 കാലഘട്ടത്തിൽ ഇത് ലോകമെമ്പാടും വ്യാപിച്ചു. ഏകദേശം 500 ദശലക്ഷം ആളുകൾ അല്ലെങ്കിൽ ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകൾക്ക് ഈ വൈറസ് ബാധിച്ചതായി കണക്കാക്കപ്പെടുന്നു. ഇതുമൂലം ലോകമെമ്പാടും കുറഞ്ഞത് 50 ദശലക്ഷം മരണം  ഉണ്ടായതായി കണക്കാക്കപ്പെടുന്നു. ഈ പാൻഡെമിക് ചെറുപ്പക്കാരേയും വളരെ അധികം ബാധിച്ചു.  ആ കാലഘട്ടത്തിൽ വാക്സിനുകളും ആൻറിബയോട്ടിക്കുകളുo (ദ്വിതീയ ബാക്റ്റീരിയൽ അണുബാധ തടയാനാവശ്യമായ) ഇല്ലാതിരുന്നതും മഹാമാരിയുടെ തീവ്രത വർദ്ധിപ്പിച്ചു.

1957-1958 പാൻഡെമിക് (H2N2 വൈറസ്)

1957-ന്റെ തുടക്കത്തിൽ ചൈനയിൽ ഉത്ഭവിച്ച് 1958 വരെ നീണ്ടുനിന്ന H2N2 ന്റെ ഒരു സ്ട്രെയിൻ മൂലമുണ്ടായ പാൻഡെമിക്കാണിത്. ഈ H2N2 വൈറസിൽ, പക്ഷികളിലെ ഇൻഫ്ലുവൻസ എ വൈറസിൽ നിന്ന് ഉത്ഭവിച്ച H2N2 വൈറസിൽ നിന്നുള്ള മൂന്ന് വ്യത്യസ്ത ജീനുകൾ (hemagglutinin, N2 ന്യൂറമിനിഡേസ് ജീനുകൾ എന്നിവയുൾപ്പെടെ) ഉൾക്കൊള്ളുന്നു.  ഫെബ്രുവരി അവസാനത്തോടെ ചൈനീസ്  നഗരമായ ഗുയിഷൂവിലാണ് വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. മാർച്ച് പകുതിയോടെ അത് ചൈനയിൽ മുഴുവൻ വ്യാപിച്ചു. ഈ അസുഖം ഹോങ്കോംഗിൽ എത്തിയപ്പോഴാണ്  ഇതിനെക്കുറിച്ച്  ലോകം അറിഞ്ഞത്. വർഷത്തിന്റെ മധ്യ മാസങ്ങളിൽ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, തെക്കൻ അർദ്ധഗോളം എന്നിവിടങ്ങളിലേക്ക് വൈറസ് പടർന്നു. ഈ സമയത്ത്, സ്കൂളുകൾ തുറന്നതിനെത്തുടർന്ന് വടക്കൻ അർദ്ധഗോളത്തിലും പാൻഡെമിക് വ്യാപകമായി, ഒക്ടോബറിൽ യൂറോപ്പിലും, വടക്കേ അമേരിക്കയിലും പാൻഡെമിക്  മൂര്‍ധന്യത്തിൽ (peak) എത്തി. ഇത്  മൂലം ലോകമെമ്പാടുമുള്ള മരണങ്ങളുടെ എണ്ണം 1.1 ദശലക്ഷമാണ്. ദ്വിതീയ ബാക്റ്റീരിയൽ അണുബാധമൂലമുള്ള (secondary bacterial infection) ന്യൂമോണിയ കാരണമാണ്  ഭൂരിഭാഗം മരണങ്ങളും സംഭവിച്ചത്.  ആൻറിബയോട്ടിക്കുകളുടെ കണ്ടുപിടുത്തം രോഗത്തിന്റെ തീവ്രത വലിയ തോതിൽ കുറച്ചു.

1968 പാൻഡെമിക് (H3N2 വൈറസ്)

1968-ലെ  മഹാമാരിക്ക് കാരണം H3N2 വൈറസാണ്. ചരിത്രത്തിലെ ഏറ്റവും മാരകമായ മഹാമാരികളിൽ ഒന്നാണിത്. 1957-ലെ പാൻഡെമിക്കിന്  കാരണമായ H2N2 വൈറസിൽനിന്നും ആന്റിജനിക്  ഷിഫ്റ്റ്മൂലം ഉണ്ടായ ഒരു പുതിയ വൈറസ്  സ്ട്രെയിനാണിത്. ഈ വൈറസ്  സ്ട്രെയ്നിൽ ഒരു ഏവിയൻ ഇൻഫ്ലുവൻസ എ വൈറസിൽ നിന്നുള്ള രണ്ട് ഹെമാഗ്ലൂട്ടിനിൻ ജീനുകളും (ഒരു പുതിയ H3 ഉൾപ്പെടെ) 1957-ലെ പാൻഡെമിക്കിന്  കാരണമായ H2N2 വൈറസിൽനിന്നുള്ള ന്യൂറമിനിഡേസും (N2) അടങ്ങിയിരുന്നു.

1968 ജൂലൈ 13 ന്  അന്നത്തെ ബ്രിട്ടീഷ്കോളനിയായ ഹോങ്കോങ്ങിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇതുമൂലം ലോകമെമ്പാടുമുള്ള മരണങ്ങളുടെ എണ്ണം 1 ദശലക്ഷം ആയിരുന്നു. 65 വയസ്സും അതിൽ കൂടുതലുമുള്ളവരാണ് കൂടുതലും മരണമടഞ്ഞത്. ഇപ്പോഴും H3N2 വൈറസ് ഒരു കാലികമായ ഇൻഫ്ലുവൻസ എ വൈറസായി ലോകമെമ്പാടും പ്രചരിച്ചുകൊണ്ടിരിക്കുന്നു.

2009 H1N1 സ്വൈൻ ഫ്ലൂ പാൻഡെമിക്  (H1N1pdm09 വൈറസ്)

2009 ഏപ്രിൽമാസത്തിൽ അമേരിക്കൻ ഐക്യനാടുകളിലാണ്  ഈ അസുഖം ആദ്യമായി റിപ്പോർട്ട്  ചെയ്തത്. ഒരു പുതിയ  H1N1 വൈറസാണ് (H1N1pdm09 വൈറസ്) ഇതിന്  കാരണം.1977-മുതൽ മനുഷ്യർക്കിടയിൽ പ്രചരിച്ചിരുന്ന H1N1-ൽ നിന്ന് തികച്ചും വ്യത്യസ്‍തമായിരുന്നു 2009-ലെ H1N1pdm09 വൈറസ്. ഈ പുതിയ H1N1 വൈറസിൽ മൃഗങ്ങളിലോ ആളുകളിലോ മുമ്പ് തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇൻഫ്ലുവൻസ ജീനുകളുടെ അസാധാരണമായ സംയോജനം ഉണ്ടായിരുന്നു.

2009 ഏപ്രിൽ മാസത്തിൽ അമേരിക്കൻ ഐക്യ നാടുകളിൽ പൊട്ടിപ്പുറപ്പെട്ടതിനുശേഷം ലോകത്തിന്റെ മറ്റ്  ഭാഗങ്ങളിലേക്ക്  ഈ അസുഖം വ്യാപിച്ചു. 2009 ജൂൺമാസം ലോകാരോഗ്യസംഘടന ഈ അസുഖത്തെ മഹാമാരിയായി  പ്രഖ്യാപിക്കുന്ന സമയത്ത്, 74 രാജ്യങ്ങളിൽ ഈ അണുബാധ പടർന്നിരുന്നു. സാധാരണ കാലികഫ്ലൂവിന്റെ ക്രമത്തിൽനിന്ന്  വ്യത്യസ്തമായി വേനൽകാലത്താണ്  (ഉത്തരാർദ്ധഗോളത്തിൽ) വളരെ അധികം അണുബാധ റിപ്പോർട്ട്  ചെയ്തത്. ഈ രോഗം ബാധിച്ച 80% പേരും 65 വയസ്സിനുതാഴെയുള്ളവരായിരുന്നു. 2009-ലെ ഇൻഫ്ലുവൻസ പാൻഡെമിക് കുട്ടികളെയും യുവാക്കളെയും മധ്യവയസ്കരെയും പ്രാഥമികമായി ബാധിച്ചെങ്കിലും, ആഗോള ജനസംഖ്യയിൽ H1N1 pdm09 വൈറസിന്റെ ആഘാതം മുൻ പാൻഡെമിക്കുകളെ അപേക്ഷിച്ച് വളരെക്കുറവാണ്. സെന്റർ ഫോർ ഡിസീസ്  കൺട്രോൾ ആൻഡ്  പ്രിവൻഷന്റെ(CDC) കണക്കുപ്രകാരം ലോകത്താകമാനം ആദ്യവർഷം  1,51,700 മുതൽ 5,75,400 വരെ ആളുകളാണ് 2009ലെ ഇൻഫ്ലുൻസ പാൻഡെമിക്  കാരണം മരിച്ചത്.

H1N1pdm09 ഇപ്പോഴും സീസണൽ ഇൻഫ്ലുൻസ വൈറസായി ലോകത്ത്  വ്യാപിച്ചു കൊണ്ടിരിക്കുന്നു. സീസണൽ ഇൻഫ്ലുവൻസയ്ക്കെതിരായ വാക്സിനുകളിൽ ഇതിനെതിരായ വാക്സിനും ഉൾപ്പെടുത്തിയിട്ടുണ്ട്.

രോഗനിർണ്ണയം 

ഇൻഫ്ലുവൻസ രോഗനിർണയം പ്രധാനമായും രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലും, എപ്പിഡെമിയോളോജിക്കൽ സാധ്യതയുടെ അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. തുടക്കത്തിൽ പനി, വിറയൽ,തലവേദന, പേശീവേദന,അസ്വസ്ഥത,വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങൾ കാണപ്പെടുന്നു. തുടർന്ന്   വരണ്ട ചുമ (Dry cough) തൊണ്ട വേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്  എന്നിവയും രോഗികളിൽ കാണാം. എന്നാൽ ഈ അസുഖത്തെ  മറ്റുശ്വാസകോശ രോഗങ്ങളിൽ നിന്ന്  വേർതിരിക്കേണ്ടതുണ്ട്. ലാബ്  ടെസ്റ്റുകൾ ഉപയോഗിച്ച്  ഈ അസുഖത്തെ  ഇൻഫ്ലുവൻസയ്ക്ക്  സമാനമായ (influenza like) മറ്റ്  അസുഖങ്ങളിൽനിന്ന്  വേർതിരിച്ചറിയാം.

വൈറസ്  കൾച്ചറും, റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ PCR (RT- PCR) ഉം ആണ്  ഇൻഫ്ലുവൻസ രോഗനിർണയത്തിന്  ഉപയോഗിക്കുന്ന ഏറ്റവും ആധികാരികമായ ടെസ്റ്റുകൾ. വൈറസ്  കൾച്ചർ ഉപയോഗിച്ച്  പുതിയ വൈറസുകളെ തിരിച്ചറിയാനും, ആന്റി വൈറൽ മരുന്നുകളുടെ സംവേദനക്ഷമത (sensitivity) നിരീക്ഷിക്കാനും, ആന്റിജനിക്  ഡ്രിഫ്റ്റിനെ കുറിച്ച്  പഠിക്കാനും സാധിക്കും. RT- PCR ടെസ്റ്റ് വഴി ഇൻഫ്ലുവൻസ വൈറസിനെ തിരിച്ചറിയാനും  ഇൻഫ്ലുവൻസാ വൈറസിനെ മറ്റുരോഗാണുക്കളിൽനിന്ന്  വേർതിരിച്ചറിയാനും കഴിയും. വേഗത്തിൽ ഫലം ലഭിക്കുന്ന ഒരു പരിശോധനകൂടിയാണിത്.

മുകളിൽപറഞ്ഞ ടെസ്റ്റുകൾ കൂടാതെ ഇൻഫ്ലുവൻസ ആന്റിജൻ കണ്ടുപിടിക്കുന്ന ത്വരിതപരിശോധനകളും (Rapid test)  ഇപ്പോൾ സാധ്യമാണ്. എന്നാൽ ഇവയ്ക്ക്  കൃത്യത താരതമ്യേന കുറവാണ്. എന്നാൽ ഇവയുടെ പരിമിതികളെ മറികടക്കുന്ന ഐസോതെർമൽ ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ (Isothermal nucleic acid amplification) പോലുള്ള ദ്രുതഗതിയിലുള്ള പരിശോധനകളുപയോഗിച്ചും  വൈറസിനെ തിരിച്ചറിയാൻ സാധിക്കും.

വാക്സിനുകൾ 

ഇൻഫ്ലുവൻസ വൈറസുകൾമൂലമുണ്ടാകുന്ന അണുബാധയും ഗുരുതരമായ പ്രത്യാഘാതങ്ങളും തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് വാക്സിനേഷൻ. ഇൻഫ്ലുവൻസ വൈറസുകളുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം കാരണം ആഗോളതലത്തിലുള്ള നിരീക്ഷണവും ഇൻഫ്ലുവൻസ വാക്സിനുകളുടെ  വർഷം തോറുമുള്ള പരിഷ്കരണവും ആവശ്യമാണ്. വാക്സിൻ വൈറസ്  സ്ട്രെയിനുകളുടെ തിരഞ്ഞെടുക്കൽ അതത്  കാലത്ത്  ആളുകളിൽ പ്രചരിക്കുന്ന ഇൻഫ്ലുവൻസ വൈറസ്  വിഭാഗങ്ങളെ (strains) അവലംബമാക്കിയുള്ള  പ്രക്രിയയാണ്. ലോകാരോഗ്യ സംഘടന (WHO) എല്ലാവർഷവും ഫെബ്രുവരിയിലും സെപ്‌റ്റംബറിലും യഥാക്രമം വടക്കൻ അർദ്ധഗോളങ്ങളിലേയും തെക്കൻ അർദ്ധഗോളങ്ങളിലേയും സീസണൽ ഇൻഫ്ലുവൻസാ വാക്‌സിനുകളിൽ വൈറസ്  സ്ട്രെയിനുകൾ ഉൾപ്പെടുത്താൻ  കൂടിയാലോചനകൾ നടത്താറുണ്ട്. ലോകാരോഗ്യ സംഘടന സ്പോൺസർ ചെയ്യുന്ന ലാബുകളുടെ ശൃംഖലയാണ് ഇതിനാവശ്യമായ വിവരങ്ങൾ നൽകാറുള്ളത്. അനുയോജ്യമായ കാൻഡിഡേറ്റ് റിസോർട്ടന്റ് വാക്സിൻ വൈറസുകൾ (CVV) വികസിപ്പിക്കുന്നതിന് രണ്ട് സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. ക്ലാസിക്കൽ പുനഃസംയോജനവും (classical reassortment), റിവേഴ്‌സ്  ജനറ്റിക്‌സും.

പ്രധാനമായും മൂന്നുതരത്തിലുള്ള ഇൻഫ്ലുവൻസ വാക്സിനുകളാണ്  നിലവിൽ പ്രചാരത്തിലുള്ളത്. മുട്ട അടിസ്ഥാനമാക്കിയുള്ള ഇൻഫ്ലുവൻസ വാക്സിൻ, സെൽ കൾച്ചർ അടിസ്ഥാനമാക്കിയുള്ള ഇൻഫ്ലുവൻസ വാക്സിൻ, റീകോമ്പിനന്റ് ഇൻഫ്ലുവൻസ വാക്സിൻ.

ഫ്ലൂ വാക്സിനുകൾ നിർമ്മിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ മാർഗ്ഗം മുട്ട അടിസ്ഥാനമാക്കിയുള്ള നിർമ്മാണപ്രക്രിയയാണ്. ഈ പ്രക്രിയ 70 വർഷത്തിലേറെയായി ഉപയോഗിച്ചുവരുന്നു. വൈറസിനെ മുട്ടയിൽ വളർത്തിയാണ് ഇത്തരത്തിലുള്ള വാക്സിൻ നിർമ്മിക്കപ്പെടുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്  നിർജ്ജീവമാക്കിയ വൈറസ്  (inactivated vaccine) ഉപയോഗിച്ചുള്ള വാക്സിനും, ദുർബലമാക്കിയ വൈറസ് (live attenuated virus ) ഉപയോഗിച്ചുള്ള വാക്സിനും നിർമിക്കാം.

മെമ്മേലിയൻ (സസ്തനി) കോശങ്ങളിൽ വൈറസിനെ വളർത്തിയാണ്  സെൽ കൾച്ചർ അടിസ്ഥാനമാക്കിയുള്ള ഇൻഫ്ലുവൻസ വാക്സിനുകൾ നിർമ്മിക്കുന്നത്. നിലവിൽ, നിർജ്ജീവമാക്കിയ വൈറസ്  ഉപയോഗിച്ചുള്ള ഫ്ലൂ വാക്സിനുകൾ (inactivated vaccine) നിർമ്മിക്കാനാണ്  ഈ പ്രക്രിയ ഉപയോഗിക്കുന്നത്.

റീകോമ്പിനന്റ് ഇൻഫ്ലുവൻസ വാക്സിനുകൾക്ക് ഉൽപാദനത്തിനായി ഒരു കാൻഡിഡേറ്റ് വാക്സിൻ വൈറസ് (CVV)  ആവശ്യമില്ല. പകരം, റീകോമ്പിനന്റ് വാക്സിനുകൾ കൃത്രിമമായാണ്  നിർമ്മിക്കപ്പെടുന്നത്. ഇൻഫ്ലുവൻസ വൈറസുകളിലെ ഹീമാഗ്ലൂട്ടിനിൻ ആന്റിജൻ (ഇൻഫ്ലുവൻസ വൈറസുകൾക്കെതിരെ  ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന വാക്സിൻ ഘടകം) നിർമ്മിക്കുന്നതിനാവശ്യമായ ജനിതക വസ്തുവിനെ വേർതിരിച്ചെടുത്ത്  മനുഷ്യന് രോഗകാരി അല്ലാത്ത, കീടങ്ങളിൽ അണുബാധ ഉണ്ടാക്കുന്ന ബാക്കുലോവൈറസുകളിൽ (baculovirus) സന്നിവേശിപ്പിക്കുന്നു. ഇത് റീകോമ്പിനന്റ് ബാക്കുലോവൈറസ്  എന്നറിയപ്പെടുന്നു. ഈ വൈറസിനെ ഉപയോഗിച്ച്  ഉയർന്ന അളവിൽ വാക്‌സിൻ നിർമ്മാണത്തിനാവശ്യമായ ഹീമാഗ്ലൂട്ടിനിൻ ആന്റിജൻ നിർമ്മിക്കുന്നു. ഈ ആന്റിജനാണ് കോമ്പിനന്റ് വാക്സിനുകളിലെ  പ്രധാന ഘടകം.

ആന്റിവൈറലുകൾ 

വാക്സിനുകളുടെ ഉപയോഗത്തിനൊപ്പം ഇൻഫ്ലുവൻസ വൈറസുകളുടെ നിയന്ത്രണത്തിന്  ആന്റിവൈറലുകൾ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. സീസണൽ ഇൻഫ്ലുവൻസ സമയത്ത്  ഗുരുതരമായ ലക്ഷണങ്ങൾ പ്രകടിക്കുന്നവർക്കും, രോഗപ്രതിരോധശക്തി കുറഞ്ഞവർക്കും ആന്റി വൈറൽ മരുന്നുകൾ നൽകുന്നു. പാൻഡെമിക്ക്  കാലഘട്ടത്തിൽ രോഗപ്രതിരോധത്തിനും, രോഗം ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്നു. അഡമന്റനസും, ന്യൂറമിനിഡേസ് (NA) ഇൻഹിബിറ്ററുകളുമാണ്  പ്രധാനമായി ഇൻഫ്ലുവൻസ ചികിത്‌സയ്ക്ക്  ഇപ്പോൾ ഉപയോഗിക്കുന്നത്.

അഡമന്റനസ്  വിഭാഗത്തിൽപെട്ട മരുന്നുകളായ അമന്റഡൈൻ, റിമന്റഡൈൻ എന്നിവ ഇൻഫ്ലുവൻസ-എ  വൈറസുകളുടെ M2 അയോൺ ചാനലുകളിലെ പ്രവർത്തനം തടസ്സപ്പെടുത്തുന്നു.  ഈ മരുന്നുകൾക്കെതിരെ വൈറസുകൾ  പ്രതിരോധശേഷി നേടിയതിനാൽ ആഗോളതലത്തിൽ ഈ മരുന്നുകളുടെ ഉപയോഗം പരിമിതപ്പെട്ടിട്ടുണ്ട്. NA ഇൻഹിബിറ്ററുകൾ വൈറസിന്റെ NA പ്രോട്ടീനുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നു.  NA ഇൻഹിബിറ്ററുകളായ  ഒസെൽറ്റാമിവിറും സനാമിവിറും ഇൻഫ്ലുവൻസ വരുന്നത്  തടയാനും, അതിന്റെ ചികിത്സയ്ക്കും ഉപയോഗിച്ചു വരുന്നു.

എന്നാൽ ഇൻഫ്ലുവൻസ ആന്റിവൈറൽ മരുന്നുകൾക്കെതിരെ വൈറസുകൾ പ്രതിരോധശക്തി നേടുന്നത്  ആശങ്കാജനകമായ വസ്തുതയാണ്.

സംഗ്രഹം 

ഇൻഫ്ലുവൻസ വൈറസുകളുടെ ജനിതകവ്യതിയാനവും വിശാലമായ ആതിഥേയജീവികളുടെ (സസ്തനികൾ , പക്ഷികൾ) ശ്രേണിയും (wide host range) പുതിയ വൈറൽ സ്ട്രെയിനുകളുടെ ആവിർഭാവത്തിന്  കാരണമാകുന്നു. ഇൻഫ്ലുവൻസ വൈറസുകളുടെ പരിണാമത്തെ കുറിച്ച്  പഠിക്കാൻ  വൈറസുകളുടെ റിസെർവോയർ ആയ ഈ ജന്തുക്കളെ തുടർച്ചയായി നിരീക്ഷിക്കേണ്ടതുണ്ട്.  പാരിസ്ഥിതികവും, വൈറസും ഹോസ്റ്റുമായുളള ബന്ധത്തെ സംബന്ധിച്ച നിർണ്ണായക ഘടകങ്ങളെക്കുറിച്ചുള്ള അറിവും  ഇൻഫ്ലുവൻസ വൈറസിന്റെ ഇന്റർ-സ്പീഷീസ് വ്യാപനത്തെക്കുറിച്ചും, ഇൻഫ്ലുൻസ എ വൈറസുകളുടെ ആതിഥേയനുമായുള്ള പൊരുത്തപ്പെടലിനെക്കുറിച്ചുമെല്ലാമുള്ള വിലപ്പെട്ട വിവരങ്ങൾ ആവശ്യമാണ്. ഇൻഫ്ലുവൻസ വൈറസ് കാരണം മനുഷ്യനും മൃഗങ്ങൾക്കും ഉണ്ടായേക്കാവുന്ന ഭീഷണികളെ മനസിലാക്കാനും,  അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്താനും ഇത് സഹായിക്കുന്നു. ഇത്തരത്തിലുള്ള നിരീക്ഷണങ്ങൾ വൈറസിനെ അതിന്റെ ഉറവിടത്തിൽ വെച്ചുതന്നെ നിയന്ത്രിക്കാൻ സഹായിക്കും.

വാക്സിനുകളുടെയും ആൻറിവൈറലുകളുടെയും ലഭ്യത ഉണ്ടായിരുന്നിട്ടും ഇൻഫ്ലുവൻസ വൈറസ്  മനുഷ്യനുമായി ബന്ധപ്പെട്ട വൈറൽ ശ്വാസകോശ രോഗങ്ങളുടെ ഏറ്റവും പ്രധാനമായ കാരണമായി ഇപ്പോഴും തുടരുന്നുണ്ട്. ഇൻഫ്ലുവൻസ വൈറസിന്റെ ജനിതക വ്യതിയാനം വാക്സിനുകളുടെയും, ആന്റിവൈറലുകളുടെയും ഫലപ്രാപ്തി കുറയ്ക്കുന്നു.  ഇതിനെ അതിജീവിക്കാനുള്ള പുതിയ വാക്സിനുകളും ആന്റി വൈറലുകളും നിർമ്മിക്കേണ്ടതുണ്ട്. ഇതിനായി സർക്കാർ സംവിധാനങ്ങളും,   ജീവകാരുണ്യ ഏജൻസികളും തമ്മിലുള്ള അക്കാദമിക സഹകരണം പുതിയ ചികിത്സാരീതി വികസിപ്പിക്കുന്നതിന്  ആവശ്യമാണ്.

മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം സന്തുലിതമാക്കുന്നതിനും ക്രമീകരിക്കുന്നതിനുമുള്ള സംയോജിതവും ഏകീകൃതവുമായ സമീപനമാണ് വൺ ഹെൽത്ത്. ഇൻഫ്ലുവൻസ പാൻഡെമിക് പോലുള്ള ആഗോള ആരോഗ്യ ഭീഷണികളെ തടയാനും  പ്രവചിക്കാനും  കണ്ടെത്താനും  പ്രതികരിക്കാനും ഈ സമീപനം സഹായിക്കും.


അധികവായനയ്ക്ക്

  1. https://pubmed.ncbi.nlm.nih.gov/24832117/
  2. https://www.nature.com/articles/s12276-021-00603-0
  3. https://www.nature.com/articles/s41572-018-0002-y
  4. https://www.cdc.gov/flu/vaccines-work/index.html
  5. https://www.cdc.gov/flu/pandemic-resources/index.htm
  6. https://www.cdc.gov/flu/avianflu/index.htm
  7. https://www.cdc.gov/flu/avianflu/influenza-a-virus-subtypes.htm
  8. https://www.virology.ws/
  9. www.virology.ws/2009/05/06/release-of-influenza-viral-rnas-into-cells
  10. https://www.cdc.gov/flu/about/viruses/types.htm
  11. https://www.who.int/teams/global-influenza-programme/vaccines
  12. https://www.who.int/emergencies/situations/influenza-a-(h1n1)-outbreak
  13. https://www.cdc.gov/flu/prevent/qa_flublok-vaccine.htm
  14. https://www.woah.org/en/disease/avian-influenza/
  15. https://www.woah.org/en/disease/classical-swine-fever/
  16. https://www.ncbi.nlm.nih.gov/pmc/articles/PMC6642581/

Happy
Happy
11 %
Sad
Sad
11 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
44 %

Leave a Reply

Previous post നർമദ താഴ്‌വരയും ടൈറ്റനോസോർ മുട്ടകളും
Next post 2023 ലെ ബഹിരാകാശ പദ്ധതികൾ
Close