Read Time:9 Minute


ഡോ. ആര്‍.വി.ജി. മേനോന്‍
കേൾക്കാം


ഭാരതീയ പാരമ്പര്യത്തില്‍ അഭിമാനിക്കാനുതകുന്ന ശാസ്ത്ര നേട്ടങ്ങള്‍ അനവധിയുണ്ട് എന്നത് സത്യമാണ്. പക്ഷേ ദു:ഖകരമായ വസ്തുത ഈ നേട്ടങ്ങളുടെ യഥാര്‍ഥ സ്വഭാവത്തെപ്പറ്റി പലര്‍ക്കും കൃത്യമായ ധാരണ ഇല്ല എന്നതാണ്
Laghu_samrat_yantra
ജന്തര്‍ മന്ദറിലെ വാനനീരിക്ഷണോപകരണം കടപ്പാട് : വിക്കിമീഡിയ

ഭാരതീയ പാരമ്പര്യത്തില്‍ അഭിമാനിക്കാനുതകുന്ന ശാസ്ത്ര നേട്ടങ്ങള്‍ അനവധിയുണ്ട് എന്നത് സത്യമാണ്. പക്ഷേ ദു:ഖകരമായ വസ്തുത ഈ നേട്ടങ്ങളുടെ യഥാര്‍ഥ സ്വഭാവത്തെപ്പറ്റി പലര്‍ക്കും കൃത്യമായ ധാരണ ഇല്ല എന്നതാണ്. പൂജ്യം കണ്ടുപിടിച്ചത് ഭാരതീയരാണ്‌ എന്ന്  “വിവരമുള്ളവര്‍”  പോലും പ്രസംഗിക്കുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പൂജ്യം മറ്റു പല സമൂഹങ്ങള്‍ ക്കും (ബാബിലോണിയക്കാര്‍ ക്കും അമേരിക്കയിലെ മായന്മാര്ക്കും) അറിയാമായിരുന്നു. പൂജ്യത്തെ ഒരു നംബര്‍  ആയി കണക്കാക്കി അതുപയോഗിച്ചു ക്രിയകള്‍ ചെയ്യുന്നതും സ്ഥാന മൂല്യത്തോടെ  സംഖ്യകള്‍  എഴുതുന്നതുമാണ്  ഭാരതത്തിന്റെ സംഭാവന. ഇങ്ങനെ കൃത്യമായി നമ്മുടെ നേട്ടം അറിയുന്നതിന്‍ പകരം നിറം  പിടിപ്പിച്ച കഥകളും അവാസ്തവമായ അവകാശവാദങ്ങളുമാണ്  അവര്‍ കൊണ്ടുനടക്കുന്നതും  കൊട്ടിഗ്ഘോഷിക്കുന്നതും. ഗാന്ധാരിക്ക് നൂറു പുത്രന്മാരു ണ്ടായതും കുടത്തില്‍ നിന്ന് വസിഷ്ഠന്‍  ജനിച്ചതും ഗണപതിക്ക്‌ ആനയുടെ തല കിട്ടിയതും മറ്റും ആധാരമാക്കി പ്രാചീന ഭാരതത്തില്‍  ജനിതക എന്‍ജിനീയറിംഗ്  ഉണ്ടായിരുന്നു എന്ന് വാദിക്കുന്നത്  അതിര്‍ കടന്ന സാഹസമാണ്  എന്ന് മിക്കവരും  സമ്മതിക്കും. എന്നാല്‍  ആഗ്നേയാസ്ത്രവും വരുണാസ്ത്രവും മറ്റും പ്രാചീനര്‍ ക്കുണ്ടായിരുന്ന ദിവ്യായുധങ്ങളായിരുന്നു (ആണവായുധം?) എന്ന് വിശ്വസിക്കുന്ന അനേകം പേരുണ്ടാകാം. പുരാണങ്ങളില്‍  പറയുന്ന പുഷ്പക വിമാനത്തിന്റെ അടിസ്ഥാനത്തില്‍ അന്ന് ഇന്ത്യയില്‍ വിമാനങ്ങളുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നവരും ഉണ്ടാകാം.

ഇതൊക്കെ  കഥകളാണെന്നും  അതൊന്നും ഗൌരവമായി എടുക്കാന്‍ പറ്റില്ലെന്നുമുള്ളതാണ്  ലഘുവായ സമാധാനം. രണ്ടാമത് പറയാവുന്ന സമാധാനം, അങ്ങനെയാണെങ്കില്‍ വെള്ളം വൈനാക്കിയതും മരിച്ചവരെ ജീവിപ്പിച്ചതും മറ്റുമായി ബൈബിളിലും മറ്റും പറയുന്ന കഥകളും വിശ്വസിക്കെണ്ടിവരില്ലേ എന്നതാണ്. പക്ഷേ അതുകൊണ്ടൊന്നും സമാധാനിക്കുന്നവരാവില്ല ഇത്തരക്കാര്‍.

പിന്നെ എന്താണ് സമാധാനം പറയുക?

ഒരു കാര്യം വ്യക്തമാണ്. മേല്‍  സൂചിപ്പിച്ചതുപോലുള്ള സാങ്കേതിക വിദ്യകള്‍ ഒന്നും തന്നെ ശൂന്യതയില്‍ നിന്ന് ഉദിച്ചുണ്ടാകുന്നവയല്ല. അവയ്ക്കെല്ലാം തന്നെ അടിസ്ഥാനമായി മറ്റു സാങ്കേതികവിദ്യകള്‍ കൂടിയേ തീരൂ. ജനിതക സര്‍ജറിക്കും മറ്റും അവശ്യം വേണ്ടതായ മറ്റു വിദ്യകളും വിരുതുകളും ഉണ്ടാവണ്ടേ? സര്‍ജറിക്ക് ആവശ്യമായ അനെസ്തീഷ്യ പോലും അന്ന് ഉണ്ടായിരുന്നതായി യാതൊരു സൂചനയുമില്ല. സൂക്ഷ്മ ജീവികളെ കാണാനാവശ്യമായ സൂക്ഷ്മ ദര്‍ശിനികളോ മറ്റു സംവിധാനങ്ങളോ അന്ന് ഉണ്ടായിരുന്നതായോ യാതൊരു പരാമര്‍ ശവും ഇല്ല. എന്നാല്‍ ചില സവിശേഷ ശസ്ത്രക്രിയകള്‍ ശുശ്രുതനും മറ്റും ചെയ്തിരുന്നതായി സൂചനകള്‍ മാത്രമല്ല കൃത്യമായ വിവരണങ്ങളുമുണ്ട്. അതില്‍ നിന്ന് തന്നെ അന്ന് എന്തൊക്കെ ചെയ്തിരുന്നതായും നമുക്കറിയാം. മറ്റുള്ളവയെയൊക്കെ ഭാവനയായി വിടരുതോ?

An Old Man Dressing A Millstone കടപ്പാട് : വിക്കിമീഡിയ
സര്‍ജറിക്ക് ആവശ്യമായ അനെസ്തീഷ്യ പോലും അന്ന് ഉണ്ടായിരുന്നതായി യാതൊരു സൂചനയുമില്ല. സൂക്ഷ്മ ജീവികളെ കാണാനാവശ്യമായ സൂക്ഷ്മ ദര്‍ശിനികളോ മറ്റു സംവിധാനങ്ങളോ അന്ന് ഉണ്ടായിരുന്നതായോ യാതൊരു പരാമര്‍ ശവും ഇല്ല. എന്നാല്‍ ചില സവിശേഷ ശസ്ത്രക്രിയകള്‍ ശുശ്രുതനും മറ്റും ചെയ്തിരുന്നതായി സൂചനകള്‍ മാത്രമല്ല കൃത്യമായ വിവരണങ്ങളുമുണ്ട്. അതില്‍ നിന്ന് തന്നെ അന്ന് എന്തൊക്കെ ചെയ്തിരുന്നതായും നമുക്കറിയാം

അതു പോലെ, വിമാനം പറക്കണമെങ്കില്‍ യന്ത്രം വേണ്ടേ? വെറും യന്ത്രം പോരാ, ഭാരവും ശക്തിയും തമ്മില്‍ ആവശ്യമായ അനുപാതവും വേണം. അങ്ങനെയുള്ളതു പോയിട്ട് സ്വയം ചലിക്കുന്ന യാതൊരു യന്ത്രവും അന്ന് ഉണ്ടായിരുന്നതായിട്ട് യാതൊരു സൂചനയുമില്ല. ഉണ്ടെങ്കില്‍ തീര്ച്ചയായും അവ യുദ്ധത്തിനു ഉപയോഗിക്കപ്പെടുമായിരുന്നു. അതാണല്ലോ മനുഷ്യ ചരിത്രം. പക്ഷെ രാമ-രാവണ യുദ്ധത്തിലോ മഹാഭാരത യുദ്ധത്തിലോ യാതൊരു യാന്ത്രിക വാഹനവും ഉപയോഗിക്കപ്പെടുന്നില്ല. മഹാരഥന്മാരെല്ലാം കുതിര കെട്ടി വലിക്കുന്ന തേരുകളിലാണ് യാത്ര. അതിന്റെയര്‍ ഥം അന്നു ലഭ്യമായിരുന്ന എറ്റവും മികച്ച വാഹനം അതായിരുന്നു എന്ന് തന്നെയല്ലേ? രാവണന്‍ പോലും രാമനുമായുള്ള യുദ്ധത്തില്‍ വിമാനം ഉപയോഗിക്കുന്നില്ല. എന്തുകൊണ്ട്? വിമാനം വെറും ഭാവന മാത്രം.

പ്രാചീന ഭാരതം മികവു കാട്ടിയത് ജ്യോതിശ്ശാസ്ത്രം, ഗണിതം എന്നീ അടിസ്ഥാന മേഖലകളിലും നിര്‍മാണവിദ്യ, ലോഹ സംസ്കരണം, വസ്ത്രനിര്‍മാണം, വാസ്തുവിദ്യ മുതലായ സാങ്കേതിക മേഖലകളിലുമാണ്. കൈകൊണ്ടു പണിയെടുക്കുന്നവരും ഗ്രന്ഥങ്ങളില്‍ നിന്ന് വിദ്യ അഭ്യസിക്കുന്നവരും തമ്മില്‍ വളര്‍ന്നു വന്ന വിടവും ജാതി അടിസ്ഥാനത്തിലുള്ള വേര്‍തിരിവുമാണ് ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക പുരോഗതി മന്ദീഭവിപ്പിച്ചത് എന്ന് വ്യക്തമാണ്. യൂറോപ്പിലെ ശാസ്ത്ര വിപ്ലവത്തിലേക്കു നയിച്ച കണ്ടുപിടിത്തങ്ങളില്‍ പലതും കൊണ്ടുവന്നത് കൈകൊണ്ടു പണിയെടുക്കുന്ന ജനവിഭാഗങ്ങളില്‍ നിന്ന് വളര്‍ന്നു വന്ന പ്രതിഭകളാണ്. പക്ഷെ ഇന്ത്യയില്‍ അത്തരക്കാര്‍ക്ക് അറിവ് നിഷേധിക്കപ്പെട്ടു. ബഹുഭൂരിപക്ഷം ജനങ്ങളും അറിവില്‍ നിന്ന് ഒഴിച്ചുമാറ്റപ്പെട്ടപ്പോഴും എങ്ങനെയാണ് നാട്ടില്‍ വിജ്ഞാന വിപ്ലവം ഉണ്ടാവുക? പിന്നീട് ഇംഗ്ലീഷുകാരുടെ കൊളോണിയല്‍ ഭരണം സ്ഥാപിതമായപ്പോഴാണ് ഈ വിഭാഗം ജനങ്ങള്‍ വീണ്ടു അറിവിന്റെ ലോകത്തേക്ക് ആനയിക്കപ്പെടുന്നത്. അക്കാലത്ത് അറിവ് സമ്പാദിച്ച് വിദേശീയരെ വെല്ലുന്നത്‌ രാജ്യസ്നേഹത്തിന്റെയും രാജ്യാഭിമാനത്തിന്റെയും പ്രശ്നമായി മാറി. അപ്പോഴാണ്‌ ഇന്ത്യയില്‍ വിജ്ഞാന വിപ്ലവം അരങ്ങേറുന്നത്. അല്ലാതെ പുരാണ സങ്കല്പ്പങ്ങള്‍ പുനരുജ്ജീവിപ്പിച്ചതുകൊണ്ടല്ല.


Happy
Happy
79 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
5 %
Angry
Angry
0 %
Surprise
Surprise
16 %

Leave a Reply

Previous post ശാസ്ത്രം, ചരിത്രം, ഐതിഹ്യം – ഹിന്ദുത്വത്തിന്റെ കണ്ടെത്തല്‍
Next post പ്രമാണങ്ങള്‍ സ്വതന്ത്രമാക്കൂ ! – മാര്‍ച്ച് 25, ഡോക്യുമെന്റ് ഫ്രീഡം ഡേ
Close