ഡോ.ദീപ.കെ.ജി
പൂർണമായും തദ്ദേശീയമായി ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഹൈഡ്രജൻ ബസ് കഴിഞ്ഞ മാസം പുറത്തിറക്കി. പൂനെയിലെ സെന്റിയന്റ് ലാബ് ആണ് CSIR സ്ഥാപനങ്ങളായ നാഷണൽ കെമിക്കൽ ലാബിന്റെയും സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ ഹൈഡ്രജൻ ഇന്ധന ബസ് നിർമിച്ചത്.
വാഹനത്തിൽ നിന്നും ഗ്രീൻഹൗസ് വാതകങ്ങളോ മറ്റ് മലിനീകരണ ഉപോത്പന്നങ്ങളോ പുറത്തേക്ക് വരുന്നില്ല. കാർഷിക അവശിഷ്ടങ്ങളിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിനുള്ള നൂതനമായ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയാണ് ഹൈഡ്രജൻ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.
CNG (Compressed natural gas) നിർമാണത്തിൽ ഉപയോഗിക്കുന്ന ബയോ-മെഥനേഷൻ (bio-methanation) എന്ന അടിസ്ഥാന ആശയത്തിലൂടെയാണ് ഹൈഡ്രജന്റെ ഉത്പാദനം. ഇവിടെ കാർഷികാവശിഷ്ടങ്ങളെ സൂക്ഷ്മാണുക്കൾ ഉപയോഗിച്ച് വിഘടിപ്പിച്ചാണ് ഹൈഡ്രജൻ നിർമിക്കുന്നത് എന്നതാണ് ഒരു പ്രത്യേകത. ഈ പക്രിയയിൽ സൃഷ്ടിക്കപ്പെടുന്ന മീഥേൻ വഴിയും ഹൈഡ്രജൻ നിർമിക്കുന്നുണ്ട്. നിലവിലുള്ള മറ്റ് രീതികളെക്കാളും 25 ശതമാനത്തോളം കൂടുതൽ കാര്യക്ഷമമായി ഇത്തരത്തിൽ ഹൈഡ്രജൻ ഉത്പാദിപ്പിക്കപ്പെടുന്നു.
9 മീറ്റർ നീളമുള്ള, 32 പേർക്കിരിക്കാവുന്ന എയർ കണ്ടീഷൻഡ് ബസ്സാണ് ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കാൻ രൂപകൽപന ചെയ്തിരിക്കുന്നത്. 30 കിലോഗ്രാം ഹൈഡ്രജൻ ഉപയോഗിച്ച് 450 കിലോമീറ്റർ ദൂരംവരെ ഇതിൽ സഞ്ചരിക്കാനാകും. വെള്ളം മാത്രമാണ് ഈ ബസ്സിന്റെ എൻജിനിൽ നിന്നും പുറന്തള്ളപ്പെടുക എന്നതുകൊണ്ട് പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്കുള്ള ഒരു കാൽവെപ്പാണ് ഈ സാങ്കേതികവിദ്യ എന്നു പറയാം. കൂടാതെ, ഹൈഡ്രജൻ ഉത്പാദന സാങ്കേതികവിദ്യ കർഷകർക്ക് ഒരു വരുമാന സ്രോതസ്സും ആകും എന്നു പ്രതീക്ഷിക്കുന്നു.
അവലംബം: www.financialexpress.com
ജനുവരി 2022 ലെ ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്