
കേരളത്തിന്റെ പ്രിയപ്പെട്ട മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഓർമ്മയാകുമ്പോൾ, അദ്ദേഹത്തിന്റെ പേര് ജനഹൃദയങ്ങളില്‍ എന്ന പോലെ ശാസ്ത്രലോകത്തും പശ്ചിമഘട്ടത്തിലെ ഒരു കുഞ്ഞൻ കാട്ടുപൂവിലൂടെ അമരമാകുകയാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി, പ്രത്യേകിച്ച് മൂന്നാറിലെ മതികെട്ടാൻ ചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നതിലടക്കം വി.എസ്. കാണിച്ച ഇച്ഛാശക്തിക്കുള്ള ആദരവായാണ് ഒരു സംഘം മലയാളി ഗവേഷകർ തങ്ങൾ കണ്ടെത്തിയ പുതിയ ഇനം കാശിത്തുമ്പയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകിയത്.
2021-ൽ അന്താരാഷ്ട്ര സസ്യശാസ്ത്ര ജേണലായ ‘ഫൈറ്റോകീസ്’ (PhytoKeys)-ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ സസ്യത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്.

ഇമ്പേഷ്യൻസ് അച്യുതാനന്ദനി (Impatiens achudanandanii) എന്നാണ് ഈ പുതിയ ഇനത്തിന് പേര് നൽകിയിരിക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രത്തിലെ സിന്ധു ആര്യ, ഡോ. വി.എസ്. അനിൽകുമാർ; പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്ലാൻ്റ് ജനറ്റിക് റിസോഴ്സ് വിഭാഗത്തിലെ എം.ജി. ഗോവിന്ദ്; പാലക്കാട് ഗവൺമെൻ്റ് വിക്ടോറിയ കോളേജിലെ ബോട്ടണി വിഭാഗത്തിലെ ഡോ. വി.സുരേഷ്; തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററിലെ ലബോറട്ടറി ഓഫ് ഇമ്മ്യൂണോഫാർമക്കോളജി ആൻഡ് എക്സ്പിരിമെൻ്റൽ തെറാപ്യൂട്ടിക്സിലെ ഡബ്ല്യൂ.കെ. വിഷ്ണു എന്നിവർ ചേർന്നാണ് ഈ കണ്ടെത്തൽ നടത്തിയത്.
“പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക തനിമ നിലനിർത്താൻ, പ്രത്യേകിച്ച് മതികെട്ടാൻ ചോലയുടെ സംരക്ഷണത്തിനായി മുൻകൈയെടുത്തതിനുള്ള ആദരസൂചകമായാണ് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദന്റെ പേര് ഈ സസ്യത്തിന് നൽകുന്നത്” എന്ന് ഗവേഷകർ തങ്ങളുടെ പ്രബന്ധത്തിൽ വ്യക്തമാക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ കല്ലാർ വനമേഖലയിൽ, സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്ററിലധികം ഉയരത്തിലുള്ള നീർച്ചോലകൾക്കരികിലാണ് ഈ സസ്യത്തെ കണ്ടെത്തിയത്. വെള്ളയിൽ ക്രീം നിറം കലർന്ന ഇതളുകളും പൂവിനകത്ത് മഞ്ഞ പൊട്ടുമുള്ള അതിമനോഹരമായ ഒരു കുഞ്ഞൻ ചെടിയാണിത്.
പ്രകൃതിക്ക് വേണ്ടി നിലകൊണ്ട ഒരു ഭരണാധികാരിയുടെ ഓർമ്മകൾക്ക്, അതേ പ്രകൃതിയിൽ നിന്ന് ഒരു പൂവിന്റെ നാമം നൽകപ്പെട്ടതിനേക്കാൾ മികച്ചൊരു സ്മാരകം ശാസ്ത്രത്തിനു നല്കാന്‍ കഴിയുന്നത് മറ്റെന്താണ്!
ഒരു നേതാവിന്റെ ഓർമ്മ കേവലം ശിലാഫലകങ്ങളിൽ ഒതുങ്ങേണ്ടതല്ല, മറിച്ച് അദ്ദേഹം സംരക്ഷിക്കാൻ പടപൊരുതിയ ഈ മണ്ണിലെ ഒരു തുടിപ്പായി, ഒരു പൂവായി അത് നിലനിൽക്കണം എന്ന സന്ദേശം കൂടിയാണ് ഈ നാമകരണം. വി.എസ്. എന്ന പേര് ഇനി പശ്ചിമഘട്ടത്തിൽ ഒരു പൂവായി വിരിഞ്ഞുനിൽക്കും, അദ്ദേഹത്തിന്റെ ഓർമ്മകളെപ്പോലെ മായാതെ, സുന്ദരമായി.
ലെനിന്റെ പേരിൽ ഫോസിൽ: ലെനിന് നിത്യസ്മാരകം