
ഡോളി എന്ന ചെമ്മരിയാടിനെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച സംഘത്തിന് നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഭ്രൂണ ശാസ്ത്രജ്ഞൻ ഇയാൻ വിൽമുട്ട് അന്തരിച്ചു. 79-ാം വയസ്സായിരുന്നു. മരിക്കുമ്പോള്‍ അദ്ദേഹം പാർക്കിൻസൺസ് രോഗബാധിതനായിരുന്നു.
1996 -ലാണ് ലോകത്തെ തന്നെ ഞെട്ടിച്ച് ഇയാന്‍ വില്‍മുട്ട് എന്ന പേര് മാധ്യമങ്ങളിലൂടെ പുറം ലോകം കേട്ടത്. പക്ഷേ, ഡോളിയുടെ ജനനം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ജൈവ ധാര്‍മ്മികതയെ നിരാകരിക്കുന്നതാണ് ഡോളിയുടെ ജനനത്തിന് പിന്നിലെ ശാസ്ത്രമെന്ന് വിമര്‍ശനം ഉയര്‍ന്നു.

1996-ൽ സ്കോട്ട്‌ലൻഡിലെ അനിമൽ സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഭ്രൂണ ശാസ്ത്രജ്ഞരായ കീത്ത് കാംബെല്ലിന്‍റെയും ഇയാന്‍ വിൽമട്ടിന്‍റെയും നീണ്ട ഗവേഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഡോളി ജനിക്കുന്നത്. 1995-ൽ മേഗന്‍റെയും മൊറാഗിന്‍റെയും ജനനത്തിലേക്ക് വഴി തെളിച്ച ശാസ്ത്രപരീക്ഷണങ്ങളാണ് ഡോളിയുടെ ജനനത്തിലേക്ക് നയിച്ചത്. വ്യത്യസ്ത കോശങ്ങളിൽ നിന്ന് വിജയകരമായി ക്ലോൺ ചെയ്ത ആദ്യത്തെ സസ്തനികൾ മേഗൻ, മൊറാഗ് എന്നീ രണ്ട് വളർത്ത് ആടുകളാണ്. എന്നാല്‍, പ്രായപൂർത്തിയായ ഒരു സോമാറ്റിക് സെല്ലിൽ നിന്ന് വിജയകരമായി ക്ലോൺ ചെയ്യപ്പെടുന്ന ആദ്യത്തെ മൃഗമായി ഡോളി എന്ന ആട് മാറി. പരീക്ഷണങ്ങള്‍ പിന്നീട് ആദ്യത്തെ ക്ലോൺ ചെയ്തതും ട്രാൻസ്ജെനിക് മൃഗവുമായ പോളി എന്ന ആടിന്‍റെ ജനനത്തിന് കാരണമായി. ഈ പരീക്ഷണങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായിരുന്നു ഇയാന്‍ വില്‍മുട്ട്.