വൈദ്യുതവിശ്ലേഷണം (electrolysis) വഴി ജലതന്മാത്രകളെ വിഘടിപ്പിക്കുന്നത് ഗ്രീൻ ഹൈഡ്രജൻ നിർമ്മാണത്തിനുള്ള ഒരു മാർഗമാണ്. ശബ്ദ തരംഗങ്ങളുടെ സഹായത്തോടെ, വൈദ്യുതവിശ്ലേഷണത്തിലൂടെയുള്ള ഹൈഡ്രജൻ ഉൽപാദനം 14 മടങ്ങ് വരെ വർധിപ്പിക്കാൻ സാധ്യമാണെന്ന് പുതിയ ഗവേഷണഫലങ്ങൾ. ഗതാഗതത്തിനും മറ്റ് മേഖലകൾക്കുമായി വിലകുറഞ്ഞ രീതിയിൽ ഹൈഡ്രജൻ ലഭ്യമാക്കാൻ ഇതു സഹായിച്ചേക്കാം. ഹൈഡ്രജൻ വ്യാവസായികമായി ഉൽപാദിപ്പിക്കപ്പെടുന്നത് ഭൂരിഭാഗവും പ്രകൃതി വാതകത്തെ വിഘടിപ്പിക്കുന്നതിലൂടെയാണ്. ഈ പ്രക്രിയയുടെ ഉപോൽപന്നമായി ഹരിതഗൃഹ വാതകങ്ങളും അന്തരീക്ഷത്തിലേക്ക് കടക്കുന്നു. വൈദ്യുതവിശ്ലേഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെ കാർബൺ ഉദ് വമനം കുറയ്ക്കാൻ സാധിക്കും.
ശബ്ദതരംഗങ്ങളുടെ ഉയർന്ന ആവൃത്തിയിലുള്ള (frequency) വൈബ്രേഷനുകൾ, വൈദ്യുത വിശ്ലേഷണ സമയത്ത് ജല തന്മാത്രകളെ വിഭജിക്കുന്നു. സാധാരണ വൈദ്യുത വിശ്ലേഷണ പ്രക്രിയയെ അപേക്ഷിച്ച് കൂടുതൽ ഹൈഡ്രജൻ പുറത്തുവിടാൻ ഇത് കാരണമാകുന്നു. വൈദ്യുത വിശ്ലേഷണത്തിൽ ജലതന്മാത്രകളെ രണ്ട് ഇലക്ട്രോഡുകൾ ഉപയോഗിച്ച് വെള്ളത്തിലൂടെ വൈദ്യുതി കടത്തിവിട്ട് ഓക്സിജനും ഹൈഡ്രജനുമായി വിഭജിക്കുകയാണ് ചെയ്യുക. വൈദ്യുതവിശ്ലേഷണത്തിന്റെ പ്രധാന വെല്ലുവിളികളിലൊന്ന് പ്ലാറ്റിനം അല്ലെങ്കിൽ ഇറിഡിയം പോലെയുള്ള ഇലക്ട്രോഡ് വസ്തുക്കളുടെ ഉയർന്ന വിലയാണ്. ശബ്ദ തരംഗങ്ങളാകട്ടെ വെള്ളത്തിൽ നിന്ന് ഹൈഡ്രജൻ വേർതിരിച്ചെടുക്കുന്നത് വളരെ എളുപ്പമാക്കുന്നു, ഇത് വിലകൂടിയ ഇലക്ട്രോഡുകളും ഇലക്ട്രോലൈറ്റുകളും ഒഴിവാക്കാൻ സഹായിക്കുന്നു.