Read Time:64 Minute
കാട്ടാന, കാട്ടുപന്നി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണവും  ശല്യവുമൊക്കെ കേരളത്തിൽ സ്ഥിരം പ്രശ്നങ്ങളായി മാറിയിരിക്കുന്നു. വർദ്ധിച്ചുവരുന്ന വന്യജീവി സംഘർഷം   സാധാരണ മനുഷ്യർക്കും അവരുടെ കൃഷിയിടങ്ങൾക്കും ജീവനോപാധികൾക്കും മുമ്പെങ്ങുമില്ലാത്തവിധം വൻഭീഷണിയാണ് സൃഷ്ടിക്കുന്നത്. കാടിനോട് ചേർന്നുള്ള പ്രദേശങ്ങളിലെ  കർഷകരൊക്കെ പേടിച്ചാണ് കഴിയുന്നത്. അതിരാവിലെ റബ്ബർ വെട്ടാൻ പോകുന്നവരും പുല്ല് ചെത്താൻ പോകുന്നവരുമൊക്കെ ഭീതിയിൽതന്നെ. നാട്ടിൽ പെറ്റുപെരുകുന്ന കാട്ടുപന്നിയുണ്ടാക്കുന്ന പൊല്ലാപ്പുകൾ വേറെ. വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലും സംസ്ഥാനത്തിന്റെ കിഴക്കൻ മലയോരപ്രദേശങ്ങളിലുമാണ് സംഘർഷം കൂടുതൽ. പകല്‍പോലും കാട്ടാനയും കടുവയുമൊക്കെ നാട്ടിലിറങ്ങുന്നത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. ഒരുകാലത്തും വന്യമൃഗങ്ങളെ ഇത്രയും പേടിക്കേണ്ട അവസ്ഥ വന്നിട്ടില്ലെന്നാണ് മലയോര ഗ്രാമങ്ങളിലുള്ളവർ ഒന്നടങ്കം പറയുന്നത്. വന്യമൃഗശല്യം വർദ്ധിക്കുന്നതിന് പല കാരണങ്ങളും പറയുന്നുണ്ട്. ജനങ്ങൾക്ക് വേണ്ടത് കാരണങ്ങളല്ല, സുസ്ഥിരമായ  പരിഹാരമാർഗങ്ങളാണ്. അവരുടെ അഭിപ്രായത്തിൽ ഇത് മനുഷ്യ-വന്യജീവി സംഘർഷമല്ല, മറിച്ച് വന്യജീവി ആക്രമണമാണ്. വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികള്‍ക്കായി കോടിക്കണക്കിന് തുകയാണ് വർഷംതോറും വനംവകുപ്പ്  ചിലവഴിക്കുന്നത്. പക്ഷേ, ഇതൊന്നും ഉദ്ദേശിച്ച ഫലം നൽകുന്നില്ലെന്നാണ് നാട്ടുകാർ ആവർത്തിച്ചുപറയുന്നത്.

2023 ലെ ‘ഇക്കണോമിക് റിവ്യൂ’ പ്രകാരം കേരളത്തിൽ 2022-23-ൽ 8873 മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ഉണ്ടായതിൽ  98 പേർ കൊല്ലപ്പെട്ടു. ഇതിൽ 48 പേർ പാമ്പുകടിയേറ്റും 27 പേർ ആനയുടെ ആക്രമണത്തിലും 7 പേർ കാട്ടുപന്നി ആക്രമണത്തിലും ഓരോരുത്തർ കാട്ടുപോത്തിന്റെയും  കടുവയുടെയും ആക്രമണത്തിലും 14 പേർ മറ്റ് മൃഗങ്ങളുടെ ആക്രമണത്തിലുമാണ് മരിച്ചത്. ആക്രമണത്തിൽ 1275 പേർക്ക് പരിക്കേറ്റു; 637 കന്നുകാലികൾക്ക് ജീവാപായം ഉണ്ടായി. 23-24-ലെ കണക്ക് വരാനിരിക്കുന്നതേയുള്ളൂ. അത് ഇതിലും ഭീകരമാകാനാണ്  സാധ്യത.

വന്യജീവികളുടെ സാന്നിധ്യം മനുഷ്യരുടെ താൽപ്പര്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെയാണ്  പൊതുവിൽ ‘മനുഷ്യ-വന്യജീവി സംഘർഷം’ (human-animal  conflict) എന്ന പേരിൽ എന്നുപറയുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) മനുഷ്യ-വന്യജീവി സംഘർഷത്തെ നിർവചിച്ചിരിക്കുന്നത് ഇപ്രകാരമാണ്:

“വന്യജീവികളുടെ സാന്നിധ്യമോ പെരുമാറ്റമോ മനുഷ്യ താൽപ്പര്യങ്ങൾക്കോ ആവശ്യങ്ങൾക്കോ നേരിട്ട് തുടർച്ചയായി ഭീഷണി ഉയർത്തുമ്പോൾ ഉണ്ടാകുന്ന സംഘർഷങ്ങളും,  അവ ജനങ്ങളുടെ ഇടയിൽ ഉണ്ടാക്കുന്ന വിഷമങ്ങളും ആളുകളുടെയും വന്യജീവികളുടെയും മേലുള്ള ദോഷകരമായ ഫലങ്ങളുമാണ് മനുഷ്യ-വന്യജീവി സംഘർഷം.”

ഇത്തരം സംഘർഷങ്ങൾ മനുഷ്യരെയും, വന്യജീവികളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് മാത്രമല്ല,  പലപ്പോഴും മൃഗസ്നേഹികളും, കർഷകരും, വനംവകുപ്പും, സാധാരണക്കാരും, ഭരണകൂടവും തമ്മിലുള്ള സംഘർഷത്തിലേക്കും നയിക്കുന്നു. കേരളത്തിൽ സംഘർഷമുണ്ടാക്കുന്ന വന്യജീവികളിൽ  പ്രമുഖർ കാട്ടാന, കടുവ, പുലി, ബോണറ്റ് മക്കാക് കുരങ്ങ്, കാട്ടുപന്നി, കാട്ടുപോത്ത്, കരടി, മുള്ളൻപന്നി, മുയൽ, മയിൽ എന്നിവയാണ്.

കേരളത്തിലെ വനമേഖലയ്ക്ക്  ഉൾക്കൊള്ളാനാവുന്നതിലും  അധികം വന്യജീവികളുണ്ടെന്നും അവയുടെ പെരുപ്പത്തെ നിയന്ത്രിക്കുകയല്ലാതെ പരിഹാരമാര്‍ഗമില്ലെന്നും കർഷകർ വാദിക്കുന്നു. ഈയൊരു നിർദേശം പുച്ഛിച്ചുതള്ളാതെ ശാസ്ത്രീയമായി വിലയിരുത്തേണ്ടതുണ്ട്. എന്തായാലും സംഘർഷത്തിന് പകരം മനുഷ്യ-വന്യജീവി  സഹവർത്തിത്വത്തിനുള്ള (human-animal co-existence) സാഹചര്യമാണ് ഉണ്ടാകേണ്ടത് എന്ന കാര്യത്തിൽ തർക്കമില്ല.

ലോക ജൈവവൈവിധ്യ ഉടമ്പടിയുമായി (UNCBD) ബന്ധപ്പെട്ട ‘പാർട്ടി’കളുടെ 2022-ലെ കോൺഫറൻസിൽ (COP-15) ധാരണയായ കുൻമിംഗ്-മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഫ്രെയിംവർക്കിൽ മനുഷ്യ-വന്യജീവി സംഘർഷം ആഗോളമായ ഒരു ആശങ്കയായി അംഗീകരിച്ചിട്ടുണ്ട്.  (UNFCC-ക്ക് എന്ന പോലെ UNCBD-ക്കും COP ഉണ്ട്, രണ്ട് വർഷം കൂടുമ്പോഴാണ് സമ്മേളനം ചേരാറുള്ളത് എന്നുമാത്രം. ഏറ്റവും ഒടുവിൽ  നടന്ന COP15-2022 കാനഡയിലെ മോൺട്രിയലിലിൽ ആയിരുന്നു. അടുത്ത സമ്മേളനമായ,  COP 16,  2024 ഒക്ടോബർ 21 മുതൽ നവംബർ ഒന്നുവരെ  കൊളംബിയയിലെ കാലിയിൽ വെച്ചായിരിക്കും). ‘2030 ഓടെ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വത്തിനും അവ തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ ഫലപ്രദമായി കൈകാര്യം ചെയ്യുക’ എന്നാണ് ഫ്രെയിംവർക്കിലുള്ളത്. ഇതുമായി ബന്ധപ്പെട്ട്, പല രാജ്യങ്ങളും മനുഷ്യ-വന്യജീവി സംഘർഷ മാനേജ്മെന്റ് നയങ്ങളിലും, അവ കൈകാര്യം ചെയ്യുന്നതിനുള്ള വിഭവങ്ങൾ ഉറപ്പാക്കുന്നതിനുള്ള തന്ത്രങ്ങളിലും ശ്രദ്ധ ചെലുത്തുന്നുണ്ട്.

നാശനഷ്ടങ്ങളോ ആഘാതങ്ങളോ കുറയ്ക്കുന്നതിനും, അപകടസാധ്യതകൾ തരണം ചെയ്യുന്നതിനും, സുസ്ഥിരമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും സ്വീകരിക്കാവുന്ന നിരവധി സമീപനങ്ങളും നടപടികളുമുണ്ട്. ഇവയിൽ തടസ്സങ്ങൾ (സോളാർ വേലികൾ, ജൈവവേലികൾ, കിടങ്ങുകൾ), കാവൽ, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ, വികർഷണ തന്ത്രങ്ങൾ (സൈറണുകൾ, ലൈറ്റുകൾ, ഡ്രോണുകൾ, റേഡിയോ കോളർ, തേനീച്ചക്കൂടുകൾ), സ്ഥലം മാറ്റൽ (വന്യജീവികളെ മാറ്റൽ, ചിലപ്പോൾ മനുഷ്യരെയും), അർഹിക്കുന്ന നഷ്ടപരിഹാരം അല്ലെങ്കിൽ ഇൻഷുറൻസ്, അപകടസാധ്യത കുറയ്ക്കുന്ന ബദലുകൾ, എന്നിവ ഉൾപ്പെടുന്നു.

വന്യമൃഗങ്ങൾ കാട്ടിൽനിന്നും വളരെ അകലെയുള്ള പട്ടണങ്ങളിലേക്കുപോലും എത്തുന്ന സംഭവങ്ങൾ  കേരളത്തില്‍ വര്‍ധിക്കുകയാണ്. വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതിനൊപ്പംതന്നെ മനുഷ്യജീവനും അവരുടെ ഉപജീവന മാര്‍ഗങ്ങളും സംരക്ഷിക്കപ്പെടണം. ചില സന്ദർഭങ്ങളിൽ, വന്യജീവികൾ മനുഷ്യർക്കും അവരുടെ വാസസ്ഥലങ്ങൾക്കും വലിയ നാശവും അപകടവും ഉണ്ടാക്കും. ആനകളുടെയും  മറ്റ് വന്യജീവികളുടെയും ആവാസവ്യവസ്ഥയുടെ ഭാഗമായിരുന്ന വനങ്ങളിലും പരിസരങ്ങളിലും മനുഷ്യർ കൃഷിചെയ്യാൻ ആരംഭിച്ചതുമുതൽ മൃഗങ്ങളുടെ വിള ആക്രമണം നടന്നുകൊണ്ടിരിക്കുന്നു. കന്നുകാലികൾക്കും മനുഷ്യർക്കും നേരെ മാംസഭോജികളായ മൃഗങ്ങൾ നടത്തുന്ന ആക്രമണങ്ങളുമുണ്ട്. അത് ഇപ്പോൾ വർദ്ധിക്കുന്നു എന്നതും പ്രശ്നമാണ്. ഇത്തരം സംഘർഷസാഹചര്യങ്ങളിൽ, ദുരിതബാധിതരായ ഗ്രാമീണരെ സമാധാനിപ്പിക്കാനും വന്യജീവി സംരക്ഷണത്തിന് പ്രാദേശികമായ പിന്തുണ നേടാനും വളരെ പ്രയാസമായിരിക്കും.

2021 ലെ ഫോറസ്റ്റ്സർവേ പ്രകാരം കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ (38.852 ലക്ഷം ഹെ) 29.65 ശതമാനം വനങ്ങളാണ് (11. 524 ലക്ഷം ഹെ). വനാവരണം (forest cover) പരിഗണിച്ചാൽ അത് കേരളത്തിന്റെ 54.7 ശതമാനം വരും. വനങ്ങളുടെ അരികുകളിൽ വന്യജീവിസംഘർഷം സാധാരണമാണ്. ഏകദേശം 725 ആദിവാസി സെറ്റിൽമെന്റുകൾ ഈ വനങ്ങളുടെ അതിർത്തിക്കുള്ളിലാണ്. കൂടാതെ, വനമേഖലയുടെ അതിർത്തി പ്രദേശങ്ങളിൽ വലിയൊരളവോളം മറ്റ് ജനവിഭാഗങ്ങളും താമസിക്കുന്നുണ്ട്.

വിളകൾ നശിപ്പിക്കൽ, വളർത്തുമൃഗങ്ങളെ  വേട്ടയാടൽ  എന്നിവയിലൂടെ കൃഷിയിൽ സംഭവിക്കുന്ന സാമ്പത്തികനഷ്ടത്തിൽനിന്നാണ് കർഷകരുമായി സംഘർഷം ഉണ്ടാകുന്നത്.  കാട്ടാന,  കാട്ടുപന്നി, കടുവ, പുലി, കാട്ടുപോത്ത്, കുരങ്ങ്, മയിൽ,  മുള്ളന്‍പന്നി എന്നിവയടക്കമുള്ള ജീവികൾ കാർഷികരംഗത്ത്  വൻഭീഷണി സൃഷ്ടിക്കുന്നു. കാട്ടാനകൾ പലപ്പോഴും വാഴ, പ്ലാവ്, മാവ്, നെല്ല്, പച്ചക്കറികൾ, കരിമ്പ്, കൈതച്ചക്ക, തെങ്ങ്, എണ്ണപ്പന എന്നിവയ്ക്ക് വൻനാശം വരുത്തുന്നു. അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, തണ്ണീർക്കൊമ്പൻ, പടയപ്പ എന്നിങ്ങനെ കാട്ടാനകൾക്കു പേരു വന്നതിന്റെ ഒരു കാരണം  മനുഷ്യവാസസ്ഥലങ്ങളിലേക്കുള്ള അവയുടെ കൂടെക്കൂടെയുള്ള സന്ദർശനമാണ്. പ്രശ്നക്കാരനായി  മാറിയ അരിക്കൊമ്പനെ അവസാനം നാടുകടത്തേണ്ടിവന്നു! തണ്ണീർക്കൊമ്പന്റെ ദുരന്ത മരണവും ഓർക്കണം. കാട്ടാനകൾ ചിലപ്പോൾ മനുഷ്യരെ ആക്രമിച്ച് കൊലപ്പെടുത്താറുണ്ട്. അടുത്തകാലത്ത് കേരളത്തിൽ കാട്ടാനയുടെ ആക്രമണങ്ങളിൽ ഏതാനുംപേർക്ക്  ജീവൻ നഷ്ടമായി എന്നത് ഏറെ വേദനാജനകമാണ്.

പലപ്പോഴും അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്ന ദരിദ്ര കുടുംബങ്ങളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിന് നേരിട്ട് വിധേയമാകുന്നത്. കാർഷികവിളകൾക്ക് ഉണ്ടാകുന്ന നഷ്ടത്തേക്കാൾ മനുഷ്യജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തെ കണക്കിലെടുക്കേണ്ടതുണ്ട്.  ഇക്കാര്യത്തിൽ പുലി, പാമ്പ് എന്നിവയെക്കാൾ പ്രശ്നക്കാരായി  മാറിയിരിക്കുന്നത് കാട്ടാനയും, കാട്ടുപോത്തുമൊക്കെയാണ്. വനമേഖലയോടുചേർന്ന് ജീവിക്കുന്ന മനുഷ്യരുടെ കിടപ്പാടവും, കൃഷിയിടങ്ങളും, മറ്റ് ജീവനോപാധികളും സംരക്ഷിച്ചു നിലനിർത്താനുള്ള നടപടികൾ അടിയന്തിരമായി  എടുത്തേ മതിയാവൂ.

മനുഷ്യ-മൃഗ സംഘർഷങ്ങളുടെ പ്രധാന കാരണങ്ങൾ 

വന്യജീവികളും മനുഷ്യരുമായി നിരന്തരം സംഘർഷങ്ങൾ ഉണ്ടാവുന്നതിന്റെ കാരണങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. കാരണങ്ങൾ മനസ്സിലാക്കിയാൽ പരിഹാരം എളുപ്പമായിരിക്കും. പ്രധാന കാരണങ്ങൾ പരിശോധിക്കാം.

1. വാഹകശേഷിയുടെ പ്രശ്നം 

സാധാരണഗതിയിൽ വനവിസ്തൃതി കുറയുമ്പോൾ അല്ലെങ്കിൽ മൃഗങ്ങളുടെ എണ്ണം കൂടുമ്പോൾ, അതായത് വാഹകശേഷിക്കുമപ്പുറമാകുമ്പോൾ (carrying capacity), പല കാട്ടുമൃഗങ്ങളും വനത്തിന് പുറത്തേക്ക് നീങ്ങി ഭക്ഷണവും വെള്ളവും അന്വേഷിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു (ഓരോ പ്രദേശത്തെ പ്രകൃതിവിഭവങ്ങളെയും ഭക്ഷ്യലഭ്യതയെയും അടിസ്ഥാനമാക്കി ആ പ്രദേശത്തിന് പരിസ്ഥിതി നാശമുണ്ടാക്കാത്ത വിധത്തിൽ താങ്ങാനാവുന്ന ജീവികളുടെ എണ്ണത്തെയാണ് ‘വാഹകശേഷി’ എന്നു പറയുന്നത്). കാട്ടുപന്നി, മയിൽ, മുള്ളൻ പന്നി, കുരങ്ങ്(പ്രധാനമായും  ബോണറ്റ് മക്കാക്) എന്നിവ കാടുവിട്ട് മനുഷ്യാധിവാസമേഖലയിൽ താമസമുറപ്പിക്കുകയും പെറ്റു പെരുകുകയും ചെയ്യുന്നു എന്നതും ശ്രദ്ധിക്കണം.

കർഷകരുടെ  അഭിപ്രായത്തിൽ വന്യമൃഗങ്ങളുടെ എണ്ണം നമ്മുടെ കാടുകളുടെ വാഹകശേഷിയെക്കാൾ വളരെയധികം ഉയർന്നിട്ടുണ്ട്. അധികമുള്ള മൃഗങ്ങളെ കൊന്ന് എണ്ണം കുറയ്ക്കണമെന്നാണ് (culling) അവരുടെ നിലപാട്. ഔദ്യോഗികവൃത്തങ്ങൾ ഈ നിലപാട് അംഗീകരിക്കുന്നില്ല. വിദേശ രാജ്യങ്ങളിൽ  കളളിങ് നടത്താറുണ്ട് എന്നത് ശരിയാണ്. പക്ഷേ അത് ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ആസ്ത്രേലിയയിൽ ഇടക്കിടെ നടത്തുന്ന കംഗാരു കളളിങ് ഉദാഹരണം (കംഗാരു അവരുടെ ദേശീയ മൃഗമാണ്). എന്തായാലും കാട്ടാനയുടെ കാര്യത്തിൽ കൃത്യമായ വിവരം ഉടനെ കിട്ടും. തമിഴ് നാട്, കർണാടകം, കേരളം എന്നിങ്ങനെ പരസ്പരം വനാതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ സംയുക്തമായി  കാട്ടാന സെൻസസ് എടുത്തുകഴിഞ്ഞു.

2. കൃഷിരീതികളിലെ മാറ്റം 

വന്യജീവികളെ, പ്രത്യേകിച്ച് ആനകളെയും മറ്റ് സസ്തനികളെയും മനുഷ്യവാസസ്ഥലത്തേക്ക് ആകർഷിക്കുന്നത് മാറിയ കൃഷിരീതികളാണ്. വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് ചുറ്റും കൃഷിയുടെ വിസ്തൃതി വർദ്ധിച്ചതും  വിളകളുടെ രീതി മാറിയതും മനുഷ്യ-മൃഗ സംഘർഷങ്ങൾ വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. വന്യമൃഗങ്ങൾ ഇഷ്ടപ്പെടുന്ന പോഷകസമൃദ്ധമായ വിളകൾ അവയെ വിളനിലങ്ങളിലേക്ക് ആകർഷിക്കും. ഉദാഹരണത്തിന്, വന്യമൃഗങ്ങൾക്ക് ധാരാളം ഭക്ഷണവും ഒളിക്കാൻ ഇടവും നൽകുന്ന വാഴ, മറ്റ് ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ, കരിമ്പ്, എണ്ണപ്പന, റബ്ബർ തുടങ്ങിയ വിളകൾ അവയുടെ ശല്യം വർദ്ധിക്കാനിടയാക്കും. വിളകളെ ആക്രമിക്കുന്ന മൃഗങ്ങളിൽനിന്ന് പരമാവധി നാശനഷ്ടം  വാഴയ്ക്കും, തെങ്ങ്, എണ്ണപ്പന, കരിമ്പ്, പച്ചക്കറികൾ, ഫലവർഗങ്ങൾ, കുരുമുളക്, നെല്ല് എന്നിവയ്ക്കുമാണ്. ആന, ബോണറ്റ് മക്കാക്ക് കുരങ്ങ്, കാട്ടുപന്നി എന്നിവ സംസ്ഥാനത്തെ മിക്ക കാർഷിക വിളകൾക്കും വലിയതോതിൽ നാശനഷ്ടമുണ്ടാക്കുന്നു. കന്നുകാലികളെ ആക്രമിക്കുന്നത് കൂടുതലും കടുവകളാണ്.  പുള്ളിപ്പുലിയും ചെന്നായ്ക്കളുമാണ് തൊട്ടുപിന്നിൽ..

3. വനമേഖലകളിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റം

വനമേഖലകളിലേക്കുള്ള മനുഷ്യരുടെ തുടർച്ചയായ കടന്നുകയറ്റം സംഘർഷം വർദ്ധിപ്പിക്കും. കാരണം ഇത് രണ്ടുപേരുടെയും നിലനിൽപ്പിന്റെ പ്രശ്നമാണ്. മുമ്പ് വന്യജീവി ഇടനാഴികൾ ഉണ്ടായിരുന്നു. അവയിലൂടെ വന്യമൃഗങ്ങൾ സീസൺ അനുസരിച്ച് മറ്റ് പ്രദേശങ്ങളിലേക്ക് കൂട്ടമായി സഞ്ചരിക്കുമായിരുന്നു. ഈ ഇടനാഴികളിൽ ജനവാസകേന്ദ്രങ്ങൾ വികസിച്ചതിനാൽ, വന്യമൃഗങ്ങളുടെ പാത തടസ്സപ്പെടുകയും മൃഗങ്ങൾ ജനവാസകേന്ദ്രങ്ങൾ ആക്രമിക്കുകയും ചെയ്യുന്നു. വന, വനേതര ഉൽപന്നങ്ങൾ ശേഖരിക്കുന്നതിനായി മനുഷ്യർ വനങ്ങളിലേക്ക് കടക്കുന്നതും വന്യജീവികളെ പ്രകോപിപ്പിക്കും.

4. അശാസ്ത്രീയമായ സംരക്ഷണ പ്രവൃത്തികളും വികസന പ്രവർത്തനങ്ങളും

പലപ്പോഴും നാട്ടുകാർ അവരുടെ കൃഷിയിടങ്ങൾക്ക് ചുറ്റും വൈദ്യുതവേലി നിർമിക്കുന്നതുമൂലം വന്യമൃഗങ്ങൾക്ക് പരിക്കേൽക്കുകയും അവ അക്രമാസക്തരാവുകയും ചെയ്യുന്നു. വൈദ്യുതവേലിയെ അതിജീവിക്കാൻ പഠിക്കുന്ന മൃഗങ്ങളുണ്ട്; പ്രത്യേകിച്ച് ആനകൾ. വന്യമൃഗങ്ങളുടെ  പ്രധാന ആവാസവ്യവസ്ഥയുടെ വിസ്തൃതി കുറഞ്ഞുവരുന്നത്, പുൽമേടുകൾ തോട്ടങ്ങളായി മാറുന്നത്, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനായി വനങ്ങൾ വഴിതിരിച്ചുവിടുന്നത്, വനം കയ്യേറ്റം,  വനേതര ആവശ്യങ്ങൾക്ക് ഹൈ-വോൾട്ടേജ് ഇലക്ട്രിക് ലൈനുകൾ, റെയിൽവേ ലൈനുകൾ, ഹൈവേകൾ  എന്നിവ കടന്നുപോകുന്നത്, തൊട്ടടുത്തുള്ള ടൗൺഷിപ്പുകൾ, വ്യവസായങ്ങൾ, ഖനനം, തീർത്ഥാടനസ്ഥലങ്ങൾ എന്നിവ അടുത്തകാലത്തായി മനുഷ്യ-വന്യജീവി സംഘർഷം വർധിപ്പിക്കാൻ ഇടയാക്കിയ കാരണങ്ങളാണ്.

5. ഭക്ഷണവും വെള്ളവും കുറയുമ്പോൾ 

കാട്ടുമൃഗങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും അവയുടെ സ്വാഭാവിക ആവാസസ്ഥലങ്ങളിൽനിന്ന് ചില സമയങ്ങളിൽ ലഭിക്കാതെപോകുന്നു എന്നൊരു പ്രശ്നവുമുണ്ട്.  മുമ്പ് ആനകളുടെ ഇഷ്ടഭക്ഷണമായ മുളയുടെ ഇലകൾ ലഭ്യമല്ലാതിരുന്നപ്പോൾ വനംവകുപ്പ് വനസങ്കേതങ്ങൾക്കുള്ളിൽ നെല്ല്, കരിമ്പ് മുതലായവ കൃഷി ചെയ്തിരുന്നു. നിലവിൽ ഇത്തരം സാഹചര്യം  ഇല്ലാത്തതിനാൽ മൃഗങ്ങൾ ഭക്ഷണം തേടി വനത്തിൽനിന്ന് നാട്ടിലേക്ക് ഇറങ്ങുന്നു. ആനകൾക്ക്  ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ആവശ്യകത വളരെ ഉയർന്നതാണ്. പ്രായപൂർത്തിയായ ഒരു ആനയ്ക്ക് പ്രതിദിനം 200 കിലോഗ്രാം പച്ചപ്പുല്ലും 150 കിലോഗ്രാം ശുദ്ധജലവും ആവശ്യമാണെന്നും അത് ലഭ്യമല്ലെങ്കിൽ അവ പുറത്തേക്ക് പോകുമെന്നതും കണക്കിലെടുക്കേണ്ടതാണ്. വനമേഖലയിൽ വെള്ളം കിട്ടാതെവരുമ്പോൾ വെള്ളം അന്വേഷിച്ച് ജനവാസ പ്രദേശങ്ങളിലേക്ക് കാട്ടുമൃഗങ്ങൾ ഇറങ്ങുന്നത് സ്വാഭാവികമാണ്.

കർഷകരുടെ അഭിപ്രായത്തിൽ മുളപോലെ ആനകൾക്ക് തീറ്റയായി മാറിയിരുന്ന   സസ്യങ്ങൾ നശിപ്പിച്ച് തേക്കിൻതോട്ടങ്ങൾപോലുള്ള ഏകവിളത്തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചത് ആനകളുടെ ഭക്ഷണം കുറയുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഈ മരങ്ങളുടെ  അല്ലലോപ്പതിക് സ്വഭാവം കാരണം അവയുടെ ഇടയിൽ മറ്റ് കുറ്റിച്ചെടികളോ പുല്ലോ വളർന്നുവരാൻ സാധ്യത കുറവാണ്.  അതുപോലെതന്നെ  വിദേശജനുസ്സുകളായ യൂക്കാലിപ്‌റ്റ്‌സ്, അക്കേഷ്യ, വാറ്റിൽ, മാംജിയം മുതലായവ വൻതോതിൽ കൃഷി ചെയ്യുന്നതും വനമേഖലകളുടെ ആവാസനിലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

6. അന്യദേശ സസ്യങ്ങളുടെ അധിനിവേശം

അന്യദേശസസ്യങ്ങളുടെ അധിനിവേശംമൂലം ആവാസ വ്യവസ്ഥയ്ക്കുണ്ടാകുന്ന നാശം ഇപ്പോൾ പല മേഖലയിലും ചർച്ചയായിട്ടുണ്ട്. അധിനിവേശസസ്യങ്ങൾ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നത് വന്യമൃഗങ്ങൾക്കുള്ള തീറ്റയുടെയും വെള്ളത്തിന്റെയും ലഭ്യത കുറയുന്നതിന് കാരണമായിട്ടുണ്ട്. പൊതുവേ ഇത്തരം സസ്യങ്ങളെയും മറ്റ് ജീവികളെയും അധിനിവേശ ജീവികൾ  (alien invasive species, AIS) എന്നാണ് പറയുന്നത്. ഉദാഹരണത്തിന് വയനാട്ടിലെ മഞ്ഞക്കൊന്ന അഥവാ രാക്ഷസകൊന്ന (Senna spectabilis) എന്ന മരം സ്വഭാവികമായ പുൽമേടുകൾക്കും മറ്റു സസ്യങ്ങൾക്കും വലിയ  ഭീഷണിയാണ്.  രാക്ഷസക്കൊന്ന വന്യമൃഗങ്ങൾക്ക് ഭക്ഷ്യയോഗ്യവുമല്ല.  കൊങ്ങിണി അഥവാ ലന്റാന (Lantana camara), ധൃതരാഷ്ട്രപ്പച്ച(Mikania micrantha), കമ്മ്യൂണിസ്റ്റ് പച്ച  (Chromolaena odorata), സിങ്കപ്പൂർ ഡയിസി   (Sphagneticola trilobata) എന്നിവയും പ്രശ്നക്കാരാണ്.  ഇവ അടിക്കാടുകളിലെ സ്വാഭാവികസസ്യങ്ങൾ ഇല്ലാതാക്കുകയും അതുവഴി സസ്യഭുക്കുകളായ വന്യജീവികള്‍ക്ക് ആഹാരദൗര്‍ലഭ്യം സൃഷ്ടിക്കുകയും ചെയ്യുന്നു. വനഭൂമിയില്‍ ആഹാരലഭ്യത കുറഞ്ഞത് കാടുകളോട് ചേര്‍ന്നുകിടക്കുന്ന ജനവാസ മേഖലകളിലേക്ക് വന്യജീവികൾ കൂടുതലായി  ഇറങ്ങിവരാൻ കാരണമായി.

വയനാട് വന്യജീവിസങ്കേതം ഉൾപ്പെടുന്ന നീലഗിരി ബയോസ്ഫിയർ റിസർവ് വനമേഖലയ്ക്ക് വലിയതോതിൽ ഭീഷണി ഉയർത്തുന്ന രാക്ഷസക്കൊന്നയെ  തുടച്ചുനീക്കാൻ വനംവകുപ്പ് പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നു.

7. കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ 

കാലാവസ്ഥയും മനുഷ്യ-വന്യജീവി സംഘർഷങ്ങളുമായുള്ള ബന്ധം തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത്  ഒരു വന്യജീവിസംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നം എന്ന നിലയ്ക്ക് മാത്രമല്ല,  മനുഷ്യസുരക്ഷയും സാമൂഹികനീതിയും ഉറപ്പുവരുത്താനുള്ള പ്രശ്നം എന്ന നിലയ്ക്കുകൂടിയാണ്.  കാലാവസ്ഥയുമായി ബന്ധപ്പെട്ട മനുഷ്യ-വന്യജീവി സംഘർഷത്തിൽ  വിഭവങ്ങളുടെ ലഭ്യതയിലെ വ്യതിയാനവും  ഉൾപ്പെടുന്നു. വരള്‍ച്ചയും ജലക്ഷാമവുംപോലുള്ള പ്രശ്നങ്ങൾ ആനകൾമാത്രമല്ല, മറ്റു വന്യമൃഗങ്ങളും  കാടുവിട്ട്  നാട്ടിലേക്ക് ആഹാരവും വെള്ളവും തേടിയിറങ്ങാൻ കാരണമാകുന്നുണ്ട്.

കാലാവസ്ഥയുമായി ബന്ധപ്പെട്ട മനുഷ്യ-മൃഗ സംഘർഷത്തിന് കാരണമായ  നാല് പ്രവണതകൾ ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുണ്ട്.
  1. വരൾച്ച കാരണം മനുഷ്യരും വന്യജീവികളും തമ്മിൽ ഭക്ഷ്യ വിഭവങ്ങൾക്കുവേണ്ടിയുള്ള  മത്സരം വർദ്ധിച്ചു. വരള്‍ച്ച കാട്ടിനകത്ത് തീറ്റയുടെ ലഭ്യത കുറയ്ക്കുക മാത്രമല്ല ജലക്ഷാമവും രൂക്ഷമാക്കുകയും ചെയ്യുന്നു.
  2. ഉയർന്ന ശരാശരി താപനില കാരണം അപകടകാരികളായ മൃഗങ്ങളുടെ പരിധി വിപുലീകരണം (range expansion) സംഭവിക്കുന്നു.
  3. തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ കാരണം വന്യജീവികളുടെ താത്കാലിക സ്ഥാനചലനം
  4. ശരാശരി താപനില ഉയരുമ്പോൾ  വന്യജീവികളുടെ  സ്വഭാവരീതികളിലുണ്ടാകുന്ന താല്ക്കാലികമായ മാറ്റങ്ങൾ.

കേരളത്തിൽ ഈ വർഷം അനുഭവപ്പെട്ട താപനിലയിലെ അസാധാരണമായ വർധനവിന് ‘എൽ നിനോ’യാണ് കാരണം എന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. (സമുദ്രജലം അസാധാരണമായി ചൂടുപിടിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ് ‘എൽ നിനോ’. ഇങ്ങനെ ചൂടാകുന്ന സമുദ്രം അന്തരീക്ഷത്തിലേക്ക് അധികതാപം പുറപ്പെടുവിക്കുന്നതിനാൽ ആഗോളകാലാവസ്ഥയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു). എൽ നിനോ സാധാരണ 2 മുതൽ  7 വർഷം കൂടുമ്പോൾ സംഭവിക്കാൻ സാധ്യതയുണ്ട്. എൽ നിനോ പ്രതിഭാസം സാധാരണമായ കാലാവസ്ഥയെ  തടസ്സപ്പെടുത്തും. അസാധാരണമായി അനുഭവപ്പെട്ട അധികതാപം മനുഷ്യർക്കും വന്യമൃഗങ്ങൾക്കും വലിയ പ്രയാസങ്ങൾ ഉണ്ടാക്കി. അടുത്ത കാലത്ത് വർധിച്ചതോതിൽ ഉണ്ടായ വന്യജീവി സംഘർഷത്തിന് അധികതാപനിലയും ഒരു കാരണമായിട്ടുണ്ട്.

ആഗോളതാപനവും കാലാവസ്ഥാമാറ്റവും മനുഷ്യ-വന്യജീവി സംഘർഷങ്ങളെ  സ്വാധീനിക്കുന്നുണ്ട് എന്നത് തർക്കമറ്റ കാര്യമാണ്. വാർത്താ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ലോകത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥാവ്യതിയാനം മനുഷ്യ-വന്യജീവിസംഘർഷം  വൻതോതിൽ വർദ്ധിപ്പിക്കുന്നുവെന്നാണ്.  കേരളത്തിൽ ഇപ്പോൾ കാണുന്ന വന്യജീവി ആക്രമണങ്ങൾ കേവലമായ മനുഷ്യ-വന്യജീവി സംഘർഷം മാത്രമായി കണ്ടാൽ ശരിയാവില്ല. ചൂടുകൂടുന്ന  ലോകം മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വർദ്ധിപ്പിക്കുകയാണ്. മൃഗങ്ങളുടെ ആവാസവ്യവസ്ഥയിൽ മാറ്റം വരുന്നതിലൂടെയും, വിഭവലഭ്യത ചുരുങ്ങുന്നതിലൂടെയും കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് ഈ സംഘർഷം വർധിപ്പിക്കാൻ കഴിയും.

കാലാവസ്ഥയിലുള്ള വ്യതിയാനം തീവ്രമാകുമ്പോൾ, പ്രത്യേകിച്ച് ആളുകളുടെയും വന്യജീവികളുടെയും കുടിയേറ്റം വർദ്ധിക്കുകയും വിഭവങ്ങളുടെ ലഭ്യതയിൽ മാറ്റങ്ങൾ വരികയും ചെയ്യുമ്പോൾ, സംഘർഷങ്ങൾ വർധിക്കാൻ സാധ്യതയുണ്ട്. കാലാവസ്ഥയിലുള്ള മാറ്റങ്ങളും മനുഷ്യ-വന്യജീവി സംഘർഷവും തമ്മിലുള്ള ബന്ധം പഠിക്കുന്നതിനുള്ള ഒരു പ്രധാന പ്രചോദനം അവയ്ക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്തുക എന്നതാണ്. മൂലകാരണങ്ങൾ അറിഞ്ഞുകഴിഞ്ഞാൽ, ജനങ്ങളെയും വന്യജീവികളെയും സഹായിക്കാൻ ഫലപ്രദമായ ഇടപെടലുകൾ സാധ്യമാകും. വിവിധ പ്രദേശങ്ങളിലും ജീവിവർഗങ്ങളിലും കാണുന്ന ഇത്തരം പ്രവണതകൾ സൂചിപ്പിക്കുന്നത് വന്യജീവികളുമായി ബന്ധപ്പെട്ട ഗവേഷണവും കാലാവസ്ഥയെ സംബന്ധിച്ച  പഠനവും തമ്മിലുള്ള വിടവ് കുറച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകത കൂടിയാണ്.  കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന അപകടസാധ്യതയുടെ ഒരു ഘടകമായി വന്യജീവികളിൽനിന്നുണ്ടാകുന്ന ആക്രമണത്തെയും  കണക്കിലെടുക്കണം. അതേസമയം, കാലാവസ്ഥാമാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ ദീർഘകാല വന്യജീവി പരിപാലനത്തിലും സംരക്ഷണ പദ്ധതികളിലും പരിഗണിക്കേണ്ടതിന്റെ പ്രാധാന്യവും തിരിച്ചറിയണം.

8. വന്യജീവിസംരക്ഷണ പ്രവർത്തനങ്ങൾ 

നാം കുറെക്കാലമായി പിന്തുടരുന്ന വന്യജീവിസംരക്ഷണ പ്രവർത്തനങ്ങൾ വന്യജീവികളുടെ  എണ്ണം ഉയരാൻ വഴിയൊരുക്കിയിട്ടുണ്ട് എന്നതൊരു വസ്തുതയാണ്. വന്യമൃഗവേട്ടയുടെ നിരോധനം, വന്യജീവികളിൽനിന്ന് ലഭിക്കുന്ന വസ്തുക്കളുടെ വ്യാപാരത്തിലുള്ള നിയന്ത്രണം തുടങ്ങിയ പ്രവർത്തനങ്ങൾ കാരണം ആന, കടുവ തുടങ്ങിയ മൃഗങ്ങളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. അതായത്,  സംരക്ഷണ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ  തന്നെയാണ് മുന്നോട്ടുപോവുന്നത്. ഇത് വളരെ പോസിറ്റീവായ ഒരു കാര്യമാണെങ്കിലും മനുഷ്യ-വന്യമൃഗസംഘർഷം വർധിക്കുന്നതിന് ഇടയാകുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇവിടെയാണ് വാഹകശേഷി തിട്ടപ്പെടുത്തുന്നതിന്റെയും ആവശ്യമെങ്കിൽ കളളിങ് ശുപാർശ ചെയ്യേണ്ടതിന്റെയും പ്രസക്തി.

9. മറ്റ് കാരണങ്ങൾ 

പലപ്പോഴും അസുഖമുള്ളതും, പരിക്കേറ്റതുമായ മൃഗങ്ങൾ മനുഷ്യരെ ആക്രമിക്കാനുള്ള പ്രവണത കാണിക്കാറുണ്ട്. കാട്ടിൽ വേട്ടയാടാൻ കഴിവില്ലാത്ത പ്രായമായതും പരിക്കേറ്റതുമായ മൃഗങ്ങൾ  മനുഷ്യരുമായി ഏറ്റുമുട്ടുന്നു. തന്റെ നവജാത ശിശുക്കൾ അപകടത്തിലാണെന്ന് തോന്നിയാൽ പെൺകടുവ പലപ്പോഴും മനുഷ്യരെ ആക്രമിച്ചേക്കും. മനുഷ്യമാംസം ഒരിക്കൽ രുചിച്ചാൽ കടുവ വീണ്ടും അതിന് ശ്രമിച്ചേക്കാം. അതേസമയം, നരഭോജി കടുവയെ കണ്ടെത്തുന്നതും കൊല്ലുന്നതും എളുപ്പമല്ല. ഈ പ്രക്രിയയിൽ സാധാരണകടുവകളും കൊല്ലപ്പെടാം. വന്യജീവി സമ്പുഷ്ടമായ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട സമയങ്ങളിൽ സഞ്ചരിക്കുന്ന കന്നുകാലികളും മനുഷ്യരും വന്യജീവികളുടെ ആക്രമണത്തിന്  ഇരയാകാനുള്ള സാധ്യതയുണ്ട്. ചിലപ്പോൾ വന്യമൃഗങ്ങളും മനുഷ്യരും ആകസ്മികമായി പരസ്പരം അടുത്തിടപഴകുമ്പോൾ ഭയം നിമിത്തവും മൃഗങ്ങൾ ആക്രമിക്കാനുള്ള സാധ്യതയുണ്ട്. വനവിഭവങ്ങൾ ശേഖരിക്കുന്നവരും വിവിധ ആവശ്യങ്ങൾക്കായി വനത്തിൽ പ്രവേശിക്കുന്ന വ്യക്തികളും കാട്ടാന, കരടി, പുള്ളിപ്പുലി, കടുവ, കാട്ടുപന്നി എന്നിവയാൽ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത സംഭവങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സംഘർഷം തടയുന്നതിനുള്ള നടപടികൾ: അടിസ്ഥാന തത്വങ്ങൾ 

സംസ്ഥാനത്തെ മനുഷ്യ-വന്യജീവിസംഘർഷ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും, പ്രായോഗികവും സംയോജിതവുമായ സമീപനം . ആവശ്യമാണ്. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും കാടിന്റെ പരിസരങ്ങളിൽ താമസിക്കുന്നവരുടെ ദുരിതങ്ങൾ പരിഹരിക്കുന്നതിനും വിവിധ നടപടികൾ സ്വീകരിക്കുകയും പരിസ്ഥിതിസൗഹൃദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. കൃഷിയിടങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയുന്നതിനാണ് പ്രഥമപരിഗണന നൽകേണ്ടത്. തീറ്റ, വെള്ളം എന്നിവ കാടിനുള്ളിൽതന്നെ ഉറപ്പുവരുത്തുന്ന  സാഹചര്യമുണ്ടാകണം. ഇതോടൊപ്പം പ്രതിരോധനടപടികൾ സൃഷ്ടിക്കുക എന്നതും പ്രധാനമാണ്.   പ്രതിരോധനടപടികൾക്ക് അനുബന്ധമായി, സമൂഹത്തിന് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനങ്ങൾ ഉറപ്പുവരുത്തണം. പ്രതിരോധനടപടികൾ വിജയിക്കാതിരിക്കുകയും വന്യമൃഗങ്ങൾ വിളകൾക്കും വസ്തുവകകൾക്കും നാശം വരുത്തുകയും ചെയ്താൽ, നാശനഷ്ടം സംഭവിച്ച വ്യക്തികൾക്ക് എത്രയും പെട്ടെന്ന് അർഹിക്കുന്ന നഷ്ടപരിഹാരം നൽകാനുള്ള സംവിധാനവും ഉണ്ടാവണം.

മനുഷ്യ-വന്യജീവി സംഘർഷം (human animal conflict) ഉണ്ടാകുന്നതിനുപകരം മനുഷ്യ-വന്യജീവി  സഹവർത്തിത്വത്തിനുള്ള (human animal co-existence) സാഹചര്യമാണ് സൃഷ്ടിക്കേണ്ടത്. വന്യമൃഗങ്ങൾ നിലനിൽക്കേണ്ടത് കേവലമായ ജൈവവൈവിധ്യസംരക്ഷണം എന്ന നിലയിൽമാത്രം കാണാതെ പാരിസ്ഥിതികമായ മറ്റു പ്രയോജനങ്ങളും കണക്കിലെടുക്കണം. 

വന്യജീവി സംഘർഷം തടയുന്നതിനുള്ള പൊതുവായ ചില പ്രതിവിധികൾ ചുവടെ നൽകുന്നു.

  1. മനുഷ്യവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും വന്യജീവികൾ എത്തുന്നത് തടയാൻ ഭൗതിക തടസ്സങ്ങൾ സൃഷ്ടിക്കുക. മൃഗങ്ങൾ വയലുകളിലേക്ക് വഴിതെറ്റുന്നത് തടയാൻ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വൈദ്യുതവേലി ഉൾപ്പെടെയുള്ള കിടങ്ങുകൾ നിർമിക്കണം.
  2. വനത്തിനുള്ളിൽതന്നെ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനായി പുൽമേടുകളും ജലാശയങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് വനത്തിലെ മൃഗങ്ങളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുക.
  3. വനാതിർത്തികളോട് ചേർന്നുള്ള കൃഷിരീതികൾ സാധിക്കുമെങ്കിൽ മാറ്റുക.
  4. അനുകൂലമല്ലാത്ത സമയങ്ങളിൽ വലിയ മൃഗങ്ങളുടെ കൂട്ട കുടിയേറ്റത്തിന് വന്യജീവി ഇടനാഴികൾ ഉപകരിക്കണം.
  5. മനുഷ്യ-വന്യജീവി സംഘർഷം  ഫലപ്രദമായി ലഘൂകരിക്കുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളും മനുഷ്യവിഭവശേഷിയും വികസിപ്പിക്കുക.
  6. സംഘർഷം ലഘൂകരിക്കാൻ സഹായിക്കുന്നതിന് ലൈൻ ഡിപ്പാർട്ട്മെന്റുകളെ ശാക്തീകരിക്കുക.
  7. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സമ്പർക്കം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.
  8. കടുവസംരക്ഷണ പദ്ധതിപോലുള്ള പ്രത്യേക മൃഗ സംരക്ഷണപദ്ധതികളിൽ ആവശ്യത്തിന്   വാഹനങ്ങൾ, ട്രാൻക്വിലൈസർ തോക്കുകൾ, ബൈനോക്കുലറുകൾ, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ മുതലായവ ലഭ്യമാക്കുന്നതിനൊപ്പം ആസന്നമായ ഏത് അപകടത്തെയും തന്ത്രപരമായി നേരിടാനുള്ള  വ്യവസ്ഥകൾ ഉണ്ടാകണം.
  9. മനുഷ്യജീവന്റെ നഷ്ടത്തിന് ഗണ്യമായ നഷ്ടപരിഹാരത്തോടൊപ്പം മതിയായ വിള നഷ്ടപരിഹാരവും കന്നുകാലി നഷ്ടപരിഹാര പദ്ധതികളും വേണം. വിള ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, എക്സ് ഗ്രേഷ്യ എന്നിവ ഉറപ്പുവരുത്തണം.
  10. സംഘർഷം കുറയ്ക്കുന്നതിനുള്ള പരിശീലനം, അവബോധം സൃഷ്ടിക്കൽ, ഗവേഷണം എന്നിവയ്ക്ക് മുഖ്യപരിഗണന നല്കണം.

മനുഷ്യ-വന്യജീവിസംഘർഷ മാനേജ്‌മെന്റിന് നിർദ്ദേശിച്ചിട്ടുള്ള ചില തന്ത്രങ്ങൾ 

വന്യജീവി മാനേജ്‌മെന്റിനായി സാധാരണ ഉപയോഗിക്കുന്ന ചില തന്ത്രങ്ങൾ താഴെ കൊടുക്കുന്നു. ആനകൾ പോലെയുള്ള വലിയ മൃഗങ്ങൾക്ക് യോജിച്ച പൊതുതന്ത്രങ്ങളാണ് ആദ്യം കൊടുത്തിരിക്കുന്നത്. തുടർന്ന് കാട്ടുപന്നി, കുരങ്ങ്, മയിൽ എന്നിവയുടെ കാര്യങ്ങൾ പ്രത്യേകം ചർച്ച ചെയ്യുന്നു.

കിടങ്ങുകൾ 

കാട്ടാനകൾ കാടിന് പുറത്തേക്ക് ഇറങ്ങുന്നത് തടയുന്നതിനു രാജ്യത്തിന്റെ പല ഭാഗങ്ങളിലും കിടങ്ങുകൾ നിർമ്മിക്കാറുണ്ട്.  ആനയെപ്പോലുള്ള വലിയ മൃഗങ്ങൾക്കെതിരേ ഫലപ്രദമായ ഒരു നിയന്ത്രണ നടപടിയാണ് കിടങ്ങ്. പക്ഷേ, കനത്ത മഴയുള്ള പ്രദേശങ്ങളിൽ ഈ രീതി അത്ര ഫലപ്രദമല്ല. മണ്ണിന്റെ അവസ്ഥയെ ആശ്രയിച്ചാണ് കിടങ്ങുകളുടെ  വിജയം. പല പ്രദേശങ്ങളിലും ഉയർന്ന തോതിലുള്ള സംരക്ഷണത്തിനായി സൗരോർജ്ജ വേലിക്കൊപ്പം  കിടങ്ങുകളും സ്ഥാപിക്കാറുണ്ട്.

സൗരോർജ്ജ വേലി

ശരിയായി സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്താൽ, സൗരോർജ്ജവേലി (Solar Power Fence, SPF) ആനയ്ക്കെതിരെയുള്ള  ഫലപ്രദമായ പ്രതിരോധമാണ്. സൗരോർജ്ജവേലിക്ക് സമീപമുള്ള കളകൾ പതിവായി നീക്കി വൃത്തിയാക്കുന്നതും, രാത്രിയിൽ വേലിയുടെ സമീപത്ത് പട്രോളിംഗ് നടത്തുന്ന ആളുകളുടെ സാന്നിധ്യവും  സൗരോർജ്ജ വേലിയുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കും. സൗരവേലി ഒരു തടസ്സമായി പ്രവർത്തിക്കുമെങ്കിലും, ദീർഘകാല പരിഹാരമാകുന്നില്ല, പ്രത്യേകിച്ച് ആനകൾ പതിവായി ഇറങ്ങുന്ന  പ്രദേശങ്ങളിൽ.

തൂങ്ങി നിൽക്കുന്ന സൗരവേലി 

സാധാരണ സൗരോർജ്ജ വേലിയുടെ പരിഷ്കരിച്ച പതിപ്പാണ് തൂങ്ങി നിൽക്കുന്ന സൗരവേലി അഥവാ ഹാങ്ങിങ്ങ് സൗരവേലി (Hanging Solar Power Fence, HSPF). പ്രധാന ലൈനിൽനിന്ന് തൂങ്ങിക്കിടക്കുന്ന സ്റ്റെയിൻലെസ് സ്റ്റീൽ വയറുകൾ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്.   സ്റ്റീൽ വയറുകൾ തൂങ്ങിക്കിടക്കുന്നിടത്തുനിന്ന് ഓരോ 4.5 മീറ്ററിലും, 4.5 മീറ്റർ മുതൽ 6 മീറ്റർ വരെ ഉയരമുള്ള തൂണുകളിൽ  തൂക്കിയിടുന്ന സൗരോർജ്ജവേലി സ്ഥാപിച്ചിട്ടുണ്ടാകും. ഈ തൂണുകളിൽ തൂങ്ങിക്കിടക്കുന്ന കമ്പികൾ തറനിരപ്പിൽ തൊടുന്നില്ല. സാധാരണ സോളാർ വേലിയിലെന്നപോലെ വയറുകളിലേക്ക് സൗരവൈദ്യുതി കടത്തിവിടുകയും  കമ്പികളുമായി സമ്പർക്കം പുലർത്തുമ്പോൾ ജീവന് അപകടമുണ്ടാക്കാത്ത നേരിയ ഷോക്കുകൾ കൊടുക്കുകയും ചെയ്യുന്നു. കാട്ടിൽനിന്ന് ആനകൾ കടക്കാതിരിക്കാൻ വനാതിർത്തികളിൽ ഇത്തരം വേലികൾ സ്ഥാപിക്കുന്നത് സഹായകരമായിരിക്കും. നാശനഷ്ടങ്ങൾ വളരെ കുറവായതിനാൽ ഇത് വളരെ ഫലപ്രദമാണെന്ന് പറയപ്പെടുന്നു. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ വളരെ ജനപ്രിയമാണ് ഹാങ്ങിങ്ങ് സൗരവേലികൾ. ചതുപ്പുനിലമുള്ള പ്രദേശങ്ങളിലും ഉയരമുള്ള പ്രദേശങ്ങളിലും ഹാങ്ങിങ്ങ് സൗരവേലി ഒരുപോലെ യോജിക്കും.

ജൈവവേലി

വന്യമൃഗങ്ങൾക്ക് എളുപ്പത്തിൽ മറികടക്കാൻ പറ്റാത്തവിധം ഇടതൂർന്ന് വളരുന്ന കുറ്റിച്ചെടികളും, മുൾച്ചെടികളുമൊക്കെ  ജൈവവേലിയായി (bio-fence)  പ്രയോജനപ്പെടും. കള്ളിമുൾച്ചെടികൾ, നാരകം,  മുളക് (chillies) തുടങ്ങിയവ ആനകൾ ഒഴിവാക്കുന്നതായി പലരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ആനമയക്കി (Dendrocnide sinuata) ഉള്ള പ്രദേശങ്ങളിൽനിന്ന് ആനകൾ അകന്നു നിൽക്കുന്നതായും പറയുന്നുണ്ട്.  കാട്ടുപന്നികൾക്കും മറ്റ് ചെറിയ മൃഗങ്ങൾക്കുമെതിരെ പതിമുഖം (Biancaea sappan/ Caesalpinia sappan) അടുത്തടുത്ത് നടുന്നത് ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്.

തേനീച്ച വേലികൾ

തേനീച്ചവേലികൾ മനുഷ്യ-ആന സംഘർഷങ്ങൾ ലഘൂകരിക്കാൻ സഹായകരമാണ്. തേനീച്ചകളെ ഉപയോഗിച്ച് മനുഷ്യവാസസ്ഥലങ്ങളിൽനിന്ന് ആനകളെ ഒഴിവാക്കുന്നതിലൂടെ  മനുഷ്യരുടെയും ആനകളുടെയും ജീവഹാനി കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ആനകളുടെ ആക്രമണം തടയാനുള്ള വേലികളായി തേനീച്ചപ്പെട്ടികൾ പ്രവർത്തിക്കുന്നു .

ആനകൾ മനുഷ്യവാസ കേന്ദ്രങ്ങളിലേക്കു പ്രവേശിക്കുന്നത് തടയുന്നതിനായി ആനകൾ  കടന്നുപോകുന്ന വഴികളിൽ 15-20 തേനീച്ച പെട്ടികൾ ഇടവിട്ട് സ്ഥാപിച്ചിക്കുന്നു. തേനീച്ചപ്പെട്ടികൾ നിലത്ത് സ്ഥാപിക്കുകയോ മരങ്ങളിൽ തൂക്കിയിടുകയോ ചെയ്യാം. പെട്ടികൾ ഒരു ചരട് ഉപയോഗിച്ച് ബന്ധിപ്പിക്കുന്നു.   ആനകൾ കടന്നുപോകാൻ ശ്രമിക്കുമ്പോൾ പെട്ടികളിൽ ഒരു വലിവുണ്ടാവുകയും തേനീച്ചകൾ അസ്വസ്ഥരായി ആനക്കൂട്ടങ്ങളെ കൂട്ടത്തോടെ ആക്രമിക്കുകയും കൂടുതൽ മുന്നോട്ടുപോകുന്നതിൽനിന്ന് അവയെ തടയുകയും ചെയ്യുന്നു. തേനീച്ചകളുടെ കൂട്ടമായ ശബ്ദം ആനകൾക്ക് അരോചകമാണ്. അത് തിരികെപോകാൻ ആനകളെ പ്രേരിപ്പിക്കുന്നു. പൊതുവേ  ബുദ്ധിയുള്ള മൃഗമായതിനാലും ദീർഘകാലം ഓർമ്മകൾ സൂക്ഷിക്കാൻ കഴിയുമെന്നതിനാലും അവ  തേനീച്ചകളെ കണ്ടുമുട്ടിയ സ്ഥലത്തേക്ക് മടങ്ങുന്നത് ഒഴിവാക്കുന്നു. ഈ തേനീച്ചവേലികൾ ഒരു ദോഷവും വരുത്താതെ ആനകളെ പിന്തിരിപ്പിക്കുന്നു.  കിടങ്ങുകൾ കുഴിക്കുന്നതോ വേലി സ്ഥാപിക്കുന്നതോപോലുള്ള മറ്റ് നടപടികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് താരതമ്യേന വളരെ ചെലവ് കുറഞ്ഞതുമാണ്.

ഡ്രോണുകളുടെ ഉപയോഗം

ഡ്രോണുകൾ എന്ന് അറിയപ്പെടുന്ന ചെറിയ ആളില്ലാ വിമാനങ്ങളുടെ സഹായം മനുഷ്യ -വന്യമൃഗസംഘർഷ മാനേജ്മെന്റിന് പലതരത്തിൽ ഉപയോഗപ്പെടുത്താൻ കഴിയും. ഡ്രോണുകൾ വന്യമൃഗ  നിരീക്ഷണത്തിനും  റിപ്പോർട്ടിംഗിനും നല്ല തോതിൽ ഉപകരിക്കും. മാത്രമല്ല, ഡ്രോണുകൾ പുറപ്പെടുവിക്കുന്ന മുഴങ്ങുന്ന ശബ്ദം കാരണം ആനകൾ അകന്നു നിൽക്കുന്നതായും പറയപ്പെടുന്നു.

മൃഗങ്ങളുടെ റേഡിയോ കോളറിംഗ്

മനുഷ്യവാസസ്ഥലങ്ങളിൽ പ്രശ്‌നമുണ്ടാക്കുന്ന മൃഗങ്ങളുടെയും കൃഷി നശിപ്പിക്കുന്ന മൃഗങ്ങളുടെയും ചലനം നിരീക്ഷിക്കാൻ റേഡിയോ കോളർ ഉപയോഗപ്പെടുത്താം. വ്യക്തിഗതപ്രശ്നമുള്ള മൃഗത്തെ തിരിച്ചറിയുകയും കോളർ ഘടിപ്പിക്കുകയും വേണം. വിളകളെ ആക്രമിക്കുന്നതിന്റെ താൽക്കാലികവും സ്ഥലപരവുമായ പാറ്റേണുകൾ, സാധ്യമായ ഘടകങ്ങൾ, പ്രതിരോധരീതികളുടെ ഫലപ്രാപ്തി മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ ഇത്തരം കോളറുകൾ  നല്കും. ഇത്തരം റേഡിയോ കോളറുകൾ ഗ്രാമവാസികൾക്ക് വന്യമൃഗങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനും പ്രയോജനപ്പെടും.

ജലസ്രോതസ്സുകളുടെ വികസനം  

വന്യമൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽനിന്ന് വഴിതെറ്റി മനുഷ്യരുമായി സംഘർഷത്തിലാകുന്നതിന്റെ പ്രധാന കാരണം വെള്ളത്തിനുവേണ്ടിയുള്ള  അന്വേഷണമാണ്. ചില ഭൂപ്രദേശങ്ങളിൽ ജലാശയങ്ങളുടെ കാലാനുസൃതമായ ശോഷണം ഒരു സ്വാഭാവിക പ്രതിഭാസമാണെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളിലെ  കാലാവസ്ഥാവ്യതിയാനവും ആവാസവ്യവസ്ഥയിലെ പല മാറ്റങ്ങളും ഇതിന്റെ ആക്കം വർദ്ധിപ്പിച്ചിട്ടുണ്ട്. സംരക്ഷിത പ്രദേശങ്ങളിലും വന്യജീവി ഇടനാഴികളിലും മൃഗങ്ങളുടെ സഞ്ചാരരീതിയിൽ ഉപരിതല ജലസംഭരണികൾ നിർണായകമായ പങ്കുവഹിക്കുന്നതിനാൽ, പ്രത്യേകിച്ച് ചൂടുള്ള മാസങ്ങളിൽ, കാട്ടിലുടനീളമുള്ള ജലാശയങ്ങൾ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെ, മണ്ണിൽ ഈർപ്പം നിലനിർത്തുന്ന  തരത്തിൽ  ജലാശയങ്ങൾ സംരക്ഷിച്ചുനിർത്തേണ്ടതും ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

പ്രശ്നമുള്ള മൃഗങ്ങളുടെ സ്ഥലംമാറ്റം

മനുഷ്യവാസകേന്ദ്രങ്ങളിൽ നാശം സൃഷ്ടിക്കുന്ന മൃഗങ്ങളെ പിടികൂടി സ്ഥലം മാറ്റുന്നത് പല അവസരങ്ങളിലും ചെയ്യേണ്ടിവരും. 2023 ൽ കേരളത്തിൽ വൻകുഴപ്പക്കാരായ ചില ആനകളെ അങ്ങിനെ മാറ്റിയിരുന്നു. മറ്റിടങ്ങളിലെ അനുഭവം സൂചിപ്പിക്കുന്നത്, ഇങ്ങിനെ സ്ഥലംമാറ്റിയവ പഴയ സ്ഥലത്തേക്കു മടങ്ങുകയോ അതേകുഴപ്പങ്ങൾ അവയെ പുതുതായി തുറന്നുവിട്ടിടത്ത് സൃഷ്ടിക്കുകയോ ചെയ്താൽ അതുകൊണ്ട് പ്രയോജനമില്ല എന്നുവരാം. പൊതുവേ, ഈ രീതി മനുഷ്യർക്ക് ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്ന മൃഗങ്ങളെ അകറ്റിനിർത്താനുള്ള അവസാന പരിഹാരമെന്ന നിലയ്ക്ക് നിർദ്ദേശിക്കപ്പെടുന്ന ഒന്നാണ്. കടുവയുടെയും പുള്ളിപ്പുലിയുടെയും കാര്യത്തിൽ പ്രശ്‌നമുള്ള മൃഗങ്ങളെ കൂടുകളിൽ പിടിക്കുന്നത് സാധാരണയാണ്. ഇത്തരം സന്ദർഭങ്ങളിലും, വന്യമൃഗങ്ങളെ, പ്രത്യേകിച്ച് വംശനാശഭീഷണി നേരിടുന്നവയെ, പിടികൂടുന്നതിനും മാറ്റിസ്ഥാപിക്കുന്നതിനും സംസ്ഥാന-കേന്ദ്ര സർക്കാരുകൾ പുറപ്പെടുവിച്ച വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്.

വന്യമൃഗങ്ങളുമായി പതിവായി സംഘർഷമുണ്ടാകുന്ന പ്രദേശങ്ങളിൽ, സംഘർഷം ലഘൂകരിക്കാനുള്ള ഒരു പരിഹാരം ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുക എന്നതാണ്.

കാട്ടുപന്നി ഭീഷണി 

പെരുകുന്ന കാട്ടുപന്നികളിൽ(Sus scrofa)നിന്ന് കേരളം വലിയ ഭീഷണി നേരിടുന്നുണ്ട്. വനമേഖലയ്ക്ക് പുറത്ത് തോട്ടങ്ങളിലും, കൃഷിയിടങ്ങളിലും, ജനവാസമേഖലകളിലും അവയുടെ എണ്ണവും വ്യാപ്തിയും വർദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന പ്രത്യുൽപാദനനിരക്കും നശീകരണസ്വഭാവവുമുള്ള കരുത്തുറ്റ മൃഗങ്ങളാണ് കാട്ടുപന്നികൾ.  ഇവയുടെ പാരിസ്ഥിതികവും സാമ്പത്തികവുമായ ആഘാതങ്ങളിൽ വിളകളുടെ നാശം,  നേരിട്ടുള്ള ആക്രമണം, രോഗങ്ങളുടെ വ്യാപനം എന്നിവയും ഉൾപ്പെടുന്നു. മോട്ടോർ ബൈക്കിന്റെ മുമ്പിൽ ചാടിയുള്ള അപകടങ്ങളും കുറവല്ല.  കാട്ടുപന്നികളുടെ എണ്ണം മനുഷ്യവാസ കേന്ദ്രങ്ങളുടെ ചുറ്റുമുള്ള പ്രദേശത്ത് അതിവേഗം വർദ്ധിച്ചുവെന്നത് ഒരു വസ്തുതയാണ്. സംസ്ഥാനത്ത് കാട്ടുപന്നിയെ ക്ഷുദ്രജീവി (vermin) ആയി പ്രഖ്യാപിച്ചുകൊണ്ട് നിയന്ത്രണങ്ങൾക്ക്  വിധേയമായി മനുഷ്യവാസകേന്ദ്രങ്ങളിലും കൃഷി സ്ഥലങ്ങളിലും ശല്യമുണ്ടാക്കുന്നവയെ വെടിവെച്ചു കൊല്ലുന്നതിന് പ്രാപ്തമായ ഉത്തരവ് സർക്കാർ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്.

വനാതിർത്തികളിലെ കൃഷിയിടങ്ങളിൽ പൊതുവേ സ്വീകരിക്കുന്ന തന്ത്രങ്ങൾ നോക്കാം.  ആന്ധ്രയിൽ അച്ചാർ ഉണ്ടാക്കുന്നതിന് മാങ്ങാഇഞ്ചി (Curcuma amada) വൻതോതിൽ ഉപയോഗിക്കാറുണ്ട്. കാട്ടുപന്നികൾ ഇഷ്ടപ്പെടാത്ത ഒന്നായതുകൊണ്ട് കാട്ടുപന്നി ശല്യമുള്ള പ്രദേശങ്ങളിൽ  മാങ്ങാഇഞ്ചി പോലുള്ള വിളകൾ നട്ടുപിടിപ്പിക്കാം. കേരളത്തിൽ പക്ഷേ, വിപുലമായി കൃഷിചെയ്യുന്ന ഒന്നല്ല മാങ്ങാഇഞ്ചി.  കാട്ടുപന്നികൾക്കും മറ്റ് ചെറിയ മൃഗങ്ങൾക്കുമെതിരെ പതിമുഖം (Biancaea sappan) അടുത്തടുത്ത് നടുന്നത് ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്.  കാട്ടുപന്നികളെ തടയുന്നതിനുള്ള വേലിയായി അതിർത്തിയിൽ വെള്ളക്കൊടുവേലി (Plumbago zeylanica) നടുന്നവരുമുണ്ട്. ഇവയെ കൃഷിയിടങ്ങളിൽനിന്ന് അകറ്റാൻ വിപണിയിൽ ലഭ്യമായ ചില ഓർഗാനിക്, കെമിക്കൽ റിപ്പല്ലന്റുകളും (ഉദാ: ബ്ലാക് ഫിനൈൽ) ഉപയോഗിക്കാം.  കൃഷിഭൂമിയുടെ നാല് കോണുകളിലും ചുവപ്പും വെള്ളയും നിറങ്ങളിലുള്ള തുണികൾ, തിളങ്ങുന്ന ടേപ്പുകൾ  എന്നിവ കൊണ്ട് കെട്ടുന്നതും ചെറിയതോതിൽ പ്രയോജനം ചെയ്യാറുണ്ട്.

വനാതിർത്തികളിലെ കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിനുള്ള മറ്റൊരു ഉപാധിയാണ് കാട്ടുപന്നികളെ പ്രതിരോധിക്കുന്ന ചെയിൻലിങ്ക്മെഷ് വേലികൾ. കാട്ടുപന്നിയുടെ പ്രവേശനം പൂർണ്ണമായും തടയുന്നതിന് ഇവ ഫലപ്രദമാണ്. ഇത്തരം  വേലികൾ സാധാരണ വേലികളേക്കാൾ വളരെ ശക്തമാണ്. ഏതൊരു കാർഷിക പ്രവർത്തനത്തിന്റെയും വിജയത്തിന് അനുയോജ്യമായ വിളസംയോജനമാണ് അടിസ്ഥാനം. കിഴങ്ങുവിളകൾ കാട്ടുപന്നിയുടെ ആക്രമണം ക്ഷണിച്ചു വരുത്തും. കാട്ടുപന്നി ഭീഷണിയുള്ള പ്രദേശങ്ങളിൽ ഫലപ്രമായ വേലിയോ മറ്റ് പ്രതിരോധ മാർഗ്ഗങ്ങളോ സ്വീകരിക്കാതെ കിഴങ്ങുവിളകൾ കൃഷി ചെയ്യുന്നതുകൊണ്ട് ഗുണമുണ്ടാവില്ല. ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷി

ചെയ്യുന്നിടത്ത് പൊതുവേ കാട്ടുപന്നി ശല്യം കുറവാണ്.   വൃക്ഷവിളകളെയും  പൊതുവേ കാട്ടുപന്നി ആക്രമിക്കാറില്ല. പക്ഷേ, ചെറുപ്രായത്തിൽ ഇവയ്ക്ക് പ്രത്യേക സംരക്ഷണം നല്കേണ്ടിവരും.

കുരങ്ങ് ഭീഷണി 

കുരങ്ങുകളുടെ ശല്യം സങ്കീർണ്ണമായ ഒരു പ്രശ്നമാണ്.  സാധാരണ കുരങ്ങ് അഥവാ  ബോണറ്റ് മക്കാക്ക് (Macaca radiata) വനമേഖലകൾക്ക് പുറത്തുള്ള ജനവാസ കേന്ദ്രങ്ങളിലും പട്ടണങ്ങളിലും നാശം സൃഷ്ടിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വേരുകൾ, ഇലകൾ, പഴങ്ങൾ, പുല്ലുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഭക്ഷണം കുരങ്ങുകൾ ആസ്വദിക്കുന്നു. കാർഷികവിളകൾ പ്രതേകിച്ച് പഴങ്ങൾ, കരിക്ക്, പച്ചക്കറികൾ എന്നിവയൊക്കെ ഇവ പറിച്ചുകളഞ്ഞും, തിന്നും, പിഴുതുമൊക്കെ നശിപ്പിക്കും.  കാട്ടിലെ ബോണറ്റ് കുരങ്ങുകളുടെ കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും, പല പ്രദേശങ്ങളിലും ഇവയുടെ എണ്ണം പലമടങ്ങ് വർദ്ധിച്ചിട്ടുണ്ട്.

വനമേഖലയിലെ ആവാസവ്യവസ്ഥയെ സമ്പുഷ്ടമാക്കുന്നതിലൂടെ കുരങ്ങുകൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭ്യമാക്കാൻ കഴിയും. പ്രകൃതിദത്ത കാട്ടുപഴച്ചെടികൾ വനത്തിനുള്ളിൽ ഉറപ്പുവരുത്തുകവഴി കുരങ്ങുകളെ വനത്തിൽ മാത്രമായി പിടിച്ചു നിർത്താം. കുരങ്ങുകൾ കാര്യമായി കേടുവരുത്താത്ത  ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ശീമച്ചേമ്പ്, കാച്ചിൽ, നാരകം, തീറ്റപ്പുല്ല് മുതലായ വിളകൾ കൃഷിക്രമത്തിൽ ഉൾപ്പെടുത്തുക. മേൽപ്പറഞ്ഞ നടപടികൾക്കുപുറമേ, പ്രശ്നമുള്ള കുരങ്ങുകളെ പ്രത്യേകം നിർമ്മിച്ച കുരങ്ങ് ഷെൽട്ടറുകളിലേക്ക് നിർബന്ധിതമായി മാറ്റുന്നതും നന്നായിരിക്കും. പ്രൊഫഷണൽ കുരങ്ങ് പിടുത്തക്കാരെ ഉപയോഗിച്ച് കുരങ്ങുകളെ പിടിക്കുകയും അഭയകേന്ദ്രത്തിലേക്ക് വിടുന്നതിനുമുമ്പ് അവയെ വന്ധ്യംകരിക്കുകയും വേണം.

മയിൽ ശല്യം 

കേരളത്തിൽ അടുത്തകാലത്ത് മയിലുകളുടെ എണ്ണം വർധിക്കുന്നതായും പുതിയ പ്രദേശങ്ങളിലേക്ക് അവ വ്യാപിക്കുന്നതായും കണ്ടിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇവയുടെ ശല്യം രൂക്ഷമാണ്. പുതിയ ആവാസവ്യവസ്ഥയിൽ മയിലിന്റെ സ്വാഭാവിക വേട്ടക്കാരുടെ അഭാവമാണ് സംഘർഷം അധികരിക്കാൻ കാരണമായി പറയപ്പെടുന്നത്. അതുപോലെതന്നെ മഴ കുറയുന്നതും, ചൂട് കൂടുന്നതും മയിൽ ശല്യം ക്ഷണിച്ചു വരുത്തുമെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, വർദ്ധിച്ചുവരുന്ന മയിലുകളുടെ എണ്ണവും ആവാസവ്യവസ്ഥയുടെ നാശവും തമ്മിലുള്ള ബന്ധം വിശദീകരിക്കാൻ നിലവിലുള്ള വിവരങ്ങൾ പോരാ. ശാസ്ത്രീയമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ ഇവയുടെ എണ്ണവും  വിളനാശത്തിന്റെ ആഘാതവും പഠിക്കുകയും പരിഹാരമാർഗങ്ങൾ കണ്ടെത്തുകയും വേണം.

ജനപങ്കാളിത്തത്തോടെയുള്ള സംഘർഷ ദൂരീകരണം  

കേരളത്തിലെ മനുഷ്യ-വന്യജീവി സംഘർഷ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും, പ്രായോഗികവും സംയോജിതവുമായ സമീപനം ആവശ്യമാണ്. കൃഷിയിടങ്ങളിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയുന്നതിനാണ് പ്രഥമപരിഗണന നൽകേണ്ടത്. തീറ്റ, വെള്ളം എന്നിവ കാടിനുള്ളിൽതന്നെ ഉറപ്പുവരുത്തുന്ന സാഹചര്യമുണ്ടാകണം. ഇതോടൊപ്പം പ്രതിരോധനടപടികൾ കൈക്കൊള്ളുക എന്നതും പ്രധാനമാണ്.   പ്രതിരോധനടപടികൾക്ക് അനുബന്ധമായി, സമൂഹത്തിന് മുന്നറിയിപ്പ് നൽകുന്നതിന് സംവിധാനങ്ങളും വേണം.

വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ പൂർണപിന്തുണയോടെ മാത്രമേ മനുഷ്യ-വന്യജീവി  സംഘർഷം ദൂരീകരിക്കാൻ കഴിയൂ.  സംഘർഷം കുറയ്ക്കുന്നതിനും ഒഴിവാക്കുന്നതിനുമായി വ്യത്യസ്തമായ സമീപനങ്ങൾ വേണ്ടിവരും. മനുഷ്യരുമായി കലഹിക്കുന്ന മൃഗങ്ങളെ  തന്ത്രപരമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. കാട്ടിൽ വേട്ടയാടാൻ കഴിയാത്ത പരിക്കേറ്റ മാംസഭോജികളായ മൃഗങ്ങൾ കന്നുകാലികളെയും ചിലപ്പോൾ ആളുകളെയും ആക്രമിക്കാം. അത്തരം മൃഗങ്ങളെ പിടികൂടി ചികിത്സിക്കുകയും പിന്നീട് കാട്ടിലേക്ക് തിരികെ വിടുകയും വേണം. സ്ഥിരമായി കാർഷികവിളകൾ നശിപ്പിക്കുകയും ആളുകളെ ആക്രമിക്കുകയും മനുഷ്യജീവനും സ്വത്തിനും ഗുരുതരമായ നാശം വരുത്തുകയും ചെയ്യുന്ന ആനകളെ പിടികൂടി ജീവിതകാലംമുഴുവൻ തടവിലാക്കുകയേ നിവൃത്തിയുള്ളൂ. വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലേക്ക് നുഴഞ്ഞുകയറുന്നത് നിരീക്ഷിക്കുന്നതിന് തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ വാച്ച്ടവറുകൾ നിർമ്മിക്കുന്നതും പ്രയോജനപ്രദമായിരിക്കും.

പ്രതിരോധനടപടികൾ വിജയിക്കാതിരിക്കുകയും വന്യമൃഗങ്ങൾ വിളകൾക്കും വസ്തുവകകൾക്കും നാശംവരുത്തുകയും ചെയ്താൽ, നാശനഷ്ടം സംഭവിച്ച വ്യക്തികൾക്ക് അർഹിക്കുന്ന നഷ്ടപരിഹാരം ഉടൻതന്നെ നൽകാനുള്ള സംവിധാനവും  ഫലപ്രദമാക്കേണ്ടതുണ്ട്. ജനങ്ങളുടെ സഹിഷ്ണുത നിലനിർത്തുന്നതിനും സഹവർത്തിത്വത്തിനുള്ള അവരുടെ സഹകരണം ഉറപ്പാക്കുന്നതിനും നഷ്ടപരിഹാരം സമയബന്ധിതമായി നൽകേണ്ടത് പ്രധാനമാണ്. വന്യമൃഗങ്ങൾ നശിപ്പിച്ച വിവിധ വിളകൾക്ക് നിലവിലുള്ള നഷ്ടപരിഹാര നിരക്ക് വളരെ കുറവാണ് എന്ന പരാതി കർഷകർ സ്ഥിരമായി പറയാറുള്ളതാണ്. നഷ്ടപരിഹാരം നൽകുന്നതുകൊണ്ടുമാത്രം  പ്രശ്നത്തിന്റെ  ഗൗരവം കുറയുന്നില്ല എന്നും ഓർക്കേണ്ടതുണ്ട്. വന്യജീവി ആക്രമണത്തിൽ മനുഷ്യജീവൻതന്നെ നഷ്ടപ്പെടുന്നു ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്.  സംഘർഷ ലഘൂകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർ വന്യമൃഗങ്ങളെ മനുഷ്യവാസസ്ഥലങ്ങളിൽനിന്നും കൃഷിയിടങ്ങളിൽനിന്നും ഓടിക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും അപകടകരമായ സാഹചര്യങ്ങൾ നേരിടേണ്ടിവരാറുണ്ട്. ഈ മുൻനിര ജീവനക്കാർക്ക് ഇൻഷുറൻസും മറ്റ് പരീരക്ഷകളും ഉറപ്പ് വരുത്തേണ്ടതുണ്ട്.   ജീവനക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിലൂടെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഇത് അവരെ പ്രേരിപ്പിക്കുകതന്നെ ചെയ്യും.

അനുബന്ധ വായനയ്ക്ക്

Happy
Happy
90 %
Sad
Sad
0 %
Excited
Excited
10 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “വന്യജീവി സംഘർഷങ്ങൾ എന്തുകൊണ്ട് വർദ്ധിക്കുന്നു? പരിഹാരമെന്ത്? 

  1. ജോർജ് മാഷെ
    ഇന്ന് കാട്ടിൽ നിന്നും വന്ന് നാശനഷട്ടങ്ങൾ ഉണ്ടാക്കുന്ന അപകടകാരികളായ വന്യജീവികളിൽ, പ്രധാനികൾ ആനയും, കാട്ട്പൊത്തും, കടുവയും, പുലിയും ആണ്. കാട് ഇറങ്ങി വരുന്ന ഇവയെ നിയന്ത്രിക്കുന്നതിൽ, നമ്മുടെ അയൽ സംസ്ഥനങ്ങൾ ആയ തമിഴ്നാടും കർണാടകവും വളരെ അധികം കാലമായി വിജയകരമായി ഉപയോഗിക്കുന്നതും, ഇപ്പോൾ ചെറിയ രീതിയിൽ നമ്മളും പരീക്ഷിക്കുന്നതും ആയ, ഇത്തരത്തിൽ കാട് അപകടകരമായ വന്യജീവികളെ പിടിക്കാനും, നിയന്തിക്കാനും, ആവശ്യമെങ്കിൽ തിരിച്ച് ആക്രമിക്കാനും കൃത്യമായി പരിശീലനം നല്കപ്പെട്ട കുംകി ആനകളെ ഉപയോഗിക്കുന്നത് ഒരു പരിഹാര രീതി ആണ്. കർണാടകയിൽ ഇത്തരം മൃഗങ്ങളുടെ ശല്യം കൂടുതൽ ഉള്ള പ്രദേശങ്ങളിൽ ഒന്നിൽ അധികം കുംകി ആനകളെ വിന്യസിച്ച്, ഇവയെ വനപ്രദേശങ്ങളുടെ അതിരുകളിൽ കൃത്യമായി റൊന്ത് ചുറ്റിക്കുന്നത്, വന്യമൃഗങ്ങൾ കാട് ഇറങ്ങി വരുന്നത് കുറയ്ക്കും എന്ന് അവിടുള്ള വന്യജീവി ഗവേഷകർ ഒരു അഭിമുഖത്തിൽ പറയുന്നത് അടുത്തിടെ കണ്ടിരുന്നു.

    കേരളത്തിൽ ആനകളെ മെരുക്കുന്നതിന് ആവശ്യമായ കൂടും അറിവും ഉള്ളവർ മുത്തങ്ങയിലും കോന്നിയിലും, കോടനാടും ഉണ്ട് എങ്കിലും ഇത്തരത്തിൽ പരിശീലിപ്പിക്കപ്പെട്ട ആനകൾ വളരെ കുറവാണ്. കേരളത്തിലെ വന്യമൃഗ ശല്യം അധികമായുള്ള വനമേഖലകൾ ഉള്ള എല്ലാ ജില്ലകളിലെയും വന്യമൃഗ ശല്യങ്ങൾ നിയന്ത്രിക്കുന്നത് ഇപ്പോൾ ഉള്ള എണ്ണം മതിയാകില്ല എന്നത് ഒരു വസ്തുതയാണ്. ഇന്ന് ഉള്ളവയിൽ പല കുംകി ആനകളും, മുൻപ് ഇത്തരത്തിൽ കാട്ടിൽ നിന്നും വന്ന് നാശനഷട്ടങ്ങൾ ഉണ്ടാക്കിയിട്ടുള്ള ആനകളെ പിടിച്ച് മെരുക്കി പരിശീലനം നല്കിയവയാണ്. കേരളത്തിലെ വന്യമൃഗ ശല്യം കൂടുതൽ ഉള്ള പ്രദേശങ്ങളിൽ സ്ഥിരമായി ഇറങ്ങുന്ന ആനകളെ പിടിച്ചെടുത്ത് മെരുക്കി പരിശീലനം നല്കിയാൽ, നമുക്ക് ആവശ്യമായ കുംകി ആനകളും ആകും അതോടൊപ്പം ഇത്തരത്തിൽ സ്ഥിരമായി ശല്യം ഉണ്ടാക്കുന്നവയുടെ പ്രശ്നവും ശാശ്വതമായി പരിഹരിക്കാനും കഴിയും.

Leave a Reply

Previous post മൈലാഞ്ചി ചുവപ്പിന്റെ രസതന്ത്രം 
Next post സ്വാർത്ഥജീൻ / നിസ്വാർത്ഥകോശം 
Close