മെസോസോയിക്ക് യുഗത്തിലെ നീണ്ട കഴുത്തുകളും വാലുകളും ഉള്ള ടൈറ്റനോസോറിന്റെ (titanosaur) 256 മുട്ടകളുടെ ഫോസ്സിലാണ് മധ്യപ്രദേശിലെ ദാർ ജില്ലയിൽ നിന്ന് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
നർമദ താഴ്‌വരയിലെ (മധ്യ ഇന്ത്യ) അന്ത്യ ക്രിറ്റേഷ്യസ് (Late Cretaceous) ലാമെറ്റ രൂപീകരണം (Lameta Formation) സോറോപോഡ് (sauropode) ദിനോസറുകളുടെ പേരുകേട്ടയിടമാണ്. 100 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് തുടങ്ങി 66 ദശലക്ഷം വർഷങ്ങൾ മുൻപ് വരേയുള്ള കാലഘട്ടമാണ് അന്ത്യ ക്രിറ്റേഷ്യസ്. ഈ കാലഘട്ടത്തിന്റെ അവസാനത്തിലാണ് ദിനോസറുകൾക്ക് വംശനാശം സംഭവിച്ചതെന്ന് കരുതപ്പെടുന്നു. മെസോസോയിക്ക് (mesozoic- 256 ദശലക്ഷം മുതൽ 66 ദശലക്ഷം വർഷങ്ങൾ മുന്‍പ് വരെ) യുഗത്തിൽ ജീവിച്ചിരുന്ന ദിനോസറുകളിൽ ഏറ്റവും വലുതെന്ന് കരുതപ്പെടുന്ന സസ്യഭുക്കുകളായ ജീവിവർഗ്ഗത്തെയാണ് സോറോപോഡ് എന്ന് വിളിക്കുന്നത്. സോറോപോഡുകൾ സാധാരണയായി സസ്യ നിബിഡമായ കുന്നുകളിലും കുഴിയെടുത്തുമാണ് മുട്ടയിടാറുള്ളതെന്ന് അനുമാനിക്കുന്നു, എന്നാൽ അർജന്റീനയിലെ പാറ്റഗോണിയയിൽ തുറസായ സ്ഥലത്ത് മുട്ടയിട്ടതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്.
നർമദ താഴ്‌വര
മധ്യ-പശ്ചിമ ഇന്ത്യയിലെ നർമദ താഴ്‌വര ലോകത്തിലെ തന്നെ കൂടുതൽ ദിനോസർ ഫോസ്സിലുകൾ കണ്ടെത്തുന്ന പ്രദേശങ്ങളിലൊന്നാണ്. ഇവിടത്തെ ലാമെറ്റ രൂപീകരണത്തിൽ (lameta formation) നിന്ന് കൂടുതലായി ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ (145 ദശലക്ഷം മുതൽ 66 ദശലക്ഷം വർഷം മുൻപ് വരെ) ഫോസ്സിലുകളാണ് കിട്ടാറുള്ളത്. ദിനോസറുകൾ കൂടാതെ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മീനുകൾ, ആമകൾ, പാമ്പുകൾ എന്നിവയുടെ ഫോസ്സിലുകളും കിട്ടാറുണ്ട്. മധ്യപ്രദേശിലെ ദാർ ജില്ലയിലെ ബാഗ്, കുക്ഷി എന്നീ പ്രദേശങ്ങളിൽ നിന്ന് 2017 മുതൽ 2020 വരെ നടത്തിയ തിരച്ചിലിലാണ് 256 പുതിയ മുട്ടകൾ തിരിച്ചറിഞ്ഞത്. അഖാഡ, ധോലിയ റായ്പൂരിയ, ഝബ, ജംതിയപുര, പദ്ല്യ എന്നീ ഗ്രാമങ്ങളിലാണ് ഇവ സ്ഥിതിചെയ്യുന്നത്.
ഇവക്ക് നീണ്ട കഴുത്തുകളും വാലുകളും ഉണ്ടാവും. ഇതിൽ ഏറ്റവും വലുതെന്ന് കരുതപ്പെടുന്ന ടൈറ്റനോസോറിന്റെ (titanosaur) 256 മുട്ടകളുടെ ഫോസ്സിലാണ് മധ്യപ്രദേശിലെ ദാർ ജില്ലയിൽ നിന്ന് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഈ മുട്ടകളുടെ സൂക്ഷ്മപഠനത്തിൽ നിന്ന് മുട്ടത്തോട്, മുട്ടയുടെ രൂപം, ക്ലച്ച് മാതൃക (clutch pattern), ഭൗതികഗുണങ്ങൾ എന്നിവ പഠിച്ച് അവയുടെ അടിസ്ഥാനത്തിലാണ് ടൈറ്റനോസോറിന്റെ മുട്ടയാണെന്ന് തിരിച്ചറിഞ്ഞത് . ഇതുനിമുമ്പ് ഇന്ത്യയിൽ നിന്നും അർജന്റീന, ഫ്രാൻസ്, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നിന്നും ലഭിച്ച സമാനമായ മുട്ട ഫോസ്സിലിന്റെ പഠന വിവരങ്ങളും ഇതിനായി ഉപയോഗിച്ചിരുന്നു.
ടൈറ്റനോസോർ (Titanosaur)
സോറോപോഡിലെ ഏറ്റവും വലിയ ദിനോസറുകളെയാണ് ടൈറ്റനോസോർ എന്നു വിളിക്കുന്നത്. ഇവ ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ അവസാനത്തിലാണ് ജീവിച്ചിരുന്നത്. ഭൂമിയിലെ എല്ലാ ഭൂഖണ്ഡത്തിൽ നിന്നും ഇവയുടെ ഫോസ്സിലുകൾ ലഭിച്ചിട്ടുണ്ട്. ടൈറ്റനോസോറാണ് ഇന്ത്യയിൽ ആദ്യമായി നാമകരണം ചെയ്യപ്പെട്ടതും കൃത്യമായി വിശദീകരിച്ചിട്ടുള്ളതുമായ ദിനോസർ വർഗം. 1877- യിലാണ് റിച്ചാർഡ് ലിഡക്കർ ഇതിലൊന്നിനെ കണ്ടെത്തിയതും ടി. ഇൻഡിക്കസ് (T. Indicus) എന്ന് പേര് നൽകിയതും.
92 കൂടുകളിൽ നിന്നായി കണ്ടെത്തിയ മുട്ടകളിൽ രണ്ട് കുടുംബത്തിൽപെട്ട ആറ് വിത്യസ്ത ടൈറ്റനോസോറസ് ഉപവർഗ്ഗങ്ങൾ(oospecies) ഉണ്ടെന്ന് തിരിച്ചറിഞ്ഞു. മെഗലൂലിത്തിഡേ കുടുംബത്തിലെ Megaloolithus cylindricus, M. jabalpurensis, M. dhoridungriensis കൂടാതെ ഫ്യൂസിയോലിത്തിഡേ കുടുംബത്തിലെ Fusioolithus. baghensis, F. mohabeyi, F. padiyalensis. എന്നിവയാണ് ഈ ഉപവർഗ്ഗങ്ങൾ.
ഒന്നിലധികം മുട്ടകളുടെ കൂട്ടത്തെയാണ് ക്ലച്ച് (clutch) എന്ന് വിളിക്കുന്നത്. ഓരോ ജീവിവർഗ്ഗത്തിന്റെയും ക്ലച്ചുകളിലെ മുട്ടകളുടെ എണ്ണത്തിലും മുട്ടകൾ വിന്യസിച്ചിരിക്കുന്ന രീതിയിലും എല്ലാം വ്യത്യാസങ്ങൾ കാണാറുണ്ട്. ടൈറ്റനോസോറിന്റെ മൂന്ന് തരത്തിലുള്ള ക്ലച്ചുകൾ ഇപ്പോൾ കണ്ടെത്തിയതിലുണ്ട് വൃത്ത രീതി അഥവാ circular type (അസംഗതമായി മുട്ടകൾ കുഴിച്ചിടുന്നു, ഇതിനുമുമ്പ് സ്പെയിൻ, അർജന്റീന, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ ഈ രീതി കണ്ടെത്തിട്ടുണ്ട്), സങ്കലന രീതി അഥവാ combination type (ദൃഢമായി മുട്ടകൾ അടുപ്പിച്ചിടുന്ന രീതി), നിരയായ രീതി അഥവാ linear type (ഒന്നിനൊടൊന്ന് നിരയായി മുട്ടയിടുന്ന രീതി). വിരിയാത്ത മുട്ടകൾ, മർദിത മുട്ടകൾ (compressed eggs), രോഗലക്ഷണമുള്ള മുട്ടകൾ (pathological eggs), മുട്ടക്കുളളിൽ മുട്ട (ovum-in-ovo eggs) എന്നിവ കണ്ടെത്തിയതിലുണ്ട്. വിരിയാത്ത മുട്ടകളും അടുപ്പിച്ചുള്ള മുട്ടയിടലും കൂടാതെ ശിശുക്കളുടെ ഫോസ്സിലിന്റെ അഭാവവും, മുട്ടയിട്ടതിനു ശേഷം അമ്മ ദിനോസറുകൾ അതുപേക്ഷിച്ചു പോയതിനെ ചൂണ്ടിക്കാട്ടുന്നു. മുട്ടക്കുളളിൽ മുട്ട (ovum-in-ovo eggs) എന്ന രീതി പക്ഷികളിൽ കണ്ടുവരുന്നുണ്ട്., ഒരു കേന്ദ്രത്തിൽ വ്യത്യസ്ത ഉപവർഗ്ഗങ്ങൾ ഒരുമിച്ച് മുട്ടയിടുന്ന രീതി പക്ഷികൾക്കും ആമകൾക്കും സമാനമായ രീതിയാണ്. കൂടാതെ മുട്ടകൾ കുഴിച്ചിടുന്ന രീതി ഉരഗങ്ങളായ മുതല, ചീങ്കണ്ണി തുടങ്ങിയ ജീവികളിൽ കണ്ടുവരുന്നു. മുട്ടയിടൽ കേന്ദ്രങ്ങളുടെ പരിസരത്ത് വലിയ ദിനോസറുകളുടെയും ശിശുക്കളുടെയും ഭ്രൂണ്ണങ്ങളുടെയും ഫോസ്സിലിന്റെ അഭാവം അസാധാരണമാണ്.
ഡൽഹി സർവകലാശാല, ഐസർ കൊൽക്കത്ത, ഐസർ ഭോപ്പാൽ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഫോസ്സിലുകൾ കണ്ടുപിടിച്ചതും പഠനങ്ങൾ തടത്തിവരുന്നതും. ഏകീകൃതമായ ഇത്തരത്തിലുള്ള പഠനങ്ങൾ ദിനോസറുകളുടെ വർഗ്ഗീകരണം (parataxonomy), മുട്ടയിടൽ സ്വഭാവം (nesting behaviour), പ്രജനന ശാസ്ത്രം, സെഡിമെന്റോളജി (sedimentology), ടാഫോണോമി (taphonomy), ഓർഗാനിക്; സ്റ്റേബിൽ ഐസോടോപ്പ് ജിയോകെമിസ്ട്രി (organic and stable isotope geochemistry), പാലിയോബയോജിയോഗ്രഫി (palaeobiogeography) എന്നിവയെക്കുറിച്ഛ് അറിയാൻ സഹായിക്കും.
ജലസ്രോതസിന് അടുത്തും അകലെയുമായി മുട്ടകൾ ഇട്ടിരിക്കുന്നു. ജലത്തിനടുത്തുള്ളവ മണ്ണിനടിയിലേക്ക് ആഴത്തിൽ പോകാനും അകലെയുള്ളവയെ അപേക്ഷിച്ച് വിരിയാതിരിക്കാനും കാരണമാകാമെന്ന് അനുമാനിക്കുന്നു. Image Source: journals.plos.org
അധിക വായനയ്ക്ക്
- https://journals.plos.org , Click Here