Read Time:20 Minute
[author title=”സൂരജ് കെനോത്ത്” image=”https://luca.co.in/wp-content/uploads/2019/12/sooraj-kenoth.jpg”][/author]

ഇന്ത്യന്‍ യൂണിയന്റെ വിവിധഭാഗങ്ങളില്‍ ഇന്റര്‍നെറ്റും ടെലഫോണും വിലക്കിയിരിക്കുകയാണ്.  നിയമം ലംഘിക്കാതെ തന്നെ ആ വിലക്കിനെ മറികടക്കാനാകും

ഇവിടെ ആപ്പിന്റെ പേര് മാത്രമാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍, അതിനുള്ള ഒരു താല്കാലിക ഉത്തരം ആദ്യമേ പറയാം. വാട്ട്സ് ആപ്പിന്റെ ഏതാണ്ട് ആ സ്വഭാവത്തോടുകൂടി ആണെങ്കില്‍ briar ഉപയോഗിക്കാം. ഒരു ഫേസ്ബുക്ക് സമാനമായ അന്തരീക്ഷമാണെങ്കില്‍ scuttlebutt പ്രൊട്ടോക്കോള്‍ ഉപയോഗിക്കുന്ന ഒരു സിസ്റ്റം പിന്തുടരാം. ഈ പ്രോട്ടോകോളില്‍ ഫോണുകളില്‍ ഉപയോഗിക്കാനായി രൂപകല്‍പന ചെയ്തതിരിക്കുന്ന ഒരു ആപ്പാണ് manyverse.

  • എന്താണ് ഇന്റര്‍നെന്റ്?
  • എന്തിനാണ് അത് നമ്മള്‍ ഉപോയോഗിക്കുന്നത്?
  • അതിന്റെ പ്രവര്‍ത്തനം എങ്ങനെ ആണ്?

ഈ മൂന്ന് ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുന്നത് നമ്മുടെ ആവശ്യം എന്താണെന്ന് തിരിച്ചറിയാന്‍ സഹായിക്കും. ഇതിന്റെ ഉത്തരങ്ങള്‍ നമ്മുടെ സാഹചര്യം മനസില്‍ വെച്ച് വളരെ ലഘുവായി പറയാം.

വാട്ട്സ് ആപ്പ്, ഫേസ് ബുക്ക്, യൂട്യൂബ് ഇങ്ങനെ എന്തെടുത്താലും അടിസ്ഥാനപരമായി നമ്മള്‍ ആശയവിനിമയത്തിനാണ് ഇവ ഉപയോഗിക്കുന്നത്. മെസേജ് ആയാലും സിനിമ ആയാലും എന്തായാലും പ്രക്ഷേപണം ചെയ്യുന്ന ഒരാള്‍, ഒരു ചാനല്‍, അത് സ്വീകരിക്കുന്ന മറ്റൊരാള്‍. ഫേസ്ബുക്കിലോ മറ്റോ ആണേല്‍, പ്രക്ഷേപണം ചെയ്യുന്ന ഒരാള്‍, അത് കടത്തിവിടുന്ന ഫേസ്ബുക്ക്, അത് സ്വീകരിക്കുന്ന ഒരു കൂട്ടം ആളുകള്‍. തുടര്‍ന്ന്, മറുപടി പ്രക്ഷേപണം ചെയ്യുന്ന ഒരു കൂട്ടം ആളുകള്‍ അത് കടത്തി വിടുന്ന ഫേസ്ബുക്ക് അത് സ്വീകരിക്കുന്ന ഒരു കൂട്ടം ആളുകള്‍. എങ്ങനെ നോക്കിയാലും ചാനല്‍ എന്ന് പറയുന്നത് ഫേസ്ബുക്ക് എന്ന ഒറ്റ ഇടുങ്ങിയ വഴിയാണ്. ആ ഫേസ്ബുക്ക് ഇരിക്കുന്നത് HTTP/HTTPS എന്ന പ്രോട്ടോക്കോള്‍ പിന്തുടരുന്ന ഇടുങ്ങിയ വഴിയിലും. ഈ HTTP ഇരിക്കുന്നത് നമ്മള്‍ പൊതുവേ ഇന്റര്‍നെറ്റ് വിളിക്കുന്ന ഇടുങ്ങിയ നെറ്റ് വര്‍ക്ക് കണക്ഷന്‍ പ്രോട്ടോക്കോളിനുള്ളിലും

ഇടുങ്ങിയത് എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം ഒരോ തലത്തിലും വ്യക്തമാക്കാം.

ഫേസ് ബുക്ക് എന്ന സെര്‍വ്വര്‍ ഇരിക്കുന്നത് അമേരിക്കയിലാണ് എന്ന് സങ്കല്പിക്കാം. ഇവിടെ തൃശ്ശൂരിലിരിക്കുന്ന ഞാന്‍, സര്‍ക്കാര്‍ അംഗീകരിച്ച AirTel തരുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ വഴി HTTPS പ്രൊട്ടോക്കോള്‍ ഉപയോഗിച്ച് അങ്ങ് അമേരിക്കയിലേക്ക് ഒരു മെസ്സേജ് അയക്കണം. തൊട്ടപ്പുറത്തെ വീട്ടിലെ, എന്റെ ഫേസ് ബുക്ക് ഫ്രണ്ടായ കണാരേട്ടന്‍, സര്‍ക്കാര്‍ അംഗീകരിച്ച BSNL കൊടുക്കുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ വഴി HTTPS പ്രൊട്ടോക്കോള്‍ ഉപയോഗിച്ച് അങ്ങ് അമേരിക്കയിലേക്ക് ഒരു മെസ്സേജ് അയച്ച് ഫേസ്ബുക്കിന്റെ സര്‍വ്വറിനോട് ചോദിക്കണം,  തൊട്ടപ്പുറത്തെ വീട്ടിരിക്കുന്ന സൂരജ് എന്താ പറഞ്ഞത് എന്ന്. ഒരു കാര്യം ശ്രദ്ധിക്കണം, കണാരേട്ടന്‍ ചോദിക്കുന്നത് BSNL വഴിയും ഞാന്‍ വിട്ടത് AirTel വഴിയും ആണെങ്കിലും ചോദിക്കുന്നത് ആ ഒരേ ഒരു ഫേസ് ബുക്ക് സര്‍വ്വറിനോടാണ്. ആ സര്‍വ്വര്‍ അനുവദിച്ചാല്‍ കാണാരേട്ടന് മെസ്സേജ് കിട്ടും.

ഇവിടെ AirTel-ഉം BSNL-ഉം ഒരു പരിധി വരെ ഇന്റര്‍ ഓപ്പറേഷന്‍ അനുവദിക്കുമ്പോള്‍ ഫേസ്ബുക്ക് അത് തീരെ സമ്മതിക്കുന്നില്ല. സമാനമായ രണ്ട് ഉദാഹരണങ്ങല്‍ കൂടി പറയാം. AirTel-ല്‍ നിന്ന് വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്താല്‍ BSNL-ല്‍ കിട്ടും. തിരിച്ചും. എന്നാല്‍ ഫേസ്ബുക്കില്‍ നിന്ന് വാട്ട്സ് ആപ്പിലേക്കോ ടെലഗ്രാമിലേക്കോ മെസ്സേജ് പോവില്ല. അതായത് ഫേസ് ബുക്കിലേക്കൊക്കെ എത്തുമ്പോള്‍ പരസ്പരം ആശയവിനിമയം ഉറപ്പാക്കുന്ന സംവിധാനം(പ്രോട്ടോക്കോള്‍) ഇന്ററോപ്പറേഷന്‍ സമ്മതിക്കുന്നില്ല. അതേ സമയം BSNL, AirTel, Gmail, Yahoo തുടങ്ങിയവ അതാത് ഡൊമെനുകളില്‍ ഇന്റര്‍ഓപ്പറേഷന്‍(interoperation) അനുവദിക്കുന്നു.

പക്ഷേ എല്ലായിടത്തും പൊതുവായ ഒരു കാര്യം ഒരു സെന്റ്രല്‍ സര്‍വ്വര്‍ (central server) എന്നൊന്ന് ഉണ്ട്. അതായത് തൊട്ടപ്പുറത്തെ വീട്ടിലെ കാണാരേട്ടന്റെ ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ എനിക്ക് നേരിട്ട് മെസേജോ മെയിലോ അയക്കാനാവില്ല, പകരം BSNL, AirTel, Gmail, Yahoo, ഫേസ്ബുക്ക് തുടങ്ങി ഏതെങ്കിലും ഒരു സെന്റ്രല്‍ സിസ്റ്റത്തിലേക്ക് പോയ ശേഷമേ കണാരേട്ടന് കിട്ടൂ. അതും ഇതില്‍ ഫേസ്ബുക്ക് വഴിയാണ് അയക്കുന്നതെങ്കില്‍ – BSNL, AirTel, ഫേസ് ബുക്ക് ഇതിലാര് പണി തന്നാലും എന്റെ മെസ്സേജ് കാണാരേട്ടന്‍ കാണില്ല. ഫേസ്ബുക്കിനകത്ത് മാത്രമാണ് കണാരേട്ടനുള്ളതെങ്കില്‍ എനിക്ക് മൂപ്പര്‍ക്കുള്ള മെസ്സേജ് അയക്കാനേ പറ്റില്ല. മറിച്ച് ആള്‍ക്ക് ആളുടെ Yahoo മെയിലിലേക്ക് കത്തയക്കാനാണേല്‍ പ്രോട്ടോണ്‍ മെയില്‍ അടക്കമുള്ള ഏത് ബദലുകള്‍ ഉപയോഗിച്ചും എനിക്ക് മെയില്‍ അയക്കാം. അപ്പോഴും BSNLഉം AirTel ഉം ഒരുപോലെ കനിയണം.

ഇടുക്കം എന്താണ് എന്ന് മനസ്സിലായി കാണും എന്ന് കരുതുന്നു. ഇനി ഇതെങ്ങനെ വിശാലമാക്കാം എന്ന് നോക്കാം

മെഷ് കമ്മ്യൂണിക്കേഷന്‍ (Mesh communications)

സ്കൂളിലും കോളേജിലും പഠിക്കുമ്പോള്‍ ക്ലാസിലിരുന്ന് ചിറ്റ്/കുറിപ്പുകള്‍ പാസ് ചെയ്ത് ചാറ്റ് ചെയ്യാറുണ്ടായിരുന്നോ? ഇല്ലെങ്കില്‍ ആരോടെങ്കിലും ആ കഥ ചോദിക്കൂ. അടിസ്ഥാനപരമായി അതാണ് മെഷ് കമ്മ്യൂണിക്കേഷന്‍. മെസ്സേജ് അയക്കാന്‍ ഒരാള്‍, സ്വീകരിക്കാന്‍ മറ്റോരാള്‍, പക്ഷേ അത് കൈമാറാന്‍ ക്ലാസിലെ അനേകം പേര്‍. ഒരാള്‍ക്ക് ചിറ്റ് വാങ്ങാന്‍ പറ്റിയില്ലെങ്കില്‍ അടുത്തയാള്‍ അത് വാങ്ങി എങ്ങനെ ആയാലും ക്ലാസിന്റെ ഏത് മൂലയിലും എത്തിച്ചിരിക്കും. മറ്റൊരു തരത്തില്‍ നോക്കിയാല്‍ ഇതിലെ ചാനലും മെസേജ് അയക്കുന്ന ആളും സ്വീകരിക്കുന്ന ആളും എല്ലാം എല്ലാ റോളും ഒരേ സമയം കൈകാര്യം ചെയ്യുന്നുണ്ടാവും. ഇനിയിപ്പോ ഒരാളോട് മാത്രമായി ഒരു കാര്യം പറയണമെങ്കില്‍ അയാള്‍ക്ക് മാത്രം മനസ്സിലാവുന്ന രീതിയില്‍ കാര്യങ്ങള്‍ ചിറ്റിലെഴുതും. ഇതിനെ എന്‍ക്രിപ്ഷന്‍ എന്ന് വിളിക്കാം. ഏതൊരു ചിറ്റ് എടുത്താലും ആര് അയച്ചു, ആര്‍ക്കാണ് അയച്ചത് എന്നീ രണ്ട് കാര്യങ്ങളെ കാണൂ. കയ്യക്ഷരം നോക്കി, ആരേലും അതില്‍ കൈ വെച്ചിട്ടുണ്ടോ എന്നും തിരിച്ചറിയാം.

ഡിജിറ്റല്‍ കമ്മ്യൂണിക്കേഷനില്‍ വരുമ്പോള്‍ ഇതിന് ചില്ലറ മാറ്റങ്ങള്‍ വരും. ആദ്യം രണ്ട് വേര്‍തിരിവുകള്‍ മനസ്സിലാക്കാം. ഒന്ന് ഫിസിക്കല്‍ കണക്ഷന്‍, മറ്റൊന്ന് ഡാറ്റാ കണക്ഷന്‍(മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് ഡാറ്റ എന്ന കേവല അര്‍ത്ഥത്തിലല്ല). ഒരു ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ ഈ രണ്ട് കണക്ഷനും വേണം. നമ്മളിപ്പോള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് എന്ന് വിളിക്കുന്ന സംവിധാനത്തില്‍ ഫിസിക്കല്‍ കണക്ഷനും ഡാറ്റാകണക്ഷനും ഒരു പോലെ ഒരേ സമയം നിലനില്‍ക്കുന്നു എന്നുള്ളതാണ് അതിനെ real time communication ന് ഏറ്റവും അനുയോജ്യമാക്കുന്നത്. എന്നാല്‍ കമ്മ്യൂണിക്കേഷന്‍ പൂര്‍ത്തിയാവാന്‍ ഇത് രണ്ടും ഒരുപോലെ ഒരേ സമയം വേണമെന്നില്ല. രണ്ടും ഒരേ സമയം കിട്ടിയില്ലെങ്കില്‍ ആശയവിനിമയം ഒരല്പരം പതുക്കെ ആവും. അതേ സമയം ഒരു ക്ലാസ് റൂം പോലെ ഒരുപാട് ആളുകളുടെ പങ്കാളിത്തമുണ്ടായാല്‍ ഈ രീതിക്കാണ് ഏറ്റവും കൂടുതല്‍ വേഗത ഉണ്ടാവുക. ടോറന്റ് ‍ഡൗണ്‍ലോഡ് പോലെ. നമ്മുടെ ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍ എന്ന ഒറ്റചാനലിന് പകരം ഒരായിരം ചാനലുകള്‍ ഉണ്ടാല്‍ വളരെ മികച്ച രീതിയില്‍ റിയല്‍ടൈം കമ്മ്യൂണിക്കേഷന്‍ സാധ്യമാകും.

മെഷിന്റെ സാധ്യത എന്താണെന്ന് മനസ്സിലായിക്കാണും. ഇനി അതിലേക്ക് വിശദമായി കടക്കും മുന്നേ ഈ ഡാറ്റയും ഫിസിക്കല്‍ കണക്ഷനും എന്താണ് എന്ന് വ്യക്തമാക്കണം. തിരിച്ച് ചിറ്റിന്റെ ഉദാഹരണത്തിലേക്ക് വരാം. എന്റെ മനസ്സിലുള്ള ആശയം ചിറ്റിലെഴുതിയാല്‍ അത് ഡാറ്റ ആയി. അതുപോലെ എനിക്ക് കൈമാറാനുള്ള കാര്യം, ഒരു പ്രത്യേക ഡിജിറ്റല്‍ ഫോര്‍മ്മാറ്റിലേക്ക് മാറ്റിയാല്‍ ഡാറ്റാപാക്കറ്റ് ആയി എന്ന് പറയാം. ആര്‍ക്കാണോ കിട്ടേണ്ടത്, അയാളെ തിരിച്ചറിയാനുള്ള വിവരങ്ങള്‍, അയാള്‍ എന്നെ തിരിച്ചറിയാനുള്ള വിവരങ്ങള്‍, അത് അയച്ചത് ഞാന്‍ തന്നെയാണോ എന്ന് പരിശോധിക്കാനുള്ള വിവരങ്ങള്‍, അത് ഇടയില്‍ വെച്ച് ആരെങ്കിലും തോണ്ടിയോ എന്നൊക്കെ നോക്കാനുള്ള വിവരങ്ങള്‍ അങ്ങനെ വേണ്ടപ്പെട്ട എല്ലാവിവരങ്ങളും ചേര്‍ത്ത്, മറ്റൊരാള്‍ക്കും തുറക്കാന്‍ പറ്റാത്ത പരുവത്തില്‍ ആക്കിയതിനെയാണ് പാക്കറ്റ് എന്ന് പറയുന്നത്. ആ പാക്കറ്റ് തുറക്കാനുള്ള താക്കോല്‍ ഉള്ള ആള്‍ക്ക് മാത്രമേ അതിലെ ഉള്ളടക്കം തിരിച്ചറിയാനാവൂ.

ഈ പാക്കറ്റ് ഒരു പെന്‍ഡ്രൈവിലാക്കി കൊടുക്കയാണെങ്കില്‍ ഫിസിക്കല്‍ കണക്ഷന്‍ പെന്‍ഡ്രൈവ് വഴി കിട്ടും. ഇത് WiFi വഴി ആയാല്‍ അങ്ങനെ എങ്ങനേയും പാക്കറ്റ് ഒരാളില്‍ നിന്നും മറ്റൊരാള്‍ക്ക് കൊടുക്കാം. ഈ പാക്കറ്റ് പോകുന്ന വഴിയെ ഫിസിക്കല്‍ കണക്ഷന്‍ എന്ന് വിളിക്കാം. ഇവിടെയാണ് ശരിക്കുള്ള ട്വിസ്റ്റ്.

ഇപ്പോ ഈ കാലത്ത് സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത ആളുകള്‍ ഇല്ലെന്ന് തന്നെ പറയാം. പ്രത്യേകിച്ച് കേരളത്തില്‍. ഒരു സ്മാര്‍ട്ട് ഫോണില്‍ നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍ തരുന്ന ഫിസിക്കല്‍ കണക്ഷന്‍ അല്ലാതെ Blue tooth, WiFi അങ്ങനെ ഫിസിക്കല്‍ കണക്ഷന് അനന്തസാധ്യതകളാണ് തുറന്ന് വെച്ചിരിക്കുന്നത്. അതുപോലെ ഒരു കമ്പ്യൂട്ടര്‍ ആണെങ്കില്‍ ഇതിന്റെ കൂടെ wired network കണക്ഷനും വരും. ചില പ്രത്യേക സാഹചര്യത്തില്‍ പാസ് വേര്‍ഡോ സുരക്ഷാ സംവിധാമോ ഇല്ലാതെ വൈഫൈ ഉപയോഗിക്കുന്നതുപൊലുള്ള ചുരുക്കം ചില സ്പെഷല്‍ കേസ് ഒഴിവാക്കിയാല്‍ ഇവ ഉപയോഗിക്കുന്നതൊന്നും നിയമവിരുദ്ധമല്ല.
ഇനി വേണ്ടത് ഈ ഇന്റര്‍കണക്ഷനുകളാണ്. നേരത്തെ നമ്മള്‍ ഫേസ് ബുക്കിന്റെ കാര്യത്തില്‍ ഇന്റര്‍നെറ്റ് എന്ന് വിളിക്കുന്ന ഒരു ചാനലിലൂടെ HTTPS പ്രോട്ടോക്കോള്‍ വഴി മാത്രം ഫേസ് ബുക്ക് വഴിയാണ് കാര്യങ്ങള്‍ കൈമാറുന്നത്. ഇവിടെ ഈ ഇന്റര്‍നെറ്റ് എന്ന് വിളിക്കുന്ന ചാനലിന്റെ ഡിപ്പന്റന്‍സി എടുത്ത് കളയണം. ഒപ്പം ഫേസ്ബുക്ക് എന്ന് വിളിക്കുന്ന സെര്‍വറിനോടുള്ള ഡിപ്പന്റന്‍സിയും. Gmail-ഉം Yahoo-ഉം ബദല്‍ സംവിധാനത്തിലുള്ള സര്‍വ്വര്‍ ആണെങ്കിലും നമുക്ക് ശരിക്കും വേണ്ടത് ഡെഡിക്കേറ്റഡ് സര്‍വ്വറേ ഇല്ലാത്ത അവസ്ഥയാണ്. അങ്ങനെ വന്നാല്‍ നേരത്തേ ചിറ്റിലെ കാര്യം പറഞ്ഞ പോലെ ഒരോ ഉപയോക്താവും ഒരേ സമയം സര്‍വ്വറും ക്ലയന്റും ആവുന്ന ഡിസ്റ്റ്രിബ്യൂട്ടഡ് സംവിധാനമാകും.

കയ്യിലുള്ള പാക്കറ്റ് അങ്ങനെ ഒരു നൂറ് വഴിയിലൂടെ പോയാല്‍, അല്ലെങ്കില്‍ വന്നാല്‍, അതിന്റെ കൃത്യമായി തരിച്ചറിച്ച് തുന്നിച്ചേര്‍ത്ത് വിവരമായി സ്വീകര്‍ത്തവിന് കിട്ടണം. അത്തരം പ്രൊട്ടോക്കോള്‍ സപ്പോര്‍ട്ട് ചെയ്യുന്ന അപ്ലിക്കേഷനുകളാണ് നമുക്ക് വേണ്ടത്.

അങ്ങനെ പരിപൂര്‍ണ്ണ വികേന്ദ്രീകരണം അനുവദിക്കുന്ന രണ്ട് സംവിധാനങ്ങളാണ് നേരത്തേ പറഞ്ഞ ബ്രിയാറും മെനിവേര്‍സും. എന്റെ ഫോണിലെ വൈഫൈയിലേക്ക് അപ്പുറത്തെ വീട്ടിലെ കാണരേട്ടന്‍ കണക്റ്റ് ചെയ്താല്‍ എനിക്ക് നേരെ മെസ്സേജ് അയക്കാം. അങ്ങനൊരു കണക്ഷന്‍ ഇല്ലെങ്കില്‍, എന്റെ AirTel നെറ്റ് വഴി, BSNLലേക്ക് വിട്ട്, BSNL വഴി കണാരേട്ടന്റെ അടുത്ത് എത്തിക്കാം. ആ സമയത്ത് BSNL-നോ AirTel-നോ ഒരു പണി തരണം എന്ന് തോന്നിയാല്‍ ടോറന്റ് ബ്ലോക്ക് ആയതുപോലെ ഭാഗികമായി തടസ്സപ്പെട്ടേക്കാം. ഇനി പൂര്‍ണ്ണമായും തടസ്സപ്പെട്ടു എന്ന് തന്നെ വെച്ചോ. കാണാരേട്ടന്റെ മോനും ചങ്ങായിയുമായ ഹരീഷ് വീട്ടില്‍ വന്ന് സിനിമ തപ്പിയെടുക്കുമ്പോള്‍ എന്റെ വൈഫൈയില്‍ കണക്റ്റ് ചെയ്യും. അപ്പോ കാണാരേട്ടനുള്ള മെസേജ് തനിയേ ഹരീഷിന്റെ ഫോണിലേക്ക് പോകും. ഹരീഷ് തിരിച്ച് വീട്ടില്‍ പോയി അവിടുത്തെ വൈഫൈയില്‍ കണക്റ്റ് ചെയ്യുമ്പോള്‍, ഞാനയച്ച മെസ്സേജ് കണാരേട്ടന്റെ ഫോണിലെത്തും.

ഒന്നും രണ്ടു വ്യക്തികളെ വെച്ച് ചിന്തിക്കുമ്പോള്‍ ഇത് വളരെ പതുക്കെയാണെന്ന് തോന്നും. പക്ഷേ ആളെണ്ണം കൂടിയാല്‍, ഇതിന്റെ സ്വഭാവം ആകെ മാറും. ഒരു കാര്യം പ്രത്യേകം നോക്കുക, ഒരു ഇവിടെ ഒരിടത്തും നമ്മള്‍ നിയമം ലംഘിച്ചിട്ടില്ല.

ഇനി തിരിച്ച് ബ്രിയോറിന്റെയും മെനിവേര്‍സിന്റേയും കാര്യമെടുത്താല്‍, രണ്ടും വളരെ ബാല്യദശയിലാണ്. നിലവില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് കണക്റ്റ് ചെയ്യാന്‍ ബ്രിയോറില്‍ വളരെ എളുപ്പമാണ്. മാത്രമല്ല ഡാറ്റ പൂര്‍ണ്ണമായും ഫോണുകളിലാണ് സൂക്ഷിക്കുന്നത്. അതും എന്‍ക്രിപ്റ്റഡ് ആയിട്ട്. അതായത് പാസ് വേര്‍ഡ് മറന്ന് പോയാല്‍ ആ അക്കൗണ്ട് പോയി എന്ന് ചുരുക്കം. അതുപോലെ പ്രൈവസിക്ക് പ്രാധാന്യം കൊടുക്കുന്നതുകൊണ്ടായിരിക്കണം, സ്ക്രീന്‍ ഷോട്ട് പോലും ബ്ലോക്ക് ചെയ്തിട്ടുണ്ട് ഇതില്‍.

കടപ്പാട് ഇന്ത്യാടുഡേ

അതേ സമയം മെനിവേര്‍സിന്റെ പ്രോട്ടോക്കോളില്‍ പുതുതായി ഒരാളെ ചേര്‍ക്കാനുള്ള നേരിട്ടുള്ള കമ്യൂണിക്കേഷന്‍ ഇപ്പോള്‍ തന്നെ നമ്മുടെ ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ എളുപ്പമല്ലാതായിട്ടുണ്ട്. അതായത് ഒരാളെ കോണ്‍ടാക്റ്റര്‍ ചേര്‍ത്ത് കിട്ടിയാലെ സംസാരിച്ച് തുടങ്ങാനാവൂ. ഈ കണക്ഷന്‍ കിട്ടാന്‍ QR കോഡ് പോലെ നേരില്‍ കണ്ടുള്ള മാര്‍ഗ്ഗങ്ങളല്ല ഉപയോഗിക്കുന്നതെങ്കില്‍ മെനിവേര്‍സില്‍ ഒരു ഇടനിലക്കാരന്‍ വേണം.

ബ്രിയോറില്‍ ടെക്റ്റ് മാത്രമേ സപ്പോര്‍ട്ട് ചെയ്യൂ. മെനിവേര്‍സില്‍ ഫോട്ടോയും മറ്റ് മള്‍ട്ടിമീഡിയകളും ഭാഗികമായി സപ്പോര്‍ട്ട് ചെയ്യും. ഇത് കൂടാതെ പാസ്സ് വേര്‍ഡ് മാറ്റിയാലോ ആപ് അപ്ഗ്രേഡ് ചെയ്താലോ അതുവരെയുള്ള മൊത്തം ഡാറ്റ നമ്മടെ കയ്യീന്ന് പോയികിട്ടും. ഓരോരുത്തരുടെ ‍ഡാറ്റായും അതാതാളുടെ ഫോണിലാണ് സൂക്ഷിക്കുന്നത്, അതും എന്‍ക്രിപ്റ്റഡ് ഡാറ്റയാണ്. പാസ്സ് വേര്‍ഡ് പോയാല്‍ ശുഭം, ശൂന്യം.

ഇനി ഈ സംവിധാനങ്ങളൊക്കെ നന്നാവാന്‍ ഒരെളുപ്പവഴിയേ ഉള്ളൂ. നമ്മളോരുത്തരും ഉപയോഗിക്കുക. ഒപ്പം കഴിഞ്ഞ പോസ്റ്റില്‍ ഓഫര്‍ ചെയ്ത പോലെ പണവും സമയവും ഇവയുടെ ഡവലപ്പ്മെന്റില്‍ ചിലവാക്കുക.

കടപ്പാട് localizationlab.org

എന്നെ ബ്രിയോര്‍വഴി ബന്ധപ്പെടാനാഗ്രഗിക്കുന്നവര്‍ക്ക് ബ്രിയോറിന്റെ 1.2.4 വേര്‍ഷന്‍ മുതല്‍ മുകളിലേക്കുള്ളത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം താഴെ കൊടുത്ത ലിങ്ക് കോണ്‍ടാക്റ്റ് ആയി ചേര്‍ത്താല്‍ മതി

briar://aazc37hihmcsrmo5aexwsurpwhfc765kvxd7qokrrhdhsui2d5uwo


ഇന്റര്‍നെറ്റ് നിരോധനത്തിന്റെ കാലത്ത് നാമെന്തുചെയ്യണം ?

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇന്റര്‍നെറ്റ് നിരോധനത്തിന്റെ കാലത്ത് നാമെന്തുചെയ്യണം ?
Next post നക്ഷത്രങ്ങളുടെ ജനനവും മരണവും
Close