Read Time:5 Minute

കോസ്മിക് രശ്മികളെക്കുറിച്ച് ഗഹനമായി പഠിച്ച ഭാരതീയ ശാസ്ത്രജ്ഞന്‍, ഇന്ത്യയുടെ ആണവ ഗവേഷണ പദ്ധതികളുടെ ഉപജ്ഞാതാവ് എന്നീ നിലകളില്‍ പ്രസിദ്ധനായ ഹോമി ജഹാംഗീര്‍ ഭാഭയുടെ ജന്മദിനമാണ് ഒക്ടോബര്‍ 30

Homi Jehangir Bhabha.jpg
(കടപ്പാട് :Konrad Jacobs, Erlangen – Oberwolfach Photo Collection, വിക്കിമീഡിയ കോമൺസ്)

മുംബൈയിലെ ഒരു സമ്പന്ന പാഴ്സി കുടുംബത്തില്‍ ജനിച്ച ഹോമി. ജെ. ഭാഭ (30 ഒക്ടോബ്ര‍ 1909 – 24 ജനുവരി 1966) കുട്ടിക്കാലം മുതല്‍ക്കേ ശാസ്ത്രവിഷയങ്ങളിലെ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പെയിന്റിംഗ്, കവിതാരചന, പാശ്ചാത്യ സംഗീതം തുടങ്ങിയവയിലും അദ്ദേഹം നിപുണനായിരുന്നു. എഞ്ചിനീയറിംഗ് പഠനത്തിനായാണ് പിതാവ് അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്ക് അയച്ചതെങ്കിലും ശാസ്ത്രത്തിലുള്ള താല്പര്യം അദ്ദേഹത്തെ ഒരു ഭൗതികശാസ്ത്രജ്ഞനാക്കുകയായിരുന്നു.

കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ വിദ്യാഭ്യാസത്തിനുശേഷം പ്രസിദ്ധമായ കാവന്‍ഡിഷ് ലബോറട്ടറിയില്‍ ഗവേഷകനായി ചേര്‍ന്ന ഭാഭ പോള്‍ ഡിറാക്കിന്റെ കീഴില്‍ പഠനം നടത്തുകയും എന്‍റിക്കോ ഫെര്‍മി, വുള്‍ഫ് ഗാങ്ങ്പോളി തുടങ്ങിയ ശാസ്ത്രപ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തു. 193 -ല്‍ ആണവ ഭൗതികത്തില്‍ ഡോക്ടറേറ്റ് എടുത്ത അദ്ദേഹം കോസ്മിക് വികിരണങ്ങള്‍ സംബന്ധിച്ച സവിശേഷമായ പഠനങ്ങളും നടത്തുകയുണ്ടായി. ഈ രംഗത്തെ അദ്ദേഹത്തിന്റെ ഗവേഷണങ്ങളെ ബഹുമാനിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം തന്നെ വിശദീകരിച്ച ഇലക്ടോണ്‍ – പോസിട്രോണ്‍ സ്കാറ്ററിംഗ് എന്ന പ്രതിഭാസത്തിന് പിന്നീട് ” ഭാഭ സ്കാറ്ററിംഗ് ” എന്ന പേര് നല്‍കുകയുണ്ടായി.

രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭത്തില്‍ ഇന്ത്യയിലേക്ക് തിരികെ വന്ന ഭാഭ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ചേരുകയും കോസ്മിക് രശ്മികള്‍, മൗലിക കണങ്ങള്‍, ക്വാണ്ടം ബലതന്ത്രം തുടങ്ങിയ മേഖലകളില്‍ പഠനഗവേഷങ്ങള്‍ നടത്തുകയും ചെയ്തു. ഈ സമയത്ത്, അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് റോയല്‍ സൊസൈറ്റിയുടെ ഫെലോയായി തെരഞ്ഞെടുത്തു.

ഇന്ത്യയിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെയും ട്രോംബെ അറ്റോമിക് എനര്‍ജി എസ്റ്റാബ്ലിഷ്മെന്റിന്റെയും സ്ഥാപനത്തിന് ഭാഭയാണ് നേതൃത്വം വഹിച്ചത്. ഇവയുടെ സ്ഥാപക ഡയറക്ടറും അദ്ദേഹമായിരുന്നു. രണ്ടാമത്തെ സ്ഥാപനത്തിന്, മരണശേഷം അദ്ദേഹത്തിന്റെ പേര് നല്‍കപ്പെട്ടു. 1948 -ല്‍ ഭാഭ ചെയര്‍മാനായുള്ള അണുശക്തിക്കമ്മീഷനും നിലവില്‍ വന്നു.

അപ്സര, സൈറസ്, സെര്‍ലീന എന്നീ റിയാക്ടറുകളും സമ്പുഷ്ട യുറേനിയം പ്ലാന്റും, പ്ലൂട്ടോണിയം പ്ലാന്റും താരാപ്പൂര്‍ ആണവനിലയവും ഭാഭയുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്. ഇന്ത്യ ആണവ ശക്തിയാകണമെന്ന് ശക്തമായി വാദിച്ച ഭാഭയുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു 1974 – ലെ ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണം. കോണ്‍ഗ്രസ്സ് സര്‍ക്കാരില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്ന ഭാഭയുടെ 24 ജനുവരി 1966 ന്റെ വ്യോമാപകടത്തിലുണ്ടായ മരണം അമേരിക്കന്‍ ചാരസംഘടനയുടെ ഇടപെടല്‍ മൂലമാണെന്ന് അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.

ഇലക്ട്രോണിക്സ്, ബഹിരാകാശശാസ്ത്രം, റേഡിയോ ആസ്ട്രോണമി, മൈക്രോബയോളജി എന്നീവിഷയങ്ങളിലും ഭാഭയ്ക് താല്പര്യമുണ്ടായിരുന്നു. ഊട്ടിയിലെ റേഡിയോ ടെലസ്കോപ്പ് അദ്ദേഹത്തിന്റെ സംഭാവനയാണ്. ഐ.എസ്.ആര്‍.ഒ സ്ഥാപിക്കുന്നതില്‍ വിക്രം സാരാഭായ്ക് വേണ്ട പിന്തുണ നല്‍കിയത് ഭാഭയാണ്.

ഭാരതീയ ആണവോർജ്ജ കമ്മിഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ, ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് പ്രസിഡണ്ട്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിന്റെ ഡയറക്ടർ, സമാധാനാവശ്യങ്ങൾക്ക് അണുശക്തിയുടെ ഉപയോഗത്തെ സംബന്ധിച്ച് ജനീവയിൽ ചേർന്ന സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ, ഇൻറർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻറ് അപ്ലൈഡ് ഫിസിക്സിന്റെ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രം പത്മഭൂഷണ്‍ ബഹുമതി നല്‍കി ഈ അതുല്യ ശാസ്ത്രപ്രതിഭയെ ആദരിച്ചു.

 

 

Happy
Happy
67 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
33 %
Surprise
Surprise
0 %

Leave a Reply

Previous post ജോണാസ് സാല്‍ക്
Next post ​നവംബറിലെ ആകാശവിശേഷങ്ങള്‍
Close