അമേരിക്കൻ ഭൂഖണ്ഡം കണ്ടുപിടിച്ച കൊളംബസ് എന്ന നാവികനെ പറ്റി നമ്മൾ ചെറിയ ക്ലാസ്സുകളിൽ തന്നെ പഠിക്കുന്നുണ്ട്. യഥാർത്ഥത്തിൽ കൊളംബസ് അമേരിക്കയിലേക്കല്ലായിരുന്നു യാത്ര തിരിച്ചത്. സുഗന്ധവ്യഞ്ജനങ്ങളും പട്ടുവസ്ത്രങ്ങളും വ്യാപാരം ചെയ്യുന്നതിന് വേണ്ടി ഏഷ്യയിലേക്ക് ഒരു എളുപ്പ മാർഗം കണ്ടുപിടിക്കാനാണ് കൊളംബസ് 1492 ഓഗസ്റ്റ് 3 നു നിന, പിന്റ, സാന്ത മരിയ എന്നീ മൂന്നു കപ്പലുകളിൽ യാത്ര തിരിച്ചത്. അക്കാലത്ത് ഏഷ്യയിലേക്കുള്ള കടൽ യാത്ര ആഫ്രിക്കയെ വലം വെച്ച് വേണമായിരുന്നു. ഈ ദുരിതപൂർണമായ യാത്രയ്ക്ക് പകരം അറ്റ്ലാന്റിക് മഹാസമുദ്രം മുറിച്ചു കടന്നു ഏഷ്യയിലേക്ക് ഒരു എളുപ്പ വഴി കണ്ടുപിടിക്കാം എന്നാണ് കൊളംബസ് കരുതിയത്. എന്നാൽ ഏഷ്യയിലേക്ക് യാത്ര തിരിച്ച കൊളംബസ് രണ്ടു മാസങ്ങൾക്ക് ശേഷം ഒക്ടോബർ 12 നു വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ബഹാമാസ് ദ്വീപുകളിലാണ് എത്തിച്ചേർന്നത്.
ഏഷ്യയിലേക്ക് പുറപ്പെട്ട കൊളംബസ് എങ്ങനെ അമേരിക്കയിലെത്തി? അതറിയണമെങ്കിൽ സമുദ്ര ഭൗമ ശാസ്ത്രത്തിന്റെ ആദ്യ കാലങ്ങളിലേക്ക് തിരിച്ചു പോകേണ്ടി വരും.
പുരാതന കാലം
പുരാതന കാലം മുതൽ തന്നെ മനുഷ്യരെ വളരെയേറെ ഭ്രമിപ്പിച്ചിരുന്ന ഒന്നായിരുന്നു സമുദ്രം. മത്സ്യം നമുക്ക് ഭക്ഷണമായി, വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും നമ്മെ ഭയപ്പെടുത്തി, കടലിന്റ അഗാധ നീലിമ മോഹിപ്പിച്ചു, കടലിൽ മറഞ്ഞ പ്രിയപ്പെട്ടവർ നമ്മെ വേദനിപ്പിച്ചു, കടലും മനുഷ്യരും അങ്ങനെ പല വിധങ്ങളിൽ കെട്ട് പിണഞ്ഞു ജീവിച്ചിരുന്നു. എന്നാൽ മനുഷ്യൻ കണ്ണെത്താ ദൂരത്തോളം വിശാലമായി കിടന്ന ആ അനന്ത നീലിമയ്ക്ക് അപ്പുറം എന്താണെന്നറിയാൻ എക്കാലവും ജിജ്ഞാസുവായിരുന്നു. ഏതാണ്ട് 70000. വർഷങ്ങൾക്ക് മുൻപ് തന്നെ മനുഷ്യൻ കടലിടുക്കുകൾ കടന്നു ദ്വീപുകളിൽ എത്തിയിരുന്നു എന്നതിന്റെ തെളിവുകൾ പല സ്ഥലങ്ങളിൽ നിന്നും പുരാവസ്തു ഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്. 4000വർഷങ്ങൾക്ക് മുൻപ് തന്നെ ഈജിപ്തിലെ നൈൽ നദിയിൽ വള്ളങ്ങൾ ഉപയോഗിച്ചിരുന്നു. 5000വർഷങ്ങൾക്ക് മുൻപ് തായ്‌വാനിൽ നിന്ന് ആരംഭിച്ച് ശാന്തമഹാസമുദ്രത്തിലെ വിവിധ ദ്വീപുകളിലേക്ക് (ഫിലിപ്പൈൻസ്, ഹവായ്, ന്യൂ ഗിനിയ, ഈസ്റ്റർ മുതലായ ദ്വീപുകൾ ) യാത്ര ചെയ്ത പോളിനേഷ്യൻ വംശജരായിരുന്നു ആദ്യ കാലഘട്ടങ്ങളിലെ പ്രധാന സാഹസിക യാത്രികർ. പോളിനേഷ്യക്കാരുടെ സാഹസിക പര്യവേക്ഷണങ്ങൾ എന്നാൽ ശാന്ത മഹാസമുദ്രത്തിൽ ഒതുങ്ങി നിന്നു. പശ്ചിമേഷ്യയിൽ ഇന്നത്തെ ലെബനനു സമീപത്തെ ഫിനിഷ്യക്കാർ അങ്ങനെ ആയിരുന്നില്ല. ദേവദാരു മരങ്ങളും മറ്റും മുറിച്ചു അടുത്ത പ്രദേശങ്ങളിലേക്ക് എത്തിക്കുവാൻ വലിയ പർവതങ്ങൾ കടക്കുന്നതിലും എളുപ്പം കടൽ മാർഗമാണെന്നു അവർ വേഗം തിരിച്ചറിഞ്ഞു. ദേവദാരു മരങ്ങളുപയോഗിച്ചു തന്നെ നിർമിച്ച ചെറു കപ്പലുകളിൽ വെളുത്തീയം (tin), സ്വർണം പോലെയുള്ള ലോഹങ്ങൾ തേടി അവർ യാത്ര ചെയ്തു. പകരമായി വസ്ത്രങ്ങൾ ചായം പൂശാൻ വേണ്ടി കടലൊച്ചുകളിൽ നിന്നു വേർതിരിച്ചെടുത്ത ‘ടിരിയൺ പർപ്പിൾ’ എന്ന വർണകവും സ്ഫടികവും ദേവദാരു മരങ്ങളും അടിമകളെയും ഫിനിഷ്യക്കാർ വ്യാപാരം ചെയ്തു. മുന്തിരി വള്ളികൾ വളരാത്ത ഈജിപ്തിലേക്ക് അവർ വീഞ്ഞ് വ്യാപാരം ചെയ്തു.
യാത്രകളും വ്യാപാരങ്ങളും നടന്നെങ്കിലും സമുദ്രങ്ങളെക്കുറിച്ചും, അവയുടെ വലിപ്പത്തെക്കുറിച്ചും, ഇവർക്കാർക്കും വലിയ ധാരണയില്ലായിരുന്നു. ശാസ്ത്രീയമായ രീതിയിൽ സമുദ്ര പഠനം നടത്തിയത് ഗ്രീക്കുകാരാണ്. 2500 വർഷങ്ങൾക്ക് മുൻപ് തന്നെ അവർ ഭൂമിയുടെ ഗോളാകൃതിയെപ്പറ്റി മനസിലാക്കിയിരുന്നു. ഭൂമി ഉരുണ്ടതാണെന്ന് അരിസ്റ്റോട്ടിൽ കണ്ടെത്തിയത് പല സൂചനകളിലൂടെയായിരുന്നു. കപ്പലുകളും ബോട്ടുകളും തീരത്തടുക്കുമ്പോൾ അവയുടെ പായ്മരം ആണ് ആദ്യം ദൃശ്യമാകുന്നത്. അതിനു ശേഷം മാത്രമാണ് അതിന്റെ പ്രധാന ഭാഗം കാണാൻ സാധിക്കുക. ഭൂമി പരന്നതായിരുന്നെങ്കിൽ അവയെല്ലാം ഒരേ സമയം തന്നെ ദൃശ്യമായേനെ. അതു പോലെ തന്നെ വടക്കോട്ടേക്ക് നടക്കുന്തോറും തെക്കേ ചക്രവാളത്തിലെ നക്ഷത്രങ്ങളും തെക്കോട്ട് നടക്കുമ്പോൾ വടക്കേ ചക്രവാളത്തിലെ നക്ഷത്രങ്ങളും അപ്രത്യക്ഷമാവുന്നതായി അരിസ്റ്റോട്ടിൽ നിരീക്ഷിച്ചു. ചന്ദ്ര ഗ്രഹണവും വിവിധ ദിവസങ്ങളിലെ ചന്ദ്രക്കലകളുമാണ് മറ്റൊരു സൂചന നൽകിയത്. ചന്ദ്രനിൽ വീഴുന്ന ഭൂമിയുടെ നിഴൽ എപ്പോഴും ഗോളാകൃതിയിൽ ആയിരുന്നു. ഗോളം ഒരു പൂർണതയുള്ള രൂപമായി കരുതിയിരുന്ന ഗ്രീക്കുകാർക്കിടയിൽ സൂര്യനെയും ചന്ദ്രനെയും പോലെ ഭൂമിക്കും ആ പൂർണത ഉണ്ടാകുമെന്നും അരിസ്റ്റോട്ടിൽ വിശ്വസിച്ചു. ഇങ്ങനെ ഗോളാകൃതിയിലുള്ള ഭൂമിയിൽ ഗ്രീസിന്റെ സ്ഥാനം എവിടെയാണെന്നറിയാനും ഭൂമിയുടെ വലിപ്പമറിയാനും ഗ്രീക്കുകാർ പല പരിശ്രമങ്ങളും നടത്തി. അക്കാലത്ത് ക്രിസ്തുവിനു മുൻപ് മൂന്നാം നൂറ്റാണ്ടിൽ മാസിഡോണിയ ഭരിച്ചിരുന്ന അലക്‌സാണ്ടർ ചക്രവർത്തി തന്റെ സാമ്രാജ്യം വികസിപ്പിക്കാൻ ഒരുപാട് യുദ്ധങ്ങൾ നടത്തുകയും അതിൽ പിടിച്ചെടുത്ത അമൂല്യ വസ്തുക്കളും രേഖകളും സൂക്ഷിക്കാൻ അലക്‌സാൻഡ്രിയയിൽ ഒരു മ്യൂസിയം തുടങ്ങുകയും ചെയ്തു. ഈ മ്യൂസിയത്തിന്റെ രണ്ടാമത്തെ സൂക്ഷിപ്പുകാരനായിരുന്ന ഇറാസ്‌തോതനീസിന്റെ ശ്രദ്ധയിൽ കൗതുകകരമായ ഒരു കാര്യം പെട്ടു. സൂര്യൻ ഭൂമിയിൽ നിന്നും ഏറ്റവും ദൂരത്തായിരിക്കുന്ന ഉത്തരായനാന്തദിനത്തിൽ (Summer Solistice) സിയൻ നഗരത്തിലെ കിണറുകളിൽ സൂര്യപ്രകാശം നേരിട്ട് പ്രതിഫലിച്ചു. ഇത് സൂര്യൻ ആ നഗരത്തിന്റെ നേരേ മുകളിൽ ആയതിനാൽ ആണെന്ന് ഇറാസ്‌തോതനീസ് മനസിലാക്കി. എന്നാൽ അലക്‌സാൻഡ്രിയയിൽ സമയം മനസിലാക്കാൻ വെച്ചിരുന്ന കൽത്തൂണുകൾ നിഴലുകൾ സൃഷ്ടിക്കുകയും ചെയ്തു. സൂര്യപ്രകാശം സിയൻ നഗരത്തിൽ നേരിട്ടും അലക്‌സാൻഡ്രിയയിൽ അല്പം ചെരിഞ്ഞുമാണെന്നു മനസിലാക്കിയ അദ്ദേഹം അതുപയോഗിച്ചു ഭൂമിയെന്ന ഗോളത്തിന്റെ വലിപ്പം മനസിലാക്കാമെന്നു തിരിച്ചറിഞ്ഞു. നിഴലുകളിൽ നിന്ന് ഈ രണ്ടു പട്ടണങ്ങൾക്കിടയിലെ കോണളവ് അളന്നു അദ്ദേഹം അതൊരു ഗോളത്തിന്റെ അൻപതിലൊരംശം ആണെന്ന് കണ്ടെത്തി. അലക്‌സാൻഡ്രിയയിൽ നിന്ന് സയനിലേക് ഒട്ടകങ്ങളിൽ സഞ്ചരിച്ചവരിൽ നിന്ന് ആ നഗരങ്ങൾക്കിടയിലെ ദൂരവും അദ്ദേഹം കണ്ടെത്തി. ഈ വിവരങ്ങൾ ഉപയോഗിച്ചു 2300 വർഷങ്ങൾക്ക് മുൻപ് ഭൂമിയുടെ ചുറ്റളവ് 46250 കിലോമീറ്റർ ആണെന്ന് ഇറാസ്‌തോതനീസ് കണ്ടെത്തി. ഇന്നത്തെ ശാസ്ത്രജ്ഞർ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കണ്ടെത്തിയ ഭൂമിയുടെ ചുറ്റളവ് 40000 കിലോമീറ്ററാണ്.
എന്നാൽ എല്ലാവരും ഈ അളവ് അതേ പോലെ അംഗീകരിച്ചില്ല. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമി ഇറസ്തോസ്തനീസ് കണ്ടുപിടിച്ച 46000 കിലോമീറ്ററിന് പകരം പോസിഡോണിയസ് എന്ന മറ്റൊരു ശാസ്ത്രജ്ഞൻ കണ്ടെത്തിയ 30000. കിലോമീറ്റര്‍ എന്ന അളവുപയോഗിച്ചു ലോകത്തിന്റെ ഒരു ഭൂപടം ഉണ്ടാക്കി. ടോളമി ഉണ്ടാക്കിയ ഈ ഭൂപടത്തിൽ ഏഷ്യ വളരെ വലുതായി യൂറോപ്പിന് തൊട്ടടുത്തെത്തുന്നത് പോലെ കാണപ്പെട്ടു. ഉത്തര ദക്ഷിണ അമേരിക്കകളും ശാന്ത മഹാ സമുദ്രവും അന്നത്തെ ഗ്രീക്കുകാർക്ക് അറിയില്ലായിരുന്നതിനാൽ ഈ ഭൂപടത്തിൽ അവയ്ക്ക് ഇടം കിട്ടിയില്ല. ഈ ഭൂപടമാണ് ആദ്യം പറഞ്ഞ കൊളംബസിന്റെ യാത്രയെ തകിടം മറിച്ചത്. ഏഷ്യയും യൂറോപ്പും അറ്റ്ലാന്റിക് സമുദ്രത്തിന്റെ അപ്പുറവും ഇപ്പുറവുമാണെന്നു തെറ്റിദ്ധരിച്ച കൊളംബസ് സ്പെയിനിൽ നിന്ന് ജപ്പാനിലേക്ക് യാത്ര തിരിച്ചു. എത്തിച്ചേർന്നതാകട്ടെ വടക്കേ അമേരിക്കയിലെ കരീബിയൻ ദ്വീപുസമൂഹത്തിലും. ഒരു തെറ്റായ ഭൂപടം ഉണ്ടാക്കിയ വിന!
അലക്‌സാൻഡ്രിയയിലെ മ്യൂസിയം നാലാം നൂറ്റാണ്ടിലെ റോമൻ അധിനിവേശത്തോടെ അഗ്നിക്കിരയാക്കപ്പെട്ടു. (യുദ്ധങ്ങളിൽ ഇപ്പോഴും ആദ്യം നശിപ്പിക്കപ്പെടുന്നത് മ്യൂസിയങ്ങളും ഗ്രന്ഥാലയങ്ങളുമാണെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? ഇറാഖ് യുദ്ധത്തിൽ നശിപ്പിക്കപ്പെട്ട ഗ്രന്ഥാലയങ്ങളും താലിബാൻ നശിപ്പിച്ച ബാമിയാനിലെ ബുദ്ധ പ്രതിമകളും ഇതിന്റെ ആധുനിക കാലത്തെ ഉദാഹരണങ്ങളാണ്. അധിനിവേശത്തിനിരയാകുന്ന ജനതയുടെ സംസ്കാരത്തെയും ചരിത്രത്തെയും പൂർണമായി ഇല്ലാതാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.) അലക്‌സാൻഡ്രിയയിലെ മ്യൂസിയത്തിന്റെ തകർച്ചയോടെ ശാസ്ത്രത്തിന്റെ വളർച്ച മുരടിച്ചു. പിന്നീട് വന്ന ഇരുണ്ട കാലഘട്ടങ്ങൾ ശാസ്ത്രചിന്ത ഇല്ലാതാക്കിയെന്നു തന്നെ പറയാം. ഭൂമി പരന്നതാണെന്നും ജറുസലേം ആണ് അതിന്റെ മദ്ധ്യം എന്നും ക്രിസ്തുമതം പ്രചരിപ്പിച്ചു. ഭൂമി സൂര്യന് ചുറ്റുമല്ല, സൂര്യൻ ഭൂമിക്കു ചുറ്റുമാണ് കറങ്ങുന്നതെന്നു പ്രഖ്യാപിക്കപ്പെട്ടു. സമുദ്രശാസ്ത്രം പിന്നീട് യൂറോപ്പിൽ വളർച്ച പുനരാരംഭിക്കുന്നത് ഇരുണ്ട കാലഘട്ടം അവസാനിച്ചതിന് ശേഷമുള്ള പതിമൂന്നും പതിനാലും നൂറ്റാണ്ടുകളിലാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ഏഷ്യ സന്ദർശിച്ച മാർക്കോ പോളോയുടെ കുറിപ്പുകളിലൂടെ സ്വർണവും പട്ടും സുഗന്ധവ്യഞ്ജനങ്ങളും നിറഞ്ഞ ഏഷ്യ യൂറോപ്യന്മാരുടെ സ്വപ്ന ഭൂമിയായി. ഏഷ്യയിലേക്കുണ്ടായിരുന്ന ദുർഘടമായ കരയാത്രയ്ക്ക് പകരമായി കടലിലൂടെ ഒരു വഴി കണ്ടെത്താൻ പല സാഹസികരും ശ്രമം തുടങ്ങി. രണ്ടു മാർഗങ്ങളായിരുന്നു അതിനുണ്ടായിരുന്നത്. ടോളമിയുടെ ഭൂപടം അവലംബമാക്കി അറ്റ്ലാന്റിക് സമുദ്രത്തെ മുറിച്ചു കടന്നു ഏഷ്യയിൽ എത്തുകയായിരുന്നു ഒരു മാർഗം. മറ്റൊന്ന് ആഫ്രിക്കൻ വൻകരയെ ചുറ്റി ഏഷ്യയിലേക്ക് ഒരു വഴി കണ്ടെത്തുക എന്നതായിരുന്നു. ഇങ്ങനെ പോകുന്നത് കൂടുതൽ അപകടരഹിതവും ലാഭകരവുമായിരുന്നു. ഏഷ്യയിൽ എത്തിയില്ലെങ്കിൽ പോലും ആഫ്രിക്കൻ തീരങ്ങളിൽ നിന്ന് അടിമകളെ കച്ചവടം ചെയ്യാൻ സാധിക്കും എന്നതിനാൽ യൂറോപ്യന്മാർ ഈ വഴിയാണ് കൂടുതൽ തിരഞ്ഞെടുത്തത്. പോർട്ടുഗലിലെ രാജകുമാരനായിരുന്ന ഹെൻറിയുടെ പിന്തുണയോടെ നടന്ന ഒരുപാടു സാഹസിക യാത്രകൾക്ക് ശേഷം ക്യാപ്റ്റൻ ബർത്തലോമിയോ ഡയസ് 1488ൽ ആഫ്രിക്കൻ വൻകരയെ ചുറ്റി ഏഷ്യയിലേക്കുള്ള വഴി കണ്ടു പിടിച്ചു. പത്തു വർഷങ്ങൾക്ക് ശേഷം 1498 മെയ് ഇരുപത്തിരണ്ടാം തീയതി വാസ്കോ ഡാ ഗാമ കോഴിക്കോട് കാപ്പാട് കടപ്പുറത്ത് എത്തി ഏഷ്യയിലേക്കുള്ള കടൽ മാർഗം പൂർത്തിയാക്കി.
ഈ സമയത്തു തന്നെയാണ് കൊളംബസ് സമുദ്രത്തെ മുറിച്ചു കടന്നുള്ള യാത്രയ്ക്ക് തയ്യാറെടുത്തത്. സ്പെയിനിലെ ഭരണാധികളായിരുന്ന ഫെർഡിനൻഡും ഇസബെല്ലയും ഈ യാത്രയ്ക്കാവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കി. 1492 ലെ ഈ യാത്രയാണ് കൊളംബസിന്റെയും അമേരിക്കൻ ഭൂഖണ്ഡത്തിലെ ആദിമ നിവാസികളുടെയും ജീവിതങ്ങളെ മാറ്റി മറിച്ചത്. കൊളംബസിനു ഏഷ്യയിലേക്കുള്ള വഴി മാത്രമായിരുന്നു തെറ്റിയതെങ്കിൽ കരീബിയൻ ദ്വീപു സമൂഹങ്ങളിലെ നിവാസികൾക്ക് അവരുടെ ജീവിതങ്ങൾ തന്നെ നഷ്ടപ്പെടാൻ ഈ യാത്ര കാരണമായി. കടൽക്ഷോഭത്തിൽപ്പെട്ട് തീരത്തടിഞ്ഞ സാന്താ മരിയ എന്ന കപ്പൽ എത്തിയത് ഹെയ്തി എന്ന ദ്വീപിലായിരുന്നു. പച്ചപ്പ് നിറഞ്ഞ കൃഷിയിടങ്ങളും സുന്ദരമായ തീരങ്ങളുമുള്ള ഹെയ്തി കൊളമ്പസിനെ സ്പെയിനിനെ ഓർമിപ്പിച്ചു. അയാൾ അതിനെ എസ്പാനിയോൾ (സ്പെയിനിന്റെ ദ്വീപ്) എന്ന് വിളിച്ചു. ബൈബിളിൽ സോളമൻ രാജാവിന് സ്വർണം എത്തിച്ചു കൊടുത്തതായി പറയപ്പെടുന്ന ഒഫിർ ആണ് തൻ കണ്ടുപിടിച്ചതെന്നു കൊളംബസ് വിശ്വസിച്ചു. സ്വർണം കൊണ്ടുള്ള ആഭരണങ്ങൾ ധരിച്ച അരവാക്ക് വംശജരായ ദ്വീപുവാസികൾ ആ വിശ്വാസത്തെ ബലപ്പെടുത്തി. ലോകത്തിലെ ഏറ്റവും നല്ലവരായ ആളുകളെന്നു കൊളംബസ് അവരെ വിശേഷിപ്പിച്ചു. കലഹങ്ങളും നിയമങ്ങളുമില്ലാതെ ജീവിച്ചിരുന്ന അരവാക്കുകൾ കൊളംബസിനു അയാൾ ആഗ്രഹിച്ച എല്ലാ വസ്തുക്കളും കൊടുത്തു സൽക്കരിച്ചു. എസ്പാനിയോളിൽ കോട്ടകൾ ഉണ്ടാക്കിയ കൊളംബസും സംഘവും സ്വർണത്തിനു വേണ്ടിയുള്ള അന്വേഷണം തുടങ്ങി. ദ്വീപു വാസികൾ തങ്ങൾക്കുള്ള സ്വർണമെല്ലാം കൊളംബസിനു നൽകേണ്ടി വന്നു. സ്വർണം കിട്ടാതായതോടെ യൂറോപ്യന്മാർ ദ്വീപുവാസികളെ കൊലപ്പെടുത്താനും അടിമകളായി വിൽക്കാനും ആരംഭിച്ചു. 14 വയസ്സിനു മുകളിലുള്ള ഓരോ അര്വാക്കും ഓരോ മൂന്ന് മാസത്തിലും നിശ്ചിത അളവ് സ്വർണം കൊണ്ട് വരണമെന്ന് കൊളംബസ് ഉത്തരവിട്ടു. സ്വർണം കൊണ്ടുവരാത്തവരെ ക്രൂരമായി കൊലപ്പെടുത്തി. 1490 കളിൽ ഒരു ലക്ഷത്തോളം ഉണ്ടായിരുന്ന അര്വാക്ക് വംശജരുടെ ജനസംഖ്യ 1540 ആയപ്പോഴേക്കും ഇരുന്നൂറിലേക്കെത്തി. പര്യവേക്ഷണങ്ങളുടെ ചരിത്രങ്ങൾ പലതും ഇങ്ങനെ നിരപരാധികളുടെ രക്തത്താൽ എഴുതപ്പെട്ടതാണ്.
ഇതേ സമയങ്ങളിൽ തന്നെ ചൈനക്കാരും സമുദ്രങ്ങളിലൂടെ സാഹസിക യാത്രകൾ നടത്തിയിരുന്നു. മിങ് സാമ്രാജ്യത്തിന്റെ സമ്പത്തും ശക്തിയും ലോകത്തെ അറിയിക്കുന്നതിന് വേണ്ടി ഴെങ് ഹായുടെ നേതൃത്വത്തിൽ 1400 കളിൽ നിരവധി യാത്രകൾ നടത്തപ്പെട്ടു. വാസ്കോ ഡാ ഗാമ കേരളത്തിൽ എത്തുന്നതിനും 77 വർഷങ്ങൾക്ക് മുൻപ് തന്നെ ഴെങ് ഹായുടെ നേതൃത്വത്തിലുള്ള ചൈനീസ് കപ്പലുകൾ കേരളത്തിൽ എത്തിയിരുനെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. മുസിരിസ്പട്ടണം പോലെയുള്ള പുരാതന കേരളനഗരങ്ങളിൽ നിന്നും പര്യവേക്ഷണം നടത്തിയ സംഘങ്ങൾക്ക് ലഭിച്ച ചൈന കളിമൺ പാത്രങ്ങളും നാണയങ്ങളും ഈ യാത്രകളുടെ തെളിവുകളാണ്.
കൊളംബസ് അമേരിക്കൻ വൻകരയിൽ കാലുകുത്തി ഏറെ കാലത്തിനു ശേഷമാണ് 1513ൽ നൂൻസ് ബൽബോവ ശാന്തമഹാസമുദ്രം (Pacific Ocean) കണ്ടുപിടിക്കുന്നത്. ആറു വർഷങ്ങൾക്ക് ശേഷം 1519 സെപ്തംബർ 20 ന് ഫെർഡിനൻറ് മഗല്ലൻ ഭൂമിയെ കപ്പലിൽ വലം വെയ്ക്കാനുള്ള സാഹസിക യാത്ര ആരംഭിച്ചു. തെക്കൻ സമുദ്രം എന്നറിയപ്പെട്ടിരുന്ന ശാന്ത സമുദ്രത്തിനു പസഫിക് എന്ന പേര് നൽകിയത് മഗല്ലൻ ആണ്. ശാന്തമായ കടലും അനുകൂലമായ കാറ്റുമാണ് മഗല്ലനെ ഇങ്ങനെയൊരു പേര് നല്കാൻ പ്രേരിപ്പിച്ചത്. മൂന്നു വർഷങ്ങൾക്ക് ശേഷം 1522 സെപ്തംബർ 6 നു ലോകത്തെ വലം വെച്ച് വിക്ടോറിയ എന്ന കപ്പൽ സ്പെയിനിൽ തിരിച്ചെത്തി. എന്നാൽ തിരിച്ചെത്തിയ കപ്പലിൽ മഗല്ലൻ ഉണ്ടായിരുന്നില്ല. 1521 ഏപ്രിൽ 21നു ഫിലിപ്പൈൻസിലെ മാക്ടാൻ ദ്വീപു നിവാസികളുമായുണ്ടായ ഏറ്റുമുട്ടലിൽ മഗല്ലൻ കൊല്ലപ്പെട്ടിരുന്നു. അഞ്ചു കപ്പലുകളും 270. പേരുമായി പുറപ്പെട്ട മഗല്ലന്റെ കപ്പലുകളിൽ തിരിച്ചെത്തിയത് വിക്ടോറിയയും 18 ആളുകളും മാത്രമായിരുന്നു.
ആധുനിക കാലം
ആധുനിക സമുദ്ര ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പര്യവേക്ഷണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതു ക്യാപ്റ്റൻ ജെയിംസ് കുക്കിന്റെ മൂന്നു യാത്രകളാണ്. അന്ന് വരെയുള്ള യാത്രകൾ സ്വർണത്തിനും അടിമകൾക്കും വേണ്ടിയായിരുന്നെങ്കിൽ സമുദ്രത്തെ ശാസ്ത്രീയമായി പഠിക്കുന്നതിനു വേണ്ടിയുള്ള യാത്രകൾ ആരംഭിക്കുന്നത് ഇംഗ്ലണ്ടിന്റെ റോയൽ നേവിയിലെ ക്യാപ്റ്റൻ ആയിരുന്ന കുക്കിന്റെ യാത്രകളോടെയാണ്. പസഫിക് സമുദ്രത്തിന്റെ അതിരുകൾ കണ്ടെത്താനും ആഴം അളക്കാനും ആഴക്കടലിലെ ജലത്തിന്റെ താപം അളക്കാനും എല്ലാം കുക്കിന്റെ യാത്രകൾക്ക് സാധിച്ചു. ഭൂപടത്തിൽ ഇല്ലാതിരുന്ന ഒരുപാട് ദ്വീപുകൾ കുക്ക് കണ്ടുപിടിച്ചു. 1779 ഫെബ്രുവരി 14നു തന്റെ മൂന്നാം യാത്രയ്ക്കിടെ ഹവായ് ദ്വീപു നിവാസികളുമായുണ്ടായ ഏറ്റുമുട്ടലിൽ കുക്ക് കൊല്ലപ്പെട്ടു.
പൂർണമായും ശാസ്ത്രീയ പഠനങ്ങൾക്ക് വേണ്ടി മാത്രമായ ആദ്യ സമുദ്ര പര്യവേക്ഷണം നടന്നത് 1872ലെ ചലഞ്ചർ പര്യവേക്ഷണത്തോടെയാണ്. ആധുനിക സമുദ്രശാസ്ത്രത്തിന്റെ അടിസ്ഥാനമിട്ടത് ഈ യാത്രയാണ്. പ്രകൃതിശാസ്ത്രജ്ഞനായിരുന്ന ജോൺ മുറേയും ചാൾസ് തോംസനുമായിരുന്നു ഈ യാത്രയുടെ അമരക്കാർ. നാല് വർഷം നീണ്ടു നിന്ന ഈ പര്യവേക്ഷണത്തിൽ 1,27,580 കിലോമീറ്ററുകൾ എച്ച്.എം.എസ്. ചലഞ്ചർ സഞ്ചരിച്ചു. എല്ലാ പ്രധാന സമുദ്രങ്ങളിലൂടെയും സഞ്ചരിച്ച ചലഞ്ചർ 492 സ്ഥലങ്ങളിൽ കടലിന്റെ ആഴമളന്നു. കടലിനടിയിൽ നിന്ന് മണ്ണും കല്ലുകളും ശേഖരിച്ചു. വിവിധ ആഴങ്ങളിൽ നിന്ന് താപം അളന്നു. 4700-ഓളം പുതിയ ജീവി വർഗങ്ങളെ കണ്ടുപിടിച്ചു. സമുദ്രത്തിലെ ഏറ്റവും ആഴമേറിയ സ്ഥലമായ മരിയാന ട്രെഞ്ച് (11.5. കിലോമീറ്റർ) കണ്ടെത്തിയതും ഈ പര്യവേക്ഷണമാണ്. അതിന്റെ ഓർമ്മയ്ക്കായാണ് ആ സ്ഥലത്തെ ചലഞ്ചർ ഡീപ് എന്ന് വിളിക്കുന്നത്. ചലഞ്ചർ പര്യവേക്ഷണത്തിന്റെ വിജയം പല രാജ്യങ്ങൾക്കും കൂടുതൽ സമുദ്ര പര്യവേക്ഷണങ്ങൾ നടത്താൻ പ്രചോദനമായി.
ആധുനിക സമുദ്ര ഭൗമശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് യുദ്ധങ്ങൾ ഒരു കാരണമായെന്ന് പറയാൻ സാധിക്കും. കടൽ വഴി ആക്രമണങ്ങൾ നടത്തുന്നതിനും അവയെ തടയുന്നതിനും സമുദ്രത്തെ പറ്റിയുള്ള അറിവ് അത്യാവശ്യമായിരുന്നു. അന്തർവാഹിനികൾ ഉപയോഗിച്ച ആക്രമണങ്ങൾ നടത്തുന്നതിന് കടലിന്റെ അടിത്തട്ടിനെയും ആഴത്തെയും അറിയണമായിരുന്നു. 1917ൽ ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് സമുദ്രത്തിന്റെ ആഴം കണ്ടെത്താനുപയോഗിക്കുന്ന എക്കോ സൗണ്ടർ കണ്ടുപിടിച്ചു. ഇതിന്റെ ഫലമായി കടലിന്റെ അടിത്തട്ട് പരന്നു കിടക്കുന്ന ഒന്നല്ലെന്നും അവിടെയും കുന്നുകളും ഗർത്തങ്ങളും ഉണ്ടെന്ന് മനസിലായി. ഈ കണ്ടുപിടിത്തം രണ്ടാം ലോക മഹായുദ്ധത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ജലനിരപ്പിലുള്ള കപ്പലുകൾക്ക് അന്തർവാഹിനികളെ കണ്ടെത്താനുള്ള സംവിധാനങ്ങൾ പോലെ തന്നെ അന്തർവാഹിനികൾക്ക് അവയുടെ കണ്ണിൽ പെടാതെ ഒളിക്കാനുള്ള ഉപകരണങ്ങളെപ്പറ്റിയും ഗവേഷണങ്ങൾ നിരവധി നടന്നു. ആഴത്തിനനുസരിച്ചുള്ള താപം അളക്കുന്ന ബാതിതെർമോഗ്രാഫ് ആയിരുന്നു ഇതിൽ പ്രധാനപ്പെട്ടത്. കടലിൽ താപത്തിൽ വ്യതിയാനം വരുന്ന ആഴം കണ്ടുപിടിച്ചു അവിടെ അന്തർവാഹിനികളെ വിന്യസിച്ചു ശത്രുക്കളുടെ കണ്ണിൽപ്പെടാതെ ആക്രമണം നടത്താൻ ഈ ഉപകരണം സൈനികരെ സഹായിച്ചു. ഇങ്ങനെ ശേഖരിച്ച അറിവുകൾ യുദ്ധത്തിന് ശേഷം സംഗ്രഹിച്ചാണ് ശാസ്ത്രജ്ഞർ സമുദ്രത്തിന്റെ താപഘടന കണ്ടെത്തിയത്. ലോക മഹായുദ്ധ സമയങ്ങളിൽ സൈനിക ആവശ്യങ്ങൾക്ക് വേണ്ടി ശേഖരിച്ച ഇങ്ങനെയുള്ള പല വിവരങ്ങളും സമുദ്ര ഭൗമശാസ്ത്രത്തിന്റെ വളർച്ചയിൽ നിർണായക കാൽവെയ്പുകളായി. കയർ കടലിലേക്ക് ഇറക്കി സമുദ്രത്തിന്റെ ആഴം കണ്ടെത്തിയിരുന്ന കാലത്തിൽ നിന്ന് വളർന്നു ഇന്ന് സമുദ്ര ഭൗമശാസ്ത്രത്തിൽ ആധുനികമായ നിരവധി ഉപകരണങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ അറിഞ്ഞതിലും ഒരുപാടു സമുദ്രങ്ങളെ പറ്റി ഇനിയും അറിയാനുണ്ട്.