Read Time:13 Minute
ജി.സാജൻ

ഹിരോഷിമ: ചരിത്രത്തിന്റെ കണ്ണുനീർ

1945 ഓഗസ്റ്റ് 6

ലോക ചരിത്രത്തിൽ നിന്ന് ഒരു കാലത്തും ഈ ദിനം മാഞ്ഞുപോവില്ല.

അണുധൂളി പ്രവാഹത്തിൻ അവിശുദ്ധ ദിനമെന്നു കവി വിശേഷിപ്പിച്ച ഈ ദിവസമാണ് അമേരിക്ക ഹിരോഷിമയിൽ ആദ്യത്തെ അണുബോംബ് വർഷിക്കുന്നത്. ഹിരോഷിമയിലും നാഗസാക്കിയിലുമായി മൂന്നര ലക്ഷം മനുഷ്യരെ കൊന്നത് ഈ അണുബോംബുകളാണ്. ആണവ വികിരണം സൃഷ്ടിച്ച പ്രശ്നങ്ങൾ വര്ഷങ്ങളോളം നീണ്ടുനിന്നു. ബോംബിട്ട ദിവസവും തുടർന്നുള്ള ആഴ്ചകളിലും മാത്രമല്ല ദശകങ്ങളോളം പലതരം ക്യാൻസറുകളും അനുബന്ധ രോഗങ്ങളും ഒരു ജനതയെ ഭയത്തിലേക്കും മാനസിക വിഭ്രാന്തിയിലേക്കും തള്ളിവിട്ടു. വികിരണത്തിന്റെ തീഷ്ണ ഫലങ്ങൾ അനുഭവിക്കുന്നവരെ ജാപ്പനീസ് ഭാഷയിൽ ഹിബാക്കുഷ എന്നാണ് വിളിക്കുന്നത്. ആറര ലക്ഷം ആളുകൾ ഇത്തരത്തിൽ ഉണ്ടായിരുന്നു എന്നാണ് കണക്ക്.

രാഷ്ട്രീയ നേതൃത്വത്തോടൊപ്പം ശാസ്ത്രലോകവും പ്രതിക്കൂട്ടിൽ നിന്ന ഏറ്റവും ദുഖകരമായ ചരിത്ര നിമിഷങ്ങളിൽ ഒന്നാണിത്. ഒരു ഭാഗത്തു സാമ്രാജ്യത്വത്തിന്റെ അത്യാർത്തി മാനവ വംശത്തിന്റെ അവസാനത്തിലേക്കു തന്നെ നയിച്ചേക്കാവുന്ന ഒരു പ്രതിസന്ധിയിലേക്ക് ലോകത്തെ എത്തിച്ചു. മറുഭാഗത്തു മനുഷ്യൻ അതേവരെ നടത്തിയ വൈജ്ഞാനിക അന്വേഷണങ്ങൾ പ്രപഞ്ചത്തിന്റെ രഹസ്യങ്ങളിലേക്കു കടക്കാനുള്ള താക്കോൽ മനുഷ്യന് സമ്മാനിക്കുകയും ചെയ്തു. ഒരു ഭാഗത്തു അപാരമായ സാധ്യതകളുടെ വിശാല ഭൂമി. മറുഭാഗത്തു നാം വസിക്കുന്ന ഭൂമിയെ തന്നെ തകർക്കാൻ കെല്പുള്ള ആയുധങ്ങളുടെ സൃഷ്ടി.

ജപ്പാനിലെ ഓരു സഡാക്കോ ശിൽപ്പം

സഡാക്കോയും ആയിരം കൊക്കുകളും

ഹിരോഷിമ എന്ന് പറയുമ്പോൾ എന്റെ മുൻപിൽ രണ്ടു മുഖങ്ങൾ തെളിയുന്നു. ഒന്ന് സഡാക്കോ സസാക്കി എന്ന് പേരുള്ള ഒരു ജാപ്പനീസ് പെൺകുട്ടി മറ്റൊന്ന് റോബർട് ജെ ഓപ്പൺഹൈമർ എന്ന വിശ്രുത ശാസ്ത്രജ്ഞൻ. ആദ്യത്തെ ചിത്രത്തിൽ നാം കാണുന്നത് ആശുപത്രി കിടക്കയിലിരുന്ന് ചെറിയ കടലാസ്സ് കൊക്കുകളെ ഉണ്ടാക്കുന്ന സഡാക്കോയെ ആണ്. 1945 ഓഗസ്റ്റ് 6 എന്ന ആ നശിച്ച ദിവസം ബോംബ് വീഴുന്ന സ്ഥലത്തിന് ഒന്നര കിലോമീറ്റര് മാത്രം അകലെയുള്ള തന്റെ വീട്ടിലെ കട്ടിലിൽ കിടക്കുകയായിരുന്നു സഡാക്കോ. ബോംബിന്റെ ആഘാതത്തിൽ അവൾ തെറിച്ചു വീട്ടിനു പുറത്തു വീണു. അവളെ രക്ഷിച്ചു തിരിച്ചോടുമ്പോൾ അവളും അമ്മയും അണുധൂളി പ്രവാഹത്തിന്റെ കറുത്ത മഴയിൽ മുങ്ങിപ്പോയി. പിന്നീട് അവൾ ജീവിക്കുന്നത് ഹിബാക്കുഷ എന്നറിയപ്പെടുന്ന അണുബോംബിന്റെ ഇരയായാണ്.

രക്താർബുദം ബാധിച്ചു ആശുപത്രി കിടക്കയിൽ കിടക്കുമ്പോൾ അവളുടെ കൂട്ടുകാരി ചിസുകോ അവളോട് ഒരു കഥ പറഞ്ഞു. ആയിരം കടലാസ് കൊക്കുകളെ ഉണ്ടാക്കിയാൽ അവളുടെ ആഗ്രഹം സഫലമാകും എന്നായിരുന്നു കഥയുടെ സന്ദേശം. അങ്ങനെ അവൾ ആശുപത്രി കിടക്കയിലിരുന്നു കടലാസ് കൊക്കുകൾ ഉണ്ടാക്കി തുടങ്ങി.
വേഗതയേറിയ ഒരു ഓട്ടക്കാരി ആവണം എന്നായിരുന്നു ചെറിയ പ്രായത്തിൽ അവളുടെ ആഗ്രഹം. സ്ഥിരോത്സാഹിയായിരുന്ന സഡാക്കോക്ക് ആയിരം കൊക്കുകളെ ഉണ്ടാക്കുക ഒട്ടും കഠിനമായി തോന്നിയില്ല. ആശുപത്രിയിൽ കിട്ടിയ എല്ലാത്തരം കടലാസുകളും ഉപയോഗിച്ച് അവൾ കൊക്കുകളെ നിർമിച്ചു തുടങ്ങി. ആയിരം കൊക്കുകൾ അവൾ ഉണ്ടാക്കിയോ? അറിയില്ല. എന്നാൽ ഈ പ്രയത്നം പൂർണമാവുന്നതിനു മുൻപ് പന്ത്രണ്ടാമത്തെ വയസ്സിൽ സഡാക്കോ മരിച്ചു.

എന്നാൽ ഇവളുടെ കഥ ലോകമെമ്പാടുമുള്ള യുദ്ധ വിരോധികളായ മനുഷ്യരെയും കുട്ടികളെയും പ്രചോദിപ്പിച്ചു. അണു ബോംബിനും യുദ്ധത്തിനുമെതിരെ ലോകമെങ്ങും നിന്നുള്ള ആയിരക്കണക്കിന് കുട്ടികൾ കടലാസ് കൊക്കുകളുണ്ടാക്കി തങ്ങളുടെ ഭരണാധികാരികൾക്ക് അയച്ചു കൊടുത്തു. സഡാക്കോ തന്റെ കടലാസ് കൊക്കുമായിരിക്കുന്ന പ്രതിമ ഇപ്പോൾ ഹിരോഷിമയുടെ നഗര ചത്വരത്തിലുണ്ട്. യുദ്ധ വിരുദ്ധവും മാനവിക സ്നേഹത്തിൽ അധിഷ്ഠിതവുമായ ഒരു ദർശനത്തിന്റെ പ്രതീകമായി സഡാക്കോ ഇന്ന് മാറിയിരിക്കുന്നു.

ദിവി സൂര്യ സഹസ്രസ്യ ..

ഇനി നമുക്ക് മറ്റൊരു ചിത്രം നോക്കാം..അത് ലോക പ്രശസ്തനായ ഒരു ശാസ്ത്രജ്ഞനാണ്. റോബർട്ട് ഓപ്പൺഹൈമർ എന്നാണു അദ്ദേഹത്തിന്റെ പേര്. ശാസ്ത്ര ചരിത്രത്തിൽ ഐന്സ്റ്റൈനും നീൽസ് ബോറിനും മാക്സ് പ്ലാങ്കിനുമൊക്കെ സമശീർഷൻ. അയാൾ ശാസ്ത്രജ്ഞൻ മാത്രമല്ല കവിയുമായിരുന്നു. പരീക്ഷണ ശാലയ്ക്ക് പുറത്തു അയാൾ നരകത്തിൽ സത്യം തേടിയലഞ്ഞ ദാന്തേയെക്കുറിച്ചു വാചാലനാകും.

സഹ പ്രവർത്തകനായ പോൾ ഡിറാക് ഒരിക്കൽ ഓപ്പൺഹൈമറോടു ചോദിച്ചു:

“താൻ ഭൗതിക ഗവേഷണത്തോടൊപ്പം കവിതയും എഴുതും എന്ന് കേട്ടല്ലോ. അതെങ്ങനെയാണ് സാധിക്കുക? ശാസ്ത്രത്തിൽ, ഇതേവരെ അറിയപ്പെടാത്ത വസ്തുതകൾ കണ്ടെത്തി മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കുന്നു. സാഹിത്യത്തിൽ നേരെ തിരിച്ചും.”

റോബർട്ട് ഓപ്പൺഹൈമർ

കവിയും സംസ്കാര സമ്പന്നനും മനുഷ്യസ്നേഹ ചിന്തകളാൽ പ്രചോദിതനുമായ ഇദ്ദേഹമാണ് പിന്നീട് അണുബോംബിന്റെ പിതാവ് എന്നറിയപ്പെട്ടത്. അണുബോംബിന്റെ നിർമാണത്തിനായി മൻഹാട്ടൻ പ്രൊജക്ടിൽ പങ്കെടുത്ത ശാസ്ത്രജ്ഞരിൽ പലരും ഒരു ബോംബ് സ്ഫോടനം കണ്ടിട്ടില്ല. ഹിരോഷിമയോ നാഗസാക്കിയോ സന്ദർശിച്ചിട്ടില്ല. നാശോന്മുഖത പത്തി വിടർത്തി നിൽക്കുന്ന ചിത്രങ്ങൾ കാണാൻ വിസമ്മതിച്ചിട്ടേ ഉള്ളൂ. ബോംബിന് വേണ്ടിയുള്ള ഗവേഷണം അവർക്കു ഒരുയർന്ന ഗണിത സമീകരണത്തിന്റെ നിർധാരണത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണ്.

അണുബോംബിന്റെ ആദ്യ പരീക്ഷണം നടക്കുമ്പോൾ ഒരു വലിയ കൂണിന്റെ ആകൃതിയിൽ പുക മുകളിലേക്ക് ഉയർന്നപ്പോൾ ഓപ്പൺഹൈമറിന്റെ മനസ്സിൽ ആദ്യം വന്നത് ഭഗവദ് ഗീതയിൽ നിന്നുള്ള നാല് വരികളായിരുന്നു.

ദിവി സൂര്യ സഹസ്രസ്യ .. എന്ന് തുടങ്ങുന്ന ഒരു ശ്ലോകം…ആയിരം സൂര്യന്മാർ ഒരുമിച്ചു ആകാശത്തുണ്ടാക്കുന്ന വിസ്‌ഫോടനമാണ് കൃഷ്ണന്റെ വിരാട് രൂപം കണ്ടപ്പോൾ അർജുനന് തോന്നിയത്. അതേ തോന്നലാണ് ഓപ്പൺ ഹൈമർക്കും ഉണ്ടായത്. ഈ ശ്ലോകം അവസാനിക്കുന്നതാകട്ടെ ‘ഞാനാണ് മരണം..എല്ലാ ലോകങ്ങളുടെയും തകർച്ച..’ എന്നുമാണ്. ഈ ദർശനം ഉണ്ടായെങ്കിലും ബോംബിന്റെ പൂർണമായ നിർമാണത്തിന് ഓപ്പൺ ഹൈമറെ അതൊന്നും തടസപ്പെടുത്തിയില്ല. അദ്ദേഹത്തിന് അതൊരു ശാസ്ത്ര പരീക്ഷണം മാത്രം.

സത്യത്തിൽ രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിക്കാൻ അണുബോംബിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ലോക രാഷ്ട്രീയത്തിൽ തങ്ങളുടെ അധീശത്വം ഉറപ്പിക്കാൻ അമേരിക്കക്ക് ഇതാവശ്യമായിരുന്നു എന്ന് മാത്രം.

സത്യത്തിൽ രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിക്കാൻ അണുബോംബിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ലോക രാഷ്ട്രീയത്തിൽ തങ്ങളുടെ അധീശത്വം ഉറപ്പിക്കാൻ അമേരിക്കക്ക് ഇതാവശ്യമായിരുന്നു എന്ന് മാത്രം.

ഹിരോഷിമയുടെ കഥ ശാസ്ത്രത്തിന്റെ ആത്മാന്വേഷണത്തിന്റെ കഥ കൂടിയാണ്. മനുഷ്യരാശിയുടെ ചരിത്രം തന്നെ മാറ്റിമറിച്ച കണ്ടുപിടുത്തമായിരുന്നു അണുവിന്റെ വിഭജനം. പ്രപഞ്ചത്തിന്റെ അതേവരെ അപ്രാപ്യമായിരുന്ന രഹസ്യങ്ങളിലേക്ക് മനുഷ്യനെ കടന്നു കയറാൻ സഹായിച്ച ഗവേഷണങ്ങളാണ് ഫിസിക്സിന്റെ മേഖലയിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടന്നത്. കോപ്പർനിക്കസിനും ന്യൂട്ടനും ശേഷം ദ്രവ്യത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള മനുഷ്യന്റെ അന്വേഷണങ്ങളിൽ നടന്ന ഏറ്റവും ഉജ്ജ്വലമായ അധ്യായം. എന്നാൽ അതവസാനിച്ചത് മനുഷ്യ വംശത്തിനു സ്വന്തം ധാർമികതയെക്കുറിച്ചു തന്നെ ഉണ്ടായ കടുത്ത അവിശ്വാസത്തിലാണ്.

ശാസ്ത്രവും ഭരണകൂടവും തമ്മിലുള്ളത് പലപ്പോഴും അവിശുദ്ധമായ ബന്ധമാണ്. പലപ്പോഴും ഭരണകൂടത്തിന്റെ ആജ്ഞാനുവർത്തികളായി ശാസ്ത്രജ്ഞർ മാറിയ ചരിത്രം പോലുമുണ്ട്. ഹിറ്റ്ലർ അണുബോംബ് സൃഷ്ടിക്കും എന്ന ആശങ്കയാണ് അമേരിക്കയും ആണവ ഗവേഷണത്തിലേക്കു തിരിയണം എന്ന് നിർദേശിക്കാൻ ഐൻസ്റ്റൈൻ അടക്കമുള്ളവർക്ക് പ്രേരണയായത്. എന്നാൽ ഉയർന്ന ധാർമിക ബോധം ഉയർത്തിപ്പിടിച്ചു ഭരണകൂടത്തെ ധിക്കരിച്ച ശാസ്ത്രജ്ഞന്മാർ നാസി ഭരണകൂടത്തിന് കീഴിലുണ്ടായിരുന്നു. അവരാണ് നാസികൾ അണുബോംബ് സൃഷ്ടിക്കുന്നില്ല എന്നുറപ്പു വരുത്തിയത്.
ഫാഷിസ്റ് ഭരണകൂടങ്ങളെ ധിക്കരിക്കുന്നതിൽ ഉയർന്ന ധാർമിക മൂല്യമുണ്ട് എന്നാണ് പ്രശസ്‌ത ചിന്തകനായ Two Cultures എന്ന പ്രശസ്തമായ പ്രബന്ധത്തിൽ സി പി സ്നോ പറയുന്നത്.
ആണവ നിരായുധീകരണത്തിന്റെ സന്ദേശവുമായി ശാസ്ത്രജ്ഞരുടെയും ചിന്തകരുടെയും നേതൃത്വത്തിൽ ഉണ്ടായ പഗ് വാഷ് (PUGWASH) പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ബെർട്രാൻഡ് റസലും ജൂലിയോ ക്യൂറിയും കാൾ പോളിങ്ങും അടക്കമുള്ളവരായിരുന്നു.

ഹിരോഷിമയുടെ ചരിത്രത്തിൽ നിന്ന് നാം പഠിക്കേണ്ട പാഠം ഭരണകൂട ഭീകരതയെ ചെറുക്കുന്നതിൽ ശാസ്ത്ര സമൂഹത്തിനുള്ള പങ്ക് വളരെ പ്രധാനമാണ് എന്നാണ്. സമകാലീന ഇന്ത്യയിൽ ഈ ചോദ്യം ഉയർന്നു വരിക തന്നെ ചെയ്യും.


Sadako and the Thousand Paper Cranes – ഒരു സഡാക്കോ പാട്ട് കേൾക്കാം…

 

Happy
Happy
25 %
Sad
Sad
55 %
Excited
Excited
5 %
Sleepy
Sleepy
0 %
Angry
Angry
3 %
Surprise
Surprise
13 %

Leave a Reply

Previous post ജനിതകം to ജീനോമികം – ഡോ.കെ.പി. അരവിന്ദൻ LUCA TALK
Next post എപ്പിജെനിറ്റിക്സ് – നേരും പതിരും LUCA TALK
Close