Read Time:64 Minute

വൈവിധ്യമാർന്ന സസ്യങ്ങൾ, പക്ഷി-മൃഗാദികൾ, സൂക്ഷ്മാണുക്കൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ജൈവവൈവിധ്യത്തെ  നാം മനസ്സിലാക്കുന്നത്.  കാർഷിക  വിളകളുടെയും വളർത്തുമൃഗങ്ങളുടെയും   സ്പീഷീസുകൾ, ഇനങ്ങൾ എന്നിവയുടെ വൈവിധ്യവും അവയുടെ വിഭിന്നമായ ആവാസവ്യവസ്ഥകളുമൊക്കെ ജൈവവൈവിധ്യത്തിന്റെ ഭാഗമാണ്. അതുപോലെതന്നെ, ജലസ്രോതസ്സുകളെയും, കാർഷികോൽപ്പാദനത്തിനായി സ്വീകരിക്കുന്ന വ്യത്യസ്തരീതികളെയും, മനുഷ്യരുടെ ഇടപെടലുകളെ സ്വാധീനിക്കുന്ന സാംസ്കാരിക വൈവിധ്യത്തെയുമെല്ലാം ജൈവവൈവിധ്യത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്.  പ്രാദേശികപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുരൂപമായ തരത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും വികസിച്ചുവന്ന പുരാതന കാർഷികസമ്പ്രദായങ്ങളിൽ ചിലതെങ്കിലും ജനപ്പെരുപ്പത്തെയും ആധുനിക വികസനസമ്മർദ്ദങ്ങളെയും അതിജീവിച്ച് ഇന്നും നിലനിൽക്കുന്നുണ്ട്. അവയിൽ കാലത്തിനനുസരിച്ചുള്ള പരിഷ്കരണങ്ങൾക്ക് വിധേയമായി ഭക്ഷ്യസുരക്ഷയും ജീവനസുരക്ഷയും ഉറപ്പുവരുത്തുന്നതിന് സഹായിക്കുന്നവയുമുണ്ട്. ഇവയിൽ പലതിനെയും   പൈതൃക കാർഷികസമ്പ്രദായങ്ങളായി അംഗീകരിച്ചു  സംരക്ഷിക്കേണ്ടതുണ്ട്.  

പൈതൃക കാർഷിക സമ്പ്രദായങ്ങൾ  

ഓരോ പൈതൃക കാർഷികവ്യവസ്ഥയ്ക്കും അതിന്റേതായ വികസനത്തിന്റെ കഥയുണ്ടാകും.  ഭക്ഷ്യസുരക്ഷയും ഉപജീവനസുരക്ഷയും കൂടാതെ മനുഷ്യക്ഷേമവും ഉയർന്ന ജീവിതനിലവാരവും ഉറപ്പു വരുത്തുന്നതിലും അവ മഹത്തായ പങ്ക് വഹിക്കുന്നു. മാത്രമല്ല, പ്രാദേശിക, ദേശീയ, ആഗോള തലങ്ങളിൽ മറ്റ് പാരിസ്ഥിതിക ഉൽപ്പന്നങ്ങളും സേവനങ്ങളും നല്കാനുളള അവയുടെ ഇന്നത്തെയും ഭാവിയിലെയും കഴിവും വേറിട്ട് നിൽക്കുന്നു. ചിലപ്പോഴൊക്കെ അവ സംസ്കാരത്തിന്റെ  ഭാഗമായി മാറുന്നതും കാണാം.  കാലാവസ്ഥയുമായുള്ള പൊരുത്തപ്പെടലും (adaptation) ലഘൂകരണവും (mitigation) മാത്രമല്ല, മണ്ണ്, ജലം, ജൈവവൈവിധ്യം എന്നിവയുടെ സംരക്ഷണത്തിലും അവ ഇടപെടുന്നുണ്ട്.     

ലോകത്തിന്റെ പലഭാഗങ്ങളിലും വർഷങ്ങളായി പരിപാലിക്കപ്പെടുന്ന ചില കാർഷികവ്യവസ്ഥകൾ  ആധുനികകൃഷി നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നിരവധി ഉൾക്കാഴ്ചകൾ നൽകുന്നു. കൃഷിയുടെ ആവിർഭാവത്തിനുശേഷം കർഷകരും, ആട്ടിടയന്മാരും, കാലിമേച്ചിൽകാരും, മത്സ്യത്തൊഴിലാളികളുമൊക്കെ വൈവിധ്യമാർന്നതും പ്രാദേശിക ഭൂപ്രകൃതിയുമായി പൊരുത്തപ്പെടുന്നതുമായ നിരവധി കാർഷികസമ്പ്രദായങ്ങൾ വികസിപ്പിച്ചെടുക്കുകയും സമർത്ഥമായി പുത്തൻ സാങ്കേതികവിദ്യകൾ അവയോടു കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സുസ്ഥിര സംവിധാനങ്ങളിൽ പലതും ഇപ്പോൾ പൈതൃക കാർഷികസമ്പ്രദായങ്ങളായി (Agricultural Heritage Systems, AHS) അംഗീകരിക്കപ്പെട്ടിരിക്കുന്നു. 

ഫിലിപ്പൈൻസിലെ പ്രശസ്തമായ ഇഫുഗാവോ നെൽകൃഷി ടെറസ്സുകൾ, ചൈനയിലെ ഫുഷൗ പ്രവിശ്യയിലെ ജാസ്മിൻ-തേയില കൃഷി സമ്പ്രദായം, ബംഗ്ലാദേശിലെ ഫ്ലോട്ടിംഗ് ഗാർഡൻ കൃഷിരീതികൾ, ഇറാന്റെ കഷൻ പ്രദേശത്തെ ഖാനറ്റ് (qanat) ജലസേചന സംവിധാനങ്ങൾ തുടങ്ങി  ലോകപ്രശസ്തി  നേടിയ ചില സംവിധാനങ്ങളെ 2005 മുതൽ ലോക ഭക്ഷ്യ-കാർഷിക സംഘടന (FAO) ആഗോളപ്രാധാന്യമുള്ള പൈതൃക കാർഷികസമ്പ്രദായങ്ങളായി  (Globally Important Agricultural Heritage Systems, GIAHS) ആയി പ്രഖ്യാപിച്ചുവരുന്നുണ്ട്. നിലവിൽ, 28 രാജ്യങ്ങളിലായി 89 GIAHS ഉണ്ട്(2). ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഇവ കാർഷിക ജൈവവൈവിധ്യം, പ്രതിരോധശേഷിയുള്ള ആവാസവ്യവസ്ഥകൾ, മൂല്യവത്തായ സാംസ്കാരിക പൈതൃകം എന്നിവ സമന്വയിപ്പിക്കുന്ന മികച്ച കാർഷിക സംവിധാനങ്ങളാണ്.

ഇന്ത്യയിൽ, മൂന്ന് കാർഷികസമ്പ്രദായങ്ങളെ GIAHS ആയി പ്രഖ്യാപിച്ചിട്ടുണ്ട്. 

  • കേരളത്തിലെ സമുദ്രനിരപ്പിന് താഴെയുള്ള കുട്ടനാട് കൃഷി സമ്പ്രദായം
  • ഒഡീഷയിലെ കോരാപുട്ട് പരമ്പരാഗത കൃഷി 
  • കാശ്മീരിലെ പാംപോർ കുങ്കുമപൂവ് കൃഷി  സംവിധാനം

പൈതൃക കാർഷികസമ്പ്രദായങ്ങളെ എങ്ങിനെ തിരിച്ചറിയും?

ആഗോളപ്രാധാന്യമുളള നിരവധി കാർഷിക സംവിധാനങ്ങൾ ഇന്ത്യയിലുണ്ട്. അവ തിരിച്ചറിഞ്ഞ് ലോക ഭക്ഷ്യ-കാർഷിക സംഘടനയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത് നന്നായിരിക്കും. ദേശീയതലത്തിൽ  അല്ലെങ്കിൽ പ്രാദേശിക തലത്തിൽ പൈതൃക പ്രാധാന്യമുള്ള കാർഷിക സംവിധാനങ്ങൾ തിരിച്ചറിയുന്നതിന് കർഷകരും കാർഷികശാസ്ത്രജ്ഞരും ചേർന്നുള്ള പങ്കാളിത്ത രീതി സ്വീകരിക്കുന്നത് നന്നായിരിക്കും. പൈതൃക മൂല്യങ്ങൾ തിരിച്ചറിയുന്നതിന് ഇനിപ്പറയുന്ന അഞ്ച് പൊതു മാനദണ്ഡങ്ങൾ ഉപയോഗിക്കാം (1)

1. ഭക്ഷ്യസുരക്ഷയ്ക്കും ഉപജീവനസുരക്ഷയ്ക്കും ഉതകുന്നവയായിരിക്കണം 

സാധാരണഗതിയിൽ, പൈതൃക സമ്പ്രദായങ്ങൾ തുടരുന്ന കർഷകർ, നിലവിലുള്ള പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ വിളകളുടെയും മൃഗങ്ങളുടെയും പാരിസ്ഥിതിക പ്രവർത്തനങ്ങളുടെ പരസ്പര പ്രയോജനങ്ങൾ ഉത്തമമാക്കി കാര്യക്ഷമവും സുസ്ഥിരവുമായ ഉൽപാദന സംവിധാനങ്ങൾ വികസിപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ടാവും. ഉദാഹരണത്തിന്, കുട്ടനാട്ടിലെ നെൽകൃഷി.  സമുദ്രനിരപ്പിന് താഴെയുള്ള പാടശേഖരങ്ങൾ വർഷം മുഴുവനും വെള്ളത്തിനടിയിലായി കിടക്കുന്ന അവസ്ഥയിൽ വെള്ളം വാർത്തുകളഞ്ഞ് നെല്ല് ഉൽപ്പാദിപ്പിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ പ്രാദേശികമായി രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞു.     

2. സമ്പന്നവും അതുല്യവുമായ കാർഷിക ജൈവവൈവിധ്യം

പരിഗണിക്കുന്ന കാർഷികസമ്പ്രദായം സമ്പന്നവും അതുല്യവുമായ കാർഷിക ജൈവവൈവിധ്യം പ്രതിഫലിപ്പിക്കണം. ഉദാഹരണത്തിന്, വിളകളുടെ സ്പീഷിസുകൾ, ഇനങ്ങൾ, കർഷകരുടെ ഇനങ്ങൾ, വിള പരിവര്‍ത്തനം (crop rotation), ബഹുവിളക്കൃഷി, മുതലായവ. വിളവ് സുസ്ഥിരമാക്കാനും ഉൽപ്പാദനവും ആവാസവ്യവസ്ഥാ സേവനങ്ങളും വർദ്ധിപ്പിക്കാനും നിരവധി വിളകളെയും ഇനങ്ങളെയും സംരക്ഷിച്ചും, വളർത്തിയും വിളനാശത്തിന്റെ സാധ്യത കുറയ്ക്കാനുമുള്ള കർഷകരുടെ ശ്രമങ്ങളുടെ ഫലമാണിത്. ജനിതക വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ തന്ത്രം കർഷകർക്ക് കീടങ്ങൾ, രോഗങ്ങൾ, വരൾച്ച, മറ്റ് സമ്മർദ്ദങ്ങൾ എന്നിവയിൽ നിന്ന് സുരക്ഷിതത്വം നൽകുന്നു. കേരളത്തിലെ പുരയിടയധിഷ്ഠിത കൃഷി സമ്പ്രദായം മികച്ച ഒരു ഉദാഹരണമാണ്. 

3. പരമ്പരാഗത അറിവുകളും സാങ്കേതികവിദ്യകളും 

പൈതൃക കാർഷികസമ്പ്രദായങ്ങൾ തുടരുന്ന കർഷകർക്ക് അവർ താമസിക്കുന്ന പ്രാദേശിക പാരിസ്ഥിതിക വ്യവസ്ഥകളുടെ സങ്കീർണതകളെക്കുറിച്ച് വിശാലമായ അറിവുണ്ടാകും. സസ്യങ്ങൾ, മൃഗങ്ങൾ, മണ്ണ്, പൊതുപരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള അറിവ് തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന നിരീക്ഷണങ്ങളുടെ ഒരു നീണ്ട പരമ്പരയിലൂടെ ശേഖരിക്കപ്പെട്ടതാണ്. നല്ലൊരു ഉദാഹരണം ശക്തമായി തിരയടിക്കുന്ന ഇന്ത്യയുടെ കിഴക്കൻ തീരത്തെ മൽസ്യബന്ധനത്തിന്‌ അനുയോജ്യമായ തരത്തിൽ രൂപപ്പെട്ടുവന്ന കട്ടമരം അഥവാ ചാളത്തടിയാണ്. പ്രാദേശികമായ പ്രകൃതിവിഭവങ്ങൾ, തദ്ദേശീയ സാങ്കേതികവിദ്യകൾ, പ്രകൃതിവിഭവങ്ങളുടെയും ഭൂപ്രകൃതിയുടെയും മാനേജ്മെന്റ് സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട അറിവ് സംരക്ഷിക്കാൻ ഈ സംവിധാനം സഹായിക്കുന്നു. 

4. ശക്തമായ സാംസ്കാരിക മൂല്യങ്ങളും, വിഭവ വിനിയോഗത്തിനും വിജ്ഞാന കൈമാറ്റത്തിനുമുള്ള സാമൂഹിക വ്യവസ്ഥയുടെ കൂട്ടായ രൂപങ്ങളും, മൂല്യ വ്യവസ്ഥകളും 

ഒരു പ്രത്യേക സമ്പ്രദായത്തിന് അനുയോജ്യമായ കാർഷിക സംവിധാനങ്ങളുടെ വികസനത്തോടൊപ്പം, സാമൂഹിക വ്യവസ്ഥ, മൂല്യവ്യവസ്ഥ, റിസോഴ്സ് മാനേജ്മെന്റ് രീതികളുടെയും ഭക്ഷ്യ ഉൽപ്പാദന സാങ്കേതികവിദ്യകളുടെയും ഭാഗമായ സാംസ്കാരിക രീതികൾ എന്നിവയും കാലക്രമത്തിൽ വികസിച്ചുവന്നിട്ടുണ്ടാകണം. ഗ്രാമീണ സമൂഹങ്ങളിൽ ഉൾച്ചേർത്ത ഈ സാമൂഹിക വ്യവസ്ഥകൾ തങ്ങളുടെ പരമ്പരാഗത അറിവുകൾ വരും തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്നതിനു വഴിയൊരുക്കിയിട്ടുണ്ടാവും. മിക്ക കാർഷികസമ്പ്രദായങ്ങളിലും കാർഷിക രീതികൾ, പരിസ്ഥിതി, ഉത്സവങ്ങൾ, ആചാരങ്ങൾ എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

5. ഭൂ-ജല മാനേജ്‌മെന്റിന്റെ സമർത്ഥമായ സംവിധാനങ്ങളിൽ നിന്നും സാങ്കേതികവിദ്യകളിൽ നിന്നും ഉരുത്തിരിഞ്ഞ ശ്രദ്ധേയമായ ഭൂപ്രകൃതിയും മറ്റ് സവിശേഷതകളും.

നമ്മുടെ പൂർവ്വികർ തങ്ങൾക്കാവശ്യമായ കാർഷികോൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് പ്രകൃതിയെയും പരിസ്ഥിതിയെയും  പലവിധത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ എണ്ണം വർദ്ധിച്ചുവന്നതോടെ, നദീതീരങ്ങളും നിരപ്പുഭൂമിയും മാത്രമല്ല കുന്നുകൾ, മലകൾ, തണ്ണീർത്തടങ്ങൾ, പ്രകൃതിദത്ത ജലപ്രവാഹങ്ങൾ എന്നിവയെ  സംയോജിപ്പിച്ചുകൊണ്ട് നിരപ്പുതട്ടുകൾ, കയ്യാലകൾ,   ചിറകൾ, സമ്മിശ്രവിള സമ്പ്രദായങ്ങൾ എന്നിങ്ങനെ മികച്ച ഭക്ഷ്യോത്പാദന സംവിധാനങ്ങൾ ഉടലെടുത്തു. ജനങ്ങൾ തമ്മിലുള്ള ദീർഘകാല ഇടപെടലുകൾ സംസ്‌കാരങ്ങളുടെയും ഭൂപ്രകൃതിയുടെയും വിശാലമായ ശ്രേണിയും മണ്ണും വെള്ളവും കൈകാര്യം ചെയ്യുന്നതിനുള്ള സുസ്ഥിര സംവിധാനങ്ങളും സൃഷ്ടിച്ചു. മണ്ണ് സംരക്ഷിക്കുന്നതിനായി കേരളത്തിലെ കുന്നിൻ ചെരിവുകളിൽ കല്ല് കയ്യാലകൾ, കാസർകോഡ് ജില്ലയിലെ സുരംഗങ്ങൾ, കുടിവെള്ളം കിട്ടുന്നതിന് വയനാട്ടിലെ കേണി എന്നിവ മികച്ച ഉദാഹരണങ്ങളാണ്.

നെൽകൃഷിയുമായി ബന്ധപ്പെട്ട പൈതൃക കാർഷികസമ്പ്രദായങ്ങൾ 

കേരളത്തിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട് വിവിധങ്ങളായ കാർഷികസമ്പ്രദായങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഇവ മിക്കവാറും പ്രാദേശിക പരിസ്ഥിതിയും കാലാവസ്ഥയുമായി ഒത്തു പോകുന്നവയാണ്.  പൈതൃക കാർഷികസമ്പ്രദായങ്ങളായി പരിഗണിക്കാവുന്ന നെൽകൃഷിയുമായി ബന്ധപ്പെട്ട ചില കാർഷിക വ്യവസ്ഥകൾ പരിശോധിക്കാം (4,5,7,10)

ചിത്രം 1 – സമുദ്രനിരപ്പിന് താഴെയുള്ള കുട്ടനാട് കൃഷി സമ്പ്രദായം. കായലും , ബണ്ടിന് പുറകിലായി പാടശേഖരങ്ങളും കാണാം.

കേരളത്തിലെ തണ്ണീര്‍ത്തട നെല്‍കൃഷി വ്യവസ്ഥയില്‍ പ്രമുഖമായ സ്ഥാനമാണ് കുട്ടനാടിനുള്ളത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി കുട്ടനാടൻ പാടശേഖരങ്ങൾ സ്ഥിതി ചെയ്യുന്നു (ചിത്രം 1). പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍ എന്നീ നാലുനദികള്‍ വന്നു പതിക്കുന്ന വേമ്പനാട്  കായലുള്‍പ്പെടുന്ന തണ്ണീര്‍ത്തട ആവാസ പ്രദേശമാണ് കുട്ടനാട്. കുട്ടനാടിനൊപ്പം, കോള്‍, പൊക്കാളി എന്നീ മൂന്ന് തീരദേശ തണ്ണീര്‍ത്തടങ്ങളെയും ഉൾപെടുത്തി ‘വേമ്പനാട്-കോൾ’ എന്ന പേരില്‍ രാംസര്‍ തണ്ണീര്‍ത്തടമായുള്ള അംഗീകാരം ഇതിനകം കിട്ടിക്കഴിഞ്ഞിട്ടുണ്ട്. 

കുട്ടനാട്ടിലെ നെൽപ്പാടങ്ങൾ ആകെ 55,000 ഹെക്ടർ വരുമെന്ന് കണക്കാക്കുന്നു (10). കരപ്പാടം, കായല്‍, കരി എന്നിങ്ങനെ മൂന്നുതരത്തില്ലുള്ള പാടശേഖരങ്ങളുണ്ട്.  കായല്‍ പാടശേഖരങ്ങളില്‍ ആദ്യകാലത്ത് കൃഷിയുണ്ടായിരുന്നില്ല.  1834നു ശേഷം തിരുവിതാംകൂര്‍ സര്‍ക്കാര്‍ വേമ്പനാട്ടുകായല്‍ നികത്താന്‍ അനുവാദം കൊടുത്തു (9).  ചക്രം ഉപയോഗിച്ചുള്ള വെള്ളം വറ്റിക്കൽ  ശ്രമകരമായത് കൊണ്ട് ആദ്യ കാലത്ത് നികത്തൽ  വളരെ കുറഞ്ഞ അളവിൽ മാത്രമാണ് നടന്നിരുന്നത്.  പിന്നീട് തിരുവിതാംകൂർ സർക്കാരിന്റെ  ഭൂമിയുടെ പാട്ടവുമായി ബന്ധപ്പട്ട ചില അനുകൂല നയങ്ങളും, വെള്ളം വറ്റിക്കുന്നതിന് പെട്ടി-പറ സംവിധാനങ്ങൾ ഉയർന്നു വന്നതും, ഭക്ഷ്യക്ഷാമവും, അരിയുടെ വിലക്കയറ്റവും, കായൽ നികത്തുന്നത് ലാഭകരമാക്കി മാറ്റി.  ഏറ്റവും അവസാനം നടന്ന വൻതോതിലുള്ള നികത്തൽ രണ്ടാം ലോകയുദ്ധത്തിനുശേഷം ഭക്ഷ്യധാന്യ വർദ്ധന ലക്ഷ്യമാക്കി സർക്കാർ അനുകൂല്യങ്ങളോടെ നടന്നതാണ് (‘കായൽ രാജാവ്’ എന്നറിയപ്പെടുന്ന ജോസഫ് മുരിക്കൻ 871 ഹെക്ടർ വരുന്ന ചിത്തിര, മാർത്താണ്ടം, റാണി പാടശേഖരങ്ങൾ 1941ൽ നികത്തിയെടുത്തു. അദ്ദേഹം മാത്രമല്ല, മറ്റുപലരും അക്കാലത്ത് കായൽ നികത്തിയിരുന്നു). 1834ൽ വേമ്പനാട്ടുകായല്‍ മാത്രം 36,500 ഹെക്ടര്‍ ഉണ്ടായിരുന്നു. ഇതില്‍ 23,105 ഹെക്ടര്‍ പല കാലങ്ങളായി പല ആവശ്യങ്ങൾക്കായി നികത്തി (3). കുട്ടനാട് ഭാഗത്തുമാത്രം നെല്‍കൃഷിക്കായി നികത്തിയത് 10,000 ഹെക്ടർ വരും.  

കുട്ടനാട് മേഖലയിൽ 1916വരെ രണ്ടുവര്‍ഷത്തിലൊരിക്കലേ കൃഷിയുണ്ടായിരുന്നുള്ളു (പഴനിലങ്ങള്‍ ആയതിനുശേഷം മാത്രം കൃഷി.) പൊതുവേ, കുട്ടനാടിന്‍റെ മൂന്നില്‍ രണ്ടുഭാഗവും സമുദ്രനിരപ്പില്‍നിന്നും 0.6 മുതല്‍ 2.2 മീറ്റർ വരെ താഴ്ചയിലാണുള്ളത്.   അധികജലം എങ്ങനെ എളുപ്പത്തിൽ പുറത്തുകളയും എന്നതായിരുന്നു പ്രധാന പ്രശ്നം. സമുദ്രനിരപ്പിനുതാഴെയുള്ള കൃഷിയുടെ വിജയത്തിന് പുറംബണ്ടുകളുടെ നിർമ്മാണവും അവയുടെ പരിപാലനവും പ്രധാന ഘടകങ്ങളാണ്. ആദ്യ കാലങ്ങളിൽ തേക്കുകുട്ട, ചക്രം എന്നിവ ഉപയോഗിച്ചിരുന്നു. ഒന്നാം ലോകയുദ്ധത്തിനുശേഷം(1914-1918) ഈ രീതിക്ക് മാറ്റംവന്നു.  താഴ്ന്ന നിലയിൽനിന്ന് ഉയർന്ന നിലയിലേക്ക് വെള്ളം പമ്പ്ചെയ്യുന്നതിന് യോജിച്ച ചില  സംവിധാനങ്ങൾ പ്രാദേശികമായി  രൂപപ്പെട്ടുവന്നു.  അക്കാലത്ത് യുദ്ധക്കപ്പലുകൾ നന്നാക്കുന്നതിനു ജോർജ് ബ്രണ്ടൻ എന്ന ബ്രിട്ടിഷുകാരൻ കൊച്ചിയിൽ ഒരു വർക്ക്ഷോപ് നടത്തുന്നുണ്ടായിരുന്നു. കുട്ടനാട്ടുകാരുടെ ചക്രവും ശ്രമകരമായ വെള്ളം വറ്റിക്കലും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു. ബ്രണ്ടൻ ഇംഗ്ലണ്ടിൽനിന്ന് ഏതാനും മണ്ണെണ്ണ എഞ്ചിനുകൾ കൊണ്ടുവരികയും അത് കുട്ടനാടിന് യോജിക്കുന്ന വിധത്തിൽ പരിഷ്കരിക്കുകയും ചെയ്തു (6). തടിപ്പലകകൊണ്ട് നിർമ്മിച്ച നീളത്തിലുള്ള ഒരു പെട്ടിയും, ഒരു വലിയ പറപോലുള്ള ഭാഗവും, കുറഞ്ഞ ഉയരത്തിൽ, വലിയ തോതിൽ വെള്ളം പമ്പ് ചെയ്തു കളയുന്നതിനുള്ള എഞ്ചിനോട് കൂട്ടിച്ചേർത്തു. ‘പറ’യിൽകൂടി ഉയർത്തുന്ന വെള്ളം ‘പെട്ടി’യിൽകൂടി പുറംതോട്ടിലേക്ക് തള്ളാനാവും. ഈ പ്രത്യേക പമ്പുസെറ്റ് സംവിധാനത്തിന്  ‘പെട്ടിയും പറയും’ എന്ന പേരു വന്നു (ചിത്രം 2).  ഇത് നടന്നത് 1916ലാണ്.  

ചിത്രം 2 – പെട്ടിയും പറയും

വെള്ളം വറ്റിക്കുന്നതിനുള്ള ‘പെട്ടിയും പറയും’ സംവിധാനം കുമരകത്തിനടുത്തുള്ള ഒരു കായലിലാണ് ആദ്യമായി പരീക്ഷണ വിധേയമാക്കിയത്. ഈ കായൽ പിന്നീട് ‘ബ്രണ്ടൻ കായൽ’ എന്നറിയപ്പെട്ടു.  ‘പെട്ടിയും പറയും’ പ്രചാരത്തിലായതോടെ കുട്ടനാട്ടിലെ കൃഷിയിലും മാറ്റങ്ങൾ ദൃശ്യമായി. രണ്ടുവർഷം കൂടുമ്പോൾ കൃഷി എന്ന രീതിയിൽ നിന്നും ആണ്ടു തോറും കൃഷി എന്ന രീതിയിലേക്ക് മാറുന്നത് യഥാർത്ഥത്തിൽ ‘പെട്ടിയും പറയും’ വന്നതിനു ശേഷമാണ്. പെട്ടി-പറ സംവിധാനത്തിൽ കാലാനുസൃതമായി ധാരാളം മാറ്റങ്ങൾ വന്നു. മണ്ണെണ്ണ എഞ്ചിനുകൾ ഡീസൽ എൻജിനുകളിലേക്കും തുടർന്ന് ഇലക്ട്രിക് മോട്ടോറുകളിലേക്കും  വഴി മാറി. 

സാങ്കേതികഭാഷയിൽ ‘പെട്ടിയും പറയും’ പമ്പ്, ഒരു ‘ആക്സിയൽ ഫ്ലോ പമ്പ്’ ആണ്. കുറഞ്ഞ ചെലവിൽ പ്രാദേശികമായി രൂപകൽപ്പനചെയ്യാൻ കഴിയും എന്നതാണ് ഇവയുടെ പ്രധാന ആകർഷണം. പക്ഷേ, കുറഞ്ഞ ഊർജ്ജ ദക്ഷതയാണ് പ്രധാന പോരായ്മ. 2018 ലെ പ്രളയകാലത്ത് ഇത് കൂടുതൽ ബോധ്യപ്പെട്ടു. കുട്ടനാടിനുവേണ്ടി പരിഷ്കരിച്ച ‘വെർട്ടിക്കൽ ആക്സിയൽ ഫ്ലോ ’ (VAF)പമ്പുകൾ ഇപ്പോൾ പലരും ഉപയോഗിക്കുന്നുണ്ട് (ചിത്രം 3). ഫാക്ടറിനിർമ്മിതമായ ഇവയ്ക്ക് കൂടുതൽ ഊർജ്ജ കാര്യക്ഷമതയുണ്ട്. 

ചിത്രം 3 – വെർട്ടിക്കൽ ആക്സിസ് പമ്പ്

1955ല്‍ കുട്ടനാട് മേഖലയിലെ ജലനിരപ്പുനിയന്ത്രണത്തിനുവേണ്ടി തോട്ടപ്പള്ളി സ്പില്‍വേയുടെ പണി പൂർത്തിയാക്കി.  കാലവർഷത്തെത്തുടർന്ന് വെള്ളം അധികരിക്കുമ്പോൾ സ്പിൽവേയിലെ ഷട്ടറുകൾ ഉയർത്തി അറബിക്കടലിലേക്ക് ഒഴുക്കിക്കളയുന്നു. 1974ല്‍ ഓരുവെള്ളം കയറുന്നത് തടയുന്നതിനായി തണ്ണീര്‍മുക്കംബണ്ടും പണിതു. ഈ ബണ്ട് വേമ്പനാട് കായലിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു, ഒന്ന് ഉപ്പുവെള്ളം നിറഞ്ഞതും മറ്റേ പകുതി പുഴകൾ  ഒഴുകിയെത്തുന്ന ശുദ്ധജലം നിറഞ്ഞതുമാണ്. മഴക്കാലത്ത് വെള്ളപ്പൊക്കം ഒഴിവാക്കാൻ ഷട്ടറുകൾ തുറക്കുകയും പിന്നീട് ഏകദേശം ആറ് മാസത്തേക്ക് അടയ്ക്കുകയും ചെയ്യുന്നു.

മിക്കവാറും കുട്ടനാടന്‍പാടങ്ങളില്‍ ‘കുട്ടനാടനപുഞ്ച’ എന്ന പേരില്‍ അറിയപ്പെടുന്ന ഒറ്റക്കൃഷി മാത്രമേ എടുക്കാറുള്ളു.  നേരത്തെ പറഞ്ഞ പെട്ടിയും പറയും എന്ന സംവിധാനമുപയോഗിച്ച് വെള്ളം വറ്റിച്ചു വിത്തുവിതയ്ക്കുന്നു.  ഒക്ടോബര്‍-നവംബറില്‍ വിതച്ച് ഫെബ്രുവരി-മാര്‍ച്ചില്‍ വിളവെടുക്കാം.  ചിലയിടങ്ങളില്‍ മെയ്-ജൂണ്‍ മുതല്‍ ആഗസ്റ്റ്-സെപ്തംബര്‍ വരെ ഒരു കൃഷികൂടി ഇറക്കാറുണ്ട്.  കരിനിലങ്ങളില്‍ ഈ കൃഷിയാണ് മുഖ്യം. ഉയര്‍ന്ന അമ്ലത കരിനിലങ്ങളുടെ പ്രത്യേകതയാണ്. 

‘കുളപ്പാല’ എന്ന പേരില്‍ കുട്ടനാട്ടില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു കൃഷി രീതികൂടിയുണ്ട്.  ഇവിടുത്തെ പഴയ രണ്ടാം കൃഷിയാണിത്. കന്നിക്കുളപ്പാല, വെള്ളത്തില്‍ കുളപ്പാല എന്നും പറയാറുണ്ട്.  പുഞ്ചക്കൊയ്ത്ത് കഴിഞ്ഞാലുടന്‍ (മേടത്തില്‍) വിത്തിട്ട് കന്നിയില്‍ വിളവെടുക്കുന്നതുവരെ വെള്ളത്തിലാണ് വളര്‍ച്ച. വെള്ളത്തിന്‍റെ അളവ് ഉയരുന്നതിനനുസരിച്ച് ഇവയുടെ ഉയരവും കൂടും.  വള്ളങ്ങളില്‍ പോയാണ് കൊയ്ത്ത്.  കതിരുകള്‍ മാത്രം കൊയ്തെടുക്കുന്നു.

ചിത്രം 4 – പൊക്കാളിപ്പാടത്തെ ചെമ്മീൻകെട്ട്

എറണാകുളത്തും, തൃശൂർ, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന, കടൽതീരത്തിനടുത്തുള്ള, ഓരുവെള്ളം കയറിയിറങ്ങുന്ന പ്രദേശങ്ങളാണ് പൊക്കാളി നിലങ്ങൾ (ചിത്രം 4);  ഏകദേശം 24,000 ഹെക്ടര്‍. നെല്ലും ചെമ്മീനും ഉൾപ്പെട്ട തികച്ചും പരമ്പരാഗതമായ കൃഷിരീതി ഇപ്പോഴും പിന്തുടരുന്നതിനാൽ പൊക്കാളിക്കൃഷി സവിശേഷമായി അറിയപ്പെടുന്നു. ഒരു കാലത്ത് മുഴുവന്‍ പൊക്കാളിപ്പാടങ്ങളിലും നെല്‍കൃഷിയുണ്ടായിരുന്നു.  പക്ഷേ, ഇപ്പോള്‍ ഏതാണ്ട് 8000 ഹെക്ടറിലേ കൃഷി നടക്കുന്നുള്ളു.  പൊക്കാളിപ്പാടങ്ങളുടെ പ്രത്യേകതകൊണ്ട് തികച്ചും പാരമ്പര്യാധിഷ്ഠിതമായ കൃഷിയാണ് പിന്‍തുടരുന്നത്.  ഉയര്‍ന്ന ജൈവാംശവും (1-4%) നല്ല വളക്കൂറുമുള്ള മണ്ണാണ്.  ഉപ്പുരസവും അമ്ലതയുമാണ്  പ്രധാന പ്രശ്നങ്ങൾ.  രാസവളങ്ങള്‍, കീടനാശിനിപ്രയോഗം, കളനാശിനിപ്രയോഗം ഇവയൊന്നും പതിവില്ല. അതിന്റെ ആവശ്യവുമില്ല. മണ്ണിലെ സ്വാഭാവികമായ ജൈവാംശവും  നെൽകൃഷിക്ക് തൊട്ടുമുമ്പ് എടുത്ത ചെമ്മീൻകൃഷിയിലൂടെ അടിഞ്ഞുകൂടുന്ന മൽസ്യാവശിഷ്ടങ്ങളും മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കുന്നു. 

പൊക്കാളി നിലങ്ങളില്‍ പുറംബണ്ടുകള്‍ സ്ഥാപിക്കുന്നതോടെ കൃഷിയുടെ ആരംഭമായി.  ഇത് ഏപ്രില്‍ മാസത്തോടെ തുടങ്ങും.  വേലിയിറക്കസമയത്തു നിലം വറ്റിക്കുകയും വേലിയേറ്റ സമയത്ത് തൂമ്പുകള്‍ അഥവാ ചീർപ്പുകള്‍ (sluice) അടയ്ക്കുകയും ചെയ്യുന്നു.  ഏകദേശം ഒരു മീറ്റര്‍ വ്യാസവും അര മീറ്റര്‍ ഉയരവുമുള്ള കൂനകള്‍ അഥവാ കണ്ണികള്‍ ഉണ്ടാക്കി ഉണങ്ങാന്‍ അനുവദിക്കുന്നു.  കൂനകള്‍ക്കുപകരം വാരങ്ങളും എടുക്കാറുണ്ട്.  ഇവ നിലത്തിന്റെ ഉപരിതല വിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിക്കുകയും സൂര്യതാപം കൊണ്ട് ഉണങ്ങിപ്പൊടിയുന്ന മണ്ണിലെ ലവണാംശം പുതുമഴയില്‍ അലിഞ്ഞ് പോവാനും ഇടവരുത്തുന്നു.  ധാരാളമായി മഴ ലഭിച്ചു തുടങ്ങുന്നതോടെ ലവണാംശം കുറഞ്ഞുവരും. ‘ചൂട്ടുപൊക്കാളി’, ‘ചെറുവിരിപ്പ്’, ‘ചെട്ടിവിരിപ്പ്’, ‘ബാലി’, ‘ഓര്‍ക്കയമ’, ‘എരവപ്പാണ്ടി’, ‘ഓര്‍പ്പാണ്ടി’, ‘കുറുവ’ എന്നിവയാണ് പരമ്പരാഗത പൊക്കാളി ഇനങ്ങൾ. നാടന്‍ ഇനങ്ങളില്‍നിന്ന് മെച്ചപ്പെടുത്തിയെടുത്ത വൈറ്റില-1 (ചൂട്ടുപൊക്കാളി), വൈറ്റില-2  (ചെറുവിരിപ്പ്)  എന്നിവയും മറ്റു പ്രജനന മാർഗങ്ങളിലൂടെ  ഉരുത്തിരിച്ചെടുത്ത വൈറ്റില-3 മുതൽ വൈറ്റില-9 വരെയുള്ള  ഇനങ്ങളും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ഈ നെല്ലിനങ്ങളുടെയെല്ലാം പ്രത്യേകത ഉപ്പുരസത്തെയും വെള്ളക്കെട്ടിനെയും പ്രതിരോധിക്കാനുള്ള കഴിവാണ്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ വേലിയേറ്റത്തെയും, വേലിയിറക്കത്തെയും സ്വാധീനിക്കുമെന്നതിനാല്‍ വാവുകളും, പക്കങ്ങളും നോക്കിയാണ് പൊക്കാളിവിതയും മററു പണികളും ആസൂത്രണംചെയ്യുന്നത്. മഴക്കാലം തുടങ്ങുന്നതോടെ കൂനകളുടെ മുകള്‍വശം നിരപ്പാക്കി മുളപ്പിച്ച വിത്തുവിതക്കുന്നു. ഇവക്ക് 30-40 ദിവസം പ്രായമാകുന്നതോടെ തൂമ്പ എന്ന പണിയായുധം കൊണ്ട് 8-10 ഞാറോടുകൂടിയ ചെറുതുണ്ടുകളാക്കി നിലം മുഴുവന്‍ നിരത്തും.  ഒക്ടോബര്‍ മാസത്തോടെ വിളവെടുക്കാറാകും.

നെല്‍കൃഷി വിളവെടുത്തു മാറ്റിയാല്‍ ചെമ്മീൻകൃഷി (ചെമ്മീന്‍ വാറ്റ്) തുടങ്ങുകയായി.  നടുക്കടലില്‍ മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന ചെമ്മീന്‍ ലാര്‍വകള്‍ വേലിയേറ്റത്തെ തുടര്‍ന്ന് കായലിലൂടെ പാടങ്ങളില്‍ എത്തുന്നു. ചെമ്മീന്‍ കുഞ്ഞുങ്ങളെ പാടത്തേക്ക് ആകര്‍ഷിക്കാന്‍ വിളക്കു കത്തിച്ചുവെക്കുന്ന പതിവുമുണ്ട്.  വെള്ളക്കൊഞ്ച് അഥവാ നാരൻ ചെമ്മീൻ (Indian prawn- Fenneropenaeus indicus / Penaeus indicus),  കാരച്ചെമ്മീൻ (tiger prawn – Penaeus monodon) എന്നിവയാണ് പ്രധാനമായും വളർത്തുന്നത്. ജനുവരി അവസാനത്തോടെ ആരംഭിക്കുന്ന ചെമ്മീന്‍ വിളവെടുപ്പ് വിഷുവരെ (ഏപ്രിൽ) നീളും. ഇതിനുശേഷം ചെമ്മീൻകെട്ട് പൊക്കാളി കൃഷിക്കു വഴി മാറും.   ഇങ്ങിനെ ഒരു ചെമ്മീനും ഒരു  നെല്ലുമെന്ന ചാക്രികരീതി പാരമ്പര്യമായി അനുവർത്തിച്ചുവരുന്നു.   പൊക്കാളി അരിയുടെ  ഭൂമിശാസ്ത്രപരമായ തനത് പ്രത്യേകതകളെ   മുൻനിർത്തി അതിന്  ഭൌമസൂചികാപദവി (GI) ലഭിച്ചിട്ടുണ്ട്.   

എറണാകുളം നഗരത്തിന്‍റെ വളര്‍ച്ചയും മലിനീകരണവുമാണ് സുസ്ഥിരത നിലനിര്‍ത്തിയിരുന്ന പൊക്കാളിക്കൃഷി ഇപ്പോഴുള്ള ഏറ്റവും വലിയ ഭീഷണി.

ചിത്രം 5 – കൈപ്പാട് കൃഷി

വടക്കൻകേരളത്തിൽ പരമ്പരാഗതമായി ഓരുജലനെല്ലും ചെമ്മീനും വിളവെടുക്കുന്ന പാടമാണ് കൈപ്പാട് നിലങ്ങൾ. മധ്യകേരളത്തിലെ പൊക്കാളി വയലുകളോട് ഏതാണ്ട് സമാനമാണ് ഇവിടത്തെ കൃഷിരീതികൾ. കണ്ണൂര്‍ ജില്ലയിലാണ് പ്രധാനമായും കൈപ്പാടുകൃഷി നിലനില്ക്കുന്നത്.  കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇവ തീരെയില്ലാതാവുകയോ, നാമമാത്രമാവുകയോ ചെയ്തീട്ടുണ്ട്.  ഏതാണ്ട് 2500 ഹെക്ടര്‍ സ്ഥലമാണ് കൈപ്പാടുനിലങ്ങളായി അറിയപ്പെടുന്നത് (ചിത്രം 5). പക്ഷേ, ഇപ്പോള്‍ ഏകദേശം 500 ഹെക്ടര്‍ സ്ഥലത്തുമാത്രമേ ഈ കൃഷിയുള്ളു.  ഏഴോം, ചെറുകുന്ന്, പട്ടുവം, കണ്ണപുരം പഞ്ചായത്തുകളിലായി ഇവ വ്യാപിച്ചുകിടക്കുന്നു. ഏറ്റവുമധികം കൃഷിയുള്ളത് ഏഴോം പഞ്ചായത്തിലാണ്.

ഏപ്രില്‍ മദ്ധ്യത്തോടെ കൈപ്പാട് നിലങ്ങളിലേക്ക് തുറക്കുന്ന തൂമ്പുകള്‍ അടച്ച് വേലിയേറ്റം തടയുന്നു.  തുടര്‍ന്ന് പൊക്കാളിക്കൃഷിയിലെപ്പോലെ കൂനകള്‍ അഥവാ ‘മൂടകള്‍’ എടുത്ത് ഉണങ്ങാന്‍ അനുവദിക്കുന്നു.  കാലവര്‍ഷം തുടങ്ങുന്നതോടെ മുളപ്പിച്ച വിത്ത് കൂനകളില്‍ വിതക്കും. ‘കുതിര്’, ‘ഓര്‍ക്കയമ’ എന്നിവയാണ് പ്രധാന ഇനങ്ങള്‍.  ‘ഓര്‍ത്തഡിയന്‍’, ‘ചൊവ്വരിയന്‍’ എന്നിവയും കാണും. ‘കുതിര്’, ‘ഓര്‍ക്കയമ’ എന്നിവയെ അടിസ്ഥാനമാക്കി ‘ഏഴോം-1’ ‘ഏഴോം-2’ എന്നിങ്ങനെ രണ്ടു മെച്ചപ്പെടുത്തിയ ഇനങ്ങള്‍ ഇപ്പോഴുണ്ട്.   ജൂലൈ രണ്ടാംവാരത്തോടെ ഏകദേശം 45 സെ.മീ. ഉയരം വെക്കുന്ന നെല്‍ച്ചെടികള്‍ തൂമ്പ ഉപയോഗിച്ച് കൂനകള്‍ വെട്ടി നെല്‍ച്ചെടികളുടെ ചെറുതുണ്ടുകളാക്കി പാടം മുഴുവന്‍ നിരത്തുന്നു.  ഇങ്ങനെ കൂനകള്‍ ചെറുതുണ്ടുകളാക്കുന്ന പരിപാടിക്ക് ‘കൊത്തിച്ചാടിക്കുക’  എന്നാണ് പ്രാദേശികമായി പറയുന്നത്.  ഒക്ടോബര്‍ മാസത്തോടെ വിളവെടുക്കാറാകും.  പൊക്കാളിയുടെ കാര്യത്തിലെന്നപോലെ കൈപ്പാട് കൃഷിയിലും രാസവളം, കീടനാശിനി, കളനാശിനികള്‍ എന്നിവ പ്രയോഗിക്കാറില്ല. കൈകൊണ്ടുള്ള കളപറിക്കലും പതിവില്ല.

വര്‍ഷകാലത്ത് നെല്ലിനോടൊപ്പം വളരുന്ന ചെമ്മീനുകളെ പിടിച്ചെടുക്കുന്ന ‘വര്‍ഷക്കെട്ട്’  എന്നറിയപ്പെടുന്ന ചെമ്മീന്‍കൃഷിയും കൊയ്ത്തു കഴിഞ്ഞതിനുശേഷം ഏപ്രില്‍ മാസംവരെ നീളുന്ന ‘സീസണ്‍കെട്ട്’ എന്നറിയപ്പെടുന്ന മറ്റൊരു ചെമ്മീന്‍കൃഷിയും കൈപ്പാടിന്റെ പ്രത്യേകതയാണ്. സീസണ്‍കെട്ടിനെ അപേക്ഷിച്ച് വര്‍ഷക്കെട്ടില്‍  വിളവ് കുറവായിരിക്കും. വര്‍ഷക്കെട്ടിനുള്ള ആരംഭം മെയ് മാസത്തില്‍ ബണ്ടുകള്‍ നന്നാക്കുന്നതോടെയാണ്. കൂനകള്‍ തട്ടിനിരത്തുന്നതോടെ ചെമ്മീന്‍ കുഞ്ഞുങ്ങളെ അകത്തേക്ക് കയറ്റിവിടുന്നു. സെപ്തംബറോടെ വിളവെടുത്തുതുടങ്ങാം. നെല്ല് കൊയ്യുന്നതോടെ വര്‍ഷക്കെട്ട് അവസാനിക്കുന്നു.

സീസണ്‍കെട്ട് നവംബര്‍ മാസത്തോടെ തുടങ്ങും.  വേലിയേറ്റത്തോടെ ചെമ്മീന്‍ കുഞ്ഞുങ്ങള്‍ എത്തും.  ഷട്ടറുകള്‍ തുറന്നും അടച്ചും വെള്ളത്തിന്‍റെ ഉയരം നിയന്ത്രിക്കാം.  മാര്‍ച്ചിലാണ് ഏറ്റവുമധികം വിളവുലഭിക്കുക. വിളവെടുപ്പ് ഏപ്രിൽമാസംവരെ നീളും.  ഇതു കഴിഞ്ഞാല്‍ പാടത്തുള്ള മത്സ്യത്തില്‍ നാട്ടുകാര്‍ക്കും അവകാശമുണ്ട്.  പുറംബണ്ടുകള്‍ കൈവശം വെക്കുന്നവര്‍ക്കും ചെമ്മീൻകൃഷിയില്‍ അവകാശമുണ്ടെന്നുള്ളതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

ചിത്രം 6 – കോൾനിലങ്ങൾ

കുട്ടനാടിനോട് സാമ്യമുള്ളതാണ് കോൾകൃഷി സംവിധാനം. നെൽകൃഷിയുടെ ആദ്യകാലങ്ങളിൽ നീർവാർച്ചയും അവസാനകാലത്ത് ജലസേചനവും വേണം. തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലായി കോള്‍നിലങ്ങള്‍ എന്ന് അറിയപ്പെടുന്ന പാടശേഖരങ്ങളുടെ വിസ്തൃതി 13,632 ഹെക്ടര്‍ എന്ന് കണക്കാക്കിയിരിക്കുന്നു (10).  ഇതില്‍ 10,187 ഹെക്ടര്‍ ‘തൃശ്ശൂര്‍ കോൾ’ എന്നും 3445 ഹെക്ടര്‍  ‘പൊന്നാനി കോൾ’ എന്നും അറിയപ്പെടുന്നു. തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം, ചാവക്കാട്, തൃശ്ശൂര്‍ താലുക്കുകളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലുമായി ഇവ വ്യാപിച്ചുകിടക്കുന്നു.  18ആം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ തൃശ്ശൂര്‍ കായലില്‍നിന്ന് നികത്തിയെടുത്ത പ്രദേശമാണ് യഥാര്‍ത്ഥത്തില്‍ കോള്‍.  സമുദ്രനിരപ്പില്‍നിന്ന് ഏകദേശം അരമീറ്റര്‍ മുതല്‍ ഒരുമീറ്റര്‍ താഴ്ചയിലാണ് ഇവ സ്ഥിതിചെയ്യുന്നത് (ചിത്രം 6).  ഇപ്പോള്‍ ഏകദേശം 9,000 ഹെക്ടര്‍ സ്ഥലത്താണ് കൃഷി നടക്കുന്നത്.  

‘പൊന്നാനി കോൾ‘ പൊന്നാനിയിൽ മാത്രം ഒതുങ്ങുന്നതല്ല. 3445 ഹെക്ടറിൽ 1487 ഹെക്ടര്‍ തൃശ്ശൂർ ജില്ലയിലും 1958 ഹെക്ടര്‍  മലപ്പുറം ജില്ലയിലുമാണുള്ളത്. തൃശൂർ ജില്ലയിലെ ചാവക്കാട്, തലപ്പള്ളി താലൂക്കുകളും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കും ഉൾപ്പെടുന്ന ചാവക്കാട്, ചൂണ്ടൽ മുതൽ തവന്നൂർ വരെയുള്ള കോൾ ആണ് പൊന്നാനി കോളിൽ ഉൾപ്പെടുന്നത്. കാഞ്ഞിരമുക്ക് പുഴയിലേക്ക് ഒഴുകുന്ന നിരവധി തോടുകളുടെ നീരൊഴുക്ക് പ്രദേശമാണിത്. തൃശ്ശൂർ കോളിനെ അപേക്ഷിച്ച് ഉല്പ്പാദനക്ഷമത കുറവാണ്,   ഉപ്പുവെള്ളത്തിന്റെ പ്രശ്നവുമുണ്ട്.

കേച്ചേരിപ്പുഴയും കരുവന്നൂര്‍പുഴയും ചെന്നുപതിക്കുന്ന തൃശ്ശൂർകായലാണ് പിന്നീട് തൃശ്ശൂര്‍കോള്‍  ആയി മാറിയത്. കരുവന്നൂര്‍പുഴക്ക് മണലി, കുറുമാലി എന്നീ രണ്ടു പോഷകനദികളുണ്ട്. ഇവയില്‍ കുറുമാലിപ്പുഴക്ക് വീണ്ടും ചിമ്മിനി, മുപ്ലി എന്നീ പോഷകനദികള്‍.  കരുവന്നൂര്‍പുഴ പടിഞ്ഞാറോട്ട് എത്തുമ്പോള്‍ രണ്ടായി പിരിയുന്നു. ഒന്ന് വടക്കോട്ട് പോയി ചേറ്റുവ തടാകത്തിലും  മറ്റൊന്ന് തെക്കോട്ട് പോയി മനക്കൊടി കായലിലും ചേരുന്നു.  മച്ചാട് മലകളിലൂടെ ഒഴുകി ഇറങ്ങുന്ന കേച്ചേരിപ്പുഴ ആദ്യം പടിഞ്ഞാറും പിന്നീട് തെക്കോട്ടുമൊഴുകി കോള്‍പ്പാടങ്ങളുടെ വടക്കുഭാഗത്തുകൂടി പ്രവേശിച്ച് ഏനാമാക്കല്‍ തടാകത്തില്‍ എത്തിച്ചേരുന്നു. ഏനാമാക്കല്‍ തടാകവും ചേറ്റുവത്തടാകവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. ചേറ്റുവാ നദിയിലൂടെ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനെ പ്രധിരോധിക്കുന്നതിന് നിര്‍മ്മിച്ചിരിക്കുന്നതാണ് ഏനാമാക്കല്‍ റഗുലേറ്റര്‍.

കേരളത്തിലെ പാടശേഖരങ്ങളില്‍ ഏറ്റവുമധികം വിളവ് ലഭിക്കാന്‍ സാദ്ധ്യതയുള്ള പ്രദേശമാണ് കോള്‍ നിലങ്ങള്‍.  ഹെക്ടറിന് 6-8 ടണ്‍ വിളവ് സാധാരണയാണ്.  പാടശേഖരത്തിനു ചുറ്റുമായി സ്ഥിരം ബണ്ടുകളുണ്ടാവും. ഇല്ലെങ്കില്‍ സീസണ്‍ അനുസരിച്ച് ഉണ്ടാക്കും.  ‘പെട്ടിയും പറയും’ ഉപയോഗിച്ച് പാടശേഖരങ്ങളിൽനിന്ന് വെള്ളം കനാലുകളിലേക്ക് പമ്പുചെയ്ത് വറ്റിക്കുന്നു.  പുഞ്ചക്കൃഷിയുടെ ആദ്യപാദങ്ങളില്‍ പുഴകളിൽനിന്നും കനാലുകളില്‍നിന്നുമുള്ള വെള്ളമുപയോഗിച്ച് ജലസേചനം നടത്തുന്നു.  തുടര്‍ന്ന് പീച്ചി, ചിമ്മിനി പദ്ധതികളിലനിന്നും ജലം ലഭിക്കും.

പുഞ്ചയാണ് കോള്‍പ്പാടങ്ങളിലെ പ്രധാനകൃഷി.  ഡിസംബര്‍-ജനുവരി മാസത്തോടെ വിതച്ച് ഏപ്രില്‍-മെയ് മാസത്തോടെ വിളവെടുക്കും. മുളപ്പിച്ച വിത്തുവിതക്കുന്ന ചേറ്റുവിതരീതിയാണ് വ്യാപകമായി സ്വീകരിച്ചു കാണുന്നത്. ചിലയിടങ്ങളില്‍ പറിച്ചുനടീല്‍ രീതിയുമുണ്ട്.  കീടരോഗബാധകള്‍ പുഞ്ചകൃഷിക്ക് പൊതുവെ കുറവായി കാണുന്നതിനാല്‍ രാസകീടനാശിനികളുടെ ഉപയോഗം പ്രായേണ കുറവാണ്. പക്ഷേ, സസ്യനാശിനികളും രാസവളങ്ങളും നല്ല തോതിൽതന്നെ ഉപയോഗിക്കാറുണ്ട്. ജൈവാംശത്തിന്‍റെ അളവ് പൊതുവെ ഭേദപ്പെട്ട അവസ്ഥയിലാണുള്ളത്. ജൈവവളപ്രയോഗം സാധാരണ പതിവില്ല.

ചിലയിടങ്ങളില്‍ ‘കടുംകൃഷി’ എന്ന പേരില്‍ അധികവിള എടുക്കാറുണ്ട്.  സെപ്തംബര്‍ മുതല്‍ ജനുവരിവരെ ഈ സീസണ്‍ നീളും എന്നൊരു ദോഷമുണ്ട്.  കാലവര്‍ഷം കഴിഞ്ഞ് വെള്ളം സാരമായി ഇറങ്ങുന്നതോടെ 10-15 ദിവസത്തേക്ക് വെള്ളം പമ്പ്ചെയ്ത് കളയുന്നു. ജലനിരപ്പ് താഴുന്നതോടെ ബണ്ടുകള്‍ ഉയര്‍ത്തുകയും ബലപ്പെടുത്തുകയും ചെയ്യുന്നു.  പാടശേഖരങ്ങളില്‍ 10-15 സെ.മീ. ഉയരത്തില്‍ ജലം കുറയുന്നതോടെ നേരിട്ട് വിതയ്ക്കുകയോ ഞാറു പറിച്ചുനടുകയോ ചെയ്യുന്നു.  കടുംകൃഷിയെ സംബന്ധിച്ചിടത്തോളം തുടര്‍ച്ചയായി വെള്ളം പമ്പുചെയ്തു കളയേണ്ടത് കൃഷിയുടെ വിജയത്തിന് ആവശ്യമാണ്.  അധികവിള ഇപ്പോള്‍ പലയിടങ്ങളിലും എടുക്കാറില്ല.  അധികവിളയെടുത്താല്‍ പുഞ്ചക്കൃഷിയുടെ വിളവ് കുറയുമെന്നാണ് കര്‍ഷകരുടെ അഭിപ്രായം.

കോള്‍നിലങ്ങളുടെ കുറെ ഭാഗങ്ങളില്‍ ബണ്ടുകളില്ലാത്തതിനാലും ജലനിര്‍ഗ്ഗമനത്തിന് ബുദ്ധിമുട്ട് നേരിടുന്നതിനാലും സാധാരണ പോലുള്ള കൃഷിസാദ്ധ്യമാകില്ല. ഇവ ‘കുട്ടാടന്‍’പാടങ്ങള്‍ എന്നാണറിയപ്പെടുന്നത്.  ഒരുതരം  ‘വെള്ളപ്പൊക്കക്കൃഷി’യാണ് ഇവിടെ ചെയ്തുവന്നിരുന്നത്.  ഏപ്രില്‍-മെയ് മാസത്തില്‍ വിതച്ച് ജനുവരി-ഫെബ്രൂവരി മാസങ്ങളില്‍ വിളവെടുക്കും. പത്തുമാസത്തോളം നെല്ല് പാടത്തുണ്ടാകും.  മഴയുടെ ആരംഭത്തോടെ കൃഷിയിറക്കുന്ന കുട്ടാടന്‍ ഇനങ്ങള്‍ വെള്ളം കൂടുന്നതിനനുസരിച്ച് വളരും.  വെള്ളം ഇറങ്ങുന്നതോടെ ഇവ വീണുപോകും.  ഇതിനുശേഷം ചിനപ്പുകള്‍ പൊട്ടിത്തളിര്‍ത്തു വളരുന്നവയില്‍ നിന്നാണ് വിളവെടുക്കുന്നത്.  കുട്ടാടന്‍ പാടങ്ങള്‍ പ്രതിസന്ധിയിലാണ്.  മിക്കവാറും കുട്ടാടന്‍ പാടങ്ങള്‍ തരിശായി കിടക്കുകയാണ്.  ‘പോട്ട’ എന്നൊരിനം ഭീമന്‍ മുത്തങ്ങാക്കളയും ‘കെടങ്ങ്’ എന്നറിയപ്പെടുന്ന ഒരുതരം  കാട്ടുഡെയിഞ്ചയും ഈ പ്രദേശങ്ങളില്‍ നിറയെ ഉണ്ട്.

കേരളത്തിലെ ചില പ്രദേശങ്ങളില്‍, പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള ഒരു രീതിയാണ് നുള്ളിയിടല്‍ (pinch method). ചാണകവും വിത്തും 1:1 എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി ഉരുളപോലെയാക്കി നുരിയിടുന്നു.  വിരുപ്പുകൃഷിക്കു മാത്രമേ ഇങ്ങനെ ചെയ്തുകാണുന്നുള്ളു.

ഇരുപ്പൂനിലങ്ങളില്‍ വിരിപ്പുകൃഷിയിറക്കാതെ സാധാരണ സമയത്തിലും നേരത്തെ മുണ്ടകൻ  കൃഷി ചെയ്യുന്നതിനെയാണ് ‘കരിങ്കൊറ’ എന്നു പറയുന്നത്.  രണ്ടാം കൃഷിയായ മുണ്ടകന് അവസാനകാലംവരെ വെള്ളം കിട്ടാനിടയില്ലെങ്കില്‍ ഒരു മുന്‍കരുതലായി ചെയ്യുന്ന രീതിയാണിത്. ഞാറുനടീല്‍ രീതിയാണ് അവലംബിച്ചുകാണുന്നത്.

വിരിപ്പുകൃഷിയോടൊപ്പം വിരിപ്പിന്റെയും മുണ്ടകന്റെയും വിത്തിനങ്ങള്‍ 3:1 എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി വിതക്കുന്ന രീതിയാണിത്.  വിരിപ്പു വിളവെടുത്തതിനുശേഷം വയലില്‍ വെള്ളക്കൂടുതലുള്ളതുകൊണ്ട് നിലമൊരുക്കലിനും, കൃഷിയിറക്കുന്നതിനും സൗകര്യമില്ലാതെ വരുന്ന പ്രദേശങ്ങളിലാണ് കൂട്ടുമുണ്ടകന്‍ കൃഷി സാധാരണ അനുവര്‍ത്തിക്കുക.

പുതയല്‍ നിലങ്ങൾ കൊല്ലം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്.  ഒരാളുടെ അരവരെ താഴ്ന്നു പോകത്തക്കവിധത്തില്‍ ജലനിബദ്ധമായ മണ്‍രചനയും ഘടനയുമാണുള്ളത്. സാധാരണ ഉഴവുപകരണങ്ങളുപയോഗിച്ച് ഉഴാന്‍ പറ്റില്ല. പുല്ലും പോച്ചയുമുള്ള പ്രദേശങ്ങളാണെങ്കില്‍ അവയുടെ പുറത്തു കയറിനിന്ന് മണ്‍വെട്ടികൊണ്ട് കിളച്ചു മണ്ണൊരുക്കാം.  പലകയിട്ടും ഈ പണിചെയ്യാറുണ്ട്.

ചേര്‍ത്തല താലൂക്കിനും, അമ്പലപ്പുഴ താലൂക്കിന്‍റെ വടക്കന്‍ ഭാഗങ്ങളിലുമായി കാണുന്ന വെളുത്ത ചൊരിമണല്‍ പ്രദേശങ്ങളാണിവ.  അറബിക്കടലിനും വേമ്പനാട്ടു കായലിനുമിടയിലായി കടല്‍ പിന്‍വാങ്ങിയുണ്ടായതെന്ന് കരുതാവുന്ന പ്രദേശമാണിത്.  പൊതുവെ താഴ്ന്ന പ്രദേശങ്ങളായതുകൊണ്ട് മഴക്കാലത്ത് വെളളം കെട്ടിക്കിടക്കും. മഴ അവസാനിച്ചാല്‍ വെള്ളമൊട്ടു കാണുകയുമില്ല.  ചൊരിമണലായതുകൊണ്ട് ഈര്‍പ്പസംഭരണശേഷി കുറവാണെന്നതാണ് പ്രധാനന്യൂനത.  ചൊരിമണലും, വെള്ളക്കെട്ടുമൊക്കെയുള്ളതുകൊണ്ട് ഇവയ്ക്കു യോജിച്ചതരത്തിലുള്ള ഒരു കൃഷിക്രമം ഉയര്‍ന്നുവന്നു.  വിരിപ്പുവിത്തും, മുണ്ടകന്‍ വിത്തും കൂട്ടിക്കലര്‍ത്തിയുള്ള കൂട്ടുമുണ്ടകന്‍ ഇവിടുത്തെ പരമ്പരാഗത രീതിയാണ്. ആധുനികതയുടെ തിരത്തള്ളലില്‍ തരിശായിക്കിടക്കാന്‍ വിധിക്കപ്പെട്ട കരപ്പുറങ്ങളിലെ കരനിലങ്ങളില്‍ കൃഷിയിറക്കാനുള്ള തീവ്രശ്രമങ്ങള്‍ നടന്നുവരുന്നു.

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണ് പൂന്തല്‍പ്പാടങ്ങള്‍ കാണുന്നത്. ഉയര്‍ന്ന ജലവിതാനമുള്ള പ്രദേശങ്ങളാണ്. കറുത്തനിറമുള്ള മണ്ണിന് ക്ഷാരഗുണമാണ്. നീര്‍വാര്‍ച്ച തടസ്സപ്പെട്ട് മൺഘടന തകര്‍ന്നുകിടക്കുന്നതിനാല്‍ മണ്ണ് പൂന്തുപോകുന്ന സ്വഭാവം കാണിക്കും (അങ്ങിനെ അവ പൂന്തല്‍പ്പാടങ്ങളായി!).  ഇക്കാരണത്താല്‍ യന്ത്രമിറക്കിയുള്ള മണ്ണൊരുക്കലോ കൊയ്ത്തോ ഇവിടെ സാദ്ധ്യമല്ല.  പൂന്തുപോകുന്ന മണ്ണിന്‍റെ ആഴം കണക്കാക്കിയാണ് അവിടെ ഇറങ്ങുന്നതും കൃഷിപ്പണികള്‍ നടത്തുന്നതും.

ഇതുവരെ പറഞ്ഞത് നെൽകൃഷിയുമായി ബന്ധപ്പെട്ട ചില പൈതൃക രീതികളാണ്. മൽസ്യബന്ധനം, മണ്ണുസംരക്ഷണം, ജലസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ചില സമ്പ്രദായങ്ങളെ പരിചയപ്പെടാം.  

ചിത്രം 7 – കട്ടമരം

തെക്കേഇന്ത്യയുടെ  കിഴക്കൻ തീരപ്രദേശങ്ങളിൽ മീൻപിടിക്കുന്നതിനു മരത്തടികൾ കൂട്ടിക്കെട്ടി നിർമിക്കുന്ന പ്രത്യേകതരം ചങ്ങാടമാണ് കട്ടമരം; ചാളത്തടി എന്നും വിളിക്കുന്നു.  മരക്കഷണങ്ങൾ കൂട്ടിക്കെട്ടിയ ഒരു അയഞ്ഞ ഘടനയാണ്‌ ഈ ചങ്ങാടത്തിനുള്ളത് (ചിത്രം 7). പടിഞ്ഞാറൻ തീരത്തെ അപേക്ഷിച്ച് കൂടുതൽ ശക്തമായി തിരയടിക്കുന്ന കിഴക്കൻ തീരത്തെ മൽസ്യബന്ധനത്തിന്‌ അനുയോജ്യമായ രൂപഘടനയാണിത്. ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കുന്ന മൂന്നു നീളൻ മരക്കഷണങ്ങളാണ്‌ കട്ടമരം നിർമ്മിക്കുന്നതിന്‌ ഉപയോഗിക്കുന്നത്. ഈ മരക്കഷണങ്ങളിൽ മദ്ധ്യഭാഗത്തുള്ളതിന്‌ വലിപ്പം കൂടുതലായിക്കും. വഞ്ചിയുടെ അല്പം കുഴിഞ്ഞ ആകൃതി ലഭിക്കുന്നതിന്‌ ഈ മരക്കഷണം മറ്റുള്ളവയെ അപേക്ഷിച്ച് അല്പം താഴ്ത്തിയായിരിക്കും കെട്ടിയിരിക്കുക. ഒറ്റത്തടി വഞ്ചികളെക്കാൾ വളരെ സ്ഥിരതയുള്ളവയാണ് തടികൾ സമാന്തരമായി കൂട്ടിക്കെട്ടിയ കട്ടമരം. 

ചിത്രം 8 – മലഞ്ചെരിവുകളിലെ കയ്യാലകൾ

കേരളത്തിലെ ചെരിവുള്ള പ്രദേശങ്ങളിൽ മണ്ണുസംരക്ഷണത്തിനായി കയ്യാല കെട്ടുന്നത് സാധാരണയാണ്. കുന്നിൻ ചെരിവുകളിൽ, പ്രത്യേകിച്ച് കല്ലുകഷണങ്ങൾ (rubbles)ധാരാളമുള്ള സ്ഥലങ്ങളിൽ, കയ്യാലടെറസുകൾ വ്യാപകമായി സ്വീകരിക്കപ്പെടുന്നുണ്ട്.(ചിത്രം 8,9). കല്ലുകൾ പറമ്പിൽനിന്നുതന്നെ ശേഖരിക്കുകയോ കിളയ്ക്കുമ്പോൾ പൊന്തിവരുന്നത് എടുക്കുകയോ ചെയ്യുന്നു. ‘പ്യൂർട്ടോറിക്കൻ ടെറസുകൾ’ എന്നുകൂടി അറിയപ്പെടുന്ന ഇവ തുടക്കത്തിൽ ബാഹ്യമായി ചെരിഞ്ഞ ടെറസുകളാണ്, കാലക്രമേണ, മണ്ണ് വന്നടിഞ്ഞു ഏതാണ്ട് നിരപ്പ് തട്ടുകളായി മാറും (7).

ചിത്രം 9. പണി പൂർത്തിയായ ഒരു കയ്യാല

മലഞ്ചെരിവുകൾ നിറഞ്ഞ പ്യൂർട്ടോറിക്ക എന്ന കരീബിയൻ ദ്വീപിലെ കല്ലുകയ്യാല വളരെ പ്രശസ്തമാണ്. യൂറോപ്യന്മാർ ഇത് കേരളത്തിൽ അവതരിപ്പിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. പഴയ കർഷകരുടെ അഭിപ്രായത്തിൽ, കേരളത്തിലെ മലഞ്ചെരുവുകളിൽ കൃഷി തുടങ്ങിയതോടെ കയ്യാല നിർമ്മാണവും തുടങ്ങി. ഈ രീതിക്ക് 200വർഷമെങ്കിലും പഴക്കമുണ്ടാവും എന്നാണ് കരുതുന്നത്. ഇത്തരത്തിലുള്ള ടെറസ് രൂപീകരണം സാധാരണയായി രണ്ടോ നാലോ വർഷത്തിനുള്ളിൽ പൂർത്തിയാകും.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വളരെ വ്യാപകമായി കാണുന്ന ഒന്നാണ് പുരയിടക്കൃഷി (homestead farming). ഭൂമിയുടെമേലുള്ള സമ്മർദ്ദവും, കൈവശഭൂമിയുടെ വിഘടനവും, നിമ്നോന്നതമായ ഭൂപ്രകൃതിയും ഇത്തരത്തിലുള്ള കൃഷി സമ്പ്രദായത്തിലേക്ക് നയിച്ചതാണ്(7). കേരളത്തിലെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള വീടുകളുടെ (hamlets)  സവിശേഷതയാണ്  പുരയിടങ്ങൾ അഥവാ വീട്ടുവളപ്പുകൾ (homesteads). കേരളത്തിൽ  കൃഷിചെയ്യുന്ന പ്രദേശങ്ങളുടെ 75ശതമാനവും പുരയിടകൃഷി സമ്പ്രദായമാണ്.  പുരയിടങ്ങൾ കർഷകന്റെ ‘പുരയിലേക്ക്’ ആവശ്യമുള്ള വളരെയധികം ഉൽപന്നങ്ങൾ നൽകുന്നു. കൈവശഭൂമിയിൽനിന്ന് സ്വന്തം വൈദഗ്ധ്യവും ലഭ്യമായ സേവനങ്ങളും പ്രയോജനപ്പെടുത്തി പരമാവധി ഉല്പ്പന്നങ്ങൾ ഉണ്ടാക്കുക എന്നതായിരിക്കും കർഷകരുടെ ലക്ഷ്യം.  

പുരയിടക്കൃഷിസമ്പ്രദായം വീടിനുചുറ്റും ഉപയോഗപ്രദമായ ചിരസ്ഥായി വിളകളും, ഹ്രസ്വകാല  വിളകളും, കന്നുകാലികളും, കോഴിയുമൊക്കെയായി ഒരു ചെറിയ (സാധാരണയായി 0.10 ഹെക്ടറോ അതിൽ കൂടുതലോ) സ്ഥലത്ത് സംയോജിപ്പിക്കുന്നു. ഈ സംവിധാനത്തിൽ, കർഷകന്റെ വീട്, കന്നുകാലിഷെഡ്, കോഴിക്കൂട് എന്നിവയ്ക്ക് ചുറ്റുമായാണ് ഈ വിളകൾ നട്ടുപിടിപ്പിക്കുക. തിരഞ്ഞെടുക്കുന്ന വിളകൾ മിക്കവാറും ‘പുരയിലെ’ പല ഉപയോഗങ്ങൾക്കും യോജിച്ച വിവിധോദ്ദേശവിളകൾ ആയിരിക്കും. കേരളത്തിലെ പുരയിടക്കൃഷിയിൽ സാർവത്രികമായി കാണുന്ന ഒരു വിളയാണ് തെങ്ങ്. സ്ഥലത്തിന്റെ വ്യാപ്തി അനുസരിച്ച് മാവ്, പ്ലാവ്, മുരിങ്ങ, കറിവേപ്പ്, വാഴ, പപ്പായ, വാളൻ പുളി, കുടമ്പുളി, നാരകം എന്നിവയും ഒന്ന്-രണ്ട് വീതം കാണും.  അതിനേക്കാൾ കുറഞ്ഞ പ്രാധാന്യമാണ് ചേമ്പ്,ശീമച്ചേമ്പ്,ചേന,കാച്ചിൽ,മരച്ചീനി, ഇഞ്ചി,മഞ്ഞൾ,കുരുമുളക്,റാഗി,പച്ചക്കറികൾ,തീറ്റപ്പുല്ലുകൾ,ഔഷധസസ്യങ്ങൾ എന്നിവയ്ക്ക് കിട്ടുക. സ്ഥലം കൂടുതലുണ്ടെങ്കിൽ ഇവയിൽ ചിലതൊക്കെ വില്പ്പനയ്ക്കുവേണ്ടി കൂടുതൽ സ്ഥലത്ത് കൃഷിചെയ്യും. മൊത്തം ഉൽപാദനക്ഷമതയുടെ കാര്യത്തിൽ, മറ്റ് കൃഷി സമ്പ്രദായങ്ങളെ അപേക്ഷിച്ച്, പുരയിടക്കൃഷി സമ്പ്രദായം വളരെ മികച്ചതാണ്. വിവിധ ഘടകങ്ങൾ തമ്മിലുള്ള പരസ്പരബന്ധം കാരണം ഈ സംവിധാനത്തിൽ  ജൈവ ചംക്രമണം  വലിയ തോതിൽ സംഭവിക്കുന്നു. 

ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിങ്ങനെ കുറഞ്ഞത് അഞ്ചു വിളകൾ പഞ്ചകൃഷിയിൽ ഉൾപ്പെടുന്നു. കാലാവസ്ഥ, മണ്ണിന്റെ ആരോഗ്യം, കാർഷിക മാലിന്യങ്ങൾ, ഫാമിന്റെ ആവാസവ്യവസ്ഥയെ സന്തുലിതമാക്കൽ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒന്നിലധികം വിളകളുടെ വിദ്യകൾ ഉൾപ്പെടുന്ന പഞ്ചകൃഷിയിൽ അട്ടപ്പാടിയിലെ ആദിവാസികൾക്ക് നല്ല പരിചയമുണ്ട്. ഈ സമ്പ്രദായത്തിൽ പലപ്പോഴും നെല്ല്, തിന, റാഗി, എന്നിവ പ്രധാന വിളകളായി ഉൾപ്പെടുന്നു, ശേഷിക്കുന്ന പ്രദേശം പച്ചക്കറികൾ, ബീൻസ്, പയർവർഗ്ഗങ്ങൾ എന്നിവയ്ക്കായി  വിഭജിച്ചു നല്കും. 

ചിത്രം 10 – കാസർഗോഡ് ജില്ലയിലെ സുരംഗ

കാസർഗോഡ് ജില്ലയിലും കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലും ജലസേചനത്തിനും കുടിവെള്ളത്തിനും  ഉപയോഗിക്കുന്ന പരമ്പരാഗത ജലപരിപാലന സംവിധാനമാണ് സുരംഗം അഥവാ തുരങ്കം(ചിത്രം 10). ഇത് തിരശ്ചീനമായ ഒരു കിണർ (horizontal well) ആണ്. ഒരു വെട്ടുകൽകുന്നിലൂടെ കുഴിച്ച ഒരു തിരശ്ചീനതുരങ്കം. അതിൽനിന്ന് വെള്ളം ഉറവയായി പുറത്തേക്കുവരുന്നു. ഇത് ഒരു സംഭരണടാങ്കിൽ ശേഖരിക്കുന്നു. സുരംഗങ്ങൾ ഇറാന്റെ കഷൻ പ്രവിശ്യയിൽ കാണപ്പെടുന്ന ഖാനറ്റുകൾക്ക്(qanats)  സമാനമാണ്. പക്ഷേ നീളം വളരെ കുറവാണ്; മിക്ക സുരംഗങ്ങൾക്കും 8 മീറ്റർമുതൽ 10 മീറ്റർവരെ മാത്രമേ നീളമുള്ളൂ. പരമാവധി രേഖപ്പെടുത്തിയ ദൈർഘ്യം ഏകദേശം 300 മീറ്ററാണ്.

ചിത്രം 11 – വയനാട്ടിലെ കേണി

വയനാട് ജില്ലയിൽ കാണുന്ന ഒരുതരം ആഴം കുറഞ്ഞ കിണറുകൾക്ക് പറയുന്ന പേരാണ് കേണി (ചിത്രം 11).  ഗോത്രസംസ്കൃതിയുടെ ശേഷിപ്പുകളാണിവ. ‘കേണി’യെന്നാൽ കിണർ എന്നാണർഥം. പ്രധാനമായും ചൂണ്ടപ്പനയുടെ (toddy palm) മൂത്ത തടി ഉപയോഗിച്ചാണ് കേണി നിർമ്മിക്കുന്നത്(പനംകേണി).  പനത്തടി വെള്ളത്തിൽ മുക്കിവച്ച് അകത്തെ കാമ്പ് നീക്കം ചെയ്യുകയും ബാക്കിയാകുന്ന കഠിനമായ പുറംപാളി ഉപയോഗിക്കുകയും ചെയ്യുന്നു. കേണി നിർമ്മാണത്തിന് ആഞ്ഞിലി, നെല്ലി  എന്നിവയുടെ തടിയും ഉപയോഗിക്കാറുണ്ട്.  ഉള്ളു തുരന്ന ഇത്തരം തടികൾ ഭൂമിയിലേക്ക് താഴ്ത്തിയാണ് കേണി രൂപപ്പെടുത്തുന്നത്. വയലുകളുടെ അരികിലോ, നടുവിലോ, വനത്തോടടുത്തോ നിർമ്മിച്ച ആഴം കുറഞ്ഞ കിണർ ഘടനയാണ് (1.2 മീറ്റർ) കേണിക്കുള്ളത്. ഒരു മീറ്ററിൽ കൂടുതൽ വ്യാസമുണ്ടാകില്ല. ഭൂനിരപ്പിന് അടുത്ത്  വറ്റാത്ത നീരുറവയായി വെള്ളം ഉയർന്നുവരുന്നിടത്താണ് കേണി സാധാരണയായി കാണപ്പെടുന്നത്. അത്തരം സ്ഥലങ്ങൾ കണ്ടെത്തുന്നതിന് ആദിവാസികൾ ചില ജൈവ സൂചകങ്ങൾ ഉപയോഗിക്കുന്നു. കുടിവെള്ളത്തിന് മാത്രമായാണ് കേണി ഉപയോഗപ്പെടുത്തുന്നത്.

ഇവിടെ പറഞ്ഞതുകൂടാതെ പൈതൃകസ്ഥാനത്തിന് അർഹതയുള്ള കൃഷിസമ്പ്രദായങ്ങൾ കേരളത്തിൽ ഇനിയുമുണ്ടാകും. ഒറ്റയടയിക്ക് ഇവയ്ക്കെല്ലാം ആഗോളപ്രാധാന്യം ലഭിച്ചുവെന്നു വരില്ല. സവിശേഷമായ ഭൂവിനിയോഗ സംവിധാനങ്ങളും ഭൂപ്രകൃതികളുമുള്ള തനതായ സംവിധാനങ്ങളെ  തിരിച്ചറിഞ്ഞു  നിർവചിക്കണം. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ ഇക്കാര്യങ്ങൾ ചെയ്യാവുന്നതാണ്. അതിനാദ്യം ചെയ്യേണ്ടത്,  ‘മറ്റ് ഫലപ്രദമായ പ്രദേശാധിഷ്ഠിത പരിരക്ഷണ നടപടികൾ’ (Other  Effective Area-based Conservation Measures, OECMs) എന്നതിന്റെ  ഭാഗമായി ‘തനത് കാർഷിക വ്യവസ്ഥകൾ’ (unique agricultural systems, UAS) എന്ന വിഭാഗത്തിന് കീഴിൽ അവ വരുന്നുണ്ടോ എന്ന് നോക്കുകയാണ്. 2018 നവംബറിൽ, ജൈവ വൈവിധ്യത്തെക്കുറിച്ചുള്ള കൺവെൻഷൻ പാർട്ടികളുടെ 14-ാമത് കോൺഫറൻസിൽ 14 തരം OECM കളെ തിരിച്ചറിയുന്നതിനുള്ള മാർഗ്ഗനിർദ്ദേശ തത്വങ്ങൾ, പൊതുസവിശേഷതകൾ, മാനദണ്ഡങ്ങൾ എന്നിവ പുറപ്പെടുവിച്ചിട്ടുണ്ട്(8). കർഷകരും, കൃഷിഉദ്യോഗസ്ഥന്മാരും,  കാർഷിക ശാസ്ത്രജ്ഞരും ചേർന്നുള്ള പങ്കാളിത്തരീതി സ്വീകരിച്ച് ദേശീയതലത്തിൽ അല്ലെങ്കിൽ പ്രാദേശികതലത്തിൽ കാർഷികപൈതൃകസംവിധാനങ്ങൾക്ക് അംഗീകാരം കൊടുക്കാനും സാധിക്കും. 


References 

  1. FAO [ Food and Agriculture Organization of the United Nations] 2018.  Globally Important Agricultural Heritage Systems: Combining Agricultural Biodiversity, Resilient Ecosystems, Traditional Farming Practices, and Cultural Identity, FAO, Rome, 47p. Available: >>> 
  2. FAO [Food and Agriculture Organization of the United Nations] 2024.  Globally Important Agricultural Heritage Systems (GIAHS) FAO, Rome (Home Page). Available: >>>  
  3. Gopalan, U.K., Vengayil, D.T., Udayavarma, P., and M. Krishnankutty, M. 1983. The shrinking backwaters of Kerala. Journal of the Marine Biological Association of India 25 (1 & 2): 131 -141
  4. Sahadevan, P.C. 1966. Rice in Kerala. Agricultural Information Service, Dept of Agriculture, Kerala, 239p.  
  5. Singh, A.K. and Rana, R. S. 2019. Nationally important agricultural heritage systems in India: Need for characterization and scientific validation.  Proc. Indian Natn. Sci. Acad. 85: 1: 229-246.  >>>
  6. Thomas, C.G. 2022. Irrigation and Water Management. Ane Books, New Delhi, 396p.
  7. Thomas, C.G. 2023. Tropical Agronomy: Principles, Heritage, and Gender Perspectives. Ane Books, New Delhi, 673p. 
  8. UNDP [United Nations Development Programme] 2022. Criteria and Guidelines for Identifying Other Effective Area Based Conservation Measures (OECMs) in India. UNDP India, 62p.  Available: >>>
  9. Velu Pillai, T.K. 1940. The Travancore State Manual Vol. III. Government of Travancore, Thiruvananthapuram, 845p.  
  10. കേരള സർക്കാർ 2009.  കേരളത്തിലെ പൊക്കാളി, കൈപ്പാട്, കോൾ, കരി നിലങ്ങളിലെ സംയോജിത കൃഷിക്ക് ബാധകമാക്കാവുന്ന സബ്സിഡി മാനദണ്ഡങ്ങൾ ശുപാർശ ചെയ്യാനുള്ള വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ട്. തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള സർക്കാർ, 48 പേജുകൾ 

കൃഷിയുമായി ബന്ധപ്പെട്ട ലൂക്ക ലേഖനങ്ങൾ

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
50 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സയൻസും കവിതയും – അദൃശ്യ കവാടങ്ങൾ
Next post ഭൂമിയിലെത്തിയ വിരുന്നുകാർ -അധ്യായം 4
Close