[dropcap]അ[/dropcap]മേരിക്കയിലെ വിര്‍ജീനയില്‍ 1920ല്‍ ജനിച്ച ഹെന്‍റിയേറ്റാ ലാക്സ് രക്ഷിതാക്കളുടെ പത്ത് മക്കളില്‍ ഒരാളായിരുന്നു. പത്താമത്തെ കുഞ്ഞിന് ജന്മം നല്‍കിയതോടെ അമ്മ മരിച്ചു. അമ്മയില്ലാത്ത പത്ത് മക്കളെ എങ്ങനെ വളര്‍ത്തുമെന്നറിയാതെ വിഷണ്ണനായ അച്ഛന്‍ അവരെയും കൊണ്ട് ക്ലോവര്‍ എന്ന സ്ഥലത്തേക്ക് താമസം മാറ്റി. കുട്ടികളെയെല്ലാം വിവിധ ബന്ധുവീടുകളില്‍ ആക്കുകയും ചെയ്തു. ഹെന്‍റിയേറ്റ എത്തിപ്പെട്ടത് മുത്തശ്ശനായ ടോമ്മി ലാക്സിന്റെ വീട്ടിലാണ്. കുടുംബത്തിലെ മറ്റംഗങ്ങളെപ്പോലെ പുകയില ക്കൃഷിയായിരുന്നു ഹെന് റിറ്റയുടെയും ജോലി. ലാക്സിനെ മുറച്ചെറുക്കനായ ഡേവിഡ് വിവാഹം കഴിച്ചു. ആ ദാമ്പത്യത്തില്‍ അവര്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കി. അഞ്ചാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് അവര്‍ക്ക് ഗര്‍ഭാശയ അര്‍ബുദം സ്ഥിരീകരിക്കുന്നത്. അക്കാലത്ത് തന്നെ അര്‍ബുദ ചികിസ്താരംഗത്തെ പ്രമുഖ കേന്ദ്രമായ ബാള്‍ട്ടിമോറിലെ ജോണ്‍ ഹോപ്കിന്‍സ് ആശുപത്രിയില്‍ ചികിത്സ തേടിയ അവര്‍ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം 1951 ല്‍ അന്തരിച്ചു. [box type=”info” align=”” class=”” width=””]നമ്മുടെ ശരീരത്തിലെ നാഡീകൊശങ്ങള്‍ ഒഴികെ മറ്റെല്ലാ കോശങ്ങള്‍ക്കും ഒരു നിശ്ചിത സമയം മാത്രമേ ജീവിക്കാന്‍ കഴിയൂ. അതിനു ശേഷം അവ സ്വയം നശിച്ച് പോകുന്നു. ഇതിനെ കോശത്തിന്റെ ആത്മഹത്യ (Apoptosis) എന്ന് പറയാം. അതായത് നിശ്ചിത തവണ വിഭജനം കഴിഞ്ഞാല്‍ ഓരോ കോശങ്ങവും സ്വയം അവസാനിക്കുന്നു. ഇത് ഉറപ്പിക്കുവാനായി കോശങ്ങളില്‍ അനേകായിരം സിഗ്നലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏതെങ്കിലും കാരണവശാല്‍ ഇത്തരം സിഗ്നലുകള്‍ പ്രവര്‍ത്തനരഹിതമാവുകയോ, ക്രമരഹിതമായി പ്രവര്‍ത്തിക്കുകയോ ചെയ്‌താല്‍ കോശങ്ങള്‍ക്ക് അതിന്‍റെ തന്നെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയും അവ അവസാനമില്ലാതെ വിഭജിക്കുകയും ചെയ്യും. ആ അവസ്ഥയെയാണ് അര്‍ബുദം എന്ന് വിളിക്കുന്നത്. ഇത്തരം കോശങ്ങള്‍ക്ക് സ്വയം മരണമില്ല.[/box]ജീവിച്ചിരിക്കുമ്പോള്‍ തങ്ങളുടെ വ്യക്തിത്വം കൊണ്ട് ജനമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹത്തുക്കളെ ചിരഞ്ജീവികള്‍ അഥവാ അമരര്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. സമൂഹം എന്നും ഓര്‍മയില്‍ സുക്ഷിക്കുന്ന ഇതിഹാസ ജീവിതത്തിന് ഉടമകളായിരുന്നിരിക്കും ഇവര്‍. എന്നാല്‍ ജീവിതകാലഘട്ടത്തില്‍ ഏതൊരു സാധാരണക്കാരെയും പോലെ ജീവിക്കുകയും മരണശേഷം അക്ഷരാര്‍ഥത്തില്‍ അമരയാവുകയും ചെയ്താലോ? അത്തരം ഒരു കഥയാണ് ആഫ്രിക്കന്‍ – അമേരിക്കന്‍ വനിതയായ ഹെന്‍റിയേറ്റാ ലാക്സിന്റേത്.
മനുഷ്യ കോശങ്ങളെ ലബോറട്ടറികളില്‍ വളര്‍ത്താനായാല്‍ അതിന്‍റെ പ്രായോഗിക ഉപയോഗങ്ങള്‍ അനവധിയാണ്. സാധാരണ കോശങ്ങൾ ലബോറട്ടറികളില്‍ വളര്‍ത്തുവാന്‍ പരിമിതികളുണ്ട്. ഏതാനും വിഭജനത്തിനു ശേഷം അവ സ്വയം നശിക്കും എന്നതാണ് പ്രധാന കാരണം. അര്‍ബുദ കോശങ്ങള്‍ക്ക് ഈ പരിമിതിയില്ലാത്തതിനാല്‍ അവയെ പരീക്ഷണശാലകളില്‍ വളര്‍ത്തുവാന്‍ സാധിക്കും. എന്നാല്‍ ഈ വിഷയത്തില്‍ 1950 കള്‍ വരെ കാര്യമായി വിജയിക്കുവാന്‍ ഗവേഷകര്‍ക്ക് സാധിച്ചിരുന്നില്ല. കാരണം അന്നുവരെ പരീക്ഷിച്ചിട്ടുള്ള എല്ലാ അര്‍ബുദ കോശങ്ങളും പരീക്ഷണ ശാലകളില്‍ കുറച്ച് വിഭജനത്തിനു ശേഷം വിഭജിക്കാന്‍ കഴിയാതാവുകയോ നശിച്ചു പോകുകയോ ചെയ്തിരുന്നു. ലാക്സിന്റെ ശരീരത്തില്‍ നിന്നും രോഗനിര്‍ണയത്തിന്നായി എടുത്ത അര്‍ബുദ കോശങ്ങള്‍ ആശുപത്രി അധികൃതര്‍, അവരുടെയോ കുടുംബാംഗങ്ങളുടെയോ അനുവാദം കൂടാതെ ആ ആശുപത്രിയിലെ തന്നെ ഗവേഷകനായ ജോര്‍ജ് ഓട്ടോ ഗ്രേയ്ക്ക് നല്‍കുകയുണ്ടായി. ഇതില്‍ നിന്നും ചില കോശങ്ങള്‍ അദ്ദേഹം പരീക്ഷണശാലയില്‍ വളര്‍ത്താന്‍ ശ്രമിക്കുകയും അന്നേവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ കോശങ്ങള്‍ അനന്തമായി വളര്‍ത്തുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. ഹെന് റീറ്റ ലാക്സ് എന്നതിന്‍റെ ചുരുക്കമായി ഹീ ലാ (HeLa) എന്ന് അതിനെ നാമകരണം ചെയ്തു. അവിടുന്നങ്ങോട്ട് ഹീലാ കോശങ്ങള്‍ ആരോഗ്യമേഖലയ്ക്കും കോശ ശാസ്ത്രത്തിനും, അര്‍ബുദ ഗവേഷണത്തിനും നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണ്.
1954ല്‍ ജോനാസ് സാല്‍ക് എന്ന ഗവേഷകന്‍ പോളിയോ വാക്സിന്‍ കണ്ടെത്തി അവ പരീക്ഷിക്കുവാനായി ഒരു ടിഷ്യു കള്‍ച്ചര്‍ ലാബിലെന്നപോലെ ധാരാളമായി ഹീല കോശങ്ങള്‍ ഉത്പാദിപ്പിച്ച് ചരിത്രം സൃഷ്ടിച്ചു. അതോടെ ഹീല കോശങ്ങളുടെ സവിശേഷത മറ്റു ഗവേഷകര്‍ അറിയുകയും ഈ കോശങ്ങള്‍ക്ക് ഗവേഷകലോകത്തെമ്പാടും അനവധി ആവശ്യക്കാരുണ്ടാവുകയും ചെയ്തു.. ലോകമെമ്പാടുമുള്ള പരീക്ഷണശാലകളിലേക്ക് ഹീല കോശങ്ങള്‍ അയച്ച് കൊടുത്തു. അങ്ങനെ ഒട്ടനവധി കണ്ടെത്തലുകള്‍ക്ക് അവ കാരണമായി. ഇന്നിപ്പോള്‍ ഈ കോശങ്ങള്‍ ഉപയോഗിക്കാത്ത കോശ/അര്‍ബുദ ഗവേഷണം ഇല്ല എന്ന് തന്നെ പറയാം. ഇതുവരെ ഏകദേശം 20 ടണ്ണോളം ഹീല കോശങ്ങള്‍ ഗവേഷകര്‍ വളര്‍ത്തിക്കാണും എന്നാണ് പറയപ്പെടുന്നത്. പതിനായിരത്തിലധികം വ്യത്യസ്ത പേറ്റന്റുകള്‍ ഹീല കോശങ്ങളുടെ മേല്‍ നിലവിലുണ്ട്.
എന്നാല്‍ തങ്ങളുടെ കുടുംബത്തിലെ ഒരാളുടെ കോശങ്ങള്‍ ഇത്തരത്തില്‍ ഗവേഷകര്‍ ഉപയോഗിക്കുന്നതിനെപ്പറ്റി ലാക്സ് കുടുംബം 1970 വരെയും അജ്ഞരായിരുന്നു. 1970ല്‍ മറ്റൊരു അര്‍ബുദ കോശം ഹീല കോശങ്ങൾക്കൊപ്പം കലര്‍ന്നു. യഥാര്‍ത്ഥ ഹീല കോശങ്ങള്‍ തെരഞ്ഞെടുത്ത് വളര്‍ത്താന്‍ ഹെന് റീറ്റ ലാക്സിന്റെ ബന്ധുക്കളുടെ ഡി. എന്‍. എ. പരിശോധന ആവശ്യമായി വന്നു. അതോടെ ഒട്ടേറെ ഗവേഷകര്‍ ലാക്സ് കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് രക്ത സാമ്പിളുകള്‍ ആവശ്യപ്പെടുകയുണ്ടായി. പരിഭ്രമിച്ച് പോയ അവര്‍ നടത്തിയ കൂടുതല്‍ അന്വേഷണത്തിലാണ് ഹെന് റീറ്റയുടെ കോശങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് അറിയുന്നത്. 1980ല്‍ ലാക്സ് കുടുംബത്തിന്‍റെ ആരോഗ്യ ചരിത്രം പരസ്യപ്പെടുത്തുകയും കടുംബം അതിനെതിരെ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ അമേരിക്കന്‍ സുപ്രീം കോടതി പരാതി തള്ളിക്കൊണ്ട് ഒരാളുടെ മരണ ശേഷം അയാളുടെ കോശങ്ങളില്‍ കുടുംബാംഗങ്ങൾക്ക് അധികാരമില്ല എന്ന വിധിയാണ് പുറപ്പെടുവിച്ചത്. 2013 ല്‍ ഹീല കോശത്തിന്റെ മുഴുവന്‍ ഡി എന്‍ എ കോഡ് ജര്‍മന്‍ ഗവേഷകര്‍ പുറത്ത് വിട്ടു, അതിന്‍റെ പേരില്‍ പിന്നീട് നടന്ന നൈതിക നിയമ പോരാട്ടങ്ങളില്‍ ലാക്സ് കുടുംബത്തിനു ഹീല കോശങ്ങളുടെ മേലും ഡി എന്‍. എ കോഡിന്റെ മേലും ചില നിയന്ത്രണങ്ങള്‍ ലഭിച്ചു. ഹെന് റീറ്റ ലാക്സിന്റെ കൌതുകകരമായ ഈ തുടർ ജീവിതം 2010 ല്‍ റബേക്ക സ്ക്ലൂട്ട് എന്ന പത്ര പ്രവര്‍ത്തക The Immortal Life of Henreitta Lacks എന്ന പേരില്‍ പുസ്തകമാക്കുകയുണ്ടായി. ന്യൂയോര്‍ക്ക് ടൈംസിന്‍റെ ഏറ്റവും വില്പനയുള്ള പുസ്തകങ്ങളില്‍ ഒന്നായി ഇടം പിടിച്ച ഇതിന്റെ ചലച്ചിത്രാവിഷ്കാരം നടത്തുവാന്‍ ഇപ്പോള്‍ എച്ച് ബി. ഓ ഒരുങ്ങുകയാണ്.