Read Time:12 Minute

മൈലാഞ്ചി. ഒരുപാട് ആഘോഷങ്ങൾക്ക് നിറം പകരുന്ന, ഒരുപാട് സാഹിത്യ രചനകളിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഒരു ചെടിയാണ്. പല ദേശങ്ങളിലും സംസ്കാരങ്ങളിലും മൈലാഞ്ചി സന്തോഷത്തിന്റെ പ്രതീകമായിട്ടാണ് കരുതി പോരുന്നത്. “കനക മൈലാഞ്ചി നീരിൽ തുടുത്ത നിൻ വിരൽ തൊടുമ്പോൾ കിനാവു ചുരന്നതും” എന്നിങ്ങനെ പോകുന്നു കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രണയാർദ്രമായ വരികൾ .

മൈലാഞ്ചി ചെടിയെ കുറിച്ച്

Lawsonia inermis എന്നാണ് ശാസ്ത്രീയ നാമം. 1753 ൽ കാൾ ലിനേയസ് ആണ് ഈ ശാസ്ത്രീയ നാമം നൽകിയത്. മൈലാഞ്ചി ഉൾപ്പെടുന്നത് Lythraceae  എന്ന കുടുംബത്തിലാണ്. ജന്മദേശം മധ്യപൂർവ്വ ദേശങ്ങളിലും ഉത്തര ആഫ്രിക്കയിലും ആയിട്ടാണ്. വരണ്ട മണ്ണിലാണ് കൂടുതലായി വളരുക. ഇലകൾക്ക് 2-4 cm നീളമാണുള്ളത്.  മൈലാഞ്ചിയുടെ പൂക്കൾ കൂടിച്ചേർന്ന് പൂങ്കുല ആയിട്ടാണ് കാണപ്പെടുന്നത്. പൂങ്കുലകൾക്ക് 10-14 cm വരെ വലിപ്പമുണ്ട്. 5mm വ്യാസമുള്ള കുഞ്ഞു പൂക്കൾ ചേർന്നാണ് പൂങ്കുലകൾ ഉണ്ടാവുന്നത്. പൂക്കൾക്ക് വെള്ള നിറവും 4 ഇതളുകളുമാണുള്ളത്. ഇവയ്ക്ക് തീക്ഷ്ണമായ ഒരു ഗന്ധമുണ്ട്. ഇതുകൊണ്ടു തന്നെ മൈലാഞ്ചി പൂക്കൾ സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കുന്നതിനു വേണ്ടി ഉപയോഗിക്കാറുണ്ട്. പൂക്കൾ തിളപ്പിച്ച് ബാഷ്പീകരിച്ചാണ് ഗുൽ എ – ഹിന – അത്തർ എന്നറിയപ്പെടുന്ന സുഗന്ധദ്രവ്യം ഉത്പാദിപ്പിക്കുന്നത്. ഉത്തർ പ്രദേശിൽ ഇത് വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. മൈലാഞ്ചി ഇലയിലും തണ്ടിലും അടങ്ങിയിട്ടുള്ള ലൗസോൺ (Lawsone) എന്ന ടാനിൻ തന്മാത്രകളാണ് ഓറഞ്ച് കലർന്ന ചുവപ്പ് നിറത്തിന് കാരണം.

Photo: Naseeha C P

മൈലാഞ്ചി ഉപയോഗത്തിന്റെ ചരിത്രം

മൈലാഞ്ചിയുടെ നിറം പകരാനുള്ള കഴിവ് കണ്ടുപിടിക്കപ്പെട്ടതിനെ കുറിച്ച് രസകരമായ ഒരു കഥയുണ്ട്. കന്നുകാലികളെ മേച്ചു നടക്കുന്ന ഇടയന്മാർ അവരുടെ വളർത്തു മൃഗങ്ങളുടെ വായയിൽ അസ്വാഭാവികമായി ചുവപ്പുനിറം കാണാനിടയായി. വല്ല മുറിവും പറ്റിയതാണോ അല്ലെങ്കിൽ വല്ല അസുഖവും വന്നതാണോ എന്നെല്ലാം അവർ സംശയിച്ചു. പക്ഷേ ഒരു പ്രത്യേക ചെടിയുടെ ഇല ചവച്ചരയ്ക്കുമ്പോൾ ഈ നിറം വായക്കകത്ത് കറ പോലെ പിടിക്കുന്നതായി പിന്നീട് അവർ കണ്ടു.  അങ്ങനെയാണ് മൈലാഞ്ചി നിറത്തിന്റെ രഹസ്യം ചുരുളഴിയുന്നത് എന്നാണ് കഥ.

പുരാതന ഈജിപ്ഷ്യൻ പുരാവസ്തു സമുച്ചയമായ തീബ്‌സിലെ ഡീർ എൽ-ബഹ്‌റിയിൽ (Deir el-Bahri) നിന്ന് ഏകദേശം 1,000 BCE ലെ മമ്മി കണ്ടെത്തി. മൈലാഞ്ചി കൊണ്ട് ചായം പൂശിയ ചുവന്ന മുടിയാണ് മമ്മിക്ക്. (CC BY-NC-ND 2.0) കടപ്പാട് : Flickr.

എന്നുമുതലാണ് മൈലാഞ്ചി ഉപയോഗിച്ച് തുടങ്ങിയതെന്ന് വ്യക്തമായ രേഖകൾ ഇല്ല. എങ്കിലും ബാബിലോണിയൻ കാലഘട്ടം മുതൽ മൈലാഞ്ചി ഉപയോഗിച്ചതായി തെളിവുകൾ ലഭ്യമാണ്. പുരാതന ഈജിപ്തിലെ ഒരു ക്ഷേത്ര സമുച്ചയത്തിൽ നിന്നും കണ്ടെടുത്ത ബി സി 1000 മാണ്ടിലെ ഒരു മമ്മിയുടെ ചുവന്ന മുടി മൈലാഞ്ചി കൊണ്ട് നിറം കൊടുത്തതാണെന്ന് ചരിത്രം ഉണ്ട്. മമ്മിയെ ചുറ്റുന്ന തുണികളും മൈലാഞ്ചി കൊണ്ട് നിറം കൊടുത്തതായി കാണാം. ലൗസോണിന്റെ സാന്നിധ്യം മമ്മിയുടെ ചർമ്മത്തെ അഴുകാതിരിക്കാൻ സഹായിക്കുകയും കൂടുതൽ നല്ല രീതിയിൽ Preserve ചെയ്യിപ്പിക്കുകയും ചെയ്യും. മൈലാഞ്ചിയുടെ ഏറ്റവും പുരാതനമായ അവശേഷിപ്പ് ഇത്തരം മമ്മികളിലാണ്. പുരാവസ്തു ഗവേഷണ സർവ്വേകളിലും പഠനങ്ങളിലും പല മമ്മികളുടെയും നഖങ്ങളിലും കൈകാലുകളിലും മൈലാഞ്ചി കറ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. ഈജിപ്ഷ്യൻ ഫറോവ റാംസസ് രണ്ടാമൻറെ മമ്മിയിൽ മൈലാഞ്ചി പുരണ്ട കൈകളും നഖങ്ങളും ഉണ്ട്. അക്കാലത്ത് ശവസംസ്കാര ചടങ്ങുകളിൽ മൈലാഞ്ചിയുടെ പ്രാധാന്യം കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്.

 മൈലാഞ്ചി ചുവപ്പിന്റെ രസതന്ത്രം

മൈലാഞ്ചിയിൽ അടങ്ങിയിരിക്കുന്ന ലൗസോൺ എന്ന ടാനിൻ തന്മാത്രയാണ് നിറത്തിന്റെ ഉറവിടം.  ഇലകളിലാണ് ഇതിൻറെ സാന്നിധ്യം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ഇത് വീര്യം കുറഞ്ഞ ഒരു ഓർഗാനിക് ആസിഡ് ആണ്. ഹെന്നോടാനിക് ആസിഡ് എന്നും അറിയപ്പെടുന്നു. 2- ഹൈഡ്രോക്സി -1,4- നാഫ്‌തോക്വിനോൺ  എന്നാണ് രാസനാമം.


Lawsone (C10H6O3)

ലൗസോൺ തന്മാത്രകൾക്ക് പ്രോട്ടീനുമായി കൂടിച്ചേരാനുള്ള കഴിവുണ്ട്. മൈലാഞ്ചി മിശ്രിതം ചർമ്മത്തിൽ ഇടുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന ലൗസോൺ ചർമ്മത്തിലെ പ്രോട്ടീൻ ആയ കെരാറ്റിനുമായി കൂടിച്ചേരാൻ തുടങ്ങും. ഈ രാസപ്രവർത്തനത്തിലൂടെ ലൗസോൺ ചർമ്മത്തിലെയും മുടിയിലെയും നഖത്തിലേയും എല്ലാം കെരാറ്റിനുമായി കൂടിച്ചേരുകയും നിറം പകരുകയും ചെയ്യുന്നു. ലൗസോൺ തന്മാത്രകൾ വളരെ ചെറുതായതുകൊണ്ട് അതിന് ചർമ്മത്തിന്റെ പുറം ഭാഗത്തുനിന്നും ഉള്ളിലേക്ക് വ്യാപിക്കാൻ കഴിയും. എത്രത്തോളം സമയം ചർമ്മവും മൈലാഞ്ചി മിശ്രിതവും തമ്മിൽ രാസപ്രവർത്തനം നടത്താൻ ഇടയാകുന്നു അത്രയും നിറം കൂടിക്കൂടി വരുന്നത് കൂടുതൽ ചർമ്മ പാളികളിലേക്ക് വ്യാപിക്കുന്നതുകൊണ്ടാണ്.

ആദ്യ കുറച്ചു ദിവസങ്ങളിൽ നിറത്തിന്റെ തീവ്രത കൂടിക്കൂടി വരുന്നതായി കാണാം. ഇതിനു കാരണം ലൗസോൺ ഓക്സീകരണത്തിന് വിധേയമായി കൊണ്ടിരിക്കുന്നതാണ്. കെരാറ്റിൻ കൂടുതലായി കാണപ്പെടുന്ന കൈകളിലും കാലുകളിലും മൈലാഞ്ചി നല്ല കടുത്ത നിറത്തിൽ കറപിടിക്കുന്നതായി കാണാം. ഈ നിറം ആഴ്ചകളോളം നിലനിൽക്കുകയും പിന്നീട് ചർമ്മത്തിലെ കോശങ്ങൾ സ്വാഭാവികമായും കൊഴിഞ്ഞുപോകുമ്പോൾ നിറം മങ്ങുന്നതായും കാണാം.

മൈലാഞ്ചിയുടെ ഔഷധഗുണങ്ങൾ

പണ്ടുകാലം മുതൽ തന്നെ മൈലാഞ്ചി ഒരു ഔഷധസസ്യമായി ഉപയോഗിക്കുന്നുണ്ട്. ഈജിപ്തിൽ സർപ്പ വിഷബാധയ്ക്കും തേൾ വിഷബാധയ്ക്കും മൈലാഞ്ചി ഉപയോഗിച്ചിരുന്നു. ചർമ്മത്തിൽ ലേപനം ചെയ്യുന്ന രീതിയിലാണ് ഉപയോഗിക്കുന്നത്. തലവേദന, വയറുവേദന, പൊള്ളൽ, മുറിവ്, പനി, മുടികൊഴിച്ചിൽ എന്നിവയ്ക്കെല്ലാമാണ് ഉപയോഗം. ലെതർ ഉൽപന്നങ്ങളെ പ്രാണികളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാനും മൈലാഞ്ചി ഉപയോഗപ്പെടുത്തുന്നുണ്ട്. ആയുർവേദ ചികിത്സാരീതിയിൽ മൈലാഞ്ചിയുടെ ആന്റി ഫങ്കൽ ഗുണങ്ങളെ ഉപയോഗപ്പെടുത്തി ഫംഗൽ രോഗങ്ങൾക്ക് ഫലപ്രദമായി ഉപയോഗിക്കുന്നതായും കാണാം. തലമുടി സംരക്ഷണത്തിൽ മൈലാഞ്ചി നിറം കൊടുക്കുന്നതിലുപരിയായി മുടിയിഴകളെ പുഷ്ടിപ്പെടുത്തുന്നതിനും മുടികൊഴിച്ചിൽ തടയുന്നതിനും സഹായിക്കുന്നു. നിറം പകരാൻ മാത്രമല്ല ശരീരത്തിന് കുളിർമ നൽകാനും മൈലാഞ്ചി മിശ്രിതം ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ചും ചൂടു കൂടുതൽ ഉള്ള പ്രദേശങ്ങളിൽ കാൽപാദങ്ങളിലും കൈവെള്ളയിലും തലമുടിയിലും ഒക്കെ മൈലാഞ്ചി ലേപനം ചെയ്യാറുണ്ട്.

മൈലാഞ്ചി ഉപയോഗിച്ച് പല രീതിയിലുള്ള കലാപരമായ ചിത്ര പണികൾ ചെയ്യുന്നതിന് മെഹന്ദി ആർട്ട് എന്നാണ് അറിയപ്പെടുന്നത്. ഇത് പാക്കിസ്ഥാൻ, ആഫ്രിക്ക, ഇന്ത്യ, മധ്യപൂർവദേശങ്ങൾ എന്നിവിടങ്ങളിൽ വ്യാപകമായി കണ്ടുവരുന്നു. വിവാഹത്തിന് തലേനാൾ ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ചേർന്ന് വധുവിന്റെ കൈകാലുകളിൽ മൈലാഞ്ചി അണിയിക്കുന്ന ചടങ്ങ് ഈ രാജ്യങ്ങളിലെല്ലാം കണ്ടുവരുന്നുണ്ട്. ഈ മൈലാഞ്ചിയുടെ ചടങ്ങ് ഭാഗ്യം, സന്തോഷം, സൗന്ദര്യം എന്നിവയൊക്കെ പ്രദാനം ചെയ്യുമെന്നാണ് സങ്കല്പം. വിവാഹങ്ങൾ, ഈദ് ആഘോഷങ്ങൾ ജനനങ്ങൾ, വിജയങ്ങൾ എന്നിങ്ങനെയുള്ള ആഘോഷ അവസരങ്ങളിൽ മൈലാഞ്ചി ചുവപ്പ്  പടർന്നിരിക്കും.

അധികവായനയ്ക്ക്

  1. Juhi Mathur. History of henna: exploring the ideas of spirituality, beauty and self-expression. enrouteindianhistory.com
  2. Tammana Begum. The henna plant: Transcending time, religion and culture. >>>
  3. Wagini, N. H., Soliman, A. S., Badawy, E. S. M., Abbas, M. S., & Hanafy, Y. A. (2014). Some of Phytochemical, Pharmacological and Toxicological Properties of Henna (Lawsonia inermis L.): A Review of Recent Researches. Sustainable Development of Natural Resources in the Nile Basin Countries, 43-67.

അനുബന്ധ വായനയ്ക്ക്

Happy
Happy
19 %
Sad
Sad
3 %
Excited
Excited
76 %
Sleepy
Sleepy
0 %
Angry
Angry
3 %
Surprise
Surprise
0 %

Leave a Reply

Previous post LUCA @ School – അരവിന്ദ് ഗുപ്ത ഉദ്ഘാടനം ചെയ്തു
Next post വന്യജീവി സംഘർഷങ്ങൾ എന്തുകൊണ്ട് വർദ്ധിക്കുന്നു? പരിഹാരമെന്ത്? 
Close