Read Time:11 Minute

ടി.വി.എൻ.ബ്ലാത്തൂർ

ഹെൻഡ്രിക് വാൻ റീഡ് വര:ടി.വി.എൻ.ബ്ലാത്തൂർ

 

 

കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് അച്ചടിക്കപ്പെട്ട ആദ്യ ഗ്രന്ഥത്തിന്റെ കർത്താവ് !!

മലയാള ലിപികൾ (ആര്യ എഴുത്തും കോലെഴുത്തും) ആദ്യമായി അച്ചടിക്കപ്പെട്ടത് ഈ ഗ്രന്ഥത്തിലാണ് !!

ഡച്ചു ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കീഴിൽ കേരളത്തിൽ അഡ്മിറലായി പ്രവർത്തിക്കുകയും “ഹൊർത്തൂസ് മലബാറിക്കൂസ്” എന്ന ബൃഹത്തായ സസ്യശാസ്ത്രഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്ത ഡച്ചുകാരൻ ഹെൻഡ്രിക് വാൻ റീഡിന്റെ (Hendrik Adriaan van Rheede tot Drakenstein, 13 April 1636 – 15 December 1691) ജൻമദിനമാണ് ഏപ്രിൽ 13.

 

നെതർലൻഡിലെ ഉത്രിച്ചിലെ ഉന്നത കുടുംബത്തിൽ അർണ്ണോസ് വാൻ റീഡിന്റെയും എലിസബത്ത് വാൻ ഉത്തെനോവ ഗെബൊറന്റേയും മകനായി ഹെൻറിക് അഡ്രിയാൻ ജനിച്ചു. ദുരിതമയമായിരുന്നു ബാല്യം. ഒരു വയസ്സായപ്പോൾ അമ്മയും 4 വയസ്സായപ്പോൾ അച്ഛനും മരണപ്പെട്ടു. ആംസ്റ്റർഡാമിലെ ക്രിസ്തീയ സഭയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ഹെൻഡ്രിക് വാൻ റീഡ് കടപ്പാട്: wikipedia.org

1657-ൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ചേർന്നു. അന്ന് കടൽ വഴി കിഴക്കൻ രാജ്യങ്ങളിലേക്ക് പര്യടനങ്ങൾ പതിവായിരുന്നു. അത്തരമൊരു സംഘത്തിലായിരുന്നു യുവാവായ അഡ്രിയാനും. കപ്പലിൽ ഉണ്ടായിരുന്ന ജോൺ ബാക്സ്, സെയ്ൻ മാർട്ടിൻ എന്നീ സസ്യശാസ്ത്രജ്ഞന്മാരുമായി ചങ്ങാത്തത്തിലായി. സസ്യനീരീക്ഷണത്തിന്റെ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കിയതോടെ അതിലായി പിന്നെ താൽപ്പര്യം !!

1657 അവസാനം ഡച്ച് ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ കിഴക്കൻ ആസ്ഥാനമായ ബട്ടാവിയയിൽ എത്തി. വാൻ ഗിയോൺ ആയിരുന്നു അന്നത്തെ ഗവർണർ. സാമ്രാജ്യം വികസിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു വാൻ ഗിയോൺ. പുതിയ പുതിയ നാടുകളിലേക്ക് തന്റെ സംഘത്തെ അയച്ച് യുദ്ധങ്ങളിലൂടെ അദ്ദേഹം നാടുകളെല്ലാം കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ മലബാറിലേക്കായി പിന്നീടവരുടെ ശ്രദ്ധ !! അതിനു മുമ്പേ കേരളത്തിൽ എത്തിയ പോർച്ചുഗീസുകാർ കൊല്ലും കൊലയും നടത്തി ഇവിടുത്തെ ജനങ്ങളുടെ സ്വൈരജീവിതം തകർത്ത കാലമായിരുന്നു അത്.

കൊച്ചി രാജാവിന്റെ അനുജൻ വീര കേരളവർമ്മയുമായി 1960-ൽ സഖ്യം ചേർന്ന ഡച്ചുകാരുടെ ഭരണം പോർച്ചുഗീസുകാരുടേതിനേക്കാൾ മെച്ചമായിരുന്നു. കപ്പിത്താൻ പദവിയിലേക്കുയർത്തപ്പെട്ട വാൻ റീഡ് പോർത്തുഗീസുകാരിൽ നിന്ന് കൊടുങ്ങല്ലൂർ കോട്ട പിടിച്ചടക്കി. 1662 ൽ പോർത്തുഗീസുകാരുമായുണ്ടായ മട്ടാഞ്ചേരി യുദ്ധത്തിൽ വീരകേരളവർമ്മയുടെ സഹോദരിയായ മഹാറാണി ഗംഗാധരലക്ഷ്മിയെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്തു. കൊച്ചി നഗരവും കോട്ടയും കീഴടക്കിയ റീഡ് വീരകേരളവർമ്മയെ രാജാവായി വാഴിക്കുകയും ചെയ്തു. റാണി ഗംഗാധരലക്ഷ്മിയെ രക്ഷിക്കാൻ കഴിഞ്ഞതോടെ വാൻ റീഡ് നാട്ടുകാരുടേയും രാജകുടുംബത്തിന്റേയും ഇഷ്ടക്കാരനായി മാറി. മലബാറിലെ സസ്യസമ്പത്തിനെക്കുറിച്ച് ഒരു ഗ്രന്ഥം രചിക്കാൻ പദ്ധതിയിട്ട അദ്ദേഹം ഗ്രന്ഥരചനക്കായി സഹായികളെ ലഭിക്കാനുള്ള അവസരമായി അതിനെ ഉപയോഗപ്പെടുത്തി. താമസിയാതെ കൊച്ചി ഡച്ചധീനതയിൽ കൂടുതൽ പ്രബലമായി. ഡച്ചുകാർക്ക് കൂടുതൽ കച്ചവടക്കുത്തകകൾ ലഭിക്കുകയും ചെയ്തു. 1665-ഗോവ സന്ദർശിച്ച് മടങ്ങിയ അദ്ദേഹം കൊല്ലത്തെ ഭരണം ഏറ്റെടുത്തു. ഇതിനിടയിൽ അദ്ദേഹം മലബാറിനെക്കുറിച്ച് തന്റെ മേലുദ്യോഗസ്ഥർക്ക് വിശദമായ വിവരണവും ഭൂപടവും ലഭ്യമാക്കിക്കൊടുത്തിരുന്നു.

1668-ൽ വാൻ റിഡ് സിലോണിന്റെ കാപ്റ്റനായി ചുമതലയേറ്റു. തുടർന്ന് കൊച്ചിയിലേക്ക് സ്ഥലം മാറ്റി. അദ്ദേഹത്തിന്റെ കഴിവുകൾ മൂലം ഡച്ച് കച്ചവടം കൊച്ചിയിൽ അഭിവൃദ്ധി പ്രാപിച്ചു. കൊടുങ്ങല്ലൂർ കോട്ടകൾ, കൊച്ചിക്കോട്ട, തേങ്ങാപ്പട്ടണം, കണ്ണൂർ എന്നിവിടങ്ങളിൽ അദ്ദേഹത്തിന്‌ നല്ല ഭരണം കാഴ്ച വെക്കാനായി. കുരുമുളക്, അടയ്ക്കാ, നാളികേര ഉത്പന്നങ്ങൾ ധാരാളം കയറ്റി അയച്ചു. 1684-ൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏഷ്യയിലെ കമ്മിഷണർ ജനറൽ ആയി വാൻറീഡ് നിയമിതനായി.

ഭരണപരമായ ഒട്ടേറെ തിരക്കുകളുണ്ടായിരുന്നുവെങ്കിലും സസ്യങ്ങളെക്കുറിച്ച് അറിയുന്നതിനുള്ള തൃഷ്ണക്ക് കുറവുണ്ടായിരുന്നില്ല. കൊച്ചിയിൽ അദ്ദേഹം തന്റേതായ ഒരു പൂന്തോട്ടം കമ്പനിയുടെ പേരിൽ നിർമ്മിച്ചു. ക്രമേണ അത് ഡച്ചുകാരുടെ ഉല്ലാസകേന്ദ്രമായിത്തീർന്നു. 1969 മുതൽ അദ്ദേഹം സസ്യപഠനം ഗൗരവമായി കാണാൻ തുടങ്ങി. പോൾ മെയ്നർ എന്ന രസതന്ത്രജ്ഞനോടൊത്ത് പല സസ്യങ്ങളുടേയും സത്ത് വാറ്റിയെടുത്ത് ഔഷധഗുണങ്ങളെക്കുറിച്ച് പഠിക്കാനാരംഭിച്ചു. എന്നാൽ ഭരണപരമായ വിലക്കുകളെത്തുടർന്ന് ഇത് നിർത്തിവക്കേണ്ടിവന്നു.

1691-ൽ കൊച്ചിയിലെത്തിയ അദ്ദേഹം അസുഖബാധിതനായി. സൂറത്തിലേക്ക് കപ്പൽമാർഗം യാത്രയായ വാൻറീഡ് 1691 ഡിസംബർ 15ന് കപ്പലിൽ വച്ച് മരണമടഞ്ഞു. സൂറത്തിലെ ഡച്ച് സെമിത്തേരിയിലാണ് വാൻ റീഡ് അന്ത്യവിശ്രമം കൊള്ളുന്നത്.

“ഹൊർത്തൂസ് മലബാറിക്കൂസ്” (Hortus Malabaricus) – മലബാർ പൂന്തോട്ടം

മലബാറുകാർ അവരുടെ ചുറ്റുപാടുമുള്ള മരങ്ങളെക്കുറിച്ച് ജ്ഞാനമുള്ളവരായിരുന്നു എന്നതും ഔഷധങ്ങൾ അവരവരുടെ ചുറ്റുപാടുള്ള ഈ സസ്യങ്ങളിൽ നിന്നുണ്ടാക്കിയിരുന്നു എന്നതും വാൻ റീഡിന്‌ അത്ഭുതവും പ്രചോദനവുമായി. മലബാറിലെ സസ്യസമ്പത്തിനെക്കുറിച്ച് വിശദമായി പഠിച്ച് അവയെ രേഖപ്പെടുത്തുന്നത് വളരെ അത്യാവശ്യമാണെന്ന് അദ്ദേഹത്തിനു തോന്നി. ഇക്കാര്യത്തിൽ നിരവധി പേരുടെ പിന്തുണ അദ്ദേഹത്തിനു ലഭിച്ചു. ഇവരിൽ പ്രധാനിയാണ് കൊല്ലാടൻ എന്ന കുടുംബ സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്ന ഇട്ടി അച്ചുതൻ വൈദ്യർ. ഇദ്ദേഹത്തെക്കുറിച്ച് ഒന്നാം വാല്യത്തിൽ മുദ്രണം ചെയ്ത സാക്ഷ്യപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഹൊർത്തൂസ്‌ മലബാറികുസ്‌ ഗ്രന്ഥത്തിന്റെ പുറം ചട്ട കടപ്പാട്: wikipedia.org

വാൻ റീഡിന്റെ ദത്തു പുത്രിയായിരുന്ന ഫ്രാൻസീനയുടെ സഹായിയായിരുന്ന കസേറിയൂസ് സസ്യപഠനങ്ങളിൽ വാൻ റീഡിനെ സഹായിച്ചിരുന്നു. ഹോർത്തൂസ് ഗ്രന്ഥമെഴുതുന്നതിനു മുന്നോടിയായി ഗ്രന്ഥത്തെ സംബന്ധിക്കുന്ന ചോദ്യാവലി അദ്ദേഹം 16 പണ്ഡിതന്മാർ അടങ്ങിയ ഉപദേശകസമിതിക്കു മുൻപാകെ സമർപ്പിച്ചു. ഈ പണ്ഡിതന്മാരിൽ ഈഴവർ, ബ്രാഹ്മണർ, യൂറോപ്യന്മാർ, കൊങ്ങിണികൾ എന്നിങ്ങനെ നിരവധി സമുദായങ്ങളിൽ നിന്നുള്ളവർ ഉണ്ടായിരുന്നു. എന്നാൽ ഗ്രന്ഥരചന എളുപ്പമായിരുന്നില്ല !!

നിരവധി എതിർപ്പുകൾ റീഡിനു സഹിക്കേണ്ടതായി വന്നു. ആദ്യ വാല്യം പ്രസിദ്ധപ്പെടുത്തിയതിനുശേഷം ഇറ്റാലിയൻ ഭിഷഗ്വരനും സസ്യശാസ്ത്രജ്ഞനുമായ മാത്യൂസിനും കസേറിയസിനുമെതിരെയായിരുന്നു പ്രധാന എതിർപ്പുകൾ. മാത്യൂസിനെ സ്ഥലമാറ്റാൻ ഗവർണ്മെന്റ് റീഡിനോടാവശ്യപ്പെട്ടു. കസേറിയസ് പക്ഷെ രാജി സമർപ്പിച്ചശേഷം വാൻ ‌റീഡിനൊപ്പം 1677 വരെ തുടർന്നു.

780 സസ്യങ്ങളെക്കുറിച്ച് ലത്തിന്‍ ഭാഷയിലുള്ള വിവരണങ്ങളും 781 ചിത്രങ്ങളും ഉള്ള ഈ പുസ്തകത്തില്‍ പന്ത്രണ്ട് വാല്യങ്ങളിലായി മൊത്തം 1616 പേജുകളുണ്ട്. വിവരണ ഭാഷ ലാറ്റിനാണ്. ചിത്രങ്ങളിലെ സസ്യങ്ങളുടെ പേരുകൾ മലയാളം, കൊങ്കിണി, ലാറ്റിൻ , അറബി മലയാളം ഭാഷകളില്‍ ചെടികളുടെ പേര് നല്കിയിട്ടുണ്ട്. ചിത്രങ്ങള്‍ വ്യക്തവും വലുതുമാണ്. 1678 മുതൽ 1703 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി ഈ സസ്യശാസ്ത്രപുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. പുസ്തകം പൂർണ്ണമായും ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ഡോ.കെ.എസ്. മണിലാലാണ് തര്‍ജമ ചെയ്തത്. കേരള സർവ്വകലാശാലയാണ് പരിഭാഷ പ്രസിദ്ധീകരിച്ചത്.

ടി.വി.എൻ. ബ്ലാത്തൂരിന്റെ #വരയുംകുറിയുംtvn പ്രതിദിന ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്…

 


മറ്റു ലേഖനങ്ങൾ


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post W ബോസോൺ സ്റ്റാൻഡേർഡ് മോഡൽ ഇടിച്ചു പൊട്ടിച്ചോ?
Next post കണിക്കൊന്ന നേരത്തെ പൂക്കുന്നതെന്തേ ?
Close