ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന വാട്ട്സ്ആപ്പ് സന്ദേശമുണ്ട്. അന്തരീക്ഷത്തിലെ താപനില 40 നും 50 നും ഇടയിലേയ്ക്ക് ഉയരുമെന്നും അത് മറ്റൊരു താപതരംഗമായി അനുഭവപ്പെടുമെന്നും പറയുന്നു; ഒപ്പം അതിനെ പ്രതിരോധിക്കാൻ ആവശ്യമായ ‘ഉപദേശങ്ങൾ’ അമ്മുമ്മക്കഥയുടെ ലാഘവത്തോടെ പറഞ്ഞു പോകുന്നു.
ബഹുരസമാണ് വായിക്കാൻ. അന്തരീക്ഷത്തിലെ താപം 40 കഴിയുമ്പോൾ (40-50 ഡിഗ്രി സെൽഷ്യസ്) അന്തരീക്ഷ താപത്തിന്റെ അതേ താപത്തിലുള്ള വെള്ളം കുടിക്കുക; അതുപോലും മെല്ലെ വേണമത്രേ. കഥയില്ലായ്മകളുടെ ഘോഷയാത്രയാണ് തുടർന്നുള്ള വായനയിൽ തെളിയുന്നത്. യാതൊരടിസ്ഥാനവുമില്ലാതെ തള്ളിക്കളയേണ്ട കാര്യങ്ങൾ പറയുന്ന പോസ്റ്റ് സത്യത്തിൽ മറുപടി അർഹിക്കുന്നില്ല. ഈ പോസ്റ്റിനു അമിതമായ പ്രചാരം കിട്ടുന്നതിനാൽ മാത്രമാണ് ക്യാപ്സ്യൂൾ കേരള പ്രതികരിക്കുന്നത്.
പ്രത്യേകിച്ച് ശാസ്ത്രം പഠിച്ചിട്ടില്ലാത്തവർക്ക് പോലും മനസ്സിലാകുന്ന ചില കാര്യങ്ങൾ മാത്രം ഇവിടെ കുറിക്കാം.
- മനുഷ്യർക്ക് ശരീരത്തിലെ ആന്തരിക താപം ഉദ്ദേശം 37 ഡിഗ്രി സെൽഷ്യസിൽ നിലനിർത്താനാകും. അതായത് ഹിമവർഷമുള്ള കാനഡ, കാശ്മീർ, ഷിംല, മുതലായ പ്രദേശങ്ങളിലും അതിതാപമുള്ള സഹാറയിലും നമ്മുടെ ശരീരതാപം 37 നെ ചുറ്റിപ്പറ്റി ആയിരിക്കും. പതിനായിരക്കണക്ക് വർഷങ്ങളായി അന്തരീക്ഷ താപത്തിൽ വലിയ വ്യത്യാസമുള്ള ഇടങ്ങൾ ലോകമെമ്പാടുമുണ്ട്; അവിടൊന്നും ആരോഗ്യപ്രശ്നങ്ങളും ഇല്ല.
- വെള്ളം ചൂടായി കുടിച്ചാലും തണുത്തു കുടിച്ചാലും ശരീരാന്തർഭാഗത്തെ താപനില മാറ്റാനുള്ളത്ര വെള്ളം നാം കുടിക്കുന്നില്ലല്ലോ. മാത്രമല്ല, നമ്മുടെ രക്തചംക്രമണത്തിലേയ്ക്ക് താപമല്ല കടന്നുപോകുന്നത്. ആമാശയത്തിൽ എത്തുമ്പോൾ തന്നെ ചൂടുവെള്ളം കുറച്ചു തണുക്കുകയും, തണുത്തവെള്ളം അല്പം ചൂടാകുകയും ചെയ്യും. ആമാശയത്തിലുള്ള ദ്രാവകം 37 ഡിഗ്രിയിൽ നിലനിർത്തിയിരിക്കുന്നു എന്നത് തന്നെ കാരണം.
- ഇന്ത്യയിൽ 40 മുതൽ 50 ഡിഗ്രി വരെ താപമുള്ള അനേകം പ്രദേശങ്ങളുണ്ട്. അവിടൊന്നും രക്തക്കുഴലുകൾ പൊട്ടിയതായി റിപ്പോർട്ടില്ല. അങ്ങനെയുണ്ടാകുന്നില്ല. പലവിധ സൂര്യാഘാതങ്ങൾ ഉണ്ടാകാം; അതൊന്നും രക്തധമനികളുടെ പ്രശ്നവുമില്ല.
- മനുഷ്യർ ഉഷ്ണകാലത്ത് വെള്ളം മാത്രമല്ലല്ലോ കഴിക്കുക. ദ്രാവക, ഖര രൂപത്തിലുള്ള ഭക്ഷണങ്ങളും കഴിക്കാറുണ്ടല്ലോ. ചൂട് വെള്ളം കുടിച്ചാൽ പ്രശ്നമുണ്ടാകുന്നവർക്ക് നല്ല ചൂടുള്ള ചോറും മീൻകറിയും സെയ്‌ഫ് ആണോ എന്നറിഞ്ഞാൽ കൊള്ളാം.
- ചൂടിൽ നിന്ന് വന്ന് കുളിച്ചവർക്കും സ്ട്രോക്ക് വന്നെന്നും മറ്റൊരു കഥ. തികച്ചും അസംഭവ്യമായ ഇത്തരം പ്രസ്താവനകളെ വിശ്വസിക്കേണ്ടതില്ല.
പൊതുവായി പറഞ്ഞാൽ ഭീതിവ്യാപാരത്തിനുള്ള ഒരു ശ്രമം എന്നതിനപ്പുറം ഇതിൽ എന്തുണ്ട്?…