Read Time:11 Minute

[author image=”http://luca.co.in/wp-content/uploads/2014/09/anilkumar_k_v.jpg” ]കെ.വി. അനില്‍കുമാര്‍
[email protected] [/author]

Hardware_3ഈ വര്‍ഷം ജനുവരി 17-നു് ലോകമെമ്പാടും സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ ദിനം ആചരിക്കുകയാണു്. സ്വതന്ത്ര സോഫ്ട്‌വെയര്‍ എന്ന ആശയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ എന്ന ആശയവും പിറന്നത്. വര്‍ഷന്തോറും, സോഫ്ട്‌വെയര്‍ സ്വാതന്ത്ര്യ ദിനം ആചരിക്കാനായി രൂപംകൊണ്ട ഡിജിറ്റൽ സ്വാതന്ത്ര്യ പ്രസ്ഥാനം തന്നെയാണ് ഹാര്‍ഡ്‌വെയര്‍ സ്വതന്ത്ര്യദിനവും ആചരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നതു്.

കേവലം ഇലക്ട്രോണിക് ഉല്പന്നങ്ങള്‍ എന്നതില്‍ മാത്രം കേന്ദ്രീകരിച്ചല്ല ഹാര്‍ഡ്‌വെയര്‍ എന്നതിനെ ഈ പ്രസ്ഥാനം വിവക്ഷിക്കുന്നത്. പ്രവര്‍ത്തിക്കാന്‍ കോഡാവശ്യമില്ലാത്തതും എത്ര ലളിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ചും പ്രവര്‍ത്തിക്കുന്നതുമായ ഏതുസാധനത്തെയും – ഫര്‍ണീച്ചറുള്‍പ്പെടെയുള്ളവയെയും ഹാര്‍ഡ്‌വെയര്‍ എന്ന് വിളിക്കാം. പൊതുസമൂഹത്തിന് പങ്കുവെയ്കാന്‍ കഴിയുന്ന തരത്തില്‍, നിയന്ത്രണങ്ങളില്ലാതെ, സ്വതന്ത്രമാക്കപ്പെട്ടിരിക്കുന്ന രൂപകല്പനയോടുകൂടിയ ഉപകരണങ്ങളെയാണ് സ്വതന്ത്ര ഹാര്‍ഡ് വെയര്‍ (ഓപ്പണ്‍ ഹാര്‍ഡ്‌വെയര്‍) എന്ന് വിളിക്കുന്നത്. വിതരണം ചെയ്യപ്പെട്ടിരിക്കുന്ന ഹാര്‍ഡ്‌വെയറിന്റെ രൂപകല്പനയും, നിര്‍മ്മാണ രീതിയും, ആര്‍ക്കും പഠിക്കുവാനും, അതില്‍ മാറ്റം വരുത്തിയും, മെച്ചപ്പെടുത്തിയും, പുനര്‍വിതരണം ചെയ്യുവാനുമുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ ഉറപ്പു് വരുത്തുന്നു. ഉപകരണത്തിന്റെ രൂകല്പന (ഡിസൈന്‍) എന്നതില്‍ അതിന്റെ പ്ലാന്‍, ഘടക ചിത്രങ്ങള്‍, രൂപരേഖ (ബ്ലൂപ്രിന്റ്), ഉപകരണം പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ കോഡ് എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

hardware_2സാധാരണയായി, സ്വതന്ത്ര ഉപകരണത്തെ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുന്ന വെബ്സൈറ്റില്‍ – “നിങ്ങള്‍ക്കുതന്നെ നിര്‍മ്മിക്കാം” എന്നയിടത്തില്‍ (Do it Yourself-DIY) ഈ രൂപകല്പനാ രഹസ്യങ്ങള്‍ പരസ്യപ്പെടുത്തി പൊതുമണ്ഡലത്തിലാക്കിയിരിക്കും. ഇവയെ ഹാക്ക് സ്പേസുകളെന്നും വിളിക്കാറുണ്ട്.   അവിടെ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഈ ഉപകരണങ്ങള്‍ തീര്‍ത്തും സ്വതന്ത്രമായോ, ചിലപ്പോഴൊക്കെ കടപ്പാട് രേഖപ്പെടുത്തിയോ ആര്‍ക്കും സ്വതന്ത്രമായി നിര്‍മ്മിക്കവാനും ഉപയോഗിക്കുവാനും മെച്ചപ്പെടുത്താനും മാറ്റംവരുത്തുവാനും പുനര്‍വിതരണം ചെയ്യുവാനുമൊക്കെ കഴിയും. ഇത്തരത്തില്‍ മറ്റു മാതൃകകള്‍ അനുകരിച്ചും ഹാക്ക് ചെയ്തും സ്വയം ചെയ്ത് നോക്കിയും പങ്കുവെച്ചുമൊക്കെയുള്ള ഒരു സംസ്കാരത്തിലൂടെയാണ് – പേറ്റന്റുകള്‍ അതിനെ തടയുന്നതുവരെ – മാനവരാശി വളര്‍ന്നു പുരോഗമിച്ചത്. ചുരുക്കത്തില്‍ പേറ്റന്റ് പോലുള്ള ബൗദ്ധിക സ്വത്തവകാശ ബന്ധനങ്ങളിലൂടെ, കൊള്ളലാഭത്തിനായി അറിവിന്റെ വളര്‍ച്ചയേയും, വ്യാപനത്തേയും തടയിടുന്ന കുത്തകരീതിക്കെതിരെ, ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന, സ്വതന്ത്രചിന്തകരുടെ  പരസ്പര സഹകരണത്തിലൂടെയാണു് സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ പ്രായോഗികമാകുന്നതു്.  അറിവിന്റെ വളര്‍ച്ചയും, വ്യാപനവും, സമൂഹനന്മക്കായുള്ള അറിവിന്റെ പ്രയോഗവുമാണു്  സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍  വക്താക്കൾ മുന്നോട്ടു് വെക്കുന്നതു്.

കൃത്യമായ സൈദ്ധാന്തികാടിത്തറയില്‍ തന്നെയാണ് സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത്. അദ്ധ്വാനവും അതിന്റെ സൃഷ്ടിയായ അറിവും മനുഷ്യസമൂഹത്തോടൊപ്പം തന്നെ വളര്‍ന്നു് വികസിച്ചു. അദ്ധ്വാനം ലഘൂകരിക്കുന്നതിന്റേയും അതേസമയം അദ്ധ്വാനശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റേയും ഉപാധിയായുമാണു് അറിവു് വികസിക്കുന്നതു്. അറിവിന്റേയും അദ്ധ്വാനത്തിന്റേയും പാരസ്പര്യത്തിലൂടെ കിട്ടുന്ന സമ്പത്തിനു് ആനുപാതികമായാണു് സാമൂഹ്യ പുരോഗതിയും ഉണ്ടായതും ഉണ്ടാകുന്നതും. ഒരിക്കല്‍ രൂപപ്പെട്ടു് ക്രോഡീകരിക്കപ്പെട്ടു് കഴിയുമ്പോള്‍ അറിവു്, ആപേക്ഷികമായി, സ്വതന്ത്രമായ അസ്തിത്വം കൈവരിക്കുന്നു. അറിവുപയോഗിച്ചുള്ള ചിന്തയില്‍ നിന്നു് തന്നെ പുതിയ അറിവു് സൃഷ്ടിക്കാന്‍ കഴിയുന്നു. പുതിയ ആശയങ്ങള്‍, പുതിയ തത്വങ്ങള്‍ രൂപ്പെടുത്താന്‍ കഴിയുന്നു. ഇതു് മൂലം അദ്ധ്വാനമല്ല, അറിവു് മാത്രമാണു് സൃഷ്ടിയുടെ ഉപാധിയെന്ന തോന്നല്‍ പോലും ഉളവാക്കപ്പെടുന്നു. പക്ഷെ, പ്രയോഗത്തോടു് ബന്ധപ്പെടുത്താത്ത അറിവുകള്‍ അപ്രസക്തമാണു്. അവയ്ക് മൂല്യമില്ല. അദ്ധ്വാനശേഷിക്കു് സ്വതന്ത്രമായി അറിവുപയോഗിക്കാന്‍ കഴിയുന്ന വ്യവസ്ഥയാണു് സാമൂഹ്യ പുരോഗതിയ്ക്കാവശ്യം. അദ്ധ്വാന ശേഷിയുടെ മേലും അറിവിന്റെ മേലും ചെലുത്തപ്പെടുന്ന എല്ലാത്തരം നിയന്ത്രണങ്ങളും സാമൂഹ്യ പുരോഗതി തടയുന്നതാണു്.

[box type=”note” align=”aligncenter” ]പ്രയോഗത്തോടു് ബന്ധപ്പെടുത്താത്ത അറിവുകള്‍ അപ്രസക്തമാണു്. അവയ്ക് മൂല്യമില്ല. അദ്ധ്വാനശേഷിക്കു് സ്വതന്ത്രമായി അറിവുപയോഗിക്കാന്‍ കഴിയുന്ന വ്യവസ്ഥയാണു് സാമൂഹ്യ പുരോഗതിയ്ക്കാവശ്യം. അദ്ധ്വാന ശേഷിയുടെ മേലും അറിവിന്റെ മേലും ചെലുത്തപ്പെടുന്ന എല്ലാത്തരം നിയന്ത്രണങ്ങളും സാമൂഹ്യ പുരോഗതി തടയുന്നതാണു്.[/box]

ഒരു അറിവിനേയും പൂര്‍ണ്ണമായും ഉൾക്കൊള്ളാന്‍ ഏതാനം വ്യക്തികൾക്കൊ, സ്ഥാപനങ്ങൾക്കോ സാദ്ധ്യമല്ലെന്ന വസ്തുത, അവയുടെ സാമൂഹ്യ ഉടമസ്ഥതയെയാണു് കാണിക്കുന്നതു്. അതേ സമയം തന്നെ അറിവിന്റെ പൂനരുല്പാദനം എളുപ്പത്തിൽ സാദ്ധ്യമാകുന്നതിനാൽ, അവ സാമൂഹ്യ ഉടമസ്ഥതയിലിരിക്കുമ്പോഴും, ഏതൊരു വ്യക്തിക്കും, സ്ഥാപനത്തിനും സ്വതന്ത്രമായി ഉപയോഗിക്കാവുന്നതാണു്. അത്തരം അവസ്ഥ, തങ്ങളുടെ ലാഭത്തിനു് പ്രതികൂലമാകുമെന്നതിനാൽ, അറിവിനെ വളച്ചുകെട്ടി കുത്തകവൽക്കരിക്കാനുള്ള ശ്രമമാണു് കമ്പോളശക്തികൾ നടത്തുന്നതു്. എന്നാൽ, ഇത്തരം കുത്തകവല്ക്കരണത്തെ ചെറുക്കുന്ന, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനങ്ങളും, തുടര്‍ന്നു് രൂപംകൊണ്ട സ്വതന്ത്ര വിജ്ഞാനപ്രസ്ഥാനങ്ങളും അറിവിന്റെ വികാസത്തിലെ വൈരുദ്ധ്യങ്ങളെ ബോധപൂര്‍വ്വമായി ഉപയോഗിച്ചു് വളര്‍ന്നുവന്നവയാണു്. അറിവിനെ വിമര്‍ശനാത്മകമായി വിലയിരുത്തിക്കൊണ്ടുകൂടിയാണു് അവ വളര്‍ന്നു വന്നതു്. അവയുടെ സ്വീകാര്യത , മറ്റുമേഖലകളിലെ സ്വതന്ത്രമായ അറിവുപയോഗത്തിനും, സാമൂഹ്യമാറ്റത്തിനായുള്ള പോരാട്ടങ്ങൾക്കും ചൂണ്ടുപലകയാണു്, അറിവിന്റെ പ്രയോഗത്തിലൂടെയാണു് മൂല്യവര്‍ദ്ധന സാദ്ധ്യമാകുന്നതെന്നും, ഉപയോഗിക്കപ്പെടാത്ത അറിവുകൾക്കു് മൂല്യമില്ലെന്നും, അറിവിന്റെ പ്രയോഗവും, അതുവഴി അതിന്റെ മൂല്യവും ഉറപ്പുവരുത്താന്‍ അവയുടെ സ്വതന്ത്രമായ കൈമാറ്റം ഉറപ്പുവരുത്തണമെന്നും ഈ പ്രസ്ഥാനങ്ങൾ കാട്ടിത്തരുന്നു. ആധുനിക അറിവിന്റെ കാലഘട്ടത്തിലും ബോധപൂര്‍വ്വമായ രാഷ്ട്രീയ ഇടപെടലിലൂടെ മാത്രമെ സാമൂഹ്യമാറ്റം സാദ്ധ്യമാകുവെന്നു് ഈ പ്രസ്ഥാനങ്ങൾ തെളിയിക്കുന്നു.

സ്വതന്ത്ര ഹാര്‍ഡ്‌വെയറിനെ കുറിച്ചുള്ള അവബോധം സമൂഹത്തിൽ വളര്‍ത്തുവാനും, അവ ഉപയോഗിക്കുവാനും, അവയുടെ വികസനത്തിൽ പങ്കാളികളാകാനും, സമൂഹത്തോടു് ആഹ്വാനം ചെയ്യുവാനുമാണു്, ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുക. ആഗോളമായും, പ്രാദേശികമായും നടക്കുന്ന സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ വികസന പദ്ധ്വതികളിൽ കുടുതൽ ആൾക്കാരെ പങ്കാളികളാക്കവാനുദ്ദേശിച്ചുകൂടിയാണ് ഈ ദിനം ആചരിക്കുന്നതു്. നാം നമ്മുടെ പണം മുടക്കി വാങ്ങുന്ന കമ്പ്യൂട്ടറുകളിലും ഫോണുള്‍പ്പെടെയുള്ള മറ്റുപകരണങ്ങളും നമുക്കിഷ്ടമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റവും ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകളും  ഉപയോഗിക്കാന്‍ കഴിയാത്തരൂപത്തില്‍ അടച്ചുവെയ്കുകയും കുത്തക കമ്പനികളുടെ ഉല്പന്നങ്ങള്‍ മാത്രമേ അനുവദിക്കൂ എന്ന നിബന്ധന പലരൂപത്തില്‍ അടിച്ചേല്‍പ്പിക്കുയും ചെയ്യുന്ന ഇക്കാലത്ത് ഓപ്പണ്‍ ഹാര്‍ഡ്‌വെയറിനെക്കുറിച്ച് മലയാളി കാര്യമായി ചിന്തിക്കുവാന്‍ തുടങ്ങിയിട്ടില്ലാ എന്നതും ഈ ദിനാചരണത്തിന് പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

 

എന്താണ് ഓപ്പണ്‍ ഹാര്‍‍ഡ്‌വെയര്‍ എന്ന് വിശദമാക്കുന്ന വീഡിയോ കാണുക

കടപ്പാട് : http://www.hfday.org/

[divider]

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post തമ്പിന്റെ അട്ടപ്പാടി റിപ്പോര്‍ട്ട് : കേരള മാതൃകയ്ക് അപമാനമാനമായവ വെളിവാക്കുന്നു
Next post മാരിവില്ല് – ശാസ്ത്രസംവാദസന്ധ്യകൾ
Close