Read Time:11 Minute

ഗ്രേത തൂൺബര്‍ഗ് (Greta Thunberg) ന്യൂയോര്‍ക്കില്‍ നടക്കുന്ന യു എന്‍ കാലാവസ്ഥാ ഉച്ചകോടിയെ അഭിസംബോധന ചെയ്തു കൊണ്ട് തിങ്കളാഴ്ച (സെപ്റ്റംബര്‍23) നടത്തിയ പ്രസംഗം.


ലോക നേതാക്കള്‍ക്കുള്ള സന്ദേശം എന്താണെന്ന ചോദ്യത്തിനുള്ള ഉത്തരമായി “ഞങ്ങള്‍ നിങ്ങളെ നിരീക്ഷിച്ച് കൊണ്ടിരിക്കും എന്നതാണ് എന്റെ ഉത്തരം “ എന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്.
“ഇതെല്ലാം തെറ്റാണ്. ഞാന്‍ ഇവിടെയല്ല ഉണ്ടാവേണ്ടിയിരുന്നത്, ലോകത്തിന്റെ മറ്റൊരു കോണില്‍ ഒരു സ്കൂളില്‍ പഠിക്കേണ്ട കുട്ടിയാണ്. നിങ്ങളെല്ലാം പ്രതീക്ഷകളോടെ ചെറുപ്പക്കാരായ ഞങ്ങളുടെ അടുത്തേക്ക് നിങ്ങള്‍ വന്നിരിക്കുന്നു. നിങ്ങള്‍ക്കെങ്ങനെ ഈ ധൈര്യം വന്നു?
പൊള്ളയായ വാക്കുകളാല്‍ നിങ്ങളെന്റെ ബാല്യവും സ്വപ്നങ്ങളും കവര്‍ന്നെടുത്തു,. എന്നാല്‍പ്പോലും ഞാന്‍ ഭാഗ്യമുള്ളവളാണ്. ആളുകള്‍ കഷ്ടപ്പെടുന്നു, മരിച്ചു കൊണ്ടിരിക്കുന്നു. ആവാസ വ്യവസ്ഥ മുഴുവനായും നശിച്ചു കൊണ്ടിരിക്കുന്നു. നമ്മള്‍ സമ്പൂര്‍ണ്ണമായ വംശനാശത്തിന്റെ തുടക്കത്തിലാണ്‌. എന്നിട്ടും നിങ്ങള്‍ക്ക് പറയാനുള്ളത് പണത്തിനെ കുറിച്ചും സാമ്പത്തിക വളര്‍ച്ചാ സംബന്ധിയായ കെട്ടുകഥകളും മാത്രം. നിങ്ങള്‍ക്കെങ്ങനെ ഈ ധൈര്യം വരുന്നു?
മുപ്പത് വര്‍ഷത്തിലധികമായി ഇക്കാര്യങ്ങൾ ശാസ്ത്രത്തിന് കൃത്യവും വ്യക്തവുമാണ്. പരിഹാരങ്ങളോ രീതിശാസ്ത്രങ്ങളോ എങ്ങും കാണാനില്ലെന്നിരിക്കെ, നിസംഗമായി നോക്കി നില്‍ക്കാനും ഞങ്ങള്‍ ആവശ്യത്തിനു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയുവാനും നിങ്ങള്‍ക്കെങ്ങനെ ധൈര്യം വരുന്നു?
നിങ്ങള്‍ പറയുന്നത് നിങ്ങള്‍ ഞങ്ങളെ കേള്‍ക്കുന്നുണ്ടെന്നും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കുന്നുണ്ടെന്നുമാണ്. എനിക്കെന്തു മാത്രം സങ്കടവും ദേഷ്യവുമുണ്ടെന്നത് കാര്യമാക്കേണ്ട, ഞാന്‍ അത് വിശ്വസിക്കുന്നില്ല. കാരണം, കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയിട്ടും പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ കൂട്ടാക്കുന്നില്ലെങ്കില്‍ അതിനര്‍ഥം നിങ്ങല്‍ ക്രൂരന്മാരാണെന്നാണ്. അങ്ങനെ ഞാന്‍ വിശ്വസിക്കാനിഷ്ട്ടപ്പെടുന്നില്ല.


പത്ത് വര്‍ഷങ്ങള്‍ കൊണ്ട് ഉത്സർജ്ജനം പകുതിയാക്കി കുറയ്ക്കാമെന്നത് 1.5 ഡിഗ്രീ സെല്‍ഷ്യസിന് താഴെ ജീവിക്കാമെന്നതിനു അമ്പതു ശതമാനം സാധ്യത മാത്രമേ നല്‍കുന്നുള്ളൂ. അപ്പോഴും പുനഃസാധ്യത നമ്മുടെ നിയന്ത്രണങ്ങള്‍ക്കുമതീതമാണ് .
അമ്പത് ശതമാനമെന്നത് നിങ്ങള്‍ക്ക് സ്വീകാര്യമായിരിക്കും. പക്ഷേ ആ സംഖ്യകളില്‍ കാലാവസ്ഥാമാറ്റത്തിലെ തിരുത്താനാവാത്ത അഗ്രബിന്ദുക്കള്‍ (tipping points) ഉള്‍പ്പെടുന്നില്ല, ആഘാതങ്ങളുടെ പുനസൃഷ്ടിക്കപ്പെടുന്ന ചാക്രിക വ്യൂഹങ്ങള്‍ (feedback loops) ഉള്‍പ്പെടുന്നില്ല, വിഷമയമായ വാതകമലിനീകരണം മറച്ചുവെക്കുന്ന അധിക താപനം ഉള്‍പ്പെടുന്നില്ല, തുല്യതയുടെ വിവിധ വശങ്ങളും കാലാവസ്ഥാനീതിയും ഉള്‍പ്പെടുന്നില്ല. നിങ്ങള്‍ നിക്ഷേപിച്ച സഹസ്രകോടി ടണ്‍ കാര്‍ബണ്‍ഡയോക്സൈഡ് ഇനിയും യാഥാര്‍ത്ഥ്യമാകാത്ത സാങ്കേതികവിദ്യയിലൂടെ ഞങ്ങളുടെ തലമുറ വലിച്ചെടുത്തുകളയുമെന്ന് നിങ്ങള്‍ കരുതുന്നു! അതുകൊണ്ട് ഈ അന്‍പത് ശതമാനം അപകടസാധ്യത ഞങ്ങള്‍ക്ക് -ഇതിന്റെ പ്രത്യാഘാതം കൊണ്ട് ജീവിക്കേണ്ടിവരുന്ന ഞങ്ങളുടെ തലമുറക്ക്-സ്വീകാര്യമല്ല.
ആഗോളതാപനം 1.5 ഡിഗ്രി വര്‍ധനവില്‍ താഴെ നിര്‍ത്താനുള്ള 67 ശതമാനം സാധ്യതയായി IPCC നടത്തിയ കണക്ക് കൂട്ടലില്‍ 2018 ജനുവരി 1 വരെ ബാക്കി ഉണ്ടായിരുന്നത് 420 ഗിഗാടണ്‍ കാര്‍ബണ്‍ ഉത്സര്‍ജനമായിരുന്നു… ഇന്നതില്‍ 350 ഗിഗാടണില്‍ താഴെ മാത്രമാണ് ബാക്കി.
ഇതെല്ലാം നിസ്സാരമെന്നു തള്ളിക്കളഞ്ഞും, സാങ്കേതികമായ പരിഹാരങ്ങള്‍ മാത്രം നിര്‍ദേശിച്ചു കൊണ്ടും മുന്നോട്ടുപോകാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വരുന്നു? ഇന്നത്തെ നിലയനുസരിച്ച് അവശേഷിക്കുന്ന കാർബൺഡയോക്സൈഡ്ബഡ്ജറ്റ് അടുത്ത എട്ടര വർഷം കൊണ്ടവസാനിക്കും.
ഇവിടെ വെച്ചു ഈ പ്രശ്നങ്ങള്‍ക്കെല്ലാം എന്തെങ്കിലും പരിഹാരങ്ങള്‍ കണ്ടെത്താനോ,പദ്ധതികള്‍ രൂപികരിക്കാനൊ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, വേണ്ടത്ര ഗൌരവത്തോടെ ഈ കാര്യങ്ങളെ സമീപിക്കാൻ നിങ്ങളിനിയും മുതിര്‍ന്നിട്ടില്ല.


നിങ്ങള്‍ ഞങ്ങളെ പരാജയപ്പെടുത്തുകയാണ്. പക്ഷേ പുതിയ തലമുറ നിങ്ങളുടെ കൊടും വഞ്ചന തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. വരും തലമുറയുടെ നോട്ടം മുഴുവനായും നിങ്ങളിലാണ്. നിങ്ങളിനിയും ഞങ്ങളെ വഞ്ചിക്കുകയാണെങ്കിൽ ഞങ്ങളൊരിക്കലും നിങ്ങളോട പൊറുക്കുകയില്ല.
ഇനിയുമിങ്ങനെ നിസംഗരായി മുന്നോട്ട് പോവാന്‍ നിങ്ങളെ ഞങ്ങള്‍ അനുവദിക്കില്ല,ഇന്ന്,ഇവിടെ വെച്ചു നമ്മള്‍ തീരുമാനിക്കേണ്ടിയിരിക്കുന്നു.ലോകം ഉണരുകയാണ്. നിങ്ങള്‍ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്.
നന്ദി. “
പ്രസംഗത്തിന്റെ വീഡിയോ കാണാം

ആരാണ് ഗ്രെറ്റ തൂൺബര്‍ഗ് ?

2018 ഓഗസ്റ്റില്‍ പഠിപ്പ് മുടക്കി സ്വീഡന്‍ പാര്‍ലമെന്റിനു മുന്നില്‍ ഒറ്റക്ക് സമരം നടത്തിയാണ് ഗ്രെറ്റ ഇന്നു ലോകത്തെ ഏറ്റവും ശക്തമായ പാരിസ്ഥിതിക മുന്നേറ്റത്തിലേക്ക് വരുന്നത്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ഉടനടി രാഷ്ട്രീയ നയസമീപനം ഉണ്ടാകണം എന്നായിരുന്നു ഗ്രെറ്റയുടെ ഒറ്റയാള്‍ സമരത്തിന്റെ ആവശ്യം. വളരെ പതുക്കെ മാധ്യമങ്ങളും യുവാക്കളും ഗ്രെറ്റയുടെ മുദ്രാവാക്യത്തിന്റെ ഗൗരവം മനസിലാക്കി. ആളുകള്‍ മുഴുവന്‍ പരിഭ്രാന്തരാകേണ്ടതുണ്ട് എന്നാണ് ഗ്രെറ്റ തന്റെ സമരത്തിന്റെ ആവശ്യത്തെക്കുറിച്ചു പറഞ്ഞത്. ക്യാമ്പസുകള്‍ അവളുടെ സമരാവേശത്തില്‍ ആളിപടര്‍ന്നു. പതിനാറുവയസുകാരിയായ പെണ്‍കുട്ടി യൂറോപ്പിനെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് വലിയ മുന്നേറ്റം നടത്തി. ഗ്രെറ്റയുടെ മൂര്‍ച്ചയേറിയതും രാഷ്ട്രീയക്കാരെ കടന്നാക്രമിക്കുന്നതുമായ പ്രഭാഷണങ്ങള്‍ ക്യാമ്പസുകളെ കോരിത്തരിപ്പിച്ചു.


സ്വീഡനിലെ പ്രസിദ്ധയായ ഓപ്പറ ഗായികയായ മലെനാ എമ്മന്റെ മകളാണ് ഗ്രെറ്റ. ബാല്യകാലത്തില്‍ അസ്പർജേഴ്സ് സിൻഡ്രോമെന്ന അസുഖം ബാധിച്ച ഗ്രേറ്റയ്ക്ക് ആളുകളോട് ഇടപഴകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പരിസ്ഥിതിയെക്കുറിച്ചും മലിനീകരണത്തെക്കുറിച്ചും സ്‌കൂളില്‍ നിന്നും പഠിച്ച അറിവുകളുമായിട്ടാണ് ഗ്രെറ്റ ഒറ്റയാള്‍ പോരാട്ടത്തിനിറങ്ങിയത്. മഞ്ഞുരുകിയ പ്രകൃതിയില്‍ ധ്രുവക്കരടികളും ജീവജാലങ്ങളും നരകിക്കുന്ന കാഴ്ച തന്നെ അസ്വസ്ഥപ്പെടുത്തിയെന്നു ഗ്രെറ്റ പോരാട്ടത്തിലുടനീളം പറഞ്ഞു. തന്റെ കുടുംബത്തെയും സ്വയം തന്നെയും പാരിസ്ഥിതിക കോട്ടം തട്ടാത്ത ഉത്പന്നങ്ങള്‍ കഴിവതും ഉപയോഗിക്കാന്‍ ഗ്രെറ്റ പഠിപ്പിച്ചു.
സ്വീഡനില്‍ നിന്ന് ബെര്‍ലിനിലേക്കും അവിടെനിന്നും ലണ്ടനിലേക്കും പാരിസിലേക്കും ബ്രസ്സല്‍സിലേക്കും തുടങ്ങി യൂറോപ്പിലെ 350 ഓളം വരുന്ന നഗരങ്ങളിലേക്ക് സമരം വ്യാപിച്ചു. എല്ലായിടത്തും ആയിരകണക്കിന് വിദ്യാര്‍ത്ഥികളും യുവജനങ്ങളും നഗരങ്ങള്‍ കീഴടക്കി. ലക്ഷക്കണക്കിന് വരുന്ന ആളുകള്‍ ഐക്യപ്പെട്ട ‘സ്‌കൂള്‍ ക്ലൈമറ്റ് സ്‌ട്രൈക്ക് മൂവ്‌മെന്റ്’ എന്ന വലിയ മുന്നേറ്റമായി അതുമാറി. യൂത്ത് ഫോര്‍ ക്‌ളൈമേറ്റ് ടുഗെതര്‍ എന്ന സംഘടനയും രൂപം കൊണ്ടു. 2018 ഡിസംബറില്‍ പോളണ്ടില്‍ വച്ച് നടന്ന ഐക്യ രാഷ്ട്ര സഭയുടെ ക്‌ളൈമേറ്റ് ചേഞ്ച് കോണ്‍ഫറന്‍സല്‍ ഗ്രെറ്റക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചു. . യൂത്ത് ക്‌ളൈമേറ്റ് മൂവേമെന്റിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസിനു മുന്നിലെ സമരവേദിയില്‍ പ്രസംഗിച്ച ഗ്രെറ്റ അമേരിക്കയുടെ ഊര്‍ജ ഉപഭോഗത്തെ ശക്തമായി വിമര്‍ശിച്ചത് കയ്യടികളോടെയാണ് ലോകം കേട്ടത്.


കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ നിങ്ങള്‍ വേണ്ടത്ര രീതിയില്‍ ശ്രമിക്കുന്നില്ല’ എന്ന് വിമര്‍ശിച്ചുകൊണ്ടാണ് ഗ്രെറ്റ യു.എസ് കോണ്‍ഗ്രസിന് മുന്നില്‍ സംസാരിച്ചത്. ഗ്രെറ്റയോടൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്താണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമ ഗ്രെറ്റയെ അഭിനന്ദിച്ചത്. 139 രാജ്യങ്ങളിലായി 4638 വേദികളിലാണ് നിലവില്‍ കാലാവസ്ഥവ്യതിയാനവുമായി ഗ്രെറ്റ പങ്കെടുക്കുന്ന പരിപാടികള്‍ ഉള്ളത്.


പ്രസംഗവിവർത്തനം : അജിത്ത് രുഗ്മിണി

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പൊട്ടാസ്യം – ഒരു ദിവസം ഒരു മൂലകം
Next post ആഗോള താപനം വനം മാത്രമല്ല മറുപടി
Close