ഗ്രിഗർ മെന്റലിന്റെ 200 വാർഷികത്തിന്റെ ഭാഗമായി ലൂക്ക 2022 ജൂലൈ മാസം പ്രസിദ്ധീകരിക്കുന്ന ജനിതക ശാസ്ത്രലേഖനപരമ്പര.
ഇന്നത്തെ ജനിതക ശാസ്ത്രജ്ഞരെ സഹായിക്കാൻ ആധുനിക സാങ്കേതിക വിദ്യയും ഉപകരണങ്ങളുമുണ്ട്. പക്ഷേ, ജനിതക ശാസ്ത്രത്തിന്റെ പിതാവ് എന്ന് ഇന്ന് നാം വിളിക്കുന്ന ഗ്രിഗർ മെന്റലിന് ഈ സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത പരീക്ഷണങ്ങൾ, അസാമാന്യമായ ക്ഷമ ഇവയായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ.
താൻ ജീവിച്ച കാലത്തിനും ഏറെ മുന്നിലായിരുന്നു മെന്റൽ, അതുകൊണ്ടു തന്നെ ഒരു പുത്തൻ വിജ്ഞാന ശാഖയുടെ പിതാവ് എന്ന് പോയിട്ട് ഒരു ശാസ്ത്രജ്ഞനായിക്കൂടി അദ്ദേഹത്തെ ലോകം അംഗീകരിച്ചില്ല. അദ്ദേഹം മരിച്ച് പിന്നെയും 34 കൊല്ലത്തിനു ശേഷമാണ് ലോകം മെന്റലിന്റെ പ്രവർത്തനങ്ങളുടെ മഹത്വം തിരിച്ചറിഞ്ഞത്. അതോടെ ജനിതക ശാസ്ത്രം എന്ന ആ പുതിയ വിജ്ഞാനശാഖ, ഈ ലോകത്തെ നാമെങ്ങനെ കാണുന്നു എന്നതിനെ മാത്രമല്ല, അതിൽ നാമെങ്ങനെ ജീവിക്കുന്നു എന്നതിനെക്കൂടി മാറ്റി മറിക്കാൻ തുടങ്ങുകയും ചെയ്തു.
പഴയ ആസ്ത്രിയയിലെ ഒരു നിർധന കർഷകകുടുംബത്തിൽ 1822 ജൂലൈ 20ന് ജനിച്ച മെന്റൽ കുട്ടിക്കാലത്തുതന്നെ തോട്ടപരിപാലനത്തിലും തേനീച്ച വളർത്തലിലും ഏർപ്പെട്ടിരുന്നു. മിടുക്കനായ മകന്റെ പഠനം തുടരാൻ മാതാപിതാക്കൾ അവനെ മൊണാസ്ട്രിയിൽ ചേർത്തു, അറിവിന്റെയും ശാസ്ത്രീയ അന്വേഷണങ്ങളുടെയും കേന്ദ്രം എന്ന് പുകൾ പെറ്റിരുന്ന സെന്റ് തോമസ് മൊണാസ്ട്രിയിൽ. പ്രകൃതിയോട് ചെറുപ്പത്തിലേ ഉണ്ടായിരുന്ന താല്പര്യം അവിടെ അദ്ദേഹത്തെ തന്റെ ഗവേഷണങ്ങളിലേക്കും ജനിതകത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്കും നയിച്ചു.
മെന്റലിന് പാരമ്പര്യം സംബന്ധിച്ച ഒട്ടേറെ സംശയങ്ങളുണ്ടായിരുന്നു. ചില സവിശേഷതകൾ എങ്ങനെയാണ് അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്നത് എന്നറിയാൻ അദ്ദേഹം പയറുചെടികളിൽ പരീക്ഷണങ്ങൾ നടത്തി. പ്രാണികൾ വഴി, അനഭിലഷണീയമായ രീതിയിൽ പരാഗണം നടന്നുപോകാതിരിക്കാൻ അവയെ പൊതിഞ്ഞുസൂക്ഷിച്ചു. കുറച്ചൊന്നുമല്ല, മുപ്പതിനായിരത്തോളം ചെടികളാണ് അദ്ദേഹം നട്ടുവളർത്തിയത്. ഏഴു വർഷമെടുത്തു ഈ പരീക്ഷണനിരീക്ഷണങ്ങൾ പൂർത്തിയാകാൻ.
ഉയരമുള്ള പയർ ചെടിയെ ഉയരം കുറഞ്ഞതുമായി ക്രോസ് ചെയ്തപ്പോൾ അദ്ദേഹത്തിന് കിട്ടിയതൊക്കെയും ഉയരം കൂടിയ ചെടികളായിരുന്നു. ഈ രണ്ടാം തലമുറ ചെടികൾ തമ്മിൽ ക്രോസ് ചെയ്തപ്പോൾ നാലിൽ ഒന്നുവീതം ഉയരം കുറഞ്ഞ ചെടികളുമുണ്ടായി. ഉയരവും ഉയരമില്ലായ്മയും ചേർന്ന് ഇടത്തരം ഉയരം എന്നൊരു ഗുണം ഒരിക്കലും ഉണ്ടായില്ല. ഉയരം എന്ന സവിശേഷത, ജീനുകൾ വഴി അനന്തര തലമുറയിലേക്ക് കൈമാറപ്പെടുന്നു എന്നും ഓരോ ചെടിയും അത് ആർജ്ജിക്കുന്ന ജീനുകളുടെ പ്രത്യേകത അനുസരിച്ച് ഉയരമുള്ളതോ അല്ലാത്തതോ ആകുന്നു എന്നുമാണ് ഇതിൽനിന്നും മെന്റൽ എത്തിച്ചേർന്ന നിഗമനം. (ജീൻ എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചില്ല) ഒരു പ്രത്യേക ജീൻ കോമ്പിനേഷൻ നിമിത്തം പ്രകടമാകാതെ പോകുന്ന ഒരു സവിശേഷത, അടുത്ത തലമുറയിൽ പ്രകടമായി എന്നു വരാം. ഇതു സംബന്ധിച്ച തന്റെ പരീക്ഷണങ്ങളും നിഗമനങ്ങളും മെന്റൽ ശാസ്ത്രജ്ഞരുടെ സമ്മേളനത്തിൽ അവതരിപ്പിച്ചു. കേവലം ഒരു ശാസ്ത്രാധ്യാപകനായിരുന്ന ഈ സന്യാസിയുടെ (monk) പരീക്ഷണങ്ങളുടെ പ്രാധാന്യം തിരിച്ചറിയാൻ അന്ന് ആർക്കുമായില്ല.
ജീവികളിൽ തന്റെ സിദ്ധാന്തം പ രീക്ഷിച്ചുനോക്കാനായിരുന്നു മെന്റലിന്റെ അടുത്ത ശ്രമം. തേനീച്ചകളെയാണ് അദ്ദേഹം ഇതിനായി തെരഞ്ഞെടുത്തത്. ധാരാളം തേൻ ഉൽപാ ദിപ്പിക്കുന്ന ഒരു സങ്കരയിനത്തെ വികസിപ്പിച്ചെടുക്കുന്നതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തതു. എന്നാൽ റാണി ഈച്ചകളെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടും ആ പുതുജനുസിന്റെ ആ ക്രമണോത്സകതയും നിമിത്തം പഠനം പൂർത്തിയാക്കാനായില്ല. താമസിയാതെ അദ്ദേഹത്തിന് (abbot) ആയി കയറ്റം ലഭിച്ചു. അതോടെ പരീക്ഷണനിരീക്ഷണങ്ങൾക്കൊന്നും സമയം കിട്ടാതാവുകയും ചെയ്തതു.
അറുപത്തിയൊന്നാം വയസ്സിൽ, 1884 ജനുവരി ആറാംതീയതി, കിഡ്നിസംബന്ധമായ രോഗം നിമിത്തം അദ്ദേഹം അന്തരിച്ചു. മരണശേഷം നികുതിയുമായി ബന്ധപ്പെട്ട് സർക്കാരുമായി നിലനിന്നിരുന്ന തർക്കങ്ങൾ അവസാനിപ്പിച്ച കൂട്ടത്തിൽ, അനന്തരഗാമി, അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്ന കടലാസുകൾ മുഴുവൻ കത്തിച്ചുകളഞ്ഞു! ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് മെന്റലിന്റെ സംഭാവനകൾ ശാസ്ത്രലോകം തിരിച്ചറിഞ്ഞതും ശാസ്ത്രചരിത്രത്തിൽ അദ്ദേഹത്തിന് അർഹമായ സ്ഥാനം ലഭിച്ചതും.