Read Time:2 Minute

ലോകത്തിലെ ഏറ്റവും നേർത്ത പദാർത്ഥം എന്നറിയപ്പെടുന്ന ഗ്രഫീൻ, SARS-CoV-2 വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനും ഉപയോഗിക്കാം എന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. നിലവിലുള്ള രീതിയെക്കാളും വളരെ വേഗത്തിലും ക്യത്യമായും ഈ വിദ്യയിലൂടെ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനാകുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.

ഗ്രാഫീൻ പാളികൾ വൈറസിലെ സ്പൈക്ക് പ്രോട്ടീനിന്റെ ആന്റിബോഡിയുമായി യോജിപ്പിച്ചാണ് രോഗനിർണയത്തിന് ഉപയോഗിച്ചത്. ഗ്രഫീനിൽ ഉള്ള കാർബൺ ആറ്റത്തിന്റെ ചലനങ്ങളും ഇലാസ്തികതയും ഇവ തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന ബോണ്ടിന്റെ കമ്പനത്തിന് (vibration) കാരണമാകുന്നു. ഫോണോൺ എന്നാണ് ഈ കമ്പനങ്ങൾ അറിയപ്പെടുന്നത്. SARS-CoV-2 സ്പൈക്ക് പ്രോട്ടീനുമായി ഗ്രാഫീൻ – ബന്ധപ്പെടുമ്പോൾ കമ്പനത്തിൽ ഉണ്ടാകുന്ന പ്രത്യേകരീതിയിലുള്ള മാറ്റത്തിൽ നിന്നാണ് വൈറസിന്റെ സാന്നിദ്ധ്യം തിരിച്ചറിയാൻ സാധിക്കുന്നത്. കോവിഡ് നെഗറ്റീവ് സാമ്പിളുകൾ ഉപയോഗിക്കുമ്പോൾ കമ്പനത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നില്ല. നിലവിലുള്ള രോഗനിർണ്ണയ രീതികൾ മണിക്കൂറുകൾ എടുക്കുമ്പോൾ, രാമൻ സ്പെക്ട്രോമീറ്റർ ഉപയോഗിച്ച് നടത്തുന്ന ഈ പരീക്ഷണത്തിൽ 5 മിനിട്ടിനുള്ളിൽ ഫലം ലഭ്യമാകുന്നു എന്നതും പ്രാധാന്യമർഹിക്കുന്നു. SARS-CoV-2 സ്പൈക്ക് പ്രോട്ടീൻ ലയിപ്പിച്ച കൃത്രിമ ഉമിനീരാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഒരു ആറ്റത്തിന്റെ മാത്രം കട്ടിയുള്ള ഗ്രാഫീൻപാളികളുടെ ഇലക്ട്രോണിക് എനർജിയിൽ SARS-CoV-2 സ്പൈക്ക് പ്രോട്ടീൻ തന്മാത്രകൾക്കു വലിയ മാറ്റങ്ങൾ വരുത്താനാകും. ഉമിനീരിൽ 3.75 fg/ml വരെ അളവിലുള്ള വൈറസിന്റെ സാന്നിദ്ധ്യം ഇത്തരത്തിൽ കണ്ടെത്താനാവും. ഗ്രാഫീൻ സെൻസറുകൾക്ക് ചിലവ് കുറവും എളുപ്പത്തിൽ പല സ്ഥലങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നവയുമാണ്.


അധിക വായനയ്ക്ക്

  1. https://pubs.acs.org/doi/10.1021/acsnano.1c02549
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post ലോകത്തെ മൂന്നാമത്തെ വലിയ വജ്രം
Next post ഒ.ആർ.എസ് : ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റം
Close