റേഡിയോ ടെലിസ്കോപ്പുകളുടെ ലോകത്ത് ഇന്ത്യക്കു വലിയ സ്ഥാനം നേടിക്കൊടുത്ത പ്രൊഫ. ഗോവിന്ദ് സ്വരൂപ് അന്തരിച്ചു. 2020 സെപ്റ്റംബർ 7-നു മരിക്കുമ്പോൾ അദ്ദേഹത്തിന് 91 വയസ്സായിരുന്നു.
ഊട്ടിയിലെ റേഡിയോ ടെലിസ്കോപ്പ് (Ooty Radio Telescope), പൂനെയിലെ കൂറ്റൻ ലോകോത്തര മീറ്റർ വേവ് ടെലിസ്കോപ്പ് (Giant Metrewave Radio Telescope – GMRT) എന്നിവയുടെ പിന്നിലെ ബുദ്ധിയും കരങ്ങളും ഇദ്ദേഹത്തിന്റേതായിരുന്നു.50 വർഷം മുമ്പ് ഊട്ടിയിൽ ഭൂമിയുടെ അക്ഷത്തിനു സമാന്തരമായ തരത്തിൽ ചരിവുള്ള ഒരു മലയിൽ അര കിലോമീറ്ററിലധികം നീളവും 30 മീറ്റർ ഉയരവും ഉള്ള ഒരു റേഡിയോ ദൂരദർശിനി സ്ഥാപിച്ചപ്പോൾ അത് ലോക ശ്രദ്ധ നേടി. ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്ത ചെലവു കുറഞ്ഞ സാങ്കേതിക വിദ്യയാണ് അദ്ദേഹം അതിനുപയോഗിച്ചത്. പിന്നീട് 45 മീറ്റർ വീതം വ്യാസമുള്ള 30 റേഡിയോ ആന്റിനകൾ 25 കിലോമീറ്റർ വലിപ്പമുള്ള പ്രദേശത്ത് സ്ഥാപിച്ച് ലോകത്തെ ഏറ്റവും വലിപ്പമുള്ള ടെലിസ്കോപ്പുകളിൽ ഒന്ന് പൂനയ്ക്കടുത്ത് സ്ഥാപിച്ചതും ഗവേഷണ രംഗത്ത് വലിയ നേട്ടമായി. ഗോവിന്ദ് സ്വരൂപ് സ്വന്തമായി രൂപകല്പന ചെയ്ത ആ ടെലിസ്കോപ്പും ചെലവു കുറഞ്ഞ സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ഒരു കുതിച്ചുചാട്ടമായിരുന്നു. രണ്ടു ടെലിസ്കോപ്പുകളും വിവിധരാജ്യങ്ങളിൽ നിന്നുള്ള ഗവേഷകർ ഇപ്പോഴും ഉപയോഗിച്ചുവരുന്നു.
ഭട്നാഗർ പുരസ്കാര്യം, പത്മശ്രീ, മഹാലനോബിസ് മെഡൽ, വൈനു ബാപ്പു അവാർഡ്, മേഘ്നാഥ് സാഹ മെഡൽ, സ്യോൾക്കോവ്സ്കി മെഡൽ, തേഡ് വേൾഡ് അക്കാദമി പ്രൈസ് തുടങ്ങി ഇരുപതിലധികം വലിയ പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1953 മുതൽ ഗവേഷണ രംഗത്ത് സജീവമായിരുന്ന ഗോവിന്ദ് സ്വരൂപിനെ ശാസ്ത്ര ലോകം നന്ദിയോടെ സ്മരിക്കുന്നു.