Read Time:12 Minute

ഫ്രാങ്ക് ഡൊണാൾഡ് ഡ്രേക്ക് (Frank Donald Drake, 1930 – 2022) വിട പറയുകയാണ്. ഈയണ്ഡകടാഹത്തിലെമ്പാടും ഭൂമിക്കും പുറമെ അന്യഗ്രഹബുദ്ധിയെ തിരഞ്ഞ മനുഷ്യൻ. നമ്മൾ അവരുമായി സമ്പർക്കത്തിൽ വരുമെന്ന് അവസാന ശ്വാസം വരേയും പറഞ്ഞും പ്രചോദിപ്പിച്ചുമിരുന്ന ജ്യോതിശാസ്ത്രജ്ഞൻ.

ഐൻസ്റ്റൈന്റെ ഈ സമം എംസി സ്‌ക്വയർ (E=MC2 ) കഴിഞ്ഞാൽ ഏറ്റവും പ്രസിദ്ധമായ ഡ്രേക്ക് സമവാക്യം കുറുക്കിയെടുത്ത പ്രജ്ഞാശാലി. പ്രപഞ്ചത്തിലെവിടേക്കും നമ്മുടെയീ ഭൗമ-മാനവ സാന്നിധ്യം വിളിച്ചു പറയാൻ, അന്യനാഗരികതകൾക്കു കേൾക്കാനറിയാനുതകുന്ന നക്ഷത്രാന്തര റേഡിയോ സന്ദേശത്തിന്റെ ശില്പി. സാഗന്റെ സഹകാരി. സേർച്ച് ഫോർ എക്സ്ട്രാ ടെറസ്ട്രിയൽ ഇന്റലിജൻസ് (SETI) – അന്യഗ്രഹചേതനയ്ക്കായുള്ള അന്വേഷണശാസ്ത്രത്തിന്റെയും സംഘടിത തിരച്ചിൽ രീതികളുടെയും പിതാവ് !

തൊള്ളായിരത്തി മുപ്പതിൽ ജനിച്ച് ഹാർവാർഡിലും കോർണലിലും നിന്ന് ഉന്നതവിദ്യാഭ്യാസം നേടി, നാവികസേനയിൽ പ്രവർത്തിച്ച് തൻ്റെ മുപ്പതുകളിൽ വെസ്റ്റ് വിർജീനിയയിലെ ഗ്രീൻ ബാങ്കിലെ നാഷണൽ റേഡിയോ അസ്ട്രോണമി ഒബ്സർവേറ്ററിയിലെ (NRAO) ദൂരദർശിനി പ്രവർത്തനങ്ങളുടെ തലവനായിരുന്ന കാലത്ത്, അദ്ദേഹം ആവിഷ്കരിച്ച “ഡ്രേക്ക് സമവാക്യം” അന്യഗ്രഹ ബുദ്ധി കണ്ടെത്തുന്നതിനുള്ള ശാസ്ത്രലോകത്തിന്റെ ശ്രമങ്ങളുടെ ആസൂത്രണങ്ങൾക്കുള്ള ആണിക്കല്ലായി ഇന്നും നിലനിൽക്കുന്നു.

ഡ്രേക്ക് സമവാക്യം

NRAO-യിൽ ജോലി ചെയ്ത ശേഷം, ഡ്രേക്ക് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ലൂണാർ ആൻഡ് പ്ലാനറ്ററി സയൻസസ് വിഭാഗത്തിന്റെ തലവനായി. പിന്നീട് താൻ പഠിച്ച കോർണൽ സർവകലാശാലയിലെ തന്നെ റേഡിയോ ഫിസിക്‌സ് ആന്റ് സ്‌പേസ് റിസർച്ച് സെന്ററിന്റെ ഡയറക്‌ടറും 1966 മുതൽ 1968 വരെ പ്യൂർട്ടോ റിക്കോയിലെ അരെസിബോ ഒബ്‌സർവേറ്ററിയുടെ ഡയറക്‌ടറുമായി. 1971-ൽ സ്ഥാപിതമായതു മുതൽ നാഷണൽ അസ്‌ട്രോണമി ആൻഡ് അയണോസ്ഫെറിക് സെന്ററിന്റെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

തൻ്റെ അരെസിബോ കാലത്ത് ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്ക് മനുഷ്യൻ അയക്കുന്ന ആദ്യത്തെ നക്ഷത്രാന്തര സന്ദേശം ഡ്രേക്ക് സൃഷ്ടിച്ചു. “അരെസിബോ സന്ദേശം” എന്നറിയപ്പെടുന്ന ഇത് 1974-ൽ അരെസിബോ ഒബ്സർവേറ്ററിയിൽ നിന്ന് റേഡിയോ തരംഗങ്ങൾ വഴിയാണ് പ്രക്ഷേപണം ചെയ്തു. പയനിയർ 10, പയനിയർ 11 ബഹിരാകാശ പേടകങ്ങളിലും “ഗോൾഡൻ റെക്കോർഡ്” എന്നിവയിലും വഹിക്കുന്ന മനുഷ്യരാശിയെ പ്രതിനിധീകരിക്കുന്ന ഫലകങ്ങൾ രൂപകൽപ്പന ചെയ്തത് ഡ്രേക്കും കാൾ സാഗനും ഒക്കെ ഉൾപ്പെട്ട സംഘമാണ്. വോയേജർ 1, 2 ബഹിരാകാശ പേടകങ്ങളിലും ഇവ അയക്കുകയുണ്ടായി. സൗരയൂഥത്തിനപ്പുറത്തേക്കുള്ള യാത്രകളിൽ ആ ബഹിരാകാശ പേടകങ്ങൾ കണ്ടുമുട്ടാവുന്ന ഏതൊരു ജീവിവർഗ്ഗത്തിനും വേണ്ടി മനുഷ്യരാശിയുടെ സന്ദേശങ്ങൾ അവ ഉൾക്കൊള്ളുന്നു.

The Golden Record cover shown with its extraterrestrial instructions. Credit: NASA/JPL

തൊണ്ണൂറ്റി ആറിൽ അധ്യാപനത്തിൽ നിന്ന് വിരമിച്ചതിന് ശേഷം, SETI-യുടെ വിജയസാധ്യതകൾ ഒപ്റ്റിമൈസ് ചെയ്യുന്ന റേഡിയോ ടെലിസ്‌കോപ്പ് ഡിസൈനുകൾ രൂപകൽപന ചെയ്യുന്നതിലും അന്യനാഗരികതകളിൽ നിന്ന് വന്നേക്കാവുന്ന ഒപ്റ്റിക്കൽ സിഗ്നലുകൾക്കായി അമേരിക്കയിലെ ലിക്ക് നിരീക്ഷണകേന്ദ്രത്തിലെ ഒബ്സർവേറ്ററിയിലെ പ്രോജക്റ്റുകളിൽ സജീവമായി ഇടപെടുന്നതിലും ഡ്രേക്ക് വ്യാപൃതനായി. തന്റെ കരിയറിൽ ഉടനീളം, അന്യഗ്രഹ ബുദ്ധിയുടെ അടയാളങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ – പരീക്ഷണ രീതികൾ പരിഷ്കരിക്കാൻ അക്ഷീണം ഡ്രേക്ക് പ്രവർത്തിച്ചു. അതിനും പുറമേ, വ്യാഴ ഗ്രഹത്തിന്റെ റേഡിയേഷൻ ബെൽറ്റുകളുടെ കണ്ടെത്തലിലും അദ്ദേഹം പങ്കുചേർന്നു. കൂടാതെ, പൾസാറുകളെ (വികിരണ രശ്മികൾ പുറപ്പെടുവിക്കുന്ന, അതിവേഗം കറങ്ങുന്ന ന്യൂട്രോൺ നക്ഷത്രങ്ങൾ) മനസ്സിലാക്കുന്നതിലേക്ക് നയിച്ച നിരീക്ഷണങ്ങളിൽ അദ്ദേഹത്തിൻ്റെ പങ്ക് അത്തരം പഠനങ്ങളുടെ ആദ്യകാലത്ത് വളരെ നിർണായകമായിരുന്നു.

സായൻസികസമൂഹത്തിന് പുറത്തുള്ള മനുഷ്യർക്കും അദ്ദേഹം ജ്യോതിശാസ്ത്രത്തിൽ നൂതനമായ കോഴ്‌സുകൾ പഠിപ്പിക്കുകയും നിരവധി ബിരുദ, ബിരുദ ജ്യോതിശാസ്ത്ര വിദ്യാർത്ഥികൾക്ക് ഉപദേശം നൽകുകയും ചെയ്തു. ജ്യോതിശാസ്ത്രത്തെ, മനുഷ്യന്റെ അന്വേഷണത്വരയെ ഒക്കെ പൊതുജനസമ്പർക്കം വഴി ജനകീയമാക്കുവാനും നിരവധി ആളുകളെ പ്രചോദിതരാക്കുകയും ചെയ്തതിൽ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതാണ്.

തന്റെ ജീവിതകാലത്തു തന്നെ പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണിൽ നിന്നൊരു ജീവൽസന്ദേശം നമ്മെ തേടിയെത്തുമെന്നും നമ്മൾ ഒരു ഫസ്റ്റ് കോൺടാക്ട് ഉണ്ടാക്കുമെന്നും ഉള്ള അദ്ദേഹത്തിന്റെ ശുഭാപ്തിവിശ്വാസം സഫലമായില്ല എങ്കിലും മാനവരാശിയുടെ ഏറ്റവും ഉന്നതമായ ഔത്സുക്യത്തെ ജ്വലിപ്പിച്ചു നിർത്തി അതിനു വേണ്ട അടിത്തറകളും കെട്ടിപ്പൊക്കി, മർത്യജാതിയ്ക്കായി ഒരു ജന്മം നീണ്ട തിരച്ചിലിന്റെ ബാറ്റൺ നമുക്ക് കൈമാറിയാണ് ഡ്രേക്ക് യാത്രയാകുന്നത്. സഫലമായ ജീവിതം. അന്ത്യം വരേയ്ക്കും അക്ഷീണം അധ്വാനം. അടങ്ങാത്ത അന്വേഷണം. അനന്യമായ പ്രചോദനം. അപരിഹാര്യമായ നഷ്ടം.

Goodbye Frank Drake. Thank You, Earthlings are gonna miss you.

ഡ്രേക്ക് സമവാക്യം

ഒരു ഗാലക്സിയിൽ ജീവൻ ഉണ്ടാവാൻ സാദ്ധ്യതയുള്ള ഗ്രഹങ്ങളുള്ള നക്ഷത്രയൂഥങ്ങളുടെ എണ്ണം കണക്കാക്കുവാൻ ഉപയോഗിക്കുന്ന ലളിതമായ ഒരു സമവാക്യം ആണു് ഡ്രേക്ക് സമവാക്യം (Drake equation). ജ്യോതിശാസ്ത്രജ്ഞനായ ഫ്രാങ്ക് ഡ്രേക്കാണു് ഈ സമവാക്യം സൃഷ്ടിച്ചെടുത്തതു്‍. അന്യഗ്രഹജീവികളെ തേടിയുള്ള തെരച്ചലിനുള്ള അനുമാനങ്ങൾക്ക് ഈ സമവാക്യം ഉപയോഗിക്കപ്പെടുന്നു.

ഇതിലെ ഓരോ ഗണത്തിന്റേയും വിശദീകരണം ഇനി പറയും പ്രകാരമാണു:

  • N = നമ്മുടെ ഗ്യാലക്സിയില്‍ നമ്മളുമായി ആശയസംവേദനം നടത്താന്‍ സാധ്യതയുള്ള നാഗരികതകളുടെ (Civilization) എണ്ണം
  • R* = ഗാലക്സിയിൽ പുതുനക്ഷത്രങ്ങൾ പിറക്കുന്നതിന്റെ തോത്. (വര്‍ഷത്തില്‍)
  • fp = ഗ്രഹങ്ങളുള്ള നക്ഷത്രങ്ങളുടെ ശതമാനം
  • ne = ഗ്രഹങ്ങളുള്ള നക്ഷത്രങ്ങളിൽ, ജീവൻ നിലനിർത്താൻ സാഹചര്യം ഉള്ള ഗ്രഹങ്ങളുടെ ശരാശരി എണ്ണം
  • f = ജീവൻ നിലനിർത്താൻ സാഹചര്യമുള്ള ഗ്രഹങ്ങളിൽ ജീവൻ ഉടലെടുത്തതിന്റെ അംശം (fraction)
  • fi = ജീവൻ ഉടലെടുത്ത ഗ്രഹങ്ങളിൽ ബൗദ്ധികമായി പരിണമിച്ച ജീവികളുള്ള ഗ്രഹങ്ങളുടെ അംശം (fraction)
  • fc = അവയിൽ മറ്റൊരു ഗ്രഹവുമായി ആശയവിനിമയം നടത്താൻ ആവശ്യമായ സാങ്കേതികവളർച്ച കൈവരിക്കുകയും ചെയ്ത ജീവികളുള്ള ഗ്രഹങ്ങളുടെ അംശം (fraction)
  • L = ഇത്തരം ഗ്രഹങ്ങളിൽ ആ ആശയം വിനിമയം നിലനിൽക്കുന്ന പരമാവധി ദൈർഘ്യം(വർഷത്തിൽ)
അരെസിബോ സന്ദേശം – (ബൈനറി സന്ദേശം – നിറങ്ങൾ ചേർത്തത്) കടപ്പാട് വിക്കിപീഡിയ  Arne Nordmann

വീഡിയോ


മറ്റു ലൂക്ക ലേഖനങ്ങൾ

ഭൂമിക്കു പുറത്തുള്ള ജീവനെക്കുറിച്ചുള്ള അന്വേഷണങ്ങൾ

ലേഖനം വായിക്കാം
ഫെര്‍മിയുടെ പ്രഹേളിക : ഈ പ്രപഞ്ചത്തിൽ നമ്മളൊറ്റക്കാണോ ?
ലേഖനം വായിക്കാം
Happy
Happy
0 %
Sad
Sad
25 %
Excited
Excited
75 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വീട്ടിലെ പൊടി മൈക്രോസ്കോപ്പിലൂടെ നോക്കാം
Next post അജ്ഞാതനായ സഹോദരാ, വിട
Close