Read Time:12 Minute

സോജൻ ജോസ്, സുരേഷ് വി.

സസ്യ ശാസ്ത്ര വിഭാഗം ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്

ജീവിക്കുന്ന ഫോസിലുകൾ എന്നറിയപ്പെടുന്ന ജീവലോകത്തെ തന്നെ അത്ഭുതമാണ് 270 ദശലക്ഷം വർഷങ്ങളായി പരിണാമത്തിനു വിധേയമാകാതെ നിലകൊള്ളുന്ന ജിൻകോ എന്ന സസ്യം. 1945ൽ ജപ്പാനിലെ അമേരിക്ക പ്രയോഗിച്ച അണുബോംബിനെ പോലും‌ അതിജീവിച്ച ചരിത്രം ഇതിനുണ്ട്. ഈ അത്ഭുത സസ്യത്തെപ്പറ്റി പാലക്കാട് ഗവ: വിക്ടോറിയ കോളേജിലെ സസ്യശാസ്ത്രവിഭാഗം അധ്യാപകരുടെ ലേഖനം.

Ginkgo biloba
ജിൻകോ എന്ന ഫോസിൽ സസ്യം

ജീവലോകത്തു ഓരോ ജീവി വർഗ്ഗത്തിനും ഒരു സവിശേഷ സ്‌ഥാനമുണ്ട്. ഉൽപാദകരായും, ഉപഭോക്താവായും, സസ്യഭുക്കായും, മാംസഭുക്കായും, പരാദമായും എല്ലാം ഈ സ്ഥാനം വ്യത്യസ്ത ജീവിവർഗ്ഗങ്ങൾ നിറവേറ്റി പോരുന്നു. അവയുടെ നിലനിൽപ്പും ഈ സ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ജീവിയും പ്രസ്തുത സ്ഥാനത്തു എത്തിച്ചേർന്നത് തന്നെ പരിണാമ പ്രക്രിയയിലെ നിരന്തര മാറ്റങ്ങൾക്കു വിധേയമായിട്ടാണ്. പരിസ്ഥിതി ശാസ്ത്ര പ്രകാരം ഈ സ്ഥാനത്തെ  നിച്ച് (Ecological Niche) എന്ന് പറയുന്നു. ഒരു ജീവിക്ക് അതിന്റെ പരിസ്ഥിതിയിൽ നിന്നും കിട്ടുന്നതും അങ്ങോട്ട് കൊടുക്കുന്നതുമായ സേവനങ്ങളുടെ ആകെ തുകയായാണ്  നിചിനെ നിർവചിക്കുന്നത്. ഓരോ  ജീവിക്കും അതിന്റേതായ നിച് ഉണ്ടെന്നു പറയാം. ഒരു ജീവിക്ക് അതിന്റെ പരിസ്ഥിതിയിൽ ഏറ്റവും സൗഖ്യത്തോടെ കഴിയാൻ സഹായിക്കുന്ന മൊത്തം ഘടകങ്ങളെ നമുക്ക് ലളിതമായി നിച് എന്നു മനസിലാക്കാം. ഒരു ഭൂപ്രദേശത്ത് ഒരിക്കലും ഒരേസമയം ഒന്നിലധികം ജീവി വർഗ്ഗം ഒരേ നിചിൽ കാണപ്പെടില്ല. ഏതെങ്കിലും കാരണവശാൽ അങ്ങനെ കാണപ്പെടുകയാണെങ്കിൽ അത്  അതി ശക്തമായ മത്സരത്തിലേക്ക് നയിക്കുകയും അങ്ങനെ  പരിണാമ പ്രക്രിയയിലെ ചാലക ശക്തികൾ  പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യുന്നു. അതുവഴി ഇതിൽ ഏതെങ്കിലും ഒരു ജീവി വർഗ്ഗം ആ നിചിൽ നിന്നും മറ്റൊരു നിചിലേക്കു പരിവർത്തനം ചെയ്ത് മാറി പോവുകയോ അല്ലെങ്കിൽ നിലനില്കാനാവാതെ നശിക്കുകയോ ചെയ്യുന്നു. ഇന്ന് ഭൂമുഖത്തുള്ള മൊത്തം സ്പീഷീസുകൾ ഇതുവരെ ഇവിടെ ജന്മമെടുത്ത ആകെ  സ്പീഷീസുകളുടെ ഏതാണ്ട് ഒരു ശതമാനം മാത്രമേ വരികയുള്ളൂ എന്നാണ് അനുമാനിക്കപ്പെടുന്നത്. ബാക്കി എല്ലാം  നില നിൽക്കാനാവാതെ അപ്രത്യക്ഷമായി എന്ന് കരുതപ്പെടുന്നു.

[box type=”info” align=”” class=”” width=””]ഓരോ ജീവിക്കും ജീവലോകത്തുള്ള സ്വന്തം സ്ഥാനം നില നിർത്താൻ അശ്രാന്ത പരിശ്രമം ആവശ്യമാണ്. മാറുന്ന പരിസ്ഥിതിയോടും മറ്റു ജീവ സ്രോതസ്സുകളിൽ ഉണ്ടാവുന്ന മാറ്റങ്ങളോടും അനുഗുണമായി മാറുക എന്നതാണ് നില നില്പിനു തന്നെ ആധാരം. ഇത്തരം മാറ്റങ്ങളാണ് ഒരു ജീവി വർഗ്ഗത്തിൽ നിന്നും രൂപത്തിലും സ്വഭാവത്തിലും വ്യത്യസ്തത പുലരുന്ന അനേകം ജീവി വർഗ്ഗങ്ങളായി കാലാന്തരത്തിൽ പരിണമിക്കുന്നത്. [/box]

ഈ നിരന്തര മാറ്റത്തെ, പരിണാമ ശാസ്ത്രത്തിൽ വിവരിക്കുന്നത് റെഡ് ക്വീൻ പരികല്പനയിൽ (Red Queen Hypothesis) കൂടെയാണ്. സുപ്രസിദ്ധ എഴുത്തുകാരൻ ലൂയി കരോളിന്റെ ത്രൂ ദി ലുക്കിങ് ഗ്ലാസ് (Through the looking glass) എന്ന നോവലിലെ ഒരു വാചകമാണ് ഈ പേരിനാധാരം. കണ്ണാടിയിലൂടെ  അത്ഭുത ലോകത്തെത്തുന്ന ആലീസിനോട് കഥയിലെ പ്രതിനായിക  ആയ റെഡ് ക്വീൻ പറയുന്ന വാചകമാണിത്

“Now, here, you see, it takes all the running you can do, to keep in the same place”.

“നോക്കൂ, ഇവിടെ, ഇപ്പൊ, നിനക്ക് നില്കുന്നിടത്ത് തന്നെ നിൽക്കണമെങ്കിൽ പരമാവധി വേഗത്തിൽ ഓടിക്കൊണ്ടിരിക്കുകയേ മാർഗമുള്ളൂ” എന്നിതിനെ പരിഭാഷപ്പെടുത്താം.

ജിന്‍കോ ഫോസില്‍
ജിന്‍കോ ഫോസില്‍ – മാഡിസൺ ഡിസ്കവറി സെന്ററിലെ ശേഖരത്തിൽ നിന്നും

പരിണാമ പ്രക്രിയയിൽ ഇതിനെ നമുക്ക് ഇങ്ങനെ വ്യാഖ്യാനിക്കാം, ജീവ ലോകത്ത് ഓരോ ജീവിക്കും നില നിൽക്കണമെങ്കിൽ നിരന്തര മാറ്റം അനിവാര്യമാണ്. ഇവിടെ മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രമാണ്. എന്നാൽ ഇതിനെ മൊത്തത്തിൽ വെല്ലുവിളിക്കുന്ന മറ്റുചില ജീവി വർഗ്ഗങ്ങൾ ഉണ്ട്. കാലങ്ങളായി യാതൊരു മാറ്റവും കൂടാതെ, എന്നാൽ ഇപ്പോഴും വലിയ പരിക്കൊന്നും കൂടാതെ നില നില്ക്കുന്നവ; പരിണാമ ജഡത്വം (Evolutionary Stagnancy) പൂണ്ടവ.  ജീവ ലോകത്ത് അവയെ ജീവിച്ചിരിക്കുന്ന ഫോസിലുകൾ (Living Fossils). എന്നാണ് പറയാറ്. ജീവലോകത്ത് ഒരുപാടു ലിവിങ് ഫോസിലുകളെക്കുറിച്ചു പറയാമെങ്കിലും സസ്യ ലോകത്തെ ജിൻകോ ബൈലോബയോളം (Ginkgo biloba) ഈ പേര് അർഹിക്കുന്ന മറ്റൊരു ജീവി വർഗ്ഗം ഉണ്ടാവില്ല.

Latimeria chalumnae zobrazhenna
സീലക്കാന്ത്
ലിവിങ് ഫോസിലുകളെ അങ്ങനെ വിളിക്കാൻ ഉള്ള പ്രധാന കാരണം പ്രസ്തുത ജീവികളുടെ ലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ടെന്നതും അതിൽ നിന്നും ഇന്നും അവയ്ക്ക് കാര്യമായ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല എന്നതുമാണ്. ജന്തു ലോകത്തെ ജീവിക്കുന്ന ഫോസിൽ ആയ സീലകാന്തിനെ (Coelacanth) പോലെ ജിൻകോയ്ക്കും ജീവിച്ചിരിക്കുന്ന അടുത്ത ബന്ധുക്കളൊന്നുമില്ല. ജിങ്കോയെൽസ് എന്ന വലിയ ഓർഡറിൽ ഇപ്പോഴും നില നിൽക്കുന്ന ഏക സ്‌പീഷീസാണ് ജിങ്കോ ബൈലോബ. വ്യത്യസ്ത കാല ഘട്ടങ്ങൾ കണക്കാക്കപ്പെടുന്ന ഫോസിലുകൾ ജിൻകോയുടേതായി ലഭിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പഴക്കം ചെന്നവ 270 ദശലക്ഷം മുൻപ് ഉള്ളവയാണ്. ഏകദേശം ജുറാസിക് യുഗത്തിന്റെ തുടക്കത്തിലാണ് ജിൻകോയുടെ ഉത്ഭവം എന്നാണ് അനുമാനിക്കപ്പെടുന്നത്. ഇത്രയും കാലം കാര്യമായ യാതൊരു മാറ്റവും കൂടാതെ ഒരു സ്പീഷീസ് നില നിന്നു എന്നത് തന്നെ അത്യത്ഭുദമാണ്. മാറി മാറി വരുന്ന പരിസ്ഥിതി സാഹചര്യങ്ങളിൽ കാലത്തിനനുസരിച്ചു കോലവും മാറുന്ന, പരിണാമ പരമായി  അസാധ്യ മെയ് വഴക്കം കാണിക്കുന്ന അപൂർവ്വം ചില ഗ്രൂപ്പുകൾ പലവിധ വൈവിധ്യവത്കരണത്തിലൂടെ വ്യത്യസ്ത സ്പീഷിസുകളായും മറ്റു ഉയർന്ന ഗ്രൂപ്പുകളായും പരിണമിച്ചു പോകുന്നത്‌ പരിണാമ പ്രക്രിയയിൽ സർവ്വ സാധാരണമാണ്. ആ ചുറ്റുപാടിൽ ആണ് ഇതിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്.

Female Ginkgo With Seeds
കായ്ച്ചു നിൽക്കുന്ന പെൺ ജിൻകോ‌ സസ്യം

ആദ്യ കാലങ്ങളിൽ ചൈനയിൽ ഒരു ചെറിയ ഭൂപ്രദേശത്തു ഒരു തനതു സസ്യമായി തുടർന്നു പോന്നിരുന്ന ജിൻകോ, യൂറോപ്യൻമാരുടെ ചൈന സന്ദർശനത്തോടെ അവിടെ നിന്നും യൂറോപ്പിലും പിന്നീട് ലോകമെമ്പാടും  വ്യാപിക്കുകയായിരുന്നു. ബുദ്ധമതത്തിൽ പ്രത്യേക സ്ഥാനമുള്ളവയാണ് ഇവ, അതിനാൽ തന്നെ അതീവ ശ്രദ്ധയോടെ ബൗദ്ധർ ഇവയെ പരിപാലിച്ചു പോന്നിരുന്നു. ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ  ഏറ്റവും പഴക്കമുള്ള ജിൻകോ കാണപ്പെടുന്നത് ചൈനയിൽ ആണ്, 1500 വർഷമാണ് ഇതിന്റെ പഴക്കം. കാണാനും അതിമനോഹരമാണ് ജിൻകോ, വിശറി ആകൃതിയിൽ ഇളം പച്ച നിറത്തോടു കൂടിയ ഇലകൾ ആണ് ജിൻകോക്ക് ഒരു വശ്യ സൗന്ദര്യം കൊടുക്കുന്നത്. ഇതിനാൽ തന്നെ പൂന്തോട്ടങ്ങളിൽ ഉദ്യാന സസ്യമായും വലിയ സ്‌ഥാനമാണ് ഇവയ്ക്കുള്ളത്. ആൺ പെൺ മരങ്ങൾ വ്യത്യസ്തമായി ഉണ്ടെങ്കിലും, മൂപ്പെത്തിയ കായകൾ ഒരല്പം ദുർഗന്ധം വമിക്കുന്നതാകയാൽ പെൺ മരങ്ങൾ ഉദ്യാന സസ്യങ്ങൾ ആയി അധികം ഉപയോഗിക്കുന്നില്ല. തണുത്ത കാലാവസ്ഥയാണ് ജിൻകോക്കു പഥ്യം. ശരത്കാലം ആവുന്നതോടെ ഇലകൾ എല്ലാം സ്വർണ വർണമാവുകയും പൊഴിഞ്ഞു പോവുകയും ചെയ്യും. സ്വർണ വർണമുള്ള ജിങ്കോയിലകൾ മരത്തിനു ചുറ്റും പരന്നു കിടക്കുന്നതും നയന മനോഹരമാണ്. ചൈനയിലെയും ജപ്പാനിലെയും ബുദ്ധമതാശ്രമങ്ങളിൽ സ്ഥിര സാന്നിധ്യമാണ് ജിൻകോ. ദക്ഷിണേന്ത്യയിൽ പലയിടത്തും ഈ വൃക്ഷം വച്ചുപിടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെകിലും മിക്കതും ഇവിടത്തെ മിതോഷ്ണ കാലാവസ്ഥയിൽ വളരാതെ പോവുകയായിരിന്നു.

Ginkgo biloba
ശരത് കാലത്തെ ജിൻകോ‌ വൃക്ഷം

പരമ്പരാഗത ചൈനീസ് വൈദ്യത്തിൽ വലിയ സ്ഥാനമാണ് ജിങ്കോക്ക്‌ ഉള്ളത്. നാഡീരോഗ ചികിൽസയ്ക്കും, ബുദ്ധി, ഓർമ ശക്തി,  പ്രധിരോധ ശക്തി എന്നിവ വർധിപ്പിക്കുന്നതിനും ജിൻകോ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഉണക്കിയ കായകൾ വിശേഷ അവസരങ്ങളിൽ ഉപയോഗിക്കുന്ന വിശിഷ്ട ഭോജ്യമാണ് ചൈനയിലും ജപ്പാനിലും.

ജിൻകോയുടെ അതിജീവനത്തിനു മറ്റൊരുദാഹരണമാണ് ജപ്പാനിലെ ഹിരോഷിമയിലുള്ളത്.  1945 ഓഗസ്റ് 6 ലെ അമേരിക്കയുടെ അണു ബോംബ് പ്രയോഗത്തിൽ, ബോംബ് പതിച്ച സ്ഥലത്തിന് രണ്ടര കിലോമീറ്റർ ചുറ്റളവിൽ സർവ്വ ചരാചരങ്ങളും നാമാവശേഷമായപ്പോയി. പിന്നീട് സെപ്റ്റംബറിൽ ഈ പ്രദേശത്തു നടത്തിയ പര്യവേഷണത്തിൽ  ഈ മഖലയിൽ  ആറോളം ജിൻകോ വൃക്ഷങ്ങൾ ജീവനോടെ  നിലനിൽക്കുന്നതായി കണ്ടെത്തി. മുച്ചൂടും കരിഞ്ഞു പോയവയിൽ നിന്നും പുനർജീവനം ചെയ്തവയായിരുന്നു അവ. അതിനാൽ തന്നെ ജിൻകോ ജപ്പാൻകാർക്ക് പ്രതീക്ഷയുടെ  പ്രതീകമാണ്. പ്രകൃതി നിർധാരണത്തിന്‍റെ  പോരാട്ടവീഥികളിൽ കഴിഞ്ഞ 270 ദശലക്ഷം വർഷങ്ങൾ വിജയശ്രീലളിതമായി, അചഞ്ചലമായി നിൽക്കുന്ന ജിൻകോ ജൈവലോകത്തെ തളരാത്ത  പോരാളിയാണ്. അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന ജിൻകോ ജീവിക്കുന്ന ഫോസിൽ മാത്രമല്ല ജീവിക്കുന്ന ഇതിഹാസവുമാണെന്ന് പറയേണ്ടി വരും.


ജിൻകോ ചിത്രങ്ങൾ ലേഖകർ സ്വയം‌ പകർത്തിയവയാണ്

Happy
Happy
67 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ജിൻകോയുടെ അതിജീവനം

Leave a Reply

Previous post അസമത്വത്തിന്റെ കപടശാസ്ത്രങ്ങൾ
Next post തലയ്ക്കുമുകളില്‍ വ്യാഴനുദിയ്ക്കുന്ന ജൂലൈ മാസം
Close