സീമ ശ്രീലയം
കൊറോണക്കാലത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെ കഴിഞ്ഞദിവസം ഒരു ആണവനിലയത്തിന്റെ രണ്ട് കൂളിങ് ടവറുകൾ തകർത്തു. സംഭവം നടന്നത് തെക്കുപടിഞ്ഞാറൻ ജർമനിയിലാണ്. ഫിലിപ്സ്ബർഗ് പ്ലാന്റിന്റെ രണ്ട് കൂളിങ് ടവറുകളാണ് ഇങ്ങനെ തകർക്കപ്പെട്ടത്. 2022 ഓടെ ന്യൂക്ലിയർ പവർപ്ലാന്റുകളോട് ബൈ പറയാനുള്ള ജർമ്മനിയുടെ ശ്രമത്തിന്റെ ഭാഗമാണിത്. മരട് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നത് കണ്ട് നമ്മൾ അത്ഭുതപ്പെട്ടതുപോലെ ആണവനിലയം തകർക്കുന്ന വീഡിയോ ലോകം അത്ഭുതത്തോടെയാണ് വീക്ഷിച്ചത്.
ഫിലിപ്സ്ബർഗ് പ്ലാന്റിന്റെ രണ്ട് റിയാക്റ്ററുകൾ 2011 ലും 2019- ലും പ്രവർത്തനം നിർത്തിയതാണ്. ഇതിന്റെ കൂളിങ് ടവറുകൾ മെയ് 14വ്യാഴാഴ്ചയോ മെയ് 15 വെള്ളിയാഴ്ചയോ തകർക്കുമെന്ന് മാത്രമാണ് പ്ലാന്റ് ഓപ്പറേറ്റർ ആയ EnBW അറിയിച്ചിരുന്നത്. കൊവിഡ് കാലത്ത് ഈ വിസ്മയദൃശ്യം കാണാൻ ആൾക്കൂട്ടം എത്തുന്നത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇത്. ഒടുവിൽ മെയ് 14 വ്യാഴാഴ്ച രാവിലെ ആറു മണിക്ക് 150 മീറ്റർ നീളമുള്ള രണ്ട് കൂളിങ് ടവറുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. ഇതിനു നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ.
ജർമനിയിൽ ആണവനിലയങ്ങളുടെ ചരിത്രം നീളുന്നത് 1950 കളിലേക്കും അറുപതുകളിലേക്കുമാണ്. ആദ്യ നിലയങ്ങൾ ഗവേഷണ നിലയങ്ങളായിരുന്നു. അവിടെ വ്യാവസായികാടിസ്ഥാനത്തിലുള്ള ആദ്യ പ്ലാന്റ് നിലവിൽ വന്നത് 1969 ലാണ്. 1970 കളിൽത്തന്നെ ജർമ്മനിയിൽ ആണവനിലയങ്ങളോടുള്ള എതിർപ്പ് ഉയരാൻ തുടങ്ങിയിരുന്നു. 1979 മാർച്ച് 28 ന് യുഎസ്സിലെ ത്രീമൈൽ ഐലന്റിലുണ്ടായ ആണവനിലയ അപകടവും 1986 ഏപ്രിൽ 26 ന് സോവിയറ്റ് യൂണിയനിൽ സംഭവിച്ച ചെർണോബിൽ ആണവനിലയ (ഇപ്പോൾ ഉക്രൈനിന്റെ ഭാഗം) പൊട്ടിത്തെറിയുമൊക്കെ ആണവനിലയങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടി. 2011 ൽ ജപ്പാനിലെ ഫുകുഷിമ നിലയത്തിലുണ്ടായ അപകടവും ലോകത്തെ ഞെട്ടിച്ചു.
2010 ൽ ജർമ്മനിയിലെ വൈദ്യുതമേഖലയിൽ 22.4 ശതമാനമായിരുന്നു ആണവ വൈദ്യുതനിലയങ്ങളുടെ സംഭാവന. എന്നാൽ 2017 ൽ അത് 11.63 ശതമാനമായിക്കുറഞ്ഞു. ആണവനിലയങ്ങളുടെ പ്രവർത്തനം ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിന്റെ ഫലമായിരുന്നു ഇത്. 2011ൽ ജപ്പാനിലെ ഫുകുഷിമ ദുരന്തത്തോടെ ആണവനിലയ അപകടങ്ങളുടെ തീവ്രത ഒരിക്കൽക്കൂടി ലോകത്തിനു ബോധ്യമായി. അതോടെ ജർമ്മനിയിലെ ആണവ നിലയങ്ങൾ ഘട്ടം ഘട്ടമായി പ്രവർത്തനം നിർത്തുമെന്ന് ചാൻസലർ ആംഗേല മെർക്കൽ പ്രഖ്യാപിച്ചു. 2011 ൽ ജർമനിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന 17 ആണവ നിലയങ്ങളിൽ എട്ടെണ്ണത്തിന്റെ പ്രവർത്തനം നിർത്തി. അവിടുത്തെ പ്രധാന ന്യൂക്ലിയർ പ്ലാന്റ് ഓപ്പറേറ്റർമാരായ Siemens, E.on, RWE, EnBW എന്നീ കമ്പനികൾ ഘട്ടം ഘട്ടമായി നിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറായി. ഇപ്പോൾ തകർത്തിരിക്കുന്ന ഫിലിപ്സ്ബർഗ് പ്ലാന്റിന്റെ കൂളിങ് ടവറുകളുടെ സ്ഥാനത്ത് ഒരു ട്രാൻസ്ഫോർമർ സ്റ്റേഷൻ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. വടക്കൻ ജർമ്മനിയിൽ പുനരുപയോഗ സാധ്യതയുള്ള സ്രോതസ്സുകളിൽ നിന്നുല്പാദിപ്പിക്കുന്ന വൈദ്യുതി തെക്കൻ ജർമ്മനിയിൽ എത്തിച്ചു വിതരണം ചെയ്യാൻ വേണ്ടിയാണിത്.
ആണവ നിലയങ്ങൾ മുഴുവൻ അടച്ചുപൂട്ടുന്നതോടെ സൗരോർജവും പവനോർജവും ജലവൈദ്യുത നിലയങ്ങളുമൊക്കെ പരമാവധി പ്രയോജനപ്പെടുത്തുന്നതോടൊപ്പം ഊർജാവശ്യങ്ങൾ നിറവേറ്റാനായി ജർമ്മനിക്ക് ഫോസ്സിൽ ഇന്ധനങ്ങളെയും കൂടുതലായി ആശ്രയിക്കേണ്ടിവരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഫോസ്സിൽ ഇന്ധന ഉപയോഗം കുറച്ചില്ലെങ്കിൽ ഹരിതഗൃഹ വാതകമായ കാർബൺ ഡൈ ഓക്സൈഡിന്റെ ഉൽസർജനം കൂടുന്നത് ആഗോളതാപനം നിയന്ത്രിക്കാൻ നടക്കുന്ന ശ്രമങ്ങൾക്ക് തിരിച്ചടിയായേക്കും എന്ന ആശങ്കയുമുണ്ട്.
റേഡിയോആക്റ്റീവ് മൂലകങ്ങളുടെ ന്യൂക്ലിയർ ഫിഷൻ അടിസ്ഥാനമാക്കിയുള്ള നിയന്ത്രിത ചെയിൻ റിയാക്ഷനാണ് ആണവനിലയങ്ങളിൽ നടക്കുന്നത്. ആണവ നിലയമാലിന്യങ്ങളുടെ സുരക്ഷിതമായ സംസ്ക്കരണം ഇന്നും ലോകം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമാണ്. പല റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെയും അർദ്ധായുസ്സ് ആയിരക്കണക്കിനും പതിനായിരക്കണക്കിനുമൊക്കെ വർഷങ്ങളാണ്. ഇത്രയും കാലം അവ റേഡിയോആക്റ്റീവ് വികിരണങ്ങൾ ഉൽസർജിച്ചുകൊണ്ടേയിരിക്കും. ശരീര കോശങ്ങളിൽ ഉല്പരിവർത്തനത്തിനും അർബ്ബുദത്തിനുമൊക്കെ ഇത് വഴിയൊരുക്കും. റേഡിയോആക്റ്റീവ് മാലിന്യങ്ങൾ ലെഡും കോൺക്രീറ്റും കൊണ്ടുണ്ടാക്കിയ പെട്ടികളിൽ ഭദ്രമായി അടച്ച് കടലിന്റെ ആഴങ്ങളിൽ നിക്ഷേപിച്ചാൽ പോലും വൻ സുനാമിയുടെയോ മറ്റോ ഫലമായി അതിൽ നേരിയ വിള്ളൽ ഉണ്ടായാൽപ്പോലും അത് ഏറെ അപകടകരമാവും. ആണവനിലയ പൊട്ടിത്തെറികളും ആണവനിലയങ്ങളിൽ നിന്നുണ്ടാവുന്ന റേഡിയോആക്റ്റീവ് വികിരണ, ആണവ മാലിന്യ ചോർച്ചയുമൊക്കെ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വേറെ. അത്യുന്നത താപനിലയിൽ മാത്രം നടക്കുന്ന, നക്ഷത്രങ്ങളിലെ ഊർജത്തിനടിസ്ഥാനമായ ന്യൂക്ലിയർ ഫ്യൂഷൻ ഭൂമിയിൽ നിയന്ത്രിതമായ രീതിയിൽ നടത്താനുള്ള ഗവേഷണങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നുണ്ട്. ആണവമാലിന്യ പ്രശ്നങ്ങളില്ല എന്നതാണ് ഇതിന്റെ മേന്മ.
വീഡിയോ കാണാം