ത്ബിലിസിയിലെ ഇൻസ്റ്റിറ്റ്യൂട്ട്
പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ ഒരു റിപബ്ലിക്ക് ആയിരുന്നു ജോർജിയ. ഇന്ന് അതൊരു സ്വതന്ത്രരാഷ്ട്രമാണ്. ജോർജിയയുടെ തലസ്ഥനമാണ് ത്ബിലിസി നഗരം. ത്ബിലിസി നഗരത്തിൽ ആണ് ജോർജ്ജ് ഏലിയാവ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. എല്ലാ മാസവും ലോകത്തിന്റെ പല ഭാഗത്തുനിന്നും ചികിത്സക്കായി നൂറുകണക്കിനു രോഗികൾ ഏലിയാവ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്നു. ആൻ്റിബയോട്ടിക് ഉൾപ്പടെയുള്ള മറ്റു ചികിത്സാരീതികൾ കൊണ്ട് നിയന്ത്രിക്കാനാവാതെ വരുന്ന അണുബാധകൾ മാറ്റാനാണ് അവരിൽ ഭൂരിഭാഗവും അവിടെ എത്തുന്നത്. കുറെപ്പേർക്കെങ്കിലും ആശ്വാസം കൊടുക്കാൻ അവിടുത്തെ ചികിത്സക്കു കഴിയുന്നു എന്നാണ് സൂചനകൾ. ബാക്റ്റീരിയോഫേജ് ഉപയോഗിച്ചുള്ള ചികിത്സയാണ് അവിടെ പ്രധാനമായും നടക്കുന്നത്.
എന്താണ് ബാക്റ്റീരിയോഫേജുകൾ?
അവ ചിലതരം വൈറസുകൾ ആണ്. ബാക്റ്റീരിയകളെ നശിപ്പിക്കാൻ കഴിയുന്ന വൈറസുകൾ ആണവ. ‘ബാക്റ്റീരിയോഫേജ്’ എന്ന വാക്കിന്റെ അർത്ഥം തന്നെ ‘ബാക്റ്റീരിയതീനികൾ’ എന്നാണ്; എങ്കിലും ബാക്റ്റീരിയകളെ അവ ഭക്ഷിക്കുകയല്ല ചെയ്യുന്നത്. മനുഷ്യശരീരത്തിൽ വൈറസ് ആക്രമണമുണ്ടാകുമ്പോൾ സംഭവിക്കുന്നതുപോലെ, ബാക്റ്റീരിയകൾക്കകത്ത് കടന്നു കയറി പലതായി പെരുകി അവസാനം ബാക്റ്റീരിയകളുടെ നാശത്തിനു വഴിവെയ്ക്കുകയാണ് ഫേജുകൾ ചെയ്യുന്നത്. ബാക്റ്റീരിയോഫേജുകൾ പലപ്പോഴും ‘സ്പെസിഫിക്’ ആണ്, അതായത് ഒരു തരം ബാക്റ്റീരിയയെ നശിപ്പിക്കുന്നത് ഒരു പ്രത്യേകതരം ഫേജ് ആയിരിക്കും. ഈ പ്രത്യേകതകൊണ്ടു തന്നെ ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാനും ചികിത്സിക്കാനും ബാക്റ്റീരിയോഫേജുകളെ ഉപയോഗിക്കാം. പക്ഷെ അതോടൊപ്പം ഓരോ ബാക്റ്റീരിയക്കും പറ്റിയ ഫേജിനെ വേർതിരിച്ചെടുക്കുക എന്നത് ശ്രമകരമായ കാര്യവും ആണ്. ബാക്റ്റീരിയോഫേജുകൾ ആണ് ഭൂമിയിൽ എണ്ണത്തിൽ ഏറ്റവും അധികമുള്ള ഒരു ജീവിവർഗ്ഗം എന്ന് ബയോളജിസ്റ്റുകൾ കരുതുന്നു. അവ അത്രക്കും സർവവ്യാപിയാണ്.
ജോർജിയ സോവിയറ്റ് ഏകാധിപതി ആയിരുന്ന ജോസഫ് സ്റ്റാലിന്റെയും ജന്മനാടാണ്. ജോസഫ് ദുഗാഷ്വിലി എന്നായിരുന്നു അദ്ദേഹത്തിന്റെ ശരിക്കുള്ള പേര്. ‘ഉരുക്കുമനുഷ്യൻ’ എന്നർത്ഥം വരുന്ന ‘സ്റ്റാലിൻ’ എന്നത് സ്സാർ ചക്രവർത്തിയുടെ പോലീസിൽ നിന്ന് ഒളിവിൽ കഴിയുമ്പോൾ അദ്ദേഹം സ്വീകരിച്ച കള്ളപ്പേരാണ്. എന്നാൽ വിപ്ലവം കഴിഞ്ഞ് അധികാരത്തിൽ ഏറിയപ്പോഴും അദ്ദേഹം ആ പേര് തുടർന്നും ഉപയോഗിച്ചതുകൊണ്ടാണ് അദ്ദേഹം അങ്ങിനെ അറിയപ്പെടാൻ ഇടയായത്. സ്റ്റാലിന്റെ ഭരണകാലം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിൽ വളരെ പ്രധാനമായിരുന്നതുകൊണ്ടാണ് ഇത് സൂചിപ്പിക്കുന്നത്.
ബാക്റ്റീരിയോഫേജ് പഠനങ്ങളും ഡോ. ഏലിയാവയും
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ സ്സാർ ചക്രവർത്തിയുടെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ജോർജിയ. അവിടെയാണ് 1892ൽ ജോർജ്ജ് (അവരുടെ ഭാഷയിൽ ‘ജോർജ്ജി’) ഏലിയാവ (George Eliava) ജനിച്ചത്. അദ്ദേഹം റഷ്യയിലും തുടർന്ന് സ്വിറ്റ്സർലാൻഡിലെ ജെനീവയിലും മെഡിക്കൽ പഠനങ്ങൾക്കു ശേഷം, വിപ്ലവം നടന്ന വർഷമായ 1917ൽ ത്ബിലിസിയിലെ സൂക്ഷ്മാണു ലാബറട്ടറിയുടെ ചുമതല ഏറ്റു. പിന്നീട് 1918-21, 1926-27 വർഷങ്ങളിൽ പാരിസിലെ പ്രശസ്തമായ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉപരി പഠനവും ഗവേഷണവും നടത്തി. സൂക്ഷ്മാണുശാസ്ത്രം വികസിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. പല പുതിയ രോഗാണുക്കളെയും കൃത്യമായി തിരിച്ചറിയാനും അവക്കെതിരെ വാക്സീനുകൾ വികസിപ്പിക്കാനും സൂക്ഷ്മാണുശാസ്ത്രജ്ഞർ തമ്മിൽ മൽസരിച്ചുകൊണ്ടിരുന്നു. ഡോ. ഏലിയാവക്കും വളരെ താല്പര്യമുള്ള വിഷയമായിരുന്നു ഇത്. പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ചിരുന്ന കാലത്താണ് ഏലിയാവയ്ക്ക് ബാക്റ്റീരിയകളെ നശിപ്പിക്കുന്ന ബാക്റ്റീരിയോഫേജുകളെ ആദ്യമായി തിരിച്ചറിഞ്ഞ കനേഡിയൻ ശാസ്ത്രജ്ഞനായ ഡോ. ഫെലിക്സ് ദ്’എരലിന്റെ (Felix D’Herelle) സംഘത്തിൽ പ്രവർത്തിക്കാൻ അവസരമുണ്ടായത്. അതോടുകൂടി അദ്ദേഹം ഫേജ് ഗവേഷണത്തിൽ തല്പരനായി. 1923ൽ താൻ നയിച്ചിരുന്ന ലാബറട്ടറിയെ അദ്ദേഹം ഫേജ് പഠനങ്ങൾക്കുള്ള ഒരു കേന്ദ്രമായി മാറ്റിത്തീർത്തു.
ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ താല്പര്യം വർദ്ധിച്ചു. പല പുതിയ ബാക്റ്റീരിയോഫേജ്കളെയും അദ്ദേഹം തിരിച്ചറിഞ്ഞു
ദ്’എരൽ മാത്രമല്ല, മറ്റു പല ശാസ്ത്രജ്ഞരും ബാക്റ്റീരിയകളെ ‘അലിയിച്ചു’ കളയുന്ന ഏതോ വസ്തു വേർതിരിച്ചെടുക്കുന്നതിൽ 1915-1917 കാലഘട്ടത്തിൽ വിജയിച്ചിരുന്നു. എന്നാൽ അത് എന്താണെന്നു തിരിച്ചറിയാൻ അവർ പാടുപെട്ടു; തമ്മിൽ തമ്മിൽ രൂക്ഷമായ വാഗ്വാദങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ദ്’എരലിന്റെ ഒരു പ്രധാന എതിരാളി ബ്രിട്ടീഷ് സൂക്ഷ്മാണു ശാസ്ത്രജ്ഞനായ ട്വോർട്ട് ആയിരുന്നു. എങ്കിലും ദ്’എരലിനു അവകാശപ്പെടാവുന്ന ഒരു പ്രത്യേകതയുണ്ട്: അദ്ദേഹമാണ് ഈ ബാക്റ്റീരിയാവിരുദ്ധ വസ്തു നമുക്കു തിരിച്ചറിയാൻ പറ്റാത്ത മറ്റേതോ സൂക്ഷ്മജീവി ആണെന്ന സിദ്ധാന്തം ആദ്യമായി മുന്നോട്ടു വെച്ചത്. പിന്നീട് വർഷങ്ങൾക്കുശേഷം ഇലക്ട്രോൺ മൈക്രോസ്കോപിയുടെ സഹായത്തോടെ ഇവ വൈറസുകൾ ആണെന്നു സ്ഥിരീകരിക്കപ്പെട്ടു. ദ്’എരലിന്റെ മറ്റൊരു പ്രത്യേകത, ഈ വസ്തുവിന്റെ പ്രായോഗിക ഉപയോഗം, രോഗങ്ങൾ ചികിത്സിക്കാൻ സാധിച്ചേക്കും എന്ന വസ്തുത, ആദ്യമായി പരീക്ഷിച്ചവരിൽ ഒരാളും അദ്ദേഹമായിരുന്നു എന്നതാണ്. ഡിസന്ററി ബാധിച്ച ചിലരെ ഇത് ഉപയോഗിച്ചു ചികിത്സിക്കുന്നതിൽ അദ്ദേഹം വിജയിച്ചു.
ഈ സമയമാകുമ്പോഴേക്കും റഷ്യൻ സാമ്രാജ്യം തകരുകയും വിപ്ലവാനന്തരം ബോൽഷെവിക്കുകളുടെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയൻ നിലവിൽ വരികയും ചെയ്തിരുന്നു. ജോർജിയ ഒരു സോവിയറ്റ് റിപബ്ളിക്ക് ആയി രൂപാന്തരപ്പെട്ടു. എന്നാൽ ഏലിയാവ മാത്രമല്ല സോവിയറ്റ് ശാസ്ത്രജ്ഞരിൽ ഫേജ് ഗവേഷണത്തിൽ തല്പരനായിരുന്നത്. സോവിയറ്റ് ഉക്രെയ്നിൽ മെൽനിക്, റുച്കോ എന്നീ ശാസ്ത്രജ്ഞന്മാരും ഈ വഴി പിന്തുടർന്നു. 1920 കളിൽ ഒരു പുതിയ വ്യവസ്ഥ കെട്ടിപ്പടുക്കുവാൻ ആരംഭിച്ച സോവിയറ്റ് കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ, ശാസ്ത്രീയസംരംഭങ്ങളുടെ വലിയ വക്താക്കളായിരുന്നു. അതുകൊണ്ട് ഗവേഷണത്തിനു പുതിയ രാജ്യത്ത് മുൻപെങ്ങുമില്ലാത്ത പ്രോത്സാഹനം ലഭിച്ചിരുന്നു.
ഈ കാലഘട്ടത്തിൽ, പ്രത്യേകിച്ച് ഒന്നാം ലോകയുദ്ധത്തിന്റെ കാലത്ത്, അണുബാധകൾ മരണകാരണങ്ങളിൽ പ്രധാനമായിരുന്നു. ഇവയിൽ പലതിനും കാരണമായ ബാക്റ്റീരിയകളെ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നെങ്കിലും, അവക്കെതിരെ ഫലപ്രദമായ പ്രതിരോധമോ, ചികിത്സയോ ഉണ്ടായിരുന്നില്ല. ആൻ്റിബയോട്ടിക്കുകളും മറ്റും പിന്നെയും ഇരുപതുകൊല്ലത്തോളം കഴിഞ്ഞാണ് കണ്ടുപിടിക്കപ്പെടുന്നത്. ഓരോ അണുബാധക്കും, ഇതേ അണുബാധവന്ന് സ്വാഭാവികമായി ശമനം കിട്ടിയ രോഗികളുടെ രക്തത്തിൽനിന്ന് ശേഖരിക്കുന്ന ആൻ്റിബോഡികൾ മാത്രമാണ് പലപ്പോഴും പ്രതിരോധമായി ഉപയോഗിച്ചിരുന്നത്. ഇവ ദുർലഭമായിരുന്നു എന്നു മാത്രമല്ല, പലപ്പോഴും അപകടം പിടിച്ച റിയാക്ഷനുകൾ ഉണ്ടാക്കുകയും ചെയ്യുമായിരുന്നു. അപ്പോഴാണ് ഫേജ് ചികിത്സ എന്ന ആശയം ഉദയം ചെയ്യുന്നത്. ബാക്റ്റീരിയകളെ നശിപ്പിക്കാൻ വൈറസുകളെ ഉപയോഗിക്കുക എന്നത് തത്വത്തിൽ വളരെ ആകർഷകമായിരുന്നു എങ്കിലും, ശരിയായ ടൈപ്, ഡോസ്, എന്നിങ്ങനെ പല മാനങ്ങളും നിർണയിക്കേണ്ടതുണ്ടായിരുന്നു.
1930 കൾ ആയപ്പോഴേക്കും സോവിയറ്റ് ശാസ്ത്രം ഈ ദിശയിൽ ഏറേ മുന്നേറി. ബാക്റ്റീരിയോഫേജ് ഗവേഷണത്തിൽ ലോകത്തിൽ തന്നെ ഏറ്റവും പ്രശസ്തമായ ഒരു കേന്ദ്രമായി മാറാൻ സോവിയറ്റ് യൂണിയന് അധിക കാലം വേണ്ടിവന്നില്ല. ഇതിന്റെ പിന്നിൽ ഡോ. ഏലിയാവയുടെയും, മെൽനിക്, റുച്കോ എന്നിവരുടെയും കഠിനാദ്ധ്വാനം ഒരു വലിയ ഘടകമായിരുന്നു. സോവിയറ്റ് ശാസ്ത്രത്തിന്റെ തന്നെ വലിയ അഭിമാനങ്ങളിൽ ഒന്നായി മാറി ഫേജ് ഗവേഷണം. പാശ്ചാത്യലോകത്തിന് ഫേജ് ചികിത്സയിൽ കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞതും ഇല്ല. 1933ലും 35ലും ഫേജ് ഗവേഷണത്തിലെ ഏറ്റവും പ്രഗൽഭനായി അറിയപ്പെട്ടിരുന്ന ദ്’എരൽ സോവിയറ്റ് യൂണിയൻ സന്ദർശിച്ച് അവിടത്തെ ഗവേഷണസൗകര്യങ്ങൾ കാണുകയുണ്ടായി. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനം അങ്ങോട്ടു പറിച്ചുനടുന്നതിനെക്കുറിച്ചും അദ്ദേഹം കാര്യമായി ആലോചിച്ചിരുന്നു. ഈ കാലഘട്ടത്തിൽ 1923ൽ ആണ് ത്ബിലിസിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഏലിയാവയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെടുന്നത്. ‘എപ്പിഡെമിയോളജി, സൂക്ഷ്മാണുശാസ്ത്രം, ഫേജ് ഗവേഷണം എന്നിവക്കുവേണ്ടിയുള്ള ഇൻസ്റ്റിറ്റ്യൂട്ട്’ എന്നതായിരുന്നു അതിന്റെ ഔദ്യോഗിക നാമം. 2023 ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശതാബ്ദിവർഷം ആണ്
ബെറിയയും സ്റ്റാലിനും
ജോർജിയൻ കമ്യൂണിസ്റ്റ് പാർട്ടിയിലെ ഉദിക്കുന്ന താരമായിരുന്നു ഇക്കാലത്ത് ലാവ്രെന്തി പാവ്ലെവിച്ച് ബെറിയ എന്ന എൽ പി ബെറിയ. 1930 കൾ ആയപ്പോഴെക്കും ജോർജ്ജിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഭരണവും അദ്ദേഹത്തിന്റെ കൈപ്പിടിയിൽ ഒതുങ്ങി. ഈ സമയത്താണ് സ്റ്റാലിന്റെ കുപ്രസിദ്ധമായ ‘പർജുകൾ’ തുടങ്ങിയത്. ‘പർജ്’ എന്ന വാക്കിന് ശുദ്ധീകരണം എന്ന് അർത്ഥം നൽകാം. എന്നാൽ ഫലത്തിൽ സ്റ്റാലിനു ഇഷ്ടമില്ലാത്തവരോ, അദ്ദേഹത്തിന്റെ നേതൃത്വത്തിനു ഭീഷണി ആയേക്കാവുന്നവരോ ആയ രാഷ്ട്രീയവ്യക്തിത്വങ്ങളെ കപട ആരോപണങ്ങൾ ഉന്നയിച്ച് തടവിലാക്കുകയോ കൊല്ലുകയോ ചെയ്യുക എന്നതായിരുന്നു രീതി. ഇത്തരത്തിൽ ഇല്ലാതാക്കപ്പെട്ടവരിൽ ബോൽഷെവിക് വിപ്ളവം നയിച്ച പാർട്ടി നേതൃത്വത്തിൽ ബാക്കിയുണ്ടായിരുന്ന മിക്കവാറും എല്ലാവരും ഉൾപ്പെടും എന്നത് ചരിത്രസത്യമാണ്. ട്രോട്സ്കിയെപ്പോലെ ചിലർ നാട്ടിൽനിന്ന് ഓടിപ്പോയെങ്കിലും, അവരെയും തേടിപ്പിടിച്ചു വധിക്കുകയുണ്ടായി.
സ്റ്റാലിന്റെ വലം കൈ ആയാണ് ബെറിയ പാർട്ടിയിൽ വളർന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഉന്നത സ്ഥാനങ്ങളിൽ എത്താൻ അധികം സമയം വേണ്ടിവന്നില്ല. സ്വന്തം നേതാവിനെപ്പോലെ അനഭിമതരായവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് അവരെ ഇല്ലായ്മ ചെയ്യാൻ ബെറിയയും ഒട്ടും മോശമായിരുന്നില്ല. ഇക്കാര്യത്തിൽ സ്റ്റാലിന്റെ അഭീഷ്ടം നടത്താൻ മുൻ നിന്ന ബെറിയ വളരെ വേഗം സോവിയറ്റ് യൂണിയന്റെ രഹസ്യപ്പോലീസിന്റെ തലവനും മന്ത്രിസഭയിലും പാർട്ടിയിലും പ്രധാനിയും ആയി. ഡോ. ഏലിയാവ തന്റെ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചപ്പോൾ അന്ന് ജോർജിയൻ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിൽ ഉണ്ടായിരുന്ന ബെറിയയോട് ധനസഹായം അഭ്യർത്ഥിക്കുകയുണ്ടായി. എന്നാൽ ആവശ്യപ്പെട്ട തുക മുഴുവൻ കൊടുക്കാൻ ബെറിയ ശുപാർശ ചെയ്തില്ല. തുടർന്ന് ഏലിയാവ മറ്റൊരു ജോർജിയൻ ബോൽഷെവിക് നേതാവും സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും വ്യവസായ മന്ത്രിയുമായിരുന്ന സെർജി ഒർദ്ഴോണികിഡ്സെ എന്ന പ്രമുഖന്റെ സഹായം അഭ്യർത്ഥിക്കുകയുണ്ടായി.
എന്തുകൊണ്ടോ ബെറിയയുടെ കരിമ്പട്ടികയിൽ ഡോ. ഏലിയാവയും ഇടം പിടിച്ചു. ഏതായാലും ‘ജനവിരുദ്ധപ്രവർത്തനങ്ങൾ’ക്കും, ‘തന്ത്രപ്രധാനമായ’ ശാസ്ത്രരഹസ്യങ്ങൾ ശത്രുക്കൾക്ക് പങ്കുവെച്ചതിനും ഡോ. ഏലിയാവ അറസ്റ്റ് ചെയ്യപ്പെടാൻ അധികകാലം വേണ്ടിവന്നില്ല. ഒരു സ്ത്രീയുടെ പ്രേമത്തിനുവേണ്ടിയുള്ള മൽസരമാണ് ഏലിയാവയെയും ബെറിയയെയും പിണക്കിയത് എന്ന് ഒരു സ്ഥിരീകരിക്കപ്പെടാത്ത കഥയുണ്ട്. ’കനകം മൂലം കാമിനി മൂലം’ എന്നാണല്ലോ.(പക്ഷേ ഏലിയാവ വിവാഹിതനായിരുന്നു; അദ്ദേഹത്തിന്റെ ഭാര്യയും ഈ സമയം അറസ്റ്റു ചെയ്യപ്പെടുകയും ശേഷം ഭർത്താവിനോടൊപ്പം വിചാരണക്കുശേഷം വധിക്കപ്പെടുകയും ചെയ്തു എന്നതും പ്രസ്താവ്യമാണ്). ഇത്തരത്തിലുള്ള ആരോപണങ്ങൾ ശാസ്ത്രകാരന്മാർക്കെതിരെ ഉന്നയിക്കാൻ വളരെ എളുപ്പമാണ്. കാരണം ശാസ്ത്രം ഒരു തുറന്ന പുസ്തകമാണല്ലോ. തങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഇതേ മേഖലയിലുള്ള മറ്റു ശാസ്ത്രജ്ഞരെ അറിയിക്കുന്നത് സ്വാഭാവികം മാത്രമല്ല അത് അവരുടെ കടമയും ആയി ശാസ്ത്രജ്ഞർ കരുതുന്നു. ഏലിയാവയുടെ അറസ്റ്റ് സ്വാഭാവികമായും വളരെ വേഗം വധശിക്ഷയിലേക്ക് നയിച്ചു. അങ്ങനെ ഏറ്റവും പ്രഗൽഭമതിയായ ഒരു ശാസ്ത്രജ്ഞനെ നിസ്സാരകാരണങ്ങൾ പറഞ്ഞ് ഇല്ലായ്മ ചെയ്തു. മാത്രമല്ല അദ്ദേഹത്തിനെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും ഇൻസ്റ്റിറ്റ്യൂട്ടിന്റെ രേഖകളിൽ നിന്നു നീക്കം ചെയ്യാനും ഉത്തരവായി. വളരെ വർഷങ്ങൾ കഴിഞ്ഞ് 1960 കളിൽ അദ്ദേഹം നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടതിനുശേഷവും അദ്ദേഹത്തിന്റെ പേര് മറഞ്ഞുതന്നെ ഇരുന്നു.
എന്നാൽ ഏലിയാവ മാത്രമല്ല ഈ വേട്ടയാടലിനു ഇരയായത്. 1930 കൾ ആയപ്പോഴേക്കും സോവിയറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും ശാസ്ത്രജ്ഞരും തമ്മിലുണ്ടായിരുന്ന മധുവിധുകാലം ഏതാണ്ട് അസ്തമിച്ചു. അനഭിമതരായ ശാസ്ത്രജ്ഞരെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്ന ഭയാനകമായ പദ്ധതിയിലേക്ക് ഭരണകൂടം തിരിഞ്ഞു. എന്തോ കാരണത്താൽ ഇതിന്റെ പ്രധാന ഇരകൾ ഫേജ് ഗവേഷകരായിരുന്നു. മെൽനികും റുച്ച്കോയും അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണക്കുശേഷം വധിക്കപ്പെടുകയും ചെയ്തു. അവർ 1935ൽ നടത്തിയ ഒരു പ്രധാനപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തിന്റെ രേഖകൾ പ്രസിദ്ധീകരിക്കുന്നത് ഭരണകൂടം തടയുകയും ഉണ്ടായി. ഇവ പിന്നീട് 1939ൽ ആണ് പ്രസിദ്ധീകൃതമായത്. അതും പ്രധാനികളുടെ പേരുകൾ നീക്കം ചെയ്യപ്പെട്ടതിനുശേഷം മാത്രം. ഇവരിൽ പലർക്കെതിരെയും ‘കിണർവെള്ളത്തിൽ വിഷം കലക്കി’ തുടങ്ങിയ ‘നട്ടാൽ കുരുക്കാത്ത’ ആരോപണങ്ങൾ ഉന്നയിക്കാനും എൻ കെ വി ഡി (സോവിയറ്റ് യൂണിയനിലെ രഹസ്യ പോലീസ്- കെ ജി ബി യുടെ പ്രാഗ് രൂപം) ഉദ്യമിച്ചു. സോവിയറ്റ് തകർച്ചക്കുശേഷം കെ ജി ബി യുടെ ആർക്കൈവ്സിൽനിന്ന് ഈ വിചാരണകളുടെ വിശദമായ മിനിട്ട്സ് (കുറിപ്പുകൾ) പഠിച്ച ചരിത്രകാരന്മാർക്ക് ഇപ്പോഴും ശാസ്ത്രജ്ഞരോടുള്ള ഈ വിരോധത്തിന്റെ കാരണം വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ഈ സംഭവങ്ങൾക്കുശേഷം യുക്രെയ്നിൽ ഫേജ് ഗവേഷണം ഏതാണ്ട് അവസാനിച്ചു. 1940 കളോടുകൂടി യുക്രെയ്ൻ നാസി ആക്രമണത്തിനു വിധേയമായത് ഇതിനു പ്രധാനപ്പെട്ട ഒരു കാരണമാണ്. എന്നാൽ ഏലിയാവയുടെ മരണത്തിനുശേഷം പോലും ത്ബിലിസിയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫേജ് ഗവേഷണം പുരോഗമിച്ചു. അദ്ദേഹത്തിന്റെ മരണത്തിനുശേഷം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണം ഏറ്റെടുത്തത് ഗവേഷണപരിചയത്തിൽ പിന്നാക്കമെങ്കിലും പാർട്ടിയിൽ നേരത്തേ അംഗത്വം എടുത്തിരുന്ന ഒരു ചെറുപ്പക്കാരനായ ഡോക്ടർ ആയിരുന്നു. അദ്ദേഹം പക്ഷെ ഫേജ് ഗവേഷണത്തെ നിരുൽസാഹപ്പെടുത്തിയില്ല. അതിനു ചില കാരണങ്ങളും ഉണ്ടായിരുന്നു. 1939-40 കാലത്ത് സോവിയറ്റ് യൂണിയൻ ഫിൻലൻഡിനെ ആക്രമിച്ചു. ‘ശിശിരകാല യുദ്ധം’ എന്നറിയപ്പെട്ടിരുന്ന ആ യുദ്ധം പക്ഷെ പ്രതീക്ഷിച്ചപോലെ ചുകപ്പുപടക്ക് എളുപ്പമായിരുന്നില്ല. ഒരുപാട് പട്ടാളക്കാർക്ക് യുദ്ധത്തിൽ മുറിവും ക്ഷതവും സംഭവിച്ചു. അവർക്ക് അണുബാധ ഉണ്ടായപ്പോൾ ചികിത്സിക്കാൻ ഒരു ഉപാധി എന്ന നിലയിൽ ചെമ്പടയുടെ മെഡിക്കൽ വിഭാഗത്തിനു ഫേജ് ചികിത്സയിൽ താല്പര്യമുണ്ടായിരുന്നു. 1941ലെ നാത്സി ജർമ്മനിയുടെ സോവിയറ്റ് ആക്രമണത്തോടെ ഇതിന്റെ ആവശ്യകത പൂർവാധികം ശക്തമായി പട്ടാളത്തിനു ബോധ്യമായി.
1953ൽ സ്റ്റാലിൻ മരിക്കുമ്പോഴേക്കും ബെറിയ സോവിയറ്റ് യൂണിയനിലെ ഏറ്റവും പ്രമുഖരായ മൂന്നു നേതാക്കന്മാരിൽ ഒരാളായി മാറിയിരുന്നു- മലെങ്കോവ്, ഖ്രൂഷ്ചെവ് എന്നിവരോടൊപ്പം. നേരത്തെ രഹസ്യപ്പോലീസിന്റെ തലപ്പത്ത് എത്തുമ്പോൾ, മുൻപ് അതിന്റെ തലവനായിരുന്ന യെഷോവിനെ തന്നെ അറസ്റ്റ് ചെയ്തു നീക്കിയതിനുശേഷമാണ് ബെറിയ ആ പോസ്റ്റ് ഏറ്റെടുത്തത്. യെഷോവ് പിന്നീട് വിചാരണ ചെയ്യപ്പെടുകയും വധിക്കപ്പെടുകയും ഉണ്ടായി. അതുപോലെ ഒരു വിധി തങ്ങൾക്കും വരുമോ എന്ന ഭയം അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്ക് ഉണ്ടായിരുന്നിരിക്കണം. ഏതായാലും 1953ൽ തന്നെ അവർ ബെറിയയുടെ അറസ്റ്റിനു പദ്ധതിയിട്ടു നടപ്പാക്കി. ബെറിയയെ അറെസ്റ്റു ചെയ്യാൻ നിയോഗിക്കപ്പെട്ടത് ഫിറ്റ്ലറുടെ സേനക്കെതിരെ സോവിയറ്റ് ചെമ്പടയുടെ വിജയത്തിനു ചുക്കാൻ പിടിച്ച മാർഷൽ ഴുക്കോവ് നേരിട്ടു തന്നെയായിരുന്നു. ഇത്രയും ഉന്നതനായ ഒരാളെ സാധാരണ പോലീസുകാരെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചാൽ ഉണ്ടാകാവുന്ന ജനവികാരം കണക്കിലെടുത്തായിരിക്കം ഇങ്ങനെ ചെയ്തത്. വിചാരണസമയത്ത് രാജ്യദ്രോഹം, രഹസ്യം ചോർത്തിക്കൊടുക്കൽ മുതലായ പതിവ് കുറ്റാരോപണങ്ങൾ ‘തെളിയിച്ച്’ ഖ്രൂഷ്ചേവും കൂട്ടരും ബെറിയയെ വധശിക്ഷക്കു വിധിക്കുകയും 1953 ഡിസംബർ 23നു വധിക്കുകയും ചെയ്തു. എത്രയും പെട്ടെന്നും രഹസ്യമായും ആണ് ഈ കാര്യങ്ങൾ നടന്നത്- കാരണം ബെറിയയുടെ അനുയായികൾ രഹസ്യപോലീസിൽ നിറയെ ഉണ്ടായിരുന്നു.
ഇതിനൊക്കെ വർഷങ്ങൾക്കു ശേഷം 1988ൽ, ജോർജിയയുടെ സ്വന്തം പുത്രനായ ഡോ. ഏലിയാവയുടെ പേരിൽ ഇൻസ്റ്റിറ്റ്യൂട്ടിനെ പുനർനാമകരണം ചെയ്തു. അങ്ങനെ അദ്ദേഹത്തോട് ചെയ്ത അനീതി മരണത്തിനു വർഷങ്ങൾക്കു ശേഷമെങ്കിലും തിരുത്തി എന്നു പറയാം.
ഫേജ് ചികിത്സയുടെ തളർച്ചയും വളർച്ചയും
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോട് കൂടിയാണ് പെനിസില്ലിൻ കണ്ടുപിടിക്കുന്നത്. ആൻ്റിബയോട്ടിക്കുകളുടെ യുഗം അവിടെ ആരംഭിച്ചു. പിന്നീടുള്ള അൻപതോളം വർഷങ്ങൾ ആൻ്റിബയോട്ടിക് മരുന്നുകളുടെ പുഷ്കലകാലമായിരുന്നു. ബഹുരാഷ്ട്രകുത്തകകൾ പുതിയ പുതിയ ആൻ്റിബയോട്ടിക്കുകൾ മാർക്കറ്റിൽ ഇറക്കാൻ വേണ്ടി കോടിക്കണക്കിനു ഡോളറുകൾ ചെലവഴിച്ച് ഗവേഷണങ്ങളിൽ ഏർപ്പെട്ടു. ഇതിനിടയിൽ ഫേജ് ചികിത്സയെപ്പറ്റി എല്ലാവരും മറന്നു. എങ്കിലും ത്ബിലിസിയിലെ ഇൻസ്റ്റിറ്റ്യൂട്ട് സോവിയറ്റ് യൂണിയനിൽ തുടർപ്രവർത്തനം നടത്തിക്കൊണ്ടിരുന്നു.
എന്തുകൊണ്ടാണ് പാശ്ചാത്യ ശാസ്ത്രലോകം ഫേജ് ചികിത്സയെ അവഗണിച്ചത്? ഫാജുകളെ വേർതിരിച്ചെടുക്കുക എന്നത് എളുപ്പമുള്ള പണിയായിരുന്നില്ല. പ്രഗൽഭരായ സൂക്ഷാണുശാസ്ത്രജ്ഞരുടെ ഒരു നിര തന്നെ അതിനു വേണമായിരുന്നു. ഇക്കാര്യത്തിൽ സോവിയറ്റ് ശാസ്ത്രജ്ഞർ ഒരു പടി മുന്നിൽ ആയിരുന്നു. എന്നാൽ ആൻ്റിബയോട്ടിക്കുകളുടെ ആവിർഭാവത്തോടുകൂടി അണുബാധപ്രതിരോധത്തിനെക്കുറിച്ചുള്ള ഗവേഷണം വാണിജ്യവൽക്കരിക്കപ്പെട്ടു. വലിയ ഫാർമാ കമ്പനികൾക്ക് പുതിയ പുതിയ ആൻ്റിബയോട്ടിക്കുകൾ കണ്ടുപിടിക്കുന്നതിലായി ശ്രദ്ധ മുഴുവൻ. അതോടൊപ്പം സോവിയറ്റ് യൂണിയനുമായി വളർന്നുവന്നുകൊണ്ടിരുന്ന ശത്രുതാ മനോഭാവം അവിടെ ഉൽഭവിച്ച ശാസ്ത്രത്തെ സംശയത്തോടെ വീക്ഷിക്കാൻ പ്രേരണയും ആയി.
21- നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി ആൻ്റിബയോട്ടിക് ചികിത്സ കടുത്ത പ്രതിസന്ധിയെ നേരിട്ടു തുടങ്ങി. പുതിയ പുതിയ ആൻ്റിബയോട്ടിക്കുകൾ പുറത്തിറക്കുക എന്നത് കൂടുതൽ കൂടുതൽ ദുഷ്കരവും അസാധ്യവും ആയിത്തീർന്നു. സാധാരണ ഉപയോഗിക്കുന്ന ആൻ്റിബയോട്ടിക്കുകൾക്ക് അണുജീവികൾ കൂടുതൽ കൂടുതൽ പ്രതിരോധം തീർക്കുന്നത് കാണപ്പെട്ടു. ആൻ്റിബയോട്ടിക്കുകൾക്ക് വിധേയമല്ലാത്ത മ്യൂട്ടേഷൻ സംഭവിച്ച അണു രൂപങ്ങൾ പെരുകുന്നതാണ് ഇതിനു പ്രധാന കാരണം. ഇത് പരിണാമത്തിന്റെ ഒരു പ്രത്യക്ഷ തെളിവുകൂടിയാണ്. അനിയന്ത്രിതമായ ആൻ്റിബയോട്ടിക്കിന്റെ ഉപയോഗമാണ് ഈ മാറ്റത്തിനു പ്രധാനകാരണം. ആശുപത്രികളിലും രോഗികളിലും അശാസ്ത്രീയമായ രീതിയിലുള്ള ആൻ്റിബയോട്ടിക് പ്രയോഗം, സ്വയം ചികിത്സ, ഇറച്ചിക്കുവേണ്ടി വളർത്തുന്ന കോഴി, ആടുമാടുകൾ മുതലായവ രോഗവിമുക്തമായിരിക്കാൻ വേണ്ടി വലിയ ഡോസിൽ നടത്തുന്ന ആൻ്റിബയോട്ടിക് പ്രയോഗം എന്നിവയെല്ലാമാണ് ഇതിലേക്ക് നയിക്കുന്നത്. ആധുനികകാലഘട്ടത്തിൽ ആരോഗ്യവ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായി ആൻ്റിബയോട്ടിക് പ്രതിരോധം മാറിയിരിക്കുന്നു എന്നുള്ളത് ഇന്ന് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഇന്ന് ഏകദേശം പത്തുലക്ഷത്തിലധികം മരണങ്ങൾ ആൻ്റിബയോട്ടിക് പരാജയത്തെത്തുടർന്ന് എല്ലാവർഷവും ലോകത്ത് സംഭവിക്കുന്നു എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു; 2050ഓടുകൂടി ഇത്ത് ഒരു കോടിയാകാൻ സാധ്യതയുണ്ട്. ലോകമമ്പ്മാടും കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ഒന്നരക്കോടി ആണ്. പ്രശ്നത്തിന്റെ ഗൗരവം ഇതിൽ നിന്ന് വ്യക്തമാണ്.
ഈ പശ്ചാത്തലത്തിലാണ് ഫേജ് ചികിത്സയെപ്പറ്റി പുനർചിന്തനം നടത്താൻ മെഡിക്കൽ രംഗം തയ്യാറാകുന്നത്. എന്നാൽ ഫേജ് ചികിത്സയിൽ പ്രാഗൽഭ്യം ഉള്ള സ്ഥാപനങ്ങൾ ലോകത്തിൽ തന്നെ വിരലിൽ എണ്ണാവുന്നവ മാത്രമേ നിലനിൽക്കുന്നുള്ളൂ. അവയിൽ ഒരു പക്ഷേ ഏറ്റവും പ്രധാനം ത്ബിലിസിയിൽ ഡോ. ഏലിയാവ ജോലിചെയ്തിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് തന്നെയാണ്. അവിടെ ഫേജ് ചികിത്സ കൂടുതൽ കൃത്യതയോടെ പുനരുദ്ധരിക്കപ്പെട്ടു. ഇന്ന് ആൻ്റിബയോട്ടിക് പ്രതിരോധം കൊണ്ട് ചികിത്സ ഫലപ്രദമല്ലാതായ കേസുകളിൽ ഒരു ഗണ്യമായ സംഖ്യയിൽ ഇടപെടാനും സുഖപ്പെടുത്താനും അവിടത്തെ ഡോക്ടർമാർക്ക് കഴിയുന്നുണ്ട്.
എന്തുകൊണ്ടാണ് സോവിയറ്റ് യൂണിയനിലും മറ്റ് കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളിലും ഫേജ് ചികിത്സ നിലനിന്നത്? എളുപ്പം ഉത്തരം പറയാൻ പ്രയാസമാണ്. ഒന്ന് വളരെ മുൻപുതന്നെ ഈ രംഗത്ത് പ്രവേശിച്ച ഏലിയാവ, മെൽനിക് തുടങ്ങിയവരുടെ പ്രവർത്തനവും നേതൃത്വവും. രണ്ടാം ലോക മഹായുദ്ധത്തോടെ ആൻ്റിബയോട്ടിക്കുകളുടെ വരവായി എങ്കിലും അവയിൽ പാശ്ചാത്യശാസ്ത്രജ്ഞർക്കായിരുന്നു മുൻകൈ. മുറുകിക്കൊണ്ടിരുന്ന ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആ അറിവുകൾ സോവിയറ്റ് ശാസ്ത്രജ്ഞർക്ക് എളുപ്പം കിട്ടുമായിരുന്നില്ല. അതുകൊണ്ട് ആൻ്റിബയോട്ടിക്ക് ഗവേഷണത്തോടൊപ്പം ഒരു രണ്ടാം നിര ഉപാധിയായി ഫേജ് ഗവേഷണവും തുടരാൻ അവർ നിർബന്ധിതരായി എന്നതാണു സത്യം.
ഫേജ് ചികിത്സയുടെ ഭാവി
ആൻ്റിബയോട്ടിക് പ്രതിരോധം വലിയ വെല്ലുവിളിയായി മാറിയിരിക്കുന്ന ചികിത്സാരംഗം ഫേജ് ചികിത്സയെ പ്രത്യാശയോടെയാണ് കാണുന്നത്. അടുത്തിടെ അമേരിക്കയിലെ കാലിഫോർണിയയിൽ ഒരു സൈക്കിയാട്രി പ്രൊഫസ്സറായ ഡോ. പാറ്റേഴ്സണ്ണിനു രൂക്ഷമായ അണുബാധ ഉണ്ടായി. അദ്ദേഹത്തിനു ഒരു ആൻ്റിബയോട്ടിക്കും ഫലിക്കാതെ വന്നപ്പോൾ ഡോക്ടറായ ഭാര്യ സ്റ്റെഫാനി പ്രത്യേക അനുമതി വാങ്ങി ഫേജ് ചികിത്സ അദ്ദേഹത്തിൽ പ്രയോഗിച്ചു. മാന്ത്രികവിദ്യയാലെന്നപോലെ അദ്ദേഹത്തിന്റെ അണുബാധ അകന്നുപോയത് വലിയ കഥയായിരുന്നു. ഇതിനെത്തുടർന്ന് ഡോ. സ്റ്റെഫാനി ഫേജ് ചികിത്സക്കും ഗവേഷണങ്ങൾക്കും വേണ്ടി ഒരു പുതിയ സ്ഥാപനം തന്നെ കാലിഫോർണിയയിൽ സ്ഥാപിച്ചു. ഇങ്ങനെ അനേകം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ സമീപഭാവിയിൽ ആൻ്റിബയോട്ടിക്കുകളെ പാടെ രംഗത്തുനിന്നും മാറ്റാൻ ഫേജ് ചികിത്സക്കു കഴിയുമെന്ന് തോന്നുന്നില്ല. ഇതിനു പല കാരണങ്ങളുമുണ്ട്.
ഒന്നാമത്, ആന്റിബയോട്ടിക്കുകൾ പോലെ ഫാക്റ്ററി പ്രൊഡക്ഷൻ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നല്ല ഫേജുകൾ. ഓരോ അണുബാധയെയും തിരിച്ചറിഞ്ഞ് അതിനു പറ്റിയ ഫേജിനെ ലബോറട്ടറിയിൽ വളർത്തിയെടുത്ത് പ്രയോഗിക്കണം. ആൻ്റിബയോട്ടിക്കുകൾ പോലെ ഗുളിക രൂപത്തിൽ എളുപ്പത്തിൽ കൊടുക്കുവാനും പലപ്പോഴും കഴിയുകയില്ല.
വേറൊന്ന്, ചികിത്സാ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഇന്നുള്ള മോഡലുകൾ പര്യാപ്തമല്ല. ഫേജുകൾ ജൈവവസ്തുക്കൾ ആയതുകൊണ്ട് പേറ്റൻ്റ് ചെയ്യാൻ നിയമപരമായ ബുദ്ധിമുട്ടുകൾ പല രാജ്യങ്ങളിലും ഉണ്ട്. അതുകൊണ്ട് തന്നെ ഈ ഗവേഷണത്തിൽ പണം മുടക്കാൻ ഫാർമാ കമ്പനികൾ തയ്യാറല്ല. ക്ലിനിക്കൽ ട്രയലുകൾ നടത്തുവാൻ ഡോസ് ക്രമീകരിക്കാനും മറ്റും ആൻ്റിബയോട്ടിക്കുകളെ അപേക്ഷിച്ച് ബുദ്ധിമുട്ടുണ്ട്. ഫേജുകൾ തന്നെ രോഗത്തിനു വഴിവെക്കില്ല എന്നുറപ്പുവരുത്തുന്നതും പ്രധാനമാണ്.
എന്നാൽ ഫേജ് ചികിത്സക്ക് ചില അനുകൂലവശങ്ങളും ഉണ്ട്. തനിയെ പെരുകുന്ന ജീവികൾ ആയതുകൊണ്ട് പലപ്പോഴും പല ഡോസുകൾ ആവശ്യം വരുന്നില്ല; ഒറ്റ ഡോസ് കൊണ്ടുതന്നെ ഫലം അറിയാം. ആൻ്റിബയോട്ടിക്കുകളെപ്പോലെ പാർശ്വഫലങ്ങൾ ഉണ്ടാക്കാനുള്ള സാദ്ധ്യത തീരെ കുറവാണ്. കൃത്യമായി രോഗവ്യാപന ബാക്റ്റീരിയകളെ മാത്രം ആക്രമിക്കുന്നതിനാൽ ശരീരത്തിലുള്ള മറ്റ് പ്രയോജനപ്രദമായ ബാക്റ്റീരിയകളെ ഈ ചികിത്സ ബാധിക്കുന്നതേ ഇല്ല. ഇന്നത്തെ ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ക്രിസ്പർ ജീൻ എഡിറ്റിംഗും മറ്റും ഫാജുകളിൽ നടത്തി ഓരോ സന്ദർഭത്തിനും പറ്റിയ കൃത്യമായ ചികിത്സ നൽകാൻ ഇതുകൊണ്ട് പറ്റുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു; തികച്ചും വ്യക്തിഗത ചികിത്സ എന്നു പറയാം. പക്ഷേ ഇത് ഇപ്പോഴും ഭാവിയുടെ വാഗ്ദാനം മാത്രമാണ്. എങ്കിലും ഉയർന്നുവരുന്ന ആൻ്റിബയോട്ടിക് പ്രതിരോധത്തിനെ ഒരളവുവരെയെങ്കിലും പിടിച്ചുനിർത്താൻ ഫേജ് ചികിത്സ സമീപഭാവിയിൽ തന്നെ കരുത്തു നേടുമെന്ന് പ്രതീക്ഷിക്കാം.
ഡോ.വി.രാമൻകുട്ടി എഴുതിയ
എപ്പിഡെമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം
സാംക്രമികരോഗശാസ്ത്രത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും തത്വങ്ങളും ചരിത്രവുമെല്ലാം ആര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ ലളിതമായും രസകരമായും വിവരിക്കുന്ന പുസ്തകം
ഇപ്പോൾ ഓൺലൈനായി വാങ്ങാം