Read Time:14 Minute


ഡോ. ബ്രിജേഷ് വി.കെ.
ജിയോളജി വിഭാഗം, എം.ഇ.എസ്. കോളേജ്, പൊന്നാനി

കെട്ടുകഥകൾ രാജ്യത്തിൻറെ ഭാഗധേയം നിർണ്ണയിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. രാജ്യത്തും ലോകത്തും വെറുപ്പിന്റെ രാഷ്ട്രീയം വളരുന്നതിന് ഇടയാക്കുന്നത് ഇത്തരത്തിലുള്ള കെട്ടുകഥകൾ തന്നെയാണ്. എന്നാൽ ഇത്തരത്തിലുള്ള കെട്ടുകഥകൾ നിറഞ്ഞ പുരാണങ്ങളും ഐതിഹ്യങ്ങളും നാടോടിക്കഥകളും തിരഞ്ഞു പോയി അവയിൽ ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയമായ വിവരങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണ് ജിയോമിത്തോളജി എന്ന ശാസ്ത്രശാഖ. ഭൗമ പ്രക്രിയകളെയും പ്രതിഭാസങ്ങളെയും കുറിച്ചറിയാൻ മിത്തുകളെ ഉപയോഗിക്കുന്ന ശാസ്ത്രശാഖയാണ് ഇത്. ഭൗമപ്രക്രിയകളുമായി ബന്ധപ്പെട്ട് വിവിധ പുരാണങ്ങളിലും നാടോടിക്കഥകളിലും ഐതിഹ്യങ്ങളും നിറഞ്ഞുനിൽക്കുന്ന വിവരങ്ങളെ ശാസ്ത്രീയമായി വിശദീകരിക്കുകയാണ് ശാസ്ത്രജ്ഞർ ഇവിടെ ചെയ്യുന്നത്. നാടോടികഥകൾ ഇത്തരത്തിൽ വായിച്ചെടുക്കുകയാണ് ജിയോമിത്തോളജി. സാധാരണയായി മിക്കവാറും മതങ്ങൾ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് ഇത്തരത്തിലുള്ള മിത്തുകൾ വളരെയധികം ഉപയോഗിച്ചിരുന്നുവെന്ന് ഇത്തരം ഗ്രന്ഥങ്ങളോ മറ്റോ നോക്കിയാൽ നമുക്ക് മനസ്സിലാകും.

ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പ്രകൃതി പ്രതിഭാസങ്ങളും ആയി ബന്ധപ്പെട്ട ഏതെങ്കിലും കാര്യങ്ങൾ പരാമർശിച്ചിട്ടുണ്ടോ എന്നാണ് ജിയോമിത്തോളജി ആദ്യം പരിശോധിക്കുന്നത്. തുടർന്ന് അതിനെ കൂടുതൽ മനസ്സിലാക്കാൻ ആവശ്യമായ ഏതെങ്കിലും വിവരങ്ങൾ ഗ്രന്ഥങ്ങളിൽ നിന്നും ലഭിക്കുമോ എന്നതാണ് പരിശോധിക്കുന്നത്. അതിനുശേഷമാണ് മറ്റു തെളിവുകളുടെ അടിസ്ഥാനത്തിൽ യഥാർത്ഥ പ്രതിഭാസം എന്താണെന്ന് അനാവരണം ചെയ്യാൻ ശ്രമിക്കുന്നത്.ചിലപ്പോഴെങ്കിലും ഇത് മുൻകാലങ്ങളിൽ ഉണ്ടായ ഭൂചലനങ്ങൾ, ഭൂകമ്പങ്ങൾ സുനാമികൾ, വെള്ളപ്പൊക്കം, പ്രളയം തുടങ്ങിയവയെക്കുറിച്ച് അറിയാൻ ഇടയാക്കുന്നുണ്ട്. അതല്ലാതെ ശാസ്ത്രീയമായി ഇതിനെ കുറിച്ച് അറിയാൻ മറ്റു തെളിവുകളൊന്നും ഇല്ലാതിരിക്കെ ഇങ്ങനെ കഥകൾ ആസ്പദമാക്കി ഇത്തരം പഠനങ്ങൾക്ക് മുതിരുന്ന ശാസ്ത്രജ്ഞന് ലഭിക്കുന്ന ചില സൂചനകളും സാധ്യതകളും അറിയപ്പെടാത്ത ഭൗമപ്രതിഭാസങ്ങളെ കുറിച്ച് അറിയാൻ ഇടവരുത്തുകയും ഇവയെക്കുറിച്ച് പിന്നീട് വിശദമായി പഠിക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്.

ഒരു ജിയോമിത്തോളജിസ്റ്റിനെ സംബന്ധിച്ചുള്ള വെല്ലുവിളി എന്നു പറയുന്നത് അത് വിവിധങ്ങളായ മേഖലകളിൽനിന്ന് അതായത് ജിയോളജി, ആർക്കിയോളജി, ഹിസ്റ്ററി, മിത്തോളജി, ആന്ത്രപ്പോളജി തുടങ്ങിയ വിവിധ ശാസ്ത്ര ശാഖകളിലായി ശേഖരിച്ചതും സംഭരിച്ചതുമായ വിവരങ്ങളുടെ കൃത്യമായ വിശകലനമാണ്. ഇത്തരത്തിൽ മിത്തോളജിയിലും അതുപോലെ ചില വ്യക്തികളെകുറിച്ചുള്ള വർണ്ണനകളിലും ഒക്കെ തന്നെ ഒളിഞ്ഞുകിടക്കുന്ന ഒരുപാട് ജിയോളജിക്കൽ അറിവുകൾ ആണ് ഒരു ജിയോമിത്തോളജിസ്റ്റിനെ സംബന്ധിച്ചുള്ള ഏറ്റവും വിലപ്പെട്ട കാര്യം.

നോഹയുടെ പെട്ടകം- അമേരിക്കൻ ചിത്രകാരൻ എഡ്വാർഡ് ഹിക്ക്സിന്റെ ചിത്രം കടപ്പാട് വിക്കിപീഡിയ

നോഹയുടെ പ്രളയം

പല നൂറ്റാണ്ടുകളായി ജനങ്ങൾ വിശ്വസിച്ചിരുന്നത് ലോകമാകമാനം ബാധിച്ച ഒരു പ്രകൃതി ദുരന്തം ആണ് നോഹയുടെ പ്രളയം അല്ലെങ്കിൽ നോഹയുടെ വെള്ളപ്പൊക്കം എന്നുള്ളതായിരുന്നു. പക്ഷേ ഇന്ന് ഹിമാനികളെകുറിച്ചുള്ള പഠനം നമുക്ക് വ്യക്തമാക്കിത്തരുന്നത് ഹിമാനികളിലെ മഞ്ഞുരുകൽ പ്രക്രിയയിലൂടെ കടൽനിരപ്പ് വലിയതോതിൽ ഉയരുകയും മെഡിറ്ററേനിയൻ കടൽ അതിർത്തി ഭേദിച്ച് കരിങ്കടൽ പ്രദേശം വരെ വെള്ളത്തിനടിയിൽ ആകുകയും അത് ഒരുപാട് നാഗരികതകളെ നശിപ്പിക്കുകയും ഇത് ഒരു പ്രാപഞ്ചികമായ വെള്ളപ്പൊക്കത്തിന്റെ പ്രതീതി പ്രതിഷ്ഠിക്കുകയും ചെയ്തു എന്നുള്ളതാണ്.

സാളഗ്രാമം – അമണൈറ്റ് – എക്കിനോഡോം ഫോസിലുകൾ കടപ്പാട്: വിക്കിപീഡിയ

പുരാണങ്ങളിലെ ഫോസിലുകൾ

ഫോസിലുകൾ പ്രത്യേകിച്ചും ഹിമാലയൻ പ്രദേശങ്ങളിലെ ഫോസിലുകൾ വിവിധ കഥകളിൽ ദൈവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത് കാണാം. അമണൈറ്റ് എന്ന് പറയുന്ന അല്ലെങ്കിൽ എക്കിനോഡോം എന്ന് പറയുന്ന ഫോസിലുകൾ ഒക്കെ തന്നെ സാളഗ്രാമം എന്ന പേരിൽ ആരാധനയ്ക്കായി ഉപയോഗിച്ചുവരുന്നുണ്ട്.

അമർനാഥ് ഗുഹയിലെ ശിവലിംഗം

ഹിമാലയൻ പർവ്വതനിരകളിൽ ഈ ഗുഹ സ്ഥിതി ചെയ്യുന്നത് സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 4000 മീറ്റർ ഉയരത്തിലാണ്. വിശ്വാസമനുസരിച്ച് ഓരോ മാസത്തിലും ആദ്യപകുതിയിൽ ഇതിൽ ശിവലിംഗം ഉണ്ടാകാൻ ആരംഭിക്കുകയും പൗർണ്ണമി ദിനത്തിൽ പൂർണ രൂപം പ്രാപിക്കുകയും ചെയ്യുന്നു എന്നും തുടർന്ന് മാസത്തിലെ രണ്ടാം പകുതിയിൽ ഇതിന്റെ വലിപ്പം കുറഞ്ഞു കുറഞ്ഞു കാണാതാവുകയും ചെയ്യുന്നു എന്നുള്ളതാണ് ഈ ഗുഹയുടെ പ്രത്യേകതയായി വിശ്വാസികൾ കരുതിപ്പോരുന്നത്. ഇതിൻറെ ഭൂമിശാസ്ത്രപരമായ കാര്യം പരിശോധിക്കുമ്പോഴാണ്, അതിലടങ്ങിയിട്ടുള്ള രാസപദാർത്ഥങ്ങള കുറിച്ച് അതിലടങ്ങിയിട്ടുള്ള ധാതുക്കളെകുറിച്ച് വിവരം ലഭിക്കുമ്പോഴാണ് നമുക്ക് യാഥാർത്ഥ്യം മനസ്സിലാവുക.

അമർനാഥ് ഗുഹയിലെ സ്റ്റാലഗ്‌മൈറ്റ്

ഈ ഗുഹ സ്ഥിതിചെയ്യുന്ന പ്രദേശം ചുണ്ണാമ്പുകല്ലും ജിപ്സവും ചേർന്ന ശിലകളാൽ നിർമ്മിതമാണ്. മഞ്ഞ് ഉരുകി ഉണ്ടാക്കുന്ന ഈ ശിലകളിലൂടെ സഞ്ചരിക്കുന്ന ജലം ഗുഹക്കുള്ളിൽവെച്ച് തണുത്തുറഞ്ഞ് സ്റ്റാലഗ്‌മൈറ്റ് എന്ന് പറയുന്ന രൂപം പ്രാപിക്കുന്നു. പ്രതലത്തിൽ നിന്നും മുകളിലേക്ക് വളരുന്ന ശിലയാണ് സ്റ്റാലഗ്‌മൈറ്റ്.

സ്ലോവാക്യയിലെ ഗുഹയിൽ നിന്നും

എന്നാൽ തീർഥാടകരുടെ സാന്നിധ്യം മൂലം ഉണ്ടാകുന്ന ചൂട് ഈ സ്റ്റാലഗ്മൈറ്റ് ഉരുക്കുകയും ഈ ശിവലിംഗം എന്ന് വിശ്വസിക്കപ്പെടുന്ന ശില പതിയെ അപ്രത്യക്ഷമാകാൻ തുടങ്ങുകയും ചെയ്യുന്നു. അതേപോലെതന്നെ ഇവിടെ ലഭിക്കുന്ന ജിപ്സത്തിന്റെ പൊടിയാണ് വിഭൂതിയായി നൽകിപോരുന്നത്!

 

കടൽനിരപ്പിലെ മാറ്റവും ദ്വാരകയും

മഹാഭാരത കഥ പ്രകാരം യാദവന്മാർ തമ്മിൽതല്ലി യാദവകുലം മുടിയുകയാണ് ഉണ്ടായിട്ടുള്ളത്. ദ്വാരകയുടെ നാശത്തെ പറ്റി മുൻകൂട്ടി അറിഞ്ഞ് ശ്രീകൃഷ്ണൻ സ്വർഗ്ഗാരോഹണം നടത്തി എന്നും തുടർന്നു ദ്വാരക മുങ്ങി പോവുകയും ചെയ്തു എന്നാണ് ഐതിഹ്യം. മറൈൻ ആർക്കിയോളജിക്കൽ പഠനങ്ങൾ വഴി ഈ പുരാണങ്ങളിൽ പറയുന്നതെന്ന് കരുതാവുന്ന ഒരു നാഗരികതയുടേതായ അവശിഷ്ടങ്ങൾ കടലിനടിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ജിയോളജി പഠനങ്ങൾ കാണിക്കുന്നത് ദ്വാരകയെ കടലെടുത്തത് ടെക്ടോണിക് പ്രവർത്തനങ്ങളെ തുടർന്നുണ്ടായ കടൽനിരപ്പിലെ ഉയർച്ച മൂലമാണ് എന്നുള്ളതാണ്. ദ്വാരക സ്ഥിതി ചെയ്തിരുന്ന സമയത്ത് കടൽനിരപ്പ് ഇന്നുള്ളതിൽ നിന്നും 150 മീറ്ററോളം താഴെയാണ് ഉണ്ടായിരുന്നത്. ആ സമയത്ത് കടൽനിരപ്പിലും തീരദേശങ്ങളിലും ഉണ്ടായിട്ടുള്ള ടെക്റ്റോണിക് ചലനങ്ങളുടെ ഭൂശാസ്തപരമായ രേഖപ്പെടുത്തലുകൾ കൃത്യമായി സൗരാഷ്ട്ര തീരപ്രദേശത്തെ പാറകളിൽ കാണാവുന്നതാണ്. മാത്രവുമല്ല ദ്വാരക സ്ഥിതിചെയ്യുന്ന സൗരാഷ്ട്ര തീരം ജുറാസിക് കാലം മുതൽ തന്നെ വളരെ വലിയ ടെക്റ്റോണിക് ചലനങ്ങൾ നടന്നിരുന്ന ഒരു പ്രദേശം കൂടിയാണ്.

കടപ്പാട് : വിക്കിപീഡിയ

രാമസേതു (Adam’s Bridge)

രാമായണത്തിലെ കഥകൾ പ്രകാരം കടൽമാർഗം ശ്രീരാമൻ സൃഷ്ടിച്ചതാണ് സേതുബന്ധനം അഥവാ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പാലം . എന്നാൽ ഉപഗ്രഹചിത്രങ്ങൾ വഴിയും സമുദ്രാന്തർ ഭാഗത്തെ പഠനങ്ങൾ വഴി ലഭ്യമായിട്ടുള്ള വിവരങ്ങൾ പ്രകാരവും ഈ പ്രദേശത്ത് വലിയ തോതിലുള്ള പവിഴപ്പുറ്റുകളുടെ സാന്നിധ്യം ഉണ്ട് എന്ന് അറിവായിട്ടുണ്ട്. ഈ പ്രദേശത്ത് രണ്ട് രാജ്യങ്ങളും തമ്മിലുള്ള ദൂരം എന്നു പറയുന്നത് ഏതാണ്ട് 32 കിലോമീറ്റർ മാത്രമാണ്. ഒരുപക്ഷേ ഈ കഥയിൽ പറയുന്ന കാലത്ത് സമുദ്രനിരപ്പിൽ ഉണ്ടായിട്ടുള്ള വ്യത്യാസങ്ങൾ കൊണ്ട് ഇത്തരം പവിഴപ്പുറ്റുകൾ അനാവൃതമായതായിരുന്നിരിക്കാം.. ഇത്തരത്തിലുള്ള സമുദ്രനിരപ്പിലെ മാറ്റങ്ങൾ ഒന്നും തന്നെ അസാധാരണമായിരുന്നില്ല. ഏതാണ്ട് 18,000 വർഷങ്ങൾക്കു മുൻപുള്ള കടൽ ജലനിരപ്പ് എന്നുപറയുന്നത് 100 മുതൽ 150 മീറ്റർ വരെ ഇന്നത്തെ നിരപ്പിൽ നിന്നും താഴെയാണെന്ന് ഐ പി സി സി യുടെ 2001-ലെ പഠനത്തിൽ പറയുന്നുണ്ട് മാത്രവുമല്ല കടൽനിരപ്പ് രണ്ടര സെൻറീമീറ്റർ ആണ് ഒരു വർഷം ഉയരുന്നത് ഇത് 10 മുതൽ 20 മീറ്റർ വരെ ഇരുപതാംനൂറ്റാണ്ടിൽ ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ രാമസേതു ഇനി ഒരിക്കൽകൂടി അനാവൃതം ആകാനുള്ള സാധ്യത തുലോം വിരളമാണ്.

മണികരൺ  ഉഷ്ണ നീരുറവ (hot spring)

ഉഷ്ണനീരുറവകൾ

വിശ്വാസികളെസംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒന്നാണ് സിംലക്ക് 80 കിലോമീറ്റർ വടക്കുമാറി പാർവതി നദിയിലുള്ള മണികരൺ എന്ന് പേരായ ഉഷ്ണ നീരുറവ . പുരാണത്തിലെ കഥ പ്രകാരം പാർവതി കുളിക്കുന്നതിനിടെ കർണ്ണാഭരണം നഷ്ടപ്പെട്ടു എന്നും അത് വീണ്ടെടുക്കാൻ പരമശിവനോട് ആവശ്യപ്പെട്ടു എന്നുള്ളതുമാണ്. ശിവൻ മൂന്നാം കണ്ണ് തുറക്കുകയും അതുവഴി ഭൂമിയിൽനിന്നും പുറത്തേക്ക് ഉഷ്ണ നീരുറവ പുറപ്പെട്ട് കർണ്ണാഭരണങ്ങൾ പാർവതിക്ക് കൊടുത്തു എന്നുള്ളതാണ്. എന്തായാലും ഹിന്ദുക്കളെയും സിഖ് മതക്കാരെയും സംബന്ധിച്ച് വളരെ വലിയ ഒരു തീർഥാടന കേന്ദ്രമാണ് ഇത്. അമ്പലവും ഗൃരുദ്വാരയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഹോട്ട് സ്പ്രിംഗ്സിനെ കുറിച്ചുള്ള പഠനങ്ങൾക്ക് അനുയോജ്യമായ ഒരു പ്രദേശമാണ് ഒരു ജിയോളജിസ്റ്റിന് മണികരൺ. അത് ഉണ്ടായ കാലത്തെ അജ്ഞതയുടെ ഫലമായി ഇത്തരത്തിൽ മിത്തുകളിൽ ഒളിച്ചിരിക്കുന്ന ഭൗമപ്രക്രിയകളെ കണ്ടെത്തേണ്ടത് ഇന്നിന്റെ വലിയ ആവശ്യം കൂടിയാണ്.

ശാസ്ത്രബോധം ജനങ്ങളിലേക്കെത്തിക്കാനുള്ള ശ്രമത്തിൽ സ്വജീവൻ കവർന്നെടുക്കപ്പട്ട ശ്രീ. നരേന്ദ്ര ധാബോൽക്കറുടെ സ്മൃതിദിനം ഇത്തരം ആശയങ്ങളുടെ പ്രചാരണത്തിന് ഏറ്റവും ഉചിതമായ സന്ദർഭം കൂടിയാണല്ലോ !


ലൂക്ക സംഘടിപ്പിക്കുന്ന #ScienceInAction ശാസ്ത്രമെഴുത്ത് പരിപാടിയുടെ ഭാഗമായി എഴുതിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Previous post ഗ്ലൂക്കോസ് വെള്ളത്തില്‍ കൊറോണ മുങ്ങിമരിക്കുമോ?
Next post നല്ല ബലമുള്ള കമ്പി – സയൻസും സാങ്കേതികപദാവലിയും
Close