വി.എസ്.നിഹാൽ
നാലുവർഷം മുമ്പ് ഒരു ആകാശവിസ്മയം Gaia വാനനിരീക്ഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെട്ടു. ഒരു നക്ഷത്രം വളരെ നന്നായി പ്രകാശിക്കുന്നു, പിന്നീട് അത് ഒറ്റയടിക്ക് കാണാതാവുന്നു.. കുറച്ച് ആഴ്ചകൾക്ക് ശേഷം ആ നക്ഷത്രം വീണ്ടും തെളിമയോടെ കാണുന്നു, വീണ്ടും കുറയുന്നു. എന്തായിരിക്കാം കാരണം?
Gaia വാനനിരീക്ഷണ കേന്ദ്രത്തിലെ ജ്യോതിശാസ്ത്രജ്ഞർ, 2016-ൽ ഒരു കാര്യം ശ്രദ്ധിച്ചു. വളരെ ദൂരെയുള്ള ഒരു നക്ഷത്രം വളരെ നന്നായി പ്രകാശിക്കുന്നു, പിന്നീട് അത് ഒറ്റയടിക്ക് കുറയുന്നു. കുറച്ച് ആഴ്ചകൾക്ക് ശേഷം ആ നക്ഷത്രം വീണ്ടും തെളിമയോടെ കാണുന്നു, വീണ്ടും കുറയുന്നു. എന്തായിരിക്കാം ഇത് എന്ന് എല്ലാവരും ചിന്തിച്ചു. നക്ഷത്രത്തിന് ഇടക്ക് വെച്ച് എന്തോ സംഭവിച്ച് അതിന്റെ പ്രകാശ നിരക്ക് കുറക്കുകയാണ്, അല്ലെങ്കിൽ എന്തെങ്കിലും പ്രക്രിയ മൂലം പൊടുന്നനെ പുറത്തേക്ക് വിടുന്ന പ്രകാശത്തിന്റെ അളവിൽ മാറ്റം വരുന്നു. അങ്ങനെ പോകുന്നു ആലോചനകൾ. പക്ഷേ വാസ്തവം അതൊന്നും ആയിരുന്നില്ല.
സൂര്യഗ്രഹണം കണ്ടിട്ടില്ലേ? ഭൂമിയുടെയും സൂര്യന്റെയും ഇടയില്‍ക്കൂടി ചന്ദ്രൻ കടന്നു പോകുന്നത്… അതു പോലെ, നമ്മുടെയും ആ നക്ഷത്രത്തിന്റെയും ഇടയിലൂടെ ഒരു അദൃശ്യ വസ്തു കടന്നു പോകുന്നുണ്ട് എന്ന് പിന്നെയാണ് മനസ്സിലായത്. ഈ കടന്ന് പോകുന്ന വസ്തുവിന്റെ ഗുരുത്വം മൂലം, സ്ഥലകാലം വക്രീകരിക്കപ്പെടുകയും, തന്മൂലം നക്ഷത്രത്തിൽ നിന്ന് വരുന്ന പ്രകാശം, കൂടിയതായി നമുക്ക് തോന്നുകയുമാണ്. അത് പോയി കഴിയുമ്പോൾ നക്ഷത്രം പഴയത് പോലെ ആവുകയും ചെയ്യും. ഗുരുത്വ ലെൻസിങ് എന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. ഒരൊറ്റ നക്ഷത്രത്തെ ബാധിക്കുന്ന ചെറിയ നിരീക്ഷണം ആയതിനാൽ ഇതിനെ മൈക്രോലൻസിങ് എന്നാണ് വിശേഷിപ്പിക്കുന്നത്.
കടന്നു പോകുന്ന അദൃശ്യവസ്തു ഒരു ഇരട്ട നക്ഷത്രം ആണെന്നാണ് വിലയിരുത്തൽ. അതിന് പ്രകാശം വളരെ കുറച്ച് മാത്രം ഉള്ളതിനാലാണ് നമുക്ക് കാണാൻ കഴിയാത്തത്. എന്നാല്‍ ഗുരുത്വം മൂലം അതുണ്ടാക്കുന്ന സ്ഥലകാല വക്രതയും, പിന്നിലെ നക്ഷത്രത്തിന്റെ പ്രകാശത്തിൽ വരുത്തുന്ന മാറ്റവും ഉപയോഗിച്ച് ഈ അദൃശ്യ നക്ഷത്രത്തിന്റെ മാസും കറക്കത്തിന്റെ ആവൃത്തിയും, സമയവും, അതിലേക്കുള്ള ദൂരവും, ഭ്രമണ പഥത്തിന്റെ ആകൃതിയും എല്ലാം മനസ്സിലാക്കാൻ കഴിഞ്ഞു.
ഈ പഠനം ഉപയോഗിച്ച്, ഒറ്റക്ക് അദൃശ്യമായി ഇരിക്കുന്ന കുഞ്ഞൻ തമോഗർത്തങ്ങൾ കണ്ടെത്താനാകും എന്നാണ് ഗവേഷകര്‍പറയുന്നത്. ഈ വർഷാവസാനത്തോടെ ഒരു തമോഗർത്തം എങ്കിലും കണ്ണിൽപ്പെടും എന്നാണ് ഗവേഷകരുടെ വിശ്വാസം. കൂടാതെ അദൃശ്യമായ മറ്റു അനവധി വസ്തുക്കളും ഇവരുടെ കണ്ണിൽ പെടുമെന്നാണ് കരുതുന്നത്. ഗവേഷണത്തിന് ചുക്കാൻ പിടിക്കുന്നത്, അമേരിക്കയിലെ കാൽറ്റെക്കിലെ ജ്യോതി ശാസ്ത്രജ്ഞൻ പ്രസ്മിക് റോസാണ്.
അധികവായനയ്ക്ക്