Read Time:2 Minute
കാട്ടു വാലുകുലുക്കി Forest Wagtail ശാസ്ത്രീയ നാമം : Dendronanthus indicus
ദേശാടകരും കാടുകളിൽ മാത്രം കാണപ്പെടുന്നതുമായ ഒരു വാലു കുലുക്കി പക്ഷിയാണ് കാട്ടു വാലുകുലുക്കി. ഒരു കുരുവിയോളം വലിപ്പമുള്ള ഇവരുടെ തലയും പുറംഭാഗവും മങ്ങിയ തവിട്ടു നിറമാണ്. കറുത്ത കണ്ണുകളും, മങ്ങിയ വെള്ള നിറത്തിലുള്ള കൺ വളയവും പുരികവും ആണ് ഇവർക്ക്. മാറിടത്തിൽ മാലയിട്ടത് പോലെ രണ്ടു കറുത്ത പട്ടകൾ ഉണ്ട്. ഇരുണ്ട തവിട്ടു നിറത്തിൽ ഉള്ള ചിറകുകളിൽ വെള്ള നിറത്തിലും ഇളം മഞ്ഞ നിറത്തിലും ഉള്ള പട്ടകൾ ഉണ്ടാകും. അറ്റത്തു വെള്ള നിറത്തോട് കൂടിയ ഇരുണ്ട തവിട്ടു നിറത്തിൽ ആണ് വാൽ. കാലുകൾക്ക് മങ്ങിയ മഞ്ഞ നിറവും ആണ്. ആണും പെണ്ണും രൂപത്തിൽ ഒരേ പോലെ ആണ്.
ശൈത്യകാലം തുടങ്ങുമ്പോൾ കിഴക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നും കാട്ടു വാലുകുലുക്കികൾ നമ്മുടെ നാട്ടിലേക്ക് ദേശാടനം നടത്തുന്നു. ഈ സമയങ്ങളിൽ മിക്ക വനപ്രദേശങ്ങളിലും ഇവരെ കാണുവാൻ സാധിക്കും.
പ്രാണികളും പുഴുക്കളും വണ്ടുകളും ആണ് ഇവരുടെ മുഖ്യ ആഹാരം. പൊതുവെ കാടുകളിൽ തറയിലും, കാനന വഴികളിലും മറ്റു നടന്നാണ് ഇര തേടാറ്. മറ്റു വാല്‌കുലുക്കികളിൽ നിന്നും വ്യത്യസ്തമായി കാട്ടു വാലുകുലുക്കികൾ വാൽ എപ്പോഴും വശങ്ങളിലേക്ക് ആണ് ആട്ടികൊണ്ടിരിക്കുന്നത്. മേയ് മുതൽ ജൂൺ വരെ ആണ് പ്രജനന കാലഘട്ടം.
ശബ്ദം കേൾക്കാം
ചിത്രം, വിവരങ്ങൾ : സന്തോഷ് ജി കൃഷ്ണ
Related
0
0