ലോകകപ്പ് ഫുട്ബോള്‍ ആവശത്തിലാണ് എല്ലാവരും. ഓരോ ടീമും ഇഞ്ചോടിഞ്ച് പോരാടുന്ന കളിയിലെ ചില ടെക്നോളജി കാര്യങ്ങളെക്കുറിച്ച് പറയാം. മത്സരം നിയന്ത്രിക്കാനും അടിയന്തിര തീരുമാനങ്ങളെടുക്കാനും റഫറികളുടെ കണ്ണുകളെ മാത്രം ആശ്രയിക്കാതെ കളിനിയന്ത്രണത്തെ സഹായിക്കുന്നതിനായി ഒരുപാട് ടെക്നോളജികള്‍ ഉപയോഗിക്കുന്നുണ്ട്. അവയെന്തെല്ലാമാണെന്ന് പരിചയപ്പെടുത്തുകയാണ് ചുവടെ
ഗോള്‍ ലൈന്‍ ടെക്നോളജി
കളിയിലെ സുപ്രധാന നിമിഷങ്ങള്‍ ഗോള്‍ തന്നെയാണല്ലോ. വലതുളച്ച് കയറുന്ന ഗോളുകള്‍ തിരിച്ചറിയാന്‍ ഒരു വിഷമവുമില്ല.
ഇനി ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാം.
രണ്ട് ടെക്നോളജിയാണ് ഇതിന് ഇപ്പോള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. Hawk-Eye യും GoalRef ഉം.
Hawk-Eye Technology
ഗോള്‍ പോസ്റ്റിനെ 360 ഡിഗ്രീ കവര്‍ ചെയ്യാന്‍ പാകത്തില്‍ ഗ്യാലറിയുടെ പരമാവധി മുകളിലായി സ്ഥാപിച്ചിരിക്കുന്ന 14 ക്യാമറകള്‍ ഉപയോഗിച്ചാണ് ഈ ടെക്നോളജി പ്രവര്‍ത്തിക്കുന്നത്. ഓരോ പോസ്റ്റിനും 7 ക്യാമറകള്‍ വീതം ഉണ്ടാവും. ഓരോ ക്യാമറയും ഓരോ കമ്പ്യൂട്ടറിലേക്ക് കണക്ട് ചെയ്തിരിക്കും. ഇതിലെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മറ്റെല്ലാ ക്യാമറകളുടെ ഇന്‍പുട്ടും ചേര്‍ത്ത് ഒരു ത്രീഡി മോഡല്‍ നിര്‍മിക്കുന്നു. ഇതുപയോഗിച്ച് ട്രയാംഗുലേഷന്‍ മെത്തേഡിലൂടെ (അറിയുന്ന മൂന്ന് പോയിന്റുകളില്‍ നിന്നുള്ള ദൂരം ഉപയോഗിച്ച് ഒരു വസ്തുവിന്റെ സ്ഥാനം കണ്ടെത്തുന്ന ഗണിതപ്രക്രിയ) ബോളിന്റെ കൃത്യം പൊസിഷന്‍ മനസിലാക്കുകയും അത് ഗോള്‍ ലൈനിന് അപ്പുറം പോയിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു. സാറ്റ്ലൈറ്റുകള്‍ ഉപയോഗിച്ച് gps പൊസിഷന്‍ കണ്ടെത്തുന്ന വിദ്യയും ഉപയോഗിക്കുന്നത് ട്രയാംഗുലേഷന്‍ ആണ്. ഒരു സമയത്ത് മൂന്ന് ക്യാമറകള്‍ മാത്രം മതി പന്തിന്റെ സ്ഥാനം നിര്‍ണയിക്കാന്‍ എന്നതുകൊണ്ട് ഏതെങ്കിലും ഒന്നോ രണ്ടോ ക്യാമറയില്‍ പന്ത് കാണാനായില്ലെങ്കിലും പ്രശ്നം വരുന്നില്ല.
ട്രയാംഗുലേഷന്‍ വിശദമാക്കുന്ന വീഡിയോ താഴെ കാണാം.
GoalRef Technology
മാഗ്നെറ്റിക് ഫീല്‍ഡിന്റെ സഹായത്തോടെ ഗോള്‍ കണ്ടെത്തുന്ന വിദ്യയാണിത്. ഗോള്‍ ഫ്രെയിമിനകത്തും ഗോള്‍ ലൈനിന് താഴെയും ഘടിപ്പിച്ചിരിക്കുന്ന മാഗ്നെറ്റിക് സെന്‍സറുകളും ബോളിനകത്തുള്ള സര്‍ക്യൂട്ടും ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. സര്‍ക്യൂട്ട് അടങ്ങിയിരിക്കുന്ന പന്ത് ഈ സെന്‍സറുകള്‍ക്കിടയിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന മാഗ്നറ്റിക് ഫീല്‍ഡിലെ മാറ്റം തിരിച്ചറിഞ്ഞാണ് ഗോളാണോ അല്ലയോ എന്നത് തീരുമാനിക്കുന്നത്. പോസ്റ്റിലും ഗ്രൗണ്ടിലെ ലൈനിലും ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകളില് നിന്നും വയറുകള്‍ കമ്പ്യൂട്ടറിലേക്ക് കണക്ട് ചെയ്തിരിക്കുന്നു. അതിന് പിറകിലുള്ള ട്രാന്‍സ്മിറ്റര്‍ ഗോളാണെങ്കില്‍ ഒരു സെക്കന്റിനകം റഫറികളുടെ വാച്ചിലേക്ക് ഗോള്‍ എന്ന സന്ദേശം അയക്കുന്നു.
ഈ ടെക്നോളജികളുടെ സഹായത്തോടെയാണ് ഗോള്‍ തീരുമാനിക്കപ്പെടുന്നത്. ഒരു സെക്കന്റിനകത്ത് തീരുമാനമെടുക്കാന്‍ പറ്റുന്നതിനാല്‍ സമയമെടുക്കുന്ന റീപ്ലേ ഒഴിവാക്കാനാകും. ഈ രണ്ട് സാങ്കേതികവിദ്യകളും ഒരുമിച്ചാണ് glt ഉപയോഗിക്കുന്നത്.
കളിയിലെ നിര്‍ണായക സംഭവങ്ങള്‍ക്ക് വ്യക്തത നല്‍കാന്‍ ഉപയോഗിക്കുന്ന ടെക്നോളജിയാണ് VAR. ഓഫ്സൈഡ്, ഫൗള്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് VAR ഉപയോഗിക്കുന്നത്. സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് റഫറി തീരുമാനമെടുക്കും. ഇതിനായി ഒരു ടീം പ്രവര്‍ത്തിക്കുന്നു. 2018 ലോകകപ്പിലെ VAR ടീം മോസ്കോയിലെ കേന്ദ്രത്തിലിരുന്നാണ് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. സ്റ്റേഡിയത്തിലുള്ള പ്രസക്തമായ എല്ലാ ക്യാമറകളില്‍ നിന്നുമുള്ള തല്‍സമയ ദൃശ്യങ്ങള്‍ ഒപ്ടിക്കല്‍ കേബിള്‍ വഴി മെയിന്‍ സെന്ററിലെ VOR (Video Operation Room) ല്‍ എത്തുന്നു. കളിക്കളത്തിലെ റഫറിയും VAR ടീമുമായി വിവരവിനിമയം നടത്തുന്നതിനായി ഫൈബര്‍ ലിങ്ക്ഡ് റേഡിയോ സിസ്റ്റവും ഉപയോഗിക്കുന്നു. .
VAR ടീമില്‍ ഒരു പ്രധാന റഫറിയും മൂന്ന് അസിസ്റ്റന്റ് റഫറിമാരുമാണ് ഉള്ളത്. പ്രധാന റഫറി മുകളില്‍ സ്ഥാപിച്ച സ്ക്രീനില്‍ പ്രധാന ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളും താഴെയുള്ള മോണിറ്ററില്‍ നാല് വീഡിയോകളായി റിവ്യൂകളും തീരുമാനമാകേണ്ട സംഭവങ്ങളുടെ ദൃശ്യങ്ങളും കണ്ട് ഗ്രൗണ്ട് റഫറിയുമായി ആശയവിനിമയം നടത്തുന്നു. മൂന്ന് അസിസ്റ്റന്റ് റഫറിമാരില്‍ ഒരാള്‍ മെയിന്‍ വീഡിയോയും അടുത്തയാള്‍ ഓഫ്സൈഡും പരിശോധിക്കുന്നു. അടുത്തയാള്‍ക്ക് ടിവിയില്‍ ബ്രോഡ്കാസ്റ്റ് കാണുന്ന വീഡിയോ പരിശോധിക്കേണ്ട ചുമതലയാണ്.
ബ്രോഡ്കാസ്റ്റിനുപയോഗിക്കുന്ന 33 ക്യാമറകളാണ് VOR ഉപയോഗപ്പെടുത്തുന്നത്. അതില്‍ എട്ടെണ്ണം സൂപ്പര്‍ സ്ലോമോഷനില്‍ ചിത്രീകരിക്കാനാവുന്നവയും നാലെണ്ണം അള്‍ട്രാ സ്ലോ മോഷനില‍് ചിത്രികരിക്കാനാവുന്നവയുമാണ്.
REFEREE REVIEW AREA (RRA)
ഗ്രൗണ്ടിന്റെ ടെക്നിക്കല്‍ ഏരിയക്ക് അടുത്തായി സ്ഥാപിച്ച ഒരു ചെറിയ സ്ക്രീന്‍ ആണ് ഇത്. VAR പരിശോധിക്കുന്ന ദൃശ്യങ്ങള്‍ ഗ്രൗണ്ട് റഫറിക്ക് ഈ സ്ക്രീനില്‍ കണ്ട് തീരുമാനത്തിലെത്താനാവും.
The Virtual Offside Line
ബ്രോഡ്കാസ്റ്റ് ചെയ്യുന്ന വീഡിയോയില്‍ കമ്പ്യൂട്ടര്‍ നിര്‍മിക്കുന്ന വിര്‍ച്വലായ ലൈന്‍ ആണ് virtual offside line. ഈ ലൈന്‍ റഫറന്‍സ് ആക്കിയാണ് VAR ടീം ഓഫ്സൈഡ് ആണോ എന്നത് നിര്‍ണയിക്കുന്നത്. വിവിധ ക്യാമറകളില്‍ നിന്നുള്ള വിഷ്വല്‍സ് കാലിബറേറ്റ് ചെയ്താണ് ഈ ലൈന്‍ കമ്പ്യൂട്ടര്‍ നിര്‍മിച്ചെടുക്കുന്നത്. ക്യാമറ ആംഗിള്‍, ലെന്‍സ് ഡിസ്റ്റോര്‍ഷന്‍, ഫീല്‍ഡ് കര്‍വേച്ചര്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ഈ ലൈനുകള്‍ നിര്‍മിക്കുന്നതിന് സഹായകരമാകുന്നു.
Electronic Performance & Tracking Systems
ക്യാമറകളുടെയും ധരിക്കാവുന്ന ഡിവൈസുകളുടെയും സഹായത്തോടെ കളിക്കാരുടെയും ടീമിന്റെയും പെര്‍ഫോമന്‍സ് കൂട്ടാന്‍ സഹായിക്കുന്ന ടെക്നോളജിയാണിത്. കോച്ചിനും മെഡിക്കല്‍ സ്റ്റാഫിനും തത്സമയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കും. കളിക്കാരുടെ വേഗത, പൊസിഷന്‍, ഹൃദയമിടിപ്പ് തുടങ്ങിയ കാര്യങ്ങളെല്ലാം മോണിറ്റര്‍ ചെയ്യാനും അതിനനുസരിച്ച് ടീമുകള്‍ക്ക് തീരുമാനം കൈക്കൊള്ളാനും സാധിക്കു
ഇത്തവണത്തെ ലോകകപ്പില്‍ പ്രധാനമായി ഉപയോഗിക്കുന്ന മൂന്ന് ടെക്നോളജികള്‍ ഇവയാണ്. സമയലാഭവും കൃത്യതയുമാണ് ഇത്തരം ടെക്നോളജി നടപ്പിലാക്കുന്നതോടെ ഗെയിമുകള്‍ക്ക് കൈവരുന്നത്. ടെന്നീസ് ക്രിക്കറ്റ് തുടങ്ങി എല്ലാ സ്പോര്‍ട്സിലും പുതിയ ടെക്നോളജികള്‍ വന്നുകൊണ്ടിരിക്കുന്നു. അവയെപ്പറ്റി ഇനിയൊരിക്കല്‍ വിശദമായി പറയാം.