ഡീപ്പ് വെബ് – ഇന്റര്‍നെറ്റിന്റെ ഇരുണ്ട ഇടനാഴികളിലൂടെ

[author title=” രണ്‍ജിത്ത് സിജി” image=”http://luca.co.in/wp-content/uploads/2015/04/ranjith.jpg”]സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രചാരകന്‍, വിക്കിപീഡിയ അഡ്മിന്‍[/author]

ഇന്റർനെറ്റ് ഉപയോഗിക്കാത്തവരായി ആരും തന്നെ കാണില്ല, എന്നാൽ ഇന്റർനെറ്റിന്റെ പ്രധാന ഭാഗം ആയ ഡീപ് വെബ് സന്ദര്ശിച്ചിട്ടുള്ളവർ കുറവായിരിക്കും. ഡീപ് വെബ് എന്താണ്, എങ്ങനെ പ്രവർത്തിക്കുന്നു, എന്തൊക്കെ അവിടെ ലഭിക്കും, ഡീപ് വെബ് സന്ദർശിച്ചാൽ ഉള്ള പ്രശ്നങ്ങൾ എന്നിവയെപറ്റിയാണ് പറയുന്നത്..

Deep Web

ഇന്റര്‍നെറ്റില്‍ സാധാരണയായി സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകൾ എല്ലാം തന്നെ ഒരു വെബ് ബ്രൗസര്‍ ഉപയോഗിച്ച് സന്ദര്‍ശിക്കാന്‍ സാധിക്കുന്നവയാണ് ഇവ ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിനുകളില്‍ ലഭ്യമാകുന്നതുമായിരിക്കും. എന്നാല്‍ ഈ വെബ്സൈറ്റുകള്‍ എല്ലാം ആകെയുള്ള ഇന്റര്‍നെറ്റിന്റെ 4-16 ശതമാനം മാത്രമേ ആകുന്നുള്ളു എന്നറിയുന്നത് അതിശയമായിരിക്കും. ലോകത്ത് നിലവിലുള്ള ഇന്റർനെറ്റിന്റെ 80 ശതമാനത്തിൽ അധികം വിവരം ഗൂഗിൾ പോലുള്ള സാധാരണ സെർച്ച് എൻജിനുകളിൽ തിരഞ്ഞാൽ ലഭിക്കുന്നവയല്ല. അവ പൊതുജനങ്ങള്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കുന്നതുമല്ല. ഇങ്ങനെ നേരിട്ട് കാണാൻ സാധിക്കാത്ത ആ ഇന്റര്‍നെറ്റിനെയാണ് ഡീപ് വെബ് എന്നകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് യഥാര്‍ത്ഥ ഇന്റര്‍നെറ്റിന്റെ 80% വരും.

എന്താണ് ഡീപ്പ് വെബ്?

Deep Web Graph
ഡീപ്പ് വെബ് ചിത്രംകടപ്പാട് വിക്കിമീഡിയ കോമണ്‍സ് (രണ്‍ജിത്ത് സിജി)

ഇന്റര്‍നെറ്റില്‍ പബ്ലിക്കായി ലഭ്യമല്ലാത്ത വെബ്സൈറ്റുകളെയും വിവരങ്ങളെയുമാണ് ഡീ്പ്പ് വെബ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഉദാഹരണമായി ഫേസ്ബുക്കിലെ പ്രൈവറ്റ് ഷെയറുകള്‍, പ്രൈവറ്റ് ചാറ്റുകള്‍, ക്ലോസ്ഡ് ഗ്രൂപ്പുകള്‍. വാട്സാപ്പ് മെസ്സേജുകള്‍, ടെലഗ്രാം ചാറ്റുകള്‍ തുടങ്ങി ഇന്റര്‍നെറ്റ് ബാങ്കിംഗ് ഡാറ്റകള്‍, പാസ്‌വേഡ് ഉപയോഗിച്ച് പ്രവേശിക്കാവുന്ന ചര്‍ച്ചാ ഫോറങ്ങള്‍, സര്‍വ്വകലാശാല ഗവേഷണ വിവരങ്ങള്‍, സര്‍ക്കാര്‍ വിവരങ്ങള്‍, സൈനിക വിവരങ്ങള്‍, തുടങ്ങി വിവിധ ഭാഷകളില്‍ വിവിധ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നതും പൊതുജനങ്ങള്‍ക്ക് ലഭ്യമല്ലാത്തതുമായ എല്ലാ വിവരങ്ങളും ഡീപ്പ് വെബ്ബിലാണ് ഉള്ളത്. ഇവ സാധാരണമായി ഗൂഗിള്‍ സെര്‍ച്ച് ലിങ്കുകളില്‍ പ്രത്യക്ഷപ്പെടുകയില്ല. മിക്കവിവരങ്ങളും കാണണമെങ്കിലോ ഉപയോഗിക്കണമെങ്കിലോ യൂസര്‍നെയിമുകളും പാസ്‌വേഡുകളും വേണ്ടിവരികയും ചെയ്യും.

[box type=”info” align=”” class=”” width=””]ഡീപ്പ് വെബ്ബിന്റെ പ്രധാന പ്രത്യേകത ഇവിടെയുള്ള വെബ്സൈറ്റുകള്‍ കണ്ടെത്താനായി ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിനുകള്‍ ഉപയോഗിക്കാന്‍ സാധ്യമല്ല എന്നതാണ്. ഡക്ഡക്ഗോ എന്ന സെര്‍ച്ച് എന്‍ജിന്‍ ഉപയോഗിച്ച് കുറച്ച് ഡീപ്പ് വെബ് ലിങ്കുകളെല്ലാം കണ്ടെത്താന്‍ കഴിയുമെങ്കിലും ഭൂരിഭാഗം ഡ‍ീപ്പ് വെബ്ബും സെര്‍ച്ച് എന്‍ജിനുകളില്‍ ലഭ്യമല്ല. വിവിധ ലിങ്ക് ഡയറക്ടറികളില്‍ നിന്നാണ് വിവരം കിട്ടുന്നത്.[/box]

2014ലെ കണക്കനുസരിച്ച്, 7500 ടെറാബൈറ്റ്സ് ആണ് ഡീപ്പ് വെബ്ബിന്റെ വ്യാപ്തി. സര്‍ഫസ് വെബില്‍ വെറും 19 ടെറാബൈറ്റ്സ് വിവരങ്ങളേ ഉള്ളൂ. ഡീപ് വെബില്‍ 550 ബില്യന്‍ വെവ്വേറെ രേഖകള്‍ ശേഖരിച്ചപ്പോള്‍ പൊതുഇന്റര്‍നെറ്റില്‍ അത്തരം ഒരു ബില്യന്‍ രേഖകളേ ലഭ്യമായിരുന്നുള്ളൂ.

എന്താണ് ഡാർക്ക് വെബ് ?

ഇന്‍വിസിബിള്‍ വെബ്, ഡാര്‍ക്ക് നെറ്റ് എന്നീ ശാഖകള്‍ ഉള്ള ഡീപ്പ് വെബ്ബിന്റെ ഇരുണ്ട മുഖമാണ് ‘ഡാര്‍ക്ക് വെബ്. ടോർ വെബ്സൈറ്റുകൾ ( TOR Network/Websites ) ആണ് ഇവിടെ ഉള്ളത്. ഒരു ടോർ ക്ലയന്റ് ഉപയോഗിച്ച് മാത്രമേ ഇത്തരം വെബ്സൈറ്റുകളിലേക്ക് പ്രവേശനം സാധിക്കുകയുള്ളു. സാധാരണ കാണുന്ന വെബ്സൈറ്റുകളെ പോലെയല്ല ഡാർക്ക് വെബിലെ വെബ്‌സൈറ്റുകൾ. ഇവ .onion എന്ന എക്സ്റ്റന്‍ഷനിലാണ് അവസാനിക്കുന്നത്. വെബ്സൈറ്റിന്റെ അഡ്രസ് തന്നെ എന്‍ക്രിപ്റ്റഡായ ഒരു വാക്കായിരിക്കും. ഉദാ: https://3g2upl4pq6kufc4m.onion/ ഇത്തരം വെബ്സൈറ്റുകൾ നമ്മൾ ഉപയോഗിക്കുന്ന സാധാരണ വെബ് ബ്രൗസറുകളില്‍ നിന്നും സന്ദർശിക്കാൻ സാധ്യമല്ല. അതിനായി ടോര്‍ബ്രൗസര്‍ എന്ന പ്രത്യേകതരം ബ്രൗസര്‍ തന്നെ വേണം. ഒനിയന്‍ റൂട്ടിംഗ് എന്ന സാങ്കേതികവിദ്യ ആണ് ടോർ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത്. ടോർ നെറ്റ്‌വർക്ക് വിവിധ ടോർ റിലേ നോഡുകള്‍ കൊണ്ട് ഉണ്ടാക്കിയവയാണ്. ഇത് വിവിധ എന്‍ക്രിപ്റ്റഡ് നെറ്റ്‍വര്‍ക്ക് ലെയറുകളായി തിരിച്ചിരിക്കുന്നു. ഇത്തരം ബ്രൌസറുകളുടെ പ്രധാന പ്രത്യേകത ഡാറ്റ കൈമാറുന്ന ഐ പി അഡ്രസ് ട്രാക്ക് ചെയ്യാന്‍ പറ്റില്ല എന്നതാണ്. ഉപയോഗിക്കുന്ന വ്യക്തിയുടെ IP അഡ്രസ്, മറ്റു ഡാറ്റകൾ എന്നിവ പലതവണ എൻക്രിപ്റ്റ് ചെയ്താണ് ടോർ നെറ്റ്‌വർക്കിൽ കണക്റ്റ് ചെയ്യപ്പെടുന്നത്. അതിനാൽ ടോർ ഉപയോഗിക്കുന്ന വ്യക്തിയെ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്.

[box type=”warning” align=”” class=”” width=””]വിവരദാതാവിനെയും വിവരസ്വീകര്‍ത്താവിനെയും ഒരു തരത്തിലും തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലാണ് ടോറില്‍ വിവരം കൈമാറ്റം ചെയ്യപ്പെടുന്നത്. തികച്ചും അജ്ഞാതമായി വിവരകൈമാറ്റം സാധിക്കുമെന്നതിനാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍,വിസില്‍ ബ്ലോവേഴ്സ്, ഏകാധിപത്യ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍, സൈനിക ഉദ്യോഗസ്ഥര്‍, ചാരസംഘടനകള്‍, വിവിധ ഹാക്കര്‍മാര്‍, സൈബര്‍ കുറ്റവാളികള്‍ തുടങ്ങിയവരെല്ലാം ടോറിന്റെ നിത്യഉപയോക്താക്കളാണ്. വിവരം കൊടുക്കുന്നവനും വാങ്ങുന്നവനും മറയിലായതിനാല്‍ കുറ്റവാളികള്‍ക്കും ഡീപ്പ് വെബ് ഒരു പറുദീസ തന്നെയാണ്.[/box]

വിവരം നല്‍കുന്നവരും വിവരം ഉപയോഗിക്കുന്നവരും ഡാര്‍ക് വെബില്‍ എപ്പോഴും മറയത്താണ് അതുകൊണ്ട് ഇന്റർനെറ്റിന് സെൻസർഷിപ് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലും ഭരണകൂടത്തിനെതിരായ അഭിപ്രായങ്ങള്‍ നിരോധിച്ചിട്ടുള്ള വിവിധ രാജ്യങ്ങളിലെയും ഉപയോക്താക്കള്‍ക്ക് വലിയൊരു ആശ്രയമാണ് ഡാർക്ക്‌ വെബ്. ഡാര്‍ക്ക് വെബ്ബില്‍ വിവിധതരത്തിലുള്ള നിയമവിരുദ്ധമായ ചരക്കുകളും വില്‍ക്കപ്പെടുന്നു. വാടകകൊലയാളികള്‍, മയക്കുമരുന്നുകള്‍, ആയുധങ്ങള്‍, മനുഷ്യക്കടത്തുകള്‍ അങ്ങനെ നിയമവിരുധമായ ചരക്കുകള്‍ ഡാര്‍ക്ക് വെബില്‍ വില്‍ക്കപ്പെടുന്നു. ബിറ്റ്‌കൊയിന്‍ ഉപയോഗിച്ചാണ് ധനവിനിമയം നടക്കുന്നത്.

ടോറും ടോര്‍ ബ്രൗസറും

സാധാരണയായി ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ നമുക്കും വെബ്സൈറ്റ് സൂക്ഷിച്ചിരിക്കുന്ന സെര്‍വ്വറിനും ഇടയിലുള്ള എല്ലാ നെറ്റ്‍വര്‍ക്ക് സെര്‍വ്വറുകള്‍ക്കും നമ്മള്‍ കാണുന്ന അല്ലെങ്കില്‍ അയക്കുന്ന ഡാറ്റ കാണാന്‍ കഴിയും. എച്‌ടിടിപി എന്ന പ്രോട്ടോകോള്‍ വഴി ഇന്റര്‍നെറ്റില്‍ അയക്കുന്ന ഡാറ്റയെല്ലാം ടെക്സ്റ്റ് ഡാറ്റയായാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഉദാഹരണത്തിന് നമ്മുടെ ഇന്റര്‍നെറ്റ് പ്രൊവൈഡര്‍ ഇടയിലുള്ള വിവിധ നെറ്റ്വര്‍ക്ക് റൂട്ടറുകള്‍ വിവിധ എക്സ്ചേഞ്ച് സെര്‍വ്വറുകള്‍ തുടങ്ങിയവയ്ക്കെല്ലാം നമ്മള്‍ ആ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നു എന്നറിയാന്‍ കഴിയും. എച്‌ടിടിപിയില്‍ അയക്കുന്ന പാസ്‌വേഡുകളും എല്ലാം ടെക്സ്റ്റായി തന്നെ അയക്കുന്നതുകൊണ്ട് ഇടയില്‍നിന്നും നിങ്ങളുടെ ട്രാഫിക് ചോര്‍ത്തിയാല്‍ നിങ്ങളുടെ യൂസര്‍നെയിമും പാസ്‌വേഡും ചോര്‍ത്താനും കഴിയും. എന്നാല്‍ ഇന്റര്‍നെറ്റിലെ സ്വകാര്യത സംരക്ഷിക്കുവാനും അജ്ഞാതനായി ഇന്റര്‍നെറ്റ് ഉപയോഗിക്കുവാനും ഉള്ള ഒരു സംവിധാനമാണ് ടോര്‍.

 

ഇത് ഒരുകൂട്ടം എന്‍ക്രിപ്റ്റഡായ കംമ്പ്യൂട്ടറുകളുടെ നെറ്റുവര്‍ക്കാണ് ടോര്‍ എന്നത്. ടോര്‍ ബ്രൗസര്‍ എന്ന വെബ് ബ്രൗസര്‍ ഉപയോഗിച്ചാണ് ടോര്‍ നെറ്റ് വര്‍ക്കില്‍ പ്രവേശിക്കുക. https://www.torproject.org/ എന്ന വെബ്സൈറ്റില്‍നിന്ന് ഇത് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഫയര്‍ഫോക്സ് ബ്രൗസറിന്റെ പരിഷ്കരിച്ച പതിപ്പാണ് ടോര്‍ ബ്രൗസര്‍ എന്നത്. ഈ ബ്രൗസറിന്‍ ഒരു ടോര്‍ നെറ്റ്‍വര്‍ക്കിലേക്ക് കണക്റ്റ് ചെയ്യാന്‍ കഴിയും. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഓര്‍ബോട്ട് എന്ന പ്രോഗ്രാം ഉപയോഗിച്ച് ടോറിലേക്ക് കണക്റ്റ് ചെയ്യാന്‍ കഴിയും. ഓര്‍വെബ് എന്ന ബ്രൗസറാണ് ഫോണില്‍ ഉപയോഗിക്കേണ്ടത്.

[box type=”info” align=”” class=”” width=””]ഉള്ളിയുടെ തൊലിപോലെ വിവധലെയറുകള്‍ നിറഞ്ഞതാണ് ടോര്‍നെറ്റ്‍വര്‍ക്ക് ഓരോ ലെയറുകളും എന്‍ക്രിപ്റ്റഡ് ആയിരിക്കും. അതുകൊണ്ട് ഇത് അജ്ഞാതമായി ഇന്റര്‍നെറ്റ് ബ്രൗസുചെയ്യാന്‍ ഉപയോഗിക്കുന്നു. അനേകം എന്‍ക്രിപ്ഷനുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് ഇത് സാധാരണ ഇന്റര്‍നെറ്റിനേക്കാള്‍ വളരെ വേഗത കുറവായിരിക്കും.[/box]

ടോര്‍ബ്രൗസര്‍ തുറക്കുമ്പോള്‍ നമ്മള്‍ ഒരു ടോര്‍നെറ്റ്വര്‍ക്കിലേക്ക് കണക്റ്റ് ചെയ്യപ്പെടുന്നു. പിന്നീട് നമ്മുടെ കമ്പ്യൂട്ടറിലെ ടോര്‍ബ്രൗസറില്‍ നിന്നുള്ള എല്ലാ കണക്ഷനും ഈ ടോര്‍നെറ്റ്വര്‍ക്ക് വഴിയായിരിക്കും. മറ്റ് ബ്രൗസറുകളോ സര്‍വ്വീസുകളോ വഴി നെറ്റ് ബ്രൗസ് ചെയ്യുന്നില്ലെങ്കില്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ പൂര്‍ണ്ണമായും അജ്ഞാതമായിരിക്കും. അതായത് നിങ്ങള്‍ എതെല്ലാം സൈറ്റ് കാണുന്നുവെന്നോ എന്തെല്ലാം ചെയ്യുന്നുവെന്നോ ഇടയിലുള്ള മറ്റ് നെറ്റ്‍വര്‍ക്കിന് അറിയാന്‍ കഴിയില്ല. ടോര്‍നെറ്റ്വര്‍ക്കാണ് ഇത് ഉറപ്പാക്കുന്നത്. നിങ്ങള്‍ സാധാരണ വെബ് ബ്രൗസുചെയ്യുമ്പോള്‍ നിങ്ങള്‍ നേരിട്ട് വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെര്‍വ്വറിലേക്കാണ് ബന്ധപ്പെടുന്നത് എന്നാല് ‍ ടോര്‍ ഉപയോഗിക്കുമ്പോള്‍ ടോര്‍നെറ്റ്വര്‍ക്കിലെ ഒരു കമ്പ്യൂട്ടറിലേക്കാണ് ബന്ധപ്പെടുക. ആ കമ്പ്യൂട്ടര്‍ ടോര്‍നെറ്റ്വര്‍ക്കിലെ മറ്റൊരു കമ്പ്യൂട്ടറിലേക്ക് വിവരം അയക്കുന്നു അങ്ങനെ അത് രണ്ട്മൂന്ന് നെറ്റ്വര്‍ക്ക് മറിഞ്ഞാണ് യഥാര്‍ത്ഥ സെര്‍വ്വറിലെത്തുക. അതായത് നിങ്ങള്‍ ഇന്ത്യയില്‍നിന്ന് ഒരു സൈറ്റ് ബ്രൗസ് ചെയ്യുമ്പോള്‍ ടോറില്ലെങ്കില്‍ നിങ്ങള്‍ ഇന്ത്യയില്‍നിന്ന് നേരിട്ട് ആ സെര്‍വ്വറിലേക്ക് കണക്റ്റ് ചെയ്യപ്പെടുന്നു. എന്നാല്‍ ടോര്‍വഴിയാണെങ്കില്‍ ആ കണക്ഷന്‍ കറങ്ങിത്തിരിഞ്ഞ് വല്ല ഫ്രാന്‍സില്‍നിന്നോ സ്വിറ്റ്സര്‍ലന്റില്‍നിന്നോ മെക്സിക്കോയില്‍നിന്നോ ആണ് സെര്‍വ്വറിലേക്ക് കണക്റ്റ് ചെയ്യപ്പെടുന്നത്. കൂടാതെ ഇടയിലുള്ള കണക്ഷനുകളെല്ലാം എന്‍ക്രിപ്റ്റഡായതുകൊണ്ട് ആര് എവിടെനിന്ന് കണക്റ്റ് ചെയ്യുന്നു എന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല.

TOR Network
ടോര്‍ നെറ്റ്‍വര്‍ക്ക്കടപ്പാട് വിക്കിമീഡിയ കോമണ്‍സ് (ബിറ്റ്സ് ഓഫ് ഫ്രീഡം)

അതായത് യഥാര്‍ത്ഥത്തില്‍ അ‍ജ്ഞാതമായി ഇന്റര്‍നെറ്റ് ബ്രൗസ്ചെയ്യാനുള്ള വഴിയാണ് ടോര്‍.

ഇന്റര്‍നെറ്റില്‍ ലഭ്യമായ മഹാവിവര ശേഖരം കാണാനുള്ള വഴിയാണ് ഡീപ്പ് വെബ്. ഇതിനായി വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നത് സുരക്ഷാകാരണങ്ങളാല്‍ ഒട്ടും തന്നെ അഭികാമ്യമല്ല. സുരക്ഷയുള്ളതും സ്വകാര്യ വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലാത്തതുമായ ഒരു അക്കൗണ്ട് ഉപയോഗിക്കേണ്ടത് അത്യാവശ്യവുമാണ്. ഡീപ്പ് വെബ് എല്ലാതരത്തിലുമുള്ള വിനിമയങ്ങള്‍ നടക്കുന്ന ഇടമായതുകൊണ്ട് കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കണമെന്ന് മാത്രം. സാധാരണയായി ഡീപ്പ് വെബ് ബ്രൗസ് ചെയ്യാന്‍ ഒരു വിപിഎന്‍ സേവനം ഉപയോഗിക്കേണ്ടതുണ്ട്. പൂര്‍ണ്ണമായും സ്വകാര്യമായി ഡീപ്പ് വെബിലെത്തിച്ചേരാനും സ്വകാര്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാനും ടോര്‍ പ്രയോജനപ്പെടുത്താവുന്നതുമാണ്.

Leave a Reply