Read Time:9 Minute
[author title=”മുരളി തുമ്മാരുകുടി” image=”https://luca.co.in/wp-content/uploads/2019/08/thummarukudy.png”]ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ UNEP[/author]

ലോകത്തെ തീരദേശങ്ങളിൽ കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കാൻ പോകുന്ന മാറ്റങ്ങൾ ‘FLOODED FUTURE’ എന്ന റിപ്പോർട്ടായി വന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ഇതേ രീതിയിൽ പോയാൽ 2050 ആകുമ്പോഴേക്കും മുപ്പത് കോടി ആളുകൾ താമസിക്കുന്ന പ്രദേശങ്ങൾ സ്ഥിരം വെള്ളക്കെട്ടിനടിയിലാകുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

 

[dropcap]കൊ[/dropcap]ച്ചിയിൽ വീണ്ടും മഴയാണ്, വെള്ളക്കെട്ടും. ഓരോ വർഷം കഴിയുംതോറും മഴയും വെള്ളക്കെട്ടും മൂലം കൊച്ചിയിലെ ജനജീവിതം സ്തംഭിക്കുന്ന ദിവസങ്ങൾ കൂടി വരുന്നു. ഇത് കൊച്ചിയുടെ മാത്രം കഥയല്ല. മുംബൈയും ബാങ്കോക്കും വെനീസും ഉൾപ്പടെ തീരദേശങ്ങളിലുള്ള നഗരങ്ങളെല്ലാം വെള്ളക്കെട്ടിന്റെ കെടുതികൾ അനുഭവിക്കുന്നുണ്ട്.

പക്ഷെ നമ്മൾ കണ്ടതൊന്നുമല്ല കഥ, കാര്യങ്ങൾ ഇനിയും വഷളാകുമെന്നാണ് ശാസ്ത്രം പറയുന്നത്. ലോകത്തെ തീരദേശങ്ങളിൽ കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കാൻ പോകുന്ന മാറ്റങ്ങൾ ഇന്നലെ ഒരു റിപ്പോർട്ടായി വന്നിട്ടുണ്ട്. ‘FLOODED FUTURE’ എന്നാണ് റിപ്പോർട്ടിന്റെ പേര്. Climate Central എന്ന സ്ഥാപനമാണ് ഏറ്റവും പുതിയ ഉപഗ്രഹചിത്രങ്ങളെയും കാലാവസ്ഥാ വ്യതിയാന പ്രവചനങ്ങളേയും ആസ്പദമാക്കി നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതിന് മുൻപ് നടത്തിയ പഠനങ്ങളെക്കാൾ കൃത്യത ഉള്ളതാണ് ഈ റിപ്പോർട്ടിലെ പ്രവചനങ്ങൾ.

കാലാവസ്ഥാ വ്യതിയാനം ഇതേ രീതിയിൽ പോയാൽ 2050 ആകുമ്പോഴേക്കും മുപ്പത് കോടി ആളുകൾ താമസിക്കുന്ന പ്രദേശങ്ങൾ സ്ഥിരം വെള്ളക്കെട്ടിനടിയിലാകുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇതിന് മുൻപത്തെ കണക്കുകളനുസരിച്ച് ഇത് ഏഴു കോടി ആയിരുന്നു. ഇന്ത്യയിൽ ഇങ്ങനെ വെള്ളം കയറാൻ പോകുന്ന പ്രദേശത്ത് ജീവിക്കുന്നവരുടെ എണ്ണം മൂന്നര കോടി ആയിരിക്കുമെന്നാണ് പഠനം പറയുന്നത് (ഇതിന് മുൻപത്തെ കണക്കുകൾ പറഞ്ഞത് ഇത് 50 ലക്ഷം ആയിരിക്കുമെന്നാണ്).

Flooded Future പഠനത്തിൽ നിന്നും *SRTM -The Shuttle Radar Topography Mission

[box type=”info” align=”” class=”” width=””]2050 ൽ ഒരു ദിവസം നാലുകോടി ആളുകൾ വെള്ളത്തിനടിയിലാകുക എന്നതല്ല സംഭവിക്കാൻ പോകുന്നത്.[/box] ക്രമേണ തീവ്ര മഴയും വെള്ളക്കെട്ടും പതിവാകുന്നതോടെ ആളുകൾ എന്തെങ്കിലും പരിഹാരമാർഗങ്ങൾ അവലംബിച്ചു തുടങ്ങും, സർക്കാരുകളും. ആദ്യമൊക്കെ തറയുടെ നിരപ്പുയർത്തി, പിന്നീട് കാലുകളിൽ വീടുകൾ പണിത്, റോഡുകൾ ഉയർത്തി, ബണ്ടുകൾ ഉണ്ടാക്കി, വെള്ളം പന്പ് ചെയ്തു കളഞ്ഞ് ഒക്കെ പ്രതിസന്ധി നേരിടാൻ ശ്രമിക്കും. കാരണം, താമസിക്കുന്ന സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് മാറുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വലിയ ജനസാന്ദ്രതയുള്ള നഗരങ്ങളിൽ നിന്നും ആളുകളെ മാറ്റിത്താമസിപ്പിക്കുക എന്നത് സർക്കാരിനും എളുപ്പമല്ല. അതുകൊണ്ട് സർജറി വേണ്ട രോഗത്തിന് ബാൻഡ് എയ്ഡ് ഒട്ടിച്ച് പരിഹരിക്കാനാകും ആദ്യം ശ്രമിക്കുക.

എന്നാൽ പ്രകൃതിയുമായുള്ള ഈ യുദ്ധം ചെറുത്ത് നിൽക്കാൻ മനുഷ്യന്റെ ചെറിയ പ്രയത്നം മതിയാവില്ല. കാലാവസ്ഥാ വ്യതിയാനത്താൽ സമുദ്രനിരപ്പ് ഉയരുകയും മഴ കൂടുതൽ സാന്ദ്രതയിൽ പെയ്യുകയും ചെയ്യുമ്പോൾ തീരദേശത്ത് വെള്ളക്കെട്ടും പ്രളയവും പതിവാകും. കടലിൽ രൂപമെടുക്കുന്ന ചുഴലികളുടെ എണ്ണവും സാന്ദ്രതയും കൂടുമെന്നും മുൻപ് പരിചയമില്ലാത്ത പ്രദേശങ്ങളിൽ കാറ്റ് ഉണ്ടാകുമെന്നും ഐ പി സി സി റിപ്പോർട്ടിൽ പണ്ടേ പറഞ്ഞിട്ടുണ്ട് (IPCC- Special report on extreme events, 2012).

[box type=”warning” align=”” class=”” width=””]നമ്മുടെ തീരപ്രദേശങ്ങളുടേയും തീരദേശ നഗരങ്ങളുടേയും സ്ഥലവിനിയോഗ പ്ലാനുകൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യത്തിൽ പുനർചിന്തിച്ചേ മതിയാകൂ. ഇതിന് വലിയ സ്വകാര്യ നഷ്ടങ്ങളുണ്ടാകും, സർക്കാരിന് പോലും ഇതത്ര എളുപ്പമാകില്ല.[/box] പക്ഷെ വേറൊരു പ്രതിവിധിയില്ലാത്തതിനാൽ എത്ര വേഗത്തിൽ നമ്മൾ ഈ തീരുമാനത്തിൽ എത്തുന്നുവോ അത്രയും നല്ലത്. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അത്യാവശ്യമായ കാര്യങ്ങൾ ഉടൻ ചെയ്യേണ്ടി വരും. അതിനോടൊപ്പം തന്നെ മാറുന്ന കാലാവസ്ഥയിൽ നഗരത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആളുകളെ മനസ്സിലാക്കണം. അതിനനുസരിച്ചു കൈക്കൊള്ളേണ്ട നടപടികൾ ചിന്തിച്ച് ഇപ്പഴേ സമയവും പണവും മാറ്റിവെച്ചു തുടങ്ങണം. 2050 അങ്ങ് ദൂരെയാണെന്ന് തോന്നാം. നമ്മൾ 2020 ന്റെ പടിവാതിലിൽ എത്തിക്കഴിഞ്ഞു. ഇവിടെ നിന്നും 2050 ലേക്കുള്ള ദൂരം 1990 ൽ നിന്നും 2020 ലേക്കുള്ള അതേ ദൂരമാണ് എന്നോർക്കുക. 1990 ലെ കാര്യങ്ങൾ നമ്മൾ വളരെ കൃത്യമായി ഇന്നലത്തെ പോലെ ഓർക്കുന്നു. അത്രയും സമയത്തിനകം 2050 ഉം നമ്മുടെ മുന്നിലെത്തും.

ക്ലൈമറ്റ് സെൻട്രലിന്റെ മോഡൽ അനുസരിച്ച് കേരളത്തിൽ മൂന്നു പ്രദേശങ്ങളിലാണ് അടിസ്ഥാനപരമായി മാറ്റങ്ങളുണ്ടാകാൻ പോകുന്നത്.

1.കുട്ടനാടും ചുറ്റുമുള്ള പ്രദേശങ്ങളും – ഈ പ്രദേശം ഏതാണ്ട് പൂർണ്ണമായും സ്ഥിരമായ വെള്ളക്കെട്ടിലാകും എന്നാണ് പഠനം പറയുന്നത്. കുട്ടനാടിൻറെ ഭാവി ബണ്ടുകെട്ടി സംരക്ഷിക്കാവുന്ന ഒന്നല്ല.

2. എറണാകുളവും പരിസര പ്രദേശങ്ങളും ജന സാന്ദ്രത ഏറെയായതിനാൽ കുട്ടനാടിനേക്കാൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാവുന്നത് എറണാകുളവും പരിസരപ്രദേശങ്ങളും ആയിരിക്കും.

3. മൺറോ ദ്വീപ്  മൺറോ തുരുത്തിൽ കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ മോഡൽ കൃത്യമായി പ്രവചിച്ചിട്ടുണ്ട്. കടൽത്തീരത്ത് അല്ലാത്തതിനാലും വളരെ ചെറിയ പ്രദേശമായതിനാലും ഇത് മോഡലിന്റെ ശ്രദ്ധയിൽ വരില്ല എന്നാണ് ഞാൻ കരുതിയത്. എന്നാൽ ക്ലൈമറ്റ് സെൻട്രലിന്റെ മോഡൽ ആഗോളമായതും നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കിയതുമാണ്. മുൻപ് കേട്ടിട്ടുള്ള വാർത്തകൾ വെച്ചുണ്ടാക്കിയതല്ല. അതുകൊണ്ടാണ് ഈ മോഡലിനെ നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടതും.

കേരളത്തിലെ തീരദേശ സ്ഥലവിനിയോഗത്തെ പറ്റി നടക്കുന്ന ചർച്ചകളിലും, കേരളത്തിലെ തീരദേശത്ത് വ്യക്തികളും സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും നടത്താൻ പോകുന്ന നിക്ഷേപങ്ങളുടെ കാര്യത്തിലും ഈ പഠനഫലങ്ങൾ കണക്കിലെടുക്കേണ്ടതാണ്.

2050 ൽ വെള്ളം കയറാൻ പോകുന്ന സ്ഥലങ്ങളായ കുട്ടനാട്, മൺറോ തുരുത്ത്, എറണാകുളം തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുന്ന പ്രവചനങ്ങളാണ് ചിത്രത്തിൽ. ചുവപ്പിൽ കാണിച്ചിരിക്കുന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും എന്നല്ല, സ്ഥിരം വെള്ളക്കെട്ട് ഉണ്ടായി സാധാരണഗതിയിലുള്ള ജനജീവിതം അസാധ്യമാകും എന്ന തരത്തിലാണ് കാര്യങ്ങൾ മനസ്സിലാക്കേണ്ടത്.

നിങ്ങളുടെ താമസസ്ഥലത്തെ ബാധിക്കുമോ എന്ന് പരിശോധിക്കാൻ ക്ലിക്ക് ചെയ്യുക


അധിക വായനയ്ക്ക്‌

  1. FLOODED FUTURE –റിപ്പോർട്ടിന്റെ കോപ്പി 
  2. Scientific Paper

 

Happy
Happy
0 %
Sad
Sad
67 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
33 %
Surprise
Surprise
0 %

Leave a Reply

Previous post ജര്‍മേനിയം – ഒരുദിവസം ഒരു മൂലകം
Next post പ്രൊഫ. എം.കെ. പ്രസാദിന്‌ ഭാരത്‌ ജ്യോതി അവാർഡ്‌
Close