നമ്മുടെ ചന്ദ്രനെ കാണാൻ ഇഷ്ടമാണോ നിങ്ങൾക്ക്? മുഴുവനായും കാണാൻ പറ്റുന്ന ദിവസങ്ങളിൽ, മേഘങ്ങൾ വന്ന് മൂടാതെയുള്ളപ്പോൾ, നൂറുകണക്കിന് കുഞ്ഞൻ നക്ഷത്രങ്ങൾക്കിടയിൽ പ്രൗഢിയിലുള്ള ആ നിൽപ്പ് ഒരു നിൽപ്പ് തന്നെയല്ലേ?
ഇങ്ങനെ നോക്കി നിൽക്കുമ്പോൾ ചന്ദ്രൻറെ “മുഖത്തെ” ആ പാടുകൾ ശ്രദ്ധിച്ചിട്ടില്ലേ…നിങ്ങൾക്ക് അത് കാണുമ്പോൾ എന്ത് ആകൃതിയാണ് തോന്നാറ്? എന്നോട് എന്റെയൊരു കുഞ്ഞമ്മ പണ്ട് പറഞ്ഞിട്ടുണ്ട് ഏപ്രൺ ഒക്കെ കെട്ടി നിന്ന് എന്തോ ജോലി ചെയ്യുന്ന ഒരു സ്ത്രീയെ ആണ് കാണുന്നതെന്ന്. ഞാൻ കൂടുതൽ പേരും പറയുന്ന പോലെ ഒരു മുയലിനെയാണ് കാണാറ്. നമ്മൾ ഈ കാണുന്ന പാടുകൾ ശരിക്കും ചന്ദ്രന്റെ പ്രതലത്തിലെ കുഴികൾ ആണെന്ന് നിങ്ങൾക്ക് അറിയാമല്ലോ ? ഒരേ പ്രതലവും ഒരേ കുഴികളും അഥവാ പാടുകളും ആണ് നമ്മൾ കാണുന്നത് എന്നിരിക്കെ നമ്മൾ എല്ലാവരും അതിനെ വ്യത്യസ്ത രൂപങ്ങളായിട്ടാണ് മനസ്സിലാക്കുന്നത് എന്നത് കൗതുകകരമായിട്ടുള്ള കാര്യമല്ലേ…
എന്നാൽ ശരിക്കും അതിലും കൗതുകകരമായ മറ്റൊരു കാര്യം ഇതിനിടയിലുണ്ട്. നമ്മൾ ഇന്ന് നോക്കിയാലും നാളെ നോക്കിയാലും അല്ല ഇനി എന്ന് നോക്കിയാലും, ഇതേ പാടുകൾ മാത്രമേ നമ്മൾ കാണു! ആലോചിച്ചു നോക്കൂ … ചന്ദ്രന്റെ ഈയൊരു മുഖം മാത്രമല്ലേ നമ്മൾ കണ്ടിട്ടുള്ളൂ..
നമ്മൾ എന്ന് പറയുമ്പോ, ഈ ഭൂമിയുടെ എല്ലാ കോണിലുമുള്ള എല്ലാ ജീവജാലങ്ങളും ചന്ദ്രന്റെ ഈ മുഖം മാത്രമാണ് കണ്ടിട്ടുള്ളത്. അതേന്നേ, ചന്ദ്രൻ എന്ന വലിയ ഗോളത്തിന്റെ ഒരു പകുതിയേ നമ്മുടെ ലോകം ഇന്നേ വരെ കണ്ടിട്ടുള്ളൂ. നമ്മൾ എന്നും കാണുന്ന ഈയൊരു പാതിയേ ഭൂമിയിൽ നിന്നും കാണാൻ കഴിയൂ!
ഭൂമിയുടെ ചുറ്റും കറങ്ങി, അതിനിടയിൽ സ്വന്തം അച്ചുതണ്ടിലും കറങ്ങുന്ന ചന്ദ്രനെ നമ്മൾ മുഴുവനായും കാണണ്ടതല്ലേ? എന്നാൽ തൻറെ പിൻഭാഗം നമ്മളിൽ നിന്ന് ഒളിച്ചുവയ്ക്കാൻ നമ്മുടെ ചന്ദ്രൻ ഒരു വൻ സൂത്രപ്പണി കാണിക്കുന്നുണ്ട്!
ഈ ഒളിച്ചുകളി സങ്കല്പിക്കാൻ പറ്റുന്നുണ്ടോ…ഇല്ലെങ്കിൽ ഇങ്ങനെ ഒന്ന് ആലോചിച്ചു നോക്കൂ – നിങ്ങളാണ് ചന്ദ്രൻ എന്ന് വിചാരിക്കുക. വെറുതെയിരിക്കുന്ന മറ്റൊരാളെ ഭൂമിയാക്കിക്കോളൂ. തത്കാലം ഭൂമിയെ കറക്കണ്ട. ഭൂമി ഒരിടത്തു അനങ്ങാതെ ഇരുന്നോട്ടെ. ഇനി ചന്ദ്രൻ ഭൂമിയുടെ ചുറ്റും പുറകുവശം കാണിക്കില്ല എന്നുള്ള ഉദ്ദേശത്തോടെ ഒന്ന് നീങ്ങി നോക്കിക്കേ…
ഭൂമിയെ വലം വെക്കുന്നതിനിടയിൽ സ്വയം ഒരു തവണ പോലും കറങ്ങാതെ ഇരുന്നാൽ എന്തായാലും പുറകുവശം കാണും. ഭൂമിക്ക് ചുറ്റും കണ്ണുകൾ ഉണ്ടെന്നു മറക്കണ്ട. ഒന്നിൽ കൂടുതൽ തവണ കറങ്ങിയാലും കാണും, ഒന്നിൽ കുറവ് തവണ കറങ്ങിയാലും കാണും. കൃത്യമായി വലം വെക്കുന്ന അളവിൽ തന്നെ കറങ്ങിയാൽ മാത്രം ആ ഭാഗം വിദഗ്ധമായി മറച്ചു പിടിക്കാം, ഈ വീഡിയോയിൽ കാണുന്ന പോലെ.
ഇത്രയും കഷ്ടപ്പെട്ട് കൃത്യമായി അങ്ങനെ തന്നെ കറങ്ങി നമ്മളിൽ നിന്നും മറച്ചു പിടിക്കുന്ന ആ ഭാഗത്തിനെ ‘far side of the moon’ എന്നും ‘dark side of the moon’ എന്നുമൊക്കെ നമ്മൾ വിളിക്കുന്നു. ഈ ഭാഗം മൊത്തം ചാന്ദ്രതലത്തിന്റെ 50% തന്നെ അല്ല എപ്പോഴും. ചന്ദ്രന്റെ ഭ്രമണത്തിന്റെയും മറ്റും പ്രത്യേകതകൾ കൊണ്ട് നമുക്ക് ശകലം കൂടി, ഏകദേശം 9% ഓളം കൂടി കാണാൻ കഴിയും. എന്നാൽ, ബാക്കി 40 ശതമാനത്തിൽ അധികം വരുന്ന ഭാഗം എന്നന്നേയ്ക്കുമായി നമ്മളിൽ നിന്നും മാറ്റിപിടിച്ചിരിക്കുകയാണ് ചന്ദ്രൻ. ഇത്രക്ക് ജാട വേണമായിരുന്നോ ചന്ദ്രാ…ഞങ്ങളുടെ ഭൂമിയുടെ ഉപഗ്രഹം തന്നെയല്ലേ നീ?
പക്ഷേ എന്താവും ഇങ്ങനെ വരാൻ കാരണം?ഇത്ര കൃത്യമായി കണക്ക് കൂട്ടിയ പോലുള്ള ഈ ചുറ്റൽ വെറും coincidence കാരണം മാത്രം ആകുമോ? അല്ല ശരിക്കും ചന്ദ്രന് ജാടയാണോ?
കാര്യം ജാടയാണ് സൂത്രമാണ് എന്നൊക്കെ ഞാനൊരു താളത്തിനങ്ങു പറഞ്ഞെങ്കിലും അങ്ങനെ അല്ലല്ലോ അല്ലേ ? ഫിസിക്സിന്റെ നിയമങ്ങൾ അനുസരിച്ചു കഴിയാനല്ലേ ഏതുപഗ്രഹമായാലും ഗ്രഹമായാലും എന്തിന്, വല്യ നക്ഷത്രമൊക്കെ ആയാൽ പോലും പറ്റൂ! ഇത് വെറുമൊരു coincidence ഉം അല്ല. ഇവിടെ ചന്ദ്രന്റെ സ്വഭാവം ഇങ്ങനെയായി മാറാനുള്ള കാരണം നമ്മുടെ ഭൂമിയുടെ ഗുരുത്വാകർഷണം തന്നെയാണ്.
ചന്ദ്രൻ ഉണ്ടായ കാലം തൊട്ടു തന്നെ തുടങ്ങാം. ചന്ദ്രന്റെ ജനനത്തെപ്പറ്റി ഒരുപാട് തിയറികളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ‘Giant-impact hypothesis’ അഥവാ ‘Theia impact’. ഇത് പ്രകാരം, ഏകദേശം 450 കോടി (4 .5 billion) വർഷങ്ങൾക്കു മുന്നേ ചൊവ്വയോളം വലുപ്പമുണ്ടായിരിക്കാൻ സാധ്യതയുള്ള Theia എന്ന് പേരുള്ള ഒരു ഗ്രഹം അന്നത്തെ ഭൂമിയുമായി കൂട്ടിയിടിച്ചു. ആ ആഘാതത്തിൽ തെറിച്ചു നീങ്ങിയ ഭാഗം പിന്നീട് നമ്മുടെ ഉപഗ്രഹമായി, ചന്ദ്രനായി മാറി. തെറിച്ചു മാറിയ ഭാഗങ്ങൾ ചൂടായി ഉരുകിയ അവസ്ഥയിൽ ഭൂമിയുടെ ഗുരുത്വാകർഷണം അതിന്റെ ആകൃതിയെ വലിയ രീതിയിൽ സ്വാധീനിച്ചിരിക്കും. ആദ്യത്തെ കുറച്ചു നാളത്തേക്ക്, വേഗത്തിൽ സ്വയം കറങ്ങിക്കൊണ്ടിരുന്ന, കട്ടിയാകാത്ത അന്നത്തെ ചന്ദ്രന്റെ ആകൃതിയെ ഭൂമി നല്ലോണം മാറ്റാൻ തുടങ്ങി.
ഈ ഗുരുത്വാകർഷണം എന്ന് പറയുന്നത് ഒരു അടിസ്ഥാന ബലമാണ്. ഏതൊരു വസ്തുക്കളും തമ്മിൽ ഈ ഫോഴ്സ് ഉണ്ട്. ആ രണ്ടു വസ്തുക്കളുടെയും മാസുമായി നേരെയും അവ തമ്മിലുള്ള ദൂരത്തിന്റെ വർഗ്ഗവുമായി (square) വിപരീത അനുപാതത്തിലും( inversely) ബന്ധപ്പെട്ടു കിടക്കുന്നു ഗുരുത്വബലം. അതായത്, ദൂരം കൂടും തോറും ബലം കുറയും.
ഭൂമിയും ചന്ദ്രനുമാണല്ലോ നമ്മുടെ വസ്തുക്കൾ.ഭൂമിയിൽ നിന്നും ഭൂമിയുടെ അടുത്തുള്ള ചന്ദ്രപ്രതലത്തിനേക്കാൾ ദൂരം കൂടുതലാണ് ഭൂമിയുടെ എതിർവശത്തുള്ള പ്രതലത്തിലേക്ക്. ഇതുകൊണ്ട്, അവിടെ രണ്ടു സ്ഥലത്തും (കൃത്യമായി പറഞ്ഞാൽ ഓരോ സ്ഥലത്തും) ഓരോ ബലമായിരിക്കും ഭൂമിയുടെ ഗുരുത്വാകർഷണം കാരണം ഉണ്ടാകുന്നത്. ഈ ബല വ്യത്യാസം ചന്ദ്രനെ ഇന്നും ഒരു ഫുട്ബോൾ ആകൃതിയിൽ ആക്കുന്നുണ്ട്. അപ്പോൾ അന്ന്, ചന്ദ്രൻ പൂർണമായും ഉറച്ചു കട്ടിയായി രൂപപ്പെടുന്നതിനു മുൻപോ? നമ്മുടെ ഏറ്റവും അടുത്ത് നിൽക്കുന്ന ഭാഗത്തിനെ ഭൂമി കുറച്ച ഒന്ന് വലിച്ചു നീട്ടുമ്പോഴേക്കും ചന്ദ്രൻ കറങ്ങി ആ ഭാഗം ഏറ്റവും അരികെയുള്ള പോയിന്റിൽ നിന്നു നീങ്ങിയിരിക്കും. എന്നാൽ ഈ തള്ളി മുന്നിലായ ഭാഗം പെട്ടെന്ന് തന്നെ സാധാരണ നിലയിൽ ആവില്ല. അപ്പൊ ആ തള്ളി നിക്കുന്ന ഭാഗത്തേയ്ക്ക് ഭൂമിയുടെ ആകർഷണം മറ്റൊരു തരം ബലം പ്രയോഗിക്കും – torque . ഒരു വസ്തുവിന് കറങ്ങാൻ വേണ്ട ബലം ആണ് torque. ഇതിന്റെ സ്വാധീനത്തെ ഇങ്ങനെ മനസ്സിലാക്കാം- കുറച്ചു ഭാഗം മാത്രം തള്ളി നിക്കുക എന്ന് പറയുമ്പോൾ ഭൂമിക്ക് ചന്ദ്രന്റെ മേൽ ഒരു handle കിട്ടിയ പോലെ ആവും. ആ handle പിടിച്ചു വലിച്ചു ഭൂമി ചന്ദ്രനെ തിരിച്ചു കറക്കാൻ ശ്രമിക്കും. തിരിച്ചു കറങ്ങിയില്ലെങ്കിലും എതിർഭാഗത്തേക്ക് ഉള്ള torque ചന്ദ്രൻ കറങ്ങുന്ന വേഗതയെ കുറയ്ക്കും. അങ്ങനെ വേഗത കുറഞ്ഞു. ആകൃതി മാറ്റവും മറ്റും കൊണ്ട് ചന്ദ്രന്റെ ഊർജ്ജവും കുറയും. ഈ പ്രക്രിയ ചന്ദ്രന്റെ ഒരു ഭാഗത്തെ മാത്രം ഭൂമിയുടെ നേരെയാക്കാൻ പ്രവൃത്തിക്കും എന്നത് മനസ്സിലായല്ലോ…ഒടുവിൽ, കറക്കത്തിന്റെ വേഗം കുറഞ്ഞ്, ഒരു തവണ വലം വെക്കാനും ഒരു തവണ കറങ്ങാനും ഒരേ സമയം എടുക്കുന്ന രീതിയിൽ, ഒരു മുഖം മാത്രം കാണിക്കുന്ന രീതിയിൽ ചന്ദ്രൻ എത്തുമ്പോൾ ഈ പ്രക്രിയ വഴി പിന്നെ എനർജി നഷ്ടപ്പെടാതെ ആവും. അങ്ങനെ, ചന്ദ്രന്റെ rotation rate ഫിക്സഡ് ആവും. ഈ അവസ്ഥയെ ആണ് ‘synchronous tidal locking’ എന്ന് പറയുന്നത്. വളരെ വലിയ ഒരു പ്രക്രിയയുടെ അടിസ്ഥാന വിശദീകരണം മാത്രമാണേ ഇത്!
എന്തായാലും പാവം നമ്മുടെ ചന്ദ്രൻ ജാട കാണിക്കുന്നതല്ല. ചന്ദ്രനെ നമ്മുടെ ഭൂമി വലിച്ചു നീക്കി ഇങ്ങനെ ആക്കിയതാണ്.
ചന്ദ്രനും വിട്ടുകൊടുക്കത്തില്ല കേട്ടോ. ഇതേ പ്രക്രിയ ഭൂമിയുടെ കറക്കത്തിനെയും തിരിച്ചു ബാധിക്കുന്നുണ്ട്. ഒരു അയ്യായിരം കോടി (50 ബില്യൺ) വർഷങ്ങൾ കൂടി ഇതേ രീതിയിൽ പോയാൽ, ഭൂമിയുടെ ഒരു പാതി മാത്രമേ ചന്ദ്രനിലേക്കും നോക്കൂ. ഇപ്പൊ ആയിരുന്നു അങ്ങനെ ഉള്ള അവസ്ഥയെങ്കിൽ ലോകത്തെ ചന്ദ്രനെ അഭിമുഖീകരിക്കുന്ന മുഖത്തുള്ള മനുഷ്യർക്കു മാത്രമേ ചന്ദ്രനെ കാണാൻ കഴിയുമായിരുന്നുള്ളൂ. പക്ഷെ 700-800 കോടി (7 -8 ബില്യൺ) വർഷങ്ങൾക്കുള്ളിൽ സൂര്യൻ കത്തിത്തീരുമെന്നിരിക്കെ, ഈ അവസ്ഥ സംഭവിക്കുന്നത് കാണാൻ ഭൂമിയിൽ ജീവജാലങ്ങളേ കാണില്ല.
ഈ അവസ്ഥയിൽ എത്തിച്ചേർന്നിരിക്കുന്ന മറ്റു സിസ്റ്റങ്ങളുണ്ട്. പ്ലൂട്ടോയും അതിന്റെ 5 ഉപഗ്രഹങ്ങളിൽ ഒന്നായ ഷാരോണും (Charon ) ഉം ‘Mutual tidal locking’ ൽ ആണ്. പ്ലൂട്ടോയുടെ ഒരു തലം മാത്രം ഷാരോണിലേക്കും, മറിച്ച് ഷാരോണിന്റെ ഒരു തലം മാത്രം പ്ലൂട്ടോയിലേക്കും കാണിച്ച് അവരങ്ങനെ കറങ്ങുന്നു.
Tidal locking പക്ഷെ എപ്പോഴും synchronous ആവണമെന്നില്ല. രണ്ടു വസ്തുക്കളിൽ ഒന്നിന്റെ ഭ്രമണ നിരക്ക് (rotation rate) മാറാത്ത അവസ്ഥ മാത്രമാണ് tidal locking. അതിൽ എപ്പോഴും ഒരു വശം മാത്രമേ കാണിക്കു എന്ന condition ൽ എത്തിച്ചേരണം എന്നില്ല. നമ്മുടെ ചന്ദ്രന്റെ കാര്യത്തിൽ എന്തായാലും അങ്ങനെ ആയി പോയി.
പക്ഷെ നമ്മൾ മനുഷ്യർ ഒരു സവിശേഷ സ്പീഷിസാണല്ലോ. ആകെയുള്ള ഉപഗ്രഹത്തിന്റെ ഒരു മുഖം മാത്രം കണ്ടിട്ട് ഒന്നും നമ്മൾ വെറുതെ ഇരിക്കത്തില്ല.
1959 ൽ, സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലൂണ-3 എന്ന ചുണക്കുട്ടൻ സ്പേസ്ക്രാഫ്റ്റ് , ലോകത്തൊരു മനുഷ്യനും അന്നേവരെ കാണാത്ത ചന്ദ്രന്റെ മറ്റേ മുഖത്തിന്റെ ഫോട്ടോ എടുത്തു. നമ്മൾ കാണുന്ന വശത്തു നിന്നും വളരെ വ്യത്യസ്തമായ ആ മറുവശം ആദ്യമായി അങ്ങനെ നമ്മൾ കണ്ടു. എന്തിന്, 1960 ൽ സോവിയറ്റ് അക്കാദമി ഓഫ് സയൻസസ് ചന്ദ്രന്റെ ആ മറുപാതിയുടെ ഒരു അറ്റ്ലസ് തന്നെ പബ്ലിഷ് ചെയ്തു.
Luna 3 തന്ന ഫോട്ടോ ഇന്നത്തെ ക്വാളിറ്റി അപേക്ഷിച്ചു മോശമായിരിക്കാം. എങ്കിലും ചരിത്രപരമായ ഈ ഫോട്ടോയിൽ മറുവശത്തെ പ്രധാനപ്പെട്ട ഗർത്തങ്ങളും മറ്റും വ്യക്തമാണ്. ഇപ്പോൾ ഇതിലും മികച്ച ഒരുപാട് ചിത്രങ്ങൾ നമുക്കുണ്ട്.
1968 ൽ, NASA യുടെ അപ്പോളോ – 8 ൽ ചന്ദ്രനിലെത്തിയ Frank Borman, James Lovell, William Anders എന്ന 3 അസ്ട്രോണോട്ടുകൾ ചന്ദ്രന്റെ ആ മറുപാതി നേരിൽ കണ്ട ആദ്യത്തെ മനുഷ്യരായി. അവരുടെ സ്പേസ് ക്രാഫ്റ്റ് far side ൽ നിന്നും ഭൂമിയെ കാണാവുന്ന സൈഡിലേക്ക് നീങ്ങവേ അവർ ഒരു കാഴ്ച കണ്ടു. ചന്ദ്രനിൽ നിന്നും ഭൂമി ഉദിക്കുന്ന കാഴ്ച! ആ മനോഹരദൃശ്യം നമുക്ക് വേണ്ടി അവർക്കു പകർത്താൻ കഴിഞ്ഞു. മനുഷ്യനെടുത്തവയിൽ ഏറ്റവും പ്രചോദനപരമായ ഫോട്ടോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൗമോദയം!
എന്തിനേയും കൂടുതൽ അറിയാൻ പ്രേരിപ്പിക്കുന്ന നമ്മൾ മനുഷ്യരുടെ കൗതുകം നമ്മളെ എവിടെ എത്തിച്ചു എന്ന് നോക്കൂ! ഫോട്ടോകളിലൂടെയാണെങ്കിലും, ഇന്ന് ചന്ദ്രന്റെ മറുഭാഗത്തെ നമുക്ക് വ്യക്തമായി അറിയാം.
നിങ്ങൾ ഒന്നു നോക്കിപ്പറഞ്ഞേ, ആ പാതിയാണോ നമ്മൾ കാണുന്ന പാതിയാണോ കൂടുതൽ മനോഹരം?
അധികവായനയ്ക്ക്
- https://moon.nasa.gov/moon-in-motion/
- https://en.wikipedia.org/wiki/Earthrise
- https://en.wikipedia.org/wiki/Far_side_of_the_Moon
- https://en.wikipedia.org/wiki/Giant-impact_hypothesis
- https://en.wikipedia.org/wiki/Luna_3
- https://en.wikipedia.org/wiki/Tidal_locking
അറിവു് പകർന്ന ലേഖനം
അറിവു പകർന്ന ലേഖനം.
മനോഹരമായ ഭാഷയിൽ ഒരുപാട് അറിവുകൾ പകർന്ന കുറിപ്പ്.
അതിസുന്ദരമായ ലേഖനം