ഭക്ഷണം വീട്ടിലുണ്ടാക്കി കഴിക്കുന്നതിനെ എല്ലാവരും പ്രോത്സാഹിപ്പിക്കുന്നു. മാദ്ധ്യമങ്ങളിലെ പാചകപാഠങ്ങള്‍ ആളുകളെ കൂടുതലായി പാചകകലയിലേക്ക് ആകര്‍ഷിക്കുന്നു. പൊതുജനാരോഗ്യ സംവിധാനങ്ങളും ജീവിതശൈലീ വിദഗ്ദ്ധരുമൊക്കെ വീട്ടുഭക്ഷണത്തിന് ഉപദേശിക്കുന്നു. ഒപ്പം ഹോട്ടലുകളിലെ വൃത്തിഹീനമായതും അനാരോഗ്യകരവുമായ സാഹചര്യങ്ങള്‍ അവിടെ നിന്നും ആളുകളെ അകറ്റുന്നുമുണ്ട്.
എന്നാല്‍ നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി വിഭാഗം നടത്തിയ പഠനത്തിലെ വിവരങ്ങള്‍ പ്രകാരം, വീട്ടിലെ പാചകം, സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും കുടുംബത്തില്‍ പൊതുവെയും മാനസിക പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ്.
2 മുതല്‍ 8 വരെ വയസ്സ് പ്രായമുള്ള കുട്ടികളുള്ള വീടുകളാണ് നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്. പാചകത്തിനായി സമയം കണ്ടെത്തുന്നതും വിഭവങ്ങള്‍ തെരഞ്ഞെടുക്കുന്നതും മറ്റുള്ളവരെ ഇഷ്ടാനിഷ്ടങ്ങള്‍ തൃപ്തിപ്പെടുത്തുന്നതും ലഭ്യമായ വരുമാനത്തിനുള്ളില്‍ നിന്ന് ഭക്ഷണത്തിനായുള്ള സാധന – സാമഗ്രികള്‍ സംഘടിപ്പിക്കുന്നതും ഒക്കെ തലവേദനയുണ്ടാക്കുന്ന പണിയാണെന്ന് പഠനത്തില്‍ പങ്കെടുത്ത ഒട്ടുമിക്കവരും അഭിപ്രായപ്പെട്ടു.
മദ്ധ്യവര്‍ഗ്ഗ കുടുംബങ്ങളെ സംബന്ധിച്ച് മികച്ചതും പോഷകമൂല്യമേറിയതും ആരോഗ്യകരവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കുട്ടികള്‍ക്കായി തയ്യാറാക്കുന്നതിന്, പൊള്ളുന്ന വിലകള്‍ തടസ്സം നില്‍ക്കുന്നു. അതേസമയം ദരിദ്ര കുടുംബങ്ങളിലെ സ്ഥിതി ഏറെ ഗുരുതരവുമാണ്. ഭക്ഷണം പോലും കഴിക്കാതെ സാധനങ്ങള്‍ക്കായി വിലക്കുറവുള്ള സാധനങ്ങള്‍ക്കായി ന്യായവില സ്റ്റോറുകളുടെ മുന്നില്‍ ക്യൂ നില്‍ക്കേണ്ടിവരുന്ന അമ്മമാരെയാണ് അവിടെ കാണാന്‍ കഴിയുക.ഇങ്ങനെ ഭക്ഷണത്തിനായി ചെലവിടുന്ന സമയം കുട്ടികള്‍ക്കൊപ്പം ചെലിവിടാന്‍ കഴിയണമെന്നാഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷവും.
വീട്ടുഭക്ഷണം എന്ന ആശയം മനോഹരമാണെങ്കിലും മിക്കകുടുംബങ്ങളിലും അത് യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടുന്നതല്ലെന്ന് ചുരുക്കം.
ഈ പ്രശ്നത്തില്‍ കുടുംബങ്ങളെ സഹായിക്കാനും കുട്ടികള്‍ക്ക് മെച്ചപ്പെട്ട ആഹാരം നല്‍കാനും ക്രിയാത്മകമായ പരിഹാരങ്ങള്‍ സമൂഹം ആലോചിക്കേണ്ടതുണ്ടെന്നും ഈ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ജോലി സ്ഥലത്തും മറ്റുമുള്ള പൊതു അടുക്കള (കമ്മ്യൂണിറ്റി കിച്ചണ്‍) മുതല്‍ സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി വരെ ഇതിന്റെ ഭാഗമായി ആലോചിക്കാവുന്നതാണ്.
ഒറ്റനോട്ടത്തില്‍ ഹോട്ടലുകാരെ സഹായിക്കാനുള്ള പഠനമെന്നും ഇതൊക്കെ അമേരിക്കയിലെ സാഹചര്യങ്ങളാണിതൊക്കെ എന്നും തോന്നാമെങ്കിലും സമാന പ്രശ്നങ്ങള്‍ കേരള സമൂഹവും നേരിട്ടുവരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. പ്രത്യേകിച്ചും, സ്ത്രീകള്‍ അനുഭവിക്കുന്ന ഇരട്ട ചൂഷണത്തിന്റെയും കാണാപ്പണിയുടെയും പശ്ചാത്തലത്തില്‍ ഭക്ഷണത്തിനായി വീടിനെ ആശ്രയിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടി മനസ്സില്‍ വെയ്കുന്നത് നല്ലതാണ്.
[divider]കടപ്പാട് : നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റി
അമേരിക്കയിലെ സാഹചര്യത്തിൽ, അവിടുത്തെ ഒരു ഗവേഷണസംഘം നടത്തിയ പഠനത്തിനെ അതെപോലെ (വള്ളിപുള്ളി വിടാതെ), ഇവിടേയും പ്രസക്തമാണെന്ന ഒരു ധ്വനി ഈ ലേഖനത്തിൽ കാണുന്നു. അതു് ശാസ്ത്രീയ നിലപാടാണെന്നു് തോന്നുന്നില്ല. കേരള സാഹചര്യത്തിൽ സ്ത്രീകൾ പൊതുവെ വളരെ കൂടുതൽ പിരിമുറുക്കം അനുഭവിക്കുന്നുണ്ടെന്നതു് ശരിയാണു്. അതു് നിലനിൽക്കുന്ന കടുത്ത ലിംഗവിവേചനത്തിന്റെ ഫലമാണ്. അല്ലാതെ വീട്ടുഭക്ഷണമോരുക്കലിന്റെ ഫലമാണുെന്നു് കരുതുന്നതു് ശരിയല്ല. വീട്ടിലെ ഭക്ഷണമൊരുക്കലിനു് സ്ത്രീകൾക്കും പുരുഷൻമാർക്കും കൂട്ടത്തരവാദിത്വമുണ്ടെന്ന ആശയത്തെയാണു് പ്രചരിപ്പിക്കേണ്ടതു്. സമൂഹ അടുക്കള, സമൂഹത്തിന്റെ കെട്ടുറപ്പിനു് ഗുണകരമാണെന്നും, അതു് ഭക്ഷണമൊരുക്കലിലെ അദ്ധ്വാനവും, ഊർജ്ജോപയോഗവും ലഘൂകരിക്കുമെന്നും ബോധവൽക്കരിക്കേണ്ടതും പ്രധാനപ്പെട്ട കാര്യമാണു്. സമൂഹ അടുക്കളയിലെ ഭക്ഷണവും, വീട്ടുഭക്ഷണത്തിന്റെ മറ്റൊരു വകഭേദമായി കാണേണ്ടതാണു്.
മറ്റേതെക്കയോ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ, വീട്ടുഭക്ഷണം മൂലമാണെന്നു് തലക്കെട്ടിലടക്കം ധ്വനി വരുന്നതു്, കേരളത്തിലെ സാഹചര്യങ്ങളെ കൂടുതൽ മോശമാക്കാനെ സഹായിക്കുള്ളു.
അനിലേട്ടന്റെ നിരീക്ഷണം ശരിയാണ്. തലക്കെട്ട് ആളുകളെ ആകര്‍ഷിക്കാനായി ബോധപൂര്‍വ്വം ഇട്ടതാവണം. ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍, വാര്‍ത്ത എന്നതിനപ്പുറം വിശകലനത്തിലേക്ക് പോകുന്നതില്‍ പരിമിതി ഉണ്ടവും. സത്യത്തില്‍ ഗവേഷണശാലകള്‍ പുറത്തുവിടുന്ന ഇത്തരം പഠനഫലങ്ങളോട് പ്രതികരിച്ചുകൊണ്ടുള്ള ലേഖനങ്ങളും ലൂക്കയിലുണ്ടാവുകയാണ് വേണ്ടത്. സമൂഹ അടുക്കളകള്‍ എന്ന ആശയം പ്രോത്സാഹിപ്പിക്കേണ്ടതാണ്. അവിടെ പാചകകലയില്‍ പ്രവീണ്യമുള്ളവര്‍ക്ക് സമൂഹത്തിന്റെ അംഗീകാരം ലഭിക്കുന്ന സാഹചരവുമുണ്ടായേക്കും.
തീര്‍ച്ചയായും വീട്ടുഭക്ഷണമൊരുക്കുന്നതില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ ഉത്തരവാദിത്വമുണ്ടാവണം എന്ന ആവശ്യത്തെ ബലപ്പെടുത്തുന്നതിലേക്ക് ഈ ചര്‍ച്ചകള്‍ വികസിക്കണം. ഇത് ഒരു ഗവേഷണ ഫലത്തിന്റെ റിപ്പോര്‍ട്ടാണ്. അത് അതേപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനപ്പുറം കൂടുതല്‍ വിശകലനത്തിന് സാദ്ധ്യതകള്‍ കുറവാണെന്നത് മനസ്സിലാക്കുമല്ലോ… ചര്‍ച്ചകള്‍ നമുക്ക് നടത്തുകതന്നെ വേണം. പ്രതികരണത്തിനും പോരായ്മ ചൂണ്ടിക്കാട്ടിയതിനും അനിലിന് നന്ദി.