‘ ജനം ഭീതിയിൽ, കോന്നിയിൽ കാട്ടുപന്നികളിൽ പന്നിപ്പനി (H1N1) സ്ഥിരീകരിച്ചു” കഴിഞ്ഞ ദിവസം മുഖ്യധാര ഓൺലൈൻ പത്രങ്ങൾ ഉൾപ്പെടെ ചില മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വാർത്തയുടെ തലകെട്ടാണിത്. കോവിഡ് അതിജീവനകാലത്ത് മനുഷ്യരെ ബാധിക്കുന്ന പുതിയൊരു പകർച്ചവ്യാധി കൂടി സംസ്ഥാനത്ത് പൊട്ടിപുറപ്പെട്ടെന്ന വാർത്ത വായിക്കുമ്പോൾ ആരിലും ആശങ്കയുണ്ടാവുക സ്വാഭാവികം. എന്നാൽ കോന്നി വനമേഖലയിൽ ചത്തൊടുങ്ങിയ കാട്ടുപന്നികളിൽ സ്ഥിരീകരിച്ചത് പന്നിപ്പനി അഥവാ സ്വൈൻ ഇൻഫ്ലുൻസ ( Swine influenza / Swine flu / Pig flu/ H1N1 ) അല്ല, മറിച്ച് ക്ലാസിക്കൽ പന്നിപ്പനി ( Classical swine fever / C.S.F.) എന്നറിയപ്പെടുന്ന പന്നികളെ മാത്രം ബാധിക്കുന്ന, പന്നികളിൽ നിന്നും പന്നികളിലേയ്ക്ക് മാത്രം പടരുന്ന രോഗമാണെന്നതാണ് വാർത്തയുടെ കൃത്യമായ വസ്തുത.
പന്നികളിൽ മാത്രം ഒതുങ്ങി കാണുന്ന വൈറസ് രോഗമായ ക്ലാസിക്കൽ പന്നിപ്പനിയും, പന്നികളിൽ നിന്ന് മനുഷ്യരിലേയ്ക്കും രോഗബാധയേറ്റവരിൽ നിന്ന് മറ്റുളളവരിലേയ്ക്കും എളുപ്പത്തിൽ പകരുന്ന H1N1 പന്നിപ്പനിയും തമ്മിൽ മലയാളീകരിക്കുമ്പോഴുള്ള പേരിൽ മാത്രമേ സാമ്യതയുള്ളൂ. ഈ രണ്ട് രോഗങ്ങളും വൈറസ് രോഗങ്ങൾ ആണെങ്കിൽ തന്നെയും രോഗകാരണവും രോഗവ്യാപനവും രോഗാഘാതവും തമ്മിലെല്ലാം അജഗജാന്തരവ്യത്യസമുണ്ടെന്ന് ചുരുക്കം. മാധ്യമങ്ങൾ കേട്ടപാതി കേൾക്കാത്ത പാതി സെൻസേഷൻ മാത്രം ഉന്നം വെച്ച് വാർത്ത കൊടുത്തപ്പോൾ ക്ലാസിക്കൽ പന്നിപ്പനി എന്നത് മാറി പന്നികളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളിൽ ഒന്നായ H1N1 പന്നിപ്പനി രോഗമായി തിരിഞ്ഞു. അല്ലെങ്കിലും ഈ സത്യാനന്തരകാലത്ത് വസ്തുതകൾ മനസ്സിലാക്കി വാർത്ത നൽകാൻ ആർക്കാണ് നേരമുള്ളത് ?.
ക്ലാസിക്കൽ പന്നിപ്പനി പന്നിവളർത്തൽ മേഖലയിലെ വെല്ലുവിളി
ക്ലാസിക്കൽ പന്നിപ്പനിയോളം (ക്ലാസിക്കൽ സ്വൈൻ ഫീവർ / സി. എസ്. എഫ്. ) കർഷകരെ ദുരിതത്തിലാഴ്ത്തുന്ന മറ്റൊരു രോഗം രാജ്യത്തെ പന്നിവളർത്തൽ മേഖലയിൽ ഇല്ലന്ന് തന്നെ പറയാം. പന്നികളിലെ കോളറ രോഗം (ഹോഗ് കോളറ) എന്നറിയപ്പെടുന്നതും ക്ലാസിക്കൽ പന്നിപ്പനി തന്നെയാണ്. പ്രതിവർഷം 400 കോടിയോളം രൂപയാണ് പന്നിപ്പനി കാരണം രാജ്യത്തെ പന്നിവളർത്തൽ മേഖലയ്ക്കുണ്ടാവുന്ന സാമ്പത്തിക നഷ്ടം. കേരളത്തിൽ പന്നിവളർത്തൽ മേഖലയിൽ വളരെ മുൻപ് മുതൽ തന്നെ വ്യാപകമായി ഈ രോഗം കണ്ടുവരുന്നുണ്ട്.
ക്ലാസിക്കൽ പന്നിപ്പനി തടയാൻ വാക്സിൻ
ക്ലാസിക്കൽ പന്നിപ്പനി രോഗം തടയാനുള്ള ഫലപ്രദമായ വാക്സിനുകൾ ഇന്ന് ലഭ്യമാണ്. പന്നിക്കുഞ്ഞുങ്ങൾക്ക് ആറ് – എട്ട് ആഴ്ച / രണ്ടുമാസം പ്രായമെത്തുമ്പോൾ ആദ്യ പന്നിപ്പനി പ്രതിരോധ വാക്‌സിൻ (ഒരു മില്ലി വാക്‌സിൻ പേശിയിൽ ) നൽകണം. ഒരു വർഷം വരെ പ്രതിരോധം നൽകാൻ വാക്‌സിന് ശേഷിയുണ്ടെങ്കിലും നമ്മുടെ നാട്ടിൽ ക്ലാസിക്കൽ പന്നിപ്പനി വളരെ വ്യാപകമായി കാണുന്നതിനാൽ ഓരോ ആറ് – ഒൻപത് മാസം കൂടുമ്പോഴും വാക്സിനേഷൻ ആവർത്തിക്കുന്നത് അഭികാമ്യമാണ്. ബ്രീഡിങിന് ഒന്നോ രണ്ടോ ആഴ്ച മുൻപായി പെൺപന്നികൾക്ക് വാക്‌സിൻ നൽകണം. ഗർഭിണി പന്നികളെ ഈ വാക്‌സിൻ നൽകുന്നതിൽ നിന്ന് ഒഴിവാക്കണം. പ്രതിരോധകുത്തിവെയ്പുകൾ ഒന്നും നല്കിയിട്ടില്ലാത്ത പെൺപന്നികൾക്കുണ്ടാവുന്ന കുഞ്ഞുങ്ങൾ ആണെങ്കിൽ രണ്ടാഴ്ച പ്രായമെത്തുമ്പോൾ ക്ലാസിക്കൽ പന്നിപ്പനിക്കെതിരെയുള്ള വാക്‌സിൻ നൽകണം.
പന്നിഫാമുകളിൽ ക്ലാസിക്കൽ പന്നിപ്പനി തടയാൻ ജൈവസുരക്ഷ
ഫാമിലേയ്ക്ക് പുതുതായി കൊണ്ടുവരുന്ന പന്നികളെ മുഖ്യഷെഡിലെ പന്നികൾക്കൊപ്പം ചേർക്കാതെ മൂന്നാഴ്ചയെങ്കിലും മുഖ്യ ഫാം ഷെഡിൽ നിന്ന് മാറി പ്രത്യേകം മാറ്റിപാർപ്പിച്ച് രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. പ്രജനന ആവശ്യത്തിനായി കൊണ്ടുവരുന്ന ആൺ പന്നികളെ ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലും എങ്കിലും ക്വാറന്റൈൻ ചെയ്യാതെ ബ്രീഡിങ് ആവശ്യത്തിന് ഉപയോഗിക്കരുത്. പുറത്തുനിന്നെത്തിച്ച പ്രതിരോധകുത്തിവെയ്പ് നൽകിയതായി ഉറപ്പില്ലാത്ത പന്നികൾ ആണെങ്കിൽ അവയ്ക്ക് ക്വാറന്റൈൻ കാലയളവിൽ പ്രതിരോധകുത്തിവെയ്പ് നൽകണം. വിപണത്തിനായി ഫാമിൽ നിന്നും പുറത്തുകൊണ്ടുപോവുന്ന പന്നികളെ തിരിച്ച് കൊണ്ടുവരുന്ന സാഹചര്യത്തിൽ രണ്ടാഴ്ചയെങ്കിലും പ്രത്യേകം മാറ്റി പാർപ്പിച്ച് ക്വാറന്റൈൻ നൽകുന്നത് രോഗപകർച്ച തടയും. പുറത്തുനിന്ന് ഫാമിലേക്കുള്ള ഉപകരണങ്ങൾ കൊണ്ടുവരുമ്പോഴും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഫാമിനുള്ളിൽ കയറ്റാവൂ. ബ്ലീച്ചിങ് പൗഡർ 3 ശതമാനം ലായനി, 4 ശതമാനം അലക്കുകാര ലായനി തുടങ്ങിയവ ഫാമുകളിൽ ഉപയോഗിക്കാവുന്ന ചുരുങ്ങിയ ചിലവിൽ എളുപ്പത്തിൽ ലഭ്യമായ അണുനാശിനികളാണ്. ഫാമിനകത്ത് ഉപയോഗിക്കാൻ പ്രത്യേകം പാദരക്ഷകളും വസ്ത്രങ്ങളും കരുതുന്നത് നല്ലതാണ്. ഹോട്ടൽ -മാർക്കറ്റ് -അറവുശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ നന്നായി വേവിച്ചുമാത്രം പന്നികൾക്ക് നല്കാൻ ശ്രദ്ധിക്കണം. കശാപ്പ് നടക്കുന്ന സ്ഥലങ്ങളിലും പന്നി മാംസ വിൽപന കേന്ദ്രങ്ങളിലും പോയി വന്നതിന് ശേഷം വസ്ത്രവും ചെരിപ്പും മാറാതെയും ശുചിയാക്കതെയും ഫാമിനുള്ളിൽ കയറി പന്നികളുമായി ഇടപഴകരുത്. ഈ കരുതലുകൾ ക്ലാസ്സിക്കൽ പന്നിപ്പനിയെ മാത്രമല്ല മറ്റ് രോഗങ്ങളെയും ഫാമിൽ നിന്നും അകറ്റി നിർത്താൻ സഹായിക്കും.
മുമ്പ് പ്രസിദ്ധീകരിച്ചവ