ജി.ഗോപിനാഥൻ
കാലാവസ്ഥാവ്യതിയാനങ്ങളുടെ ഫലമായി അഫ്ഗാനിസ്താനിലെ പാമീര്‍ പര്‍വ്വതപ്രദേശത്ത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഏറെ വര്‍ദ്ധിച്ചിരിക്കുകയാണ്. മേച്ചിലും വിറകുശേഖരണവും ക്രമാതീതമായി വര്‍ദ്ധിച്ചതോടെ പ്രകൃതിക്ഷോഭങ്ങളെ ചെറുത്തിരുന്ന അവിടത്തെ പച്ചപ്പും ഇല്ലാതായി. കൂടാതെ വരള്‍ച്ചയും വന്നുതുടങ്ങി. ജീവിതം നിലനിര്‍ത്താനായി പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യേണ്ടുന്ന സാഹചര്യം മറികടന്നേ’പറ്റൂ എന്നാണ് ആഗാഘാന്‍ ഫൗണ്ടേഷന്‍ പറയുന്നത്.
ചില ചെരിവുകള്‍ മെച്ചപ്പെട്ടുവരുന്നുണ്ട്. മൂവായിരത്തോളം ജനങ്ങള്‍ അധിവസിക്കുന്ന ദുര്‍ഘടമായ ബദക്ഷന്‍ പ്രോവിന്‍സിലെ (Badakhshan province) ദേ-ഷാര്‍ തണ്ണീര്‍ത്തടം അതില്‍പ്പെടുന്നു. യു.എന്‍.ഇ.പി. യുടെയും ആഗാഘാന്‍ ഫൗണ്ടേഷന്റെയും സഹായത്തോടെ പ്രദേശവാസികള്‍ ചെങ്കുത്തായ മലഞ്ചെരിവുകളില്‍ തദ്ദേശീയമായ കുറ്റിച്ചെടികളും മരങ്ങളും വച്ചുപിടിപ്പിക്കുകയും വെള്ളം എളുപ്പം ഒഴുകിപ്പോകുന്നത് തടയാനായി മണ്‍തിട്ടകളുണ്ടാക്കുകയും തോടുകളെ നിയന്ത്രിക്കാന്‍ ചെറിയ ഡാമുകളുണ്ടാക്കുകയും കനാലുകളുടെ ചോര്‍ച്ചയടയ്ക്കുകയും ചെയ്തു. അങ്ങിനെ യൂറോപ്യന്‍ യൂണിയന്റെ ഫണ്ടുപയോഗിച്ചുള്ള ഈ പ്രവര്‍ത്തനം വെള്ളപ്പൊക്കം മണ്ണിടിച്ചില്‍ ഹിമപാതം മുതലായവയില്‍ നിന്ന് രക്ഷയേകി.
വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള ഏറ്റവും നല്ല പരിഹാരം പ്രകൃതിയും മനുഷ്യനിര്‍മ്മിതികളും സംയോജിപ്പിച്ചുകൊണ്ടുള്ളതാണ്. അവ ചെലവു കുറവും എളുപ്പം ചെയ്യാവുന്നതുമാണ്. അഫ്ഗാന്‍പോലുള്ള രാജ്യങ്ങള്‍ക്ക് അത് നിര്‍ണ്ണായകമാണ്. നാല്പതു കൊല്ലത്തെ സായുധ സംഘര്‍ഷങ്ങളും രാഷ്ട്രീയ അസ്ഥിരതയും വ്യാപകമായ വനനശീകരണവും സ്ഥായിത്വമില്ലാത്ത കൃഷിരീതികളും ബലമായ സ്ഥാനഭ്രംശവുമെല്ലാം അവിടെ കൊടുങ്കാറ്റുപോലായിരുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ദാരിദ്ര്യം ഭക്ഷ്യസുരക്ഷയും ഇല്ലാതാക്കി.
കാലാവസ്ഥാ പ്രതിസന്ധി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. അവിടത്തെ ഗ്രാമീണജനത കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ശൈത്യകാലത്തെ ഹിമപാതത്തെയും മഞ്ഞുരുകിയ ജലത്തെയുമാണ്. കാലാവസ്ഥാ വ്യതിയാനം മാറിമാറി വരുന്ന കടുത്ത വരള്‍ച്ചയും മലവെള്ളപ്പാച്ചിലും ഉണ്ടാക്കി, അത് ഗ്രാമങ്ങളെ അവശിഷ്ടങ്ങള്‍ കൊണ്ടുമൂടി. ഇതിനെ മറികടക്കാനായി ചില സമൂഹങ്ങള്‍ പ്രകൃതിദത്തമായ പരിഹാരങ്ങളിലേക്ക് തിരിഞ്ഞു – മരം വച്ചുപിടിപ്പിക്കുന്നതും നിലനില്‍പ്പുള്ള കൃഷിരീതികള്‍ അവലംബിക്കുന്നതും ഉള്‍പ്പെടെ. ദേ-ഷാര്‍ പ്രദേശത്ത് കൃഷിയെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിക്കാനായി ഒരു കിലോമീറ്റര്‍ നീളത്തില്‍ ചിറ കെട്ടി. “പോയകാലത്ത് ഓരോ ശിശിരത്തിലും ഞങ്ങളുടെ ആയിരക്കണക്ക് ഫലവൃക്ഷങ്ങളും മറ്റു മരങ്ങളും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോകുമായിരുന്നു. കുത്തിയൊഴുക്കിനെ തടഞ്ഞതോടെ ജനങ്ങള്‍ ആയിരക്കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിച്ചു. അവര്‍ക്കിപ്പോള്‍ തങ്ങളുടെ ഭൂമി ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്” അവിടത്തെ നേച്ചറല്‍ റിസോഴ്സസ് മാനേജിംഗ് കമ്മിറ്റി തലവന്‍ ഷേര്‍ മുഹമ്മദ് സഫാരി പറഞ്ഞു.
പ്രദേശവാസികള്‍ ആപ്രിക്കോട്ട്, ബദാം, വില്ലോ തുടങ്ങിയ മരങ്ങളുടെ 50,000 തൈകള്‍ നട്ടുപിടിപ്പിച്ചു. ആകെക്കൂടി 190 ഹെക്ടര്‍ ഭൂമി പുനരുജ്ജീവനത്തിന്റെ പാതയിലാണ്. 150 ഹെക്ടര്‍ മേച്ചില്‍ പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുമുണ്ട്. ഇത് മണ്ണൊലിപ്പ് കുറയ്ക്കുന്നു, മണ്ണിലെ ജലാംശം നിലനിര്‍ത്തുന്നു, ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കുന്നു. ചരിഞ്ഞ പ്രദേശങ്ങളില്‍ അനേകം ഹെക്ടര്‍ പ്രദേശത്ത് ആയിരക്കണക്കിന് ഫലവൃക്ഷങ്ങള്‍ നട്ടിട്ടുണ്ട്. മുമ്പ് അവിടെയെല്ലാം കാലിമേച്ചിലിനാണ് ഉപയോഗിച്ചിരുന്നത്, എന്നാലിപ്പോള്‍ ജനങ്ങളവിടം സംരക്ഷിക്കുന്നു, മേയാനുപയോഗിക്കുന്നില്ല.
നാട്ടുകാര്‍ താഴ് വാരങ്ങളില്‍ മാത്രമല്ല, മണ്ണിടിച്ചിലുണ്ടാകുന്ന ചെങ്കുത്തായ പ്രദേശങ്ങളിലും മല മുകളിലും മരം വച്ചുപിടിപ്പിക്കുന്നുണ്ട്. മരം നടുന്നു എന്നതിലല്ല, ഏതിനം ആണെന്നതിലും എവിടെയാണ് നടുന്നതെന്നതിലും അതിന്റെ ഉദ്ദേശമെന്താണെന്നതിലുമാണ് കാര്യം. മരങ്ങളും അവയുടെ ഉല്പന്നങ്ങളും തദ്ദേശവാസികള്‍ക്ക് വരുമാനമുണ്ടാക്കുന്നുണ്ട്. അതേസമയം ആളുകള്‍ വിറകിനായി മേച്ചില്‍ പ്രദേശം വെട്ടിവെളുപ്പിക്കുന്നത് തടയാനായി ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ വീടുകളില്‍ 125 സൗരോര്‍ജ്ജ വാട്ടര്‍ ഹീറ്ററുകള്‍ സ്ഥാപിച്ചുകൊടുത്തിട്ടുണ്ട്. കുളിക്കാനും കഴുകാനുമെല്ലാം അവ ചൂടുവെള്ളം ലഭ്യമാക്കുന്നു.
സംഘര്‍ഷമേഖലയായ വടക്കന്‍ അഫിഗാനിസ്താനില്‍ പരിസ്ഥിതിവ്യൂഹത്തിന്റെ പുരുജ്ജീവനം സമൂഹത്തിലെ ആളുകള്‍ക്ക് ജീവനോപാധികള്‍ ലഭ്യമാക്കുന്നതിലും ഊന്നിക്കൊണ്ടാകണം. അവര്‍ നിലനില്പിനായി പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യാനിടയാക്കുന്ന അവസ്ഥ ഇല്ലാതാകണം. ഈ കാഴ്ചപ്പാടാണ് ഇപ്പോഴുള്ളത്. തങ്ങളുടെ ഗ്രാമത്തില്‍ പ്രോജക്ട് തുടങ്ങിയതിനു ശേഷം ഗ്രാമത്തിലെ മരങ്ങളും കുറ്റിച്ചെടികളും മുറിക്കില്ല എന്ന തീരുമാനത്തിലാണ് ഗ്രാമീണര്‍. ദേ-ഷാര്‍ പ്രദേശത്തിന്റെ അനുഭവം പഠിക്കുന്നതിനും തങ്ങളുടെ പ്രദേശത്തും ഇതുപോലുള്ള പുനരുദ്ധാരണ നടപടികള്‍ സ്വീകരിക്കുന്നതിനുമായി സമീപ ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ അവിടെ സന്ദര്‍ശിക്കാറുണ്ട്.
അധികവായനയ്ക്ക്