ഫേസ്ബുക്കിന്റെ അൽഗൊരിതത്തിന് എന്ത്പറ്റി ?

സുജിത് കുമാർ സുജിത് കുമാർ

ഫേസ്ബുക്കിന്റെ അൽഗോരിതത്തെ മറികടക്കാനായി വെറുതേ കമന്റ് ചെയ്യാനും ലൈക്ക് ചെയ്യാനും പറഞ്ഞുകൊണ്ട് കുറേ പോസ്റ്റുകൾ ഒരു സ്പാമിന്റെ സ്വഭാവത്തോടെ കറങ്ങി നടക്കുന്നുണ്ടല്ലോ. ഇതുകൊണ്ട്  വല്ലകാര്യവുമുണ്ടോ ?

ഫേസ്ബുക്കിന്റെ അൽഗോരിതത്തെ മറികടക്കാനായി വെറുതേ കമന്റ് ചെയ്യാനും ലൈക്ക് ചെയ്യാനും പറഞ്ഞുകൊണ്ട് കുറേ പോസ്റ്റുകൾ ഒരു സ്പാമിന്റെ സ്വഭാവത്തോടെ കറങ്ങി നടക്കുന്നുണ്ടല്ലോ. മൊബൈൽ ഫോണിന്റെ നാലിഞ്ച് വലിപ്പമുള്ള സ്ക്രീനിലും വെബ് ബ്രൗസറിലെ വിസിബിൾ പോർഷനിലും നിങ്ങൾ ഫോളോ ചെയ്തിട്ടുള്ളതും നിങ്ങളുടെ സുഹൃത്ത് ആയിട്ടുള്ളതും ആയ ആയിരക്കണക്കിനാളുകളുടെ പോസ്റ്റുകളും അതിനിടെ നിങ്ങൾക്ക് താല്പര്യമുണ്ടെന്ന് കരുതുന്ന പരസ്യങ്ങളുമൊക്കെ കാണിക്കാൻ ഫേസ്ബുക്ക് എപ്പോഴും പുതുക്കിക്കൊണ്ടിരിക്കുന്നതും എന്നാൽ അടിസ്ഥാനപരമായ കാര്യങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഇല്ലാത്തതുമായ ഒരു അൽഗോരിതം ഉപയോഗിക്കുന്നുണ്ട്. ഈ അൽഗോരിതം പ്രത്യക്ഷമായും പരോക്ഷമായും ഉള്ള കുറേ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഈ ഓരോ ഘടകങ്ങൾക്കും എത്രയാണ്‌ റാങ്ക് നിശ്ചയിച്ചിരിക്കുന്നത് എന്ന് ഫേസ്ബുക്കിനു മാത്രമേ അറിയൂ. എങ്കിലും ചില ഊഹങ്ങളൊക്കെ നമുക്ക് നടത്താവുന്നതാണ്‌.

ഒരു വ്യക്തിയുടെ താല്പര്യം ഓട്ടോമാറ്റിക് ആയി കണ്ടുപിടിക്കുക എന്നതിനു പല പരിമിതികളുമുണ്ടെന്നതിനാൽ ഫേസ്ബുക്ക് തന്നെ നിങ്ങളോട് നിങ്ങളുടെ ഇഷ്ടവും ആരെയൊക്കെ Follow ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും ആരൊക്കെ സീ-ഫസ്റ്റ് ആയി കാണിക്കണമെന്നുമൊക്കെ ചോദിക്കും. പൊതുവേ ഏത് അൽഗോരിതം അപ്ഡേറ്റ് ആണെങ്കിലും ന്യൂസ് ഫീഡിൽ പോസ്റ്റുകൾ കാണിക്കുമ്പോൾ ഇവയ്ക്ക് തന്നെ ആയിരിക്കും പ്രാധാന്യം നൽകുക.

ഇതല്ലാതെ അൽഗോരിതം തെരഞ്ഞെടുക്കുന്ന പോസ്റ്റുകളിൽ ആണ്‌ നേരത്തേ സൂചിപ്പിച്ച ‘സിഗ്നലുകൾ’ എന്നറിയപ്പെടുന്ന ഘടകങ്ങൾ വരുന്നത്. ഇവയിൽ തന്നെ പ്രത്യക്ഷമായതും പരോക്ഷമായതുമായ സിഗ്നലുകൾ ഉണ്ട്. പ്രത്യക്ഷമായതിൽ പെട്ടതാണ്‌ “ഇന്റർറാൿഷൻ”. അതായത് ഒരു വ്യക്തിയുടെ പോസ്റ്റുകളിൽ കമന്റു ചെയ്യുക, കമന്റുകൾക്ക് മറുപടി നൽകുക, വ്യക്തിയുടെ പ്രൊഫൈൽ തേടിപ്പിടിച്ച് പോയി കമന്റ് ചെയ്യുക, മെസഞ്ചറിൽ ചാറ്റ് ചെയ്യുക, പോസ്റ്റുകളിലും കമന്റുകളിലും മെൻഷൻ ചെയ്യുക എന്നിവയൊക്കെ ചെയ്താൽ പ്രസ്തുത വ്യക്തിയുമായി നിങ്ങളുടെ ഇന്ററാൿഷൻ മെട്രിക്സ് (Interaction Metrix ) കൂടുകയും അയാളുടെ പോസ്റ്റുകൾ നിങ്ങളുടെ ന്യൂസ് ഫീഡിൽ മുൻഗണന നൽകുകയും ചെയ്യുന്നു. ഇതും സ്ഥായി ആയത് ആയിരിക്കില്ല. നിശ്ചിത സമയക്രമത്തേക്ക് മാത്രമായി പരിമിതപ്പെടുകയും ചെയ്തേക്കാം. അതായത് കുറച്ചു കാലം ഇന്ററാൿഷനുകൾ ഒന്നും ഇല്ലെങ്കിലോ മറ്റ് മെട്രിക്സുകൾക് കൂടുതൽ പ്രാധാന്യം ലഭിക്കുമ്പോഴോ ഇതിനു മാറ്റം വരാം.

വെറും ലൈക്കുകളേക്കാൾ ഫേസ്ബുക്ക് റിയാൿഷനുകൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. ഒരാളെ അൺഫോളോ ചെയ്തു കഴിഞ്ഞാൽ പിന്നെ നിങ്ങൾ എന്തൊക്കെ ചെയ്താലും അയാളുടെ പോസ്റ്റ് കണ്ടന്റുകൾ നിങ്ങളുടെ ന്യൂസ് ഫീഡിൽ വരാതിരിക്കാൻ ഫേസ്ബുക്ക് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രത്യക്ഷമായ സിഗ്നലുകൾക്ക് പുറമേ ഒരു പോസ്റ്റിൽ നിങ്ങൾ ചെലവഴിക്കുന്ന സമയം, നിങ്ങൾ ഇന്ററാക്റ്റ് ചെയ്ത പോസ്റ്റുകൾ ഏത് വിഭാഗത്തിൽപ്പെടുന്നു എന്ന് മനസ്സിലാക്കി അത്തരം പോസ്റ്റുകൾ കൂടുതൽ ഫീഡിൽ എത്തിക്കുക, പോസ്റ്റുകളുടെ സമയം, ലൊക്കേഷൻ, നിങ്ങൾ വീഡിയോ കണ്ടന്റ് കൂടുതൽ ഇഷ്ടപ്പെടുന്നവയാണെങ്കിൽ അവയ്ക്ക് കൂടുതൽ പ്രാധാന്യം അങ്ങനെ ഒരു കൂട്ടം പരോക്ഷമായ കാര്യങ്ങളും ന്യൂസ് ഫീഡ് മെട്രിക്സിനായി ഫേസ്ബുക്ക് ഉപയോഗിക്കുന്നു.

അതിനാൽ ഇതിനെക്കുറിച്ച് കാര്യമായി തലപുകച്ചിട്ട് യാതൊരു പ്രയോജനവുമില്ല. ചില അപ്ഡേറ്റുകൾ വരുമ്പോൾ ഉണ്ടാകുന്ന ബഗ്ഗുകൾ നിമിത്തം ചിലപ്പോൾ പലരുടേയും പോസ്റ്റുകൾ കാണാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. അത് ആ ബഗ്ഗുകൾ പരിഹരിക്കപ്പെടാത്തിടത്തോളം കാലം ഒരു ഫേസ് ബുക്ക് യൂസർ എന്ന നിലയിൽ എന്തൊക്കെ ചെയ്തിട്ടൂം യാതൊരു പ്രയോജനവും ഉണ്ടാകാനും പോകുന്നില്ല. ഒരു സോഷ്യൽ നെറ്റ് വർക്ക് എന്ന നിലയിൽ ഒരു യൂസറുടെ സ്വാഭാവിക താല്പര്യങ്ങൾ സംരക്ഷിച്ച് ന്യൂസ് ഫീഡ് ഒപ്റ്റിമൈസ് ചെയ്തില്ലെങ്കിൽ ഫേസ്ബുക്കിനെപ്പോലെയുള്ള ഒരു സംവിധാനത്തിനു നിലനില്പില്ല.

അതിനാൽ നമുക്ക് ഇഷ്ടമുള്ളവരുടെ പോസ്റ്റുകളും ഇഷ്ടമുള്ള വാർത്തകളും നഷ്ടമാകരുത് എന്ന് ആഗ്രഹമുണ്ടെങ്കിൽ അവരെ സീ ഫസ്റ്റ് ആയും ക്ലോസ് ഫ്രണ്ട് ആയുമൊക്കെ സെറ്റ് ചെയ്യുക. ഏത് തരത്തിലുള്ള പോസ്റ്റുകൾ ആണ്‌ താല്പര്യമെന്ന് പ്രൊഫൈൽ സെറ്റിംഗ്സിൽ വിവരങ്ങൾ നൽകുക.. സ്പാം ചെയ്യാതിരിക്കുക

വാൽക്കഷ്ണം : ഫേസ്ബുക്കിനൊപ്പം മറ്റ് സ്വതന്ത്ര ആൾട്ടര്‍നേറ്റീവുകള്‍ക്കും പ്രാധാന്യം കൊടുത്ത് തുടങ്ങുക. ട്വിറ്റർ ഈയിടെ CAAക്കെതിരെ പോസ്റ്റിട്ട അനുരാഗ് കശ്യപിന്റെ ഫോളോവേഴ്സിനെ കുത്തനെ താഴ്ത്തിയത് ശ്രദ്ധിച്ചിരിക്കുമല്ലോ. ട്വിറ്ററുപയോഗിക്കുന്നവർ അറ്റ്ലീസ്റ്റ് മസ്റ്റഡോണിലെക്കെങ്കിലും വരുക. ഒന്നുമില്ലാതാകുന്ന കാലത്ത് അതൊക്കെയേ കാണൂ…

 

Leave a Reply