Read Time:15 Minute
ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കോഴ്സ് 2023 ഏപ്രിൽ 1 ന് ആരംഭിക്കും. കടപ്പാട് : സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പരിണാമ വിജ്ഞാനകോശം
രിണാമത്തിന് ഏറ്റവും ശക്തമായ തെളിവുകളിലൊന്നാണ് കുതിരയുടെ പരിണാമചരിത്രം. ഇത് ഏതാണ്ട് പൂർണമായിത്തന്നെ ഫോസിലുകളിൽനിന്ന് വ്യക്തമായിട്ടുണ്ട്. 6 കോടി വർഷങ്ങൾക്ക് മുൻപ് ഇയോസീൻ കാലം മുതൽ ഫോസിലുകൾ ലഭിച്ചു. ഇരുപതോളം ജീനസുകളും നിരവധി സ്പീഷീസുകളും അടങ്ങുന്നതാണ് കുതിരയുടെ ഫോസിൽ കുടുംബം. പല ശാഖകളായി പരിണാമം നടന്നതിൽ ഒന്നു മാത്രമാണ് ഇന്നത്തെ ഇക്വസ് എന്ന ജീനസ്സിൽ അവസാനിച്ചത്. കുതിരകൾ, കഴുതകൾ, സീബ്ര എന്നിവയാണ് ഈ ജീനസ്സിലുള്ളത് (കുതിരയുടെ പരിണാമകഥ കഴുതയുടെതും സീബ്രയുടെതും കൂടിയാണ്). മറ്റു ജീനസ്സുകൾക്കെല്ലാം വംശനാശം സംഭവിച്ചു.

സസ്തനി വിഭാഗത്തിൽ പെരിസ്സാഡാക്ടൈല (Perissodactyla) എന്ന വിഭാഗത്തിലാണ് കുതിരകൾ ഉൾപ്പെടുന്നത്. ഒറ്റക്കുളമ്പുള്ള മൃഗങ്ങളാണ് ഈ വിഭാഗത്തിൽ ഉള്ളത്.

പരിണാമത്തിന്റെ കേന്ദ്രം

ഇയോസീൻ കാലത്ത് ആദ്യം പ്രത്യക്ഷപ്പെട്ട കുതിര പൂർവികൻ ഹെറാകോതീരിയം (Hyracotherium) ആണ്. ആഫ്രിക്കയിലും യൂറോപ്പിലും നിന്ന് ഇതിന്റെ ഫോസിലുകൾ ലഭിച്ചു. ഇതേകാലത്ത് വടക്കേ അമേരിക്കയിലുണ്ടായിരുന്ന കുതിരകൾ ഇയോഹിപ്പസ് (Eohippus) എന്ന പേരിലാണ് അറിയപ്പെടുന്നത്. രണ്ടും സമാന സ്വഭാവങ്ങൾ കാണിച്ചു. ഇയോസീൻ കാലം അവസാനിച്ചതോടെ ഏഷ്യയിലും യൂറോപ്പിലും ഹൈറാകാതീരിയത്തിന് വംശനാശം സംഭവിച്ചു. തുടർന്ന് കുതിര പരിണാമം നടന്നത് വടക്കേ അമേരിക്കയിലാണ്. പില്ക്കാലത്ത് പല കുതിരകളും യുറേഷ്യയിലേക്കും തെക്കേ അമേരിക്കയിലേക്കും വ്യാപിച്ചു. വടക്കേ അമേരിക്കയാണ് കുതിര പരിണാമത്തിന്റെ കേന്ദ്രം.

ഹെറാകോതീരിയം (Hyracotherium)യുടെ വലിപ്പം വീട്ടുപൂച്ചയുമായി താരതമ്യം ചെയ്യുമ്പോൾ

ഇയോസീൻ കുതിരകൾ

ഹൈറാകോതീരിയം (ഇയോഹിപ്പസ്) എന്ന ആദ്യ കുതിരയ്ക്ക് ഒരു നായയുടെ വലുപ്പമേ ഉണ്ടായിരു ന്നുള്ളു. പുറംഭാഗം ആർച്ചുപോലെ വളഞ്ഞതായിരുന്നു. 25 മുതൽ 50 വരെ സെന്റിമീറ്റർ ആയിരുന്നു ഉയരം. മുൻകാലുകളിൽ നാലും പിൻകാലുകളിൽ മൂന്നും വീതം വിരലുകളുണ്ടായിരുന്നു. മധ്യഭാഗത്തെ വിരലുകൾ മറ്റു വിരലുകളെക്കാൾ വലുപ്പം കാണിച്ചു. നടക്കുമ്പോൾ എല്ലാവിരലുകളും നിലത്ത് പതിഞ്ഞിരുന്നു. അധികം ഉറപ്പില്ലാത്ത ഇലകളായിരുന്നു ആഹാരം എന്ന് പല്ലുകളുടെ ഘടനയിൽനിന്ന് ഊഹിക്കാം.

ഇയോസീൻ കാലത്തെ ചൂടുള്ള ആർദ്രമായ കാലാവസ്ഥ സസ്യങ്ങളുടെ വളർച്ചയ്ക്കു ഏറ്റവും അനുകൂലമായിരുന്നു. വടക്കേ അമേരിക്കയിലെ കാടുകളും വിശാലമായ പുൽമേടുകളും ഇക്കാലത്താണ് രൂപപ്പെട്ടത്. കുതിരയുടെ പരിണാമത്തിന് ഇതെല്ലാം അനുകൂല ഘടകങ്ങളായിരുന്നു.

ഹൈറാകോതീരിയത്തിൽനിന്നും ആധുനിക കുതിരയിലെത്തുമ്പോഴേക്കും വലുപ്പത്തിലും ശരീരഘടനയിലും ധാരാളം മാറ്റങ്ങൾ സംഭവിച്ചു. പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്.

  1. ഉയരം ക്രമേണ വർധിച്ചുവന്നു.
  2. കൈകാലുകൾക്ക് നീളം കൂടി.
  3. മധ്യഭാഗത്തെ വിരലുകൾ വലുതായിവന്നു. വശങ്ങളിലെ വിരലുകൾ ചെറുതായി വന്ന് അവസാനം അപ്രത്യക്ഷമായി.
  4. മുതുക് ഭാഗം നേർരേഖയിലായി.
  5. പല്ലുകളുടെ ഘടനമാറി. ഉളിപ്പല്ലുകൾക്ക് വീതി കൂടി. അണപ്പല്ലുകളുടെ ക്രൗൺ ഭാഗത്തിന്റെ പാറ്റേൺ മാറി. ഇലകൾ തിന്നുന്ന സ്വഭാവത്തിൽനിന്ന് പുല്ലുമേ യുന്ന രീതിയിലേക്ക് ഭക്ഷണശീലം മാറി.
  6. തലയുടെ മുൻഭാഗത്തിന് നീളം കൂടി. ഇയോസീൻ കാലത്തു തന്നെ ഇയോഹിപ്പസിന്റെ പിൻഗാമികളായി

ഓറോഹിപ്പസും (Aurohippus), എപ്പി ഹിപ്പസും (Epihippus) പ്രത്യക്ഷപ്പെട്ടു. ഓറോഹിപ്പസിന് ഇയോഹിപ്പസിനെക്കാൾ ഉയരമുണ്ടായിരുന്നു. മുൻകാലുകളിൽ മധ്യത്തിലുള്ള വിരൽ കുറച്ചുകൂടി വലുതായി. അഞ്ചാമത്തെ വിരലിന്റെ സ്ഥാനത്തുണ്ടായിരുന്ന നാരു പോലുള്ള അസ്ഥി അപ്രത്യക്ഷമായി. മൂന്നാമത്തെയും നാലാമത്തെയും പ്രീമോളാർ (Premolar) പല്ലുകൾ മോളാർ (molar) പല്ലുകളെപ്പോലെ ആവാൻ തുടങ്ങിയതാണ് മറ്റൊരു മാറ്റം.

എപ്പിഹിപ്പസിൽ എത്തുമ്പോഴേക്കും മൂന്നാമത്തെയും നാലാമത്തെയും പ്രീമോളാറുകളുടെ മാറ്റം പൂർണമായി. അസ്ഥിഘടനയിൽ കൂടുതൽ പുരോഗതി ഉണ്ടായില്ല.

ഒലിഗോസീൻ കുതിരകൾ

ഒലിഗോസീൻ കാലത്ത് വടക്കേ അമേരിക്കയിലെ കാലാവസ്ഥ കൂടുതൽ വരണ്ടതായിരുന്നു. പുൽമേടു കളും പ്രയറികളും കൂടുതൽ വ്യാപകമായിത്തീർന്നു. മീസോഹിപ്പസ് (Mesohippus), മയോഹിപ്പസ് (Miohippus) എന്നിവയാണ് ഈ കാലത്തെ കുതിര ഫോസിലുകൾ. മീസോഹിപ്പസിന് ഏതാണ്ട് ഇന്നത്തെ ചെമ്മരിയാടിന്റെ ഉയരമുണ്ടായിരുന്നു. കാഴ്ചയിൽ ഇത് കുതിരയെ പോലെ യായിരുന്നു. മുൻകാലിലും പിൻകാലിലും മൂന്ന് വിരലുകൾ മാത്രമാണുണ്ടായിരുന്നത്. മധ്യഭാഗത്തെ വിരലുകൾ കൂടുതൽ വലുതായി. ഉളിപ്പല്ലുകൾ ഇലകൾ കടി ച്ചുതിന്നാൻ പറ്റിയവയായിരുന്നു. പ്രീമോളാർ പല്ലുകളും മോളാർ പല്ലുകളും കൂടുതൽ സാമ്യം കാണിച്ചു.

മീസോഹിപ്പസ് (Mesohippus)

ഒലിഗോസീൻ കാലത്തിന്റെ അവസാനകാലത്താണ് മയോഹിപ്പസ് പരിണമിച്ചുണ്ടായത്. മീസോഹിപ്പസിനെക്കാൾ കുറച്ചുകൂടി ഉയരമുണ്ടായിരുന്നു. ഇലകളും ഉറപ്പില്ലാത്ത ശാഖകളും ഇത് ആഹാരമാക്കി

മീസോഹിപ്പസ് (Mesohippus)

മയോസീൻ കുതിരകൾ

മയോസീൻ കാലത്ത് കാടുകളുടെ വിസ്തൃതി കുറഞ്ഞ് പ്രയറി പ്രദേശങ്ങൾ കൂടുതൽ വ്യാപകമായി. ഇലകൾ കടിച്ചു പറിക്കുന്ന ഭക്ഷണരീതിയിൽനിന്ന് പുല്ല മേയുന്ന ഭക്ഷണരീതിയിലേക്കു കുതിരകൾ മാറിയത് ഇക്കാലത്താണ്. മയോഹിപ്പസിൽനിന്ന് പലദിശകളിലും പരിണാമം നടന്നു. ഇതിൽ ആൻജിത്തീരിയം (Angithe rium), ഹൈപ്പോ ഹിപ്പസ് (Hypohippus), ആർക്കിയോഹി പ്പസ് (Archiohippus) എന്നീ ജീൻസുകൾ ഉപശാഖകളായി പരിഗണിക്കാം. മയോഹിപ്പസിൽ നിന്ന് ചെറിയ മാറ്റങ്ങളേ ഇവയിലുണ്ടായിരുന്നുള്ളു. മയോസീൻ കാലത്തു തന്നെ ഇവയ്ക്ക് വംശനാശം വന്നു.

ആധുനിക കുതിരകളിലേക്കു നയിച്ച് പരിണാമശാ ഖയെ ഇക്കാലത്ത് പ്രതിനിധീകരിക്കുന്നത് പാരാഹിപ്പസ് (Parahippus), മെരിച്ചിപ്പസ് (Merichippus) എന്നീ ജീനസുകളാണ്. പാരാഹിപ്പസിൽ വായിൽ ഡയസ്റ്റെമ (diastema- ഉളിപ്പല്ലുകൾക്കും പ്രീമോളാറുകൾക്കും ഇടയ്ക്കുള്ള ഒഴിഞ്ഞഭാഗം) എന്ന ഭാഗം വികസിച്ചിരുന്നു. മോളാർ പല്ലുകൾ കൂടുതൽ വലുതായി. തല കൂടുതൽ നീളം വച്ചു. കാലുകൾക്ക് നീളം കൂടിയതും മധ്യവിരൽ കൂടു തൽ വലുതായതും മറ്റ് മാറ്റങ്ങളാണ്. പുറംഭാഗം കൂടു തൽ നേർരേഖയിലായി. ആധുനിക കുതിരകളിലേക്ക് നയിച്ച പ്രധാന മാറ്റങ്ങളെല്ലാം പാരാഹിപ്പസിൽ പ്രകട മായിരുന്നു.

മെരിച്ചിപ്പസ് ആധുനിക കുതിരയിലേക്ക് നയിച്ച പരി ണാമ ദിശയിലെ ഏഴാമത്തെ ജീനസ്സാണ്. ഇതിന് കാലു കളിൽ മൂന്ന് വിരലുകളായിരുന്നെങ്കിലും വശങ്ങളിലേത് കൂടുതൽ ചെറുതായിരുന്നു. പുല്ലുമേയാൻ വേണ്ട അനു കുലനങ്ങൾ ഏതാണ്ട് പൂർണമായത് മെരിച്ചിപ്പസിലാണ്. മോളാർ പല്ലുകളുടെ കൗൺഭാഗം ഉയർന്നു. കണ്ണിന്റെ മുൻഭാഗത്ത് തല നീളം വച്ചതോടെ ആധുനിക കുതി രകളോടുള്ള സാദൃശ്യം ഏതാണ്ട് പൂർണമായി. ഇതിന്റെ ശരാശരി ഉയരം 40 ഇഞ്ചോളം ആയിരുന്നു.

പ്ലിയോസീൻ കുതിരകൾ

മയോസീനിനവസാനം മെരിച്ചിപ്പസിൽ നിന്ന് പല ദിശകളിൽ പരിണാമം നടന്നു. ഇതിൽ പ്ലിയോഹിപ്പസ് (Pliohippus) ആണ് ആധുനിക കുതിരകളുടെ മുൻഗാമി. ഹിക്കാരിയോൺ (Hipparion), നാനിഹിപ്പസ് (Nannihippus), ഹിപ്പിഡിയോൺ (Hippidion) എന്നിവയും ഇക്കാലത്ത് വ്യാപകമായിരുന്നു. കൂടുതൽ പുരോഗമിച്ച കുതിരകൾക്ക് ജന്മം നൽകാതെ ഇവയ്ക്കു വംശനാശം സംഭവിച്ചു. ഹിപ്പാരിയോണിൽ പല്ലുകളുടെ ഘടനയിൽ മാറ്റം വന്നെങ്കിലും കാലുകളിലെ മൂന്ന് വിരലുകൾ മെരിച്ചിപ്പസിലുള്ള പോലെ തന്നെ തുടർന്നു. യൂറേഷ്യയിലേക്ക് കുടിയേറി വ്യാപകമായെങ്കിലും പ്ലീസ്റ്റോസീൻ കാലത്ത് ഇവ നശിച്ചു. മറ്റ് രണ്ട് ജീനസുകളിലും 3 വിരലുകളുള്ള അവസ്ഥതന്നെ തുടർന്നു. ഹിപ്പിഡിയോൺ തെക്കേ അമേരിക്കയിലേക്ക് വ്യാപിച്ചു. പ്ലീസ്റ്റോസീൻ കാലം വരെ ഇത് തെക്കേ അമേരിക്കയിലുണ്ടായിരുന്നു.

പ്ലിയോ ഹിപ്പസിനും കഴുത്തിന്റെ ഭാഗത്ത് 40 ഇഞ്ചോളം ഉയരമുണ്ടായിരുന്നു. മുൻകാലുകളിലും പിൻകാലുകളിലും വിരലുകളുടെ എണ്ണം ഒന്നായി ചുരുങ്ങിയതാണ് പ്രധാനമാറ്റം. മുകളിലെ മോളാർ പല്ലുക ളുടെ ക്രൗൺ ഭാഗം ആധുനിക കുതിരകളിലുള്ളതു പോലെ മാറി. തലയോടിൽ കണ്ണുമുതൽ മുന്നോട്ടുള്ള ഭാഗം മെറിച്ചിപ്പസ്സിലുള്ളതിനെക്കാൾ നീളം വച്ചു.

ആധുനിക കുതിരകൾ

ആധുനിക കുതിരകൾ, കഴുതകൾ, സീബ്രകൾ എന്നിവ ഉൾപ്പെടുന്ന ഇക്വസ് (Equus) എന്ന ജീനസ് പ്ലിയോഹിപ്പസ്/ ഡൈനോഹിപ്പസിന്റെ പിൻഗാമിയാണ്. മോളാർ പല്ലുകളുടെ ക്രൗൺ ഭാഗം നീളുന്ന പ്രവണത പൂർണമായതും ഇനാമലിന്റെ വരമ്പുകൾ രൂപപ്പെട്ടതും ഉണക്കപ്പുല്ലുകൾപോലും ചവച്ചരക്കാൻ ഇവയെ പ്രാപ്തമാക്കി. ഒറ്റവിരലുകളുടെ അറ്റത്തുള്ള കുളമ്പുകൾ കൂടുതൽ ശക്തമായി. ഏതാണ്ട് 5 അടിയോളം ഉയരം ആദ്യമേതന്നെ ഇവയ്ക്കുണ്ടായിരുന്നു. ഇക്വസ് എന്ന ജീനസ് യൂറേഷ്യയിലും തെക്കേ അമേരിക്കയിലും ആഫ്രിക്ക യിലും വ്യാപിച്ചു. മനുഷ്യൻ വളർത്തുന്ന ഇനങ്ങൾക്ക് പുറമേ വന്യസ്പീഷീസ് കുതിരകളും കഴുതകളുമുണ്ട്.

പരിണാമകാലം

ഏകദേശം 5 കോടി വർഷങ്ങളെടുത്താണ് ഹൈറാ കോതീരിയം പൂർവികനിൽനിന്നും ഇക്വസ് പരിണമിച്ചുണ്ടായത്. ഇതിനിടയ്ക്ക് 15 ദശലക്ഷം തലമുറകളെങ്കിലും ഉണ്ടാവും. കാലാവസ്ഥയിൽ വന്ന മാറ്റങ്ങൾ, സസ്യഘടനയിൽ വന്ന മാറ്റങ്ങൾ എന്നിവ കുതിരപ്പരിണാമത്തെ നയിച്ച ഘടകങ്ങളാണ്. പരിണാമം നടക്കുക നേർവഴി യിലല്ലെന്നും ശാഖോപശാഖകളായാണെന്നുമുള്ള പൊതുതത്ത്വവും കുതിരപ്പരിണാമ ചരിത്രം കാണിക്കുന്നുണ്ട്.

സാധാരണ സസ്തനികളിൽ നിന്ന് കുതിരകളുടെ വിശേഷവത്കരിച്ച ഘടനയിലെത്തുന്നത് കുറെ ഇടനില ഫോസിലുകളിലൂടെ കൃത്യതയോടെ വിവരിക്കാൻ പറ്റു ന്നതിനാലാണ് കുതിരകളുടെ ഫോസിൽ ചരിത്രം പരിണാമ സിദ്ധാന്തത്തിന് ശക്തമായ തെളിവാകുന്നത്.


കോഴ്സ് പേജ് സന്ദർശിക്കാം
Happy
Happy
15 %
Sad
Sad
0 %
Excited
Excited
77 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
8 %

One thought on “കുതിരയുടെ പരിണാമം

Leave a Reply

Previous post പ്ലാസ്റ്റിക് കത്തുമ്പോൾ
Next post എന്താണ് പങ്ച്യുവേറ്റഡ് ഇക്വിലിബ്രിയം ?
Close