ആവർത്തനപ്പട്ടികയുടെ പുതിയ ഭാഷ്യം

ജി ഗോപിനാഥൻ

 

ഏവർക്കും സുപരിചിതമാണ് ആവർത്തനപ്പട്ടിക. മൂലകങ്ങളെയെല്ലാം അനുക്രമമായി നിരത്തിവയ്ക്കുന്ന ഈ പട്ടിക പഠനരംഗത്തും ശാസ്ത്രരംഗത്തും നൽകുന്ന സേവനം അതുല്യമാണ്എന്നാൽ പുതുമയാർന്ന മറ്റൊരു ആവർത്തനപ്പട്ടിക അവതരിപ്പിക്കുകയാണ് യൂറോപ്യൻ കെമിക്കൽ സൊസൈറ്റി. പക്ഷേ ഈ പട്ടികയിൽ എല്ലാ മൂലകങ്ങളുമില്ല. തൊണ്ണൂറ് പ്രകൃതിദത്തമായ മൂലകങ്ങൾ മാത്രം. അതായത് ഭൂമിയിലുള്ള എല്ലാത്തിന്റെയും നിർമ്മിതിയിൽ പങ്കു വഹിക്കുന്നവ മാത്രംഈ പട്ടിക കാണിക്കുന്നത് ഭൂമിയിൽ അവയോരോന്നും ഇപ്പോൾ എത്രമാത്രമുണ്ട്, ആവശ്യത്തിനു തികയുമോ, എത്രയ്ക്ക് സ്ഥായിത്വം ഉണ്ട് എന്നൊക്കെയാണ്. ആവർത്തനപ്പട്ടികയുടെ അന്താരാഷ്ട്ര വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി 2019 ൽ അവർ തന്നെ പ്രസിദ്ധീകരിച്ച പട്ടികയുടെ പരിഷ്കൃത രൂപമാണിത്. അതാണ് ആവത്തനപ്പട്ടികയുടെ പുതിയ ഭാഷ്യം

 ഭൂമിയിൽ ഏറ്റവുമധികമുള്ള മൂലകം എല്ലാവരും കരുതുന്നതുപോലെ ഓക്സിജൻ തന്നെയാണ്. തൊട്ടടുത്ത് സിലിക്കണും ഹൈഡ്രജനും. എന്നാൽ ഇതൊക്കെ എത്രമാത്രമുണ്ടെന്ന് കൃത്യമായി പറയാനാകില്ല, കാരണം ചിത്രരൂപത്തിൽ ഉണ്ടാക്കിയിട്ടുള്ള ഈ പട്ടികയിൽ അളവിനെ കാണിക്കുന്ന സംഖ്യകളില്ല എന്നതു തന്നെ. ചിത്രത്തിലെ ഓരോന്നിന്റെയും സാന്നിദ്ധ്യം പറയുന്ന ഭാഗത്തിന്റെ വിസ്തൃതി ആണ് അളവു സൂചിപ്പിക്കുന്നത്. അതായത് മൂലകത്തിന്റെ എണ്ണം ലോഗരിതമിക് സ്കെയിലിൽ കണക്കാക്കി അതിന്റെ വലിപ്പത്തിനനുസരിച്ചാണ് ചിത്രത്തിൽ കൊടുത്തിരിക്കുന്നത്. ഈ പട്ടിക തരുന്ന മറ്റൊരു വലിയ പാഠം ഭൂമിയിലെ വിഭവങ്ങൾ ഇനിയും എത്രകാലം നിലനിൽക്കും എന്നതിലേക്കുള്ള ഒരു വഴികാട്ടിയാണെന്നതാണ്.

ലഭ്യത അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുന്ന മൂലകങ്ങളെ ചുവന്ന നിറത്തിലാണ് കാണിച്ചിരിക്കുന്നത്. അവ അടുത്ത നൂറു കൊല്ലത്തിനിടയിൽ ഇല്ലാതായേക്കും എന്ന മുന്നറിയിപ്പാണിതു തരുന്നത്. ഉപയോഗം കൂടിക്കൊണ്ടിരിക്കുകയും അതുമൂലം നിലനില്പ് തന്നെ ഭീഷണിയിലാവുകയും ചെയ്യുന്നവയെ കാവിനിറത്തിൽ കാണിച്ചിരിക്കുന്നു. ഇപ്പോൾ ലഭ്യത വളരെ കുറവായതും ഭാവിയിൽ ലഭ്യത അവതാളത്തിലായേക്കും എന്നുമുള്ളവയെ മഞ്ഞനിറത്തിൽ കാണിക്കുന്നു. ഇപ്പോൾ പ്രശ്നമൊന്നും ഇല്ലാത്ത, ധാരാളമായി ലഭ്യമായ മൂലകങ്ങളെ പച്ച നിറത്തിൽ കാണിക്കുന്നു. പ്രകൃതിയിലില്ലാത്തതും മനുഷ്യൻ നിർമ്മിച്ചെടുത്തതുമായ മൂലകങ്ങളെ എല്ലാം കൂടി പ്രതിനിധീകരിക്കാൻ വെളുത്ത ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. 

കാർബണിന്റെ കാര്യത്തിൽ രസകരമായ ഒരു സമീപനമാണ് എടുത്തിരിക്കുന്നത്. കാർബൺ നല്ല അളവിൽ തന്നെ കിട്ടാനുണ്ട്. എന്നാൽ അതിൽ കുറേയൊക്കെ സംഘർഷഭരിതമായ പ്രദേശങ്ങളിലാണുള്ളത്. ഫോസിൽ ഇന്ധനങ്ങൾ ഒരു ഉദാഹരണമാണ്. അതിൽ നിന്നുള്ള വരുമാനം സംഘർഷങ്ങൾക്ക് ഇടയാകുന്നു, യുദ്ധാവശ്യങ്ങൾക്കും ആയുധനിർമ്മാണത്തിനും ഉപയോഗിക്കപ്പെടുന്നു എന്ന കാര്യം എടുത്തുകാണിക്കാനാണിത്. യൂറോപ്യൻ കെമിക്കൽ സൊൈസറ്റി അവരുടെ നാട്ടിലെ റിഫൈനറികളോട് ശക്തമായി ആഹ്വാനം ചെയ്യുന്നത് സംഘർഷ മേഖലകളിൽ നിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാനാണ്. അത് സൂചിപ്പിക്കാനാണ് കാർബൺ ഗ്രേ കളറിൽ കൂടി അവതരിപ്പിക്കുന്നത്. നാം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും സംഘർഷ മേഖലകളിൽ നിന്നുള്ള ഇന്ധനം ഉപയോഗിക്കാതിരിക്കുകയും ചെയ്യുക വഴി ആഗോളതാപനം നിയന്ത്രിക്കാനും ഭൂമിയിലെ കാർബൺ ലഭ്യത പച്ചയിൽ തന്നെ നിലനിർത്താനും ആകുമെന്നാണ് വരച്ചുകാണിക്കുന്നത്.  

 ഈ പട്ടികയിെല മറ്റൊരു പ്രത്യേകത ആധുനിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ സ്മാർട്ട്ഫോണുകളുടെ കാര്യമാണ്. അവയുടെ നിർമ്മാണത്തിന് ആവശ്യമായിവരുന്ന മൂലകങ്ങളുടെ ഭാഗത്ത് ഒരു മൊൈബൽ ഫോണിന്റെ ചിഹ്നം കൊടുത്തിട്ടുണ്ട്. എത്രയേറെ മൂലകങ്ങളാണ് ഇതിനു വേണ്ടിവരുന്നത് എന്ന് വ്യക്തമാക്കാനാണിത്. തൊണ്ണൂറിൽ മുപ്പത്തൊന്ന് മൂലകങ്ങളും ഇവയുടെ നിർമ്മാണത്തിൽ ഭാഗഭാക്കാകുന്നു എന്നത് വളരെ അത്ഭുതകരമായി തോന്നാം. എന്നാൽ ഇവയിൽ പലതും അതിേവഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നത് ആശങ്കയുളവാക്കുന്നു. മാത്രമല്ല  പ്രകൃതിയിൽ അതിൽ പലതിന്റെയും അളവു തുച്ഛമാണെന്നതും ഈ ചിത്രം വെളിപ്പെടുത്തുന്നുയിട്രിയം, സിൽവർ എന്നിവയുടെ അവസ്ഥ ഇതാണ്. എന്നാൽ സ്വർണ്ണം, ടങ്സ്റ്റൺ, ടാന്റലം എന്നിവ സംഘർഷമേഖലയിൽ നിന്നുള്ളതും ഉപയോഗത്തിലുണ്ട്.  

അങ്ങനെ ആകെക്കൂടി നോക്കിയാൽ നമ്മുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ചില പ്രധാന വിവരങ്ങളാണ് ലളിതമായ ചിത്രത്തിന്റെ രൂപത്തിൽ യൂറോപ്യൻ കെമിക്കൽ സൊസൈറ്റി നമ്മുടെ മുന്നിൽ വരച്ചുകാട്ടുന്നത്.

യുക്തിപൂർവ്വമായി വിഭവങ്ങൾ ഉപയോഗിക്കുകയും സംഘർഷ മേഖലകളെ അകറ്റി നിർത്തുകയും ചെയ്താൽ നമ്മുടെ ഈ മനോഹരമായ ഗ്രഹത്തെ സംരക്ഷിക്കുകയും കാർബണിനെ അതിന്റെ സ്വാഭാവികമായ പച്ചക്കോളത്തിൽ തിരികെയെത്തിക്കുകയും ചെയ്യാമെന്നാണ് യൂറോപ്യൻ കെമിക്കൽ സൊസൈറ്റി ഉദ്ബോധിപ്പിക്കുന്നത്


മറ്റു ലേഖനങ്ങൾ

 

 

Leave a Reply