Read Time:9 Minute

കേരളത്തിൽ എഥനോൾ ഉൽപാദിപ്പിക്കാനുള്ള സംവിധാനം ഉണ്ടാക്കുന്നതുമായി (ബ്രൂവറി) ബന്ധപ്പെട്ട്‌ ചൂടേറിയ ചർച്ചകൾ നടക്കുന്ന കാലമാണല്ലൊ. മദ്യത്തിലെ പ്രധാന ഘടകമാണ് എഥനോൾ (ഇഥൈൽ ആൽകഹോൾ) എന്നത്‌ ഏവർക്കും അറിയാവുന്നതാണ്. എന്നാൽ മദ്യ നിർമാണത്തിനു എഥനോൾ ഉൽപാദനത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളു. എഥനോൾ ഉൽപാദനം ഇന്ത്യയിൽ വൻ തോതിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 2014 ൽ ഉൽപാദനശേഷി 421 കോടി ലിറ്റർ ആയിരുന്നത്‌ 10 വർഷം കൊണ്ട്‌ (2024) 1685 കോടി ലിറ്റർ ആയി ഉയർന്നു. (30 നവംബർ 2024). ഇത്‌ ഇനിയും വളരെ ഏറെ വർദ്ധിപ്പിക്കേണ്ടി വരുമെന്നാണു കാണുന്നത്‌.

പെട്രോളിൽ എഥനോൾ ചേർത്ത്‌ വിപണിയിൽ എത്തിക്കാൻ തുടങ്ങിയതോടെയാണ് എഥനോളിന്റെ ആവശ്യവും ഉൽപാദനവും ഉപഭോഗവും പല മടങ്ങ്‌ വർദ്ധിക്കാൻ തുടങ്ങിയത്‌.  ഇന്ത്യയിൽ 2024 ൽ ആകെ എഥനോൾ ഉപഭോഗം 720 കോടി ലിറ്റർ ആയിരുന്നു. ഇതിൽ 620 കോടി ലിറ്ററും പെട്രോളുമായി മിശ്രണം ചെയ്യാനാണു ഉപയോഗിച്ചത്‌. (ഉപഭോഗത്തിന്റെ 86.11%). ബാക്കിയുള്ളതാണു വ്യവസായം, ലബോട്ടറി മദ്യം എന്നീ മേഖലകളിൽ ഉപയോഗിക്കപ്പെടുന്നത്‌. എഥനോൾ ചേർത്ത പെട്രൊളാണ് ഇന്ത്യൻ വിപണിയിൽ ഇന്ന് ലഭ്യമാകുന്നത്‌. പൊതു മേഖലയിലെ എണ്ണ വിൽപന കമ്പനികൾ (Oil Marketing Companies, OMC) ആണു എഥനോൾ ഉൽപാദകരിൽ നിന്നു വാങ്ങി പെട്രോളിൽ ചേർത്ത്‌ വിപണനം നടത്തുന്നത്‌. 2024 ൽ കേരളത്തിൽ മാത്രം എണ്ണ കമ്പനികൾ വാങ്ങിയത്‌ 30.26 കോടി ലിറ്റർ എഥനോളാണ്. എഥനോൾ ചേർത്ത പെട്രോളിനെ എഥനോൾ ബ്ലെൻഡഡ്‌ പെട്രോൾ (ethanol blended petroleum, EBP) എന്നാണു പറയുന്നത്‌. 2023-24 വർഷത്തിൽ എഥനോൾ ബ്ലെൻഡിംഗ്‌ 14.6%- ത്തിൽ എത്തിയിരുന്നു. 2024 ഡിസംബറിൽ ഇത്‌ 19% ആയതായും റിപ്പോർട്ടുകൾ ഉണ്ട്‌. 2025-ഓടെ ബ്ലെൻഡിംഗ്‌ 20% ആക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. (2030 ൽ സാധ്യമാക്കാൻ ലക്ഷ്യമിട്ടത്‌ മുൻപോട്ടാക്കുകയായിരുന്നു). 2030 ആകുമ്പോഴേക്ക്‌ ഇത്‌ 30% ആക്കാനും ആലോചനയുണ്ട്‌.

എന്തിനാണു എഥനോൾ ബ്ലെൻഡഡ്‌ പെട്രോൾ ഉപയോഗിക്കുന്നത്‌. 100% ഫോസിൽ ഇന്ധനമായ പെട്രോളിനോട്‌ ജൈവ ഇന്ധനമായ എഥനോൾ ചേർക്കുന്നതിനു ചൂണ്ടിക്കാണിക്കുന്ന നേട്ടങ്ങൾ താഴെ പറയുന്നു.

  1. ലഭ്യത കുറഞ്ഞു വരുന്ന ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗം കുറക്കുക. 
  2. എഥനോളിന്റെ കാർബൺ നിർഗ്ഗമം പെട്രോളിന്റേതിനേക്കാൾ കുറവയതുകൊണ്ട്‌ കാർബൺ നിർഗ്ഗമം കുറയും. ഇത്‌ വഴി ആഗോള താപനത്തെ ചെറുക്കാനാവും. (പക്ഷെ കാർബൺ നിർഗ്ഗമത്തിൽ ഗണ്യമായ കുറവ്‌ ഇല്ല എന്ന വാദവും ഉണ്ട്‌)
  3. ഇന്ത്യ ഏറ്റവും വിദേശനണയം ചെലവാക്കുന്നത്‌ പെട്രോളിയം ഇറക്കുമതിക്കാണു. പെട്രോളിനു പകരം ഭാഗികമായെങ്കിലും തദ്ദേശീയമായ എഥനോൾ ഉപയോഗിക്കുന്നത്‌ പെട്രോളിയം ഇറക്കുമതി കുറക്കാനും വിദേശനാണ്യം ലാഭിക്കനും കഴിയും
  4. കാർഷിക ഉൽപന്നങ്ങളിൽ നിന്നാണു ജൈവ എഥനോൾ ഉൽപാദിപ്പിക്കുന്നത്‌ എന്നതിനാൽ കർഷകരുടെ വരുമാനം വർദ്ധിക്കും.
ഇന്ധനങ്ങളുടെ നെറ്റ് കലോറിഫിക് മൂല്യങ്ങൾ കടപ്പാട്: batteryuniversity.com

കാർബൺ നിർഗ്ഗമത്തിലെ കുറവ്‌ തർക്കവിഷയമാണെന്ന് മുൻപ്‌ പറഞ്ഞു. അതല്ല ഇന്ത്യയിൽ എഥനോൾ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഘടകം. അത്‌ വിദേശനാണ്യത്തിൽ ഉണ്ടാകുന്ന ലാഭമാണ്. 2022-23 ൽ 24300 കോടി രൂപയാണ് മിച്ചമായത്‌. ബ്ലെൻഡിംഗ്‌ ആരംഭിച്ച 2013-14 മുതൽക്കുള്ള 10 വർഷം കൊണ്ട്‌ ഈ ഇനത്തിൽ 1.3 ലക്ഷം കോടിയുടെ വിദേശനാണ്യം ലാഭിക്കാൻ കഴിഞ്ഞതായി കണക്കുകൾ കാണിക്കുന്നു. ഇക്കാരണത്താലാണു ബ്ലെൻഡിംഗ്‌ 30% ആക്കുന്നതിനും സർക്കാർ ആലോചിക്കുന്നത്‌. 20% ലക്ഷ്യം നേടുന്നതിന് 1016 കോടി ലിറ്റർ എഥനോൾ ആവശ്യമുണ്ട്‌. ഇത്‌ സാധ്യമാക്കുന്നതിനു എഥനോൾ ഉൽപാദനശേഷി വർദ്ധിപ്പിക്കേണ്ടതുണ്ട്‌.

കൂടുതൽ ഉൽപാദന യൂനിറ്റുകൾ ആരംഭിക്കുന്നതിനു പ്രോത്സാഹനം നൽകുന്ന നടപടികൾ കേന്ദ്ര സർക്കാർ ആവിഷ്കരിച്ചു. എഥനോളിന്റെ (എല്ലാ തരവും) വില വർദ്ധിപ്പിച്ചു. ഇത്‌ കരിമ്പുകർഷകർക്കും ഗുണകരമായി. കരിമ്പിൽ നിന്ന് എഥനോൾ നിർമ്മിക്കുന്നതിനുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കം ചെയ്തു. എഥനോളിന്റെ വിലവർദ്ധനവിനെ എതിർത്ത എണ്ണ കമ്പനികൾക്ക്‌ ജിഎസ്‌ടി (GST) 18% – ത്തിൽ നിന്ന് 5% ആക്കി കുറച്ചു. പ്രശ്നങ്ങൾ അവസാനിച്ചില്ല. ആവശ്യമായ എഥനോൾ മുഴുവനും മൊളാസസ്‌(കരിമ്പ്‌) വഴി ഉൽപാദിപ്പിക്കാൻ കഴിയില്ല. അതുകൊണ്ട്‌ ധാന്യങ്ങളിൽ നിന്ന് എഥനോൾ ഉണ്ടാക്കാനുള്ള ഫാക്റ്ററികൾക്കും അനുമതിയായി. 2024 ന്റെ അവസാനമായപ്പോഴേക്ക്‌ 744 കോടി ലിറ്റർ എഥനോൾ ഉൽപാദനശേഷിയുള്ള ധാന്യ അധിഷ്ടിത എഥനോൾ പ്ലാന്റുകൾ സ്ഥാപിതമായി. അരിയും ചോളവുമാണു പ്രധാനമായും എഥനോൾ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ധാന്യങ്ങൾ(അമേരിക്കയിൽ മിക്കവാറും ചോളം തന്നെയാണ്). എഥനോൾ പ്ലാന്റുകൾക്ക്‌ ധാന്യം ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഫുഡ്‌ കോർപ്പറേഷനിൽ നിന്ന് കുറഞ്ഞ വിലക്ക്‌ ( കിലോക്ക്‌ 20 രൂപ)അരി ലഭ്യമാക്കിക്കോണ്ടാണു സർക്കാർ ഇതിനു പരിഹാരം കണ്ടത്‌.

ധാന്യ അധിഷ്ടിതമായ എഥനോൾ ഉദ്പാദനത്തിനു രണ്ട്‌ ദൂഷ്യങ്ങൾ ഉണ്ട്‌.

  1. ഒരു ലിറ്റർ എഥനോൾ ഉദ്പാദനത്തിനു 8-10 ലിറ്റർ ജലം ആവശ്യമാണു.
  2. അരി ചോളം മുതലായ ഭക്ഷ്യധാന്യങ്ങൾ എഥനോൾ നിർമ്മാണത്തിനു വഴി തിരിച്ചുവിടുന്നത്‌ ഭക്ഷ്യ ലഭ്യത കുറക്കുകയും പൊതു സമൂഹതിന്റെ ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുകയും ചെയ്യും. 

(കരിമ്പുകൃഷിയുടെ വ്യാപനവും അത്ര ഗുണകരമല്ല. കരിമ്പ്‌ വെള്ളം വളരെ ഏറെ ആവശ്യമുള്ള  വിളയായതുകൊണ്ട്‌ ജല ഔർലഭ്യത്തിനു ഇടവരുത്തും. ഭക്ഷ്യധാന്യകൃഷി നടക്കുന്ന പാടങ്ങൾ കരിമ്പുകൃഷി ഇടങ്ങളാകുമ്പോൾ ഭക്ഷ്യോൽപാദനം കുറയുകയും ഭക്ഷ്യസുരക്ഷ അപകടത്തിൽ ആവുകയും ചെയ്യും) ജല ലഭ്യത ഉറപ്പാക്കിയും ഭക്ഷ്യധാന്യസ്രോതസ്സുകൾ അപകടപ്പെടുത്താതെയും വേണം ധാന്യ അധിഷ്ടിത എഥനോൾ നിർമ്മാണം നടത്താൻ.


അനുബന്ധവായനയ്ക്ക്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വൈകിയോടുന്ന മാസങ്ങളും വേഷം മാറുന്ന ധ്രുവനും – വഴിക്കുരുക്കിൽപ്പെട്ട പൂവ് 34
Next post ഗട്ട്-ബ്രെയിൻ ആക്സിസ് : മസ്തിഷ്ക ആരോഗ്യത്തിലേക്കുള്ള താക്കോൽ
Close