2021 ജനുവരിയിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പരിസ്ഥിതിലോല പ്രദേശവിജ്ഞാപനം വിശദമായി ചർച്ചചെയ്യുന്നു. ESZ വിജ്ഞാപനത്തിനെതിരെയുള്ള പ്രക്ഷോഭം നടത്തുന്നവരുടെ വാദഗതികൾ ചർച്ച ചെയ്യുന്നു. പുതിയ കരട് ESZ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളം കൈകൊള്ളേണ്ട നടപടികൾ ചർച്ച ചെയ്യുന്നു.
മലബാർ, വയനാട് വന്യജീവി സങ്കേതങ്ങളടക്കം കേരളത്തിലെ സംരക്ഷിത വനമേഖലകൾക്ക് ചുറ്റും പരിസ്ഥിതിലോല പ്രദേശ(ESZ)ങ്ങൾ നിശ്ചയിച്ചുകൊണ്ട് 2020 ആഗസ്ത് 5നും 2021 ജനുവരി 28 നും കേന്ദ്രസർക്കാർ ഇറക്കിയ കരട് വിജ്ഞാപനങ്ങൾ വലിയ വിവാദമായിരുന്നു. ദേശീയതലത്തിൽ 10 കി.മീ. വീതിയിലുള്ള ചുറ്റളവാണ് ESZ കൾക്കായി നിശ്ചയിച്ചത്. ഇതിൽ പ്രത്യേക സ്ഥലങ്ങളിൽ ചില ഇളവുകൾ അനുവദിച്ചിരുന്നു. കേരളത്തിലെ സവിശേഷ സാഹചര്യങ്ങളും ഇപ്പോഴത്തെ സംസ്ഥാന സർക്കാറിന്റെ അഭ്യർഥനയും മാനിച്ച് ESZ പരമാവധി ഒരു കി.മീ. (ആകാശമാർഗേണ) ദൂരമാക്കി ചുരുക്കിയിരുന്നു. പുതിയ വിജ്ഞാപനമനുസരിച്ച് ESZ ന്റെ സംരക്ഷണ മാനദണ്ഡങ്ങൾ അതാത് സംസ്ഥാന സർക്കാരാണ് തയ്യാറാക്കേണ്ടത്. പുതിയ വിജ്ഞാപനത്തെപ്പറ്റി ജനങ്ങൾക്ക് അവരുടെ അഭിപ്രായം 60 ദിവസങ്ങൾക്കകം കേന്ദ്രസർക്കാറിനെ അറിയിക്കാവുന്നതാണ്. ഈ പ്രക്രിയയിൽ തദ്ദേശഭരണ സമിതികൾ, ഗ്രാമസഭകൾ, രാഷ്ട്രീയ പാർട്ടികൾ, പരിസ്ഥിതി പ്രസ്ഥാനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയൊക്കെ പങ്കാളികളാകേണ്ടതുണ്ടെന്നും വിജ്ഞാപനത്തിൽ പറയുന്നു.
ഒരു നിയമം നടപ്പാക്കുമ്പോൾ പ്രദേശവാസികളെ വിശ്വാസത്തിലെടുത്ത്, അവരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും സംവിധാനമുണ്ടാകണം. EIA അടക്കമുള്ള പരിസ്ഥിതി സുരക്ഷാ സംവിധാനങ്ങളെ പാടെ ദുർബലപ്പെടുത്തുന്ന ഇപ്പോഴത്തെ കേന്ദ്രസർക്കാർ അതിന്നിടെയൊരു ESZ സംരക്ഷണ പ്രഖ്യാപനം നടത്തിയതിന്റെ ഉദ്ദേശശുദ്ധിയും പരിശോധിക്കണം. അതേ സമയം ESZ വിജ്ഞാപനത്തിലും പരിസ്ഥിതി നിയമത്തിലും പറയാത്ത കാര്യങ്ങൾ പറഞ്ഞും പെരുപ്പിച്ചും ജനങ്ങൾക്കിടയിൽ ആശങ്ക പരത്തുകയാണ് ESZ വിരുദ്ധ പ്രക്ഷോഭകർ ചെയ്തത്. അതിന്റെ ഭാഗമായി നേരത്തെ കേരളത്തിൽ നടപ്പാക്കിയ EFL നിയമം തന്നെയാണ് ESZ എന്ന് പ്രചരിപ്പിക്കുന്നു. ESZ തന്നെയാണ് ബഫർസോൺ എന്ന് പറയുന്നു. കുടിഒഴിപ്പിക്കുമെന്നും മരം മുറിക്കാനോ റോഡ് വെട്ടാനോ വീടുവെക്കാനോ കഴിയില്ലെന്നുമൊക്കെ പ്രചരണം നടക്കുന്നു. എന്നാൽ കാലാവസ്ഥാ മാറ്റത്തിന്റേയും പ്രകൃതി ദുരന്തങ്ങളുടെയും പ്രത്യാഘാതങ്ങൾ കൂടി വരുന്ന ഇക്കാലത്ത് പ്രകൃതിയിലെ പ്രത്യേക ആവാസ വ്യവസ്ഥകൾ സംരക്ഷിക്കാനായി ഇത്തരം പുതിയ നിയമങ്ങൾ ഇനിയും വേണ്ടിവരുമെന്നത് ഒരു വസ്തുതയാണ്. ഈ സാഹചര്യത്തിൽ, യഥാർഥ കർഷകരുടെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാനുള്ള നടപടികളാണ് വേണ്ടത്. അതിന് തദ്ദേശവാസികൾക്കിടയിൽ വിപുലമായ ചർച്ചകൾ നടക്കണം. പ്രശ്നങ്ങളുടെ ശാസ്ത്രവും രാഷ്ട്രീയവും പരിശോധിച്ച് ശാശ്വതമായ പരിഹാര നിർദ്ദേശങ്ങൾ ജനങ്ങളിൽ നിന്നുതന്നെ ഉയർന്നുവരണം.
പരിസ്ഥിതിലോല പ്രദേശങ്ങൾ എന്തിന്?
1986-ലെ കേന്ദ്രപരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ 3-ാം വകുപ്പനുസരിച്ചും പരിസ്ഥിതി സംരക്ഷണചട്ടങ്ങളിലെ 5 (1) ചട്ടപ്രകാരവും സംസ്ഥാന സർക്കാരിന്റെ ശുപാർശപ്രകാരം കേന്ദ്രസർക്കാർ സംരക്ഷിത വനത്തിന് ചുറ്റും നിലനിർത്തുന്നവയാണ് പരിസ്ഥിതിലോല പ്രദേശങ്ങൾ. അമൂല്യങ്ങളായ പ്രകൃതി വിഭവങ്ങളും ജൈവസമ്പത്തും നിറഞ്ഞ പ്രദേശങ്ങളായതിനാലാണ് വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും മറ്റും പ്രത്യേക സംരക്ഷിത പ്രദേശ (Protected Aresa PA) ങ്ങളായി പ്രഖ്യാപിക്കുന്നത്. സംരക്ഷിത പ്രദേശങ്ങളുടെ ധർമം നിറവേറ്റുന്നതിന് വിഘാതമായ പ്രവർത്തനങ്ങൾ അവയുടെ അതിർത്തി പ്രദേശങ്ങളിൽ നടക്കുന്നത് ധന്യമായ ഈ ആവാസവ്യവസ്ഥയ്ക്ക് ഹാനികരമാകും. അതിനാൽ അവയ്ക്ക് ചുറ്റുമുള്ള ഒരു നിശ്ചിത പ്രദേശം തദ്ദേശവാസികൾക്ക് പ്രയാസമില്ലാത്ത വിധം സംരക്ഷിക്കേണ്ടത് നാടിന്റെയും ജനങ്ങളുടെയും പൊതു താൽപ്പര്യത്തിന് ആവശ്യമാണ്. ഈ സ്ഥലം ഒരു ഷോക്ക് അബ്സോർബർ പോലെ പ്രവർത്തിക്കുന്ന പരിവർത്തന പ്രദേശമായി കണക്കാക്കുന്നു. ഇവയാണ് ESZ കൾ. ഇങ്ങനെ വരുന്നതിൽ റവന്യൂ ഭൂമിയും വനഭൂമിയും ചുരുക്കം ഇടങ്ങളിൽ സ്വകാര്യഭൂമിയും ഉണ്ടാകാം. അവിടങ്ങളിൽ ആഘാതത്തിനിടയാക്കാത്ത വിധം നിയന്ത്രണങ്ങൾ വേണ്ടിവരും. അതായത്, സംരക്ഷിത പ്രദേശങ്ങളുടെ പ്രത്യേക സുരക്ഷ ഉറപ്പാക്കാനാണ് ESZകൾ നിർണയിച്ച് പ്രഖ്യാപിക്കുന്നത്. ഇത്തരം ESZ കളിൽ വലിയ ഖനനങ്ങൾ, വൻകിട നിർമാണങ്ങൾ വിഷം വമിപ്പിക്കുന്ന മലിനീകരണ വ്യവസായങ്ങൾ എന്നിവ നിയന്ത്രിക്കുകയോ നിരോധിക്കുകയോ വേണ്ടിവരും.
പശ്ചാത്തലം
ദേശീയ ഉദ്യാനങ്ങളുടെയും വന്യമൃഗസങ്കേതങ്ങളുടേയും അതിർത്തിയിലുള്ള 10 കി.മീ. ചുറ്റളവിലുള്ള സ്ഥലം ESZ ആയി സംരക്ഷിക്കണമെന്ന് നിർദേശിക്കുന്നത് 2002-ലെ Indian Board of Wild Life (IBWL) ന്റെ വന്യജീവി സംരക്ഷണതന്ത്രത്തിന്റെ ഭാഗമായാണ്. 2002 ജനുവരി 21-ന് ചേർന്ന IBWL-ന്റെ യോഗത്തിലാണ് വന്യജീവി സംരക്ഷണ തന്ത്രം (Wild Life Conservation tSrategy) രൂപപ്പെട്ടുവരുന്നത്. അതിന്റെ ഭാഗമായാണ് PA-കൾക്കുചുറ്റും 10 കി.മീ. നീളത്തിൽ ESZ വേണമെന്ന നിർദേശം വരുന്നത്. മുകളിൽ സൂചിപ്പിച്ചതുപോലെ 1986-ലെ ദേശീയ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 3-ാം വകുപ്പനുസരിച്ചാണ് ഈ നിർദേശം. എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വേണ്ടത്ര പ്രാധാന്യത്തോടെ അവ നടപ്പാക്കാൻ തയ്യാറായില്ല. അതുകൊണ്ടുതന്നെ, ദേശീയ ഉദ്യാനങ്ങൾ, വന്യമൃഗ സങ്കേതങ്ങൾ എന്നിവ പല രീതിയിൽ കയ്യേറാൻ തുടങ്ങി.
ഈയൊരു സാഹചര്യത്തിലാണ് ‘ഗോവ ഫൗണ്ടേഷൻ’ എന്ന സംഘടന ഇക്കാര്യം 2004 ൽ ഒരു റിട്ട് ഹർജിയിലൂടെ (460/2004) സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. 2002 ഫിബ്രവരി മുതൽ ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം ആരാഞ്ഞുകൊണ്ടിരിക്കയായിരുന്നു. മിക്ക സംസ്ഥാനങ്ങളും മറുപടി നൽകിയില്ല; ചില സംസ്ഥാനങ്ങളാകട്ടെ, ഇതിൽ ഉൽക്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം, ദേശീയ വന്യജീവി കർമ പരിപാടി (National Wild Life Action Plan 2002-2016), പത്ത് കി.മീ. എന്ന ആവശ്യം ആവർത്തിക്കുകയായിരുന്നു. എന്നാൽ 2005 മാർച്ച് 17-ന്റെ IBWL ന്റെ രണ്ടാമത്തെ യോഗത്തിൽ ESZ ലെ പ്രവർത്തനങ്ങളുടെ നിരോധനത്തിന് പകരം നിയന്ത്രണം കൊണ്ടുവരാനും PA കളുടെ പ്രകൃതത്തിനനുസരിച്ച് ESZ ന്റെ ദൂരം ക്രമീകരിക്കാനും നിർദേശങ്ങളുണ്ടായി. അതായത് PA കളുടെ പ്രത്യേകതക്കനുസരിച്ച് ESZ ന്റെ വിസ്തൃതിയ്ക്ക് മാറ്റം വരുത്താമെന്ന് വന്നു. എന്നാൽ, സുപ്രീം കോടതി വിധി അനുസരിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ESZ കളുടെ ദൂരം കൃത്യമായി നിശ്ചയിക്കാതിരുന്നതുകൊണ്ട് കോടതി തന്നെ PA കളുടെ 10 കി.മീ. ചുറ്റളവിലുള്ള സ്ഥലം പരിസ്ഥിതിലോല പ്രദേശ ESZ) കളായി പ്രഖ്യാപിക്കാൻ നിഷ്‌കർഷിക്കുകയായിരുന്നു (04.12.2006). ഇതനുസരിച്ച് ESZ-കൾ പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങൾ അടങ്ങിയ കേന്ദ്രസർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങുന്നത് 2011 ഫിബ്രവരി 9-ന് മാത്രമാണ്. ഈ ഉത്തരവിൽ ESZ പ്രദേശങ്ങളിലെ പ്രവർത്തനങ്ങളെ മൂന്നായി തരംതിരിച്ചു നിരോധിക്കേണ്ടവ, നിയന്ത്രിക്കേണ്ടവ, പ്രോത്സാഹിപ്പിക്കേണ്ടവ എന്നിങ്ങനെ. ഓരോ സംസ്ഥാനത്തെയും ESZ കൾക്കുള്ള മാർഗനിർദേശങ്ങൾ തയ്യാറാക്കേണ്ടത് അതത് സംസ്ഥാന സർക്കാരുകളാണ്. എന്നാൽ, ഇവ കേന്ദ്രസർക്കാർ അംഗീകരിക്കേണ്ടതുണ്ട്. ഓരോ സ്ഥലത്തും ESZ കളിൽ ഉൾപ്പെടുത്തേണ്ട പ്രദേശങ്ങൾ തീരുമാനിക്കുന്നതിന് സർക്കാർ ഒരു സമിതി രൂപീകരിക്കും.
കേരളത്തിലും ഈ വിധമാണ് കാര്യങ്ങൾ നടന്നത്. സമിതി തയ്യാറാക്കിയ കരട് നിർദേശങ്ങൾ 2013 മെയ് 8-ന് അന്നത്തെ കേരള മന്ത്രിസഭ പരിഗണിച്ചിരുന്നു. സംരക്ഷിത പ്രദേശങ്ങൾക്ക് പുറത്തുള്ള മനുഷ്യവാസകേന്ദ്രങ്ങളെ പൂർണമായും ESZൽ നിന്നൊഴിവാക്കിക്കൊണ്ടുള്ള നിർദേശം കേന്ദ്രത്തിനയയ്ക്കാനായിരുന്നു അന്നത്തെ മന്ത്രിസഭയുടെ തീരുമാനം. അതനുസരിച്ച് കേരളത്തിലെ മുഴുവൻ സംരക്ഷിത പ്രദേശങ്ങളുടേയും ESZ കളെപ്പറ്റിയുള്ള നിർദേശങ്ങൾ 2015 മെയ് 13-ന് കേരളം കേന്ദ്രത്തിന് സമർപ്പിച്ചു. ഇതനുസരിച്ച് കേന്ദ്രസർക്കാരിന്റെ സംരക്ഷിത പ്രദേശങ്ങൾക്കുള്ള വിദഗ്ധസമിതി യോഗം നടക്കുന്നത് 2016 ലാണ്. ഈ വിദഗ്ധസമിതി കേരള സർക്കാരിന്റെ വാസഭൂമി ഒഴിവാക്കുന്ന നിർദേശങ്ങൾ പരിഗണിച്ചു. എന്നാൽ വിദഗ്ധസമിതി ആവശ്യപ്പെട്ട വിശദാംശങ്ങൾ കേരളം നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ, കേരളത്തിന്റെ നിർദേശം സ്വീകാര്യമായില്ല; അത് ക്രമത്തിൽ കാലഹരണപ്പെടുകയായിരുന്നു. അങ്ങിനെ വന്നതിനാൽ സുപ്രീംകോടതി വിധി അനുസരിച്ചുളള 10 കി.മീ. നീളത്തിൽ ESZ നിലനിർത്തണമെന്നത് കേരളത്തിനും ബാധകമായിത്തീർന്നു (സ.ഉ. (കെ) നം.29/2019/ 31/10/2019).
2013-ലെ കത്തനുസരിച്ച്, അന്ന് നിലവിലുളള വനഭൂമി മാത്രമായിരുന്നു സർക്കാർ ESZ ൽ ഉൾപ്പെടുത്തിയത്. മനുഷ്യവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കിയത് സുപ്രീംകോടതിയുടെ 2006-ലെ മാർഗനിർദേശങ്ങൾക്ക് എതിരായിരുന്നു. ESZ-ന്റെ ലക്ഷ്യങ്ങൾക്ക് നിരക്കാത്തതും അതിന്റെ സാമൂഹികധർമം നിറവേറ്റുന്നതിന് എതിരുമായിരുന്നു.അതിനാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല.
ESZ ൽ ജനവാസപ്രദേശങ്ങൾ ഉൾപ്പെട്ടാൽ അതൊരിക്കലും ജനങ്ങളുടെ നിത്യജീവിതത്തിന് തടസ്സമാകുന്നില്ലെന്നതാണ് കോടതിവിധിയുടെ സാരാംശം. ഇത് സംബന്ധിച്ച സർക്കാർ മാർഗരേഖയിൽ (09-02-2011) പറയുന്നത് ‘സംരക്ഷിത പ്രദേശത്തിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ ESZ ൽ നടത്താൻ പാടില്ലെ’ന്ന് മാത്രമാണ്. അതായത്, വന്യജീവികളുടേയും പ്രദേശവാസികളുടെയും ജീവന് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ നടത്തരുതെന്നേ പറയുന്നുള്ളൂ. സാധാരണ വികസന/ ഉപജീവന പ്രവർത്തനങ്ങൾക്ക് ഇത് തടസ്സമാകില്ല.
2018-ലും 2019-ലും കേരളത്തിൽ രണ്ട് പ്രളയങ്ങളുണ്ടായി. 2020-ലെ കോവിഡും (ഉറവിടം കേരളത്തിലല്ലെങ്കിലും) ഒരു തരത്തിൽ പരിസ്ഥിതിജന്യ മഹാമാരിയാണ്. കേരളത്തിലുണ്ടായ പ്രളയത്തെ വലിയൊരു പാരിസ്ഥിതിക ദുരന്തമായാണ് വിലയിരുത്തുന്നത്. പരിസ്ഥിതി ലോലമായ വനമേഖലയിൽ നടക്കുന്ന ഖനനം, അനിയന്ത്രിതമായ കെട്ടിട നിർമാണങ്ങൾ എന്നിവയൊക്കെ പ്രളയ കാലത്തെ പ്രകൃതിദുരന്തത്തിന് ആക്കം കൂട്ടിയിരുന്നു. 2020-ലെ മൺസൂൺ കാലത്തും രണ്ടിടങ്ങളിൽ ഭയാനകമായ മണ്ണിടിച്ചിലിലും മരണവുമുണ്ടായി. ഇത്തരം പ്രകൃതി ദുരന്തങ്ങളിലേക്ക് നയിക്കുന്ന മനുഷ്യ ഇടപെടൽ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. അത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുന്ന ഭൂരിഭാഗം സ്ഥലങ്ങളും ESZ വിഭാഗത്തിൽപ്പെട്ടിടങ്ങളിലാണ്.
കേരളം കേന്ദ്രത്തിന് നൽകിയതും കേന്ദ്രം അംഗീകരിക്കാതിരുന്നതുമായ നിർദേശങ്ങൾ (13/05/2015), സുപ്രീംകോടതിയുടെ മാർഗനിർദേശത്തിന്റെയും പുതിയ പാരിസ്ഥിതിക ദുരന്തങ്ങളുടേയും പശ്ചാത്തലത്തിൽ പുനപ്പരിശോധിക്കേണ്ടിയിരുന്നു. ഇത് എങ്ങിനെ വേണം എന്നതിനെപ്പറ്റി ജനങ്ങൾക്കിടയിൽ വിപുലമായ ചർച്ചകൾ നടക്കണമായിരുന്നു. അതുവഴി അതിനുള്ള രീതിശാസ്ത്രവും മാനദണ്ഡങ്ങളും രൂപപ്പെടുത്തണം. മാനദണ്ഡങ്ങളിൽ ജീവജാലങ്ങളുടെ നിലനിൽപ്പ്, ഭീഷണി, വാസസ്ഥലം എന്നിവയൊക്കെ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇവയെല്ലാം സംബന്ധിച്ച് കേരളത്തിലെ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾ പഠിച്ച് തയ്യാറാക്കിയ കണക്കുകളും ഇന്ന് ലഭ്യമാണ്. കേരള സർക്കാർ ഇവയൊക്കെ പരിഗണിച്ചു കൊണ്ടാണത്രെ അവസാനം, സംരക്ഷിത പ്രദേശങ്ങളോട് ചേർന്നുള്ള, മനുഷ്യ വാസ കേന്ദ്രങ്ങൾ ഉൾപ്പെടെ അവയ്ക്ക് ചുറ്റും ഒരു കി.മീ. വരെയുള്ള പ്രദേശം ESZ കളായി തത്ത്വത്തിൽ നിശ്ചയിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രവിജ്ഞാപനങ്ങൾ വന്നിരിക്കുന്നത്. അതാണ് മലബാർ, വയനാട് വന്യജീവി സങ്കേതങ്ങളുടെ ചുറ്റുമുള്ള ESZ കളെ ഇപ്പോൾ വിവാദമാക്കിയിരിക്കുന്നത്.
സംരക്ഷിത പ്രദേശം
ദേശീയ ഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, പക്ഷിപാതാളങ്ങൾ എന്നിവയൊക്കെ അതീവ ജാഗ്രത വേണ്ടുന്ന പാരിസ്ഥിതിക ആവാസ വ്യവസ്ഥകളാണ്. ഈ പ്രദേശത്തെ ജീവജാലങ്ങളുടെയും വൃക്ഷലതാദികളുടെയും പ്രാധാന്യം, പ്രസക്തി, വംശനാശം, തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ പരിഗണിച്ച് അവ പ്രത്യേക രീതിയിൽ സംരക്ഷിച്ചുവരികയാണ്. അതുകൊണ്ടാണ് ഇത്തരം പ്രദേശങ്ങളെ സംരക്ഷിത പ്രദേശങ്ങൾ എന്നു പറയുന്നത്. ഇവയുടെ സംരക്ഷണത്തിന് പ്രത്യേക നിയമങ്ങളും സംവിധാനങ്ങളും സർക്കാരുകൾ ആവിഷ്‌കരിച്ച് വരുന്നു. കേരളത്തിലിപ്പോൾ അത്തരത്തിലുള്ള 24 സംരക്ഷിത പ്രദേശങ്ങളാണുള്ളത്. ഇത്തരം സംരക്ഷിത പ്രദേശങ്ങളിൽ ഒന്നാണ് വന്യജീവി സങ്കേതം.
മലബാർ വന്യജീവി സങ്കേതം
കേരളത്തിലെ പ്രധാനപ്പെട്ട വന്യജീവി സങ്കേതങ്ങളിൽ ഒന്നാണ് മലബാർ വന്യജീവി സങ്കേതം. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറ, ചെമ്പനോട്, കൂരാച്ചുണ്ട് എന്നീ വില്ലേജുകളിലായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവിടെ ഈ പ്രദേശത്തിന് 74.22 ച.കി.മീ. വിസ്തീർണമുണ്ട്. ജൈവവൈവിധ്യത്താൽ, ലോകത്തിൽ തന്നെ ശ്രദ്ധേയമായ പശ്ചിമഘട്ടത്തിന്റെ ഭാഗമാണ് മലബാർ വന്യജീവി സങ്കേതം. ഇത് നീലഗിരി ബയോസ്ഫിയർ റിസർവിന്റെയും വയനാട്ടിലെ ആന റിസർവിന്റെയും ഭാഗമാണ്. മലബാർ സങ്കേതം സവിശേഷമായ ഭൂപ്രകൃതി ഉള്ളതാണ്. ഇവിടം സമുദ്രനിരപ്പിൽനിന്ന് 40 മീ മുതൽ 1506 മീ. വരെ ഉയരമുള്ളതിനാൽ ചെങ്കുത്തായ മലനിരകൾ മാത്രമല്ല, ഏറെ താഴ്ന്നുകിടക്കുന്ന താഴ്വരയുള്ള വയനാട് പീഠഭൂമിയുമായി ചേർന്നുകിടക്കുന്നതുമാണ്. (ബാണാസുരമല, വെള്ളരിമല, കുറിച്ച്യാർ മല, കക്കൻമല, വണ്ണാത്തിമല എന്നിവയുടെ തുടർച്ചയാണിവിടം. ഇതിൽ കക്കയം വനമേഖലകളും ഉൾപ്പെടുന്നു.) ഭൂമിയുടെ ചരിവിന്റെ പ്രത്യേകതകളാൽ ഇവിടെയുള്ള സസ്യജന്തുജാലങ്ങളിലും ഏറെ വൈവിധ്യമുണ്ട്.
പശ്ചിമഘട്ട പ്രദേശങ്ങളിലെ ധാരാളം സസ്യ ജന്തുജാലങ്ങളെ ഇവിടെ കാണാം. കുറ്റ്യാടിപ്പുഴയുടെ നീർത്തട പ്രദേശം കൂടിയാണിത്. അതിനാൽ പ്രധാന ജലസ്രോതസ്സാണ്. കക്കയം, പെരുവണ്ണാമുഴി ജലസംഭരരിണികൾക്ക് ഇവിടെ നിന്നാണ് ജലം സംഭരിക്കാൻ കഴിയുന്നത്. ആ അർഥത്തിൽ കക്കയം ജലവൈദ്യുത പദ്ധതിയും ഈ കാടുകളെ ആശ്രയിക്കുന്നുണ്ട്. ഈ പരിസ്ഥിതി സമ്പന്നത മലബാർ വന്യമൃഗ സങ്കേതത്തെ വിവിധ രീതിയിൽ ആകർഷകവും പ്രസക്തവുമാക്കുന്നു.
കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങളനുസരിച്ച് ഇവിടെ 41 തരം സസ്തനികൾ, 180 ൽപ്പരം പക്ഷികൾ, 35 തരം ഉരഗങ്ങൾ, 38 തരം ഉഭയജീവികൾ 52 തരം ശുദ്ധജല മത്സ്യങ്ങൾ എന്നിവയും 181 തരം ചിത്രശലഭങ്ങൾ, തുമ്പികൾ എന്നിവയുമുണ്ട്. ഇവയൊക്കെ ഇതിനകം കണ്ടെത്താൻ കഴിഞ്ഞവ മാത്രമാണ്.
ഇവിടെ പ്രഖ്യാപിച്ച ESZ ന്റെ ആകെ വിസ്തൃതി 53.6 ച.കി.മീ. ആണ്. തെക്ക് ഭാഗത്ത് ആദിവാസി കോളണിയും ജലവൈദ്യുത പദ്ധതിയുമാണ്. അതിനാൽ അവിടം ESZ ൽ വരുന്നില്ല. കിഴക്ക്, തെക്ക്-കിഴക്ക് ഒഴികെ ബാക്കി പ്രദേശങ്ങളിലെല്ലാം ഒരു കിലോ മീറ്ററിൽ കുറവാണ്, മിക്കയിടത്തും 100 മീറ്ററും അതിൽ കൂടുതലും മാത്രമാണ്.
വയനാട് സങ്കേതം
രണ്ട് ഭാഗങ്ങളിലായി 344.76 ച.കി.മീ ആണ് വയനാട് വന്യജീവി സങ്കേതത്തിന്റെ വിസ്തീർണ്ണം. ഇതും പശ്ചിമഘട്ടങ്ങളിലെ നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ്. കബനിയുടെ പോഷക നദിയുടെ ഉത്ഭവ പ്രദേശമാണിവിടം. ഈ പ്രദേശത്ത് ഇതിനകം തന്നെ വ്യത്യസ്തങ്ങളായ 45 തരം സസ്തനികൾ, 227 തരം പക്ഷികൾ, 50 തരം ഉരഗങ്ങൾ, 35 തരം ഉഭയജീവികൾ, 80 തരം മത്സ്യങ്ങൾ, 206 തരം പൂമ്പാറ്റകൾ എന്നിവയെ കണ്ടെത്തിയിട്ടുണ്ട്. അവയിൽ വംശനാശ ഭീഷണി നേരിടുന്നവയോ, ഈ പ്രദേശങ്ങളിൽ മാത്രം കാണുന്നവയോ ഉണ്ടത്രെ. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം നാല്കൊകൊമ്പുള്ള Antilop ആണ്. (0 മുതൽ 3.4 കി.മി വരെ നീളത്തിലുള്ള EST ആണ് ഇവിടെ നിർണ്ണയിച്ചിരിക്കുന്നത്. അതിന്റെ ആകെ വിസ്തീർണ്ണം 118.59 ച.കി.മി ആണ്. ഇതിൽ തന്നെ നല്ലൊരു ഭാഗം പലതും കാടുകളും റവന്യു പ്രദേങ്ങളുമാണ്. ചെറിയൊരു ഭാഗത്താണ് മാത്രമാണ് സ്വകാര്യ ഭൂമി വരുന്നത്. മറ്റ് സാങ്കേതിക/ നിയമ പരിസ്ഥിതിയെ മറ്റ് കാര്യങ്ങളെല്ലാം മലബാർ വന്യജീവി സങ്കേതത്തിന്റെ രീതിയിൽ തന്നെയാണ്
ESZ പരിപാലനം
ജൈവ വൈവിധ്യ സമ്പുഷ്ടമായ ഈ പ്രദേശം സംരക്ഷിക്കുന്നതിനായി അതിന്റെ അതിർത്തി പ്രദേശങ്ങളുടെ കൂടി സഹായം ആവശ്യമാണ്. ഇത്തരം അതിർത്തികളെയാണ് ESZ കൾ എന്നു പറയുന്നത്. അവിടത്തെ ജനങ്ങൾ കൂടി സഹകരിച്ചാൽ മാത്രമേ നാടിന്റെ ഈ പൊതു സ്വത്തിനെ തകരാതെ നിലനിർത്താൻ കഴിയൂ. ഈ സദുദ്ദേശത്തോടെയാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി ഇത്തരം അതിർത്തിപ്രദേശങ്ങളെ നിർണയിക്കാൻ ആവശ്യപ്പെട്ടത്. 10 കി.മീ. വീതിയിൽ ജഅ കളുടെ ചുറ്റുപാടുമായി എന്നതാണല്ലോ സുപ്രീംകോടതി നേരത്തെ ചൂണ്ടിക്കാണിച്ചത്. എന്നാൽ, കേരള സർക്കാരിന്റെ പ്രത്യേക ഇടപെടൽ വഴി ഇത് പരമാവധി ഒരു കിലോമീറ്റർ ആക്കിക്കൊണ്ടാണ് കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ് വന്നിരിക്കുന്നത്. അതായത് 0 മുതൽ 1 കി.മീ. വരെ എന്നർഥം. അതും പാടില്ലെന്നതാണ് ഇതിന്നെതിരെയുള്ള ഇന്നത്തെ പ്രക്ഷോഭകരുടെ വാദം.
ESZ ആയി ഉത്തരവിൽ വന്നിട്ടുള്ള പ്രദേശങ്ങളുടെ പരിപാലനം എങ്ങിനെയായിരിക്കണമെന്നത് പ്രദേശത്തെ ജനങ്ങളുമായി ചർച്ചചെയ്താണ് തീരുമാനിക്കേണ്ടത്. ഇതിനൊരു മാസ്റ്റർ പ്ലാൻ ഉണ്ടാക്കണം. അതിന് കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങളുണ്ട്. ഈ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ സംസ്ഥാനത്തെ 13 ഓളം വികസന വകുപ്പുകളുടെ അഭിപ്രായവും പരിഗണിക്കണം. കേന്ദ്രസർക്കാരിന്റെ പുതിയ വിജ്ഞാപനത്തിൽ പ്രത്യേകം പരാമർശിക്കാത്ത കാര്യങ്ങൾക്കെല്ലാം കേരളത്തിൽ വർഷങ്ങളായി തുടർന്നുവരുന്ന നിയമങ്ങൾ തന്നെയാവും ബാധകമാകുന്നത്. അതിന്റെ പരിധിയിൽ വരാത്ത പുതിയ നിയന്ത്രണങ്ങൾ മാസ്റ്റർ പ്ലാനിൽ വരാൻ പാടില്ലെന്ന് നിഷ്‌കർഷിക്കുന്നുമുണ്ട്. എന്നാൽ, നാശോന്മുഖമായ പ്രദേശത്തിന്റെ പുനരുജ്ജീവനം, ജലസ്രോതസ്സ് സംരക്ഷണം, വൃഷ്ടി പ്രദേശം, നീർത്തടം, ഭൂഗർഭജലം എന്നിവയുടെ പരിപാലനം, ഭൂജല സംരക്ഷണം എന്നീ കാര്യങ്ങൾ മാസ്റ്റർപ്ലാനിൽ ഉണ്ടായിരിക്കണം. പ്രാദേശിക വികസന പദ്ധതികൾക്ക് അനുയോജ്യമാകണം ESZ ന്റെ മാസ്റ്റർപ്ലാൻ എന്നും നിഷ്‌കർഷിക്കുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഒരു മോണിറ്ററിങ്ങ് കമ്മറ്റി ഉണ്ടായിരിക്കും.
ഭാവി പ്രവർത്തനങ്ങൾ
ESZ കളിൽ നടക്കേണ്ട ഭാവി പ്രവർത്തനങ്ങളെ നേരത്തെ പറഞ്ഞതുപോലെ മൂന്നായി തരംതിരിച്ചിരിക്കുന്നു. നിരോധിക്കേണ്ടവ, നിയന്ത്രിക്കേണ്ടവ, പ്രോത്സാഹിപ്പിക്കേണ്ടവ എന്നിങ്ങനെ.
A.നിരോധിക്കേണ്ടവ: 1.വാണിജ്യപരമായ ഖനനം, പാറഖനനം, ക്രഷർ യൂനിറ്റുകൾ. 2.ജല, വായു, മണ്ണ്, ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ 3.വൻകിട ജലവൈദ്യുത പദ്ധതികൾ 4. അപകടകരമായ (വിഷംവമിക്കുന്ന) വസ്തുക്കളുടെ ഉൽപ്പാദനം, ഉപയോഗം, സംസ്‌കരണം. 5. പ്രകൃതിദത്ത ജലസ്രോതസ്സിൽ മലിനവസ്തുക്കൾ പുറംതള്ളൽ. 6. പുതിയ തടി മില്ലുകൾ ആരംഭിക്കുന്നത്. 7. ഇഷ്ടികച്ചൂളകൾ സ്ഥാപിക്കൽ.
B. നിന്ത്രിക്കേണ്ടവ: 1.വാണിജ്യപരമായ ഹോട്ടൽ, റിസോർട്ട് 2. വലിയ നിർമാണ പ്രവർത്തനങ്ങൾ. 3. മലിനീകരണം ഉണ്ടാക്കാത്ത ചെറുകിയ വ്യവസായങ്ങൾ. 4. മരംമുറി. 5. വനഉൽപ്പന്ന ശേഖരണം. 6. കേബിൾ ടവർ. 7. റോഡ് നിർമാണം. 8. ഇക്കോ ടൂറിസം അല്ലാത്ത ടൂറിസം പ്രവർത്തനം. 9. കുന്നിൻചരിവുകൾ, നദീതീരങ്ങൾ എന്നിവയുടെ സംരക്ഷണം നടക്കണം. 10. രാത്രികാല ഗതാഗതം.
(ഇത്തരം പ്രവർത്തനങ്ങൾക്കും ഇപ്പോൾ നടക്കുന്ന മറ്റ് പ്രവർത്തനങ്ങൾക്കുമെല്ലാം തന്നെ നിലവിലുള്ള നിയമങ്ങൾ വഴി സ്വീകരിച്ച് വരുന്ന നിയന്ത്രണങ്ങൾ തുടരും. പ്രധാനമായും, വാണിജ്യ പരമായ ഹോട്ടൽ, റിസോർട്ടു നിർമാണം എന്നിവയ്ക്കാണ് നിയന്ത്രണം പറഞ്ഞിരിക്കുന്നത്)
C. പ്രോത്സാഹിപ്പിക്കേണ്ടവ: 1. മഴവെള്ള സംഭരണം. 2. ജൈവകൃഷി 3. ഹരിത സാങ്കേതികവിദ്യ ഉപയോഗം 4. ചറുകിട വ്യവസായം 5. പുതുക്കാവുന്ന ഊർജ സ്രോതസ്സുകൾ. 6. കാർഷിക വനവൽക്കരണം 7. ഔഷധച്ചെടി, പച്ചക്കറികൃഷി. 8. പരിസ്ഥിതി സൗഹൃദ യാത്രാസൗകര്യം. 9. നൈപുണീ വികസനം. 10. ആവാസവ്യവസ്ഥാ പുനഃസ്ഥാപനം. 11. പരിസ്ഥിതി അവബോധം.
ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുന്നതിനായി ജില്ലാകലക്ടർ അധ്യക്ഷനായുള്ള ഒരു 11 അംഗ സമിതി (മോണിറ്ററിങ് കമ്മിറ്റി) ഉണ്ടായിരിക്കും. ഇതിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അനുദ്യോഗസ്ഥർ തുടങ്ങിയവർ അംഗങ്ങളായിരിക്കും. ഇതിന്റെ കാലാവധി സാധാരണ നിലയിൽ മൂന്ന് വർഷത്തേക്കായിരിക്കും. ജില്ലാ വനം ഓഫീസർ ഇതിന്റെ മെമ്പർ സെക്രട്ടറി ആയിരിക്കും.
പ്രക്ഷോഭകർ പറയുന്നത്
ESZ നെതിരെ ഒരു വിഭാഗം ജനങ്ങൾ നടത്തുന്ന പ്രക്ഷോഭങ്ങളാണ് ഇക്കാര്യത്തെ ഒരു വിവാദമാക്കിയിരിക്കുന്നത്. പ്രക്ഷോഭകരുടെ ഒരു നോട്ടീസിന്റെ പേര് തന്നെ ‘അപകട മുനമ്പിലെ ജനജീവിതം’ എന്നാണ്. പ്രക്ഷോഭകർ വിവിധ രീതികളിൽ നടത്തിയ എതിർപ്പുകളെ ഇനി പറയും പ്രകാരം ക്രോഡീകരിക്കാം.
- നാളെ ജീവിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന സമരമാണിത്.
- ESZ ന് പിറകിൽ വിദേശത്തെ വികസിത രാജ്യങ്ങളാണ്. അവിടെ വ്യവസായ വികസനത്തിനായി നശിപ്പിച്ച കാടുകൾക്ക് പകരം കാട് ഇന്ത്യയിൽ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.
- പുതിയ നിയമം ഉണ്ടാക്കേണ്ടതില്ല. നിലവിലുള്ളവ തന്നെ മതി. പുതിയവ ജനങ്ങളെ കൂച്ചുവിലങ്ങിടും, കുടിയൊഴിപ്പിക്കും.
- ഉദ്യോഗസ്ഥരുടെ വക പീഡനം ഉണ്ടാകും; പ്രദേശത്ത് വികസന മുരടിപ്പുണ്ടാകും.
- നഗരവാസികൾക്ക് ഓക്സിജൻ കിട്ടാനാണ് മലയോരത്ത് കാടുണ്ടാക്കാൻ ശ്രമിക്കുന്നത്.
- ‘Grow more’ നിലപാടിന്റെ ഭാഗമായി കാട്ടിലെ കൃഷിക്ക് സർക്കാർ തന്നെയാണ് ഞങ്ങളെ പറഞ്ഞുവിട്ടത്.
- ഏകവിളതോട്ടങ്ങൾ ഉണ്ടാക്കിയത് വനംവകുപ്പാണ്.
- മണ്ണിൽ പണിയെടുക്കുന്ന പാവപ്പെട്ടവരെ കാണാതെയാണ് ഇന്നത്തെ നിയമനിർമാണം.
- വൻകിട ക്വാറികൾ വനത്തിൽ ഉണ്ടാകാൻ കാരണം ഉദ്യോഗസ്ഥർ കൂട്ടു നിൽക്കുന്നതു കൊണ്ടാണ്. കൈക്കൂലി വാങ്ങി അവർ അനുമതി നൽകുന്നതുകൊണ്ടാണിത്.
- ഞങ്ങൾക്ക് ഞങ്ങളുടെ ഭൂമി ഏതാവശ്യത്തിനും ഉപയോഗിക്കാൻ അധികാരമുണ്ട്.
- ഇന്നത്തെ നടപടി ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
- എതിർക്കേണ്ടവയായി ഒരു നോട്ടീസിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്. (അതായത് താഴെ പറയുന്ന നിബന്ധനകളെ എതിർക്കണം എന്ന രീതിയിൽ).
a. കൃഷിഭൂമി കൃഷിഭൂമിയായി നിലനിർത്തണമെന്ന നിബന്ധന.
b. ഹിൽസ്റ്റേഷൻ പാടില്ലെന്ന നിബന്ധന.
c. പൊതുഭൂമി സ്വകാര്യഭൂമിയാക്കരുതെന്ന നിബന്ധന
d. ഖനനം നിയന്ത്രിക്കണമെന്ന നിബന്ധന
e. നിർമാണത്തിൽ കമ്പി, സിമന്റ്, മണൽ എന്നിവ കുറയ്ക്കണമെന്ന നിബന്ധന - റോഡു നിർമിക്കാനും വൈദ്യുതിലൈൻ വലിക്കാനും പാടില്ല.
- വീട് നിർമിക്കാനോ കിണർ കുഴിക്കാനോ കഴിയില്ല.
- ESZ സംബന്ധിച്ച നിയമം പഴയ EFL നിയമത്തിന്റെ ആവർത്തനമാണ്.
- . ബസ്, ഓട്ടോ, ടാക്സി എന്നിവയ്ക്ക് ഓടാൻ കഴിയില്ല.
- വിദ്യാഭ്യാസ, ആധ്യാത്മിക മേഖലകൾ തകരും.
- ESZ ക്രമേണ ജനവാസകേന്ദ്രത്തിലേക്ക് വളർന്നേയ്ക്കും. 10 മുതൽ 15 കി.മീ. വരെയാവും.
- മീൻകൃഷി, കന്നുകാലി വളർത്തൽ എന്നിവ നിരോധിക്കും. ഇവ മേലിൽ അസാധ്യമാകും.
- കപ്പ, ചേന, ഇഞ്ചി എന്നിവ നിരോധിക്കുന്ന വിളകളിൽപ്പെടും.
- കുടിയേറ്റക്കാർ പലരും വന്നത് പാലാ നഗരത്തിൽ നിന്നാണ്. പാലായിലെ ഇന്നത്തെ ജീവിതം വെച്ചു നോക്കുമ്പാൾ ഞങ്ങൾ 50-60 വർഷം പിറകിലാണ്. അവ നേടിയെടുക്കണം.
- റബ്ബർ കൃഷി അസാധ്യമാകും.
ഇപ്പോൾ കേരളം ഭരിക്കുന്ന സർക്കാർ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചതാണ് ESZ എന്ന് പ്രതിപക്ഷ പാർട്ടികളുടെ ഒരു നേതാവും ഇത്തരം ഒരൂ സമരം ഉദ്ഘാടനം ചെയ്ത് പറയുകയുണ്ടായി.
ചില വിശദീകരണങ്ങൾ
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ESZ സംബന്ധിച്ച നിബന്ധനകളും ഇതിനെതിരെയുള്ള പ്രതിഷേധങ്ങളിൽ ഉയർന്നുവന്ന കാര്യങ്ങളും മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളും ആശങ്കകളുമാണ് സാമാന്യം വിശദമായിത്തന്നെ മുകളിൽ പ്രതിപാദിച്ചത്. ഇവ ചർച്ച ചെയ്തുകൊണ്ട് കൂടുതൽ ശാസ്ത്രീയമായ നിലപാട് സ്വീകരിക്കാൻ ജനങ്ങൾക്ക് കഴിയണം. അതിന് ജനങ്ങളെ സഹായിക്കുന്നതിനുള്ള വിശദാംശങ്ങൾ നല്കണം. ശാസ്ത്രീയ വസ്തുതകൾ കഴിയാവുന്നത്ര ജനങ്ങളിലേക്കെത്തേണ്ടതുണ്ട്.
- പതിറ്റാണ്ടുകളായി താമസിച്ചുവരികയും കൃഷി ചെയ്തു ജീവിക്കുകയും ചെയ്യുന്ന ജനങ്ങൾ പറയുന്നത് കേൾക്കാതെ, അവരുടെ ആശങ്കകൾ അകറ്റാതെ ഒരു നിയമവും ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ, യഥാർത്ഥ കൃഷിക്കാരുടെ ആവലാതികൾ കേൾക്കാനും പരിഹരിക്കാനും അധികാരികൾ തയ്യാറാകണം. ഈ പ്രക്രിയയ്ക്ക് നേതൃത്വം നൽകേണ്ടത് തദ്ദേശ ഭരണ സ്ഥാപനങ്ങളും പ്രദേശത്തെ ജനകീയ പ്രസ്ഥാനങ്ങളുമാണ്.
- ESZ ഉത്തരവിന്റെ അടിസ്ഥാനം സുപ്രീംകോടതിയുടെ നിർദേശമാണ്. അത് കേന്ദ്രസർക്കാരിനോടാണ്. അതിന്നനുസൃതമായി കാര്യങ്ങൾ അറിയിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. ഏതെങ്കിലും സംസ്ഥാന സർക്കാർ നിലപാടുകൾ അറിയിച്ചില്ലെങ്കിൽ സുപ്രീം കോടതി നിഷ്‌കർഷിക്കുന്ന രീതിയിൽ ESZ ന്റെ ദൂരം 10 കി.മീ. ആയി കണക്കാക്കുമായിരുന്നു. അതുകൊണ്ടാണ് 2013ൽ കേരള സർക്കാരിന്റെ ജനവാസഭൂമിയെ പൂർണമായി ഒഴിവാക്കണം എന്ന നിർദേശത്തെ കേന്ദ്ര വിദഗ്ധ സമിതി അംഗീകരിക്കാതിരുന്നത്. ആ ഒരു സാഹചര്യത്തിലാണ് ഇപ്പോഴത്തെ സംസ്ഥാന സർക്കാർ ജനങ്ങൾക്ക് പരമാവധി പ്രയാസം കുറയ്ക്കുന്ന വിധം ആകാശമാർഗേണ 0-1 കി.മീ. എന്നാക്കി തിരുത്തിയത്. ഇതൊരു അനിവാര്യതയായിരുന്നു. ആ നിയമമാണ് ഇപ്പോൾ കേന്ദ്രം അംഗീകരിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. അതിനാൽ പ്രതി സംസ്ഥാന സർക്കാരല്ല. മാത്രമല്ല പ്രക്ഷോഭകർ വാദിക്കുന്ന പോലെ ESZ ന്റെ നീളം 0-1 കി.മീ. എന്നത് നിരന്തരം കൂടുന്നതല്ല, സ്ഥിരമാണ്.
- മറ്റൊരു കാര്യം ESZ നിബന്ധനകളും EFL നിയമവും ഒന്നാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ്. ഇത് ബോധപൂർവമാണ്. കേരളത്തിലെ വനഭൂമി ഓരോന്നോരോന്നായി കേസ്സുകൾ വഴിയും അല്ലാതെയും നഷ്ടപ്പെട്ടിരുന്ന അവസരത്തിൽ അവ തിരിച്ചുപിടിക്കാനായാണ് EFL നിയമം (Ecologically Fragile Land Act) കൊണ്ടുവന്നിരുന്നത്. EFL Act അനുസരിച്ച് പ്രതിഫലം നൽകാതെയാണ് ഭൂമി തിരിച്ചുപിടിച്ചത്. അതിൽ തെറ്റില്ലായിരുന്നെങ്കിലും നിയമം നടപ്പാക്കിയ രീതിയിൽ ഏറെ അബദ്ധങ്ങൾ ഉണ്ടായിരുന്നു. ആൾക്കാരെ വല്ലാതെ പ്രയാസപ്പെടുത്തിയിരുന്നു. മുൻവിരോധം തീർക്കുന്നതിന് പോലും ഉദ്യോഗസ്ഥർ ഈ നിയമത്തെ ദുരുപയോഗം ചെയ്തതായി പരാതികൾ ഉണ്ട്. എന്നാൽ, EFL ലുമായി യാതൊരു ബന്ധവുമില്ലാത്ത ESZ നിബന്ധനകളെ ഒരുപോലെ കാണുന്നത് ശരിയല്ല, അത് ജനങ്ങൾക്കിടയിൽ അങ്കലാപ്പുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കാണണം. ഇതിലും ഏറെ സ്ഥാപിത താൽപ്പര്യങ്ങൾ ഒളിഞ്ഞിരിക്കുന്നതായി തോന്നുന്നു.
- ‘Grow more’ എന്നത് രണ്ടാം ലോകയുദ്ധക്കെടുതികളെ നേരിടാനുള്ള ഒരു തന്ത്രമായിരുന്നു. ആദ്യമൊക്കെ ഇത് വനത്തിൽ തെരഞ്ഞെടുത്ത പ്രദേശത്തെ കൃഷിക്കുവേണ്ടിയായിരുന്നു. അതിന്റേതായ നേട്ടങ്ങളും ഉണ്ടായിരുന്നു. എന്നാൽ, ഏതാനും വർഷങ്ങൾക്കിടയിൽ തന്നെ ഇത് കാട് വെട്ടാനുള്ള അവസരമാക്കി മാറ്റുകയായിരുന്നു. അന്ന് ആത്മാർത്ഥമായി കൃഷി ചെയ്തവർക്കും അവരുടെ പിൻതലമുറകൾക്കും പട്ടയമടക്കം പല ആനുകൂല്യങ്ങളും ഇതിനകം തന്നെ നൽകിയിട്ടുണ്ട്. അത്തരം കൃഷിക്കാരെ നാം അംഗീകരിക്കേണ്ടതും ബഹുമാനിക്കേണ്ടതുമാണ്. എന്നാൽ ഇന്ന് കാട് കയ്യേറുന്നതിനെ Grow more ന്റെയോ പഴയ കുടിയേറ്റത്തിന്റെയോ പേരിൽ ന്യായീകരിക്കാൻ കഴിയില്ല. വനപ്രദേശങ്ങളിൽ കുടിയേറി കൃഷി നടത്തി നാടിന്റെ ഉൽപ്പാദനം വർധിപ്പിച്ച കൃഷിക്കാരാണ് മണ്ണ് പൊന്നാക്കിയത്. എന്നാൽ കൃഷിഭൂമി പോലും വെള്ളിക്കാശിനായി നിരപ്പാക്കി ക്വാറി നടത്തുന്നവരെ അക്കൂട്ടത്തിൽ പെടുത്താൻ കഴിയില്ല.
- ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാൻ പാടില്ലാത്ത ഒന്നല്ല. അതിലെ മൂന്ന് പ്രധാന നിർദേശങ്ങൾ എക്കാലത്തും പ്രസക്തമാണ്. അവ ഇപ്രകാരമാണ്. പൊതുഭൂമി സ്വകാര്യഭൂമിയാക്കരുത്, കൃഷിഭൂമി കാർഷികേതരമായി ഉപയോഗിക്കരുത്, വനഭൂമി വനേതരമായി ഉപയോഗിക്കരുത് എന്നിങ്ങനെ. ഇത് ഭൂ ഉപയോഗത്തിലുള്ള സാമൂഹ്യ നിയന്ത്രണത്തിന്റെ മാർഗ്ഗമാണ്. ഏതൊരു പരിഷ്‌കൃത രാജ്യത്തും ഇതൊക്കെതന്നെയാണ് നിലപാട്. ഇത് വനം പ്രദേശത്ത് മാത്രമല്ല; തീരപ്രദേശങ്ങളിലും ഇടനാട്ടിലും ഒക്കെ സാധ്യമാകണം. അത് നടക്കണമെങ്കിൽ ഭൂമിയുടെ ഉടമസ്ഥത സ്വകാര്യ വ്യക്തികളിൽ നിലനിർത്തുമ്പോൾ തന്നെ ഭൂ ഉപയോഗത്തിൽ സാമൂഹ്യ നിയന്ത്രണം അനിവാര്യമാക്കുന്നു. പ്രദേശ വൽക്കരണം (Zonation), നീർത്തടാധിഷ്ടിത വികസനം (Watershed Development WSD), സ്ഥലീയാസൂത്രണം (Spacial Planning), ഭൂ ബാങ്ക് (Land Bank) എന്നിവയൊക്കെ ഭൂമിയുമായി ബന്ധപ്പെട്ട ആധുനിക ഉപയോഗ വിനിയോഗ മാർഗങ്ങളാണ്. അത് കാർഷികോൽപ്പാദനം വർധിപ്പിക്കുന്നതിന് അനിവാര്യമാണ്. സ്വന്തം ഭൂമി യഥേഷ്ടം എന്തിനും (പാറ പൊട്ടിക്കാനും, റിസോട്ട് ഉണ്ടാക്കാനുമൊക്കെ) ഉപയോഗിക്കാം, അത് മൗലികാവകാശമാണ് എന്നതൊക്കെ കാലഹരണപ്പെട്ട വാദങ്ങളാണ്. പരിഷ്‌കൃത രാജ്യങ്ങൾ ഇതൊക്കെ എന്നോ തള്ളിയതാണെന്ന് അറിയണമെങ്കിൽ US, EU, രാജ്യങ്ങളിലെ ഭൂ നിയമങ്ങൾ കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു.
- മലയോരങ്ങളിൽ താമസിക്കേണ്ടിവരുന്നവർ അവിടുത്തെ പാരിസ്ഥിതിക പ്രത്യേകതകളെ ഉൾക്കൊണ്ട് ജീവിക്കണം. അതുപോലെ, കടലോരത്ത് കഴിയുന്നവരും ഇടനാട്ടിലുള്ളവരും, നഗരവാസികളുമെല്ലാം അതാതിടത്തെ പാരിസ്ഥിതിക നിയന്ത്രണങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. അല്ലാതെ നഗരങ്ങളിലെ അതേ ജീവിതരീതി മലയോരത്തുണ്ടാകണമെന്ന് ശഠിക്കുന്നത് ശാസ്ത്രീയമല്ല; മറിച്ചും. അത് ശാസ്ത്രീയ ഭൂവിനിയോഗത്തിന്റെ ബാലപാഠത്തിന് തന്നെ എതിരാണ്. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുന്നത് നഗരങ്ങളിലല്ല, മലയോരങ്ങളിലാണെന്നത് ഒരു വസ്തുതയാണ്. സംരക്ഷിക്കുന്നില്ലെങ്കിൽ അവ വർധിക്കുമെന്നതും ഒരു വസ്തുതയാണ്. നദികൾ ഉൽഭവിക്കുന്നതും ഒഴുകുന്നതും പ്രകൃതിദത്തമായിതന്നെ കേരളത്തിൽ കിഴക്ക് പശ്ചിമഘട്ടത്തിൽ നിന്ന് പടിഞ്ഞാറ് അറബിക്കടലിലേക്കാണ്. ഇതിന്റെ ഗതി തിരിച്ചുവിടൽ അസാധ്യമാണെന്ന് മനസ്സിലാക്കിക്കൊണ്ടുവേണം പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. എന്നാൽ നദികളുടെ ഉൽഭവസ്ഥാനം പോലെ തന്നെ കടലിൽ ചേരുന്ന നദീമുഖങ്ങളിലും വ്യത്യസ്തമായൊരു നിയന്ത്രണം വേണ്ടതുണ്ട്. ഇത് രണ്ടും രണ്ട് രീതിയിലാണെങ്കിലും രണ്ടും പാലിക്കാൻ കേരളീയർ ബാധ്യസ്ഥരാണ്.
- ഇന്ത്യയിൽ പരിസ്ഥിതി സംബന്ധിച്ച് ആദ്യം വരുന്ന ഉത്തരവല്ല ESZ ഇതിനു മുമ്പ് 1970-കൾ മുതൽ നടപ്പാക്കി വരുന്ന ധാരാളം നിയമങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം. അതിലെ മൂന്നാമത്തെ വകുപ്പാണ് ESZ നും വിവാദമായ EIA യ്ക്കുമൊക്കെ നിദാനമായിട്ടുള്ളത്. അതായത് പരിസ്ഥിതിയെ സംരക്ഷിക്കാനും വികസിപ്പിക്കാനുമുള്ള സർക്കാരിന്റെ അധികാരം ‘The power of the Cetnral government to take measures to protect and improve environment’. ഇത്തരം കേന്ദ്ര നിയമങ്ങളുമായി ബന്ധപ്പെടുത്തി കേരളത്തിലും ഏറെ പരിസ്ഥിതി നിയമങ്ങൾ ഉണ്ടായിട്ടുണ്ട്. അവയൊക്കെ പാലിക്കാൻ ജനങ്ങൾ ബാധ്യസ്ഥരായിട്ടും നമ്മുടെ പരിസ്ഥിതി ഏതാണ്ട് പൂർണമായും തകർന്നമട്ടാണ്. മനുഷ്യസൃഷ്ടിയായ കാരണങ്ങളാലുള്ള പ്രകൃതി ദുരന്തങ്ങളും അവയുടെ പ്രത്യാഘാതങ്ങളും കേരളത്തിൽ കൂടിവരികയാണ്
- നിലവിലുളള നിയമങ്ങൾക്ക് വിധേയമായി കർശന നിയന്ത്രണം ഉണ്ടാകും എന്നാണ് ESZ ഉത്തരവിൽ പറയുന്നത്. അത് വൻകിട ഖനനം, വൻകിട മലിനീകരണ സ്ഥാപനങ്ങൾ (വാഹനങ്ങൾ അല്ല), വൻകിട ജലസേചന പദ്ധതികൾ, അപകടകരമായ വിഷ വസ്തു ഉപയോഗം, അപകടകരമായ മാലിന്യം പുറംതള്ളൽ, പുതിയ വൻകിട തടിമില്ലുകൾ, ഇഷ്ടികച്ചൂളകൾ എന്നിവക്കാണ്. ഇവ നിരോധിക്കുന്നതുകൊണ്ട് സാധാരണക്കാരായ ജനങ്ങളുടെ സൈാര്യജീവിതം എങ്ങനെയാണ് ഇല്ലാതാവുന്നത്. ഇവ ഏത് രീതിയിലാണ് കൃഷിയെ പ്രതികൂലമായി ബാധിക്കുന്നത്? ഇവ നിരോധിക്കാൻ പാടില്ല എന്ന് സാധാരണക്കാരായ കൃഷിക്കാരോ ജനങ്ങളോ പറയാനിടയില്ല. അപ്പോൾ നിരോധിക്കുന്നതിനെതിരെ ജനങ്ങളെ പങ്കാളികളാക്കി മുറവിളി കൂട്ടുന്നത് ഇക്കാര്യങ്ങളിൽ നിക്ഷിപ്ത താൽപ്പര്യങ്ങൾ ഉള്ളവരായിരിക്കും. അവരുടെ നിക്ഷിപ്ത താൽപ്പര്യങ്ങളെ, സാധാരണജനങ്ങളുടെയും, കൃഷിക്കാരുടെയും പേരിൽ സംരംക്ഷിക്കാനുള്ള ശ്രമം അപലപനീയമാണ്.
നിലവിലുള്ള നിയമങ്ങളെ ജനങ്ങൾ പേടിക്കുന്നുണ്ടെങ്കിൽ, ഒന്നുകിൽ അത് നടപ്പാക്കുന്ന ഉദ്യോഗസ്ഥരിലെ തെറ്റുകുറ്റങ്ങൾ കാരണമാകാം. അല്ലെങ്കിൽ ഭയപ്പെടുന്നവർ ഏതെങ്കിലും തരത്തിൽ തെറ്റുകൾ ചെയ്യുന്നുണ്ടാകാം. ഇത് രണ്ടും പരിഹരിക്കാവുന്നതേ ഉള്ളൂ. ജനദ്രോഹികളായാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് കഴിയും. അതല്ല, നിയമം പാലിക്കാൻ തയ്യാറല്ലെന്നുണ്ടെങ്കിൽ അതിനുള്ള ശിക്ഷ അനുഭവിക്കാൻ നിയമ നിഷേധികളും സന്നദ്ധരാകണം.
പ്രക്ഷോഭകർ പ്രസിദ്ധീകരിച്ച ഒരു നോട്ടീസ്സിൽ ESZ നിയമം വിദ്യാഭ്യാസ, ആത്മീയ കാര്യങ്ങളെ ബാധിക്കും എന്ന് പറയുന്നുണ്ട്. അതൊരുതരം മതാടിസ്ഥാനത്തിൽ ജനങ്ങളെ ഇളക്കിവിടാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി കാണണം. എന്തായാലും കോവിഡ് കാലത്ത് വിദ്യാഭ്യാസ ആത്മീയ രംഗങ്ങളിലുണ്ടായത്രയും തടസ്സങ്ങളൊന്നും ESZ നടപ്പാക്കുന്നത് വഴി ഉണ്ടാകാനിടയില്ല. വികസിത രാജ്യതന്ത്രം, നഗരവാസികൾക്ക് ഓക്സിജൻ, പാലായിലെ വളർച്ച എന്നിവയൊക്കെ വിശദീകരണമർഹിക്കാത്ത ആരോപണങ്ങളാണ്. പക്ഷേ അതൊക്കെ ജനങ്ങളെ ഇളക്കിവിടാൻ ഉപകരിക്കുന്നുണ്ടാകാം.
പ്രക്ഷോഭകരുടെ മറ്റൊരുവാദം ESZ വനത്തിലാകാം എന്നതാണ്. അതിന്റെ അർഥം PA കൾക്ക് സംരക്ഷണം വേണ്ടെന്ന് തന്നെയാണ്. PA കൾക്കുള്ള സംരക്ഷണകവചം എന്നനിലക്കാണ് ESZ വിഭാവനം ചെയ്യുന്നത്. ഇത് ഇപ്പോൾ പ്രചരിപ്പിക്കുന്നതുപോലെ ബഫർ സോൺ അല്ല. ബഫർസോൺ കേരളത്തിൽ സൈലന്റ് വാലിക്ക് മാത്രമാണുണ്ടായിരുന്നത്. വനത്തിൽ നിബിഡ (core) വനം കഴിഞ്ഞാൽ അതിന്റെ ചുറ്റുപാടുമാണ് ബഫർസോൺ. അതും വനംവകുപ്പിന്റെ തന്നെ നിയന്ത്രണത്തിലുള്ളതാണ്. അവിടെ മനുഷ്യ ഇടപെടൽ സധാരണനിലയിൽ അനുവദിക്കുന്നില്ല. ESZ കളിലാകട്ടെ ഹാനികരമല്ലാത്ത രീതിയിലുള്ള മനുഷ്യ ഇടപെടൽ അനുവദിക്കുന്ന വാസസ്ഥലമാണ്. അതിനാൽ ബഫർസോണും ESZ ഉം രണ്ടാണ്. സാധാരണ നിലയിൽ ജനവാസവും ജീവിത പ്രവർത്തനങ്ങളും നടക്കുന്ന ESZ ഉം C നടക്കാത്ത ബഫർസോണും ഒന്നാണെന്ന പ്രചരണം ESZ ഉം EFL ഉം ഒന്നാണെന്ന പോലെ തന്നെ തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ്. ബഫർസോണിന് പുറത്തുള്ള പ്രദേശമാണ് ESZ.
ജനങ്ങളെ വിശ്വാസത്തിലെടുക്കണം
ഇതൊക്കെയാണെങ്കിലും ഒരു നിയമവും ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ അടിച്ചേൽപ്പിക്കാൻ കഴിയില്ല. അങ്ങിനെ ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണവുമല്ല. അതിനാൽ ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾക്ക് ചെവികൊടുക്കണം, അവ കേൾക്കണം, ചർച്ചചെയ്യണം, പരിഹാരം കാണണം. ഒപ്പം കള്ള നാണയങ്ങളെ തിരിച്ചറിയണം, തുറന്നുകാണിക്കണം. നിർഭാഗ്യവശാൽ ഇന്ന് മുഴങ്ങിക്കേൾക്കുന്ന മുദ്രാവാക്യം യഥാർഥ കൃഷിക്കാരുടേതോ കഷ്ടത അനുഭവിക്കുന്നവരുടേതോ അല്ല; അവരെ ഇളക്കിവിട്ട് ലാഭം സംഘടിപ്പിക്കാൻ ശ്രമിക്കുന്നവരുടേതാണ്. കർഷകരെയും കൃഷിയേയും പാടെ കുത്തുപാള എടുപ്പിക്കുന്ന മൂന്ന് കർഷകവിരുദ്ധ നിയമം കേന്ദ്രം പാസ്സാക്കിയിട്ടും ഇവിടുത്തെ ‘കർഷക’ പ്രക്ഷോഭകർക്ക് പ്രയാസമുണ്ടായിട്ടില്ല. പ്രക്ഷോഭകർ ഇവിടുത്തെ ESZ കാര്യത്തെ, തമിഴ്നാട്ടിലെ നീലഗിരി പ്രശ്നവുമായി ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് നിലമ്പൂർ കോവിലകത്തിന്റെ ഭൂമി കയ്യേറിയതിനെ 1964-ലെ മിച്ചം എസ്റ്റേറ്റ് നിയമപ്രകാരം ഏറ്റെടുത്ത സർക്കാർ നടപടിയാണ്. പരസ്പരം ബന്ധപ്പെട്ടതല്ല.
10 കി.മീ. ESZ എന്നത് ക്വാറി, ഖനനമാഫിയകൾക്ക് ഒരു ദുസ്വപ്‌നമാണ്. കാരണം, ഇതിന്റെ പിറകിൽ സുപ്രീം കോടതിയാണ്. അതിനാൽ പല സംസ്ഥാനങ്ങളും ഇതിൽ ഇളവ് ലഭിക്കാനുള്ള സമ്മർദം കേന്ദ്രത്തിൽ നടത്തുന്നുണ്ട്. കേരള സർക്കാരാണെങ്കിൽ 0-1 കി.മീ. എന്ന നിലപാടെടുക്കുകയും, അത് കേന്ദ്രം അംഗീകരിച്ച് ഉത്തരവിറക്കുകയും ചെയ്തു. ഈ ഒരു കി.മീ. എന്നതും ഒഴിവാക്കി കിട്ടുക എന്നതാണ് സ്ഥാപിത താൽപ്പര്യക്കാരുടെ ആവശ്യം. ആ വികാരമാണ് പ്രക്ഷോഭങ്ങളെ നയിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് തിരിച്ചറിഞ്ഞ് സംസ്ഥാനത്ത് സമാധാനവും വികസനവും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്തേണ്ടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. എന്നാൽ, വസ്തുതകളുടെ വിശദാംശങ്ങളിലേക്ക് പോകാതെ, തിരഞ്ഞെടുപ്പിനെ മാത്രം മുന്നിൽകണ്ട് പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് മിക്കവരും ചെയ്തത്.
അവസാനം 2020 സെപ്റ്റംബർ 30ന് കേരള സർക്കാരും പുതുക്കിയ ESZ നിർദ്ദേശങ്ങൾ സമർപ്പിച്ചിരിക്കുകയാണ്. ഇതനുസരിച്ച് മലബാർ വന്യജീവി കേന്ദ്രത്തിന്റെ ESZ ൽ 10.78 ച.കി.മീ വരുന്ന ജനവാസകേന്ദ്രങ്ങളെ പാടെ മാറ്റിയിരിക്കുന്നു. 53.6 ച.കി.മീ. എന്നത്, 42.815 ച.കി.മീ. ആയി ESZ നിജപ്പെടുത്തിയിരിക്കുന്നു. ഇത് ബഹു. സുപ്രീംകോടതി നിർദ്ദേശങ്ങൾക്ക് നിരക്കാത്തതു കൊണ്ടാണ് 2015 ൽ അംഗീകരിക്കാതെ പോയതെന്നതും ഒരു വസ്തുതയാണ്.
കേന്ദ്ര നിലപാട്
എന്തുകൊണ്ടാവാം കേന്ദ്രസർക്കാർ, ഇത്തരത്തിലൊരു പരിസ്ഥിതി സംരക്ഷണ നിയമം നടപ്പാക്കാൻ തയ്യാറായത്. പ്രധാന കാരണം ഇതൊരു സുപ്രീം കോടതി നിർദേശം ആണെന്നത് തന്നെ. 2020 ആഗസ്റ്റ് 5 നാണ് പുതിയ മലബാർ സങ്കേതത്തിന്റെ ഉത്തരവ് വന്നത്. 2020 ആഗസ്റ്റ് 11 നായിരുന്നു EIA യുടെ ഭേദഗതിക്കെതിരെ ജനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള അവസാന തീയതി. EIA ഭേദഗതിയെ ഇവിടുത്തെ രാഷ്ട്രീയപ്പാർട്ടികളും പരിസ്ഥിതി പ്രവർത്തകരുമെല്ലാം ഒന്നിച്ചാണ് നേരിട്ടത്. വലിയൊരു ഐക്യം അവർക്കിടയിൽ ഉയർന്നുവന്നിരുന്നു. അതിനെ തകർക്കേണ്ടത് കേന്ദ്രത്തിന്റെ ഒരാവശ്യമായിരുന്നു. അതുകൊണ്ടായിരിക്കാം അതേ ആഴ്ചയിൽതന്നെ, ഒരിക്കലും നടപ്പാക്കാൻ ഉദ്ദേശമില്ലാത്ത ഇത്തരം വിവാദനിയമങ്ങൾ കൊണ്ടുവന്നത്. അത് വയനാടിന്റെ കാര്യങ്ങൾ ഒരിക്കൽ കൂടി ആവർത്തിച്ചിരിക്കുന്നു. ഇത് വഴി ജനങ്ങളെ തമ്മിലടിപ്പിക്കാം, പല കാരണങ്ങൾ പറഞ്ഞ് മാറ്റിവെക്കാം എന്നതായിരിക്കാം ഉദ്ദേശ്യം.അല്ലാതെ ESZ വഴിയുള്ള പരിസ്ഥിതി സംരക്ഷണം ഇന്നത്തെ കേന്ദ്രസർക്കാരിന്റെ അജണ്ടയിൽ ഇല്ലെന്നതൊരു വസ്തുതയാണ്.
ഒരു ഭാഗത്ത് ആദിവാസികൾ, കൃഷിക്കാർ എന്നിവരെ ദ്രോഹിക്കുന്ന വിധത്തിലാണ് EIA, കാർഷിക നിയങ്ങൾ എന്നിവയെല്ലാം ചർച്ച പോലും അനുവദിക്കാതെ പാസ്സാക്കിയെടുക്കുന്നത് കേന്ദ്രസർക്കാരാണ്. ചോദ്യത്തിന് പോലും അവസരം നൽകുന്നില്ല. ഇതിന്റെ ഗുണങ്ങളെല്ലാം കോർപ്പറേറ്റ് മാഫിയ സംഘങ്ങളാണ് അനുഭവിക്കുന്നത്. അതേ സമയം EIA യിലും കാർഷിക രംഗത്തും ഇന്ന് നിലനിൽക്കുന്ന കോർപ്പറേറ്റ് ഫ്യൂഡൽ താല്പര്യങ്ങളെ അനുകൂലിക്കുകയും ആണ്. അതുകൊണ്ടുതന്നെ നിലവിലുള്ള പോരായ്മകൾ ആമുഖമായി ചൂണ്ടിക്കാട്ടി ഇപ്പോഴത്തേതിനേക്കാൾ അപകടകരമായ നിർദേശങ്ങൾ പരിഹാരങ്ങളായി ഓരോ രംഗത്തും മുന്നോട്ടുവെക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഈ ഇരട്ടത്താപ്പ് ESZ പ്രഖ്യാപനത്തിലും പ്രകടമാണ്. അതുകൊണ്ടുതന്നെ ജനങ്ങളെ ഭിന്നിപ്പിച്ച് അതിൽ നിന്ന് എന്തെങ്കിലും സംഘടിപ്പിക്കാമോ എന്ന അഴകൊഴമ്പൻ നിലപാടാണ് കേന്ദ്രത്തിന്റെത്.
ശാസ്ത്രീയ പരിപാലനത്തിന്റെ ആവശ്യകത
ഇതൊക്കെ നിലനിൽക്കെ തന്നെ, വന്യജീവി സങ്കേതം, ദേശീയ ഉദ്യാനങ്ങൾ എന്നിവയൊക്കെ സംരക്ഷിക്കണം. അതിന്റെ തനത് സ്വഭാവം പരിരക്ഷിക്കാൻ ഇന്നത്തെ ESZ പോലുള്ള നിയമനിർമാണവും അനിവാര്യമാണ്. എന്നാൽ, അവ അടിച്ചേൽപ്പിക്കുന്ന രീതിയിൽ ആവരുത്. ജീവിത പ്രായസങ്ങളുണ്ടായേക്കാവുന്ന ജനവിഭാഗങ്ങളെ വിശ്വാസത്തിലെടുക്കണം. തൽപ്പരകക്ഷികളെ തിരിച്ചറിഞ്ഞ് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടണം. നാടിന്റെ സുഗമമായ മുന്നേറ്റം ഉറപ്പാക്കും വിധം പരിസ്ഥിതി വികസന സമന്വയത്തെ മുന്നോട്ടു നയിക്കാൻ കഴിയണം. അതിനാകട്ടെ, വസ്തുതകളെ ഉൾക്കൊണ്ടുകൊണ്ടുള്ള ചർച്ചയും ജനകീയ സമ്മർദങ്ങളും അനിവാര്യമാവുകയാണ്.
ഇന്നത്തെ ചർച്ചകളിലും പ്രക്ഷോഭങ്ങളിലും ശാസ്ത്രത്തിനും ശാസ്ത്രീയ പരിസ്ഥിതി പരിപാലനത്തിനും യാതൊരു പങ്കും വരുന്നില്ല. അതിനെ സർക്കാരടക്കം എല്ലാവരും അവഗണിക്കുകയാണ്. ഈ രീതിയിൽ മുന്നോട്ടു പോകുന്നത് ശരിയല്ല. വന സംരക്ഷണത്തിനും ഒരു ശാസ്ത്രമുണ്ട് അത് പാലിക്കണം. നമ്മുടെ ചർച്ചകൾ ശാസ്ത്രീയ വസ്തുതകളെ അടിസ്ഥാനമാക്കിയാവണം. ഇത് പ്രദേശവാസികൾക്ക് അനുകൂലമാണെങ്കിൽ അധികാരികൾ അത് അംഗീകരിക്കണം. മറിച്ചാണെങ്കിൽ പ്രദേശവാസികളും അംഗീകരിക്കണം.
മനുഷ്യ-മൃഗ സംഘർഷം
കാലാവസ്ഥാമാറ്റത്തിന്റെ പ്രത്യാഘാതങ്ങൾപോലെ തന്നെ മഹാമാരികളുടെ ആവർത്തനവും ശാസ്ത്രലോകം മുൻകൂട്ടി കാണുന്നുണ്ട്. കോവിഡ് മഹാമാരി ഉയർത്തുന്ന പുതിയ ചില സമസ്യകളുണ്ട്. കോവിഡ് അടിസ്ഥാനപരമായി ഒരു മൃഗജന്യ വൈറസ് പകർച്ചവ്യാധിയാണ്. ഈ വൈറസ് വാഹകരായ പലതരം ജീവജാലങ്ങളുടെ തനത് ആവാസവ്യവസ്ഥ തകർന്നതിന്റെ ഭാഗമായി അവ മനുഷ്യന്റെ ആവാസകേന്ദ്രങ്ങളിലേക്ക് ചേക്കേറുകയാണ്. കേരളത്തിലും മൃഗങ്ങളും മനുഷ്യരും തമ്മിൽ നടക്കുന്ന സംഘർഷത്തിന്റെ കാരണവും ആവാസവ്യവസ്ഥയുടെ തകർച്ച തന്നെയാണ്. ഇതിന്റെ പ്രതിവിധി മൃഗങ്ങളുടെ ഉന്മൂലനമല്ല. അങ്ങിനെ ചെയ്യുന്നത് നിനച്ചിരിക്കാത്ത മറ്റൊട്ടേറെ പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കും. വേണ്ടത് മനുഷ്യരുടെ ആരോഗ്യം പോലെ തന്നെ മൃഗങ്ങളുടെ ആരോഗ്യവും, ഇവർ രണ്ടു കൂട്ടരും പാർക്കുന്ന വ്യത്യസ്ത ആവാസ വ്യവസ്ഥകളുടെ ആരോഗ്യവും ഒരേ സമയം സംരക്ഷിക്കുക എന്നതാണ്. മനുഷ്യവാസ പ്രദേശം പോലെ തന്നെ മൃഗവാസ പ്രദേശമായ വനവും സംരക്ഷിച്ചേ മതിയാകൂ എന്നർഥം.
ESZ എന്ന പ്രദേശമാണ് വന്യമൃഗങ്ങളും മനുഷ്യരും തമ്മിൽ സംഘർഷം കൂടുതൽ നടക്കുന്ന ഇടം. വന്യജീവികൾ കൃഷി നശിപ്പിക്കുന്നുണ്ടെന്നതൊരു വസ്തുതയാണ്. ഇത് കൃഷിക്കാർക്ക്, ചെറുകിട-വൻകിട വ്യത്യാസമില്ലാതെ വലിശ നാശനഷ്ടങ്ങളുണ്ടാക്കുന്നുണ്ട്. കിഴങ്ങ് വർഗ്ഗത്തിൽ പെട്ട കൃഷിയെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ചില ജീവികളുടെ വംശം നാട്ടിൽതന്നെ പെരുകുന്ന സ്ഥിതിയുമുണ്ട്. ഇവയെ നശിപ്പിക്കുന്നത് നിലവിലുള്ള നിയമങ്ങൾ വഴി ശിക്ഷാർഹമാണ്. എന്നാൽ, എണ്ണം ക്രമാതീതമായി പെരുകുന്നുമുണ്ട്. അതിനാൽ അവ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ കർഷകരെ സഹായിക്കാൻ പഴയ നിയമങ്ങൾ പോര. പുതിയ നിയമ നടപടികൾ തന്നെ വേണം. ഇത് പരസ്പരം ചർച്ചചെയ്ത് ശാസ്ത്രീയമായി ഉണ്ടാക്കണം.
എന്നാൽ, നമ്മളെല്ലാം ഉൾക്കൊള്ളേണ്ട ഒരു കാര്യമുണ്ട്. കാലാവസ്ഥാ മാറ്റം ഇന്നൊരു വസ്തുതയാണ്. ഇതിന്റെ രൂക്ഷത ഇന്നത്തെ സാഹചര്യത്തിൽ ഇനിയും വർധിക്കുമെന്നതും ഒരു വസ്തുതയാണ്. അത് പരിസ്ഥിതിയ്ക്കൊപ്പം ജീവിതത്തിനും ഹാനികരമാകും. അതിനാൽ പരിസ്ഥിതി സംബന്ധിച്ച കേസ്സുകളും കോടതിവിധികളും നിയമനിർമാണങ്ങളുമൊക്കെ നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമാവുകയാണെന്ന കാര്യം ഉൾക്കൊള്ളണം. ഇതിന് ഏറ്റവും നല്ല തെളിവാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ആനത്താര സംബന്ധിച്ച 2020 ഒക്ടോബർ 14 ലെ സുപ്രീംകോടതി വിധി. എന്നാൽ, നിയമങ്ങളൊന്നും പരസ്പരം ഏറ്റുമുട്ടി നടപ്പാക്കാനും കഴിയില്ല, അങ്ങനെയല്ല നടപ്പാക്കേണ്ടതും. അതേപോലെ സംഘർഷം കൊണ്ട് ഇല്ലാതാക്കാനും കഴിയില്ല. തൽക്കാലത്തെ ലാഭവും വോട്ടും മാത്രം നോക്കി തീരുമാനങ്ങളെടുത്താൽ അത് വിപരീതഫലം മാത്രമേ ചെയ്യൂ. ഇവിടെ ഒരു ദീർഘകാല പരിപ്രേക്ഷ്യം അനിവാര്യമാവുകയാണ്. പ്രശ്നം പ്രാദേശികമായിതന്നെ പരിഹരിക്കാൻ കഴിയണം. അതിന്നായി പ്രയാസം അനുഭവിക്കുന്ന ജനങ്ങൾക്ക് സ്വീകാര്യമായ സമന്വയ മാർഗങ്ങളുണ്ടാകണം. ശാസ്ത്രീയ വസ്തുതകൾ ഭൂരിപക്ഷപ്രകാരം തീരുമാനിക്കാനാകണമെന്നില്ല. ഭൂരിപക്ഷം എതിർത്താലും ശാസ്ത്രവസ്തുതകൾ തിരുത്തി എഴുതാൻ കഴിയില്ല. ഈ സാഹചര്യത്തിൽ തദ്ദേശ ഭരണസമിതികളാണ് കൂടുതൽ ഉണർന്നു പ്രവർത്തിക്കേണ്ടത്. അവയുടെ നേതൃത്വത്തിൽ പരാതിപരിഹാരത്തിനുള്ള സംവിധാനവും ഉണ്ടാകണം.