Read Time:11 Minute

ഡോ. എസ്‌. ശ്രീകുമാർ.
ജിയോളജി പ്രൊഫസർ & ഡയറക്ടർ, IRTC പാലക്കാട്.

കേരളത്തിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട ഒരു ശിലയാണ് ചെങ്കല്ല് അഥവാ വെട്ടുകല്ല്. കരിങ്കല്ലും വെട്ടുകല്ലുമാണ് വീടു വെയ്ക്കാൻ മലയാളികൾ ഉപയോഗിച്ചു വരുന്നത്. ഇത് തെക്ക് പാറശ്ശാല മുതൽ വടക്ക് കാസർഗോഡു വരെ പലയിടങ്ങളിലും കണ്ടുവരുന്നു. ഉത്തര കേരളത്തിൽ ഇടനാടൻ കുന്നുകളിൽ സമൃദ്ധിയായി കണ്ടുവരുന്ന വെട്ടുകല്ല് ആദ്യമായി നിർമ്മാണ സാമഗ്രിയായി ഉപയോഗിച്ചിരുന്നത് കമ്പോഡിയയിലാണ്. ഫ്രാൻസിസ് ഹാമിൽട്ടൺ ബുക്കാനൻ (1762 – 1829) എന്ന ഭിഷഗ്വരനാണ് ചെങ്കല്ലിനെ ലാറ്ററൈറ്റ് എന്ന് നാമകരണം ചെയ്തതും ലോകത്തിന് പരിചയപ്പെടുത്തുന്നതും. ഈസ്റ്റ്‌ ഇൻഡ്യ കമ്പനി യിലെ ഡോക്ടറായ അദ്ദേഹം രചിച്ച “മദ്രാസിൽ നിന്ന് മൈസൂർ, കാനറ , മലബാറിലൂടെയുള്ള യാത്ര (A Journey from Madras through the Countries of Mysore, Canara and Malabar-1807) ” എന്ന ഗ്രന്ഥത്തിലാണ് ചെങ്കല്ലിനെ പറ്റി വിശദീകരിച്ചിട്ടുള്ളത്. മലബാറിൽകൂടെയുള്ള യാത്രയിൽ എവിടെയും ചെങ്കൽക്കുന്നുകൾ അദ്ദേഹം കണ്ടു.

ഫ്രാൻസിസ് ഹാമിൽട്ടൺ ബുക്കാനന്റെ A Journey from Madras through the Countries of Mysore, Canara and Malabarഎന്ന പുസ്തകം

വെട്ടുകല്ല് എന്ന്, ലാറ്റിനിൽ അർത്ഥം വരുന്ന ലാറ്ററൈറ്റ് എന്ന പദമാണ് ആ ശിലകൾക്ക് അദ്ദേഹം നല്കിയത്. മഴു കൊണ്ട് മുറിച്ചെടുക്കാൻ പറ്റുന്ന ഈ ശില കെട്ടിട നിർമ്മാണ സാമഗ്രിയാണന്ന് പുറംലോകത്തെ അറിയിച്ചത് അദ്ദേഹമാണ്. കേരളത്തിൽ നിന്നാണ് ലാറ്ററൈറ്റിന് ഒരു ശിലയുടെ സ്ഥാനം ലഭിച്ചത് എന്നു പറഞ്ഞാൽ തെറ്റില്ല. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറമാണ് വെട്ടുകല്ലിന്റെ ടൈപ്പ് ലൊക്കാലിറ്റി. അതിനാൽ ജിയോളജിക്കൽ സർവേ ഓഫ് ഇൻഡ്യ ഒരു ദേശീയ സ്മാരകം ഈ കല്ലിൽ പണിതു് സംരക്ഷിച്ചു വരുന്നു.

അങ്ങാടിപ്പുറത്തെ ജിയോളജിക്കൽ സർവേ ഓഫ് ഇൻഡ്യ ഒരു ദേശീയ സ്മാരകം

ചെങ്കല്ല് രൂപീകരണം

കേരളത്തിൽ ക്രിസ്റ്റലീയൻ (കരിങ്കല്ലുകൾ ) പ്രീ കാമ്പ്രിയൻ ശിലാ സമുച്ചയങ്ങളുടെയും ടെർഷ്യറി അവസാദശിലകളുടെയും മീതെ ഒരു പരവതാനി കണക്കെയാണ് ചെങ്കല്ലുകൾ രൂപപ്പെട്ടിട്ടുള്ളത്. ഉഷ്ണമേഖല കാലാവസ്ഥയിലാണ് ലാറ്ററൈറഷൻ (ചെങ്കല്ലികരണം ) നടക്കുന്നത്. ഉദാഹരണത്തിന് ഇൻഡ്യാ , ആസ്ത്രേലിയ , ചൈന, ആഫ്രിക്ക, ശ്രീലങ്ക, മലേഷ്യ എന്നീ രാജ്യങ്ങളിൽ ചെങ്കല്ലീകരണം സാദ്ധ്യമാണ്. അനേക വർഷം ഇടവിട്ട് കനത്ത മഴയും കടുത്ത വേനലും അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ കരികല്ലുകൾ രാസമാറ്റത്തിലൂടെ ചെങ്കല്ലായി മാറുന്നു . വർഷകാലത്ത് മഴവെള്ളത്തിൽ ലയിച്ചു ചേരുന്ന ധാതുക്കൾ സാവധാനത്തിൽ ഒലിച്ചു പോകുകയും ലയിക്കാത്ത രാസവസ്തുക്കൾ അവശിഷ്ടമാവുകയും ക്രമേണ അവസാദശിലയായ ചെങ്കല്ലായി മാറുകയും ചെയ്യുന്നു. മൂലശിലയായ കരിങ്കല്ലിലെ ക്വാർട്ട് സ്, ഫെൽഡ് സ്പാർ, മൈക്ക എന്നീ ധാതുക്കൾ ക്ക് അപക്ഷയം സംഭവിച്ച് അലുമിനിയം സമ്പുഷ്ടമായ കളിമൺ, ഇരുമ്പിന്റെ ഓക്സൈഡ്സ് ആയ ലിമണൈറ്റ്, ഗോയി തൈറ്റ്, ഹെമെറൈററ്റ് എന്നീ ധാതുക്കളടങ്ങുന്ന ദൃഡതയുള്ള ശിലയായി പരിവർത്തനപ്പെടുന്നു. ഇരുമ്പ് ഓക്സൈഡ് ധാതുക്കൾ വെട്ടുകല്ലിന് ചുവപ്പു നിറവും അലുമിനിയം ഓക്സൈഡ് ധാതുക്കൾ വെള്ള നിറവും നല്കുന്നു.

 

കേരളത്തിലെ ചെങ്കൽകുന്നുകൾ

കേരളത്തിലെ ഇടനാട്ടിൽ ധാരാളം ചെങ്കൽ കുന്നുകൾ ദൃശ്യമാണ്. ചെങ്കല്ലുകളിൽ അനേകം സുഷിരങ്ങൾ ഉണ്ട് മാത്രമല്ല ഓരോ സുഷിരങ്ങളും തമ്മിൽ ഘടിപ്പിച്ചിരിക്കുന്നു. വെള്ളം പിടിച്ചു വയ്ക്കാനും പിന്നീട് നല്കാനുമുള്ള കഴിവ് പാറകളിലെ സുഷിരങ്ങളുടെ സവിശേഷതയെ ആശ്രയിച്ചിരിക്കും. ജലം സംഭരിക്കുവാനും
തടസ്സമില്ലാതെ ഒഴുകാനും സാധിക്കുന്ന ശിലകളെ ജലഭൃതം എന്നു വിളിക്കുന്നു. ക്രിസ്റ്റലീയൻ കരിങ്കല്ല് പാറകൾ രണ്ടു ശതമാനം വെള്ളം വിട്ടുതരുമ്പോൾ വെട്ടുകല്ല് 15 മുതൽ 20 ശതമാനം വരെ വെള്ളം വിട്ടു തരും. വർഷകാലത്ത് ജല പൂരിതമായ ശിലകളിൽ നിന്നും വേനൽ കാലത്ത് കിണർ, അരുവികൾ , നീരുറവകൾ എന്നിവയ്ക്ക് നല്കുന്നു. കാസർഗോഡ് ജില്ലയിൽ വെട്ടുകൽ നിറഞ്ഞ പ്രദേശത്ത് നിർമ്മിക്കുന്ന സുരംഗങ്ങൾ പ്രധാനപ്പെട്ട ഒരു ജല സ്രോതസ്സാണ് .

മാലിന്യങ്ങൾ കലർന്ന ഉപരിതല ജലം ചെങ്കല്ലിലൂടെ കിനിഞ്ഞിറങ്ങുമ്പോൾ സ്വാഭാവികമായി ശുദ്ധീകരണ പ്രവർത്തനം നടത്തി വലിയ അരിപ്പകളുടെ ധർമ്മം നിർവ്വഹിക്കുന്നു. ചെങ്കൽക്കുന്നു പ്രദേശം ജൈവ വൈവിധ്യത്താൽ ശ്രദ്ധേയമാണ്. പ്രദേശത്തെ ജൈവ വൈവിദ്ധ്യം താഴെയും മുകളിലുമുള്ള വായുവിലെ ജലാംശത്തെ സന്തുലിതമാക്കി അന്തരീക്ഷത്തിലെ ഊഷ്മാവിനെ കാർഷിക വിളകളുടെ വളർച്ചക്ക് അനുകൂലമാക്കുന്നു. ആയിരം ലിറ്റർ മഴ പെയ്താൽ ഏതാണ്ട് 300 – 400 ലിറ്റർ വെള്ളം ശേഖരിച്ചു വെയ്ക്കാവുന്ന ചെങ്കൽ കുന്നുകളുടെ നാശം നമ്മുടെ ഭൂഗർഭ ജല വിതാനത്തിനെയും വേനൽ കാലത്തെ അരുവികളുടെ ഒഴുക്കിനെയും സാരമായി ബാധിക്കും.

ചെങ്കൽ കുന്നുകളുള്ള ഗ്രാമങ്ങളിലെല്ലാം വെട്ടുകൽ ഖനനം ഒരു വ്യവസായമായി ഇന്നു മാറി. വ്യാപകമായ ഖനനം ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കല്ലു വെട്ടു കുഴികൾ ജലസംഭരണിയാകുന്നു എന്ന് വിചാരിക്കരുത്. ജലം സംഭരിച്ചു വെയ്ക്കണ്ടിയിരുന്ന ചെങ്കല്ലിന്റെ അളവ് കുറയുന്നതിനാൽ സംഭരണശേഷി കുറയുകയാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. ചെങ്കൽ കുഴികളിൽ കെട്ടിക്കിടക്കുന്ന ജലം ബാഷ്പീകരിച്ചും മറ്റും ഇല്ലാതാകും. അതുപോലെ തന്നെ മഴ വെളളത്തെ അരിച്ചിറക്കി ശുദ്ധീകരിക്കുന്ന പ്രവൃത്തി ഇല്ലാതാവുന്നു. പലപ്പോഴും ഇത്തരം കുഴികൾ മാലിന്യ നിക്ഷേപത്തിനുള്ള കുപ്പകളായി മാറുന്നു. ജല ജന്യ രോഗങ്ങൾക്ക് ഇതൊരു കാരണമാകാം. വർദ്ധിച്ചു വരുന്ന കല്ലുവെട്ടാം കുഴികളിൽ അബദ്ധവശാൽ വീണ് മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും അപകട മരണം വരെ സംഭവിക്കുന്നുണ്ട്.
ചെങ്കൽ ഖനനം വഴി അന്തരീക്ഷ – ജല മലിനീകരണവും സംഭവിക്കുന്നു. ഖനനവും തുടർന്നുള്ള കല്ലു കയറ്റിയ വാഹനങ്ങളുടെ പരക്കം പാച്ചിലിലും ചെങ്കല്ലിലടങ്ങിയ കളിമണ്ണ് പാളികൾ പൊടിയുകയും പൊടി പടലങ്ങൾ അന്തരീക്ഷത്തേയും ജലത്തേയും മലിനീകരിക്കുന്നു.

കുന്നിടിക്കല്ലേ കുടിവെള്ളം മുട്ടും

മിക്ക പുഴകളുടേയും ഒഴുക്ക് വേനൽക്കാലത്ത് നിലനിർത്താൻ സഹായിക്കുന്നത് ചെങ്കൽ കുന്നുകളിൽ സംഭരിച്ചുവെച്ച ജലത്തിൽ നിന്നും ഒഴുകി വരുന്ന നീരുറുവകളാണ്. കുന്നുകൾ അപ്രത്യക്ഷമാവുന്ന തോടുകൂടി പുഴയിലെ നീരൊഴക്കും കുറയും.. മഴ പെയ്യുമ്പോൾ അതിന്റെ ശക്തി കുറയ്ക്കുന്നത് വൃക്ഷങ്ങളുടെയും മറ്റു സസ്യങ്ങളുടെയും തലപ്പുകളാണ്. മഴ തുള്ളികൾ ചില്ലകളിൽ തട്ടി മെല്ലെ ഉപരിതലത്തിൽ പതിക്കുന്നതിനാൽ വെള്ളം കുത്തി ഒലിച്ചു പോകാതെ മെല്ലെ ഭൂഗർഭ ജല അറകളിലേക്ക് കിനിഞ്ഞിറങ്ങാൻ വൃക്ഷലതാദികൾ സഹായിക്കുന്നു.

കണ്ണൂർ ജില്ലയിലെ മാടായിപ്പാറ

കുന്നിടിക്കുന്നതോടെ വൃക്ഷങ്ങൾ അപ്പാടെ ഇല്ലാതാവുകയും ഭൂഗർഭ ജല പോഷണം കുറയുകയും ചെയ്യുന്നു. കളിമണ്ണടങ്ങിയ ചെങ്കൽ പ്രദേശം ധാരാളം സസ്യങ്ങളുടെ കലവറയാണ്. പക്ഷെ കാസർ ഗോഡ് കണ്ണൂർ ജില്ലകളിൽ ചില പ്രദേശങ്ങളിൽ ചെങ്കല്ലുകൾ കടുകട്ടിയുള്ളവയാണ് ഡ്യൂ റിക്രസ്റ്റ്. ഇത്തരം പ്രദേശങ്ങൾ കൃഷിക്ക് അനുയോജ്യമല്ല.

കുന്നുകൾ ഇടിച്ചു കൊണ്ടുപോകുന്നതും, രൂപ മാറ്റം നടത്തുന്നതും സസ്യ വൈവിദ്ധ്യം മുഴുവനില്ലാതാക്കുന്നതും പ്രദേശികമായ സൂഷ്മ കാലാവസ്ഥയ്ക്കും ജല ലഭ്യതക്കും വലിയ ഭീഷണി ഉയർത്തും. നമുക്ക് പ്രകൃതിയെ സംരക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തമുണ്ട്. ആവശ്യമുള്ളത് മാത്രം പ്രകൃതിയിൽ നിന്നെടുക്കാം. കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കാവുന്ന വരൾച്ചയും കുടിവെള്ള ക്ഷാമവും വരും കാലങ്ങളിൽ നമുക്ക് വലിയ ഭീഷണി ഉയർത്തും.. ഇത്തരം പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ ചെങ്കൽ കുന്നുകളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.


വീഡിയോ കാണാം


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post എത്രകിളിയുടെ പാട്ടറിയാം ?
Next post സ്‌കോട്ട്‌ലൻഡിൽ നിന്നും കോവിഡ് ചികിത്സാനുഭവങ്ങൾ
Close