പ്രായം ചെല്ലുന്നതിനനുസരിച്ച് ചിലയിനം പാമ്പുകൾ പുതിയ ഭക്ഷണക്രമങ്ങൾ പരീക്ഷിക്കാറുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? ജർമനിയിൽ അവശേഷിച്ച ജൂതവിഭാഗക്കാർ ‘പേടി’ എന്ന വികാരത്തെ തലമുറകളിലൂടെ കൈമാറ്റം ചെയ്യുന്നുവെന്ന് കേട്ടാൽ അംഗീകരിക്കാനാവുമോ? ആമക്കുഞ്ഞുങ്ങൾ ആണാകുമോ പെണ്ണാകുമോ എന്ന് തീരുമാനിക്കപ്പെടുന്നത് അന്തരീക്ഷ താപനിലയനുസരിച്ചാണെന്ന് പറഞ്ഞാൽ അത്ഭുതപ്പെടുമോ?
മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കു തമ്മിൽ എന്തു ബന്ധമാണ് ഉള്ളതെന്ന് ഒറ്റനോട്ടത്തിൽ തോന്നിയേക്കാം. എന്നാൽ ഈ കൗതുകങ്ങളെല്ലാം വിദഗ്ധർ ഇന്ന് വിശദീകരിക്കുന്നത് ശാസ്ത്രലോകത്തെ പുത്തൻ ആശയമായ ‘ജനിതകത്തിനുമപ്പുറം’ (Epigenetics) എന്ന പഠനമേഖലയുടെ സഹായത്തോടെയാണ്.
പരിണാമശാസ്ത്ര ചിന്തകൾക്ക് അടിത്തറ പാകിയത് ഡാർവിന്റെ ബീഗിൾ യാത്രയും പ്രകൃതിനിർധാരണ സിദ്ധാന്തവുമാണല്ലോ. പരിണാമശാസ്ത്രത്തിന്റെ ചരിത്രത്തിൽ ഡാർവിനു മുമ്പും പിമ്പും നിരവധി പേർ വ്യത്യസ്ത പരികല്പനകളുമായി മുന്നോട്ടു വന്നിരുന്നുവെങ്കിലും ഡാർവിനു ലഭിച്ച സ്വീകാര്യത അവർക്കാർക്കും കിട്ടിയില്ലെന്ന് വേണം പറയാൻ. അത്തരത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ശാസ്ത്രലോകം നിഷ്കരുണം തള്ളിക്കളഞ്ഞ ഒന്നായിരുന്നു, ‘സ്വയാർജിത സ്വഭാവങ്ങളും പരിണാമത്തിന് ഉതകുന്നു’ എന്ന് അഭിപ്രായപ്പെട്ട ലാമാർക്കിയൻ പരികല്പന.
എന്തുകൊണ്ടാകാം ‘ലാമാർക്കിസ’ത്തിന് അന്ന് വമ്പിച്ച പിന്തുണ ലഭിക്കാതെ പോയത്? പരിസ്ഥിതി സസ്യങ്ങളിലും മൃഗങ്ങളിലും വരുത്തുന്ന പലതരം മാറ്റങ്ങൾ ലാമാർക്ക് തിരിച്ചറിയുകയും 1809 ൽ തന്നെ ഫിലോസഫി സുവോളജിക്കെ (Philosophie zoologique) എന്ന തന്റെ പുസ്തകത്തിൽ കുറിച്ചിടുകയും ചെയ്യുന്നുണ്ട്. പക്ഷേ ലാമാർക്കിസം ചർച്ച ചെയ്യപ്പെടുന്നതും വിമർശനവിധേയമാകുന്നതും കൃത്യം 50 വർഷങ്ങൾക്ക് ശേഷം ജീവശാസ്ത്രത്തിന്റെ അടിസ്ഥാനപാഠമായി കരുതപ്പെടുന്ന ഡാർവിന്റെ ‘ഒറിജിൻ ഓഫ് സ്പീഷിസി’ന്റെ വരവോടു കൂടിയാണ്. പ്രകൃതിയിലെ പുതിയ സാഹചര്യം പുതിയ ആവശ്യങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഫലമായി ജീവികളിൽ നൂതനമാറ്റങ്ങൾ ഉണ്ടാകുന്നുവെന്നതാണല്ലോ ലാമാർക്കിന്റെ സിദ്ധാന്തം. ഈ സിദ്ധാന്തത്തെ ഊട്ടിയുറപ്പിക്കാനായി, മരങ്ങളുടെ ഇലകളിലേക്കുള്ള ഉയരം കൂടിവന്നതിനാലാവം ജിറാഫിന്റെ കഴുത്തിന് ക്രമേണ ഉയരം കൂടിയതെന്നതാണല്ലോ അതിന് ഉദാഹരണിച്ചത്. ഒരുപക്ഷേ ഇത്തരം ഉദാഹരണങ്ങൾ യുക്തിസഹമല്ലെന്ന് തോന്നിയതിനാലാവാം ലാമാർക്കിസത്തെ തള്ളിക്കളയാൻ ശാസ്ത്രലോകം അന്ന് തയ്യാറായത്. ഒരുപക്ഷേ, ലാമാർക്കിയൻ പരികല്പനയിലെ വസ്തുതകൾ തെളിയിക്കാൻ പോന്നവണ്ണം ജനിതകശാസ്ത്രം അന്ന് വളർന്നിട്ടുണ്ടായിരുന്നില്ല എന്നതുമാവാം അതിന് കാരണം. ഇന്നും സംശയമേതുമില്ലാതെ പിന്തുടരുന്ന പരിണാമ പഠനങ്ങൾക്കും മെന്റലിന്റെ പ്രസിദ്ധമായ ജനിതക പരീക്ഷണങ്ങൾക്കും എത്രയോ വർഷങ്ങൾക്ക് ശേഷമാണ് ക്രോമസോമുകളുടെ കണ്ടെത്തലും നൂതനമായ ഫ്രാൻസിസ്- ക്രിക്ക് ഡി എൻ എ മോഡലുകളും ഉണ്ടാകുന്നത്. ഒരിക്കൽ തള്ളിക്കളഞ്ഞ പല പരികല്പനകളും മഹത്തരമായ കണ്ടെത്തലുകളായിരുന്നുവെന്ന് പിൽക്കാലത്ത് ശാസ്ത്രലോകം തിരിച്ചറിയാറുണ്ട് എന്ന് പറയുന്നത് എത്രമാത്രം ശരിയാണെന്ന് ലാമാർക്കിന് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പുതിയ സ്വീകാര്യത തെളിയിക്കുന്നു.
ജനിതകത്തിനുമപ്പുറം എന്തെന്ന് അന്വേഷിച്ച് തുടങ്ങിയ 21ാം നൂറ്റാണ്ടിന്റെ മറ്റൊരു വീണ്ടെടുപ്പായി മാറുകയാണ് ‘നിയോ-ലാമാർക്കിസം’. ഓരോരുത്തരുടെയും ഡി എൻ എ കളിൽ കുറിച്ചിടപ്പെടുന്ന സ്വഭാവഗുണങ്ങൾക്കുമപ്പുറം പ്രകൃതിയും പ്രകൃതിയിലെ മാറ്റങ്ങളും ഭൂമിയിലുള്ള നമ്മുടെ നിലനിൽപിനെയും ജീവിപരിണാമത്തെയും സ്വാധീനിക്കുന്നുവെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആമകളുടെ ലിംഗനിർണയം മുതൽ ചെർണോബിൽ ആണവനിലയ സ്ഫോടനത്തിൽ ബാക്കിയായ ജീവജാലങ്ങളുടെ അതിജീവനം വരെ അനവധി നിരവധി സ്വയാർജിത സ്വഭാവങ്ങൾ ഇന്ന് നമുക്ക് ചുറ്റും കാണാം.
2024 ജനുവരിയിൽ കേരള കേന്ദ്ര സർവകലാശാലയിൽ ‘പാരിസ്ഥിതിക ഉൽപരിവർത്തനം : മാറുന്ന ലോകത്ത് ജൈവവൈവിധ്യത്തിലും മാനുഷികാരോഗ്യത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ’ (International Conference on Environmental Mutagenesis: Impact on Biodiversity and Human Health in a Changing World) എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ ‘എപ്പിജനറ്റിക്സ് ‘ വിഭാഗത്തിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളിൽ, നമുക്ക് ചുറ്റുമുള്ള പ്രകൃതി, ഏതൊക്കെ രീതിയിൽ ജീവികളുടെ നിലനിൽപിനെയും അതിജീവനത്തേയും സ്വാധീനിക്കുന്നുവെന്ന് ലളിതമായ ചില ഉദാഹരണങ്ങളിലൂടെ സൂചിപ്പിക്കുകയുണ്ടായി.
മ്യൂട്ടേഷനുകൾക്ക് ഇടയാക്കുന്ന സാഹചര്യവുമായുള്ള തുടർച്ചയായ സമ്പർക്കം കാൻസറിനും മറ്റു മാരകരോഗങ്ങൾക്കും ഇടയാക്കുന്നുവെന്ന് നാം പണ്ടുതൊട്ടേ കേൾക്കാറുണ്ട്. എന്നാൽ, അത്തരം റേഡിയേഷനുകൾ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടാൻ മാത്രം ശേഷിയുള്ള ജനിതക മാറ്റങ്ങൾക്ക് കാരണമാകുന്നുവെന്നു കൂടി പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അത്തരം മാറ്റങ്ങൾക്ക് ഇടയാക്കുന്ന വികിരണങ്ങൾ എപ്പോഴും മാരകമാവണമെന്നില്ല എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. കൊല്ലം ജില്ലയിലെ വടക്ക് ആലപ്പാട് മുതൽ തെക്ക് നീണ്ടകര വരെ 27 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന തീരപ്രദേശം തോറിയം അടങ്ങിയ മോണോസൈറ്റിന്റെ സാന്നിധ്യത്താൽ ഉയർന്ന തോതിലുള്ള പ്രകൃതിദത്ത വികിരണ മേഖലയായാണ് കരുതപ്പെടുന്നത്. റേഡിയേഷൻ മൂലം ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നും ഈ പ്രദേശത്തെ ചൂടുള്ള വിഷയമാണ്. ഈ പ്രകൃതിദത്ത വികിരണങ്ങൾ ഒരു പരിധിവരെ ജനിതക തലത്തിൽ അനുരൂപീകരണങ്ങൾ (adaptations) സൃഷ്ടിക്കുന്നുവെന്നാണ് ബാബാ ആറ്റോമിക് റിസർച്ച് സെന്ററിലെ സയന്റിസ്റ്റായ ഡോ. വിനയ് ജെയിൻ അവകാശപ്പെടുന്നത്. ഈ റേഡിയേഷനുകളുമായി ഒരു പരിധിവരെയുള്ള സമ്പർക്കം അതിന് വിധേയമാകുന്നവരുടെ ഡി എൻ എ റിപ്പയറിങ് മെക്കാനിസത്തെ ഉദ്ദീപിപ്പിക്കുന്നുവെന്നും അദ്ദേഹം തന്റെ പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.
പക്ഷേ ഇത്തരം അനുരൂപീകരണങ്ങൾ ജനിതകഘടനയിൽ തന്നെ മാറ്റങ്ങൾ ഉണ്ടാക്കാവുന്ന മ്യൂട്ടേഷനുകളും ആകാമല്ലോ? അപ്പോൾ എന്താണ് എപ്പിജനിതക മാറ്റങ്ങളും മ്യൂട്ടേഷനുകളും തമ്മിലുള്ള വ്യത്യാസം? മ്യൂട്ടേഷനുകളെ അപേക്ഷിച്ച് എപ്പിജനിതക മാറ്റങ്ങൾ ഡി എൻ എ സീക്വൻസ് അഥവാ സ്വതസിദ്ധമായ നൈട്രജൻ ബേസ് ഘടനയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നില്ല. പകരം, ഡി എൻ എ യുടെ ബൈൻഡിങ് സൈറ്റുകളിലേക്ക് വിവിധ ഫംഗ്ഷണൽ ഗ്രൂപ്പുകൾ (മീഥെയിൽ, സൾഫോണൈൽ, ഫോസ്ഫോറൈൽ തുടങ്ങിയവ) ബന്ധിക്കുന്നതിലൂടെ രൂപപ്പെടുന്ന വ്യത്യാസങ്ങൾ മ്യൂട്ടേഷന് സമാനമായതോ അതിൽ കൂടുതലോ തീവ്രതയുള്ള മാറ്റങ്ങൾക്ക് കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം മുതലായ പരിതസ്ഥിതികളോട് ജീവിസമൂഹങ്ങൾ പൂർണമായും ഇണങ്ങിച്ചേരാൻ പര്യാപ്തരാകുന്നത് ഇങ്ങനെയുമാവാം.
പ്രകൃതിയിലെ ചെറിയ മാറ്റങ്ങൾ പോലും ജീവിസമൂഹങ്ങളുടെ നിലനിൽപിനെ എപ്രകാരം സ്വാധീനിക്കുന്നുവെന്ന് ചർച്ച ചെയ്യുന്ന എപ്പിജനിതക ശാസ്ത്രത്തിന് ഇന്നത്തെ കാലത്ത് വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്നതുകൊണ്ടു തന്നെ, കൃത്യമായ ശാസ്ത്രാവബോധം ഇല്ലാത്തവർ, സമീപകാലത്തായി പ്രകൃതിയിൽ ആപൽക്കരമായ പല ഇടപെടലുകളും നടത്തുന്നതിന് ഇടവരുത്തുന്നുണ്ട്. ശാസ്ത്രലോകത്തിന്റെ മുഖ്യധാരയിലേക്ക് എപ്പിജനറ്റിക്സ് കടന്നുവരുന്നതിന്റെ തുടക്കകാലത്ത് ആമയുടെ ലിംഗനിർണയത്തെ പറ്റി നടന്ന പഠനം, ഈ ശാസ്ത്രമേഖല എന്തുകൊണ്ട് കൂടുതൽ ജനകീയമാവണമെന്ന ആവശ്യത്തെ ഉയർത്തിപ്പിടിക്കുന്നു.
കോസ്റ്ററിക്കയിലെ ടോർട്ടുഗ്യൂറോയിൽ നടന്ന പഠനത്തിൽ, കടൽത്തീരത്ത് കൂടുകൂട്ടിയ ആമകൾ പ്രധാനമായും പെണ്ണാമകളെ ഉത്പാദിപ്പിക്കുന്നതായും എന്നാൽ, കൂടുതൽ ആഴത്തിൽ കൂടുകൂട്ടിയ സന്ദർഭത്തിൽ അവ 94% ആൺആമകളെ ഉത്പാദിപ്പിക്കുന്നതായും കണ്ടെത്തി. അതായത് സെക്സ് ക്രോമസോമുകൾക്കുമപ്പുറം താപനില ആമകളുടെ ലിംഗനിർണയത്തെ സ്വാധീനിക്കുന്നുവെന്ന നിർണായകമായ ഒരു കണ്ടെത്തൽ ഈ പഠനം മുന്നോട്ടുവെച്ചു. കടലാമ സംരക്ഷണത്തിന്റെ ഭാഗമായി പരിസ്ഥിതി സംഘടനകൾ ‘ആമനടത്ത’ങ്ങൾ (turtle walks) സംഘടിപ്പിക്കുകയും, സാമൂഹ്യവിരുദ്ധർ നശിപ്പിക്കാതിരിക്കാനായി കടലാമയുടെ മുട്ടകൾ പ്രജനനകാലത്ത് സൂക്ഷിച്ചുവെച്ച് വിരിഞ്ഞതിനുശേഷം കടലിലേക്ക് തുറന്നുവിടുകയും ചെയ്യുന്ന ഇക്കാലത്ത് ഈ പഠനത്തിന് ഏറെ പ്രസക്തിയുണ്ട്. എന്തെന്നാൽ ഹാച്ചറികൾ അധികവും പൊതുവെ ഒരേ താപനിലയിൽ നിലനിർത്തപ്പെടുന്നവയാവാനാണ് ഇട. അതുകൊണ്ടുമാത്രം ലിംഗനിർണയം സ്വാധീനിക്കപ്പെടുകയും ലൈംഗിക പക്ഷപാതം സംഭവിക്കുകയും ചെയ്യുന്നുവെങ്കിൽ അതെത്രമാത്രം ആപൽക്കരമാണെന്ന് ആലോചിച്ചുനോക്കൂ. തുറന്നുവിടുന്ന ആമകളിലെ ഈ പ്രത്യേകത ശ്രദ്ധിക്കപ്പെടാതെ പോകുന്നതിനാൽ, സാമൂഹിക സന്നദ്ധതയുടെ ഭാഗമായി സദുദ്ദേശത്തോടെ സംഘടിപ്പിക്കപ്പെടുന്ന ഇത്തരം ‘പരിസ്ഥിതി സംരക്ഷണ’ പ്രവർത്തനങ്ങൾ പ്രകൃതിയെ സംബന്ധിച്ചിടത്തോളം വിനാശകരമാവുന്നുവെന്ന വസ്തുത ആരുടെയും കണ്ണിൽ പെടാതെ പോവുന്നു.
താപനില മാത്രമല്ല സൂര്യപ്രകാശം, പ്രായം, ശരീരവലിപ്പം, കീടനാശിനികൾ, ആന്റിബയോട്ടിക്കുകൾ, ഭക്ഷണക്രമം, പുകവലി, ആണവ വികിരണങ്ങൾ, മറ്റുതരം സമ്മർദങ്ങൾ തുടങ്ങി എന്തും ഏതും ഡി എൻ എ സീക്വൻസുകളിൽ മാറ്റം വരുത്തുന്നതിനെക്കാൾ കൂടുതൽ എപ്പിജനറ്റിക്സ് അഡാപ്റ്റേഷനുകൾ ഉണ്ടാക്കുന്നുണ്ട്. പാമ്പുകളും പ്രായാധിക്യത്തിനനുസരിച്ച് പുതിയ ഭക്ഷണക്രമങ്ങൾ പരീക്ഷിക്കാറുണ്ട് എന്നു പറഞ്ഞത് ഈ പ്രസ്താവനയുമായി എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് നോക്കാം. Eastern diamond back rattle snake എന്ന ഒരിനം വിഷപ്പാമ്പ് പ്രായത്തിനും ശാരീരിക വലിപ്പത്തിനും അനുസൃതമായി തന്റെ ഭക്ഷണക്രമത്തിൽ കൃത്യമായ മാറ്റം വരുത്തുകയും തദനുസൃതമായി വിഷഗ്രന്ഥിയെ വിന്യസിക്കുകയും ചെയ്യുന്നു. മനുഷ്യർ പ്രഷറിന്റെയും പ്രമേഹത്തിന്റെയും അളവുകോലനുസരിച്ച് സ്വയമേവ ഭക്ഷണം ക്രമീകരിക്കുന്നത് പോലെയല്ല ഇത്. പാമ്പുകളുടെ ഭക്ഷണക്രമം നിർണയിക്കുന്നത് മോളിക്യൂലാർ തലത്തിൽ ആണെന്ന് പറയുമ്പോഴും, അവയുടെ കുട്ടിക്കാലത്തെയോ വാർധക്യകാലത്തെയോ ഡി എൻ എ സീക്വൻസുകളിൽ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. മറിച്ച്, പ്രായം കൂടുന്നതിനനുസരിച്ച് ‘വെനം ജീനു’കളിലെ ട്രാൻസ്ക്രിപ്ഷൻ ഫാക്ടറുകളുടെ (transcription factors) പ്രവർത്തനം കൂടുകയും വിഷഗ്രന്ഥികളിലെ വിഷോല്പാദനത്തിൽ മാറ്റം ഉണ്ടാകുകയും ചെയ്യുന്നതിന്റെ ഫലമായാണ് ഭക്ഷണക്രമം നിയന്ത്രിക്കപ്പെടുന്നത്. ഭക്ഷണത്തിന്മേലുള്ള ഈ വിഷപ്പാമ്പിന്റെ നിലപാടുമാറ്റം എപ്പിജനിറ്റിക്കൽ ആണെന്ന് ചുരുക്കം.
ഗാലപ്പഗോസ് ദീപ് സമൂഹത്തിലെ ഒരു ദ്വീപിൽ നിന്നും മറ്റൊരു ദ്വീപിലേക്ക് ചേക്കേറി രൂപാന്തരപ്പെട്ട ഡാർവിൻ ഫിഞ്ചുകളിലെ എപ്പിജനിതക മാറ്റങ്ങളാണ് അവ കാഴ്ചയിൽ പുതുമയുള്ള പക്ഷികളാകാൻ കാരണമായത് എന്ന് ശാസ്ത്രലോകം ഭാവിയിൽ തിരുത്തുകയാണെങ്കിൽ അത്ഭുതപ്പെടാനില്ല. കാരണം, ഫോട്ടോസ്റ്റാറ്റ് പകർപ്പ് പോലെയുള്ള ഡി എൻ എ സീക്വൻസുകൾ ഉണ്ടായിട്ടുപോലും പറവകളുടെ കൊക്കുകളിലുണ്ടായ രൂപമാറ്റത്തിന് അടിസ്ഥാനം, വ്യത്യസ്ത ദ്വീപുകളിലെ വ്യത്യസ്തമായ ഭക്ഷണസാധ്യതകളാൽ സ്വാധീനിക്കപ്പെട്ടപ്പോൾ ചില ജീനുകൾക്ക് സംഭവിച്ച കേവലം ഡി.എൻ.എ. മീഥൈലേഷൻ മാത്രമാണ്.
ക്രേഫിഷിന്റെ (crayfish) ന്റെ ഒരു ഇരയാണ് Biomphalaria glabarata എന്ന ഒച്ച്. ഇരപിടിയന്റെ സാന്നിധ്യത്തിൽ വളർത്തിയ ഒച്ചുകളിൽ ആ സാന്നിധ്യം ഉയർത്തുന്ന സമ്മർദങ്ങളെ അതിജീവിക്കാന്‍ ഉതകുന്ന ചില അനുരൂപീകരണങ്ങൾ ഉണ്ടാവുന്നതായും അവ അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒരു കാലഘട്ടത്തിൽ ജർമനിയിലെ ഹോളോകോസ്റ്റിൽ നിന്നും അതിജീവിച്ചവർ മാനസികമായി അനുഭവിച്ച ‘ഭയം’ പുതിയ തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം എപ്പിജെനറ്റിക്കൽ മാറ്റങ്ങൾ തന്നെ. ചെർണോബില്‍ ആണവനിലയ സ്ഫോടനത്തിൽ അവശേഷിച്ച ജീവജാലങ്ങളുടെ അതിജീവനം സാധ്യമായതും എപ്പിജെനറ്റിക് രൂപാന്തരങ്ങളിലൂടെ ആണെന്ന് വിശേഷിച്ച് പറയേണ്ടതില്ലല്ലോ !
ജനിതകത്തിനുമപ്പുറമുള്ള അന്വേഷണങ്ങൾക്ക് സാധ്യതകൾ ഏറെയാണ്. നാം നിസ്സാരമെന്ന് പറഞ്ഞ് തള്ളിക്കളയുന്ന പല പ്രകൃതി – പ്രകൃത്യേതര മാറ്റങ്ങൾക്കും, മനുഷ്യനിലും മനുഷ്യനു ചുറ്റുമുള്ള ജീവിവർഗ രൂപീകരണത്തിലും അസാധാരണമായ സ്വാധീനമുണ്ടാക്കാനാവുമെന്ന് മനസ്സിലായിക്കാണുമല്ലോ. ജനിതകത്തിനുപ്പുറമുള്ള കാഴ്ചകളും കൗതുകങ്ങളും അവയുടെ പിന്നാമ്പുറങ്ങളും തേടിയുള്ള ശാസ്ത്രലോകത്തിന്റെ വരുംകാല അന്വേഷണങ്ങൾ നമ്മെ കൂടുതൽ കൂടുതൽ ഞെട്ടിക്കുമെന്നത് തീർച്ച.
Good article. Hope the language used could be a bit more interesting and simple,