Read Time:43 Minute

ലോക മഹായുദ്ധവും ‘സ്പാനിഷ്’ ഫ്ലൂവും

1914 മുതൽ 1918 വരെയാണ് ഒന്നാം ലോക യുദ്ധം നീണ്ടുനിന്നത്. ജർമ്മനി, ആസ്റ്റ്രോഹംഗറി, തുർക്കി എന്നീ രാജ്യങ്ങൾ ഒരു വശത്തും പ്രധാനമായും ഫ്രാൻസും ബ്രിട്ടനും റഷ്യയും എതിർചേരിയിലും അണിനിരന്നപ്പോൾ ബ്രിട്ടന്റെയും ഫ്രാൻസിന്റെയും വിസ്തൃതങ്ങളായ സാമ്രാജ്യങ്ങളിൽ ഉൾപ്പെട്ടിരുന്ന ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും അവരോടൊപ്പം ചേരാൻ നിർബദ്ധരായി. വളരെയധികം ജീവൻ നഷ്ടപ്പെടുത്തിയ ഒരു മഹായുദ്ധമായിരുന്നു അത്. അതോടൊപ്പം എപ്പിഡെമിക്കുകളും ഉണ്ടായി. അവയിലേറ്റവും പ്രധാനം അൻപതുലക്ഷത്തോളം ജീവനെടുത്ത ‘സ്പാനിഷ് ഫ്ലൂ’ എന്നറിയപ്പെട്ട പാൻഡെമിക്കായിരുന്നു.

1918ലെ സ്പാനിഷ് ഫ്ലൂ കടപ്പാട് വിക്കിപീഡിയ

 

രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കാൻ കഴിയുന്ന മരുന്നുകൾ ഒന്നും കണ്ടുപിടിച്ചിട്ടില്ലായിരുന്ന അക്കാലത്ത് പക്ഷേ യൂറോപ്പിലാകമാനം പൊതുവെ സാംക്രമികരോഗമരണങ്ങൾ കുറഞ്ഞുകൊണ്ടേ ഇരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിന്റെ പേടിസ്വപ്നമായിരുന്ന കോളറയും മറ്റും കേട്ടുകേൾവി മാത്രമായി. ടൈഫസ്, ടൈഫോയ്ഡ്, എന്നിവയുടെയും രൂക്ഷത സമൂഹത്തിൽ കുറഞ്ഞു. ക്ഷയരോഗം വ്യാപകമായി ഉണ്ടായിരുന്നുവെങ്കിലും തീക്ഷ്ണത കുറഞ്ഞുകൊണ്ടിരുന്നു. തോമസ് മക്ക്കിയോൺ എന്ന ഡോക്ടറുടെ പ്രസിദ്ധമായ പഠനപ്രകാരം, ഇക്കാലത്ത് സാംക്രമികരോഗങ്ങളിൽനിന്നുള്ള  മരണനിരക്ക് കുറച്ചതിൽ പ്രധാന പങ്കുവഹിച്ചത് കാർഷികോത്പാദനം വർദ്ധിച്ചതുവഴി ഭക്ഷ്യക്ഷാമം യൂറോപ്പിൽ ഇല്ലാതായതും, പരിസരശുചിത്വത്തിന്റെ കാര്യത്തിൽ വൻ നഗരങ്ങളിലുണ്ടായ വലിയമാറ്റവും ആണ്. പോഷകക്കുറവ് യൂറോപ്പിൽ ഇല്ലാതായിക്കൊണ്ടിരുന്നു. പാർപ്പിടസൗകര്യങ്ങൾ വർദ്ധിച്ചതുകാരണം തൊഴിലാളികുടുംബങ്ങളുടെയും മറ്റും ജീവിതനിലവാരം മെച്ചപ്പെട്ടു. അനേകം പേർ തിങ്ങിപ്പാർക്കുന്ന ചേരികൾക്കുപകരം വായുവും വെളിച്ചവും കടന്നുവരുന്ന വീടുകളും ഫ്ലാറ്റുകളും വ്യാപകമായി. യൂറോപ്പിൽ എല്ലായിടത്തും എല്ലാവർക്കും പ്രാഥമികവിദ്യാഭ്യാസം നടപ്പായതോടുകൂടി ആളുകളുടെ അവബോധവും വർദ്ധിച്ചു. ഇതെല്ലാം കൊണ്ട് മരണത്തിന്റെയും രോഗങ്ങളുടെയും നിരക്കിൽ വ്യക്തമായ കുറവുവന്നു. ഇന്നു നാം ‘സോഷ്യൽ ഡിറ്റർമിനന്റ്സ്’ എന്നു വിളിക്കുന്ന രോഗത്തിന്റെ സാമൂഹ്യകാരകങ്ങളിലുണ്ടായ ക്രമമായ പരിണാമം കൊണ്ടാണ്, മറിച്ച് ഏതെങ്കിലും മെഡിക്കൽ ഇടപെടലുകൾ കൊണ്ടല്ല ഈ മാറ്റം യൂറോപ്പിൽ ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്.

ഇതോടൊപ്പം മറ്റൊരു സാമൂഹ്യമാറ്റവും ശ്രദ്ധേയമായിരുന്നു. സെമ്മൽവെയ്സിന്റെ കാലത്ത് പ്രസവത്തിലുണ്ടാകുന്ന മരണങ്ങൾ സർവസാധാരണമായിരുന്നു എന്നു പറഞ്ഞുവല്ലോ. വൃത്തിയുള്ള ആശുപത്രികൾ വന്നതോടുകൂടി അതിന് ശമനമുണ്ടായി. അതോടൊപ്പം കൂടുതൽ പ്രസവങ്ങളും ആശുപത്രികളിലോ, ഡോക്ടറുടെയോ നഴ്സിന്റെയോ മേൽനോട്ടത്തിലോ നടക്കുന്ന അവസ്ഥവന്നു. വീടുകളിൽ നടക്കുന്ന ജനനങ്ങൾ അപൂർവമായി. ഇതോടൊപ്പം പ്രസവസംബന്ധമായ സ്ത്രീമരണങ്ങൾ കുറഞ്ഞുതുടങ്ങി. ഡിഫ്തീരിയ, ടെറ്റനസ് മുതലായ ശൈശവത്തിലുണ്ടാകുന്ന രോഗങ്ങൾക്ക് പ്രതിരോധകുത്തിവെപ്പുകൾ കണ്ടുപിടിച്ചതോടുകൂടി പലരാജ്യങ്ങളിലും അവ കുട്ടികൾക്ക് നിർബന്ധമായി കൊടുക്കണം എന്ന നിയമനിർമ്മാണം നടപ്പായി. അതോടൊപ്പം ശിശുമരണങ്ങളും കുറഞ്ഞു.

ജനസംഖ്യാസംക്രമണവും എപ്പിഡെമിയോളജിക് സംക്രമണവും

ശിശുമരണങ്ങളും മാത്രമരണങ്ങളും കുറയുകയും, സ്ത്രീകൾ കൂടുതലായി വ്യവസായം, ബിസിനസ്സ് തുടങ്ങിയ മേഖലകളിലേക്ക് വരാൻ തുടങ്ങുകയും ചെയ്തതോടുകൂടി കുടുംബങ്ങളുടെ ഘടനയിൽ കാര്യമായ മാറ്റം വന്നു തുടങ്ങി. സ്ത്രീകൾ വിവാഹം കഴിക്കുന്ന ശരാശരി പ്രായം ഉയർന്നു. അണുകുടുംബങ്ങൾ- ഭാര്യ, ഭർത്താവ്, അവരുടെ കുഞ്ഞുങ്ങൾ മാത്രം അടങ്ങുന്ന കുടുംബങ്ങൾ – വ്യാപകമായി. കുട്ടികളുടെ എണ്ണം കുറഞ്ഞു; പക്ഷേ ജനിക്കുന്ന കുട്ടികൾ ഏതാണ്ട് മുഴുവനായും ശൈശവദശ കഴിഞ്ഞും ജീവിക്കുമെന്നത് ഉറപ്പായി. ഈ മാറ്റങ്ങൾ വ്യാപകമായതോടുകൂടി യൂറോപ്പ്യൻ രാജ്യങ്ങളുടെ ജനസംഖ്യാവളർച്ച കുറഞ്ഞുവരുവാൻ തുടങ്ങി; ക്രമേണ വളർച്ച പൂജ്യമായി. ഇതോടൊപ്പം ആകെ ജനസംഖ്യയിൽ കുട്ടികളുടെ ശതമാനം കുറയുകയും, അതിനനുസരിച്ച് പ്രായം ചെന്നവരുടെ അംശം കൂടുകയും ചെയ്തു. ജനസംഖ്യയിലുണ്ടായ ഈ ഘടനാപരമായ മാറ്റത്തിനാണ് ‘ജനസംഖ്യാസംക്രമണം’ അഥവാ ‘ഡെമോഗ്രഫിക് ട്രാൻസിഷൻ’ എന്നറിയപ്പെടുന്നത്. ഇത് യൂറോപ്പിൽ പ്രത്യേകിച്ച് പടിഞ്ഞാറൻ യൂറോപ്പിൽ ഏതാണ്ട് എല്ലാ രാജ്യങ്ങളെയും ഒരേ സമയത്ത് തന്നെ ബാധിച്ചു; അധികം താമസിയാതെ യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലും, അമേരിക്കയുടെ കിഴക്കൻ തീരത്തെ നഗരങ്ങളിലും ഈ മാറ്റം സംഭവിച്ചു. സമൂഹത്തിലെ മറ്റു പല മാറ്റങ്ങളുടെയും പ്രതിഫലനമായിരുന്നു ഇത്. കാർഷികോത്പാദനം വർദ്ധിക്കുകയും ആളുകൾ കൂട്ടത്തോടെ കൃഷിയിൽനിന്ന് മറ്റു മേഖലകളിലേക്ക് ചേക്കേറുകയും ചെയ്തു. കാർഷികസമ്പദ്‌വ്യവസ്ഥകൾ വ്യാപകമായ വ്യവസായവൽക്കരണത്തിന് വഴിമാറുകയും, രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിക്കുകയും അവർ കൂടുതലായി വീട്ടിൽനിന്ന് പുറത്ത് ജോലികളിൽ ഏർപ്പെടാനും തുടങ്ങി. ഏതാണ്ടിക്കാലത്താണ് യൂറോപ്പിലും അമേരിക്കയിലും സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത്.

ജനസംഖ്യാസംക്രമണം ഘട്ടങ്ങള്‍   കടപ്പാട് : വിക്കിപീഡയ Max Roser

മരണനിരക്കുകൾ കുറഞ്ഞതാണ് ജനസംഖ്യാസംക്രമണത്തിന്റെ ആദ്യപടി എന്നു പറയാം. സാംക്രമികരോഗങ്ങൾ നിയന്ത്രണത്തിലായതാണ് ഇതിനു പ്രധാനകാരണം. പൊതുജനാരോഗ്യപ്രസ്ഥാനവും നഗരശുചീകരണവും ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യതയും, പ്രതിരോധകുത്തിവെപ്പുകളും മറ്റുമാണ് ഇതിലേക്ക് നയിച്ചത് എങ്കിലും, ഏതാണ്ടിതേസമയത്ത് പകർച്ചവ്യാധികളെ നേരിടുന്ന മരുന്നുകളും കണ്ടുപിടിക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. ആദ്യം ബാക്റ്റീരിയക്കെതിരെ പ്രവർത്തിക്കുന്ന മരുന്നുകൾ എന്ന രീതിയിൽ പുറത്തുവന്നത് സൾഫാ മരുന്നുകൾ ആണ് (സൾഫൊനാമൈഡ്സ്). ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനനാളുകളോടുകൂടി അവ കണ്ടുപിടിക്കപ്പെട്ടു. പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിനിടയിൽ അലെക്സാണ്ടർ ഫ്ലെമിംഗ് ‘പെനിസില്ലിൻ’ കണ്ടുപിടിച്ചതോടുകൂടി ആന്റിബയോട്ടിക് യുഗം ആരംഭിച്ചു എന്നു പറയാം. രോഗകാരകങ്ങളായ ബാക്റ്റീരിയകൾക്കും മറ്റു സൂക്ഷ്മജീവികൾക്കും എതിരെ പ്രവർത്തിക്കുന്ന ജൈവ ഉല്പന്നങ്ങളാണ് ആന്റിബയോട്ടിക്കുകൾ. സാധാരണയായി ചിലതരം പൂപ്പലുകൾ (ഫംഗസ്) ആണ് ഇവ നിർമ്മിക്കുന്നത്. എന്നാൽ സാംക്രമികരോഗങ്ങൾ സമൂഹത്തിൽ കുറയാൻ തുടങ്ങിയത് ഈ കണ്ടുപിടിത്തങ്ങൾക്ക് വളരെ മുൻപുതന്നെ ആയിരുന്നു.

അലെക്സാണ്ടർ ഫ്ലെമിംഗ് ‘പെനിസില്ലിൻ’ കണ്ടുപിടിച്ചതോടുകൂടി ആന്റിബയോട്ടിക് യുഗം ആരംഭിച്ചു കടപ്പാട്  Ipsumpix/Corbis

മരണനിരക്കുകൾ കുറയുമ്പോൾ ആദ്യം ജനസംഖ്യവർദ്ധിക്കുവാൻ തുടങ്ങുന്നു; ഇതാണ് ജനസംഖ്യാസംക്രമണത്തിന്റെ  ആദ്യപാദം. പിന്നീട് ജനനനിരക്കും കുറയുന്നതോടുകൂടി ഒരു പ്രത്യേകതലത്തിൽ ജനസംഖ്യ സ്ഥിരീകരിക്കുന്നു. പിന്നീട് ജനനനിരക്കുകൾ വീണ്ടും കുറഞ്ഞാൽ ചിലപ്പോൾ ജനസംഖ്യ കുറയുന്ന അവസ്ഥയും വന്നേക്കാം. എന്നാൽ മരണനിരക്കുകൾ കുറയുകമാത്രമല്ല ഉണ്ടാകുന്നത്; മരണകാരണങ്ങളിലുള്ള ഗുണപരമായ മാറ്റവും ശ്രദ്ധേയമാണ്. സാംക്രമികരോഗങ്ങൾ, എപ്പിഡെമിക്കുകൾ, പോഷണക്കുറവിന്റെ രോഗങ്ങൾ, പ്രസവസംബന്ധിയായ അമ്മയുടെയും കുഞ്ഞിന്റെയും മരണങ്ങൾ എന്നിവയൊക്കെയാണ് ജനസംഖ്യാസംക്രമണത്തിനുമുൻപുള്ള പ്രധാന മരണകാരണങ്ങൾ. എന്നാൽ ക്രമേണ സാംക്രമികരോഗങ്ങൾ അപ്രധാനമാകുന്നതോടുകൂടി മരണകാരണങ്ങളുടെ സ്വഭാവം മാറുന്നു. മരണം കൂടുതലും ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയ ദീർഘസ്ഥായീസ്വഭാവമുള്ള രോഗങ്ങൾ മൂലമാകുന്നു. സാംക്രമികരോഗങ്ങൾക്ക് അടിമെപ്പെടാതെ വാർദ്ധക്യത്തിലേക്ക് കൂടുതൽ പേർ എത്തിപ്പെടുന്നു എന്നുള്ളതും ഇതിനൊരു കാരണമാണ്; ഹൃദ്രോഗം, കാൻസർ മുതലായ ദീർഘസ്ഥായീരോഗങ്ങൾ അഥവാ പകരാവ്യാധികൾ വാർദ്ധക്യത്തിൽ കൂടുതലായി ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. മരണനിരക്ക് കുറയുംതോറും ആകെ മരണങ്ങളിൽ സാംക്രമികരോഗങ്ങളുടെ പങ്ക് കുറയുകയും ദീർഘസ്ഥായീരോഗങ്ങൾ, അപകടമരണങ്ങൾ, ആത്മഹത്യ തുടങ്ങിയവയുടെ പങ്ക് വർദ്ധിക്കുകയും ചെയ്യുന്നു. ഈ പ്രതിഭാസത്തിനെ ‘എപ്പിഡെമിയോളജിക് സംക്രമണം’ എന്നു വിളിക്കാറുണ്ട്.

എന്നാൽ ഈ ജനസംഖ്യാസംക്രമണവും അതുകഴിഞ്ഞുണ്ടായ എപ്പിഡെമിയോളജിക് സംക്രമണവും യൂറോപ്പ്, അമേരിക്ക തുടങ്ങിയ വ്യാവസായികസമൂഹങ്ങളിൽ മാത്രം ഒതുങ്ങിനിന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി വരെ ലോകത്തിന്റെ നല്ലൊരു ഭാഗം സാമ്രാജ്യത്വത്തിന്റെ കോളണികളായാണ് വർത്തിച്ചിരുന്നത്. ഇന്ത്യയെപ്പോലെ പല രാജ്യങ്ങളും  സ്വതന്ത്രരാഷ്ട്രങ്ങളായെങ്കിലും  ദാരിദ്ര്യം, സാംക്രമികരോഗങ്ങൾ, ഭക്ഷ്യദൗർലഭ്യം മുതലായവയിൽനിന്ന് മുക്തി നേടുക എളുപ്പമായിരുന്നില്ല. വലിയവിഭാഗം ജനങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു; പ്രത്യേകിച്ച് സ്ത്രീകൾക്ക്. ഈ കാരണങ്ങൾകൊണ്ടുതന്നെ ലോകജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന ജനത, ചൈന, ഇന്ത്യ, ആഫ്രിക്ക, തെക്കുകിഴക്കേഷ്യ, തെക്കൻ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ പട്ടിണി, പോഷണക്കുറവ്, സാംക്രമികരോഗങ്ങളുടെ ആക്രമണം എന്നിവയുടെ നടുവിലാണു കഴിഞ്ഞിരുന്നത്. ജനസംഖ്യാസംക്രമണത്തിനും, എപ്പിഡെമിയോളജിക് സംക്രണത്തിനും മുൻപുള്ള യൂറോപ്പിന്റെ അവസ്ഥയായിരുന്നു ഇവിടങ്ങളിൽ.

പകരാവ്യാധികളുടെഎപ്പിഡെമിക്

എന്നാൽ വ്യവസായവൽക്കരണം പുരോഗമിച്ച നാടുകളിൽ കാൻസർ, ഹൃദ്രോഗം, രക്താതിമർദ്ദം, പക്ഷാഘാതം, പ്രമേഹം തുടങ്ങിയവയുടെ നിരക്ക് ക്രമേണ വർദ്ധിക്കാൻ തുടങ്ങി. മരണങ്ങൾ കൂടുതലും ഈ രോഗങ്ങൾ കാരണമായിത്തുടങ്ങി. അതോടൊപ്പം ഇവയുടെ പ്രാചുര്യം സമൂഹത്തിൽ വർദ്ധിക്കുവാനും തുടങ്ങി. പൊതുവിൽ ഇവയെ ‘ദീർഘസ്ഥായീ രോഗങ്ങൾ’- ക്രോണിക് രോഗങ്ങൾ– എന്നു വിളിച്ചുവരുന്നു. പലപ്പോഴും പകരാത്ത രോഗങ്ങൾ എന്ന അർത്ഥത്തിൽ ‘പകരാവ്യാധികൾ’ എന്നും പറയാറുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ എപ്പിഡെമിക്കുകൾ ഒരു പക്ഷേ ഇവയൊക്കെയാണെന്നു പറയാം.

പകർച്ചവ്യാധികളെ അപേക്ഷിച്ച് പകരാവ്യാധികൾക്ക് ചില പ്രത്യേകതകൾ ഉണ്ട്. പ്രധാനമായും അവയുടെ ദീർഘസ്ഥായീ സ്വഭാവം. ഒരിക്കൽ രോഗിയായാൽ സമ്പൂർണരോഗമുക്തി അപ്രാപ്യമാണ്. വർഷങ്ങളോളം രോഗത്തോടൊപ്പം ജീവിക്കുക മാത്രമേ പോംവഴിയുള്ളു. പലപ്പോഴും രോഗം കൊണ്ടുണ്ടാകുന്ന സങ്കീർണ്ണതകൾ- കടുതൽ തീവ്രമായ രോഗാവസ്ഥകൾ – ആണ് മരണകാരണമാകാറ്. സാംക്രമികരോഗങ്ങളുടെ കാര്യത്തിൽ, അവ പെട്ടെന്ന് ആക്രമിക്കുകയും ഒന്നുകിൽ പൂർണ്ണമായ രോഗമുക്തിയോ, അല്ലെങ്കിൽ മരണമോ സംഭവിക്കുകയോ ചെയ്യും. ഇതുകൊണ്ടുതന്നെ സാംക്രമികരോഗങ്ങളുടെ പ്രഭാവം അളക്കുന്നതിന് നാം ഇൻസിഡൻസ് നിരക്കിനെയാണ് ആശ്രയിക്കുന്നത്- അതായത് പുതിയ രോഗികൾ ഉണ്ടാകുന്നതിന്റെ നിരക്ക്. പ്രാചുര്യം- സമൂഹത്തിൽ എത്രപങ്ക് അഥവാ എത്രശതമാനം പേർ രോഗബാധിതരാണ് എന്ന കണക്ക് സാംക്രമികരോഗങ്ങൾക്ക് വളരെ സംഗതമല്ല; കാരണം എപ്പിഡെമിക്കുകളുടെ മൂർദ്ധന്യത്തിലല്ലാതെ ഏതെങ്കിലും സമയത്ത് രോഗകളുടെ പങ്ക് വളരെ വലുതായിരിക്കുകയില്ല. എന്നാൽ പകരാവ്യാധികളുടെ കാര്യത്തിൽ, രോഗം വന്നവർ രോഗത്തോടുകൂടി കൂടുതൽ നാൾ ജീവിക്കുന്നു എന്നതുകൊണ്ടുതന്നെ വർദ്ധിച്ച പ്രാചുര്യം ഒരു പ്രധാന അളവുകോലായി കണക്കാക്കുന്നു.

എന്നാൽ ഇതുമാത്രമല്ല ഇവതമ്മിലുള്ള വ്യത്യാസം. പകർച്ചവ്യാധികളുടെ കാരണങ്ങൾ ആരായുമ്പോൾ ‘ഏജന്റ്- ഹോസ്റ്റ്- എൻവയോണ്മെന്റ്’ അഥവാ ‘ഹേതു-ശരീരം-ചുറ്റുപാട്’  (രോഗഹേതു – ആതിഥേയശരീരം – രോഗമുണ്ടാക്കുന്ന ചുറ്റുപാട്) എന്ന ത്രിത്വത്തിൽ എത്തുന്നു എന്നു കണ്ടു. ഇവയിൽ രോഗഹേതു എന്നത് ഒരു സൂക്ഷ്മാണു, അല്ലെങ്കിൽ ഏതെങ്കിലും പോഷകത്തിന്റെ അഭാവം എന്നിങ്ങനെ വളരെ നിശ്ചിതമാണ്. ഒരു രോഗത്തിന് അതിന്റേതായ രോഗഹേതു ഉണ്ടായിരിക്കും; സാധാരണമായി ഒരു കാരണം കൊണ്ട് ഒരു രോഗം മാത്രമേ ഉണ്ടാകാറുള്ളു. എന്നാൽ ഇങ്ങിനെ നിശ്ചിതമായ ഒരു സമവാക്യം പകരാവ്യാധികളുടെ കാര്യത്തിൽ കണ്ടെത്താനായില്ല. പകരാവ്യാധികളുടെ എപ്പിഡെമിക്ക് ശക്തിപ്രാപിക്കുംതോറും അവയുടെ കാരണങ്ങളെക്കുറിച്ചുള്ള ആരായലുകളും മുന്നോട്ടുപോയി. പക്ഷേ പലപ്പോഴും അവയുടെ കാരണമായി ഒരു നിർദ്ദിഷ്ട സൂക്ഷ്മജീവിയോ, പോഷകക്കുറവോ ഉണ്ടായിരുന്നില്ല.

പകരാവ്യാധികളെക്കുറിച്ചുള്ള പഠനങ്ങളിലൂടെ അവയുടെ ഇൻസിഡൻസുമായ ബന്ധപ്പെട്ട ചില പ്രവണതകൾ കൂടുതൽ വ്യക്തമായിത്തുടങ്ങി. ഭക്ഷണരീതികളും പകരാവ്യാധികളും തമ്മിലുള്ള ബന്ധമായിരുന്നു അവയിലൊന്ന്. മൃഗക്കൊഴുപ്പുകൾ, സാചുറേറ്റഡ് കൊഴുപ്പുകൾ എന്നിവ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന നാടുകളിൽ ഹൃദ്രോഗം കൂടുതലായി കാണപ്പെടുന്നു എന്ന് ആൻസൽ കീയ്സിന്റെ ‘ഏഴുരാഷ്ട്രപഠന‘ത്തിൽ നിന്ന് വ്യക്തമായി. തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ ഏഴുരാഷ്ട്രങ്ങളിലെ ജനങ്ങളുടെ ഹൃദ്രോഗനിരക്കും, അവർ സാധാരണ കഴിക്കുന്ന ആഹാരത്തിലുള്ള കൊഴുപ്പിന്റെ അളവും താരതമ്യം ചെയ്യുമ്പോൾ, മൃഗക്കൊഴുപ്പുകളും സാചുറെറ്റഡ് കൊഴുപ്പുകളും ധാരാളമായി കഴിക്കുന്ന രാജ്യങ്ങളിൽ ഹൃദ്രോഗനിരക്കും കൂടുതലാണെന്നു കണ്ടെത്തി. കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ ഹൃദ്രോഗത്തെ ശരീരത്തിലുള്ള കൊളസ്റ്റിറോൾ എന്ന ഘടകവുമായി ബന്ധിപ്പിച്ചു. ശരീരത്തിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന ഒരു രാസവസ്തുവാണ് കൊളസ്റ്റിറോൾ; അതോടൊപ്പം കൊഴുപ്പുള്ള ഭക്ഷണത്തിൽ നിന്നും അത് ശരീരത്തിൽ പ്രവേശിക്കും. സാചുറേറ്റഡ് കൊഴുപ്പുകൾ ഭക്ഷണത്തിൽ കൂടുതലായി ഉണ്ടെങ്കിൽ കൊളസ്റ്റിറോളിന്റെ അളവും കൂടുതലാകാൻ സാധ്യതയുണ്ട്. ഭക്ഷണരീതകളും ഹൃദ്രോഗവുമായി ബന്ധിപ്പിക്കുന്ന ആദ്യപഠനങ്ങളിലൊന്നായിരുന്നു കീയ്സിന്റെ ഏഴുരാഷ്ട്ര പഠനം അഥവ ‘സെവൻ കണ്ട്രി സ്റ്റഡി’

കടപ്പാട് www.sevencountriesstudy.com/timeline/

പുകവലിയും കാൻസറുമായ ബന്ധമാണ് മറ്റൊന്ന്. അഞ്ഞൂറുകൊല്ലത്തോളമായി യൂറോപ്പിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടുവന്ന പുകയില അവർക്ക് ലഭിച്ചത് അമേരിക്കൻ ഭൂഖണ്ഡത്തിൽനിന്നാണ്. അമേരിക്കയിലെ തദ്ദേശവാസികളായ ഗോത്രങ്ങൾ- അമേരിക്കൻ ഇന്ത്യക്കാർ എന്നു തെറ്റായി വിളിച്ചുപോന്നിരുന്നവർ- ഉപയോഗിച്ചിരുന്ന ഒരു ചെടിയാണ് പുകയില. യൂറോപ്പ്യന്മാർ ഇതിന്റെ ഉപയോഗം മനസ്സിലാക്കിയതോടുകൂടി ഇത് ലോകമെങ്ങും വ്യാപിച്ചു. പുകയിലയുടെ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യും എന്ന പൊതുവായ ഒരു ബോധം പല ഡോക്ടർമാരും പ്രകടിപ്പിച്ചെങ്കിലും, അതിനെ കാൻസറുമായി ബന്ധിപ്പിച്ചത് ബ്രീട്ടീഷുകാരായ റോബർട്ട് പീറ്റോ, റോബർട്ട് ‌‌എന്നിവരുടെ പഠനങ്ങളാണ്. ബ്രിട്ടീഷ് ഡോക്ടർമാരിൽ നടത്തിയ ചില ആധികാരിക പഠനങ്ങളിൽ, പുകവലിക്കുന്നവരിൽ ശ്വാസകോശ കാൻസറിന്റെ അപകടസാദ്ധ്യത- റിസ്ക്- ഒൻപതുമടങ്ങുവരെ വർദ്ധിക്കും എന്നു കണക്കാക്കി. (ബ്രിട്ടീഷ് ഡോക്ടർമാർ നിർബന്ധമായും മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം എന്ന നിയമം ഉള്ളതുകൊണ്ടും, ബ്രിട്ടനിലെ മെഡിക്കൽകൗൺസിൽ ഡോക്ടർമാരുടെ മേൽവിലാസങ്ങൾ അപ്പപ്പോൾ പുതുക്കി സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നതുകൊണ്ടും ഡോക്ടർമാരെ ദീർഘകാലം പിന്തുടർന്ന് വിവരശേഖരണം നടത്താം എന്നതാണ് ഡോക്ടർമാരിൽ പഠനം നടത്താൻ അവരെ പ്രേരിപ്പിച്ചത്). പുകയിലയും ദീർഘസ്ഥായീരോഗങ്ങളുമായുള്ള ബന്ധത്തിന്റെ ആദ്യസൂചനയായിരുന്നു അത്. പിന്നീട് മറ്റു കാൻസറുകൾ, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങൾ എന്നിങ്ങനെ അനേകം രോഗങ്ങളുമായി പുകവലിയെ ബന്ധിക്കുന്ന നിരവധി പഠനങ്ങൾ ഉണ്ടായി. എങ്കിലും ലോകത്തിൽ വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുകയും, വൻതോതിൽ ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഒരു വസ്തുവിനെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. അനേകലക്ഷം പേരുടെ ജീവനോപാധിയും ആയിരുന്നു പുകയില. പുകയിലക്കെതിരായ യുദ്ധം ഇന്നും മനുഷ്യരാശി തുടർന്നുകൊണ്ടിരിക്കുന്നു.

പുകയില, കൊളസ്റ്റിറോൾ എന്നിവയുമായി ഹൃദ്രോഗത്തിനു ബന്ധമുണ്ട് എന്ന് കണ്ടെത്തിയെങ്കിലും ഇവയിലേതെങ്കിലും മൂലമാണ് ഹൃദ്രോഗം ഉണ്ടാകുന്നതെന്ന് പറയാനാകുമായിരുന്നില്ല. ഇവ ഹൃദ്രോഗത്തിനുള്ള റിസ്ക്- സാദ്ധ്യത- കൂട്ടും എന്ന അർത്ഥത്തിൽ ‘റിസ്ക് ഫാക്റ്റർ’- സാദ്ധ്യതാഘടകം- എന്ന ഒരു സങ്കല്പം നിലവിൽ വന്നു. പകരാവ്യാധികളുടെ വളർച്ചയെക്കുറിച്ചുള്ള ഒരു പുതിയ ആശയമായിരുന്നു അത്- പല പല റിസ്ക് ഫാക്റ്ററുകൾ ഒരേ രോഗത്തിനു കാരണമാകാം എന്ന സങ്കല്പം. ഹൃദ്രോഗത്തിന്റെ കാര്യത്തിൽ പുകയില, കൊളസ്റ്റിറോൾ എന്നിവക്കൊപ്പം മറ്റൊരു പ്രധാന റിസ്ക് ഫാക്റ്ററും കൂടി തിരിച്ചറിഞ്ഞു- ഉയർന്ന രക്തസമ്മർദ്ദം. പ്രത്യക്ഷത്തിൽ രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തതുമൂലം അവഗണിക്കാൻ സാദ്ധ്യതയുള്ള ഉയർന്ന രക്തമർദ്ദം ഹൃദ്രോഗത്തിന്റെ മറ്റൊരു പ്രധാന റിസ്ക് ഫാക്റ്റർ ആണ്. ഇവ മൂന്നും- പുകയിലയുടെ ഉപയോഗം, ഉയർന്ന കൊളസ്റ്റിറോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവ- ഇന്നും കൊറോണറി ഹൃദ്രോഗം എന്നു വിളിക്കപ്പെടുന്ന രോഗത്തിന് ഏറ്റവും പ്രധാന സാദ്ധ്യതാഘടകങ്ങളായി തുടരുന്നു. ഏതാണ്ടിവതന്നെയാണ് പക്ഷാഘാതത്തിനും റിസ്ക് ഫാക്റ്ററുകളായിത്തീരുന്നത്.

റിസ്ക് ഫാക്റ്റർ എന്ന സങ്കൽപ്പത്തിന് രോഗഹേതു എന്ന സങ്കൽപ്പത്തെ അപേക്ഷിച്ച് ചില വ്യത്യസ്തതകൾ ഉണ്ട്. റിസ്ക് ഫാക്റ്ററുകൾ രോഗത്തിന്റെ സാദ്ധ്യതകൂട്ടുമെങ്കിലും, റിസ്ക് ഫാക്റ്റർ എല്ലായ്പോഴും രോഗം ഉണ്ടാക്കുന്നില്ല. ഉദാഹരണമായി പുകവലിക്കുന്ന എല്ലാവർക്കും കാൻസർ വരണം എന്നില്ല. മാത്രമല്ല പുകവലിക്കാരല്ലാത്ത ആൾക്കാർക്ക് ശ്വാസകോശകാൻസർ അപൂർവമായെങ്കിലും വരികയും ചെയ്യാം. പുകവലിക്കാത്ത ആയിരം പേരെയും, പുകവലിക്കാരായ ആയിരം പേരെയും താരതമ്യം ചെയ്താൽ, പുകവലിക്കാർക്ക് പുകവലിക്കാത്തവരെ അപേക്ഷിച്ച് ശ്വാസകോശകാൻസർ വരാനുള്ള പ്രൊബാബിലിറ്റി- അപകടസാദ്ധ്യത-  അനേകമടങ്ങ് കൂടുതലാണെന്നു മാത്രമേ പറയാനാകൂ. പ്രൊബാബിലിറ്റി എപ്പോഴും വ്യക്തിതലത്തിൽ പ്രവചനങ്ങൾ നടത്താൻ സഹായിക്കുന്നില്ല; അത് ഒരു കൂട്ടത്തിന്റെ അഥവാ സമൂഹത്തിന്റെ തലത്തിൽ മാത്രമെ ശരിയാകുന്നുള്ളൂ. അതായത് ഏതെങ്കിലും ഒരു പ്രത്യേകവ്യക്തിക്ക് കാൻസർ വരുമോ എന്നു പ്രവചിക്കാൻ നമുക്കാവില്ല; പക്ഷേ പുകവലിക്കാരുടെ ഇടയിൽ- പുകവലിക്കാരുടെ സമൂഹത്തിന്- പുകവലിക്കാത്തവരെ അപേക്ഷിച്ച് കൂടുതൽ ക്രമേണ കാണപ്പെടും എന്ന് ഉറപ്പിച്ചുപറയാൻ നമുക്കാകും. (ഈ സത്യം മനസ്സിലാക്കുക അത്ര എളുപ്പമല്ല. പുകവലിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചോ, ഹെൽമെറ്റ് ധരിക്കാത്തതുകൊണ്ടുള്ള അപകടത്തെക്കുറിച്ചോ പറഞ്ഞാൽ, നമ്മുടെ അറിവിൽപ്പെട്ട പുകവലിക്കാരുടെ കാര്യം ചൂണ്ടിക്കാണിച്ച് അഥവാ ഹെൽമെറ്റ് ഉപയോഗിക്കാത്ത ആളുകളുടെ ചരിത്രം പറഞ്ഞ് അവർ ജീവിച്ചിരിക്കുന്നുവല്ലോ  എന്നു മറുവാദം ഉന്നയിക്കുന്ന ആളുകളെ നമുക്കെല്ലാം പരിചയം ഉണ്ടാകും.കൂടാതെ പുകവലിക്കാതെ കാൻസർ വന്നവരെയും, ഹെൽമെറ്റ് വെച്ചിട്ടും അപകടത്തിൽ മരിച്ചവരെയും ചൂണ്ടിക്കാണിച്ചു എന്നും വരും.  എന്നാൽ ഇതുരണ്ടും ശരിയായ ഒരു വാദമല്ല; മറിച്ച് പ്രോബാബിലിറ്റി എന്ന സങ്കൽപ്പവുമായി പരിചയക്കുറവുള്ളതുകൊണ്ടുമാത്രം ഉണ്ടാകുന്ന പ്രശ്നമാണ്).

ഹൃദ്രോഗത്തിന്റെ കാര്യത്തിൽ കൊളസ്റ്റിറോൾ, പുകവലി, രക്താതിമർദ്ദം എന്നിവകൂടാതെ അനേകം റിസ്ക് ഫാക്റ്ററുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ആണുങ്ങളിൽ ഹൃദ്രോഗം നേരത്തെ കാണപ്പെടുന്നു എന്നതുകൊണ്ട് ‘ആണായിരിക്കുക’ എന്നതും ഒരു റിസ്ക് ഫാക്റ്റർ ആണ്. അതുപോലെ പ്രായം ചെല്ലുന്തോറും ഹൃദ്രോഗത്തിനുംകാൻസറിനും മറ്റുമുള്ള സാദ്ധ്യത കൂടുന്നു: അതുകൊണ്ട് പ്രായവും ഒരു റിസ്ക് ഫാക്റ്റർ ആയി മാറുന്നു. പ്രമേഹം ഹൃദ്രോഗത്തിന്റെ മറ്റൊരു റിസ്ക് ഫാക്റ്റർ ആണ്. മാത്രമല്ല, പല റിസ്ക് ഫാക്റ്ററുകളും പരസ്പരം ബന്ധിക്കപ്പെട്ട അവസ്ഥയിലാണ്: പ്രമേഹം ഉള്ളവർക്ക് കൊളസ്റ്റിറോൾ കൂടിയിരിക്കാനും സാദ്ധ്യതയുണ്ട്. പ്രായം കൂടുന്തോറും രക്താതിമർദ്ദത്തിന്റെ സാദ്ധ്യതയും കൂടും. റിസ്ക് ഫാക്റ്ററുകൾ തമ്മിൽ ഇങ്ങിനെ ശ്രേണീബദ്ധമായ- ഹയറാർക്കിക്കൽ- ഒരു ബന്ധമുണ്ട് എന്നതും ഒരു പ്രത്യേകതയാണ്.

ഒരു രോഗത്തിനു പല റിസ്ക് ഫാക്റ്ററുകൾ ആവാം എന്നു കണ്ടല്ലോ; അതുപോലെ ഒരു റിസ്ക് ഫാക്റ്റർ പല രോഗങ്ങൾക്കും കാരണമാവുകയും ചെയ്യാം. ഉദാഹരണമായി പുകയിലയുടെ ഉപയോഗം ശ്വാസകോശകാൻസറിന്റെ സാധ്യത മാത്രമല്ല വർദ്ധിപ്പിക്കുന്നത്. അത് ഹൃദ്രോഗത്തിനും മറ്റു പല രോഗങ്ങൾക്കും ഒരു പ്രധാന റിസ്ക് ഫാക്റ്റർ ആണ്. ഹൃദ്രോഗത്തിന്റെ മറ്റൊരു പ്രധാന റിസ്ക് ഫാക്റ്ററായി അടയാളപ്പെടുത്തിയിട്ടുള്ളത് ശാരീരികവ്യായാമത്തിന്റെ കുറവാണ്. ഇതും മറ്റനേകം രോഗങ്ങൾക്ക് വഴിവെക്കാം. ഓരോ പ്രത്യേക സമൂഹത്തിലും റിസ്ക് ഫാക്റ്ററുകളുടെ ചേരുവ വ്യത്യസ്തമായിരിക്കുന്നതും എടുത്തുപറയേണ്ടതാണ്.

അതായത് ആണുങ്ങൾക്കിടയിൽ ഹൃദ്രോഗത്തിന്റെ ഏറ്റവും പ്രധാന റിസ്ക് ഫാക്റ്റർ പുകവലിയാണെങ്കിൽ, സ്ത്രീകൾക്ക് അത് പ്രായാധിക്യമായേക്കം. യൂറോപ്പിൽ ശ്വാസകോശാർബ്ബുദത്തിനുള്ള റിസ്ക് ഫാക്റ്റർ ആവണമെന്നില്ല നമ്മുടെ രാജ്യത്ത് ആ രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്. സമയവും സന്ദർഭവും അനുസരിച്ച് ഒരേ രോഗത്തിന്റെ റിസ്ക് ഫാക്റ്ററുകൾ മാറിക്കൊണ്ടിരിക്കും.

1918ലെ ഫ്ലൂ

ലോകത്തിൽ അറിയപ്പെട്ട ഏറ്റവും വലിയ- അഥവാ ഏറ്റവും അധികം ആളുകളെ ബാധിച്ച എപ്പിഡെമിക് ഒരു പക്ഷേ 1918ലെ സ്പാനിഷ് ഫ്ലൂ എന്നറിയപ്പെട്ട സംഭവമായിരിക്കും. (പതിന്നാലാം നൂറ്റാണ്ടിലെ ‘ബ്ലാക് ഡെത്’- കറുത്ത മരണം അഥവാ ബ്യൂബോണിക് പ്ലേഗ് ആണ് ജനസംഖ്യയിൽ ഉണ്ടാക്കിയ ആഘാതത്തിന്റെ കാര്യത്തിൽ ഏറ്റവും ശക്തമായിരുന്നത് എന്നും പറയപ്പെടുന്നുണ്ട്- പക്ഷെ ആ സംഭവത്തെ ക്കുറിച്ചുള്ള വിശദാംശങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല). 1918ലെ സ്പാനിഷ് ഫ്ലൂ എവിടെയാണ് ആരംഭിച്ചത് എന്നത് തർക്കവിഷയമാണെങ്കിലും, അത് സ്പെയിനിൽ ആയിരുന്നില്ല എന്ന കാര്യത്തിൽ ഇപ്പോൾ ചരിത്രകാരന്മാർക്ക് ഏകാഭിപ്രായമാണ്. ഒന്നാം ലോകമഹായുദ്ധത്തിൽ ഏർപ്പെട്ടിരുന്ന യൂറോപ്പിയൻ ശക്തികൾ, പട്ടാളക്കാർക്കിടയിൽ പടർന്നുപിടിച്ച ഫ്ലൂവിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടില്ല- കാരണം അത് ശത്രുവിനെ സഹായിച്ചേക്കുമോ എന്നുള്ള ഭയത്താൽ. എന്നാൽ ഒരു നിഷ്പക്ഷരാഷ്ട്രമായിരുന്ന സ്പെയിൻ, ഫ്ലൂവിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിടുകയും, ക്രമേണ ഈ രോഗത്തിനു സ്പാനിഷ് ഫ്ലൂ എന്ന പേരു ലഭിക്കുകയും ചെയ്തു. സ്പെയിനിലെ രാജാവായിരുന്ന അൽഫോൺസോ പതിമൂന്നാമനും ഈ രോഗം വന്നിരുന്നു.

കടപ്പാട് വിക്കിപീഡിയ

സാധാരണ ജലദോഷം പോലെ പനി, ചുമ, മേലുവേദന തുടങ്ങിയ രോഗലക്ഷണങ്ങളാണ് ഈ രോഗത്തിന്റെയും ആരംഭം. ക്രമേണ ന്യൂമോണിയയും ശ്വാസതടസ്സവും മൂലം രോഗി ബുദ്ധിമുട്ടുകയും, ഒരു പക്ഷേ മരണം സംഭവിക്കുകയും ചെയ്യുന്നു. പലപ്പോഴും ഫ്ലൂവിന്റെ വൈറസുകൊണ്ടുള്ള അക്രമണത്തിനു വിധേയമായ ശ്വാസകോശത്തിൽ ബാക്റ്റീരിയകളുടെ ആക്രമണം കൂടി ഉണ്ടകുന്നു. അന്നത്തെ കാലത്ത് ആന്റിബയോട്ടികുകൾ ലഭ്യമല്ലാത്തതുകൊണ്ട്, ന്യുമോണിയയെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയാതെ വന്നു.

ഒന്നാം ലോക മഹായുദ്ധത്തിൽ ഒന്നരക്കോടി ആളുകൾ മരിച്ചുവെങ്കിൽ, അതേ സമയത്തുണ്ടായ സ്പാനിഷ് ഫ്ലൂ മൂലം അഞ്ചുമുതൽ പത്തുകോടി വരെ ആളുകൾ മരിച്ചു എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു- അന്നത്തെ ലോക ജനസംഖ്യയുടെ മൂന്നിലൊന്നിൽ അധികം ആളുകൾ! ഇത് എല്ലാ ഭൂഖണ്ഡങ്ങളേയും ആക്രമിച്ച ഒരു ശരിയായ പാൻഡെമിക് ആയിരുന്നു. സ്പാനിഷ് ഫ്ലൂവിന്റെ ഒരു പ്രത്യേകത അത് ഏറ്റവും രൂക്ഷമായി ആക്രമിച്ചത് ചെറുപ്പക്കാരെ ആയിരുന്നു എന്നുള്ളതാണ്. പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയെ ഇത് കാര്യമായി ബാധിച്ചു.

1918ലെ വേനൽക്കാലത്തുണ്ടായ ആദ്യത്തെ ഓളം താരതമ്യേന മൃദുവായിരുന്നെങ്കിൽ, അതേ വർഷം ശരത്കാലത്തുണ്ടായ തീക്ഷ്ണമായ ആക്രമണത്തിലാണ് അനേകം പേർ മരിക്കാൻ ഇടയായത്. പ്രത്യേകിച്ച് പ്രതിരോധ മരുന്നുകളൊന്നും ലഭ്യമല്ലാതിരുന്നതുകൊണ്ട്, മാസ്കുകൾ ധരിക്കുക, അകലം പാലിക്കുക, കൂട്ടം കൂടൽ തടയുക എന്നതു മാത്രമായിരുന്നു ചെയ്യാൻ പറ്റുമായിരുന്നത്. പല ഓഫീസുകളും ഫാക്റ്ററികളും പ്രവർത്തിപ്പിക്കാനുള്ള ആളുകളുടെ അഭാവത്തിൽ അടച്ചുപൂട്ടേണ്ടി വന്നു. അക്കാലത്ത് പനിയെ നിയന്ത്രിക്കാൻ കൊടുത്തിരുന്നത് ആസ്പിരിൻ എന്ന മരുന്നായിരുന്നു. അത് വ്യാപകമായി ഉപയോഗിച്ചതുമൂലം ആസ്പിരിൻ ടോക്സിസിറ്റി- ആസ്പിരിൻ വിഷബാധ- മൂലമുള്ള മരണങ്ങളും ഉണ്ടായിട്ടുണ്ട് എന്നാണ് ചരിത്രകാരന്മാർ അനുമാനിക്കുന്നത്.


പുകയില- ഇരുപതാം നൂറ്റാണ്ടിന്റെ എപ്പിഡെമിക്

ക്രിസ്റ്റഫർ കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിനെത്തുടർന്ന് പുതിയ ഭൂഖണ്ഡത്തിലെത്തിയ യൂറോപ്പ്യൻ നാവികരാണ് അവിടത്തെ ഗോത്രങ്ങൾക്കിടയിൽ വ്യാപകമായിരുന്ന പുകയിലയുടെ ഉപയോഗം യൂറോപ്പിലേക്ക് പറിച്ചുനട്ടത്. ക്രമേണ പുകയില യൂറോപ്പിൽ ഒരു സ്റ്റാറ്റസ് സിംബൽ- മാന്യതയുടെയും ഉയർന്ന ജീവിതത്തിന്റെയും ലക്ഷണം- ആയി മാറി. യൂറോപ്പിൽ നിന്ന് കൊളോണിയൽ പട്ടാളക്കാരിൽ കൂടി അത് ഏഷ്യയിലും പടർന്നു. യുറേഷ്യയിൽ നിന്ന് അമേരിക്കയിലേക്ക് പടർന്ന് അവിടെ മരണം വിതച്ച വസൂരി, അഞ്ചാമ്പനി എന്നിവക്കു പകരം യൂറോപ്പിനു അമേരിക്ക നൽകിയ മാരകസമ്മാനമായിരുന്നു പുകയില.

Raleigh’s First Pipe in England-  an illustration included in Frederick William Fairholt’s Tobacco, its history and associations. കടപ്പാട് വിക്കിപീഡിയ

പുകയില പല തരത്തിലും ഉപയോഗിക്കപ്പെട്ടുവരുന്നു. അമേരിക്കൻ ഗോത്രക്കാർ അത് ഒരു തരം പൈപ്പിൽ ഇട്ട് വലിക്കുകയായിരുന്നു പതിവ്. രണ്ടുഗോത്രങ്ങൾ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുമ്പോൾ ഒരു ‘സമാധാന സമ്മാനം’ ആയാണ് അവർ പുകയിലയെ കണ്ടിരുന്നത്. മതപരമായ ആചാരങ്ങളിലും പുകയില ഉപയോഗിച്ചിരുന്നു.  യൂറോപ്പിൽ എത്തിയപ്പോൾ അത് ഒരു വിശ്രമത്തിനു സഹായിക്കുന്ന മരുന്ന്- റിക്രിയേഷനൽ ഡ്രഗ്- ആയി. പല തരത്തിൽ പുകക്കാനും, ചവക്കാനും, മൂക്കിൽ വലിക്കാനും ആളുകൾ പഠിച്ചു. ഇതോടൊപ്പം പുകയിലയുടെ ഡിമാൻഡ് വർദ്ധിക്കാൻ തുടങ്ങി. അമേരിക്കയിൽ സ്വർണ്ണഖനനത്തിനായി തുടങ്ങിയ വെർജീനിയ കമ്പനി, അത് നഷ്ടത്തിൽകലാശിച്ചപ്പോൾ പുകയിലകൃഷിയിലേക്ക് തിരിയുകയും വലിയ ലാഭമുണ്ടാക്കുകയും ചെയ്തു. അവർ പുകയിലക്ക് ‘തവിട്ടുനിറത്തിലുള്ള സ്വർണ്ണം’- ബ്രൗൺ ഗോൾഡ്- എന്നു പേരു കൊടുത്തു. വൻ തോതിൽ പുകയിലകൃഷിചെയ്യാൻ വേണ്ടി തോട്ടങ്ങളിൽ അദ്ധ്വാനിക്കാൻ ആഫ്രിക്കയിൽ നിന്ന് കറുത്തവർഗ്ഗക്കാരെ അമേരിക്കയിലേക്ക് കൊണ്ടുപോകാൻ തുടങ്ങി. പലപ്പോഴും ബലം പ്രയോഗിച്ചാണ് ഇത് ചെയ്തിരുന്നത്. ക്രമേണ ഇത് അടിമവ്യാപാരത്തിൽ കലാശിച്ചു. അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ പരുത്തി, പുകയില തുടങ്ങിയ കൃഷികൾക്ക് ആഫ്രിക്കൻ അടിമകളെയാണ് ഉപയോഗിച്ചിരുന്നത്. 1860ൽ ഏബ്രഹാം ലിങ്കൺ പ്രെസിഡെന്റ് ആയതോടുകൂടി അടിമവ്യാപാരം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തുടങ്ങി. ഇത് അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങൾ വേറിട്ട ഒരു രാജ്യമായി പ്രഖ്യാപനം നടത്തുന്നതിൽ എത്തിച്ചേർന്നു- കോൺഫെഡെറേറ്റ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക. അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ തുടക്കമായിരുന്നു ഇത്. തെക്കൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു പുകയിലയുടെ വിപണി. ആഭ്യന്തരയുദ്ധത്തിൽ അടിമവിരുദ്ധരായ വടക്കൻ സംസ്ഥാനങ്ങൾ വിജയിച്ചതോടുകൂടി അടിമവ്യാപാരം അമേരിക്കയിൽ അവസാനിപ്പിച്ചു.

പുകയിലയുടെ ഉപയോഗം വർദ്ധിച്ചുകൊണ്ടിരുന്നെങ്കിലും, യൂറോപ്പിൽ ഇതിനെതിരായ പ്രചരണവും നടന്നിരുന്നു. പല രാജാക്കന്മാരും, മതനേതാക്കളും പുകയിലക്കെതിരെ ആഹ്വാനങ്ങൾ പുറപ്പെടുവിച്ചെങ്കിലും, ജനങ്ങളുടെ ഇടയിൽ ഇതിന്റെ ഉപയോഗം കൂടിക്കൊണ്ടിരുന്നു. പുകയിലയിൽ നിന്ന് തനിയെ സിഗററ്റ് തെറുക്കുന്ന മഷീൻ കണ്ടുപിടിക്കപ്പെട്ടതോടുകൂടി സിഗരറ്റ് വൻതോതിൽ വിലകുറച്ച് ഉത്പാദിപ്പിക്കാൻ തുടങ്ങി. ഇതോടുകൂടി വലിയ പണക്കാരൂടെ ഒരു വിനോദമായിരുന്ന പുകവലി സാധരണജനങ്ങളിലേക്കും വ്യാപിച്ചു.

രണ്ടാം ലോക മഹായുദ്ധത്തോടുകൂടി യൂറോപ്പിൽ പുകയിലവിരുദ്ധ പ്രസ്ഥാനങ്ങൾ ശക്തി പ്രാപിച്ചു. 1954ൽ ബ്രിട്ടീഷ് ഡോക്ടർമാരിൽ നടത്തിയ വ്യാപകമായ പഠനത്തിൽ റിച്ചാർഡ് പീറ്റോ എന്ന സ്റ്റാറ്റിസ്റ്റീഷ്യനും, റിച്ചാർഡ് ഡോൾ എന്ന ഡോക്ടറും പുകയിലയും ശ്വാസകോശകാൻസറുമായുള്ള ബന്ധം അസന്നിഗ്ദ്ധമായി സ്ഥാപിച്ചു. പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കുക, പ്രായപൂർത്തി ആകാത്തവർക്ക് പുകയില വിൽപ്പന നിരോധിക്കുക, പുകയിലയുടെ പരസ്യങ്ങളും, പുകയിലക്കമ്പനികളുടെ സ്പോൺസർഷിപ്പും അവസാനിപ്പിക്കുക, നികുതി വർദ്ധിപ്പിക്കുക തുടങ്ങി പുകയിലയുടെ ഉപയോഗം നിരുൽസാഹപ്പെടുത്തുന്ന അനേകം നയങ്ങൾ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ ലോകരാഷ്ട്രങ്ങൾ നടപ്പാക്കിവരുന്നു. പുകയിലക്കെതിരെ നിലവിൽ വന്നിട്ടുള്ള ഒരു ലോക ഉടമ്പടിയാണ് ‘ഫ്രേംവർക്ക് കൺവെൻഷൻ ഫൊർ ടുബാക്കോ കണ്ട്രോൾ’ അഥവാ എഫ് സി റ്റി സി. പൊതുജനാരോഗ്യകാര്യങ്ങൾക്കായി ലോകത്ത് ആദ്യമായി ഉണ്ടാകിയിട്ടുള്ള ഈ ഉടമ്പടിയിൽ ഇന്ത്യയടക്കം അനവധി ലോകരാഷ്ട്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. വികസ്വര രാഷ്ട്രങ്ങൾക്കിടയിൽ പ്രത്യേകിച്ച് ചെറുപ്പക്കാരിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന പുകയില എപ്പിഡെമിക്കിനെ നേരിടാൻ കൂടിയാണ് ഇത് പ്രവർത്തിക്കുന്നത്.

എന്നാൽ ഈ ശ്രമങ്ങൾ ഒക്കെ ഉണ്ടായിട്ടും ലോകമെമ്പാടും ശരാശരി അറുപതുലക്ഷം മരണങ്ങൾ പ്രതിവർഷം പുകയിലയുടെ ഉപയോഗം മൂലം ഉണ്ടാകുന്നു. ഒരു പകർച്ചവ്യാധിയും ഇത്രയധികം പേരെ കൊന്നൊടുക്കുന്നില്ല എന്നു പറയാം.  ഇതിൽ തന്നെ പത്തു ശതമാനത്തോളം പരോക്ഷ പുകവലി- മറ്റുള്ളവർ വലിക്കുന്നതുകൊണ്ട് വലിക്കാത്തവരിലേക്ക് എത്തുന്ന പുകയിലപ്പുക- കാരണം ആയിരിക്കാമെന്നു കണ്ടെത്തിയിരിക്കുന്നു. ലോകം പുകയിലക്കെതിരായ യുദ്ധത്തിലാണ്


ലേഖനത്തിന്റെ അഞ്ചാംഭാഗം വായിക്കാം

ലേഖനത്തിന്റെ നാലാം ഭാഗം വായിക്കാം

ലേഖനത്തിന്റെ മൂന്നാം ഭാഗം വായിക്കാം

ലേഖനത്തിന്റെ രണ്ടാം ഭാഗം വായിക്കാം

ലേഖനത്തിന്റെ ഒന്നാം ഭാഗം -വായിക്കാം

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മോതിരക്കണ്ണി
Next post ഒരു സോഫ്റ്റ്‌വെയർ നിര്‍മ്മിക്കപ്പെടുന്നതെങ്ങിനെ?
Close