എന്തുകൊണ്ട് എപ്പിഡെമിയോളജി ? -രോഗവ്യാപനത്തിന്റെ ശാസ്ത്രം എന്ന പേരില്‍ ഡോ.വി. രാമന്‍കുട്ടി എഴുതുന്ന ലേഖനപരമ്പരയുടെ ഒന്നാം ഭാഗം
കോവിഡ് 19 പാൻഡെമിക്
ലോകം മുഴുവൻ രോഗവ്യാപനത്തെക്കുറിച്ച് സംസാരിക്കുന്ന ഒരവസരത്തിലാണ് ഇതെഴുതുന്നത്. നോവൽ കൊറോണാവൈറസ് എന്നും, പിന്നീട് കോവിഡ് 19 എന്നും പേരിട്ട ഒരു സൂക്ഷ്മജീവി ഉണ്ടാക്കുന്ന മഹാമാരിയുടെ പിടിയിലാണു നാമെല്ലാം. അതിന്റെ ഭീതിയിൽ സാധാരണജീവിതം അപ്പാടെ സ്തംഭിച്ചിരിക്കുന്നു. കൊറോണക്കാലം കഴിഞ്ഞാലും, ഒരു പുതിയ ‘സാധാരണത്വം’- പുതിയ നോർമൽ വേണ്ടിവരുമോ എന്നു എല്ലാവരും ഭയക്കുന്നു. ജനങ്ങൾ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന, മഹാനഗരങ്ങളിൽ ആളുകൾ ഏറ്റവും സമയം ചെലവഴിച്ചിരുന്ന ഷോപ്പിംഗ് മാളുകളും ഫുട്ബാൾ സ്റ്റേഡിയങ്ങളും, ജിംനേഷ്യങ്ങളും സ്വിമ്മിംഗ് പൂളുകളും മറ്റും പഴയ അവസ്ഥയിലേക്ക് എന്നെങ്കിലും എത്തുമോ എന്ന് പറയാറായിട്ടില്ല. പള്ളികൾ, അമ്പലങ്ങൾ മുതലായി മതപരമായ ഇടങ്ങളെയും വൈറസ് വെറുതെ വിട്ടിട്ടില്ല. ആളുകൾ തമ്മിലുള്ള ഇടപഴകലുകളിൽ പഴയപോലെ സ്വാതന്ത്ര്യം ഉണ്ടാകുമോ എന്നു നാം ആശങ്കപ്പെടുന്നു.
ചൈനയിലെ വൂഹാൻ എന്ന പട്ടണത്തിൽനിന്നാണ് ഈ മഹാമാരി ലോകമാസകലം പടർന്നത്. ചൈനയിൽനിന്ന് യൂറോപ്പിലേക്കും, വടക്കെ അമേരിക്കയിലേക്കും, സിംഗപ്പൂർ തുടങ്ങിയ ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിലേക്കും രോഗം അതിവേഗം പടർന്നു. ആറുമാസങ്ങൾക്കുള്ളിൽതന്നെ അഭൂതപൂർവമായ ഒരു സ്ഥിതിയിലേക്ക് ഈ ലോകത്തെ കൊണ്ടെത്തിച്ചത് ഒരു കുഞ്ഞുവൈറസ് ആണെന്നത് വാസ്തവത്തിൽ അദ്ഭുതാവഹമല്ലേ?
ലോകം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഈ പ്രതിഭാസത്തെ ശാസ്ത്രജ്ഞന്മാർ ‘കൊറോണാ പാൻഡെമിക്’ എന്നാണു വിളിക്കുന്നത്. എന്താണ് ഈ പാൻഡെമിക്ക്? ഒരു എപ്പിഡെമിക്ക് പരിധികൾ വിടുമ്പോഴാണ് പാൻഡെമിക്ക് ആവുന്നതെന്നു പറയാം. എപ്പിഡെമിക്ക് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ജനങ്ങളിൽ അമിതമായി വർദ്ധിക്കുന്ന രോഗാവസ്ഥയെ ആണ്-ഏതെങ്കിലും രോഗത്തിന്റെ അനിയന്ത്രിതമായ പൊട്ടിപ്പുറപ്പെടൽ എന്നു പറയാം. തുടക്കത്തിൽ ഈ വാക്കുപയോഗിച്ചിരുന്നത് സാംക്രമികരോഗങ്ങളുടെ വ്യാപനത്തെപ്പറ്റി മാത്രമായിരുന്നെങ്കിൽ ഇന്ന് അങ്ങിനെ ഒരു വിവേചനം പാലിക്കാറില്ല; പകരാവ്യാധികളായ ഡയബെറ്റിസും (പ്രമേഹം), രക്താതിമർദ്ദവും റോഡപകടങ്ങൾ പോലും പാൻഡെമിക്കുകളായി വളർന്നതായി പറയാറുണ്ട്.
രോഗവ്യാപനം ഔട്ട്ബ്രേക്കും എപ്പിഡെമിക്കും ആകുന്നതെപ്പോൾ?
സാംക്രമികരോഗങ്ങളുടെ വ്യാപനം ഒരു പക്ഷേ എപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. അത് അതിരുകൾ വിടുന്നു എന്ന് എപ്പോൾ പറയാനാകും? അതിന് പുതിയതായി രോഗം വരുന്നവരുടെ എണ്ണം അറിയണം. ഓരോ ദിവസവും ഒരു സമൂഹത്തിൽ എത്ര പുതിയ രോഗികൾ ഉണ്ടാകുന്നു എന്ന് കണക്കാക്കാൻ പറ്റും. ഇങ്ങിനെയുള്ള കണക്കിന് ‘ഇൻസിഡൻസ്’ എന്നാണു സാങ്കേതികമായ പേര്. ഒരു ഗ്രാമത്തിലോ, നഗരത്തിലെ ഒരു വാർഡിലോ, അടുത്തടുത്ത വീടുകളിലോ ചുരുങ്ങിയ സമയത്തിനകം കുറെയധികം പുതിയ രോഗികൾ ഉണ്ടാകുന്നു എന്ന് സങ്കല്പിക്കുക. ആ എണ്ണം ഒരു പരിധി വിടുമ്പോൾ അത് ഒരു ‘ക്ലസ്റ്റർ’ അഥവാ ഒരു ‘കുല’ ആകുന്നു. അടുത്തടുത്ത ദിവസങ്ങളിൽ പുതിയരോഗികളുടെ എണ്ണം കൂടുമ്പോഴാണ് അത് ഒരു കുലയാകാനുള്ള സാധ്യത വർദ്ധിക്കുന്നത്. കുലകളുടെ എണ്ണം വർദ്ധിക്കുമ്പോൾ, അല്ലെങ്കിൽ കുലയുടെ വലിപ്പം വർദ്ധിക്കുമ്പോൾ, അത് ഒരു ഔട്ട്ബ്രേക്ക് (പൊട്ടിപ്പുറപ്പെടൽ) ആയി എന്നു പറയാം. ഇൻസിഡൻസ് സാധാരണയിൽ കവിയുമ്പോഴാണ് പുതുരോഗികളുടെ കുലകൾ ഉണ്ടാകുന്നതും അവ ഒരു ഔട്ട്ബ്രേക്ക് ആയി രൂപാന്തരപ്പെടുന്നതും. ഔട്ട്ബ്രേക്ക് കൂടുതൽ വലിയ ജനസംഖ്യയെ ബാധിക്കുമ്പോൾ അതിനെ എപ്പിഡെമിക്ക് എന്നു പറയാം. ഇതാണു പിന്നീട് ലോകം മുഴുവൻ പരന്ന് പാൻഡെമിക്ക് ആകാൻ സാധ്യതയുള്ളത്. കൊറോണയുടെ കാര്യത്തിൽ ആദ്യം വൂഹാൻ എന്ന ചൈനീസ് സിറ്റിയിൽ ഉണ്ടായ ഔട്ട്ബ്രേക്ക് ആണ് പിന്നീട് ഹെയ്ബെയ് പ്രവിശ്യയിൽ ഒരു എപ്പിഡെമിക്ക് ആയും അധികം താമസിയാതെ പാൻഡെമിക്ക് ആയും നാം കണ്ടത്. ഇത് പൊതുവെ സാംക്രമിക രോഗങ്ങളുടെ കഥയാണ്.
എത്ര കുലകൾ ഉണ്ടായാൽ, അല്ലെങ്കിൽ ഒരു കുല എത്ര വലുതായാൽ ഒരു എപ്പിഡെമിക് ആയി എന്നു പറയും? ഈ സംജ്ഞകൾക്ക്- ക്ലസ്റ്റർ, ഔട്ട്ബ്രേക്ക്, എപ്പിഡെമിക്ക്, പാൻഡെമിക്ക്- കൃത്യമായ നിർവചനങ്ങൾ ഇല്ല, അഥവാ ഉണ്ടായി വരുന്നതേ ഉള്ളു. ഉപയോഗം കൊണ്ടുള്ള പൊതു സ്വീകാര്യതയാണ് ഈ വാക്കുകൾക്ക് ഇപ്പോൾ കൂടുതൽ. അത് ഓരോ രോഗത്തിനും വ്യത്യസ്തമായിരിക്കും, ഓരോ സമൂഹത്തിനും, ഓരോ കാലഘട്ടത്തിനും. ‘പതിവിൽ കവിഞ്ഞ’ രീതിയിൽ പുതിയരോഗികൾ ഉണ്ടാകുമ്പോഴാണ് ഒരു എപ്പിഡെമിക് ആവുന്നതെന്നു മാത്രമെ ലോകാരോഗ്യസംഘടനപോലും പറയുന്നുള്ളു. ഒരു സമൂഹത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന രോഗവ്യാപനത്തിന്റെ തോത് എത്രയാണെന്ന ഒരു സങ്കല്പം ഉണ്ടെങ്കിൽ മാത്രമെ അത് അമിതമായോ എന്നതിനു പ്രസക്തിയുള്ളു.
സാംക്രമികരോഗങ്ങളുടെ കാര്യത്തിലാണ് ഇത് വളരെ പ്രകടമാകുന്നത്. ‘സാംക്രമികം ‘ എന്നു വാക്കുകൊണ്ടുതന്നെ നാം ഉദ്ദേശിക്കുന്നത് ‘പകരുന്നത്’ എന്നാണല്ലോ. ഒരു പുതിയ രോഗി ഒരു സമൂഹത്തിൽ ഉണ്ടായിക്കഴിഞ്ഞാൽ അയാളിൽ നിന്ന് രോഗം രണ്ടുപേർക്ക് പകർന്നെന്നിരിക്കട്ടെ. ഈ രണ്ടുരോഗികളും, അത് മറ്റു രണ്ടുപേർക്കുവീതം വ്യാപിപ്പിച്ചേക്കാം. ഇങ്ങിനെ രോഗികളാകുന്ന നാലു പേർ ഓരോരുത്തരും, രണ്ടുപേർക്ക് വീതം പകർത്തിയാൽ, പുതുരോഗികളുടെ എണ്ണം എട്ടാകും; അത് പിന്നെ വളരെവേഗം പതിനാറും മുപ്പത്തിരണ്ടും ആകുന്നത് നമുക്കു മനസ്സിലാക്കാം. ഇതിൽ ഓരൊ സൈക്കിളിനും- ഒരാളിൽനിന്ന് മറ്റുള്ളവർക്ക് പകരുന്ന പ്രക്രിയ- നാലു ദിവസം എടുക്കുമെങ്കിൽ, ഏക്ദേശം രണ്ടാഴ്ചകൊണ്ട് മുപ്പത്തിരണ്ടുപേർക്ക് രോഗം പകരും. അടുത്ത രണ്ടാഴ്ചകൊണ്ട്, ആയിരത്തിലധിം പേർക്കും. ഓരോരുത്തരും രണ്ടുപേർക്ക് രോഗം പകരുന്നു എന്നുള്ളത് ചില രോഗങ്ങളുടെ കാര്യത്തിൽ മൂന്നാകാം, നാലാകാം, അതിലധികവുമാകാം. രോഗത്തിന്റെ പകർച്ചാസ്വഭാവവും- വായുവിലൂടെയാണോ, വെള്ളത്തിൽകൂടിയാണൊ, സമ്പർക്കത്തിലൂടെയാണോ, കൊതുകു, ഈച്ച മുതലായ വെക്റ്ററുകൾ മുഖേനയാണോ രോഗം പകരുന്നത് എന്നത് ഇതിലൊരു പ്രധാന ഘടകമാണ്. അതുപോലെ പ്രധാനമാണ് രോഗം പകരാനിടയുള്ളവരുടെ പ്രത്യേകതകളും. അവർ എന്തുകാരണം കൊണ്ടാണെങ്കിലും ആരോഗ്യം കുറഞ്ഞവരോ, പ്രതിരോധശക്തി കുറഞ്ഞവരോ ആണെങ്കിൽ രോഗവ്യാപനം കൂടുതൽ വേഗത്തിലാകും എന്നു തീർച്ചയാണ്. എന്നാൽ കൂടുതൽ പേർക്കും ഈ രോഗത്തിനെതിരായ പ്രതിരോധകുത്തിവെപ്പ് ലഭിച്ചിട്ടുള്ളവരാണെങ്കിൽ, രോഗവ്യാപനം ഇല്ലാതാവാനോ, തീരെ പതുക്കെയാവാനോ സാധ്യതയുണ്ട്.
പലതരം എപ്പിഡെമിക്കുകൾ
എപ്പിഡെമിക്കുകൾ പലതരത്തിൽ പടരാം. ചിലവ ഒരൊറ്റ ആദ്യരോഗിയിൽ നിന്ന് വ്യാപകമായി പടരുന്നു. ഇതിന് ‘പോയിന്റ് സോഴ്സ്’ എപ്പിഡെമിക് എന്നാണു പറയാറ്, അതായത് ഒരൊറ്റ സ്രോതസ്സിൽനിന്നും ഏകദേശം മുഴുവൻ രണ്ടാം തലമുറ രോഗികളും ഉണ്ടാകുകയും, അതോടെ ആ എപ്പിഡെമിക് അവസാനിക്കുകയും ചെയ്യും. സാധാരണ ഭക്ഷ്യവിഷബാധപോലുള്ള കാരണം കൊണ്ടുണ്ടാകുന്ന എപ്പിഡെമിക്കുകൾ ഈ സ്വഭാവം കാണിക്കും.
എന്നാൽ വേറെ ചിലവ, ആദ്യത്തെ രോഗിയിൽ നിന്ന് രോഗം പകർന്നു കിട്ടിയവർ ഓരോരുത്തരും , പിന്നീട് പല ആളുകൾക്ക് രോഗം പകരുകയും, അവർ കൂടുതൽ പേർക്ക് എന്നിങ്ങനെ വീണ്ടും വീണ്ടും പുതിയ രോഗികളെ സൃഷ്ടിക്കുകയും ചെയ്യും. രോഗത്തിന്റെ ദൈർഘ്യത്തിനനുസരിച്ച് ഈ ആവൃത്തികളുടെ സമയവും വ്യത്യസ്തമായിരിക്കാം. വായുവിൽക്കൂടി പകരുന്ന പല രോഗകളും ഇതുപോലെയാണ്- ഫ്ലു ഒരുദാഹരണം. രോഗിയാവുന്ന ഓരോരുത്തരും പത്തു ദിവസത്തിനകം മറ്റനേകം പേർക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്. ഇതൊരു ചങ്ങല പോലെ നീണ്ടുപോകുന്നു. വൃത്തിഹീനമായ സ്പർശം കൊണ്ടുണ്ടാകുന്ന ഷിഗെല്ലാ- വയറുകടി- പോലുള്ള രോഗങ്ങളും ഇങ്ങിനെയുള്ള ഔട്ട്ബ്രേക്കുകൾ സൃഷ്ടിക്കാം. ഒരാൾക്കു രോഗം ബാധിച്ചു കഴിഞ്ഞ് അയാൾ രോഗത്തിനു കാരണമാകുന്ന അണുക്കളെ പുറത്തേക്കുവിടുമ്പോഴാണ് അടുത്ത സൈക്കിൾ ആരംഭിക്കുന്നത്. ഇങ്ങിനെയുള്ള എപ്പിഡെമിക്കുകളുടെ ഗ്രാഫ് വരച്ചാൽ, ഒന്നിനുപുറകെ ഒന്നായ പ്രത്യേകം വരകളായി കാണപ്പെടും. ഇതിനു ‘പ്രൊപോഗേറ്റഡ് സോഴ്സ്’– സഞ്ചരിക്കുന്ന സ്രോതസ്സുള്ള എപ്പിഡെമിക്ക് എന്നാണു സാങ്കേതികമായി പറയുന്നത്.
മൂന്നാമതൊരു വകഭേദമാണ് കണ്ടിന്യൂവസ് സോഴ്സ്– തുടർച്ചയായി രോഗപ്പകർച്ച ഉണ്ടാക്കുന്ന സ്രോതസ്സ്. സാധാരണമായി രോഗാണു ബാധിതമായ ഒരു കിണറോ, അതുപോലെയുള്ള ഒരു കുടിവെള്ളസ്രോതസ്സോ ആണ് ഈ തരത്തിലുള്ള പകർച്ചക്ക് കാരണമാകുന്നത്. കരൾവീക്കമുണ്ടാക്കുന്ന ഹെപറ്റൈറ്റിസ് രോഗം ഇതുപോലെ പകരുന്നത് സാധാരണമാണ്. കോളറ പോലെയുള്ള രോഗങ്ങളിലും ഇത് സാധാരണ കാണപ്പെടുന്നു. സ്രോതസ്സിനെ കണ്ടുപിടിച്ചാൽ വളരെ ഫലപ്രദമായി നിയന്ത്രിക്കാൻ പറ്റുന്ന ഒരു തരം എപ്പിഡെമിക്ക് ആണ് ഇത്തരത്തിലുള്ളത്. അപൂർവമായി ചില വ്യക്തികൾക്ക് സ്വയം രോഗലക്ഷണങ്ങൾ കാണിക്കാതെ രോഗാണുവാഹകരായി മാറാൻ സാധിക്കും. അവർ തുടർച്ചയായി രോഗം പരത്തിക്കൊണ്ടിരിക്കും. റ്റൈഫോയ്ഡ് രോഗത്തിൽ ഈ അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്.
എപ്പിഡെമിക്ക്, എൻഡെമിക്ക്
പല സാംക്രമികരോഗങ്ങളും ലോകമാസകലം നിർമ്മാർജനം ചെയ്തുകഴിഞ്ഞു. ഏറ്റവും വലിയ ഉദാഹരണം വസൂരി തന്നെ. പ്രതിരോധകുത്തിവെപ്പുകൾ കൊണ്ട് തടയാവുന്ന ഡിഫ്തീരിയ, ടെറ്റനസ്, മീസിൽസ് എന്നു തുടങ്ങിയ രോഗങ്ങളുടെ കാര്യത്തിൽ പൊതുവേ, ഒരു പുതിയ രോഗി ഉണ്ടാകുന്നതുപോലും പ്രതീക്ഷക്കു വിരുദ്ധമാണ്; അതായത് സമൂഹം പ്രതീക്ഷിക്കുന്ന, നോർമ്മൽ ആയി സ്വീകരിക്കുന്ന പുതിയ രോഗികളുടെ എണ്ണം പൂജ്യമാണ്. വേറെ പല സാംക്രമികരോഗങ്ങളും- എയ്ഡ്സ്, കുഷ്ടരോഗം എന്നിവയൊക്കെ പോലെ, വളരെ ചുരുങ്ങിയതോതിൽ സമൂഹത്തിൽ വ്യാപരിച്ചുകൊണ്ടിരിക്കും എന്നത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്നത്തെ അവസ്ഥയിൽ അവയെ നിർമ്മാർജനം ചെയ്യാൻ സാങ്കേതികമായി പറ്റുകയില്ല. അതുകൊണ്ട് ഇവയുടെ സാധാരണ അവസ്ഥ എന്നു പറയുന്നത് ആഴ്ചകൾതോറും, അല്ലെങ്കിൽ മാസങ്ങൾ, വർഷങ്ങൾ തോറും ഒരേ നിരക്കിൽ ചുരുങ്ങിയ തോതിലുള്ള ഇൻസിഡൻസ് ആണെന്നു പറയാം; പരിധി വിടുമ്പോൾ മാത്രമെ അവയെ ഒരു പുതിയ എപ്പിഡെമിക്ക് ആയി കണക്കാക്കുകയുള്ളു. ഇങ്ങിനെയുള്ള സാംക്രമികരോഗങ്ങളുടെ പട്ടികയിൽ മലേറിയ, മന്തുരോഗം, ഈയിടെയായി എലിപ്പനി, ഡെംഗി, ചിക്കൻഗുനിയ എന്നിങ്ങനെ പലതും ഉണ്ട്. ഇവയെല്ലാം തന്നെ പരിധികൾക്കുള്ളിൽ സമൂഹത്തിൽ വ്യാപിക്കുന്ന രോഗങ്ങൾ ആണ്. ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ക്ഷയരോഗവും ഈ വകുപ്പിൽ പെടുത്താം. എത്ര ശ്രമിച്ചിട്ടും നമ്മെ വിട്ടുപോകാത്ത ഒന്നാണ് ക്ഷയരോഗം. ഇങ്ങിനെ നമുക്കു കൈകാര്യം ചെയ്യാവുന്ന പരിധികൾക്കുള്ളിൽ വ്യാപിക്കുന്ന രോഗങ്ങളെ ‘എൻഡെമിക്’ രോഗങ്ങൾ എന്നാണു പറയുന്നത്. എൻഡെമിസിറ്റിയുടെ- എൻഡെമിക്ക് ആണോ എന്നു നിശ്ചയിക്കുന്നതിന്റെ- നിലവാരം കാലവും പ്രദേശവും അനുസരിച്ച് ഓരോ രോഗങ്ങൾക്കും ഓരോന്നായിരിക്കും എന്നു മാത്രം. വളരെ ചെറിയകാലയളവിനുള്ളിൽ പ്രതീക്ഷക്കപ്പുറം പുതിയരോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ ആണ് അവയെ ഒരു പുതിയ എപ്പിഡെമിക്കായി കണക്കാക്കുന്നത്.
എൻഡെമിസിറ്റിയെ മനസ്സിലാക്കാൻ ഫാഷനെക്കുറിച്ച് ഓർത്താൽ മതി. സാധാരണ പുരുഷന്മാർ മുടി നീട്ടി വളർത്താറില്ല. എന്നാൽ ചില ആളുകൾ അങ്ങിനെ ചെയ്യും. നൂറുപേരെ – പുരുഷന്മാരെ-എടുത്താൽ ഏറിയാൽ അഞ്ചുപേരായിരിക്കും മുടി വളർത്തുന്നത്. (സ്ത്രീകളുടെ കാര്യത്തിൽ ഇത് നേരെ വിപരീതമായി സങ്കൽപ്പിച്ചാൽ മതി). ഈ സമൂഹത്തിൽ, മുടി വളർത്തുന്നതിന്റെ ‘എൻഡെമിക്’ നിരക്ക് പുരുഷന്മാരിൽ നൂറിൽ അഞ്ചാണെന്നു പറയാം; അതിനപ്പുറം ഉണ്ടാകാറില്ല.
ഇങ്ങിനെ ഒരു സമൂഹത്തിൽ ചില പുരുഷന്മാർ മുടി നീട്ടി വളർത്താൻ തുടങ്ങിയെന്നിരിക്കട്ടെ. പെട്ടെന്നു ചിലപ്പോൾ പലരും ഇത് അനുകരിച്ചേക്കാം. ഏതാനും മാസങ്ങൾക്കകം, നൂറിനു പതിനഞ്ചോ, ഇരുപതോ ചിലപ്പോൾ മുപ്പതോ പുരുഷന്മാർ മുടിവളർത്തുവരായി മാറുന്നു. അപ്പോഴാണു, മുടിവളർത്തുന്നത് പുരുഷന്മാരിൽ ഒരു ‘ഫാഷൻ’ ആയി എന്നു പറയുന്നത്. പിന്നീടത് കുറെക്കഴിയുമ്പോൾ ചുരുങ്ങി പത്തു ശതമാനത്തോളമായി തുടർന്നേക്കാം, സമൂഹം ഈ പുതിയ വർദ്ധിച്ച തോത് അംഗീകരിക്കുന്നു. ഇതാണു അവിടത്തെ പുതിയ ‘നോർമൽ’. ഈ നോർമ്മലിന്റെ തുടക്കത്തിൽ- ആദ്യം അഞ്ചായിരുന്നത് പെട്ടെന്നുകൂടി പതിനഞ്ചും ഒരു പക്ഷേ മുപ്പതും നാല്പതും ആകുന്ന സമയത്ത്- അത് ഒരു ‘എപിഡെമിക്’ ആയി കണക്കാക്കാം, ക്രമേണ അതു കുറഞ്ഞ് പത്തിലോ, പതിനഞ്ചിലോ ഒതുങ്ങുന്നു. അപ്പോൾ ‘എൻഡെമിക്’ റേറ്റ് അഞ്ചിൽ നിന്ന്പത്തായൊ, പതിനഞ്ചായോ ഉയർന്നതായി കണക്കാക്കുന്നു. (ഇത് തിരിച്ചും സംഭവിക്കാം- എൻഡെമിക് ആയി അംഗീകരിക്കുന്ന റേറ്റ് കുറയുകയും ചെയ്യാം).
ഇൻസിഡൻസും പ്രിവലെൻസും
സമൂഹത്തിൽ ഉള്ള രോഗത്തിന്റെ കണക്കെടുക്കാൻ രണ്ടു രീതികൾ ഉപയോഗിക്കാറുണ്ട്. അവയിൽ ഒന്നാണ് നേരത്തെ പറഞ്ഞ പുതിയ രോഗികളുടെ എണ്ണം കണക്കാക്കുന്ന രീതി. ആയിരം പേർക്ക് എത്ര പുതിയ രോഗികൾ ഒരൊ ദിവസവും ഉണ്ടാകുന്നു എന്നതിനെ നമ്മൾ ‘ഇൻസിഡൻസ് റേറ്റ്’ എന്നു വിളിക്കും. ഇതുകണക്കാക്കാൻ നമുക്ക് ഒരു സമവാക്യം ഉണ്ടാക്കാം:
ജനസംഖ്യയിൽ ഓരോ ആയിരം പേർക്കും ദിനം പ്രതി ശരാശരി എത്ര പുതിയ രോഗികൾ ഉണ്ടാകുന്നു എന്നതാണ് ഈ നിരക്ക്. ഈ സമവാക്യത്തിൽ ആയിരം എന്നുള്ളത് പതിനായിരം എന്നോ ലക്ഷം എന്നോ സൗകര്യപൂർവ്വം മാറ്റാം; അതുപോലെ നിരീക്ഷണദിനങ്ങൾ എന്നുള്ളത് ആഴ്ചകൾ എന്നോ, മാസങ്ങൾ എന്നൊ, വർഷങ്ങൾ എന്നോ മാറ്റാവുന്നതാണ്. ഇങ്ങിനെ കണക്കാക്കുന്ന ഇൻസിഡൻസ് നിരക്കിനെ‘പ്രാകൃത ഇൻസിഡൻസ് നിരക്ക്’ എന്നാണു പറയുന്നത്. പ്രാകൃതമായ നിരക്കിനെ എങ്ങിനെ സംസ്കരിക്കാം എന്നത് പിന്നീട് പറയാം. ഈ സമവാക്യത്തിൽ ഓർക്കേണ്ട ഒരു കാര്യം, കാലഗണനയാണ്. ദിവസംപ്രതി, മാസംപ്രതി, അല്ലെങ്കിൽ വർഷംപ്രതിയാണോ നാം നിരക്കുകണക്കാക്കുന്നത് എന്നത് കൃത്യമായി സൂചിപ്പിച്ചില്ലെങ്കിൽ ഈ സംഖ്യക്ക് ഒരർത്ഥവുമില്ല. ഭക്ഷ്യാണുബാധപോലെയുള്ള ചില രോഗങ്ങളുടെ കാര്യത്തിൽ പുതിയരോഗികളുടെ എണ്ണം മണിക്കൂറിൽ കണക്കാക്കേണ്ടിവരും. കുഷ്ഠം, ക്ഷയരോഗം മുതലായ രോഗങ്ങളിൽ സാധാരണ വർഷംതോറുമുള്ള ഇൻസിഡൻസ് ആണ് കണക്കാക്കാറ്. അതുപോലെ തന്നെ നിരക്കിനാസ്പദമായ ജനസംഖ്യയുടെ സൂചനക്കും കൃത്യത വേണം- ആയിരം പേർക്ക്, പതിനായിരം പേർക്ക്, ലക്ഷം പേർക്ക് എന്നിങ്ങനെ.
എന്നാൽ രോഗികളുടെ കണക്കെടുപ്പ് വേറൊരു രീതിയിലും ആകാം: പുതിയരോഗികൾ എത്ര എന്നതിനുപകരം, ഒരു സമയത്ത് സമൂഹത്തിൽ പഴയതും പുതിയതുമായ എത്ര രോഗികൾ ഉണ്ട് എന്നതിന്റെ കണക്ക്. ഇതിനു പ്രാചുര്യം അല്ലെങ്കിൽ പ്രിവലെൻസ് എന്നു പറയും. പ്രിവലെൻസ് കണക്കാക്കുന്നതിന്റെ സമവാക്യം:
ഇവിടെ ഏതെങ്കിലും ഒരു സമയത്ത് സമൂഹത്തിലുള്ള രോഗികളുടെ എണ്ണത്തിനെയാണു വിവക്ഷിക്കുന്നത്. ഇവിടെ നാം കാലം മാറിക്കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യത്തെ മന:പൂർവം മാറ്റിവെക്കുകയാണ്. കാലം ‘ഉറഞ്ഞു’ പോയതായി സങ്കൽപ്പിക്കണം, അത് അസംഭവ്യമാണെങ്കിലും. ഫുട്ബാൾ കളിയിൽ ഗോളടിക്കുന്നതിന്റെ ‘ആക്ഷൻ ഫോട്ടോ’ കണ്ടിട്ടില്ലേ? ഒരു സെക്കൻഡിന്റെ ഒരു പക്ഷേ പത്തിലൊരംശത്തിൽ സംഭവിക്കുന്ന ഒരു പ്രവർത്തിയെ പിടിച്ചുനിർത്തിയതുപോലെ നമ്മുടെ മുൻപിൽ ആ ഫോട്ടോ അവതരിപ്പിക്കുന്നു. ഏതാണ്ട് ഇതുപോലെയാണ് പ്രിവലൻസ് കണക്കാക്കുന്നതും. ശരിയായ പ്രിവലെൻസ് നിമിഷം പ്രതി മാറിക്കൊണ്ടിരിക്കും. പക്ഷേ കാലം നിശ്ചലമായി എന്നു സങ്കൽപ്പിച്ചാലേ പ്രിവലെൻസ് കണക്കാക്കാൻ പറ്റുകയുള്ളു.
എൻഡെമിക് രോഗങ്ങളുടെ കാര്യത്തിലും, പകരാത്ത രോഗങ്ങളുടെ കാര്യത്തിലും പ്രിവലെൻസ് വളരെ പ്രയോജനപ്രദമായ ഒരു സൂചകമാണ്. പ്രിവലെൻസ് കണക്കാക്കുന്നത് ഒരു ഭിന്നസംഖ്യയായിട്ടോ (ഉദാഹരണം 0.20, 0.35, 0.74 എന്നിങ്ങനെ ദശഗുണിതങ്ങളായി), ഒരു ശതമാനമായിട്ടോ ആകാം ( 20 ശതമാനം, 35 ശതമാനം, 74 ശതമാനം എന്നിങ്ങനെ); ആയിരത്തിനോ, ലക്ഷത്തിനോ എത്ര എന്ന കണക്കിലും പ്രിവലെൻസ് സൂചിപ്പിക്കാവുന്നതാണ്. മൊത്തം ജനസംഖ്യയിൽ കൂടുതൽ രോഗികൾ ഉണ്ടാവുകയില്ല എന്നതുകൊണ്ട്, ഈ സൂചിക ഒന്നിനുമുകളിൽ - അഥവാ നൂറുശതമാനത്തിനുമുകളിൽ- പോകാൻ സാധിക്കില്ല.
പ്രിവലെൻസിനെ ഒരു ശേഖരം അഥവാ ‘സ്റ്റോക്ക്’ ആയിട്ടെടുക്കുകയാണെങ്കിൽ ഇൻസിഡൻസ് ഒരു ഒഴുക്കാണ് (ഫ്ലോ). വേറൊരു തരത്തിൽ പറഞ്ഞാൽ പ്രിവലെൻസ് ആസ്തിയും ഇൻസിഡൻസ് വരുമാനവും ആണ്. വരുമാനം അനുസരിച്ച് ആസ്തിക്ക് ഏറ്റക്കുറച്ചിൽ ഉണ്ടാകാം; എന്നാൽ വരുമാനം മാത്രമല്ല ആസ്തി നിശ്ചയിക്കുന്നത്. സമൂഹത്തിൽ രോഗികളുടെ എണ്ണത്തിൽ പലതരത്തിലും കുറവു വരാം. രോഗികൾ രോഗവിമുക്തരാകാം, അല്ലെങ്കിൽ മരിച്ചുപോകാം. രണ്ടാണെങ്കിലും പ്രിവലെൻസിൽ കുറവുവരുന്നു. ഇങ്ങിനെ ഇൻസിഡൻസ് നിരക്കും – പുതിയരോഗികൾ ഉണ്ടാകുന്നതിന്റെ നിരക്ക്- രോഗവിമുക്തിയുടെയും മരണത്തിന്റെയും നിരക്കും ചേർന്നാണ് പ്രിവലെൻസ് നിശ്ചയിക്കുന്നതെന്നു കാണാം. രോഗം വന്നാൽ നിശ്ചയമായും പെട്ടെന്നു മരിച്ചുപോകുന്ന റാബീസ് പോലുള്ള സാംക്രമികരോഗങ്ങൾക്ക് പ്രിവലെൻസ് പൂജ്യമായിരിക്കും. എന്നാൽ അത്രയെളുപ്പം മരണം സംഭവിക്കാത്ത എയ്ഡ്സ് പോലുള്ള സാംക്രമികരോഗങ്ങൾക്ക് പ്രിവലെൻസ് കൂടുതൽ ആകാം. ഇന്ത്യയിൽ ക്ഷയരോഗത്തിന്റെ കാര്യം ഇതിനൊരുദാഹരണമാണ്.
പാൻഡെമിക്ക്
എപ്പോഴാണ് എപ്പിഡെമിക്ക് ‘പാൻഡെമിക്’ ആകുന്നത്? ലോകമാസകലം വ്യാപിച്ച എപ്പിഡെമിക്കിനെയാണു പാൻഡെമിക്ക് എന്നു പറയുന്നത്. ലോകമാസകലം വ്യാപിച്ചു എന്നു പറയുന്നതെപ്പോൾ? നമുക്കറിയാവുന്നതുപോലെ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തികൾ മനുഷ്യർ നിശ്ചയിക്കുന്നവയാണ്. രോഗാണുക്കൾക്ക് ഈ അതിരുകൾ സാധാരണ ബാധകമാകാറില്ല. പ്രത്യേകിച്ച് യാത്ര സർവസാധാരണമായിരിക്കുന്ന ഈ കാലത്ത് ഏതു എപ്പിഡെമിക്കും പാൻഡെമിക്ക് ആകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അടുത്ത കാലത്തെ ചരിത്രം പരിശോധിച്ചാൽ, സാർസ്, എച്1 എൻ1 എന്നിങ്ങനെ പല വൈറസുകളും പാൻഡെമിക്കായി പരിണമിച്ചു എന്നു കാണാം. അപൂർവം ചിലവ- മദ്ധ്യപൂർവദേശങ്ങളിൽ ഉദ്ഭവിച്ച മെർസ് പോലെ ഉള്ളവ- പാൻഡെമിക്ക് ആയി മാറിയില്ല. എപ്പിഡെമിക്ക് പാൻഡെമിക്ക് ആയി കണക്കാക്കുന്നതിനും നിയതമായ നിയമങ്ങളൊന്നുമില്ല. കുറെയധികം രാജ്യങ്ങളിൽ ഒരേ എപ്പിഡെമിക്ക് ഒരേ സമയത്ത് പൊട്ടിപ്പുറപ്പെടുമ്പോൾ, അത് പാൻഡെമിക്കായി എന്നു പറയുന്നു എന്നു മാത്രം.
മുകളിൽ കാണുന്നത് ഒരു രോഗം ഒറ്റ സ്രോതസ്സിൽ നിന്നു പടർന്ന് മറ്റു സമൂഹങ്ങളുമായി സമ്പർക്കമില്ലാത്ത ആയിരം പേരുള്ള ഒരുസാങ്കല്പികസമൂഹത്തിൽ, ഓരോ ദിവസവും ഉണ്ടാകുന്ന പുതിയ കേസുകളുടെ എണ്ണമാണ്. വിലങ്ങനെയുള്ള (തീരശ്ചീനമായ) ആക്സിസിനെ ‘എക്സ്’ എന്നും, കുത്തനെയുള്ള (ലംബമായ) ആക്സിസിനെ ‘വൈ’ എന്നുമാണ് സാധാരണ വിളിക്കാറ്. ഈ ചിത്രത്തിൽ എക്സ് ആക്സിസിൽ കാണിച്ചിരിക്കുന്നത് ദിവസങ്ങൾ ആണ്- പൂജ്യത്തിൽ നിന്നു തുടങ്ങി നൂറുദിവസം വരെ. വൈ ആക്സിസിൽ പുതിയ കേസുകളുടെ എണ്ണം കാണിച്ചിരിക്കുന്നു: ഓരോ ദിവസവും എത്ര പുതിയ കേസുകൾ ഉണ്ടാകുന്നു എന്നത്. ആയിരം പേരുള്ള ഒരു സമൂഹത്തെയാണ് നാം നിരീക്ഷിക്കുന്നത് എന്നു പറഞ്ഞല്ലോ. ശ്രദ്ധിക്കേണ്ടത് ഗ്രാഫിൽ കാണുന്ന കറുത്ത രേഖയെ ആണ്. നമുക്കു കാണാവുന്നതുപോലെ ഇരുപതു ദിവസത്തിനകം ദിവസേന ഉണ്ടാകുന്ന കേസുകളുടെ എണ്ണം വർദ്ധിച്ച് ഏറ്റവും വലിയ സംഖ്യയായ എഴുപത്തഞ്ചോളം എത്തുന്നു; അതിനുശേഷം ദിവസവും ഉണ്ടാകുന്ന കേസുകളുടെ എണ്ണം കുറഞ്ഞ് പഴയ സ്ഥിതിയായ പൂജ്യത്തിലേക്ക് മടങ്ങിവരുന്നു. ഈ ഗ്രാഫിൽ ചുവന്ന നിറത്തിൽ കാണിച്ചിരിക്കുന്നത് ദിവസം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആകെ രോഗികളുടെ എണ്ണമാണ്. അത് കൂടിക്കൂടി ഏകദേശം ഇരുപതുദിവസം കഴിയുമ്പോൾ അറുനൂറിലധികം പേർ രോഗബാധയുള്ളവരായി മാറുന്നു. വേറെ രണ്ട് വരകൾ കൂടി കാണാം. നീലനിറത്തിൽ കാണുന്നത് ‘സസ്സെപ്റ്റിബിൾ’ കർവാണ്- അതായത് രോഗം വരാൻ സാദ്ധ്യതയുള്ളവരുടെ എണ്ണം. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച്, വരാൻ സാദ്ധ്യതയുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നതായി കാണാം. പച്ചനിറത്തിലുള്ള വരയാവട്ടെ, രോഗത്തിൽനിന്ന് മുക്തിനേടിയവരുടെ ആകെ എണ്ണം കാണിക്കുന്നു. അത് വർദ്ധിച്ച് ക്രമേണ എല്ലാവരും രോഗമുക്തരാകുന്ന അവസ്ഥയിലേക്കെത്തുന്നു. എന്തുകൊണ്ടാണ് എല്ലാവർക്കും – ആയിരം പേർക്കും – രോഗം വരാത്തത്? ഇതിനു പലകാരണങ്ങൾ ഉണ്ടാകാം. ചിലർക്ക് സ്വാഭാവികമായി ചില രോഗങ്ങളോട് പ്രതിരോധ ശക്തി ഉണ്ടാകാം. വേറെ ചിലർ രോഗാണുബാധ ഏറ്റവരാണെങ്കിലും പുറത്തേക്ക് ലക്ഷണങ്ങൾ കാണാത്തതിനാൽ രോഗിയായി എണ്ണപ്പെടുന്നില്ല. മരണം, മാറിത്താമസിക്കൽ എന്നീ പല കാരണങ്ങളാലും ഈ കർവിൽ മാറ്റങ്ങൾ വരാം. ഈ ചിത്രത്തിൽ കാണുന്നത് ഒരു ‘പ്രൊപോഗേറ്റഡ് എപ്പിഡെമിക്’ ആണ്- അതായത് ഓരോ പുതിയ രോഗിയും കുറച്ചു ദിവസങ്ങൾക്കകം പുതിയ കുറേ രോഗികളെ സൃഷ്ടിക്കുന്നു; അവർ പിന്നെയും കുറച്ചു ദിവസത്തിനകം വേറെ കുറെ രോഗികളെയും. ഇവയെ ഓരോ ‘തലമുറ’ യായി (gen_1, gen_2, gen_3) അടയാളപ്പെടുത്തിയിരിക്കുന്നു. ഓരോ നിറത്തിലൂള്ള ബാറും ഓരോ തലമുറയെ കാണിക്കുന്നു- ഓരൊ ദിവസത്തെയും എണ്ണമാണ് വൈ ആക്സിസിൽ. ഏക്ദേശം നാൽപ്പതു ദിവസങ്ങൾക്കകം ഈ ഔട്ട്ബ്രേക്കിനു ശമനം ഉണ്ടായതായി കാണാം. സ്വാഭാവികമായോ, എന്തെങ്കിലും ഇടപെടൽ കൊണ്ടോ ഇതു സംഭവിക്കാം. സാധാരണയായി വായുവിൽകൂടി പകരുന്ന രോഗങ്ങളാണ് പ്രൊപൊഗേറ്റഡ് ആയി മാറാൻ സാധ്യതയുള്ളത്. ഇങ്ങിനെയുള്ള രോഗങ്ങളിൽ ഒരാൾ രോഗിയായി മറ്റനേകം പേർക്ക് രോഗം പകർന്നുകൊടുക്കുകയും അവർ ഓരോരുത്തരും മറ്റു പലർക്കും എന്നിങ്ങനെ ഈ ചങ്ങല തുടർന്നു കൊണ്ടുപോകുകയും സംഭവിക്കുന്നു. ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് കോവിഡ് 19 പാൻഡെമിക്കിന്റെ മൂന്നു രാജ്യങ്ങളിൽ – ചൈന, ഇറ്റലി, ഇന്ത്യ- എന്നിവ ഉണ്ടായ ഗതിയാണ്. ചൈന ചുവന്നവരകൊണ്ടും, ഇറ്റലി നീലവരയാലും, ഇന്ത്യ പച്ചവരയിലും അടയാളെപ്പെടുത്തിയിരിക്കുന്നു. എക്സ് ആക്സിസ് കാലവും, വൈ ആക്സിസ് മൊത്തം കേസുകളുടെ ദിനം പ്രതിയുള്ള എണ്ണവും കാണിക്കുന്നു. ആദ്യം എപ്പിഡെമിക് ഉണ്ടായ ചൈനയിൽ അത് ഏകദേശം ശമിച്ചപ്പോഴാണ് ഇറ്റലിയിൽ അതൊരു എപ്പിഡെമിക്കായി മാറിയത്. ഇറ്റലിയിൽ ശമിക്കുന്നതോടുകൂടി ഇന്ത്യയിൽ കേസുകൾ വർദ്ധിക്കുന്നു. ഒരു എപ്പിഡെമിക് എങ്ങിനെ പാൻഡെമിക്ക് ആയി മാറുന്നു എന്നു കാണിക്കുന്നതാണ് ഈ ഗ്രാഫ്. ഇതിന് ഒരു പ്രൊപൊഗേറ്റഡ് എപിഡെമിക്കിന്റെ സ്വഭാവമുണ്ടെന്നു കാണാം. (തുടരും) ഡോ. വി രാമന്‍കുട്ടി എപ്പിഡെമിയോളജിസ്റ്റും ആരോഗ്യസാമ്പത്തിക വിദഗ്ധനുമാണ്. നിലവില്‍ അമല ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ തലവന്‍ ആണ്. ലേഖനത്തിന്റെ രണ്ടാം ഭാഗം വായിക്കാം
Related
One thought on “എപ്പിഡെമിക്ക്, പാൻഡെമിക്ക്, എൻഡെമിക്ക്”