ദൂരദർശനിൽ ഞങ്ങൾ ക്ഷണിച്ചു ഒരിക്കൽ ശോഭീന്ദ്രൻ മാഷ് വന്നിട്ടുണ്ട്. കുടുംബശ്രീയുമായി ചേർന്നുള്ള സോഷ്യൽ റിയാലിറ്റി ഷോയിൽ അതിഥി ജൂറി ആയി. കടും പച്ച നിറത്തിലുള്ള കുപ്പായവും തൊപ്പിയുമിട്ട്. ജോയ് മാത്യുവിന്റെ ഷട്ടർ എന്ന സിനിമയിൽ ശോഭീന്ദ്രൻ മാഷ്, ശോഭീന്ദ്രൻ മാഷായി തന്നെ അവതരിക്കുന്നതും കണ്ടിട്ടുണ്ട്. ധാരാളം ശിഷ്യന്മാർ അത്ഭുതത്തോടെ ആദരവോടെ അദ്ദേഹത്തെക്കുറിച്ചു സംസാരിക്കുന്നതും കേട്ടിട്ടുണ്ട്. എന്നാൽ മാഷിന്റെ ഒരു അനുഭവ പുസ്തകത്തിൽ നിന്നാണ് മാഷിന്റെ വ്യക്തിത്വത്തെക്കുറിച്ച് എനിക്ക് കൂടുതൽ മനസ്സിലായത്.
ആന്ധ്രപ്രദേശിനും കർണ്ണാടകയ്ക്കും ഇടയ്ക്കുള്ള മൊളക്കാൽമുരു എന്നൊരു ഗ്രാമത്തിലെ ഗവ ജൂനിയർ കോളേജിൽ അധ്യാപകനായി മൂന്ന് വർഷം ചിലവിട്ടതിന്റെ അനുഭവങ്ങൾ പറയുന്ന ‘മൊളക്കാൽമുരുവിലെ രാപകലുകൾ’ എന്ന പുസ്തകമാണത്.
“ചെറുപ്പത്തിൽ ഒരു കുട്ടി കാണുന്ന കാഴ്ചയാണ് ലോകത്തിലേക്ക് വച്ച് ഏറ്റവും ഭംഗിയേറിയ ഒന്ന്.
വളരുന്തോറും കാഴ്ചകളിലെ കൗതുകം കുറഞ്ഞു കുറഞ്ഞു വരുന്നു. ജീവിതത്തിന്റെ നിത്യ പരിചയങ്ങളിൽ കാഴ്ചകൾ വെറും കാഴ്ചകൾ മാത്രമായി മാറുന്നു. ഓർമ്മകൾക്കുള്ളത്ര ഭംഗി ഒരിക്കലും കൺമുന്നിലൂടെ കടന്നുപോവുന്ന ജീവിതത്തിനുണ്ടാവില്ല.” ശോഭീന്ദ്രൻ മാഷ് കുട്ടികളോട് പറയുന്നു.
സാമ്പത്തിക ശാസ്ത്രമാണ് അദ്ദേഹത്തിന് പഠിപ്പിക്കേണ്ടത്. എന്നാൽ ചെറിയ വിദൂരമായ ഒരു കോളേജ് ആയതിനാൽ ഇടയ്ക്ക് ഇംഗ്ലീഷും പഠിപ്പിക്കേണ്ടി വന്നു. ലോകത്തോട് വിദൂര ബന്ധം മാത്രമുള്ള ഒരു ചെറിയ ഗ്രാമത്തിൽ ഈ കുട്ടികളെ എങ്ങനെയാണ് സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കുക.
“കണ്ണടച്ചുകൊണ്ട് നിങ്ങളെല്ലാവരും മനുഷ്യവംശം കടന്നുവന്ന വിദൂരമായ ഇന്നലകളിലേക്ക് നോക്കൂ ..”
മാഷ് കുട്ടികളോട് പറയുന്നു
ഏതൊക്കെ വഴികളിലൂടെയാണ് നമ്മൾ ഇവിടെയെത്തിയത് എന്തൊക്കെ കാഴ്ചകളാണ് നമ്മൾ കാണുന്നത് ?
മനുഷ്യർ എന്തൊക്കെ പ്രവർത്തനങ്ങളിലാണ് ഏർപ്പെടുന്നത് ? എങ്ങനെയാണ് ജീവിക്കുന്നത് എന്തൊക്കെയാണ് ആവശ്യങ്ങൾ എന്താണ് ഇതിനൊക്കെ അടിസ്ഥാനമായ പണം?
ഇങ്ങനെയാണ് ഈ അധ്യാപകൻ കുട്ടികളെ സാമ്പത്തിക ശാസ്ത്രത്തിലേക്ക് നയിക്കുന്നത് എല്ലാ ദിവസവും മാഷ് അവരുടെ കൂടെ നടന്നു. ഗ്രാമത്തിലെ കുളങ്ങളിൽ നീന്തി. മലകൾ കയറി. അവരുടെ വീടുകളുമായി ഹൃദയ ബന്ധം സ്ഥാപിച്ചു
ആ ഗ്രാമത്തിന്റെ പൗരാണിക ചരിത്രം കണ്ടെത്തി. അവരുടെ നാടൻ ശീലുകൾ പഠിച്ചു. അവരുടെ ആഹാര രീതികളെ സ്നേഹിച്ചു
കുട്ടികളാൽ രൂപപ്പെട്ട ഒരു അധ്യാപകനാണ് താൻ എന്ന് ശോഭീന്ദ്രൻ മാഷ് പറയുന്നു ഇത് വായിക്കുമ്പോൾ ഇതേപോലെ ഒരു വിദൂര ഗ്രാമത്തിൽ ഒരു അധ്യാപകനായി ജീവിക്കാൻ നമുക്കും കൊതി തോന്നും. അല്ലെങ്കിൽ ഇതേപോലെ ഒരു അധ്യാപകന്റെ ശിഷ്യനാവാൻ.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ജോലി കിട്ടി ഈ ഗ്രാമം വിട്ടതിന് ശേഷം ഇവിടെയുള്ള മനുഷ്യരുമായുള്ള ബന്ധം സൂക്ഷിക്കാൻ മാഷിന് കഴിഞ്ഞില്ല. പിന്നീട് നാൽപത് വർഷത്തിന് ശേഷം അവിടെ വീണ്ടും സന്ദർശിക്കുമ്പോഴേക്കും പഴയ സുഹൃത്തുക്കളിൽ പലരും മരിക്കുകയോ അവിടം വിട്ടു പോവുകയോ ചെയ്തിരിക്കുന്നു. എങ്കിലും തന്നെ രൂപപ്പെടുത്തിയ മൂന്നു വർഷം എന്നാണ് ഈ കാലഘട്ടത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.
സുഗതകുമാരിടീച്ചർ അവസാനകാലത്ത് എഴുതിയ കവിതകളിൽ ഒന്നിൽ ശോഭീന്ദ്രൻ മാഷിനെ ഓർമ്മിപ്പിക്കുന്ന ഒരു കല്പനയുണ്ട് , ‘അന്നേരം പെയ്ത മഴതൻ മണ്ണുതിർത്ത സുഗന്ധമേ’ എന്ന് എസ് ഗോപാലകൃഷ്ണൻ എഴുതുന്നു.
മാഷുമായുണ്ടായ സംഭാഷണങ്ങളിൽ സാഹിത്യവും സിനിമയുമൊന്നും കടന്നുവന്നില്ല എന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്. “ചിലപ്പോൾ ചുവർചിത്രമുള്ള ഒരു തവള വിഷയമായിരുന്നിരിക്കാം…അല്ലെങ്കിൽ മാനാഞ്ചിറയിലെ വീഴാറായ മരത്തെക്കുറിച്ചായിരിക്കാം, അല്ലെങ്കിൽ ഒറ്റക്കിളി തന്റെ കൊക്കിൽ വെള്ളം കൊണ്ടുവന്ന് അണച്ച കാട്ടുതീയുടെ ജാതകമായിരിക്കാം.” ഗോപാലകൃഷ്ണൻ ഓർക്കുന്നു.
മൂന്നാമത് ഇന്ദിരാഗാന്ധി പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, കേരള സര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡ്, സഹയാത്രി അവാര്‍ഡ്, മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍, സോഷ്യല്‍ സര്‍വീസ് എക്സലന്‍സ് അവാര്‍ഡ് എന്നിവ മാഷിനെ തേടിയെത്തി. പ്രിയ സുഹൃത്തിനൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെക്കുന്ന മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ജോണിനൊപ്പം എന്ന പുസ്തകം ഏറെ പ്രശസ്തമായിരുന്നു.
കോഴിക്കോട് കക്കോടിയില്‍ പരേതരായ തൈലപ്പറമ്പത്ത് നാരായണന്റെയും അംബുജാക്ഷിയുടേയും മകനായാണ് ശോഭീന്ദ്രന്‍ മാഷ് ജനിച്ചത്. ചേളന്നൂര്‍ ഗവ എല്‍പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ മാഷ് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടി. കര്‍ണ്ണാടക സര്‍ക്കാര്‍ സര്‍വീസില്‍ അദ്ധ്യാപകനായാണ് ശോഭീന്ദ്രന്‍ മാഷ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ബംഗളൂരു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അദ്ധ്യാപകനായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വിദ്യാര്‍ത്ഥിയായിരുന്ന ഗുരുവായൂരപ്പന്‍ കോളേജില്‍ തന്നെ അധ്യാപകനായെത്തുകയായിരുന്നു. 2002ല്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് വിരമിച്ച അദ്ദേഹം മുഴുവന്‍ സമയവും പ്രകൃതിക്ക് വേണ്ടി മാറ്റിവെക്കുകയായിരുന്നു. കോഴിക്കോട് നഗരത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു ശോഭീന്ദ്രൻ മാഷ്. വളരെ സൗമ്യമായ സവിശേഷമായ സംസാര രീതിയാണ്. അകത്തും പുറത്തും പച്ചയായ മനുഷ്യൻ എന്ന് ശിഷ്യർ വിശേഷിപ്പിച്ചു കേട്ടിട്ടുണ്ട്.
ഇന്ന് 76 ആം വയസ്സിൽ അന്തരിച്ചു. മാഷിന്റെ അസാന്നിധ്യം വലിയൊരു നഷ്ടമായി തുടരും.
One thought on “ശോഭീന്ദ്രൻ മാഷ് വിടവാങ്ങി”