ഡോ ശോഭ സതീഷ്
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസ്, പാലോട് തിരുവനന്തപുരം
World Veterinary Day April 25
മനുഷ്യരാശിക്ക് കടുത്ത ഭീഷണി ഉയർത്തി കോവിഡ് 19 മഹാമാരി താണ്ഡവമാടുന്ന ഘട്ടത്തിലാണ് ഇത്തവണ വേൾഡ് വെറ്റിനറി ദിനം ഏപ്രിൽ 25 ന് ആചരിക്കുന്നത്. ‘Environment protection for human and animal health’ -“one health” എന്ന വിഷയമാണ് ഈ ദിനം മുന്നോട്ടുവെക്കുന്ന ആശയം. ആഗോളതലത്തിൽ ഇരുപത്തഞ്ചു ലക്ഷം ആളുകൾക്കാണ് കോവിഡ് രോഗം ഇതുവരെ സ്ഥിതീകരിച്ചത്. അതിൽ ഒരുലക്ഷത്തിഎഴുപതിനായിരത്തിലധികം ആളുകൾ മരണപെട്ടു. രോഗവ്യാപനത്തിൽ നേരിയ കുറവുണ്ടെങ്കിലും രോഗത്തെ പിടിച്ചു കെട്ടാൻ ലോകരാജ്യങ്ങൾ പല പരീക്ഷണ നിരീക്ഷണ നടപടികളുമായി മുന്നോട്ടു പോകുന്നു. കൊറോണ വൈറസ് ഏതു സ്രോതസ്സിൽ നിന്നാണ് മനുഷ്യരിലേക്ക് പകർന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും അതിനു പിന്നിൽ ജന്തു സ്രോതസ്സുകൾ ഉണ്ടായിരുന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ആരോഗ്യത്തെ കുറിച്ച് ഏറ്റവും വാചാലരാവുകയും എന്നാൽ ആരോഗ്യത്തിന് വേണ്ടി ഒന്നും ചെയ്യാതെ നെട്ടോട്ടമോടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഏവരും കടന്നുപോയ്കൊണ്ടിരിക്കുന്നത്. ജീവിത സാഹചര്യങ്ങൾക്കനുസരിച്ചു മൃഗങ്ങളോട് കൂടുതൽ ഇടപഴകുകയും എന്നാൽ അശാസ്ത്രീയമായ മാർഗ്ഗങ്ങളിലൂടെ അവയുമായുള്ള സമ്പർക്കം പല മഹാമാരികൾക്കും വഴിവെക്കുന്നത് നിത്യേന കണ്ടു തുടങ്ങിയിരിക്കുന്നു. മനുഷ്യന് പ്രകൃതി വിഭവങ്ങളോടുള്ള അത്യാർത്തി വന്യ മൃഗങ്ങളെ പോലും ഭക്ഷണമാക്കി നിത്യ ദുരിതം ചോദിച്ചു വാങ്ങുന്നു. ഇന്നും കണ്ട് പിടിക്കപ്പെട്ടില്ലാത്തതും അതിനിഗൂഢവുമായ ഒരുപാടു സൂക്ഷ്മാണുക്കൾ നിലനിൽക്കുന്ന സങ്കീർണ്ണമായ ഒരു ലോകത്താണ് മനുഷ്യനും നിലനിന്നു പോകുന്നത്. കാലം കടന്നു പോകും തോറും മനുഷ്യനിൽ നിന്നും മൃഗങ്ങളിലേക്കും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും പകരുന്ന ജന്തു ജന്യ രോഗങ്ങളുടെ (Zoonotic diseases) എണ്ണവും വർദ്ധിച്ചു വരുന്നു.
എന്തിനാണ് “One health” സമീപനം ?
മെച്ചപ്പെട്ട പൊതുജനാരോഗ്യ ഫലങ്ങൾ കൈവരിക്കുന്നതിനായി ഒന്നിലധികം മേഖലകൾ ആശയ വിനിമയം നടത്തുകയും ഒരുമിച്ചു പ്രവർത്തിക്കുകയും ചെയ്യുന്ന പ്രോഗ്രാമുകൾ, നയങ്ങൾ, നിയമനിർമാണം, ഗവേഷണം എന്നിവ രൂപകൽപന ചെയ്യുകയും നടപ്പിലാക്കുകയും ഇതിനത്യാവിശ്യമാണ്. ഭക്ഷ്യ സുരക്ഷ (food safety) ജന്തുജന്യ രോഗങ്ങളുടെ നിയന്ത്രണം , ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (antimicrobial resistance) തുടങ്ങിയ മേഖലകളുടെ പ്രവർത്തനങ്ങളാണ് പ്രധാനമായും ഏകീകരിക്കേണ്ടത്.
മനുഷ്യനെയും മൃഗങ്ങളെയും ബാധിക്കുന്ന എല്ലാ സൂക്ഷ്മാണുക്കളും ഒരേ പരിസ്ഥിയിലാണ് നിലനിൽക്കുന്നത് .അതിനാൽ തന്നെ ഒരു മേഖലയിലെ പ്രവർത്തനങ്ങൾ കൊണ്ട് മാത്രം അവയെ നിയന്ത്രിച്ചു കൊണ്ടുപോകാനാകില്ല. ഉദാഹരണത്തിന് പേ വിഷ ബാധ. മനുഷ്യനെ ബാധിക്കാതിരിക്കാൻ മൃഗങ്ങളിലെ പ്രതിരോധ കുത്തിവെപ്പ് അത്യാവശ്യമാണ്. ഏറ്റവും അവസാനമായി ഇപ്പോൾ നാം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ , പക്ഷിപ്പനി തുടങ്ങിയവയും ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. കോറോണയുടെ ഉത്ഭവം മൃഗങ്ങളിൽ നിന്നാണെന്നും അതല്ല പരീക്ഷണ ലബോറട്ടറികളിൽ നിന്നും പുറത്തു ചാടിയെന്നുമുള്ള പലവാദങ്ങൾ നിലനിൽക്കെ തന്നെ മൃഗങ്ങളിലേക്കു പടരുമെന്നും ഹോങ്കോങ്ങിലെ നായയിലും ന്യൂയോർക്കിലെ കടുവയിലും കൊറോണ വൈറസിനെ കണ്ടെത്തിയപ്പോൾ മൃഗങ്ങളോട് അശാസ്ത്രീയമായ സമ്പർക്കം കുറയ്ക്കണമെന്നും, പരിസ്ഥിയും ശുചിത്വവും എത്ര പ്രാധാന്യം അർഹിക്കുന്നുവെന്നും നാം പഠിച്ചു. അതുപോലെ പക്ഷിപ്പനി ഏതു സമയത്തു വേണമോ അനുകൂല സാഹചര്യങ്ങളിൽ ജനിതക മാറ്റം വന്നു മനുഷ്യരെ ബാധിക്കാൻ കെൽപുള്ള വൈറസായതിനാൽ World Animal Health Organisation ന്റെ മാർഗനിർദ്ദേശങ്ങൾ പ്രകാരമുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് കർശനമായി നടപ്പിലാക്കിയിരിക്കുന്നതു. ഇതിൽ നിന്നെല്ലാം മനുഷ്യന്റെ ആരോഗ്യം എത്രമാത്രം മൃഗങ്ങളുടെ ആരോഗ്യത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ബന്ധപെട്ടു കിടക്കുന്നു എന്നത് വ്യക്തമാവുകയാണ്.
“One Health” സംബന്ധിച്ച് ഏഴു രാജ്യങ്ങളിൽ 2014 മുതൽ 2016 വരെ നടത്തിയ പഠനങ്ങളിൽ നിന്നും ജന്തുജന്യ രോഗങ്ങൾ മനുഷ്യനും മൃഗങ്ങൾക്കും മാത്രമല്ല ആഗോള ആരോഗ്യ സുരക്ഷക്ക് തന്നെ എത്ര മാത്രം ഭീഷണി ഉയർത്തുന്നു എന്ന് വ്യക്തമാകുന്നുണ്ട്. പകർച്ച വ്യാധികളിൽ 60 ശതമാനവും പുതുതായി ഉയർന്നു വരുന്ന പകർച്ച വ്യാധികളിൽ (emerging zoonotic diseases) 75 ശതമാനവും ജന്തുജന്യ രോഗങ്ങളാണത്രെ. ആഗോള തലത്തിൽ 15 .8 ശതമാനം മരണങ്ങളും ജന്തുജന്യ രോഗങ്ങളാകുമ്പോൾ അവികസിത രാജ്യങ്ങളിൽ അത് 43 .7 ശതമാനമാണ്. പുതുതായി ഉയർന്നു വരുന്ന ജന്തുജന്യ രോഗങ്ങളാണ് (emerging zoonotic diseases) അടുത്ത കാലത്തായി വളരെ വിനാശകരമായ പകർച്ച വ്യാധികൾക്കു കാരണമായിക്കൊണ്ടിരിക്കുന്നത്.
“One health” എങ്ങനെ നടപ്പിലാക്കാം ?
പൊതുജനാരോഗ്യം (public health) മുന്നിൽ കണ്ട് ആരോഗ്യം- മൃഗസംരക്ഷണം -പരിസ്ഥിതി എന്നീ വകുപ്പുകൾ സംയോജിച്ചുള്ള ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്. കാലാവസ്ഥ പ്രവചനം പോലെ ഡിസീസ് ഫോർകാസ്റ്റിംഗ് സിസ്റ്റം നിലവിൽ വരേണ്ടതുണ്ട്. അസുഖങ്ങൾ പൊട്ടിപുറപ്പെടുമ്പോൾ മാത്രമല്ല കാലാവസ്ഥക്കും സാഹചര്യങ്ങൾക്കും അനുസരിച് പ്രതിരോധ പ്രവർത്തനങ്ങൾ സജ്ജമാക്കാൻ മേൽ വകുപ്പുകളുടെ കൂട്ടായ പരിശ്രമങ്ങൾ സാധ്യമാക്കണം. വിനോദത്തിനും ഉപജീവനത്തിനുമായി നടത്തിക്കൊണ്ടു പോകുന്ന മൃഗശാലകൾ ഫാമുകൾ കൃഷിയിടങ്ങൾ പാർക്കുകൾ എന്നിവിടങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങൾ വ്യക്തമായ ഇടവേളകളിൽ നടപ്പിലാക്കണം. മാരക രോഗങ്ങളിൽ നിന്നും നമ്മുടെ വളർത്തു മൃഗങ്ങളെ ലഭ്യമായ വാക്‌സിനുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കേണ്ടതാണ് .പകർച്ച വ്യാധികളുടെ സമയത്ത് മനുഷ്യരുടെ ആരോഗ്യം പോലെ തുല്യ പ്രാധാന്യം മൃഗങ്ങൾക്കും നൽകി പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ആദ്യം തന്നെ പുറപ്പെടുവിക്കേണ്ടതാണ്.
- ഒരു പ്രദേശത്തെ ജന്തുജന്യ രോഗം ഏതെങ്കിലും മനുഷ്യനിലോ മൃഗങ്ങളിലോ റിപ്പോർട്ട് ചെയ്താൽ രണ്ടു വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങൾ ഉറപ്പു വരുത്താം.
- ഏറ്റവും പ്രധാനപെട്ടതാണ് ഭക്ഷ്യസുരക്ഷ. മാംസം, മുട്ട, പാൽ തുടങ്ങിയ ഉത്പന്നങ്ങൾ വാങ്ങുമ്പോഴും വില്ക്കുമ്പോഴും കൃത്യമായ സുരക്ഷാ നിബന്ധനകൾ പാലിക്കേണ്ടതാണ് . പരിശോധന നടത്തി രോഗമില്ല എന്നുറപ്പുവരുത്തിയ ആടുമാടുകളുടെ മാംസം മാത്രം വിപണിയിൽ ലഭ്യമാക്കുക. അനധികൃത മാംസ വില്പന പൂർണ്ണമായും വിലക്കുക.
- മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ, വന്യമൃഗങ്ങളുടെ മാംസോപയോഗം, മൃഗങ്ങൾക്കെതിരെ ഉള്ള ലൈംഗിക അതിക്രമങ്ങൾ (bestiality) എന്നിവയെല്ലാം നിയമം മൂലം നിരോധിക്കുകയും ഇപ്പോൾ നിലവിലുള്ള നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി തുച്ഛമായ പിഴയിൽ നിന്നും മാറ്റം വരുത്തി വലിയ ശിക്ഷ നടപടികൾ സ്വീകരിക്കേണ്ടതും അനിവാര്യമാകുന്നു.
- തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനുമുള്ള (Animal birth control -Anti rabies )പദ്ധതി എല്ലാ പഞ്ചായത്തുകളിലും നിർബന്ധമായും നടപ്പിലാക്കേണ്ടതാണ്.
- തെരുവ് നായ്ക്കളെയും, എലി മുതലായ മൂഷിക വർഗ്ഗങ്ങളേയും നിയന്ത്രിക്കുന്നതിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്നത് കൃത്യമായ മാലിന്യ സംസ്കരണമാണ്. പ്രത്യേകിച്ച് അറവുശാലകൾ,ഹോട്ടലുകൾ ഫ്ലാറ്റുകൾ തുടങ്ങിയ ഇടങ്ങളിൽ മാലിന്യ സംസ്കരണം ഉറവിടത്തിൽ തന്നെ നടപ്പിൽ വരുത്തുന്നതിനാവശ്യമായ നടപടികൾ എല്ലാ പഞ്ചായത്തുകളിലും റെസിഡന്റ്‌സ് അസോസിയേഷൻ മുഖാന്തിരവും നടപ്പിലാക്കേണ്ടതാണ്.
- വ്യക്തി ശുചിത്വം പാലിക്കുന്നതിന്റെ ഗുണങ്ങൾ ഈ കൊറോണ കാലം കഴിയുന്നതോടെ എല്ലാവര്‍ക്കും വ്യക്തമായി മനസിലാകുന്നതാകും. മൃഗങ്ങളോട് ഇടപഴകുമ്പോഴും അതിനു ശേഷവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
- സ്വന്തം വളർത്തു മൃഗങ്ങളുടെ ആരോഗ്യം ഉറപ്പു വരുത്തുക. രോഗലക്ഷണങ്ങൾ കണ്ടാൽ ഒരു ഡോക്ടറുടെ സഹായത്തോടെ മാത്രം ചികിത്സ ഉറപ്പാക്കുക. അസാധാരണമായ മരണമോ രോഗലക്ഷണങ്ങളോ ശ്രദ്ധയിൽ പെട്ടാൽ ഏറ്റവും അടുത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥാപനത്തിൽ അറിയിക്കുക.മനുഷ്യരിൽ അസാധാരണ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സാമൂഹിക അകലം പാലിക്കുക. ജന്തു ജന്യരോഗങ്ങൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലേക്ക് പോകുമ്പോഴും വരുമ്പോഴും കൃത്യമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുക.
നാടിന്റെ സുരക്ഷ ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.
അധികവായനയ്ക്ക്
- Centre for Disease control and prevention(www.cdc.gov)
- World organization for animal health(www.oie.int)
- Report and recommendations of One health meet by Food and Agricultural organization of the United Nations.