പീച്ചിങ്ങ പീച്ചുമ്പോൾ ഹരിതോർജം
പീച്ചിങ്ങ വെറുതെ പീച്ചുമ്പോൾ ഉണ്ടാക്കാൻ പറ്റുന്ന ഊർജ്ജമാണ് ഇപ്പോൾ ശാസ്ത്രജ്ഞരുടെ ഹീറോയിൻ. പീച്ചിങ്ങ പിച്ചുമ്പോൾ വൈദ്യുതിയോ !
ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum chamber
നല്ല മൂത്തു പഴുത്ത പീച്ചിങ്ങ (പൊട്ടിക്ക) തൊലികളഞ്ഞ് അതിന്റെ ചകിരിയിൽ സോപ്പ് തേച്ച് പതപ്പിച്ച് കുളിക്കുന്നത് പലരുടെയും കുട്ടിക്കാലത്തെ ഒരു കൗതുകമാണ്. പിച്ചാൻ പറ്റുന്ന ചെടി എന്ന് മലയാളത്തിലും ലൂഫ പ്ലാന്റ് എന്ന് ഇംഗ്ലീഷിലുമൊക്കെ പേരുവന്നത് അങ്ങനെയായരിക്കും. ചില പീച്ചിങ്ങ കൊണ്ട് കറിയുമുണ്ടാക്കാം. പക്ഷേ, ഇതൊന്നുമല്ല, പീച്ചിങ്ങ വെറുതെ പീച്ചുമ്പോൾ ഉണ്ടാക്കാൻ പറ്റുന്ന ഊർജ്ജമാണ് ഇപ്പോൾ ശാസ്ത്രജ്ഞരുടെ ഹീറോയിൻ. പീച്ചിങ്ങ പിച്ചുമ്പോൾ വൈദ്യുതിയോ ! പീച്ചിങ്ങ കൊണ്ട് തേച്ച് കുളിക്കുമ്പോൾ കറന്റടിച്ചാലോ? സാധ്യത ഇല്ലാതില്ല!!!
അത്ഭുതമായിരിക്കും മിക്കവർക്കും. പക്ഷേ, ഇതിന്റെ അടിസ്ഥാനശാസ്ത്രം നമ്മുടെ വീട്ടിലും അടുക്കളകളിലും എത്രയോ കാലമായുണ്ടെന്നറിയാമോ ? നമ്മുടെ വീട്ടിലും അടുക്കളകളകളിലും എത്രയോ കാലമായുണ്ടെന്നറിയാമോ? പിയ്സോ ഇലക്ട്രിസിറ്റി – പേരുകേട്ടാൽ നിങ്ങൾ നെറ്റിചുളിക്കും. എന്നാൽ അടുക്കളയിലെ ഗ്യാസ് ലൈറ്റർ ഗ്യാസ് കത്തിക്കുന്നതെങ്ങനെയാ? ബാറ്ററി ഇട്ട് ഓടുന്ന ക്വാട്ട്സ് ക്ലോക്ക് പ്രവർത്തിക്കുന്നതെങ്ങനെയാ? രണ്ടിനും ഉത്തരം പിസോ ഇലക്ട്രിസിറ്റി തന്നെ. യാന്ത്രികോർജം വൈദ്യുതിയാക്കുന്ന സൂത്രം. പീസോ ഇലക്ട്രിക് പരലുകളാണ് (crystal) ഇവിടുത്തെ ഹീറോസ്. ലൈറ്ററിന്റെ ഉള്ളിൽ അത്തരം ഒരു പരലുണ്ട്, പേര്, ലെഡ് സിർക്കോണേറ്റ് ടൈറ്റനേറ്റ്. നമ്മൾ വെടിവെക്കുമ്പോൾ, ലൈറ്റർ അമർത്തി ലൈറ്ററിന്റെ ചുറ്റിക പോലുള്ള ഭാഗം ഈ പരലിൽ തട്ടും. പരൽ ചെറുതായി ചുരുങ്ങും (deformation). നേരത്തെ സമതുലനാവസ്ഥയിൽ നിന്നിരുന്ന പരലിലെ കണങ്ങൾ (atoms) പോസിറ്റീവ് ആറ്റമായും നെഗറ്റീവ് ആറ്റമായും തിരിഞ്ഞു നിൽക്കും. അപ്പോൾ ഈ ആറ്റങ്ങൾക്കിടയിൽ ഒരു വോൾട്ടേജ് വ്യത്യാസം ഉണ്ടാകും. ഏകദേശം 800 വോൾട്ട് വരുന്ന ഈ വോൾട്ടേജ് വായുവിനെ അയണീകരിക്കുകയും തീപ്പൊരി ഉണ്ടാക്കി ഗ്യാസ് കത്തിക്കുകയും ചെയ്യും.
പൊതുവേ പരലുകൾ തുല്യമായി ചുരുങ്ങുമ്പോഴോ വികസിക്കുമ്പോഴോ ഉണ്ടാകുന്ന വൈദ്യുതിയെ ആണ് പീസോ വൈദ്യുതി എന്ന് പറയുന്നത്. അതിന്റെ ഒരു വകഭേദമാണു ഫ്ലെക്സോ ഇലക്ട്രിസിറ്റി. വളയുമ്പോൾ സൃഷ്ടിക്കപ്പെടുന്ന വൈദ്യുതി. ഈ വളയൽ തുല്യമാകണമെന്നില്ല.
പീച്ചിങ്ങ ഫ്ലക്സോവൈദ്യുതിയാണു ഉണ്ടാക്കുന്നത്. ചൈനയിലെ പീക്കിങ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ പീച്ചിങ്ങയെടുത്ത് അതിന്റെ ചകിരിയിലെ ലിഗ്നിനും ഹെമിസെല്ലുലോസും രാസവസ്തുക്കൾ ഉപയോഗിച്ച് നീക്കം ചെയ്ത് അതിനെ സെല്ലുലോസ് ക്രിസ്റ്റൽ മാത്രമായി മാറ്റിയെടുത്തു. ഇങ്ങനെയുണ്ടാക്കിയ 6 മില്ലിമീറ്റർ കനമുള്ള പീച്ചിങ്ങ ഡിസ്ക് കൈയിൽ വെച്ച് അമർത്തിയപ്പോൾ 8 നാനോ ആംപിയർ കറണ്ട് ഉണ്ടാക്കാനായി. ഒരു ഇലക്ട്രിക് സർക്യൂട്ടിൽ ഒരു കപ്പാസിറ്റർ വെച്ച് ഞെക്കുമ്പോൾ ഉണ്ടാകുന്ന ഈ വൈദ്യുതി ശേഖരിച്ചാൽ ഏകദേശം 6 എൽ.ഇ.ഡി. ബൾബുകൾ പ്രകാശിപ്പിക്കാം. പീച്ചിങ്ങയുടെ പീസോ ഇലക്ട്രിക് ഗുണാങ്കം (coefficient) നമ്മുടെ ഗ്യാസ് ലൈറ്ററിലുള്ള ലെഡ് സിർക്കോണേറ്റ് ടൈറ്റനേറ്റിനേക്കാൾ പത്തിരിട്ടി കൂടുതലാണ്.
ഈ ശാസ്ത്രജ്ഞർ, ശബ്ദം, സ്പർശം എന്നിവയിലുള്ള യാന്ത്രികോർജത്തെ ഈ ഹരിതവസ്തു വെച്ച് വൈദ്യുതിയാക്കുന്ന പരിസ്ഥിതി സൗഹൃദപരമായ ഉപകരണ ങ്ങളുണ്ടാക്കുകയും ചെയ്തു. എന്നിരുന്നാലും പീച്ചിങ്ങകൊണ്ടുളള ഒരു ഉപകരണം എന്നതിലുപരി ഇതേ യുക്തിവെച്ച് വളരെ എളുപ്പത്തിലുണ്ടാക്കാവുന്ന കൃത്രിമ വസ്തുക്കളിലായിരിക്കും ഹരിത ഫ്ലക്സോവൈദ്യുതിയുടെ ഭാവി.
അധികവായനയ്ക്ക്
https://www.pnas.org/doi/10.1073/pnas.2311755120
പംക്തിയിലെ മറ്റു ലേഖനങ്ങൾ