Read Time:5 Minute


ഡോ.പി.പ്രമോദ്
സാലിം അലി സെന്റര്‍ ഫോർ ഓര്‍നിത്തോളജി ആന്റ് നാച്വറല്‍ ഹിസ്റ്ററി, കോയമ്പത്തൂർ

ഇന്ത്യയിലെ 1300 ല്‍ പരം പക്ഷിജാതികളില്‍500 ഓളം എണ്ണം കേരളത്തില്‍ കാണപ്പെടുന്നുണ്ട്. ഇവയില്‍ 22 ഇനങ്ങള്‍ പശ്ചിമഘട്ടഭാഗങ്ങളില്‍ മാത്രം കാണപ്പെടുന്ന തനതു (endemic)പക്ഷികളാണ്. ലോകത്തില്‍ മറ്റെവിടെയും ഈ പക്ഷികള്‍ ഇല്ല. പരിണാമചക്രത്തില്‍പെട്ട് ഇവിടെ മാത്രമായി പരിമിതപ്പെട്ടുപോയ കേരളത്തിെല തനത് പക്ഷികളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

ഇവിടെനിന്ന് ഏതെങ്കിലും ഇനം അന്യംനിന്നുപോയാല്‍ അത് ഭൂമുഖത്തുനിന്നു തന്നെമറഞ്ഞുപോകും. കേരളത്തിലെ തനതു പക്ഷികളില്‍ പകുതിയോളം ഇങ്ങനെ വംശനാശഭീഷണി നേരിടുന്നവയാണ്. തദ്ദേശീയരായ സന്ധ്യക്കിളി (White – bellied short wing or blue robin) ചിലുചിലപ്പന്‍ (Grey breasted laughingthrush), നീലഗിരി ചിലപ്പന്‍ (Nilgiri laughingthrush), പോരുക്കിളി (Broad – tailed grassbird), മരപ്രാവ് (Nilgiriwood pigeon), മലവരമ്പന്‍ (Nilgiri pipit), കരിഞ്ചെമ്പന്‍ പാറ്റപിടിയന്‍ (Nilgiri flycatcher) എന്നീപക്ഷികള്‍ വംശനാശഭീഷണി നേരിടുന്നവയാണ്. കേരളത്തിന്റെ സംസ്ഥാനപക്ഷിയായ മലമുഴക്കിവേഴാമ്പലും (Great pied hornbill), പാണ്ടന്‍ വേഴാമ്പലും (Malabar pied hornbill), നാശോന്മുഖമായമറ്റു രണ്ടു പക്ഷിയിനങ്ങളാണ്.

തനത് പക്ഷികളില്‍ ഒട്ടുമിക്കതും നല്ല വനപ്രദേശങ്ങളില്‍മാത്രം കാണുന്നവയാണ്. മലമുകളില്‍ ചോലക്കാടുകളിലും പുല്‍മേടുകളിലുമായി വളരെ ചെറിയ പരിമിതമായ സ്ഥലങ്ങളില്‍ മാത്രം കാണപ്പെടുന്ന ഈ പക്ഷികളില്‍ മിക്കവയുംതനതു ആവാസവ്യവസ്ഥയുമായി അഭേദ്യ ബന്ധമുള്ളവയാണ്.

മറ്റു പക്ഷികളും സുരക്ഷിതരല്ല

തദ്ദേശീയര്‍ അല്ലെങ്കിലും വംശനാശഭീഷണിയുള്ള നിരവധി പക്ഷികള്‍ കേരളത്തിലുണ്ട്. അവയിലൊരു വര്‍ഗം കഴുകന്മാരാണ്. ഒരുകാലത്ത് കേരളത്തില്‍ പലയിടങ്ങളിലും സാധാരണമായി കണ്ടിരുന്ന കഴുകന്മാരെ ഇപ്പോള്‍ കാണാനേയില്ലെന്നു പറയാം. ഉള്ളയിടങ്ങളില്‍തന്നെ വളരെ വിരളമായി മാത്രമേ കാണാനാവൂ.പരുന്ത് വിഭാഗങ്ങളില്‍ രണ്ടിനം പുള്ളിപ്പരുന്തുകളും (Spotted eagle) രണ്ടിനം മീന്‍പരുന്തുകളും (Fish eagles) മേടുതപ്പിയും ചെറുവിറയന്‍പുള്ളും വംശനാശഭീഷണി നേരിടുന്ന പക്ഷികളാണ്.

 

തണ്ണീര്‍ത്തടങ്ങളില്‍ സ്ഥിരവാസികളും വിരുന്നുകാരുമായ ചേരക്കോഴി (Darter), വെള്ള ഐബിസ് (Oriental white ibis) ചട്ടവാലന്‍ ഗോഡ്വിറ്റ് (Black – tailed godwit), വര്‍ണക്കൊക്ക്(Painted stork), പുള്ളിച്ചുണ്ടന്‍ കൊതുമ്പനം (Spot – billed pelican), വെള്ളിക്കണ്ണി എരണ്ട(Ferruginous pochard), കാട്ടുചുണ്ടന്‍ കാട (Woodsnipe) എന്നിവയെല്ലാം വംശനാശഭീഷണി നേരിടുന്ന പക്ഷികളാണ്.


പാലക്കാട് പ്രദേശത്ത് ഭാരതപ്പുഴക്കരയില്‍ വളരെ വിരളമായി കാണപ്പെടുന്നതും എന്നാല്‍ അവിടെ പ്രജനനം നടത്തുന്നതായി രേഖപ്പെടുത്തിയിട്ടുള്ളതുമായ കരിവയറന്‍ ആള (Black -bellied tern) നാശോന്മുഖമായിക്കൊണ്ടിരിക്കുന്നഒരു പ്രധാന പക്ഷിയാണ്. ആവാസവ്യവസ്ഥയുടെ ശോഷണം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഇനിയും പൂര്‍ണമായി അറിയാത്ത കാരണങ്ങളാല്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുള്ളതും വംശനാശഭീഷണി നേരിടുന്നവയുമായ പക്ഷികളില്‍ പലതും കേരളത്തില്‍ ഇടയ്ക്ക് അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ടതിന് രേഖകളുണ്ട്. അവയ്ക്കുള്ള ചില ഉദാഹരണങ്ങളാണ് രാജാപ്പരുന്ത്(Imperial eagle), കരണ്ടിക്കൊക്കന്‍ മണലൂതി(Spoon – billed sandpiper), യൂറോപ്യന്‍ പനങ്കാക്ക (European roller), ചാട്ടക്കോഴി (Lesser florican), മരുക്കൊക്ക് (Houbarabustard) എന്നീ പക്ഷികള്‍. ലോകത്തിലെ, വംശനാശം നേരിടുന്നപക്ഷികളെക്കുറിച്ചുള്ള പഠനങ്ങളില്‍ അവയുടെ ആവാസവ്യവസ്ഥയുടെ ശോഷണമാണ് 60 ശതമാനം നാശോന്മുഖതയ്ക്കും കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നല്ല കാടുകള്‍, തണ്ണീര്‍തടങ്ങള്‍ എന്നിവപോലുള്ള എല്ലാ സ്വാഭാവിക ആവാസവ്യവസ്ഥകളും നശിപ്പിക്കപ്പെടുകയും മലിനമാക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അവയുടെ സംരക്ഷണം അത്യന്തം പ്രധാനമായി മാറിക്കൊണ്ടിരിക്കുന്നു.


ചിത്രങ്ങൾക്ക് : കടപ്പാട് വിക്കിപീഡിയ

ശാസ്ത്രകേരളം – 2020 നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. യുറീക്ക ശാസ്ത്രകേരളം ഇപ്പോൾ ഓൺലൈനായി വരിചേരാം

Happy
Happy
31 %
Sad
Sad
24 %
Excited
Excited
4 %
Sleepy
Sleepy
9 %
Angry
Angry
5 %
Surprise
Surprise
27 %

Leave a Reply

Previous post SARS-CoV-2 കൊറോണ വൈറസ് ജീനോം ആർ‌എൻ‌എ ഘടനയുടെ വിശദപഠനം
Next post സൈക്ലോണിന്റെ കണ്ണ്
Close