Read Time:3 Minute
യു.എ.ഇ.യുടെ ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. 49.4 കോടി കിലോമീറ്ററുകൾ താണ്ടിയാണ് UAE യുടെ സ്വപ്നം ഭൂമിയിൽ നിന്നും പുറപ്പെട്ടു ചൊവ്വയുടെ ഭ്രമണപഥത്തെ തൊട്ടത്. ഈ ആകാശനേട്ടം കൊയ്യുന്ന അഞ്ചാമത്തെ സ്പേസ് ഏജൻസി. ഏഴുവർഷം നീണ്ട പ്രയത്നമാണ്, UAE ശാസ്ത്രജ്ഞരുടെ കഠിനാദ്ധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കണിശതയാണ് ചുവന്നഗ്രഹത്തെ ഇപ്പോൾ ചുറ്റിക്കറങ്ങുന്നത്. ചൊവ്വയുടെ വായുമണ്ഡലത്തെ ഇതാദ്യമായി സമഗ്രമായി പകർത്താനും പഠിക്കാനും പോകുന്നു അവരുടെ ഹോപ്പ്.
എന്നാൽ, UAE പിന്നിലാക്കിയത്, ഭൂമിയിൽ നിന്നും ചൊവ്വയിലേക്കുള്ള കണ്ണെത്താത്ത ദൂരം മാത്രമല്ല. ഇതിനുമുൻപ് ഈ ദൗത്യം നിർവഹിച്ച അമേരിക്കയെയും ഇന്ത്യയെയും യുഎസ്എസ്ആറിനെയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയെയും ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് അവരുടെ ഹോപ്പ് ഏഴു മാസങ്ങൾക്കും മുൻപ് ചൊവ്വയിലേക്ക് കുതിച്ചത്.
ഹോപ്പിന്റെ സയൻസ് ടീം നയിക്കുന്നത് 80% വനിതാ ശാസ്ത്രജ്ഞർ അടങ്ങുന്ന ടീമാണ്. ഈ ദൗത്യത്തിൽ ആകെ പങ്കെടുത്തത് 34% വനിതകളാണ്. ലോകത്തു മറ്റൊരു ശാസ്ത്ര സാങ്കേതിക ദൗത്യത്തിലും പങ്കെടുത്തിട്ടില്ലാത്ത അത്രയും സ്ത്രീകളാണ് ഈ ചരിത്രവിജയത്തിനു ഇന്ധനം പകർന്നത്. അതിനു ചുക്കാൻ പിടിച്ചതും ഒരു വനിതയാണ്. 12 വർഷം മുൻപ് UAE യുടെ സ്പേസ് സെന്ററിൽ പണിയെടുത്തിരുന്ന, പിന്നീട് രാജ്യത്തിന്റെ ഉന്നത സാങ്കേതിക വകുപ്പു മന്ത്രിയും സ്പേസ് ഏജൻസിയുടെ മേധാവിയും ആയിമാറിയ മുപ്പത്തിനാലു വയസ്സുള്ള സാറ അൽ-അമിരി. UAE മറികടന്നത് ചൊവ്വയിലേക്കുള്ള പ്രകാശവർഷങ്ങൾ മാത്രമല്ല, ശാസ്ത്രസാങ്കേതിക രംഗത്തു നിലനിൽക്കുന്ന സ്ത്രീസാന്നിധ്യത്തിന്റെ നാമമാത്രവർഷങ്ങൾ കൂടിയാണ്.
റിപ്പോർട്ട് : ധനേഷ് കുമാർ വലിയവീട്ടിൽ
Related
0
0